Friendship Day 2020: ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഒരുമിച്ച് പഠിച്ച രണ്ട് ചങ്ങാതിമാരുണ്ട് എനിക്ക്. സുധീഷും പ്രജോഷും. ഞങ്ങള്‍ സംസ്‌കൃതക്കാരായിരുന്നു. എന്നു പറഞ്ഞാല്‍ സെക്കന്റ് ലാംഗേജ് സംസ്‌കൃതമെടുത്ത് പഠിച്ചവര്‍. പൊതുവേ രണ്ടാം ഭാഷ മലയാളമല്ലാത്ത വിഷയത്തിന് കുട്ടികള്‍ കുറവായതിനാല്‍ അത്തരം വിഷയങ്ങള്‍ക്കുള്ള ക്ലാസ്സ് സ്‌ക്കൂളുകളില്‍ ഒന്നേ ഉണ്ടാവൂ. അതു കൊണ്ടു തന്നെ ഞങ്ങള്‍ എന്നും ഒരേ ക്ലാസ്സിലായി.
ഹൈസ്‌ക്കൂളിലെത്തിയപ്പോഴാണ് ശരിക്കും ചങ്ങാതിമാരായത്. അതില്‍ സുധി നന്നായി ചിത്രം വരയ്ക്കും. എനിക്ക് ഒരേയൊരു ചിത്രമേ വരയ്ക്കാനറിയൂ. ജീപ്പിന്റെ ചിത്രം, അത് ഒരിക്കല്‍ അവന്‍ പഠിപ്പിച്ചുതന്നതാണ്. പ്രജോഷ് പിന്നെ അന്ന് ആരോടും കൂടുതല്‍ മിണ്ടില്ല. രാവിലെ സ്‌ക്കൂളില്‍ പോകാനായി അവനെന്നും വീട്ടില്‍ വരും. ഞങ്ങള്‍ ഒരുമിച്ചാണ് പോവുക. സുധിയുടെ വീട് കുറച്ചപ്പുറത്തായതിനാല്‍ അവന്‍ ഒറ്റയ്ക്ക് സ്‌ക്കൂളിലെത്തുക.
സ്‌ക്കൂളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ എന്തിനും ഏതിനും ഞങ്ങള്‍ ഒരുമിച്ചാണ്. അതു കൊണ്ടു തന്നെ ത്രിമൂര്‍ത്തികള്‍ എന്നൊക്കെ വിളിച്ച് കളിയാക്കാറുണ്ട് കുട്ടികള്‍. ഞങ്ങളുടെ മൂന്നു പേരുടേയും പോക്കറ്റ് മണി സാമ്പത്തികമൊക്കെ അന്ന് വളരെ ശോകമാണ്. പോകുന്ന വഴിവക്കില്‍ നിന്നോ അല്ലെങ്കില്‍ വീട്ടില്‍ നിന്നോ ഇസ്‌ക്കിയുണ്ടാക്കുന്ന അണ്ടിയൊക്കെ വിറ്റാണ് വല്ലതും വാങ്ങുക.
സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു സൈക്കിള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു ഞാന്‍. കൂടെ പഠിക്കുന്ന ഒട്ടുമിക്ക കുട്ടികള്‍ക്കും അന്ന് സൈക്കിള്‍ ഉണ്ടായിരുന്നു. എട്ടാം ക്ലാസ്സില്‍ നിന്നും തുടങ്ങിയതാണ് വീട്ടില്‍ സൈക്കിളിന് വേണ്ടിയുള്ള ശീതയുദ്ധം. ആര് കേള്‍ക്കാന്‍. അങ്ങനെ ആ കൊതിയും കൊണ്ട് രണ്ടു കൊല്ലം ജീവിച്ചു. പല രാത്രികളിലും റോഡില്‍ ഏതെങ്കിലും വാഹനം വന്നു നില്‍ക്കുമ്പോള്‍ അച്ഛന്‍ എനിക്കുള്ള സൈക്കിളുമായി വരുകയാണെന്ന് ഞാന്‍ വെറുതെ മോഹിച്ചു പോയിട്ടുണ്ടായിരുന്നു.
അച്ഛന് അന്ന് ബാക്കില്‍ വലിയ ക്യാരിയറുള്ള ‘ഒരു വണ്ടി’ സൈക്കിള്‍ ഉണ്ട്. അക്കാലത്ത് മീന്‍കാര്‍ക്ക് മാത്രമേ അത്തരത്തില്‍ ചതുരത്തിലുള്ള ക്യാരിയറുണ്ടാകൂ. എന്റെ അച്ഛന്‍ കല്‍പ്പണിക്കാരനാണ്. ചട്ടിയും ചട്ടകവും മറ്റും സിമന്റ്ചാക്കിലിട്ട് അതിന് പിന്നില്‍ വരിഞ്ഞു കെട്ടിയാണ് അച്ഛന്‍ പണിക്ക് പോകുക. പത്താം ക്ലാസ്സിലെത്തിയപ്പോള്‍ അച്ഛന്‍ പുതിയ എംഐറ്റി സ്‌ക്കൂട്ടര്‍ വാങ്ങി. അതോടെ എന്റെ സൈക്കിളിന്റെ പൂതിക്ക് തല്‍ക്കാലം ഒരറുതിയായി എന്നു പറയാം.
അന്ന് സ്‌പോര്‍ട്‌സ് സൈക്കിളിന്റെ തലയെടുപ്പ് റെയ്ഞ്ചര്‍ സൈക്കിള്‍ പതുക്കെ സ്വന്തമാക്കുന്ന കാലമാണ്. എല്ലാവരും ഷോക്ക് അബ്‌സോര്‍ബര്‍ ഉള്ള സൈക്കിള്‍ കൊണ്ടു വരുമ്പോള്‍ നമ്മള്‍ അച്ഛന്റെ വലിയ ക്യാരിയര്‍ ഉള്ള സൈക്കിളുമായി സ്‌ക്കൂളില്‍ പോകാന്‍ തുടങ്ങി. മീന്‍കാരന്‍ എന്ന പേര് വീണതോടെ ആ ക്യാരിയര്‍ ഒന്ന് ഊരി മാറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. അപ്പോഴൊക്കെ അച്ഛന്‍ ‘എന്ത് നല്ല ക്യാരിയറാണത്, പുസ്തകം വയ്ക്കാന്‍ എന്തു സുഖമാണ്’ എന്നും പറഞ്ഞ് എനിക്ക് നേരെ കണ്ണുരുട്ടും. അതോടെ ആ വലിയ ക്യാരിയര്‍ ഒരു ഒഴിയാബാധ്യതയാവുകയും ചെയ്തു.
Read Friendship Day 2020 Stories Here
- Friendship Day 2020: ഇനി നീ വരുമ്പോള്‍…
- Friendship Day 2020: നൂറു രൂപയില്‍ തുടങ്ങി നൂറു മേനി വിളഞ്ഞ സൗഹൃദം
- Friendship Day 2020: ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്
- Friendship Day 2020: ചിങ്ങിണിയും നിമ്മിയും
ഉച്ചയ്ക്ക് ചോറിനുള്ള ബെല്ലടിച്ചാല്‍ ഞാനും സുധിയും മിക്ക ദിവസങ്ങളിലും എന്റെ വലിയ ക്യാരിയറുള്ള സൈക്കിളിലാണ് ചോറുണ്ണാന്‍ പോവുക. പ്രജോഷ് ഒട്ടു മിക്ക ദിവസങ്ങളിലും സ്‌ക്കൂളിലേക്ക് ചോറ് കൊണ്ടു വരും. ചില ദിവസങ്ങളില്‍ ഞങ്ങള്‍ മൂവരും കൂടി ചേര്‍ന്നാണ് പോവുക. ഉറക്കെ പാട്ടൊക്കെ പാടി നട്ടുച്ചയ്ക്ക് ബെല്ലും ബ്രേക്കുമില്ലാത്ത ആ പോക്ക് വല്ലാത്ത ഹരമായിരുന്നു. ആ ഹരത്തില്‍ അനവധി തവണ വീണിട്ടുമുണ്ടായിരുന്നു ഞങ്ങള്‍.
മൂന്നു പേരും കൂടി പോകുമ്പോള്‍ മിക്ക സമയത്തും പ്രജോഷായിരിക്കും നടിരുമ്പില്‍ (സൈക്കിളിന്റെ ഹാന്റലിന്റേയും സീറ്റിന്റേയും ഇടയിലായി വിലങ്ങനെയുള്ള ഇരുമ്പ്) ഇരിക്കുക. പോക്കറ്റ് മണി ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ കമ്പനിയായി വീട്ടില്‍ നിന്നും ചോറ് കൊണ്ടു വരും. എന്നിട്ട് ബെല്ലടിച്ചാല്‍ പത്തു മിനുട്ട് കൊണ്ട് ചോറ് തിന്ന് പുറത്തേക്ക് പായും.
സ്ഥിരമായി ഐസ് വില്‍ക്കുന്ന ഒരാളുണ്ട് ഞങ്ങളുടെ നാട്ടില്‍. നല്ല വെള്ള മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് കല്യാണത്തിന് പോകുന്നതു പോലെയാണ് മൂപ്പര് ഐസ് വില്‍ക്കാന്‍ വരിക. അത്തറിന്റെ മണമൊക്കെയുണ്ടാകും മൂപ്പര്‍ക്ക്. വലിയ വെളുത്ത പെട്ടിയുണ്ടാകും സൈക്കിളിന് പിന്നില്‍. ഐസുകാരനാണ് ലക്ഷ്യമെങ്കിലും ആദ്യം ചെറുനാരങ്ങ മുറിച്ച് വാങ്ങുകയാണ് ചെയ്യുക. അതിന് ശേഷം ഓരോ ഐസും വാങ്ങും. എന്നിട്ട് സ്‌ക്കൂള്‍ പറമ്പിലെ പറങ്ക്യാവിന്റെ തുഞ്ചിയിലേക്ക് പാഞ്ഞു കയറും. പറങ്ക്യാക്കൊമ്പിലിരുന്ന് പതുക്കെ ചെറുനാരങ്ങ ഐസിലേക്ക് ഉറ്റിച്ച് ഊമ്പാന്‍ തുടങ്ങും. ഓരോ ഉറ്റിക്കലിന് ഓരോ ഊമ്പല്‍.
ഐസ് അങ്ങനെ തിന്നുമ്പോഴുള്ള ടേസ്റ്റിന് ഒടുക്കത്തെ ടേസ്റ്റാണ്. ഹൈസ്‌ക്കൂള്‍ കാലത്ത് ഞങ്ങള്‍ കണ്ടെത്തിയ ഒരപൂര്‍വ്വ ഐറ്റമായിരുന്നു ഐസ്‌നാരങ്ങ. ഞങ്ങളുടെ തീറ്റ കണ്ട് അതു പോലെ ഐസ് വാങ്ങി ചെറുനാരങ്ങയിറ്റിച്ചു കഴിക്കുന്ന കുട്ടികള് പിന്നീട് സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ ധാരാളമുണ്ടായി.
എല്ലാ പരിപാടികളും ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണ് ചെയ്യുക. അത് യുവജനോല്‍സവ ദിവസം ആരും കാണാതെ സിനിമയ്ക്ക് പോവുകയാണെങ്കിലും ശരി, സ്‌പെഷല്‍ ക്ലാസ്സ് കഴിഞ്ഞ് മീന്‍ പിടിക്കാന്‍ പോവുകയാണെങ്കിലും ശരി. അന്ന് പാണമ്പ്രയിലാണ് സിനിമാ ടാക്കീസ്. അഞ്ചാറ് കിലോമീറ്റര്‍ നടന്ന് വേണം അവിടെയെത്താന്‍. നീലയും വെള്ളയുമാണ് ഞങ്ങളുടെ യൂണിഫോം. അങ്ങനെ എങ്ങോട്ടെങ്കിലും മുങ്ങുന്ന ദിവസം ഞങ്ങള്‍ ഷര്‍ട്ടിനടിയില്‍ വേറെ കളര്‍ ഷര്‍ട്ട് ഇട്ടാണ് പോവുക. സ്‌ക്കൂളില്‍ നിന്നിറങ്ങിയാല്‍ യൂണിഫോം ഷര്‍ട്ട് ഊരി അരയില്‍ കെട്ടും. അന്നൊക്കെ സ്‌ക്കൂള്‍ യൂണിഫോമില്‍ ടാക്കീസിലെത്തുന്നവര്‍ക്ക ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. കാണുന്നവരുടെയെല്ലാം ചോദ്യകരങ്ങള്‍ വേറെയും. അതില്‍ നിന്നെല്ലാം രക്ഷപ്പെടാനാണ് ഈ പ്രച്ഛന്നവേഷപ്രപ്രഹസനം.
സിനിമയ്ക്ക് പോകുമ്പോള്‍ ഉച്ചയ്ക്കുള്ള രണ്ടരയുടെ ഷോ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും രാത്രിയാവാനാവും. സ്‌ക്കൂള്‍ യുവജനോല്‍സവ സമയമായതിനാല്‍ വീട്ടില്‍ ആരും നേരം വൈകിയതിനെ കുറിച്ച് ചോദിക്കുകയുമൊന്നുമില്ല. ആയിടക്കാണ് ഒരു ദിവസം സ്‌ക്കൂളില്‍ സമരത്തിനുള്ള ആഹ്വാനമുണ്ടാകുന്നത്. ഞാനതു വരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലായിരുന്നു. കുട്ടികള്‍ ഊക്കില്‍ വരാന്തയിലൂടെ മുദ്രാവാക്യം വിളിച്ചു പോകുമ്പോള്‍ കൊതിയോടെ ഇടങ്കണ്ണിട്ട് നോക്കാറുണ്ടായിരുന്നു. മുദ്രാവാക്യം വിളിക്കുന്ന ചെക്കന്മാരോട് പെണ്‍ക്കുട്ടികള്‍ക്ക് വലിയ ബഹുമാനമായിരുന്നു അന്നൊക്കെ.
സുധിയും പ്രജോഷും എന്നോട് സമരത്തിന് ഇറങ്ങിയാലോ എന്ന് ചോദിച്ചു. ഞാന്‍ എന്തോ ആവേശത്തില്‍ ഓക്കെയും പറഞ്ഞു. സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ എച്ച്.എം കുട്ടിനേതാക്കന്മാരുമായി സംസാരിച്ച് സമരത്തില്‍ നൂറ് കുട്ടികള്‍ പങ്കെടുത്താല്‍ മാത്രമേ സ്‌ക്കൂള്‍ വിടൂ എന്ന് തീര്‍ത്തു പറഞ്ഞിരുന്നു. സമരം തുടങ്ങി. സമരക്കാര്‍ ആദ്യ റൗണ്ടില്‍ വന്നപ്പോള്‍ തന്നെ സുധിയും പ്രജോഷും അവരുടെ കൂട്ടത്തിലേക്കിറങ്ങി. ഇറങ്ങാന്‍ നേരം ചുളുവില്‍ എന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചെങ്കിലും പേടി കൊണ്ട് അടുത്ത റൗണ്ട് വരുമ്പോള്‍ ഇറങ്ങാം എന്ന് പറഞ്ഞ് ഞാന്‍ പതുക്കെ തടിയൂരി.
മുദ്രാവാക്യം വിളി രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലുമെത്തി. ഓരോ തവണ ക്ലാസ്സിന് മുന്നിലെത്തുമ്പോഴും സമരത്തിനിറങ്ങാത്ത എന്നെ നോക്കി സുധിയും പ്രജോഷും പല്ലിറുമ്മി. പിന്നെയുള്ള റൗണ്ടില്‍ ഞാനവരെ നോക്കിയതേയില്ല. അഞ്ചോ ആറോ റൗണ്ടായിട്ടും നൂറ് പോയിട്ട് അമ്പത് കുട്ടികള്‍ പോലുമായില്ല. സമരം പൊട്ടി. അടുത്ത പാരന്റ്‌സ് മീറ്റിങ്ങിന് എച്ച്.എം വന്ന് സമരത്തിനിറങ്ങിയ കുട്ടികളോടെല്ലാവരോടും എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. ക്ലാസ്സില്‍ നിന്നും ആകെ പൊങ്ങിയത് സുധിയും പ്രജോഷും മാത്രമായിരുന്നു. രണ്ടു പേര്‍ക്കും അമ്മമാരോട് കണക്കിന് കിട്ടി. അവര്‍ ചൂണ്ടിക്കാണിച്ചത് എന്നെ മാതൃകയാക്കാനായിരുന്നു. ഞാന്‍ വളരെ നിഷ്‌ക്കളങ്കനായി എല്ലാം കേട്ടു നിന്നു.
അതോടെ കുറച്ചു കാലത്തേക്ക് സൗഹൃദം തെറ്റി. അവര്‍ രണ്ടു പേര്‍ ഒരുമിച്ചും ഞാന്‍ ഒറ്റയ്ക്കുമായി. ഒരു ദിവസം ഉച്ചയ്ക്ക് തൊട്ടപ്പുറത്തെ ക്ലാസ്സിലെ കുട്ടികളുമായി നേരിയ കച്ചറയുണ്ടായി. ഞാന്‍ ഒറ്റയ്ക്കും അവര്‍ കുറേ പേരും. അടി എനിക്ക് നന്നായി കിട്ടുമെന്ന് ഉറപ്പായി. ആ സമയത്ത് സുധിയും പ്രജോഷും ചേര്‍ന്നായിരുന്നു രക്ഷപ്പെടുത്തിയത്. അവര്‍ ഉന്തും തള്ളുമുണ്ടാക്കി എന്നേയും കൊണ്ട് പുറത്തേക്ക് പാഞ്ഞു.
ഐസുകാരന്റെ അടുത്തെത്തിയാണ് പിന്നെ നിന്നത്. പതിവുപോലെ ഐസും ചെറുനാരങ്ങയും വാങ്ങി ഞങ്ങള്‍ പറങ്ക്യാവിന് മുകളില്‍ കയറി കഴിപ്പ് തുടങ്ങി. സത്യത്തില്‍ അത്രയും കാലം കഴിച്ചതിനേക്കാളും എത്രയോ രുചിയുണ്ടായിരുന്നു അന്നത്തെ ഐസ് നാരങ്ങയ്ക്ക്. പിണക്കം മാറി. പിന്നെയും ഞങ്ങള്‍ കട്ട ചങ്ങാതിമാരായി.
ശരിക്ക് സ്‌ക്കൂള്‍ കാലത്തെ സൗഹൃദത്തില്‍ വല്ലാത്ത നിഷ്‌ക്കളങ്കതയുണ്ടാകും. കുട്ടികളാവുമ്പോള്‍ മറക്കാനും സ്‌നേഹിക്കാനും കഴിയും. മനസ്സിലെ കിബറിന് ആയുസ്സുണ്ടാവില്ല. ഒരു നോട്ടത്തിലോ ചിരിയിലോ എല്ലാ ദേഷ്യവും ഐസ് നാരങ്ങ പോലെ അലിഞ്ഞു പോകും. ശരീരത്തോടൊപ്പം എന്തു കൊണ്ടാണ് മനുഷ്യരുടെ മനസ്സിലെ നിഷ്‌ക്കളങ്കത വളരാത്തതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ഇപ്പോഴും പുത്തൂര്‍ ഹൈസ്‌ക്കൂളിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഐസ് നാരങ്ങയാണ് ആദ്യം ഓര്‍മ്മ വരിക. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈക്കില്‍ ഒരുച്ചയ്ക്ക് സ്‌ക്കൂളിന് മുന്നിലൂടെ വരുമ്പോള്‍ കണ്ട കാഴ്ചയില്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി. രണ്ടു കുട്ടികള്‍ കൊമ്പൗണ്ടിന് പുറത്ത് റോഡ്‌സൈഡിലിട്ടിരുന്ന പോസ്റ്റിന് മുകളില്‍ ഇരുന്നു കൊണ്ട് ഐസ്സില്‍ ചെറുനാരങ്ങയിറ്റിച്ച് ആസ്വദിച്ച് ഊമ്പുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നി. തലയൊന്ന് കുടഞ്ഞു നോക്കി.
തോന്നിയതാണോ അതോ ആ പഴയ ഓര്‍മ്മ മായാതെ മനസ്സില്‍ തറഞ്ഞുനിന്നതാണോ?
അല്ല സത്യമാണ്!
അല്‍പ്പം കൂടി മുന്നോട്ട് പോയപ്പോള്‍ വേറെയും ഒന്നുരണ്ടുപേര്‍ ചെറുനാരങ്ങയിറ്റിച്ച് ഐസ് തിന്നുന്നു. ഞാന്‍ രണ്ടും കല്‍പ്പിച്ച് അവര്‍ക്കരികില്‍ വണ്ടി നിര്‍ത്തി.
‘നിങ്ങള്‍ക്കിതാരാ പറഞ്ഞുതന്നത്? ഇങ്ങനെ ഐസ് തിന്നാമെന്ന്?’
‘ആരും പറഞ്ഞു തന്നതല്ല.’
പറയുമ്പോള്‍ ആ പയ്യന് എന്തു കൊണ്ടോ ചെറിയൊരു നാണമുണ്ടായിരുന്നു. അവന്‍ ഐസ് മറച്ചു പിടിച്ചു. അതു കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ ആവേശമായി.
‘എങ്ങനെയുണ്ട്?’
ഞാന്‍ അവരുടെ കൈയ്യിലെ ഐറ്റത്തിനെ കുറിച്ച് തിരക്കി.
‘അടിപൊള്യാണ് ഏട്ടാ…’
അവന്റെ കൂടെയുള്ളവന്‍ തണ്ടാംവിരല്‍ ഉയര്‍ത്തിക്കാണിച്ചു. അത് കേട്ടപ്പോള്‍ വല്ലാത്തൊരു സുഖമായിരുന്നു. ഞങ്ങള്‍ അന്ന് തുടങ്ങി വെച്ചത് ഇന്നും ആരൊക്കെയോ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നു.
ഓര്‍ക്കുമ്പോള്‍ എന്ത് രസ്സാ ലേ… ഈ സൗഹൃദദിനത്തില്‍ ഞാന്‍ നിങ്ങളോടും ശുപാര്‍ശ ചെയ്യുന്നു. ഐസില്‍ ചെറുനാരങ്ങയിറ്റിച്ച് കഴിച്ചു നോക്കൂ. പിന്നെ നിങ്ങള്‍ ഐസും ചെറുനാരങ്ങയും കാണുമ്പോള്‍ വിടില്ല. മാത്രമല്ല ഞങ്ങളായ ആ മൂവര്‍സംഘത്തെ ബല്ലാത്ത പഹയന്മാര്‍ എന്നും പറഞ്ഞ് ഓര്‍ക്കുകയും ചെയ്യും. ഉറപ്പ്…
അപ്പോ പിന്നെ നമുക്കോരോ ഐസ് നാരങ്ങയങ്ങ് ചാമ്പിയാലോ…