Latest News

കപ്പൽച്ചേതം വരാത്ത വിശ്വാസത്തിന്റെ നഗരം

നിരന്തരം അക്രമണം നേരിടേണ്ടി വരുമ്പോഴും പരസ്പരം സ്നേഹത്തിലും വിശ്വാസത്തിലും ലോകത്തെ, ജീവിതത്തെ, പരസ്പരം ചേർത്തു പിടിച്ച് ഈ​ നഗരം മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കുന്നു. അതിജീവനത്തിന്റെ സ്നേഹലേപനമാണ് എനിക്ക് ലണ്ടൻ

London, terror attack, vinaya kuttimalu raghavan,

ഇംഗ്ലണ്ടിൽ കുറെ വർഷങ്ങൾ പോർട്ട്സ്‌മൗത്ത് എന്ന നാവികനഗരത്തിലാണ് ഞാൻ താമസിച്ചത്. അന്ന് ഓടിച്ചെല്ലാവുന്ന ദൂരത്തു കടലുണ്ടായിരുന്നത് ഒരു സമാധാനമായിരുന്നു. നോക്കെത്താ ദൂരത്തു പരന്നു ഒഴുകിയ കടലിന്റെ ശാന്തത എന്റെ ഏകാന്തതയ്ക്ക് മാറ്റ് കൂട്ടിയ പോലെ തോന്നി. നാട്ടിൽ നിന്നും തിരിച്ചു ഇംഗ്ലണ്ടിലേക്ക് വന്നപ്പോൾ ഭയന്നിട്ടാണെങ്കിലും ലണ്ടൻ നഗരത്തിൽ താമസിക്കാൻ തീരുമാനിച്ചു. നഗരങ്ങളോട് എന്നും അകൽച്ചയായിരുന്നു.

london attack, vishnu ram, vinaya

എന്റെ സ്വന്തം എന്ന് എന്നെ വിശ്വസിപ്പിച്ചിരുന്ന വെള്ളിലകളും എവിടെ പോയാലും കൂടേ സഞ്ചരിച്ചിരുന്ന വെള്ള പൂമ്പാറ്റകളും, കാട്ടിലെ,സ്റ്റൈലൻ മുള്ളുകളും, വള്ളികളും,ഒരിക്കലും എണ്ണി തീർക്കാത്ത പടികളും, ചവർപ്പും മധുരവും ഉള്ള, കാട്ടിലെ കന്നി പഴങ്ങളും, വിഷമാണോ അല്ലയോ എന്ന് ഭീതി ഉണർത്തിയിരുന്ന കുമിലുകളും, മുറ്റത്ത് പന്തലിച്ച് നിന്നിരുന്ന മുല്ലവള്ളിയും,, മഴയത്ത് ചിരിച്ച് എന്നെ ആടിരസിപ്പിച്ചിരുന്ന ലില്ലി പൂവും, ചീഞ്ഞ അണ്ടിമാങ്ങയുടെ ദുർഗന്ധവും, പാമ്പുകൾ ഉപേക്ഷിച്ച ഉപ്പിളികളും, പണയിലെ മണ്ണുകൊണ്ട് ഉണ്ടാക്കിയ ക്രിസ്മസ് കേക്കുകളും, പൂരത്തിന് ചാണകം കൊണ്ട് ഉണ്ടാക്കിയ കാമൻ പ്രതിമകളും ചുളുക്ക് വന്ന ശരീരങ്ങളും, നരച്ച തലമുടികളും, മലബാറിന്റെ പൂരത്തിന് അമ്മമ്മ ഉണ്ടാക്കിയിരുന്ന കാമൻ കഞ്ഞിയും, ഗോതമ്പ് പായസവും, മോരും വെള്ളവും, ഒക്കെ ഇല്ലാത്ത, എന്റെ ലോകവും, ഈ നഗരവും, ഇനിയുള്ള ജീവിതവും എന്നു ഓർത്തു ഉത്കണ്ഠാജനകമായ ഉറക്കമില്ലാത്ത എത്രയോ രാത്രികൾ. തറവാട്ടിലെ ജനവാതിലിലൂടെ നിലാവത്തു മരങ്ങളോട് നിശബ്ദമായി സംസാരിക്കാൻ എന്ത് രസമായിരുന്നു. പലനിറത്തിലുള്ള അണ്ടിമാങ്ങ ഉണ്ടാകണ മരങ്ങക്കൊക്കെ അമ്മമ്മ പേരിട്ടിരുന്നു. തക്കാളിചോപ്പൻ, മഞ്ഞക്കിളി, നാരങ്ങാമൂപ്പൻ അങ്ങനെ പല പല മരങ്ങൾ. നാട്ടിൽ അമ്പലങ്ങളിൽ തെയ്യം കെട്ടുന്ന സമയം ആയാൽ എന്റെ ഉറക്കം പേടി സ്വപ്‌നങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. അപ്പൊ ജനവാതിലിലൂടെ മരങ്ങളെ നോക്കി ഇരുന്ന് നേരം വെളിപ്പിക്കും. ഇന്ന് മരങ്ങൾ ഇല്ലാത്ത, അമ്മമ്മ ഇല്ലാത്ത ഈ നഗരത്തിലുള്ള ജീവിതം പെയ്ത് തീരാത്ത കണ്ണുനീർ മഴ പോലെ ഒഴുകികൊണ്ടിരിക്കുന്നു. ജനവാതിലിലൂടെ ഇന്നും ഉറക്കമില്ലാത്ത രാത്രികളിൽ ഇല്ലാത്ത മരങ്ങളോടും മണ്മറഞ്ഞ അമ്മാമയോടും സംസാരിക്കും….

ലണ്ടൻ നഗരത്തിലെ ജീവിതം മുന്നോട്ടും പിന്നോട്ടും പോയിക്കൊണ്ടിരിക്കുമ്പോൾ ചുറ്റുമുള്ള മനുഷ്യർ എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നു കൊണ്ടിരുന്നു. “ജീവിതം മനുഷ്യബന്ധങ്ങൾ ആണ് “എന്ന് എന്റെ അച്ഛേ എപ്പോഴും പറയുമായിരുന്നു. മെല്ലെ മെല്ലെ ഞാൻ ലണ്ടൻ നഗരത്തിലെ തെരുവുകളെയും മനുഷ്യരെയും എന്റെ മനസ്സുമായി സംയോജിപ്പിച്ചു. ഹൃദയത്തിൽ ലണ്ടൻ നഗരത്തിനു ഒരു കൊച്ചു സ്ഥലം നൽകി.

london terror attack, vinaya kuttimau raghavan, vishnu ram,

ഓരോ പ്രാവശ്യവും ലണ്ടൻ നഗരം ആക്രമിക്കപ്പെടുമ്പോഴും ഇവിടെ ഉള്ള മനുഷ്യർ ശാന്തത പാലിക്കുന്നു. പല മതവിശ്വാസികളും, വിവിധ ദേശങ്ങളിൽ നിന്നും ഉള്ള മനുഷ്യർ, ചിലർ അകലെ ഉള്ള കുടുംബങ്ങൾക്ക് വേണ്ടി കഠിനാധ്വാനിച്ചു, തിങ്ങി പാർക്കുന്ന ലണ്ടൻ നഗരം , ഓരോ ഭീകരാക്രമങ്ങൾ കഴിയുമ്പോഴും ശാന്തത കൈവിടാതെ മനുഷ്യബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ നോക്കുന്ന കാഴ്ച്ച എന്നെ വളരെ അധികം സന്തോഷിപ്പിച്ചിട്ടുണ്ട്. മനുഷ്യരെ ധ്രുവീകരിക്കാൻ വലതുപക്ഷ ഘടകങ്ങൾ ലോകത്തെമ്പാടും ശ്രമിക്കുമ്പോൾ മനുഷ്യർ മനുഷ്യത്വം കൈവിടാതെ ഒരുമിച്ച് കൈകോർത്തു മനുഷ്യരായി മുന്നോട്ട് പോകാൻ ശ്രമിക്കുന്നു . കൊല്ലപ്പെട്ടവരുടെയോ ഗുരുതരമായി പരിക്കേൽക്കുന്നവരുടെയോ കുടുംബങ്ങളെ ഇത്തരം ആക്രമങ്ങൾ മാറ്റി മറിക്കുന്നു എന്നത് നിലനിൽക്കുമ്പോൾ തന്നെ, ഒരു മുസ്ലിമിനെയോ അറബ് ദേശീയനേയോ ഭീകരന്മാരായി ചിത്രീകരിക്കാതെ, ഇസ്ലാമോഫോബിയക്ക് അടിപ്പെടാതെ, നമ്മൾ എല്ലാവരും ഒരുമിച്ച് ഭീകരതയെ നേരിടും എന്ന് സമൂഹത്തിലെ ഭൂരിപക്ഷവും പറയുന്നത് മനുഷ്യരിലും ലണ്ടനിലും ഉള്ള എന്റെ ഊഷ്മളത ഊട്ടി ഉറപ്പിക്കുന്നു. എന്റെ ഹൃദയത്തിൽ ആ നഗരത്തിന്റെ ഇടം വിസ്തൃതമാകുന്നു.

vinaya, vishnuram, london,

മനുഷ്യരെ മനുഷ്യരായി കാണാനും അക്രമങ്ങളെ അക്രമങ്ങൾ ആയി കാണാനും എന്റെ ഇടുങ്ങിയ മനസ്സിനെ ഈ നഗരം പടിപിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു . ഇന്ന് വലതുപക്ഷ മാധ്യമങ്ങൾ ഓരോ മുസ്ലിമിനെയും കുറ്റവാളിയായി കാണാൻ നമ്മളോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സ്വത്വരാഷ്ട്രീയം മനുഷ്യരെ വിഭചിച്ച് കൊണ്ടേ ഇരിക്കുന്നു . സ്വത്വം സ്വകാര്യമായ ഒന്നാണെന്നും സാമൂഹ്യമായി മനുഷ്യരായി ജീവിക്കണം എന്നും ലണ്ടനിലെ ജനങ്ങൾ രാഷ്ട്രീയമായി ജീവിച്ചു കാണിക്കുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായ ദീപക് പറഞ്ഞത് എന്നും ഓർക്കുന്നു . എന്റെ ഐക്യദാർഢ്യം മനുഷ്യരോടാണ്, മുസ്ലിമിനോടാണ് , രാഷ്‌ട്രീയ ഇസ്‌ലാമിനോടല്ല. ഒരു മനുഷ്യൻ മതത്തിന്റെയോ ദേശത്തിന്റെയോ സാംസ്കാരിക സ്വത്വം നിലനിർത്തുമ്പോഴും അവർക്ക് ചുറ്റുമുള്ള മനുഷ്യരെ ദേശത്തിന്റെയും മതത്തിന്റെയും അതിരുകൾക്കപ്പുറം ചോരയും കണ്ണുനീരും സ്വപ്നങ്ങളും ദുഃഖങ്ങളും വിശപ്പും ദാഹവും ഉള്ള മനുഷ്യരായി കാണാൻ കഴിയുന്നതാണ് ദേശസ്നേഹം, അത് ദേശീയ ജിംഗോയിസം അല്ല. സ്നേഹം എന്നത് സാമൂഹികമായി ഒരു കെട്ടുകഥ ആണ് , പക്ഷെ പരസ്പര ബഹുമാനവും മറ്റുള്ളവരെ പരിഗണിക്കാനുള്ള മനസ്സും ഉണ്ടായാൽ വെറുപ്പിന്റെ രാഷ്ട്രീയം നമുക്ക് ഒരുമിച്ച് കീഴടക്കാം എന്ന് ഈ നഗരം എന്നെ പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

ഭീകര ആക്രമങ്ങൾക്ക് ശേഷം എന്തുകൊണ്ടാണ് ലണ്ടൻ നഗരം അനായാസമായി മുന്നോട്ട് പോകുന്നത് എന്ന് ആലോചിച്ചിട്ടുണ്ട് എന്ന്. രണ്ടാം ലോക മഹായുദ്ധവും പല ദശാബ്ദങ്ങളായി ഐ.ആർ.എ. ആക്രമണങ്ങളും നേരിട്ട നഗരം. ഒരുപക്ഷേ, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളുടെയും ഒരു സംയോജനമാണ് അതിനു കരുത്ത് നൽകുന്നത് . എന്നാൽ ഭീകരരുടെ ലക്ഷ്യം തങ്ങളുടെ ജീവിതരീതിയെ സ്ഥിരമായി മാറ്റാൻ നിർബന്ധിതരാകുക എന്നതാണ് , അത് നടക്കാത്തപ്പോൾ അവർ പരാജയപ്പെടുന്നു .

അവർ ലണ്ടനെ 24 മണിക്കൂർ പോലും മാറ്റിമറിച്ചില്ല എന്നതാണ് സത്യം.

vinaya kuttimalu raghavan, london terror attack, vishnu ram

മനുഷ്യർക്കും ഈ പ്രപഞ്ചത്തിനും അതീതമായി ഒന്നും ഇല്ല എന്ന് എന്നെ പഠിപ്പിച്ച അച്ഛേ , എനിക്ക് മുന്നിൽ ഈ വിശാലമായ പ്രപഞ്ചത്തിന്റെ സൗന്ദര്യവും സങ്കീർണ്ണതയെയും അതിലെ മനുഷ്യബന്ധങ്ങളെയും സ്നേഹിക്കാൻ ഉള്ള ശേഷി തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു . വർഷങ്ങൾ കടന്നുപോയിട്ടും പ്രാകൃതത്വങ്ങളിൽ എന്നെ സംബന്ധിച്ചിടത്തോളം , മനുഷ്യരും, മനുഷ്യബന്ധങ്ങളുമാണ്. ജീവിതം എന്ന വെളിപ്പാടുകളാണ് . നമ്മൾ നമ്മളാകുന്നത് അടുത്തും അകന്നും അറിഞ്ഞ, മനുഷ്യരുമായി ഒരുമിച്ച് ചിലവിട്ട നിമിഷങ്ങളുടെ ആകെത്തുകയാണ് . ലണ്ടനിലെ മനുഷ്യർ കാണിക്കുന്ന മനുഷ്യത്വം എനിക്ക് മുന്നോട്ട് പോകാൻ കരുത്ത് തരുന്നു. എന്റെ ഉള്ളിൽ ഞാൻ എന്നത് ഞാൻ അറിയുന്ന എത്രയോ മനുഷ്യരാണ്, അവരുടെ സ്നേഹമാണ്, അവർ തരുന്ന കരുത്താണ്.

അതുകൊണ്ട് തന്നെ, അക്രമങ്ങൾ ഉണ്ടാകുമ്പോൾ പോലും എനിക്ക് ഉണ്ടാകുന്ന വിഭ്രമാത്കമമായ സംഭ്രാന്തിയില്ല. ഉളള് ഇളകുന്ന അസ്വസ്ഥയുടെ തിരമാലകൾ സൃഷ്ടിക്കുന്നില്ല. പകരം ശാന്തമായ അസ്വസ്ഥയും വേദനയുമായാണ് ഒരു മനുഷ്യജീവി എന്ന നിലയിൽ എനിക്ക് ലണ്ടിനിൽ നടക്കുന്ന ഓരോ ആക്രമണവും എന്നെ ബാധിക്കുന്നത്. ആ നഗരം,​അവിടുത്തെ മനുഷ്യർ മനുഷ്യത്വത്തോടെ ലോകത്തെ, ജീവിതത്തെ ചേർത്തു പിടിക്കുമ്പോൾ ആ അസ്വസ്ഥത അലിഞ്ഞ് ഞാൻ സ്വസ്ഥ്യത്തിലേയ്ക്ക് മടങ്ങും. ഞാൻ മാത്രമല്ല, ആ നഗരം മുഴുവൻ. മാർഗഭ്രംശം സംഭവിച്ച മനസ്സുകളുടെ, ചിന്തകളുടെ വേരോട്ടമല്ല, മറിച്ച്, അതിജീവനത്തിന്റെ സ്നേഹലേപനമാണ് ലണ്ടൻ പകരുന്നത് അതു കൊണ്ട് തന്നെയാണ് വേദനകളുണ്ടാക്കുന്നതാണ് ആക്രമണങ്ങളെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ ഇവിടുത്തെ മനുഷ്യർക്ക് സാധ്യമാകുന്നത്.

യുകെയിൽ ഐടി പ്രൊജക്‌ട് മാനേജരാണ് ലേഖിക.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Frequent terror attacks do not shake londoners faith in humanity vinaya kuttimalu raghavan

Next Story
തുമ്പി ഭാഷാച്ചിറകില്‍ ഒരു അരുന്ധതിയാനന്ദംarundhathi roy, priya as, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express