scorecardresearch
Latest News

FIFA World Cup 2018: ഇരട്ടത്തലയൻ കഴുകൻ – വംശഹത്യയുടെയും യുദ്ധത്തിന്റെയും

“ഫുട്ബോളിലും മറ്റെല്ലാത്തിലുമെന്നപോലെ യുദ്ധം ഒരു ഇരട്ടത്തലയൻ കഴുകനാണ്. രണ്ടുപക്ഷത്തും ഇടറിവീഴുന്നത് അതിന്റെ ഇരകൾ മാത്രം. യുദ്ധക്കെടുതികളുടെ ഓർമ്മകളിൽ കളിക്കളം നീറുകയും നിറയുകയും ചെയ്യുമ്പോൾ”

jayakrishnan,world cup,fifa

‘അവൾ അനങ്ങുകയോ സംസാരിക്കുകയോ ചെയ്തില്ല. താനിപ്പോൾ നോക്കുന്നത് യുദ്ധത്തിന്റെ മുഖത്തേക്കാണെന്ന് അവൾക്ക് മനസ്സിലായി. ആരോ ഒരാൾ നിങ്ങളുടെ വീടിന്‍റെ വാതിൽ തുറക്കുന്നു; യുദ്ധം നിങ്ങളുടെ ജീവിതത്തിലേയ്ക്ക്, നിങ്ങളിലേയ്ക്ക് കടന്നുവരുന്നു. ഈ നിമിഷം മുതൽ തനിക്കും യുദ്ധത്തിനുമിടയിൽ തടസ്സങ്ങളൊന്നും തന്നെയില്ലെന്ന് അവളറിഞ്ഞു… ‘

യുഗോസ്ലാവ്യൻ ആഭ്യന്തരയുദ്ധത്തെ ആസ്പദമാക്കി ക്രൊയേഷ്യൻ നോവലിസ്റ്റായ സ്ലാവെങ്ക ദ്രാക്കുലിച്ച്  (Slavenka Drakulić) എഴുതിയ ‘എസ്’ (S) എന്ന നോവലിലെ ഒരു രംഗമാണിത്. കഥാനായികയായ എസ് എന്നു പേരുള്ള യുവതിയുടെ ഓർമകളിലൂടെ നോവൽ വികസിക്കുന്നു. പ്രധാനകഥാപാത്രത്തിന്റേത് മാത്രമല്ല, മറ്റ് കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളും ഏകാക്ഷരങ്ങൾ കൊണ്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. അല്ലെങ്കിലും യുദ്ധം കൊണ്ട് അസ്തിത്വം നഷ്ടപ്പെട്ട ഒരു പ്രദേശത്തിന്റെയും ആളുകളുടെയും മുഴുവൻ പേരുകൊണ്ട് എന്തുകാര്യം?

1991 ൽ ‘ബി’ എന്നു പേരുള്ള ബോസ്നിയൻ മുസ്‌ലിം ഗ്രാമത്തെ സെർബിയൻ പട്ടാളക്കാർ ആക്രമിച്ചുകീഴടക്കുന്നു. ഗ്രാമത്തിലെ ആണുങ്ങളെ മുഴുവൻ വെടിവെച്ചുകൊന്നിട്ട് ‘എസ്’ അടക്കമുള്ള സ്ത്രീകളെ അവർ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ ‘പെൺമുറി’ എന്നറിയപ്പെട്ടിരുന്ന പീഡന അറയിൽ വെച്ച് അവളും മറ്റു സ്ത്രീകളും സൈനികരാൽ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടു. വംശഹത്യ നടത്താൻ സെർബിയൻ ജനറലായ റാത്കോ മ്ലാദിച്ച് (Ratko Mladic) കണ്ടെത്തിയ നൂതനമാർഗ്ഗമായിരുന്നു തുടർച്ചയായ ഈ മാനഭംഗപ്പെടുത്തലുകൾ.

ഇത്തരം പീഡനയറകളിൽ കൊച്ചുപെൺകുട്ടികൾക്ക് പോലും രക്ഷയില്ലായിരുന്നുവെന്നാണ് നോവലിൽ എസ് പറയുന്നത്. പട്ടാളക്യാമ്പിൽ വെച്ച് ‘ഇ’ എന്ന സ്ത്രീ അവൾക്കെഴുതിയ കത്തു തന്നെയാണ് അതിനുള്ള ഉദാഹരണം:

‘പ്രിയപ്പെട്ട എസ്,
എന്നോട് ക്ഷമിക്കണം. നിന്റെ സ്വർണം മോഷ്ടിച്ചത് ഞാനാണ്. നിന്‍റേത് മാത്രമല്ല; മറ്റുള്ള സ്ത്രീകളുടേതും. എന്‍റെ കുഞ്ഞുമകളെ പട്ടാളക്കാരിൽ നിന്നു രക്ഷിക്കാൻ ഞാനതവർക്ക് കൈക്കൂലിയായി നൽകുകയായിരുന്നു. എന്നാൽ ഇന്നലെ എനിക്കു മനസ്സിലായി എന്‍റെ ശ്രമങ്ങളെല്ലാം പാഴായെന്ന്.’

അൽബേനിയയിലെയും ക്രൊയേഷ്യയിലെയും ക്രോട്ട് – മുസ്‌ലിം കൂട്ടക്കൊലയുടെ തുടർച്ചയാണ് 1998-99 വർഷങ്ങളിൽ സെർബിയക്കാർ കൊസൊവൊയിൽ നടത്തിയ വംശഹത്യ. ആയിരക്കണക്കിന് കൊസൊവൻ മുസ്‌ലിങ്ങളാണ് അന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കും മറ്റും പലായനം ചെയ്തത്.

വംശഹത്യയെ അതിജീവിച്ചവർക്ക് ജീവിതത്തിലെ എല്ലാം യുദ്ധമായിരിക്കും – ഫുട്ബോളുൾപ്പെടെ എല്ലാം. അതുകൊണ്ടുതന്നെ കൊസൊവോയിൽ നിന്ന് സ്വിറ്റ്സർലണ്ടിലേക്ക് കുടിയേറിയ ഗ്രാനിറ്റ് ഛാക്കയ്ക്കും ഛെർദാൻ ഷാക്കിരിയ്ക്കും തങ്ങളുടെ രാജ്യത്തെ കീഴടക്കിയ സെർബിയയെ തോൽപ്പിക്കുമ്പോൾ അത് യുദ്ധവിജയം തന്നെയാണ്. ഈ ലോകകപ്പിൽ റഷ്യയിലെ കലിനിൻഗ്രാഡിൽ സെർബിയയെ തോൽപ്പിച്ച ഗോളുകൾ നേടിയ ഈ സ്വിസ്സ് കളിക്കാർക്ക്, സെർബ് ചിഹ്നമായ ഇരട്ടത്തലയുള്ള കഴുകനെ സൂചിപ്പിക്കുന്ന ആംഗ്യം കാട്ടിയതിന്റെ പേരിൽ ഫിഫ പിഴ വിധിച്ചിരുന്നു. എന്നാൽ മുകളിലെഴുതിയ സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ വരികൾ വായിക്കുമ്പോൾ നമുക്കറിയാം, പിഴയല്ല, വധശിക്ഷതന്നെ വിധിച്ചാലും ആ ഇരട്ടത്തലയൻ കഴുകനെതിരെ അത്രയെങ്കിലും ചെയ്യാതിരിക്കാൻ അവർക്കാവില്ലെന്ന്. നാസികൾക്കെതിരെ ഫുട്ബോൾകളിച്ച് വെടിയേറ്റു വീണ ഹംഗറിക്കാരെക്കുറിച്ചുള്ള സോൾട്ടൻ ഫാബ്രിയുടെ നരകത്തിൽ രണ്ട് അർധ സമയങ്ങൾ (Two Half Times in Hell) എന്ന സിനിമയും ഇതുതന്നെ പറഞ്ഞു തരുന്നു.

Read More: സ്വർഗത്തിലും നരകത്തിലും രണ്ട് സമയാർദ്ധങ്ങൾ: ‘Two Half Times in Hell’ എന്ന സിനിമയെ കുറിച്ച് വായിക്കാം

jayakrishnan,world cup,fifa

യുദ്ധം രണ്ട് വംശങ്ങളെയോ രാജ്യങ്ങളെയോ ബാധിക്കുമ്പോൾ അത് ഫുട്ബോളിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് നാം മുമ്പും കണ്ടിട്ടുണ്ട്. 1982ൽ അർജന്റീനയക്ക് സമീപം സ്ഥിതി ചെയ്യുന്നതും ബ്രിട്ടൻ കീഴടക്കി വെച്ചിരുന്ന രണ്ട് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ മൂന്ന് മാസം നീണ്ടുനിന്ന ഫോക്ക് ലാന്റ് യുദ്ധത്തിന് ശേഷമായിരുന്നു ലോകകപ്പ് വരുന്നത്. ഫോക്ക്‌ലാന്റ് യുദ്ധം ജയിച്ച ബ്രിട്ടനും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് മത്സരം അക്ഷരാർത്ഥത്തിൽ മറ്റൊരു യുദ്ധം തന്നെയായിരുന്നു. മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ കൊണ്ട് നേടിയ ഗോൾ ഇതുമായി കൂട്ടി വായിക്കേണ്ടതാണ്.

ഫുട്ബോൾ, യുദ്ധത്തിന്റെ രൂപകമാണെന്നാണ് എദ്വാർദോ ഗലിയാനോ (Eduardo Galeano) അദ്ദേഹത്തിന്റെ ‘Football in Sun and Shadow’ എന്ന പുസ്തകത്തിൽ പറയുന്നത്. അതുകൊണ്ടുതന്നെ Sudden Death എന്നത് സമനിലയെ ഇല്ലാതാക്കുന്ന വെറുമൊരു വാക്കല്ലെന്നും അദ്ദേഹം പറയുന്നു. മതത്തിനോടും രാജ്യത്തിനോടും രാഷ്ട്രീയത്തോടുമുള്ള അന്ധമായ ഭക്തിക്ക് അങ്ങനെയാണ് ഫുട്ബോൾ ഭ്രാന്ത് പകരം വെക്കാവുന്ന ഒന്നായിത്തീരുന്നത്.

പക്ഷേ, ഫുട്ബോളിലെ കലാപങ്ങൾ കളിക്കളത്തിലെ ജയാപജയങ്ങളുടെ പ്രതിഫലനമല്ല പലപ്പോഴുമെന്ന് നാം കണ്ടുകഴിഞ്ഞു. – കണ്ണീരുറവെടുക്കുന്നത് തൂവാലയിൽ നിന്നല്ല എന്നപോലെ. വംശീയവും രാഷട്രീയവുമായ സംഘർഷങ്ങളുടെ തിളച്ചുമറിയലുകൾ കൂടിയാണ് ഫുട്ബോളെന്ന് ഹോണ്ടുറാസിനെയും എൽസാൽവദോറിനെയും ഉദാഹരണമാക്കിക്കൊണ്ട് ഗലിയാനോ കാണിച്ചുതരുന്നു.

മധ്യ അമേരിക്കയിലെ ഈ രണ്ടു ദരിദ്രരാഷ്ട്രങ്ങൾ തമ്മിലുള്ള കുടിപ്പക നൂറ്റാണ്ടുകൾ നീളുന്നതാണ് – അവിടങ്ങളിൽ നിലനിന്നുപോരുന്ന പട്ടാള ഏകാധിപത്യഭരണങ്ങൾപോലെ തന്നെ. ഇരുരാജ്യങ്ങളും തങ്ങളുടെ കഷ്ടതയ്ക്ക് മറ്റേ രാഷ്ട്രക്കാരാണ് കാരണമെന്ന് വിശ്വസിച്ചുപോരുന്നു. ഹോണ്ടുറാസുകാർക്ക് ജോലിയില്ലേ? കാരണം സാൽവദോറിയന്മാർ വന്ന് അവരുടെ ജോലികൾ തട്ടിയെടുക്കുന്നതാണ്! സാൽവദോറിയന്മാർക്ക് വിശക്കുന്നുവെന്നോ? കാരണം ഹോണ്ടുറാസകാർ അവർക്കൊന്നും കൊടുക്കുന്നില്ല എന്നതാണ്! ഇരുരാജ്യങ്ങളിലെയും പട്ടാളഭരണങ്ങൾ മാന്ത്രികമായ ഈ വിശദീകരണങ്ങൾ ശരിയാണെന്നുറപ്പിക്കാർ ആവുന്നതൊക്കെ ചെയ്യുകയും ചെയ്തു.

എൽസാൽവദോറും ഹോണ്ടുറാസും തമ്മിലുള്ള യുദ്ധം അറിയപ്പെട്ടത് ഫുട്ബോൾ യുദ്ധമെന്നാണ്. കാരണം, 1972 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഇതിന് വഴിമരുന്നിട്ടത്. തെഗുവാചിഗൽപയിലും സാൻ സാൽവദോറിലും നടന്ന യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഇരുരാജ്യക്കാരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. കലാപം വളർന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടു രാജ്യങ്ങളും നയതന്ത്രബന്ധം വിച്ഛേദിച്ചു. ഹോണ്ടുറാസുകാർ തങ്ങളുടെ പാടങ്ങളിൽ പണിയെടുത്തു പോന്ന ആയിരക്കണക്കിന് സാൽവദോറിയന്മാരെ പുറത്താക്കി. സാൽവദോറിന്റെ പട്ടാളടാങ്കുകൾ ഹോണ്ടുറൻ അതിർത്തി കടന്നു.

ഒരാഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ ഇരുരാജ്യങ്ങളിലെയും ഏകദേശം നാലായിരം പേർ കൊല്ലപ്പെട്ടു. രണ്ടു പട്ടാള ഭരണകൂടങ്ങളെയും പിന്താങ്ങിയിരുന്ന School of Americas എന്ന യു.എസ് ഫാക്ടറി കലാപം ആളിക്കത്തിക്കാൻ എല്ലാ സഹായങ്ങളം ചെയ്തുകൊടുത്തു. ‘ഹോണ്ടുറന്മാരേ, വെറുതെയിരിക്കാതെ സാൽവദോറിയന്മാരെ കൊല്ലൂ.’ ‘കാടന്മാരായ ഹോണ്ടുറന്മാരെ ഒരു പാഠംപഠിപ്പിക്കൂ.’ ഇരുരാജ്യങ്ങളിലും മുദ്രാവാക്യങ്ങൾ മുഴങ്ങി. ഒടുവിൽ കലാപമൊടുങ്ങിയപ്പോൾ യുദ്ധപ്രഭുക്കന്മാർക്കും ഭൂപ്രഭുക്കന്മാർക്കും ഒന്നും സംഭവിച്ചില്ല; രണ്ടു രാജ്യങ്ങളിലെയും പാവങ്ങൾ മാത്രമായിരുന്നു അതിന്റെ ഇരകൾ.

ഫുട്ബോളിലും മറ്റെല്ലാത്തിലുമെന്നപോലെ യുദ്ധം ഒരു ഇരട്ടത്തലയൻ കഴുകനാണ്. രണ്ടുപക്ഷത്തും ഇടറിവീഴുന്നത് അതിന്റെ ഇരകൾ മാത്രം.

Read More: കളിക്കുപ്പായത്തിലെ പനി

Read More: കുപ്പിയിലടയ്ക്കപ്പെട്ട ചില ലോകകപ്പ് പ്രതീക്ഷകൾ; ആഭിചാരങ്ങളുടെ കളിക്കളം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Football war el salvador honduras genocide kosovo croatia