scorecardresearch
Latest News

ഗോൾമുഖം എന്ന ദ്വീപ്

ഫുട്ബോളിനെ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച ഒരു വലിയ എഴുത്തുകാരൻ നമുക്കുണ്ട്- മലയാളത്തിന്റെ ഒരേയൊരു ഒ. വി. വിജയൻ

fifa, fifa world cup, fifa under 17 world cup, jayakrishnan, ns madhavan,

ഫിഫ കൗമാര ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായിക്കഴിഞ്ഞു. എങ്കിലും കളിയുടെ ആവേശമൊഴിയുന്നില്ല. എന്നാൽ എല്ലാ ആവേശവും ആരവവും ഒഴിഞ്ഞു പോകുന്ന ഒരു ദിവസം വരും. അവസാന മത്സരം കഴിഞ്ഞ മൈതാനത്തിലെ മങ്ങിയ കുമ്മായ വരകൾ നിത്യജീവിതത്തിന്റെ വിരസതയെ മാത്രം ഓർമ്മിപ്പിക്കുന്ന ഒരു ദിവസം.

കാൽപന്തുകളിയുമായി ബന്ധപ്പെടുത്തി ഈ സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സാഹിത്യകൃതി ഏതായിരിക്കാം? സംശയമില്ല, എൻ.എസ്. മാധവന്റെ “ഹിഗ്വിറ്റ”യായിരിക്കും അത്. അതുപോലെ ലോക സാഹിത്യത്തിൽ ഫുട്ബോളിന്റെ വിഹ്വലതകൾ അടിയൊഴുക്കായി വരുന്ന ഒരു നോവലുണ്ട്- ഓസ്ട്രിയൻ എഴുത്തുകാരനായ പീറ്റർ ഹൻഡ്കെയുടെ “പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ഉത്കണ്ഠ” (The Goalie ‘s Anxiety at the Penalty Kick) എന്ന നോവൽ.

fifa under 17 world cup, fifa cup kochi , peter handke, jayakrishnan, novel,

“വാക്കുകൾക്കും കൂടുതലൊന്നും ചെയ്യാനാവില്ല – വസ്തുക്കളെ സ്മരണയിലെത്തിക്കുക എന്നതല്ലാതെ. ” വിം വെൻഡേഴ്സിന്റെ ‘Pina’ എന്ന സിനിമയിൽ ഇങ്ങനെ പറയുന്നുണ്ട്. ഹൻഡ്കെയുടെ ഈ ലോകപ്രശസ്തമായ നോവൽ സിനിമയാക്കിയതും വിം വെൻഡേഴ്സാണ്. വസ്തുക്കളെ അനുസ്മരിപ്പിക്കുക പോലും ചെയ്യാനാകാത്ത വാക്കുകളുടെ നിസ്സഹായതയെ ആവാഹിക്കുന്നവയാണ് നോവലും സിനിമയും.

അറിയപ്പെട്ടിരുന്ന ഗോളിയായിരുന്ന യോസെഫ് ബ്ലോഹ് ഇപ്പോൾ നിർമ്മാണത്തൊഴിലാളിയാണ്. ഒരു ദിവസം പണിസ്ഥലത്തെത്തുമ്പോൾ തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി സഹപ്രവർത്തകരിൽ നിന്ന് അയാൾ മനസ്സിലാക്കുന്നു. അതോടെ അയാൾ അവിടം വിടുകയാണ്. പിന്നെ, അയാൾ ഒരു ഹോട്ടലിൽ മുറിയെടുക്കുന്നു; സിനിമയ്ക്കു പോകുന്നു. അസാധാരണമായ ചിന്തകൾ അയാളുടെ തലയിൽ ചേക്കേറുന്നു. സിനിമാശാലയിലെ ടിക്കറ്റ് വിൽക്കുന്ന പെൺകുട്ടിയെ പിന്തുടർന്ന് ഒരു ദിവസം അയാളവളുടെ താമസസ്ഥലത്തെത്തുന്നു.

അവളോടൊപ്പം ചിലവഴിച്ച രാത്രിയിൽ പെട്ടെന്ന് ഉറക്കം മുറിഞ്ഞപ്പോൾ ബ്ലോഹിന് ഒരുകാര്യം മനസ്സിലായി- തനിക്കൊരു വസ്തുവിന്റെയും രൂപത്തെ സങ്കല്ലിക്കാനാവുന്നില്ല. അയാളവയുടെ പേരുകൾ ഉരുവിട്ടു നോക്കി; അവയെപ്പറ്റി വാചകങ്ങളുണ്ടാക്കി നോക്കി -എല്ലാം വെറുതെ. അയാളുടെ ചിന്തകൾ കൂടുതൽ കൂടുതൽ ചിതറുകയാണ്’ .ഒടുവിൽ ആ അലോസരം താങ്ങാനാവാതെ അയാൾ കൂടെയുറങ്ങുന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുന്നു.

പടിപടിയായി ഭ്രാന്തിലേക്ക് നീങ്ങുന്ന ബ്ലോഹിന്റെ സറീയലിസ്റ്റിക് മാനസികാവസ്ഥയെ നിസ്സംഗമായാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. തന്റെ പൂർവകാമുകി താമസിക്കുന്ന പട്ടണത്തിലെത്തുന്ന ബ്ലോഹ് പോലീസുകാർ തനിക്കു ചുറ്റും വിരിച്ച വല കൂടുതൽ കൂടുതൽ മുറുകുന്നതായി പത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു. എല്ലാ ആക്രമണങ്ങൾക്കും ഒടുവിൽ ലക്ഷ്യമാകുന്ന ഗോളിയെപ്പോലെ അയാളും ഒരു പെനാൽട്ടി ഏരിയയുടെ തുരുത്തിലേക്ക് ഒറ്റപ്പെടുന്നു. അതോടെ സംസാരവും ആശയവിനിമയവും തമ്മിലുള്ള വിടവ് വർധിക്കുന്നതായി അയാൾക്ക് തോന്നുകയാണ്. വാക്കുകളുടെ അർത്ഥത്തെപ്പറ്റി അയാൾ നിരന്തരം സംശയിക്കാൻ തുടങ്ങി.

വാക്കുകളുടെയും പ്രവൃത്തിയുടെയും അർത്ഥശൂന്യതയും അസംബന്ധതയും ക്രമേണ ബ്ലോഹിന് ഒഴിയാബാധയാകുന്നു. തമാശ പറയാനറിയാത്ത അയാൾ പറയുന്ന തമാശകൾ സത്രമുടമസ്ഥ കാര്യമായെടുക്കുമ്പോൾ ആശയവിനിമയത്തിലുള്ള അയാളുടെ വിശ്വാസത്തകർച്ച ഒന്നുകൂടി അധികരിക്കുന്നു.

ഒടുവിൽ, കുറ്റവാളിയെ അറസ്റ്റുചെയ്യുക എന്നത് വെറും സമയത്തിന്‍റെ മാത്രം പ്രശ്നമാണെന്ന് പത്രങ്ങൾ പ്രഖ്യാപിക്കുമ്പോൾ ബ്ലോഹ് ഒരു ഫുട്ബോൾ മത്സരം കാണാൻ പോകുന്നു. അവിടെ കണ്ട ഒരാളോട് അയാൾ പറയുന്ന വാക്കുകൾ ഒറ്റപ്പെടലിന്റെ മുഴുവൻ ഉത്കണ്ഠയും വെളിവാക്കുന്നതാണ്:

“ഒരു ഗോൾ നീക്കം തുടങ്ങുമ്പോൾ നിങ്ങൾ എതിർ ടീമിന്റെ ഗോളിയെ ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടാവില്ല, നിങ്ങളുടെ ശ്രദ്ധ മുഴുവനും പന്തുമായി മുന്നേറുന്ന കളിക്കാരനിലാവും. എന്നാൽ പന്തിൽനിന്ന് കണ്ണുപറിച്ച് ഗോളിയെ നോക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കാണാനാവും – കൈകൾ തുടകളിലമർത്തി അയാൾ പരക്കം പായുന്നത്- പ്രതിരോധിക്കാൻ സഹകളിക്കാരോട് നിലവിളിച്ചു പറഞ്ഞുകൊണ്ട് അയാൾ ഇടത്തോട്ടും വലത്തോട്ടും ആയുന്നത്.

fifa world cup, fifa under 17 world cup, ns madhavan, jayakrishnan, football,

അങ്ങനെയാണ് നോവൽ അവസാനീക്കുന്നത് – പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ, അന്തിമശിക്ഷാവിധി കാത്തു നിൽക്കുന്ന ഒരുവന്റെ മുഴുവൻ ഏകാന്തതയും ആവാഹിച്ചുകൊണ്ട്.

ഹൻഡ്കെയുടെ നോവൽ ഏകാന്തതയനുഭവിക്കുന്ന മനുഷ്യന്‍റെ ഉത്കണ്ഠകളാണ് വരച്ചു കാണിക്കുന്നത്. ഫുട്ബോൾ ആ ചിത്രത്തിന്‍റെ പശ്ചാത്തലമായി വരുന്നു. എന്നാൽ ഫുട്ബോളിനെ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച ഒരു വലിയ എഴുത്തുകാരൻ നമുക്കുണ്ട്- മലയാളത്തിന്റെ ഒരേയൊരു ഒ. വി. വിജയൻ. തികച്ചും തത്വചിന്താപരമാണ് ആ അവതരണം.

ഖസാക്കിന്റെ ഇതിഹാസത്തിന്റെ അടിക്കുറിപ്പു പോലെ വിജയൻ എഴുതിയ ‘ഇതിഹാസത്തിന്റെ ഇതിഹാസം’ എന്ന കൃതിയിലാണ് ആത്മത്തിന്റെയും അന്നാത്മത്തിന്റെയും ഇടയിലൂടെ കടന്നുപോകുന്ന വിജയന്റെ ഒറ്റയടിപ്പാത കാൽപ്പന്തുകളിയിൽ ചെന്നു തൊടുന്നത് . ‘കോഴിക്കോടിന്റെ അനശ്വരമായ പൊട്ടക്കുള’മെന്ന് വിജയൻ വിശേഷിപ്പിക്കുന്ന മാനാഞ്ചിറക്കടുത്തു നിന്നാണ് പാപബോധത്തിന്‍റെ ഈ പുണ്യധാര വിജയനിൽ ഉറവ പൊട്ടുന്നത്. അതിന്റെ പശ്ചാത്തലമാകട്ടെ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ആരവവും. പുസ്തകത്തിൽ നിന്ന്:

“ദാഹം നിറഞ്ഞ ഒരു വൈകുന്നേരത്തിന്റെ ചൂടിൽ ഞാൻ അതു വഴി ( മാനാഞ്ചിറ) സൈക്കിളോടിച്ചു വരികയായിരുന്നു. തെരുവിൽ ഗണ്യമായ ഗതാഗതമോ ആൾത്തിരക്കോ ഇല്ല എന്നാൽ, സമീപത്തുള്ള സ്റ്റേഡിയത്തിൽ കോഴിക്കോടിന്റെ ഹരങ്ങളിൽ ഏറവും പ്രധാനമായ ഫുട്ബോൾകളി നടക്കുകയാണ്. സ്ഥൂലതലത്തിലെ നിർദ്ദോഷ യുദ്ധങ്ങളിൽ ഒന്ന്. സ്റ്റേഡിയത്തിന്റെ ആരവം തെരുവിലെത്തി.. അതിനെ ഗൗനിക്കാതെ കിഴവനായ ഒരുപദേശിയും അയാളുടെ ശിങ്കിടിയും തെരുവു മൂലയിൽ നിന്നുകൊണ്ട് സുവിശേഷപ്രസംഗം നടത്തി.”

“യേശുക്രിസ്തു ആത്മാവായിരുന്നു’” കിഴവൻ പറഞ്ഞു.

“യേശുക്രിസ്തു ആത്മാവായിരുന്നു’” തന്‍റെ തോതു തെറ്റിയ തലയിൽ മുഖംമൂടിപോലെ തൊടുത്തു വെച്ച മുഖംകൊണ്ട് ശിങ്കിടി ഏറ്റുപറഞ്ഞു.

നാടകീയതയ്ക്കായി കിഴവൻ തന്‍റെ ഭാഷണത്തിന് പഴുതിട്ടു. എന്നിട്ട് ഏതോ ഒരശ്ലീല രഹസ്യം പങ്കിടുന്ന പോലെ സ്വരം താഴത്തി ഒരു ചിരിയോടെ പറഞ്ഞു: “ലൂസിപേരും (ലൂസിഫെർ- പിശാച്) ആത്മാവായിരുന്നു.”

ആത്മമോ അനാത്മമോ എന്തു വേണമെങ്കിലാകട്ടെ എന്ന മട്ടിൽ സ്റ്റേഡിയത്തിലെ ആൾക്കൂട്ടം കൂവിവിളിച്ചു…..”

ov vijayan, fifa, football, under 17 foot ball world cup

ക്രിസ്തീയ സംഹിതയുടെ വാഗർത്ഥങ്ങളെ മറികടന്നു കൊണ്ട്, നിരന്തര പ്രലോഭകനായ പിശാചും ദൈവാംശമായിരുന്നുവെന്ന് അശിക്ഷിതനായ ആ ഉപദേശി പറഞ്ഞതിൽ നിന്നാണ് ഖസാക്കിലെ പാപബോധത്തിന്റെ പുണ്യധാരയെപ്പറ്റി താൻ ബോധവാനായതെന്ന് വിജയൻ പറയുമ്പോൾ അതിനു പശ്ചാത്തലമാകുന്ന ഫുട്ബോൾ മത്സരം അസാധാരണമായ ഒരു രൂപകം (metaphor) ആയി മാറുന്നു.- ഹൻഡ്കെയുടെ ഫുട്ബോൾ രൂപകത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന്.

ജീവിതമാകുന്ന കാൽപന്തുകളി നടക്കുന്ന മൈതാനത്തിന്റെ രണ്ടു ഗോൾമുഖങ്ങൾക്കുമിടയിൽ ആ ജീവിതത്തിന്റെ മുഴുവൻ ദൂരവുമുണ്ട്. ആക്രമിക്കാനും പ്രതിരോധിക്കാനുമായി അവയ്ക്കിടയിലോടുന്ന നമ്മൾ അതു മനസ്സിലാക്കി വരുമ്പോഴേക്കും അവസാനത്തെ വിസിൽ മുഴങ്ങിയിട്ടുണ്ടാവും.  എന്നിട്ടും കളി കഴിഞ്ഞത് അറിയാത്തവരാണല്ലോ പലപ്പോഴും നമ്മൾ; അല്ലെങ്കിൽ , കഴിഞ്ഞത് കളിയാണെന്നു പോലും അറിയാത്തവർ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Football fifa u 17 peter handke wim wenders ns madhavan ov vijayan

Best of Express