സ്വതന്ത്ര സംസ്ഥാനപദവി നേടിയെടുക്കാന്‍ ഇതാണ് നല്ല സമയമെന്ന് അവരില്‍ ചിലര്‍ കരുതിയപ്പോള്‍ മറ്റു ചിലര്‍ക്ക് പാകിസ്താന്റെ ഭാഗമാവാനായിരുന്നു താല്പര്യം. രാജഭരണത്തിന് കീഴിലായിരുന്ന അഞ്ചു സംസ്ഥാനങ്ങള്‍ ഇന്ത്യയോടു ചേരാന്‍ വിസമ്മതിച്ച സംഭവമിങ്ങനെയാണ്.
ഇന്ത്യന്‍ ചരിത്രത്തിന്റെ താളുകളില്‍ ഏറ്റവും പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടുളളത് 1947 ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി ആയിരിക്കണം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകളില്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നു. എന്നാല്‍, ഇന്ത്യയുടെ ദേശീയ നേതാക്കള്‍ക്ക് കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത സാഷാത്ക്കരിച്ച സ്വപ്നമായിരുന്നു സ്വാതന്ത്ര്യമെങ്കില്‍ നൂറു കഷണങ്ങളായ പ്രവിശ്യകളെ വ്യക്തമായൊരൊറ്റ രാജ്യമായി തുന്നിയെടുക്കുക എന്നത് അതിനേക്കാള്‍ ബുദ്ധിമുട്ടേറിയ അഭിലാഷമായിരുന്നു. ആഗസ്റ്റ് 15നും ആ ആഗ്രഹം നിറവേറാതെ ബാക്കിയായി. ഇന്ത്യാ ദേശത്തുനിന്ന് ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങുമ്പോള്‍ ഒരു ചോദ്യം ബാക്കിയായി – അവര്‍ ഉപേക്ഷിച്ചുപോയ 500 ഒറ്റയൊറ്റ നാട്ടുരാജ്യങ്ങളും സംസ്ഥാനങ്ങളും എങ്ങനെ കൂട്ടിയോജിപ്പിക്കുമെന്നത്.
ഒരേസമയം ബ്രിട്ടീഷുകാരാല്‍ ലാളിക്കപ്പെട്ടുകയും ചൂഷണം ചെയ്യപ്പെടുകയുമായിരുന്നു നാട്ടുരാജ്യങ്ങള്‍. കോളനിവാഴ്ച്ചയ്ക്കു കീഴില്‍ പാതി സ്വയംഭരണാവകാശമെന്ന സ്ഥാനം നിലനിര്‍ത്തിയിരുന്ന ഇവരായിരുന്നു സ്വതന്ത്ര ഇന്ത്യയ്ക്കു മുമ്പിലുണ്ടായിരുന്ന കഠിന വെല്ലുവിളി. നാട്ടുരാജാക്കന്മാരും ബ്രിട്ടീഷുകാരും തമ്മിലുളള സങ്കീര്‍ണ്ണമായ ബന്ധത്തെക്കുറിച്ച് ചരിത്രകാരി ബാര്‍ബറ റാമുസാക്ക് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘ ബ്രിട്ടീഷ് കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ അവരെ വിശ്വസ്തരായ സൈനികസഖ്യമെന്ന് പ്രഖ്യാപിക്കുകയും, ഏകാധിപതികളെന്ന് ആക്ഷേപിക്കുകയും, പ്രജകളുടെ സാഭാവിക നേതാക്കളെന്ന് പ്രശംസിക്കുകയും, ധൂര്‍ത്തരും വിനോദപ്രേമികളുമെന്ന് അധിക്ഷേപിക്കുകയും ചെയ്യുകയും അവരുടെ സമൃദ്ധമായ ആതിഥേയത്വം മുതലെടുക്കുകയും ചെയ്തു.’ തങ്ങളുടെ പൊതുശത്രുവായ ഫ്രഞ്ചുകാരുടെ മുന്നേറ്റം തടയാന്‍ അനിവാര്യമായ സഖ്യമായിരുന്നു ബ്രീട്ടീഷുകാര്‍ക്ക് ഈ രാജ്യങ്ങള്‍. അതിനനുസരിച്ച് നാട്ടുരാജാക്കന്മാര്ക്ക് തങ്ങളുടെ ദേശത്തിനു മേല്‍ സ്വയംഭരണാവകാശം നല്കപ്പെട്ടു, എന്നാല്‍ മന്ത്രിമാരെ നിയമിക്കാനുളള അധികാരം ബ്രിട്ടീഷുകാര്‍ കൈവശം വെയ്ക്കുകയും ആവശ്യമുളളപ്പോഴെല്ലാം സൈനികസഹായം നേടുകയും ചെയ്തു.

ബ്രിട്ടീഷ് പിന്മാറ്റം പ്രഖ്യാപിക്കപ്പെട്ടതോടെ നാട്ടുരാജ്യങ്ങളുടെ ചുമതല തുടര്‍ന്ന് അധികാരമേല്‍ക്കുന്ന പുതിയ ഭരണകൂടത്തിനായി. 1930കളുടെ അവസാനത്തില്‍ത്തന്നെ നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിരുന്നു. ആ ലക്ഷ്യം 1938ലെ ഹരിപുര കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഇങ്ങനെ വ്യക്തമാക്കി:
‘ഇന്ത്യയുടെ മറ്റു പ്രദേശങ്ങള്ക്കെന്നപോലെ തന്നെ നാട്ടുരാജ്യങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ്സ് നിലകൊളളുന്നത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, അവ വേര്‍പ്പെടുത്താന്‍ കഴിയില്ല. കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമായ പൂര്‍ണസ്വരാജ് അഥവാ സമ്പൂര്‍ണ സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന മുഴുവന്‍ ഇന്ത്യയ്ക്കും വേണ്ടിയുളളതാണ്. അടിമത്തത്തില്‍ സംരക്ഷിച്ചിരുന്നതുപോലെ തന്നെ ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സ്വാതന്ത്ര്യത്തിലും സംരക്ഷിക്കപ്പെടേണ്ടതാണ്.’
ഈ നടപടി പൂര്‍ത്തിയാക്കാനായി സര്‍ദാര്‍ പട്ടേല്‍ തലവനും വി.പി. മേനോന് സെക്രട്ടറിയുമായി പുതിയൊരു സ്റ്റേറ്റ് വകുപ്പ് തന്നെയുണ്ടാക്കി. നാട്ടുരാജാക്കന്മാരെ പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും വിശ്വസിപ്പിച്ചും ഇന്ത്യന്‍ യൂണിയനിലേക്ക് കൊണ്ടുവരാന്‍ അവരിരുവര്‍ക്കും കൂട്ടുത്തരവാദിത്തമായിരുന്നു. മൗണ്ട്ബാറ്റന് പ്രഭുവിന്റെ മാര്‍ഗനിര്‍ദ്ദേശവും ഒപ്പമുണ്ടായിരുന്നു. ബിക്കാനീര്‍, ബറോഡ കൂടാതെ രാജസ്ഥാനില്‍നിന്നുളള ഏതാനും രാജ്യങ്ങളുമായിരുന്നു ആദ്യം യൂണിയനില്‍ ചേര്‍ന്നത്. സമാന്തരമായി ഇന്ത്യയുമായി കൈകോര്‍ക്കില്ലെന്ന വാശിയിലുറച്ചുനിന്ന നിരവധി നാട്ടുരാജ്യങ്ങള്‍ വേറെയുണ്ടായിരുന്നു. സ്വതന്ത്രസംസ്ഥാനപദവി നേടിയെടുക്കാന്‍ ഏറ്റവും നല്ല സമയമിതാണെന്ന് അവരില്‍ ചിലര്‍ കരുതിയപ്പോള്‍ മറ്റു ചിലരാകട്ടെ പാകിസ്താന്റെ ഭാഗമാവാന്‍ ആഗ്രഹിച്ചു. ഇവയാണ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച ആ അഞ്ചു രാജ്യങ്ങള്‍.
തിരുവിതാംകൂര്‍
ഇന്ത്യയുടെ തെക്കന്തീരദേശ രാജ്യമായ തിരുവിതാംകൂറാണ് ആദ്യമായി ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനെ എതിര്‍ക്കുകയും രാജ്യത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്ത നാട്ടുരാജ്യങ്ങളില്‍ ഒന്ന്. സമുദ്രവ്യാപാരത്തില്‍ നയതന്ത്രപരമായ സ്ഥാനമുളള ഈ രാജ്യം മാനവവിഭവശേഷിയാലും ധാതുവിഭവശേഷിയാലും സമ്പന്നമായിരുന്നു.

പ്രശസ്തനായ അഭിഭാഷകനും തിരുവിതാംകൂറിന്റെ ദിവാനുമായിരുന്ന സര് സി.പി.രാമസ്വാമി അയ്യര്‍ 1946ല്‍ തന്നെ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമായി മാറ്റാനുളള താല്പര്യം പ്രഖ്യാപിച്ചു. ഇന്ത്യന്‍ യൂണിയനുമായി ഒരു ഉടമ്പടി ഒപ്പുവെയ്ക്കുക എന്ന ആശയം തുറന്നുവെയ്ക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. സ്വാതന്ത്ര്യത്തിനായുളള തിരുവിതാംകൂറിന്റെ വിലപേശലിനു തിരിതെളിച്ചത് മുഹമ്മദ് അലി ജിന്നയാണെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നു. ബ്രിട്ടീഷ് ഭരണകൂടവുമായി സര് സി.പി യ്ക്ക് രഹസ്യബന്ധവുമുണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രദേശത്തെ സുലഭമായ മോണസൈറ്റ് എന്ന ധാതുവില്‍ കണ്ണുവെച്ചാണ് ബ്രിട്ടീഷുകാര്‍ സ്വതന്ത്ര തിരുവിതാംകൂറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതത്രെ. അണുവായുധ മല്‍സരത്തില്‍ മുന്നിലെത്താന്‍ ഇതു തങ്ങളെ സഹായിക്കുെമന്ന് അവര്‍ കരുതിക്കാണണം. എന്തായാലും 1947 ജൂലായ് അവസാനം വരെ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന ദിവാന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഒരംഗമായിരുന്ന കെ സി എസ് മണി നടത്തിയ വധശ്രമത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതോടെ മനസുമാറ്റുകയായിരുന്നു. 1947 ജൂലായ് 30 ന് തിരുവിതാംകൂര്‍ ഇന്ത്യയില്‍ ലയിച്ചു.
ജോധ്പ്പൂര്‍
ഹിന്ദുരാജാവും ഭൂരിഭാഗം ഹിന്ദു പ്രജകളുമായിരുന്നിട്ടും രജപുത്ര രാജ്യമായ ജോധ്പ്പൂരിന് പാകിസ്താനോടായിരുന്നു ചായ്വ് എന്നത് കൗതുകകരമാണ്. ഇന്ത്യയില്‍ ചേരാന്‍ സന്നദ്ധനായിരുന്ന മഹാരാജ ഹന്‍വന്ത് സിങ്ങിന് പാകിസ്താനൊപ്പം പോകുന്നതായിരിക്കും കൂറച്ചുകൂടി ലാഭകരമെന്ന് തോന്നുകയായിരുന്നു. പാകിസ്താനുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന ജോധ്പ്പൂരിന് കറാച്ചിയില്‍ എല്ലാവിധ തുറമുഖ സൗകര്യങ്ങളും സൈനിക, കാര്‍ഷിക സഹായങ്ങളും നല്‍കാമെന്ന ജിന്നയുടെ പ്രലോഭനമാവണം രാജാവിനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. എങ്കിലും ഈ നീക്കമറിഞ്ഞ വല്ലഭായ് പട്ടേല്‍ ഉടന്‍തന്നെ രാജാവുമായി ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തതിനൊപ്പം ഒരു മുസ്ലിം രാജ്യത്തേക്ക് പോയാലുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഒടുവില്‍ ജോധ്പ്പൂര്‍ രാജാവ് ഇന്ത്യയ്ക്കൊപ്പം തന്നെ നിന്നു. കൂട്ടിച്ചേര്‍ക്കല്‍ വേളയില്‍ സന്നിഹിതനായിരുന്ന രാജാവ് നാടകീയമായി ഒരു റിവോള്‍വര്‍ എടുത്ത് സെക്രട്ടറിയുടെ തലക്കു നേരെ ചൂണ്ടിപ്പറഞ്ഞു; ഞാന്‍ നിങ്ങളുടെ ആജ്ഞ അനുസരിക്കില്ല’. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശാന്തനായ രാജാവ് ഉടമ്പടിയില്‍ ഒപ്പു വെച്ചുവെന്ന് ‘ഇന്ത്യ ഗാന്ധിക്കു ശേഷം’ എന്ന പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ രേഖപ്പെടുത്തുന്നു.
ഭോപ്പാല്‍
സ്വതന്ത്രമാവാന്‍ ആഗ്രഹിച്ച മറ്റൊരു രാജ്യമാണ് ഭോപ്പാല്‍. ഭൂരിഭാഗവും ഹിന്ദു പ്രജകളായിരുന്നെങ്കിലും ഭരിച്ചിരുന്നത് മുസ്ലിം നവാബായ ഹമീദുളള ഖാന് ആയിരുന്നു. മുസ്ലിം ലീഗിന്റെ അടുത്ത സുഹൃത്തായ നവാബ് കോണ്‍ഗ്രസ്സ് ഭരണത്തെ ശക്തിയായി എതിര്‍ത്തു. മൗണ്ട്ബാറ്റനോട് സ്വയംഭരണാവകാശത്തിനുളള തന്റെ തീരുമാനം വ്യക്തമാക്കുകയും ചെയ്തു. പക്ഷെ പ്രഭുവിന്റെ മറുപടി ‘തനിക്കടുപ്പമുളള രാജ്യത്തില്‍നിന്നും ഒരു ഭരണാധികാരിക്കും ഓടിപ്പോകാനാവില്ല’ എന്നായിരുന്നു. ധാരാളം രാജാക്കന്മാര് ഇതിനോടകം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു കഴിഞ്ഞുവെന്ന് മനസിലാക്കിയ നവാബും 1947 ജൂലായില്‍ അതേ പാത പിന്തുടര്ന്ന് യൂണിയന്റെ ഭാഗമായി.
ഹൈദരാബാദ്
മറ്റുളള നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് പ്രധാനപ്പെട്ടതും സങ്കീര്‍ണവുമായ വെല്ലുവിളിയായിരുന്നു ഹൈദരാബാദിന്റേത്. ഡക്കാന്‍ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്ത് മധ്യ ഇന്ത്യയുടെ പ്രധാനഭാഗമാണ് ഉള്‍പ്പെട്ടിരുന്നത്. സ്വാതന്ത്ര്യവേളയില്‍ നൈസാം മിര്‍ ഉസ്മാന് അലി ആയിരുന്നു ഭരണാധികാരി. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുന്ന സമയത്ത് സ്വതന്ത്രരാജ്യമെന്ന ആവശ്യം വ്യക്തമാക്കിയിരുന്ന നൈസാം വൈകാതെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ അംഗത്വം നേടുകയും ചെയ്തു.
ഹൈദരാബാദിനു മുകളിലുളള പിടിത്തം മുറുകിയതോടെ കലാപങ്ങളും പ്രതിഷേധ സമരങ്ങളും രാജ്യത്ത് സ്ഥിരമായി. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം രാജഭരണത്തെ സംരക്ഷിക്കാന്‍ നൈസാം ജിന്നയുടെ സഹായവും തേടി. പട്ടേലിനാകട്ടെ, സ്വതന്ത്ര ഹൈദരാബാദ് എന്നത് ഇന്ത്യയുടെ ഉദരത്തില്‍ ബാധിച്ച കാന്‍സറിനു തുല്യമായിരുന്നു. 1948 ജൂണില്‍ മൗണ്ട്ബാറ്റന് വിരമിച്ചതോടെ കൂടുതല്‍ ശക്തമായ നടപടിക്ക് കോണ്‍ഗ്രസ്സ് ഗവണ്മെന്റ് തീരുമാനിച്ചു. സെപ്റ്റംബര്‍ 13ന് ഓപ്പറേഷന് പോളോ എന്നു പേരിട്ട സൈനിക ആക്രമണത്തിലൂടെ ഹൈദരാബാദിനെ ഇന്ത്യന്‍ സൈന്യം കീഴടക്കി. പോരാട്ടം രണ്ട് ദിവസം നീണ്ടുനിന്നു. കീഴടങ്ങിയ നൈസാമിനുളള സമ്മാനമായി അദ്ദേഹത്തെ ഹൈദരാബാദിന്റെ ഗവര്‍ണറായി നിയമിച്ചു.
ജുനഗഢ്
ഹൈദരാബാദിനെപ്പോലെ തന്നെ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച ഗുജറാത്തിലെ രാജ്യമാണ് ജുനഗഢ്. കത്തിയവാര്‍ രാജ്യങ്ങളില്‍വെച്ച് പ്രധാനപ്പെട്ടതാണ് ജുനഗഢ്. ഇവിടെയും വലിയ വിഭാഗം ഹിന്ദു ജനതയെ ഭരിച്ചിരുന്നത് ഒരു നവാബാണ്, മുഹമ്മദ് മഹാബത് ഖാന്‍ജി മൂന്നാമന്. 1947 ജൂലായ് 25ന് മൗണ്ട്ബാറ്റന് പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരം ജുനഗഢിലെ ദിവാന് ഇന്ത്യന്‍ യൂണിയനില്‍ ചേരാനായി നവാബിനെ ഉപദേശിച്ചു.

1947ന്റെ ആരംഭത്തില്‍ ജുനഗഢ് ദിവാനായിരുന്ന നബി ഭക്ഷ് മുസ്ലിം ലീഗിലെ ഷാനവാസ് ഭൂട്ടോയെ മന്ത്രിയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ ചേരാന്‍ ക്ഷണിച്ചു. ദിവാന് ഉല്ലാതിരുന്ന സമയത്ത് ഭൂട്ടോ ഓഫീസ് ചുമതല ഏറ്റെടുക്കുകയും പാകിസ്താനിലേക്ക് ചേരാന്‍ നവാബിനെ നിര്‍ബന്ധിക്കുകയും ചെയ്തു. പാകിസ്താന് ജുനഗഢിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചത് ഇന്ത്യന്‍ നേതാക്കളെ ചൊടിപ്പിച്ചു. ജിന്നയുടെ രണ്ട് രാഷ്ട്രം സിദ്ധാന്തത്തിന് എതിരായിരുന്നല്ലോ അത്.
ജുനഗഢിലെ അസ്വസ്ഥമായ അന്തരീക്ഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചതോടെ നവാബ് കറാച്ചിയിലേക്ക് നാടുവിട്ടു. ജുനഗഢില്‍ ജനഹിതം നടത്താന്‍ വല്ലഭായ് പട്ടേല്‍ പാകിസ്താനോട് അഭ്യര്‍ത്ഥിച്ചു. പ്രധാനപ്പെട്ട മൂന്ന് മണ്ഡലങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ സൈന്യത്തെ അയക്കുകയും ചെയ്തു. ധനവും സൈന്യവുമെല്ലാം നഷ്ടപ്പെട്ട നവാബ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ നിര്‍ബന്ധിതനായി. ഒടുവില്‍, 1948 ഫെബ്രുവരി 20 ന് ജനഹിത പരിശോധന നടത്തുകയും 91 ശതമാനത്തോളം പേര് ഇന്ത്യയോട് ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.