നിങ്ങൾക്കറിയാമോ, സ്വാതന്ത്ര്യം നേടി ഒരു വർഷം തികയും മുൻപ് തന്നെ ഇന്ത്യയിൽ ആദ്യത്തെ അഴിമതി ആരോപണം ഉയർന്നിരുന്നു. 1948 ൽ ആദ്യ അഴിമതി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഏഴ് പതിറ്റാണ്ടിനിടെ എണ്ണമറ്റ് അഴിമതി കഥകളാണ് ഉയർന്നുവന്നത്. ഓരോ തവണയും തുകയിലെ പൂജ്യത്തിൻ്റെ എണ്ണം കൂടിക്കൊണ്ടിരുന്നു.

ലോകത്തെ 175 രാജ്യങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ 75ാം സ്ഥാനത്താണ്. ഇന്ത്യയിൽ ഏഴ് പതിറ്റാണ്ടിനിടെ ഏറ്റവും വിവാദമായ പത്ത് അഴിമതി കഥകളാണ് ഇവിടെ.

ജീപ്പ് കുംഭകോണം

IeMalayalam, Indian Express

Indian Express

1948 ലാണ് ഇന്ത്യ ഗവൺമെൻറ് ഇംഗ്ലണ്ടിലെ സ്വകാര്യ കന്പനിക്ക് 200 ജീപ്പുകൾക്കായി കരാർ നൽകിയത്. അന്ന് ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന വി.കെ.കൃഷ്ണ മേനോൻ നിയമം ലംഘിച്ച് 80 ലക്ഷം രൂപയ്ക്ക് ഒരു കന്പനിയുമായി കരാർ ഒപ്പിട്ടെന്നായിരുന്നു ആരോപണം. എന്നാൽ 1955 ൽ ഇദ്ദേഹം നെഹ്റു മന്ത്രിസഭയിൽ അംഗമായതോടെ ഈ കേസ് അന്വേഷണം അവസാനിപ്പിച്ചു

സൈക്കിൾ ഇറക്കുമതി കുംഭകോണം

സ്വതന്ത്ര ഇന്ത്യ രാഷ്ട്രീയ രംഗത്ത് ഏറെ ചർച്ച ചെയ്ത ആദ്യത്തെ കുംഭകോണങ്ങളിലൊന്നാണിത്. 1951 സൈക്കിൾ ഇറക്കുമതി ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ വ്യവസായ-വാണിജ്യ വകുപ്പ് സെക്രട്ടറി എസ്എ വെങ്കിട്ടരാമന് തടവുശിക്ഷ വിധിച്ചു. സുപ്രീം കോടതിയിൽ അദ്ദേഹം വിധിയെ ചോദ്യം ചെയ്തെങ്കിലും പരമോന്നത കോടതി കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

മുന്ധ്ര കുംഭകോണം

ഫിറോസ് ഗാന്ധി

ഹരിദാസ് മുന്ധ്രയെന്ന വ്യവസായിയെ സാന്പത്തികമായി സഹായിക്കുന്നതിന് സർക്കാർ സ്ഥാപനമായ എൽഐസി 1.26 കോടി രൂപ ഇദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചെന്നാണ് കേസ്. ഇതുവഴി ഓഹരി വിപണിയിലും ഹരിദാസ് മുന്ധ്രയ്ക്ക് അനുകൂലമായി ചലനങ്ങൾ സൃഷ്ടിച്ചു. കോൺഗ്രസ് എംപി ഫിറോസ് ഗാന്ധി പ്രതിസ്ഥാനത്ത് എത്തിയ ഈ സംഭവം നെഹ്റു സർക്കാരിൻ്റെ അഴിമതി വിരുദ്ധ മുഖത്തിന് കളങ്കമായി. ഇതേ തുടർന്ന് അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി ടിടി കൃഷ്ണമാചാരി രാജിവച്ചു.

മാരുതി കാർ അഴിമതി

സഞ്ജയ് ഗാന്ധി

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏറ്റവും വലിയ അഴിമതിയായിരുന്നു മാരുതി കാർ അഴിമതി. സ്വന്തമായി കന്പനി രൂപീകരിക്കുന്നതിന് മുൻപ് തന്നെ 1970 സെപ്തംബറിൽ കേന്ദ്ര സർക്കാർ സഞ്ജയ് ഗാന്ധിക്ക് കാർ നിർമ്മാണത്തിന് അനുമതി നൽകിയതാണ് വിവാദമായത്. 50000 കാറുകൾ ഒരു വർഷം നിർമ്മിക്കാനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ സഞ്ജയ് ഗാന്ധിക്ക് അനുവദിച്ചത്. ബാങ്കുകൾ പലിശ ഇളവോടെ വായ്പ അനുവദിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അഹമ്മദ് നഗറിലെ വെഹിക്കൾ റിസർച്ച് ആൻറ് ഡവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ഇതിൻ്റെ സാധ്യത പഠനം നടത്തി. ഈ പഠനത്തിൽ കാർ നിർമ്മാണം ലാഭകരമാകില്ലെന്ന് കണ്ടെത്തി. എന്നിട്ടും 1974 ജൂലൈ മാസത്തിൽ മാരുതിക്ക് വ്യാവസായികാടിസ്ഥാനത്തിൽ കാർ നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചു.

ബോഫോഴ്സ് അഴിമതി

1980-ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് നടന്ന അഴിമതിയാണിത്. ഇറ്റാലിയൻ ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് ഇന്ത്യൻ സേന ബോഫോഴ്സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിൻ ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷൻ വാങ്ങി എന്നായിരുന്നു ആരോപണം. 40 കോടി രൂപയുടെതായിരുന്നു ഈ കുംഭകോണം.

1992 ലെ ഓഹരി കുംഭകോണം

ഹർഷദ് മേത്ത

പൊതുമേഖലാ ബാങ്കുകളുടെ പണം ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ ശേഷം ഹർഷദ് മേത്തയെന്ന ഓഹരി വിപണിയിലെ ഒന്നാം തരം ഇടനിലക്കാരൻ നടത്തിയ ഇടപാടുകളാണ് ഇത്. ഇത്തരത്തിൽ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് വൻകിട കന്പനികളുടെ ഓഹരി വാങ്ങിക്കൂട്ടിയ മേത്തയുടെ നടപടികൾ സെൻസെക്സ് സൂചിക കുത്തനെ ഉയരാൻ കാരണമായി. 1000 കോടിയിലേറെ രൂപ ഓഹരി വിപണിയിലേക്ക് ഒഴുക്കിയ മേത്തയിലൂടെ 1992 ജനുവരിയിൽ 2000 പോയിൻ്റിലായിരുന്ന സെൻസെക്സ് ഏപ്രിലിൽ 4467 പോയിൻ്റിലേക്ക് ഉയർന്നു. എന്നാൽ മേത്തയുടെ നടപടി പുറത്തറിഞ്ഞതോടെ ഓഹരി വിപണിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയിലേറെ മൂലധനമാണ് പിൻവലിക്കപ്പെട്ടത്. സെൻസെക്സ് കുത്തനെ നിലംപതിച്ചതിനെ തുടർന്ന് അന്നത്തെ സർക്കാർ വിറച്ചു. മേത്ത പിന്നീട് ജയിലിലായി.

കാലിത്തീറ്റ കുംഭകോണം

ലാലു പ്രസാദ് യാദവ്

രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ 1996 ൽ ഉയർന്ന അഴിമതിയാണിത്. ബീഹാർ മുഖ്യമന്ത്രിയായിരിക്കേ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 945 കോടി തട്ടിയെടുത്തതാണ് കേസ്. വ്യാജബില്ലുകൾ ഹാജരാക്കി 20 വർഷം കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാട്ടിയാണ് പണം തട്ടിയെടുത്തത്. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ധൂബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്. എല്ലാ ജില്ലകളിലും അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് ലാലു പ്രസാദ് യാദവ് പ്രതിരോധത്തിലായി.

ശവപ്പെട്ടി കുംഭകോണം

കാർഗിൽ യുദ്ധകാലത്ത് അന്നത്തെ എൻഡിഎ സർക്കാരിനെതിരെ ഉയർന്ന വലിയ അഴിമതി ആരോപണമാണിത്. പട്ടാളക്കാരുടെ മൃതദേഹം സൂക്ഷിക്കുന്നതിനായി 500 ശവപ്പെട്ടികൾ 2500 ഡോളർ നിരക്കിലാണ് വാങ്ങിയത്. ചിലവിൻ്റെ 13 മടങ്ങ് അധികം തുകയാണ് ഇതിനായി ചിലവഴിച്ചതെന്ന് സിഎജി റിപ്പോട്ടിൽ പരാമർശിച്ചതോടെ എൻഡിഎ സർക്കാർ പ്രതിരോധത്തിലായി. 1.87ലക്ഷം ഡോളറിൻ്റെ നഷ്ടമാണ് ഇതുവഴി കേന്ദ്രസർക്കാരിനുണ്ടായത്.

മുദ്രപത്ര കുംഭകോണം

അബ്ദുൾ കരിം തെൽഗി

വ്യാജ മുദ്രപത്രങ്ങൾ അച്ചടിച്ച് മഹാരാഷ്ട്രയടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത് 20000 കോടി രൂപ സർക്കാരിന് നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. രാജ്യത്ത് മുദ്രപത്രം വിൽപ്പനയ്ക്കും വിതരണത്തിനുമായി 350 ലേറെ ഏജൻ്റുമാരെ ഈ കേസിൽ പ്രധാന പ്രതിയായ അബ്ദുൾ കരിം തെൽഗി നിയമിച്ചെന്നാണ് കേസ്. ബാങ്കുകൾക്കും ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും ഓഹരി ഇടനിലക്കാർക്കും മുദ്രപത്രങ്ങൾ വിറ്റഴിച്ചതിലൂടെ മാസം 200 കോടിയോളം ഇയാൾ നേടിയെടുത്തുവെന്നാണ് കേസ്. 2007 ൽ ജൂൺ 28 ന് മുംബൈയിലെ പ്രത്യേക കോടതി ഇയാൾക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു.

കോമ്മൺവെൽത്ത് ഗെയിംസ് അഴിമതി

സുരേഷ് കൽമാഡി

2010 ൽ രാജ്യം ആതിഥേയത്വം വഹിച്ച കോമ്മൺവെൽത്ത് ഗെയിംസിൽ 70000 കോടി രൂപയുടെ അഴിമതി നടന്നതായാണ് സംശയിക്കുന്നത്. ഗെയിംസ് നടത്തിപ്പിനായി അനുവദിച്ച തുകയിൽ പാതിമാത്രമാണ് ചിലവഴിക്കപ്പെട്ടതെന്ന് കണ്ടെത്തി. ഉയർന്ന വിലയ്ക്ക് ഗെയിംസ് ആവശ്യത്തിന് സാധനങ്ങൾ വാങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. ഗെയിംസിൻ്റെ സംഘാടക സമിതി ചെയർമാൻ സുരേഷ് കൽമാഡി അടക്കമുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.

ടുജി സ്പെക്ട്രം അഴിമതി

മുൻ കേന്ദ്ര ടെലികോം മന്ത്രി എ.രാജ

ഒന്നാം യുപിഎ സർക്കാരിൻ്റെ ഭരണകാലത്ത് രണ്ടാം തലമുറ മൊബൈൽ കന്പനികളുടെ പ്രവർത്തനത്തിനാവശ്യമായ തരംഗ വിതരണ നിർണ്ണയ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയാണിത്. കന്പോളാധിഷ്ഠിത മാർഗങ്ങൾക്ക് പകരം ആദ്യം വരുന്നവർക്ക് ആദ്യമെന്ന നിലയിൽ സ്പെക്ട്രം വീതം വച്ചതിലൂടെ കേന്ദ്ര സർക്കാരിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി കണ്ടെത്തി. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി എ.രാജയ്ക്ക് എതിരെയാണ് അഴിമതി ആരോപണം ഉയർന്നത്. ഈ കേസിൽ സിബിഐ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook