ആകാശത്തിലെ അറിവുകൾ, ഭൂമിയിലെയും

നാട് വിട്ട് ഒറ്റയ്ക്കുളള ആദ്യ യാത്ര, ആദ്യ വിമാനയാത്രയുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ് ലേഖിക

swathi sasidharan, travel, memories, ireland, keralam,

2005 ഓഗസ്റ്റ് 15 ഇന്ത്യയുടെ അമ്പത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനമായിരുന്നു. അതും യുവത്വത്തിന്‍റെ ആവേശമായിരുന്ന അബ്ദുള്‍ കലാം പ്രസിഡന്റ് ആയിരുന്നപ്പോൾ. പക്ഷേ, എന്‍റെ കൂടെ ടെക്നോപാർക്കിലെ കമ്പനിയിൽ ജോലി ചെയ്തിരുന്നവർ പറഞ്ഞത് അതവരുടെ ആദ്യ സ്വാതന്ത്ര്യ ദിനമായിരുന്നു എന്നാണ് – എന്നിൽ നിന്ന്. അതായിരുന്നു അവരുടെ അവസ്ഥ. അക്ഷരാര്‍ത്ഥത്തിൽ അവരത് ആഘോഷിച്ചു.

അന്നാണ് ഞാൻ, തിരുവനന്തപുരത്തു നിന്ന് അയർലൻഡ് എന്ന ഏതോ ഒരു ‘വിദേശ’ രാജ്യത്തേക്ക്, ആദ്യമായി, അതും ഒറ്റയ്ക്ക് പോകുന്നത്. ഇതിനിടയിൽ ചെറിയ ഫ്ലാഷ്ബാക്ക്. ഈ പറയുന്ന ‘ഞാൻ ‘ തിരുവനന്തപുരം സിറ്റി എന്ന ‘ഭൂലോകം’ വിട്ട് നാല് മണിക്കൂർ ട്രെയിൻ യാത്ര മാത്രമുണ്ടായിരുന്ന കൊച്ചിയിലേക്ക് പോലും തനിച്ചു യാത്ര ചെയ്തിരുന്നില്ല അക്കാലത്ത്. ‘പ്ലാറ്റ്‌ഫോം നമ്പർ’ എന്നാൽ എന്താണ് എന്ന് പോലും അറിയാത്ത ‘നിഷ്കളങ്ക ‘.  ആ ആളാണ് സധൈര്യം, അയർലൻഡിലേയ്ക്ക് ഒറ്റയ്ക്ക് പോകാൻ നിൽക്കുന്നത്.

പരിചയമുള്ള ആരും കൂടെ ഇല്ല. ജനുവരിയിൽ കല്യാണം കഴിഞ്ഞ എനിക്ക് ഭർത്താവിന്‍റെ അടുത്തെത്തണം. ആകെ അറിയാവുന്നത് അവിടെ ഭയങ്കര തണുപ്പാണ് എന്നും കോട്ടും മഞ്ഞിൽ നടക്കാൻ പറ്റിയ ഷൂസും ഒക്കെ വേണം എന്നുമാണ്. ഞാനാകട്ടെ, സിനിമയിൽ നായികാ നായകന്മാർ കോട്ടൊന്നും ഇട്ടിട്ടല്ലല്ലോ പാട്ടു പാടുന്നത്, എന്ന സംശയത്തിലും. വയസ്സ് 26 ഉണ്ട്, പക്ഷേ വിവരം കമ്മി.

എന്തായാലും, തിരുവനന്തപുരം – അയർലൻഡ് ഡയറക്ട് വിമാനം ഇല്ല (ഇപ്പോഴും ഇല്ല). ഗൾഫ് രാജ്യങ്ങളിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങിയിട്ട്, അവിടെ നിന്ന് വേറെ വിമാനത്തിൽ കയറണം. ഭർത്താവിന്‍റെ അടുത്തെത്താൻ അറബിക്കടലും കൂടി നീന്തിക്കടക്കാൻ റെഡി ആയി നിൽക്കുന്ന എനിക്കാണോ പ്രശ്നം? ‘ഖത്തർ എയർവേസ്’ ൽ പോകാമെന്നു തീരുമാനമായി. അപ്പോള്‍ അടുത്ത പ്രശ്നം. അവിടെന്നുള്ള ‘ട്രാൻസിറ്റ് ഫ്ലൈറ്റ്’ അടുത്ത ദിവസം രാവിലെയേ ഉള്ളൂ . പക്ഷേ ഒരു വൈകുന്നേരവും, രാത്രിയും എയർവേസിന്റെ ചെലവിൽ ഒരു പോഷ് ഹോട്ടലിൽ ഫ്രീ താമസം, ഫുഡ് എന്ന് വേണ്ട… എല്ലാമുണ്ട്. എനിക്ക് ആകെ കുളിരു കോരി.

സ്‌കൂൾ കുട്ടികൾ ജൂണിൽ സ്കൂളിൽ പോണ പോലെ പുതിയ ബാഗ്, ഷൂസ്, കോട്ട് ഒക്കെ ഇട്ടു ഞാൻ വിമാനത്താവളത്തിൽ ചെന്നു. ആദ്യ യാത്രയായത്‌ കൊണ്ട് അച്ഛനും അമ്മയും കൊച്ചച്ഛനും കുഞ്ഞമ്മയും എന്ന് വേണ്ട സകലരും ഉണ്ട് യാത്രയാക്കാന്‍. ഇനി അയൽക്കാരെങ്ങാനം ഉണ്ടായിരുന്നോ എന്നേ ഒരു സംശയം ഉള്ളൂ .

ഭർത്താവു തന്ന ധൈര്യം വെച്ച് , “വായിൽ നാക്ക് ഉണ്ടേൽ ഒന്നും പേടിക്കണ്ട” എന്ന ഉത്തമ വിശ്വാസം കൂട്ടിനുണ്ട്. പക്ഷെ ആദ്യം മുതൽക്കേ പ്രശ്നം. ബ്ലാങ്ക് പാസ്പോർട്ട് ആണ് . ഇമ്മിഗ്രേഷൻ മുതലേ , ‘പുച്ഛ’ നോട്ടങ്ങൾ കിട്ടി. “ആദ്യമായിട്ട് കുറ്റീം പറിച്ചു ഇറങ്ങിയിരിക്കുന്നു,” എന്ന മട്ടിൽ. ഡിപെൻഡന്റ് വിസ ആയതു കൊണ്ട് ഭർത്താവിന്റെ ഡോകുമെന്റ്സ് ഒക്കെ വാങ്ങി നോക്കി. സമാധാനം. അവിടം തീർന്നു. അടുത്തത് സെക്യൂരിറ്റി ചെക്കിങ്. അന്ന് മൊബൈൽ, ടാബ്‌ലറ്റ്, പവർ ബാങ്ക് ഇതൊന്നും ഇല്ല. ബ്ലേഡ്, കൂർത്ത മെറ്റൽ/കത്തി, തോക്ക്, തീപ്പെട്ടി, പടക്കം, ബോംബ് തുടങ്ങിയ ‘സാദാ’ സാധനങ്ങൾ പാടില്ല – അത്രേയുള്ളൂ. മെറ്റൽ ഡിറ്റക്ടറിൽ കൂടി കടത്തി വിടുന്നതിനു മുമ്പ്, ബെൽറ്റ്, വാച്ച്, ഷൂസ് ഒന്നും ഊരണ്ടായിരുന്നു.

വലിയ പ്രശ്നമില്ലാതെ അപ്പുറത്തു കടന്നപ്പോൾ എന്റെ ഹാൻഡ് ബാഗ് മാറ്റി വെച്ചിരിക്കുന്നു . “അയ്യോ, ഇത് എന്റേതല്ലേ?” എന്നും പറഞ്ഞു ഓടി ചെന്നപ്പോൾ അവർ പറയുന്നു അതിൽ ആഹാരസാധനം എന്തോ ഉണ്ടെന്നു. ഹാൻഡ് ബാഗിൽ ആഹാരം പാടില്ലാന്ന് ഞാൻ എങ്ങനെ അറിയാൻ, നമുക്ക് ആഹാരം മാത്രമല്ലേ ചിന്ത? ഞാനും അവരും കൂടി ഒരുമിച്ചു തപ്പിയിട്ടും ഭാഗ്യത്തിന് ഒന്നും കിട്ടിയില്ല . (പക്ഷേ, സാധനം ഉണ്ടായിരുന്നു കേട്ടോ)

എല്ലായിടത്തും സ്‌ക്രീനിൽ ഫ്ലൈറ്റ് നമ്പർ, ബോർഡിങ് ഗേറ്റ് നമ്പർ ഒക്കെ എപ്പോഴും തെളിഞ്ഞു കൊണ്ടിരിക്കുമെന്നു പറഞ്ഞത് വെച്ച്, ഞാൻ അതും നോക്കി കൊണ്ടിരിപ്പാണ്. ഇനി ഗേറ്റ് എവിടെയെന്നു തപ്പിയാ മതി. ഇപ്പഴും ഓർമയുണ്ട്. അന്ന് തിരുവനന്തപുരം എയർപോർട്ടിൽ ആകെ രണ്ടേ രണ്ട് ബോഡിങ് ഗേറ്റ്. ഒന്ന് അടച്ചിട്ടിരിക്കുന്നു. എല്ലാരും ഒരേ ഗേറ്റിൽ കൂടി ആണ്. അങ്ങനെ അനൗണ്സ് ചെയ്തപ്പോൾ അവർ ഉരുട്ടി കൊണ്ട് വന്ന സീറ്റില്ലാത്ത, അന്നത്തെ KSRTC യെക്കാൾ പഴയ, കുടുക്ക് ബസ്സിൽ കയറി, വിമാനത്തിന്റെ ഏണിയുടെ അടുത്തിറക്കി വിട്ടു. ആ അലുമിനിയം പടികൾ തെന്നാതെ കയറി ചെന്ന്, കടും ചുവപ്പ് ലിപ്സ്റ്റിക്ക് ഇട്ട ‘ചേച്ചിക്ക് ‘ ബോഡിങ് പാസ് കൊടുത്തു. അപ്പൊ അവർ എനിക്ക് സീറ്റ് കാണിച്ചു തന്നു. അങ്ങനെ ഞാൻ എന്റെ 26 വർഷത്തെ ജീവിതത്തിൽ, ആകാശത്തിലല്ലാതെ ആദ്യമായി അടുത്ത് കാണുന്ന വിമാനത്തിനുള്ളിലെ ഒരു സീറ്റിൽ ഇരുന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കി. എന്നിട്ടൊരു ദീർഘനിശ്വാസം വിട്ടു .

വിമാനയാത്രയുടെ ബാലപാഠങ്ങൾ

അമ്മയുടെയും അച്ഛന്‍റെയും കർമ്മഗുണം കൊണ്ട് ആയിരിക്കണം എനിക്ക് ഉയരങ്ങളോടും വിമാനങ്ങളോടും ഒന്നും ഫോബിയ ഇല്ല. വിമാനം റൺവേയിൽ വെച്ച് തന്നെ ഇരച്ചുരുണ്ടു തുടങ്ങുമ്പോൾ, പൊട്ടിത്തെറിക്കുമോ എന്ന വേവലാതികളുമില്ല. അഥവാ പൊട്ടിത്തെറിച്ചാൽ തന്നെ ഏതു വഴിയിൽ കൂടി ചാടണം എന്നൊന്നും അറിയില്ല. അങ്ങനെ വിൻഡോ സീറ്റും കിട്ടി, അങ്ങനെ കൂനിപ്പിടിച്ചിരുന്നു. (സീറ്റ് പുറകോട്ടു തള്ളാൻ ഒരു ബട്ടൺ ഉണ്ട്. പക്ഷെ ഞാൻ നോക്കിയപ്പോളുണ്ട്, ആ ഒരു സീറ്റ് മുഴുവൻ പല നിറത്തിലും തരത്തിലും ഉള്ള ബട്ടണുകളും, ദ്വാരങ്ങളും ഒക്കെ ആണ്. പിന്നെ റിമോട്ട് പോലെ ഒരു സാധനം ഞെക്കി വെച്ചിട്ടുമുണ്ട്. ഇനി ഏതിലെങ്കിലും കേറി ഞെക്കി വല്ലതും എടുത്തു ചാടിയാലോ എന്ന് കരുതി, തൽക്കാലം മിണ്ടാതിരുന്നു. അപ്പുറത്തെ ആൾ ചെയ്യുന്നത് പോലെ നോക്കി ചെയ്യാം എന്നായിരുന്നു ഉദ്ദേശം)

അങ്ങേരോട് ചോദിക്കാൻ വയ്യ, കാരണം എന്റെ ലുക്ക് തന്നെ. “ദിവസവും മൂന്നു നേരം വിമാനത്തിലാണ് യാത്ര” എന്ന ഒരു ഭാവമാണ് മുഖത്ത്. മുന്നിലെ സീറ്റിന്റെ പിറകിൽ വെച്ചിരുന്ന അറബിക്/ഇംഗ്ലീഷ് മാഗസിൻ ഒക്കെ മറിച്ചു നോക്കി, കാലിന്മേൽ കാലും കേറ്റി വെച്ചാണ് ഇരുത്തം. എന്റെ കഷ്ടകാലത്തിന് അയാൾ ഒരു സ്ഥിരം വിമാനയാത്രക്കാരൻ ആണെന്ന് തോന്നുന്നു. (എല്ലാ ബട്ടൺസും, ഇയർഫോൺ കുത്തേണ്ട ദ്വാരങ്ങളും റിമോട്ട് എടുക്കാൻ ഞെക്കേണ്ട സ്ഥലമൊക്കെ അയാൾക്ക്‌ നല്ല പരിചയം). അയാളെ ഒളിഞ്ഞു നോക്കി ഞാനും അത് പോലൊക്കെ ചെയ്യുന്നുണ്ട്.

അന്നൊക്കെയീ കേരളം – ഗൾഫ് വിമാനങ്ങളിൽ, പുറപ്പെടുന്നതിന്‍റെ അവസാന നിമിഷം, എയർ ഹോസ്റ്റസ് ഒരു കീടനാശിനി പോലെ എന്തോ ഒന്ന് സ്‌പ്രേ ചെയ്തു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ഇത് കണ്ടാൽ തോന്നും, അവിടിരിക്കുന്നവരൊക്കെ ഏതോ രോഗം പിടിച്ചവർ ആണെന്ന്. അവർ വിമാനത്തിൽ എയർ പ്യൂരിഫയർ അടിക്കുകയാണെന്നും (എനിക്ക് ഇപ്പോഴും അത് മനസ്സിലായിട്ടില്ല). കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിൽ മാത്രമാണ് ഞാൻ അത് ഇല്ലാതായത് കണ്ടത്. എന്തായാലും സീറ്റ് ബെൽറ്റ് ഇടാൻ പോലും എനിക്ക് പിടിയില്ല. അതൊക്കെ ഉൾക്കൊള്ളിച്ച്, പിന്നെ അവരുടെ ഒരു ‘സെക്യൂരിറ്റി മൂകാഭിനയം’ ഉണ്ട്. അതും കണ്ട്, ഒന്നും മനസ്സിലാവാതെ ഞാനിരുന്നു.

എന്‍റെ ഇരിപ്പു കണ്ടിട്ടാവണം ഒരു ചേച്ചി വന്ന് സീറ്റ് ബെൽറ്റ് ഇട്ടു തന്നു, ജനലിന്‍റെ അടപ്പു പൊക്കി വെക്കാനും, സീറ്റ് നേരെയാക്കാനും പറഞ്ഞു. ഇതിനിടയിൽ ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിച്ച ആൾ, സ്‌പീക്കറിലൂടെ ആദ്യം അറബിയിലും, പിന്നെ അറബി പോലത്തെ ഇംഗ്ലീഷിലും എന്തൊക്കെയോ പറയുന്നു. ഒരു ക്ലൂവും കിട്ടിയില്ല.

സീറ്റിന്റെ മുകളിലേക്ക് നോക്കിയപ്പോൾ, ദേ പിന്നെയും രണ്ടു മൂന്ന് ബട്ടണുകള്‍. രാവിലെ ആയതു കൊണ്ട് ബ്രേക്ക്ഫാസ്റ്റിന്‍റെ ഉന്തുവണ്ടി വലിച്ചു കൊണ്ട് ചേച്ചിമാരും ചേട്ടന്മാരും വന്നു. പക്ഷേ അവര്‍ ആദ്യം കൊടുക്കുന്നത് അങ്ങ് മുന്നിലിരിക്കുന്നവർക്ക് ആണ്. അത് ഇഴഞ്ഞ് ഇങ്ങ് എത്തുമ്പോഴേക്കും ഖത്തര്‍ എത്തുമെന്ന് എനിക്ക് തോന്നി. വയറ്റില്‍ ആണെങ്കില്‍ അസാധാരണമായ വിശപ്പ്.

ഒറ്റയ്ക്ക് ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്‍റെ ഉപദേശം “വെറുതെ കിട്ടുന്നെന്നു കരുതി വലിച്ചു വാരി, തിന്നരുത് എന്നായിരുന്നു.” വേണ്ടാത്ത നേരത്താണ് ഓരോന്ന് ഓര്‍മ്മ വരുന്നതെന്നും പറഞ്ഞു സ്വയം പഴിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അടുത്തുള്ള സ്ഥിര യാത്രന്‍ മുകളിലെ ഒരു ബട്ടണ്‍ ഞെക്കിയത്. ക്ണിം. കുറച്ചു കഴിഞ്ഞപ്പോള്‍ ലിപ്സ്റ്റിക്ക് ഇട്ട ചേച്ചി വന്നു വിനയപൂര്‍വ്വം അയാളോട്, “എന്ത് വേണം” എന്ന് ചോദിച്ചു. എനിക്ക് വന്ന കലി! ഇവിടെ മനുഷ്യന്‍ തൊണ്ടയില്‍ വെള്ളം കിട്ടാന്‍ കാത്തിരിക്കുമ്പോളാണ്, അയാള്‍ എല്ലാം ഒരു ബട്ടണില്‍ തീര്‍ത്തത്.

പിന്നെപ്പിന്നെ ഞാനും എന്‍റെ മുകളിലെ ബട്ടണ്‍ കുത്താന്‍ തുടങ്ങി. ചേച്ചി വരുമ്പോള്‍ ജൂസ് വേണം, കോഫി വേണം എന്നൊക്കെ പറഞ്ഞു. ഇതിനിടയില്‍ അപ്രത്തെ ആളിനെ കണ്ടു പഠിച്ച് ഞാനും സിനിമയൊക്കെ കാണാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ കുടിച്ച വെള്ളം കാരണം എനിക്ക് ബാത്‌റൂമില്‍ പോകണം. ആദ്യം പിടിച്ചിരുന്നു. പിന്നെ നിവര്‍ത്തി ഇല്ലാതായി. അങ്ങേരോട് പറഞ്ഞു കാലു മാറ്റി തരാന്‍ ചോദിച്ചു. അപ്പോള്‍ അടുത്ത പ്രശ്നം. എവിടെയാ വിമാനത്തിൽ മൂത്രം ഒഴിക്കുന്നത്. ഈശ്വരാ ഇതൊന്നും ചിന്തിക്കാതെ ആണോ ഉള്ള വെള്ളമെല്ലാം മട മടാ വാങ്ങി കുടിച്ചത്.

ഞാന്‍ എണീറ്റ്‌ നിന്ന് അവിടെ ഒക്കെ ഒന്ന് വിഹഗ വീക്ഷണം നടത്തി. ഇല്ല, ഒരു പിടിയും ഇല്ല. നിവൃത്തി കെട്ടു ചേച്ചിയോട് പോയി ചോദിച്ചു. അപ്പൊ ഉണ്ട്, ഒരു ചെറിയ കുടുസ്സു മുറി. അതിന്‍റെ വാതില്‍ ആണെങ്കില്‍ അതിലും കഷ്ടം. അകത്തേക്കണോ, പുറത്തേക്കാണോ തുറക്കേണ്ടത് എന്ന് ഒരു പിടിയും ഇല്ല. ഇനി അതും കൂടി ചേച്ചിയോട് ചോദിച്ചു നാണം കെടാന്‍ വയ്യ.

രണ്ടും കല്‍പ്പിച്ചു ഞാന്‍ ഒരു തള്ള് കൊടുത്തു. വാതില്‍ നടുക്ക് വെച്ച് രണ്ടായി പിളര്‍ന്നു. ഞാന്‍ അകത്തു കയറി. നോക്കിയപ്പോള്‍ കുറ്റിയും കൊളുത്തും ഒന്നും കണ്ടില്ല. ചിലപ്പോ ഇല്ലായിരിക്കും. എന്തായാലും വേഗം കാര്യം സാധിച്ചു ഇറങ്ങാം. ടോയിലെറ്റ് ബൌളിലാണെങ്കില്‍ വെള്ളവും കാണുന്നില്ല. ഈശ്വരാ ഇത് എങ്ങനെയാണാവോ പ്രവര്‍ത്തിക്കുന്നത്.

എന്തായാലും കാര്യം സാധിക്കാന്‍ കയറി ഇരുന്നതേ ഉള്ളൂ. ആരോ വന്നു പുറത്തൂന്നു വാതില്‍ തള്ളി തുറന്നു. എന്‍റെ ഒരു കൃത്യമായ ഇടപെടല്‍ മൂലം, ഒരു കൈ കൊണ്ട് തുറന്ന വാതില്‍, അകത്തൂന്ന് തള്ളി പിടിച്ചു. അപ്പോഴാണ്‌ കാണുന്നത്. വാതിലില്‍ ഒരു ചെറിയ കൊളുത്ത്. അടക്കുമ്പോള്‍ ചുവന്ന നിറം, തുറക്കുമ്പോള്‍ പച്ച നിറം. ഞാന്‍ അടക്കാതെ കേറി ഇരുന്നതിനാല്‍ പുറത്തെ പച്ച നിറം കണ്ടു ആരോ വന്നു തള്ളി തുറന്നതാ. ഭാഗ്യത്തിനു ആ ആളിന്‍റെ മുഖം ഞാന്‍ കണ്ടില്ല.

സംഗതി കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ (ആ വാതില്‍ തുറക്കാന്‍ പഠിക്കാന്‍ വേണ്ടി മാത്രം ക്ലാസ്സ്‌ വേണം) അവിടെ ആ ആള്‍ കാത്തു നില്‍പ്പുണ്ടായിരിക്കല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ പോയി സീറ്റ്‌ കണ്ടു പിടിച്ചു ചെന്നിരുന്നു. ഇനി ഏതായാലും വെള്ളം ഒക്കെ കുറച്ചു കുടിച്ചാല്‍ മതി എന്ന തീരുമാനം എടുത്തു കൊണ്ട്.

അടുത്തത് ഉന്തു വണ്ടിയില്‍ ആഹാരം കൊണ്ട് വരുന്നതാണ്. ഈശ്വരാ ഇപ്പഴെങ്കിലും ഇങ്ങ് എത്തിയല്ലോ എന്നും പറഞ്ഞു ഞാന്‍ ഇരിക്കുന്നു. മൈക്രോവേവില്‍ വെച്ച് ചൂടാക്കിയ, എന്തൊക്കെയോ. വിശപ്പിന്റെ വിളിയില്‍ ഞാന്‍ അതൊക്കെ മറന്നു. ഒരു കുഞ്ഞി പാര്‍സല്‍. എനിക്ക് തന്നെ തികഞ്ഞില്ല. അപ്പോള്‍ ഈ ആണുങ്ങളൊക്കെ എങ്ങനെ വിശപ്പടക്കും എന്ന് ഞാന്‍ ചിന്തിച്ചില്ല, അതിനു മുമ്പ് തന്നെ ഉത്തരം കിട്ടി. ആല്‍ക്കഹോള്‍ – അതേ ചോദിച്ചാല്‍ ഇഷ്ടം പോലെ കിട്ടുന്ന അതിന്‍റെ വിവിധ വകഭേദങ്ങള്‍ ആസ്വദിച്ച്, മിക്കവാറും എല്ലാരും ഉറക്കത്തിലായി. എന്‍റെ അടുത്തിരുന്ന ആളും. എനിക്ക് ധൈര്യമില്ല. എന്തായാലും ഇനി ഉറങ്ങിയെങ്ങാനം പോയിട്ട്, ബസ്സിലെ പോലെ സ്റ്റോപ്പ്‌ കഴിഞ്ഞാലോ? 4 മണിക്കൂര്‍, 50 മിനിട്ട്. അത്രേം മതി. ബാത്‌റൂമില്‍ പോവാതെ, കൂടുതല്‍ പ്രശ്നമാക്കാതെ അവിടെ എത്തട്ടെ. ഞാന്‍ മുന്നിലെ വിവിധ ഭാഷാ സിനിമകളിലേക്കു മടങ്ങി.

ദോഹയിലെ രാത്രിയും ‘ആട് ജീവിതവും’

അവസാനം രാത്രി എപ്പോഴോ ദോഹയില്‍ എത്തി. എനിക്കു ജനാലയില്‍ കൂടി താഴേക്ക് നോക്കിയാല്‍ ആകെ കാണാന്‍ കഴിയുന്നത്, താഴെ ഇരുട്ടില്‍ വരിയൊപ്പിച്ചു മിന്നി തിളങ്ങുന്ന വൈദ്യുത ദീപങ്ങളാണ്. വേറെ ഒന്നും കാണാന്‍ വയ്യ. ക്യാപ്റ്റന്‍റെ അറിയിപ്പിന്‍റെ വാലും തുമ്പും ഒക്കെ വെച്ച് ഉടനെ ഇറങ്ങുമെന്ന് മനസ്സിലായി. പ്രശ്നം അതല്ല. നാളെയേ ഡബ്ലിനിലേക്ക് പറക്കാന്‍ പറ്റൂ. അത് വരെ… ഈശ്വരാ…. എയര്‍ലൈന്‍സുകാരെ നന്നായി വിശ്വസിക്കാന്‍ പഠിക്കുക.

എന്തായാലും ഇറങ്ങി. സത്യം പറയാല്ലോ 350 F, പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്കു കയറുന്ന ഒരു കേക്കിന്റെ അവസ്ഥ എന്നൊക്കെ പറയാം. അത്ര ചൂട്. അതും രാത്രിയില്‍. ഓടി ആദ്യമേ കണ്ട ബസ്സില്‍ ചാടിക്കയറി. അവര്‍ കൊണ്ട് വന്നു ഇറക്കിയ സ്ഥലത്ത്, എല്ലാരും പോകുന്ന പോലെ ഞാനും നടന്നു. ലുക്ക്‌ വെച്ചോ, ഭാഷ വെച്ചോ ഒരു മലയാളിയെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. കിട്ടണില്ല. മിക്കവരും ദോഹയിലേക്ക് തന്നെ വന്നവരാണ്.

പിന്നെ ഞാന്‍ എന്‍റെ അടുത്ത ടിക്കറ്റ്‌ കൊണ്ടുപോയി ഒരു ഖത്തര്‍ എയര്‍വെയ്സ് ജീവനക്കാരനെ കാണിച്ചു. അങ്ങേര് അത് നോക്കിയിട്ട് എന്നോട് ഒരു മൂലയില്‍ ചെന്ന് നിക്കാന്‍ പറഞ്ഞു. ഞാന്‍ നോക്കുമ്പോഴുണ്ട്‌, ഞാന്‍ മാത്രമല്ല ഒരു മൂന്നു മലയാളികളെങ്കിലും ആ ഗ്രൂപ്പിലുണ്ട്. സമാധാനം. ഇനി “അയ്യോ” എന്ന് വിളിച്ചാല്‍, തിരിഞ്ഞു നോക്കാനെങ്കിലും ആളുകള്‍ ഉണ്ടല്ലോ. പക്ഷേ എല്ലാരും ബലം പിടിച്ചാണ് നില്‍പ്പ്. ഒരു സൗഹൃദ ലുക്ക്‌ ഇല്ല. മലയാളികൾ അല്ലേ ?

കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഒരു വലിയ കാറില്‍ കേറ്റി, അവര്‍ അവരുടെ ഗസ്റ്റ് ഹോട്ടലില്‍ കൊണ്ട് പോയി. എന്റമ്മേ, ജീവനും കൈയ്യില്‍ പിടിച്ചാ ഞാന്‍ ആ യാത്രയില്‍ ഇരുന്നത്. റോഡിലൂടെയുള്ള ആ ഭ്രാന്തന്‍ പാച്ചില്‍ കഴിഞ്ഞപ്പോള്‍, എനിക്ക് ഇനി മിലിട്ടറി എയര്‍ക്രാഫ്റ്റ് ഓടിക്കാം എന്ന ധൈര്യം ആയി. നമ്മളെ നാട്ടിലെ ഒട്ടോക്കാരോക്കെ സുല്ല് പറഞ്ഞു പോവും. ആ മാതിരി ഓട്ടിപ്പാ.

അങ്ങനെ ഞങ്ങള്‍ ആ ഹോട്ടലില്‍ എത്തി. അപ്പോഴാണ് മലയാളികളുടെ എല്ലാം ഈഗോ മാറിയത്. ആ കാര്‍ യാത്ര ആയിരുന്നു കാരണം എന്ന് നിസ്സംശയം പറയാം. അങ്ങനെ ഞാന്‍ മൂന്ന് മറുനാടന്‍ മലയാളികളെ പരിചയപ്പെട്ടു. ഒരു അമേരിക്കന്‍ വിമാനക്കമ്പനി ഉടമ (എന്ന് അയാൾ പറഞ്ഞു), ഡബ്ലിനിലെക്കുള്ള നഴ്‌സ് (അവര്‍ നേരത്തേ സൗദിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നു), പിന്നെ ഒരു ചെറുപ്പക്കാരനും. അവിടെ വെച്ച് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുകയായിരുന്നു.

ആ നഴ്‌സ് ചേച്ചിയുടെ (അന്നത്തെ 26 കാരിക്ക്, ആന്റി ), സ്ഥിരം യാത്ര ചെയ്യുന്നവരെ പോലെ ആയിരുന്നു. അന്നൊക്കെ അയർലൻഡ്, ഇന്ത്യൻ അഥവാ മലയാളി നഴ്‌സ്മാരുടെ മാത്രം രാജ്യമായിരുന്നു. അത് കൊണ്ടായിരിക്കും ആ ചേച്ചി എന്നോട് ഞാൻ ആരാണെന്നു പോലും ചോദിക്കാത്തത്. ഭാഗ്യത്തിന് ഹോസ്പിറ്റലിൽ ആണോ അതോ നഴ്സിംഗ് ഹോമിലേക്കാണോ എന്ന ചോദ്യവും ഒഴിവാക്കി.

നമ്മൾ ‘ഓൾഡ് ഏജ് ഹോം’ എന്ന് പറയുന്ന ധാരാളം ‘നഴ്സിംഗ് ഹോമു’കള്‍ അയർലൻഡിൽ ഉണ്ട്. അതായത്, റിട്ടയറായി തീരെ വയ്യാതായ വൃദ്ധരെ ഗവണ്മെന്റ് സംരക്ഷിക്കുന്ന സ്ഥലങ്ങൾ. അവിടെയും നമ്മുടെ മെഡിക്കൽ നഴ്‌സ്മാരുടെ സേവനം ആണ് വേണ്ടത്. ഈ വ്യത്യാസം എനിക്ക് കുറേ കാലത്തേക്ക് അറിയില്ലായിരുന്നു. അതായത് നമ്മുടെ നാട്ടിലെ ‘നഴ്സിംഗ് ഹോം’ അല്ല , ഇവിടെത്തെ ‘നഴ്സിംഗ് ഹോം’ എന്ന്.

ചെറുപ്പക്കാരൻ ഏതോ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ഡബ്ലിനിൽ പോകുന്നത്. ഇവരിൽ ഞാൻ മാത്രമേ ഉള്ളു, ഡബ്ലിനിൽ നിന്ന് പത്തിരുന്നൂറു കിലോമീറ്റർ അകലെ ‘അത്‌ലോണിൽ’ പോവാൻ കച്ചകെട്ടി ഇരിക്കുന്നത്. അവർ അങ്ങനെ ഒരു സ്ഥലം കേട്ടിട്ടും കൂടി ഇല്ല . അപ്പോഴേ എനിക്ക് ഒരേകദേശ ധാരണയായി കഴിഞ്ഞു, ഏതോ ‘പട്ടിക്കാട്ടു പൊണ്ണു’ ആവാനാണ് ഞാൻ കെട്ടും കിടക്കയുമായി അയർലൻഡ് എന്ന ‘വിദേശ’ രാജ്യത്തേക്ക് പോകുന്നത് എന്ന്.

സന്ധ്യക്ക് ഏഴ് മണിക്ക് ‘ബഫേ’ ഉണ്ടെന്ന് അവിടത്തെ റിസെപ്ഷനിസ്റ് പയ്യൻ, എങ്ങനെ ഒക്കെയോ, ഏതോ ഭാഷയിൽ എന്നെ മനസ്സിലാക്കിച്ചു. അവസാനം നല്ല അന്തസ്സുള്ള അറബി ഭക്ഷണം, മൂക്ക് മുട്ടെ തിന്നാലോ (ബഫേയല്ലേ ?) എന്നൊക്കെ സ്വപ്നം കണ്ടു ഞാൻ റൂമിലേക്ക് പോയി.

എന്തൊക്കെ പറഞ്ഞാലും ഈ എയർലൈൻ ഭക്ഷണം ഒരു പാരയാണ്‌ . മൈക്രോവേവ് എന്ന സാധനം ഉപയോഗിച്ച് ചൂടാക്കി, ചൂടാക്കി, പിന്നെയും ചൂടാക്കി ചോറേത് കറിയേത് മുട്ടയേത് , മീനേത് എന്നൊന്നും അറിയാത്ത തീറ്റയാണ്. എന്നിട്ട് ഏഴര മണിക്കൂറോളം ഒറ്റ ഇരിപ്പും. ഏത് മനുഷ്യന്റെ വയറും പ്രതികരിക്കും, പ്രതികരിച്ചു പോകും. ചിലർക്ക് ഉടനെ, ചിലർക്ക് പിന്നീട്. എനിക്ക് പിന്നീടാണ് പ്രതികരിക്കാറ്. ഓരോ വിമാനയാത്രയും കഴിഞ്ഞു, നാല് ദിവസത്തെ സമ്പൂർണ പട്ടിണിക്കും ശേഷമേ, പിന്നെ എന്റെ വയറിന് ആഹാരം വേണമെന്ന് തോന്നാറുള്ളൂ.

അങ്ങനെ അന്ന് വൈകിട്ട് റെഡി ആയി ബഫെയ്ക്ക് എത്തിയ ഞാൻ സാധനങ്ങൾ വിളമ്പിയിരിക്കുന്നത് കണ്ട് തലയടിച്ചു നിലത്തു വീണില്ലെന്നേ ഉള്ളൂ. മാംസഭക്ഷണം മാത്രം. അതും പോട്ടെ. ഏത്, എന്തിന്റെ മാംസം, എന്നൊരു പിടിയുമില്ല. മട്ടൺ , ‘ആടുജീവിതത്തിലെ’ ആളാണ്, അത്ര കട്ടിയാണ്. പിന്നെ ഞാൻ പക്ഷികളെ ഒന്നും അവിടെ കണ്ടില്ല. നേരത്തെ പറഞ്ഞ ആട് തന്നെ വിവിധ രൂപത്തിലും, ഭാവത്തിലും ഒക്കെ ആയി ഒരു പത്തു തരം ഉണ്ട്. പിന്നെ, ഒന്നിലും നമ്മുടെ ‘അരപ്പ്’ ഇല്ല. എല്ലാം പല തരത്തിലുള്ള നരച്ച തവിട്ടു നിറം. എന്റെ ‘അറബി വിരുന്ന്’ അന്ന് അന്ത്യശ്വാസം വലിച്ചു .

റൂമിൽ തിരിച്ചെത്തി ടി വി വെച്ചപ്പോഴേക്കും, എല്ലാം അറബിക്. അൽ-ജസീറ വരെ ഇരുന്നു കണ്ടു, വേറെ നിവർത്തി ഇല്ലായിരുന്നു. എന്തായാലൂം പിറ്റേന്ന് ആറു മണിക്ക് ഇവിടുന്നു പോവും. ഇനി ഈ രാജ്യം വഴി ഞാൻ വരികയേ ഇല്ല എന്ന ഭീഷ്മ ശപഥവുമെടുത്തു, സ്വയം സമാധാനിച്ചു ഉറങ്ങി.

പിറ്റേന്ന് രാവിലെ 6 മണിക്ക് പെട്ടിയും ആയി ഞാൻ ഹാജർ. അവർ വന്ന പോലെ ‘പായും കാറിൽ’ കേറ്റുമോ എന്നൊരു പേടി ഉണ്ടായിരുന്നു. ഭാഗ്യത്തിന് എല്ലാരേയും ഒരു ബസിലാണ് കയറ്റിയത്. പരസ്പരം കണ്ടത് തന്നെ പകുതി സമാധാനമായി. ഇനി അവരും കാണുമല്ലോ, എവിടേക്കാണെങ്കിലും.

അവിടെ ചെന്ന് ചെക്കിങ് ഒക്കെ കഴിഞ്ഞപ്പോൾ, നഴ്‌സ് ചേച്ചി ഡ്യൂട്ടി-ഫ്രീ ഷോപ്പിംഗ് തുടങ്ങി. ഞാൻ ആണെങ്കിൽ മനക്കണക്കും. എത്ര റിയാലാണ് ഇന്ത്യൻ രൂപ എന്നൊക്കെ ആലോചിച്ചു വന്നപ്പോഴേക്കും ഒന്നും വേണ്ട എന്ന തീരുമാനത്തിലെത്തി. നഴ്‌സ് ചേച്ചിയാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെർഫ്യൂം, മേക്കപ്പ് എന്ന ഗണത്തിൽ പെട്ട സകലതും വാങ്ങുന്നതും കണ്ട് ഞാൻ കൂടെ നടക്കുന്നു. ഇടക്കിടയ്ക്ക് എന്നോട് ചോദിക്കുന്നു “അത് വേണ്ടേ?” “ഇത് നല്ല ക്രീം ആണ് “. ഞാൻ “ഏയ്, എനിക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല” എന്ന ലുക്കിൽ ഉത്തരം കൊടുക്കുന്നു. ഈശ്വരാ, ഈ പെണ്ണുമ്പിള്ള അടിച്ചു പൊളിക്കും പോലെ എന്‍റെ പൈസ ചെലവാക്കിയാല്‍ ഞാൻ തെണ്ടി പോവും.

അവസാനം ബോര്‍ഡിങ് ഗേറ്റിന്റെ അടുത്തെത്തി ഇരുപ്പായി. എനിക്ക് കാപ്പി വല്ലതും കുടിക്കണം എന്നുണ്ട്. പക്ഷേ റിയാലിലാണ് ബാക്കി തരുന്നത്. അതൊക്കെ ഇനി വെറുതെയാവും.

വിമാനയാത്രയിലെ എന്റെ ‘സുരക്ഷാ മുൻകരുതലുകൾ’

എന്തായാലും പാസ്സ്പോര്‍ട്ടും ടിക്കറ്റും ഒക്കെ കാണിച്ചു അകത്തു കയറി. ഭാഗ്യം, ഇത്തവണയും വിൻഡോ സീറ്റ് തന്നെ. പക്ഷെ ഈ വിമാനം വലുതാണ്. കുറച്ചു കൂടി സൗകര്യങ്ങൾ ഒക്കെ ഉണ്ട്. ഏഴര മണിക്കൂർ ഇരിക്കാനുള്ളതല്ലേ. പക്ഷേ ഇത്തവണ ഞാൻ ചിലത് തീർച്ചപ്പെടുത്തിയിരുന്നു. ഒന്ന്, എയർലൈൻ ഭക്ഷണം ആരോഗ്യത്തിന് ഹാനികരം. രണ്ട്, എയർലൈൻ ടോയ്‌ലറ്റ് ആരോഗ്യത്തിന് അതിനെക്കാള്‍ ഹാനികരം. ഇത് വെച്ച് നോക്കുമ്പോൾ ഏഴര മണിക്കൂർ പട്ടിണി ആണ് നല്ലത്. അവസാനം ജ്യൂസ് ഒക്കെ കുടിച്ചു ജീവിക്കാം എന്ന തീരുമാനത്തിലായി ഞാൻ.

നഴ്‌സ് ചേച്ചി വേറെ ഏതോ സീറ്റിലാണ്. എന്റെ അടുത്ത് ഒരു വിദേശി. ഇത്തവണ എയർഹോസ്റ്റസ് ചേച്ചിയുടെ മൂകാഭിനയം കുറച്ചു കൂടി മനസ്സിലായി. അറബിക്- ഇംഗ്ലീഷ് അല്ല. കൂടാതെ പരസഹായമില്ലാതെ സീറ്റ് ബെൽറ്റ് കെട്ടാനും പഠിച്ചു. അങ്ങനെ വർധിത വീര്യത്തോടെയെങ്കിലും, ഏഴര മണിക്കൂർ ഈ കൂട്ടിൽ കിടന്നു സമനില തെറ്റുമോ എന്ന് ഉള്ളിൽ ഭയന്നും, ഞാൻ ഭർത്താവിന്റെ അടുത്തേക്ക് പറക്കാൻ തയ്യാറായി.

സിനിമ കാണാൻ അറിയാം, ജ്യൂസ്- കാപ്പി ഇതൊക്കെ ചോദിച്ചു വാങ്ങാൻ അറിയാം. സർവ്വോപരി ടോയ്‌ലറ്റ് തുറക്കാനും അടയ്ക്കാനും, കുറ്റിയിടാൻ മറക്കാതിരിക്കാനും അറിയാം. അങ്ങനെ ഞാൻ ഉറങ്ങിയും, ഉണർന്നും ചെറിയ തോതിൽ സ്ഥലകാലബോധമില്ലാതെ ഇരുന്നും, കിടന്നും (മുട്ട് മടക്കി സീറ്റിൽ വെച്ച് ), ഇംഗ്ലീഷ്, കൊറിയൻ സിനിമകൾ കണ്ടും ലൈറ്റ് ഒക്കെ ഓഫ് ചെയ്ത കാരണം പകലെന്നോ , രാത്രിയെന്നോ ഉള്ള ബോധം പോലും മാഞ്ഞ് ഇരുപ്പാണ് .

അങ്ങനെ ഇരിക്കെ ക്യാപ്റ്റന്റെ പാസഞ്ചർ അനൗൺസ്മെന്ര്. ഒരു മണിക്കൂറിനുള്ളിൽ ഡബ്ലിനിൽ എത്തും. അവിടെ കാലാവസ്ഥ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ (എനിക്ക് ഒന്നും തിരിയാത്ത ഇംഗ്ലീഷ് ആണ് ഇയാൾ പറയുന്നത്). അപ്പോഴേക്കും എയർഹോസ്റ്റസ് ചേച്ചി ഒരു സ്ലിപ് മടിയിൽ ഇട്ടിട്ടു പോയി. അത് ഫിൽ ചെയ്യണം. യൂറോപ്യൻ പാസ്പോർട്ട് ഇല്ലാത്തവരൊക്കെ അതിൽ എല്ലാ വിവരവും എഴുതി കൊടുക്കണം.

അപ്പോഴാണ് എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന് കരുതാത്ത ഒരു കാര്യം സംഭവിച്ചത്. എന്റെ പുറകിൽ ഇരുന്നത് ഒരു പാകിസ്ഥാൻ പൗരനാണ്. അയാൾക്ക്‌ ഉറുദു അല്ലാതെ ഒന്നും വശമില്ല. എന്റെ നിറം കണ്ടാവാം, അയാൾ എന്നെ തട്ടി വിളിച്ചു, പാസ്പോർട്ടും സ്ലിപ്പും നീട്ടിയിട്ട് ഒന്ന് എഴുതി കൊടുക്കാമോ എന്ന് ചോദിച്ചു. ഉറുദു, ഹിന്ദി പോലെയൊക്കെ മനസ്സിലാവും. ഞാൻ മറ്റൊന്നും ചിന്തിക്കാതെ ആ പച്ച പാസ്പോർട്ട് വാങ്ങി ആദ്യത്തെ പേജ് എടുത്തു. ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം ഇതൊന്നും തിരിച്ചറിയാൻ വയ്യ. അവസാനം എന്റെ പാസ്പോർട്ട് എടുത്തു അതിലെ ഫസ്റ്റ് നെയിം കാണിച്ചു, അയാളുടേത് ഏതെന്ന് കണ്ടു പിടിച്ചു . അങ്ങനെ ലാസ്റ്റ്‌ നെയിം, പാസ്പോർട്ട് നമ്പർ, രാജ്യം എല്ലാം. എന്നിട്ടു എഴുതി തിരിച്ചു കൊടുത്തപ്പോൾ അയാളുടെ മുഖത്ത് വിരിഞ്ഞ നന്ദിയുടെ ചിരി ഞാൻ മറക്കില്ല. വിധിയുടെ കളി. ഇന്ത്യയിൽ നിന്നും വിട്ടു ഞാൻ ആദ്യം സഹായിച്ചത് ഒരു പാകിസ്ഥാനിയെ. അതും ഓഗസ്റ്റ്‌ 15 ന് (അയര്‍ലൻഡില്‍ അന്നും ഓഗസ്റ്റ്‌ 15).

ഡബ്ലിനിലെ ലാൻഡിങ് എത്ര കഠിനം ആണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്. മൂടൽ മഞ്ഞ്, എയർ പോക്കറ്റ് എന്നറിയപ്പെടുന്ന ന്യൂനമർദ്ദ കുഴികൾ. ഓരോന്നിലും വിമാനം ‘പടോന്ന്’ വീഴുമ്പോൾ ആളുകളുടെ നിലവിളി കേൾക്കാം. അപ്പോൾ സീറ്റ് ബെൽറ്റ് ഇട്ടോളണം. അതിന്റെ പേര് എയർ പോക്കറ്റ് എന്നൊക്കെ ക്യാപ്റ്റൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. നമ്മൾ ഓണക്കാലത്തു പുത്തരിക്കണ്ടം മൈതാനത്തു പോകുമ്പോൾ, ജയന്റ് വീലിൽ കയറിട്ട് , അങ്ങ് മുകളിൽ എത്തിയിട്ട് ‘പടോന്നു’ താഴോട്ട് പോവുമ്പോൾ അടിവയറ്റിൽ നിന്ന് എന്തോ കാളൽ പോലെ തോന്നില്ലേ. അത് പോലെയാ ചില വലിയ എയർ പോക്കറ്റുകൾ . അപ്പോഴേക്കും വിമാനത്തിനുള്ളിലെ കുട്ടികളൊക്കെ കരഞ്ഞു തുടങ്ങി. പ്രഷർ വ്യതിയാനം കാരണം ചെവിയൊക്കെ കൊട്ടിയടച്ചു, കാലിൽ മന്ത് പിടിച്ച പോലെ നീര്. എനിക്ക് മതിയായി. അവസാനം വല്ലാത്തൊരു ഭയങ്കര കുലുക്കത്തോടെ റൺവേ തൊട്ടു. ആ കുടുക്കത്തിൽ നമ്മൾ സീറ്റിൽ നിന്ന് തെറിച്ചു പോവും. അപ്പോഴാണ് ഞാൻ സീറ്റ് ബെൽറ്റിന്റെ ഗുണം മനസ്സിലാക്കിയത്. സത്യം പറഞ്ഞാൽ അപ്പോൾ എനിക്ക് ഓർമ്മ വന്നത് നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസുകാരുടെ ഡ്രൈവിങ് ആണ്. അത് റോഡിൽ, ഇത് ആകാശത്തിൽ.

 

ക്യാബിൻ ഡോർ തുറന്നു നേരെ വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് നടന്നു കയറാം. ബാഗേജ് ഇന്ന ബെൽറ്റിൽ ആണെന്ന് എഴുതി കാണിക്കുന്നുണ്ട്. അത് ഇങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും. നമ്മുടേത് വരുന്നതും കാത്ത് ട്രോളിയുമായി നിന്നു. വീട്ടിൽ നിന്ന് പറഞ്ഞിരുന്നു, “നീ വലിച്ചു എടുക്കരുത്. അടുത്ത് നിൽക്കുന്ന ആളിന്റെ അടുത്ത് ചോദിച്ചാൽ മതി” എന്ന്. എന്തായാലും, രണ്ടു ബാഗും ഏതോ നല്ല മനുഷ്യർ (മലയാളികൾ അല്ല) എടുത്തു ട്രോളിയിൽ വെച്ച് തന്നു. ഇനിയാണ് ഇമിഗ്രേഷൻ കടമ്പ. ഈ ജന്മത്തിൽ ഞാനത് മറക്കില്ല.

EU (യൂറോപ്യൻ യൂണിയൻ ) പാസ്സ്‌പോർട്ടുകാർക്കും അല്ലാത്തവർക്കും അന്നും ഇന്നും വെവ്വേറെ ആണ് ക്യൂ. ഞാൻ പോയി സാധാരണക്കാരുടെ ക്യൂവിൽ നിന്നു. ആദ്യമായിട്ട് അല്ലാതെ അയർലണ്ടിൽ വരുന്നവരോടൊക്കെ അവർ ഗാർഡാ കാർഡ് (പോലീസ് ഐഡി കാർഡ് ) ചോദിക്കുന്നുണ്ട്. എനിക്ക് അതില്ല. അങ്ങനെ എന്റെ അവസരം എത്തി. അങ്ങേര് എന്നെ നോക്കി, പിന്നെ എന്റെ ശൂന്യമായ പാസ്പോർട്ട് പേജുകളിലും. ആകെയുള്ളത്, ഖത്തറിൽ നിന്നുള്ള ട്രാൻസിറ്റ് വിസ. ബാക്കി പേജ് എല്ലാം ബ്ലാങ്ക്. അങ്ങേര് എന്നോട് മാറി നിക്കാൻ പറഞ്ഞു.

വളരെ ആത്മവിശ്വാസത്തോടെ വന്ന എനിക്ക് അടി കിട്ടിയ പോലെ ആയി. ബാക്കി എല്ലാരും പുറത്തിറങ്ങി. ഞാൻ മാറി ഇരിക്കുകയാണ്. അവസാനം അയാൾ എന്നെ വിളിച്ചു ചോദ്യം ചെയ്യാൻ തുടങ്ങി. എന്തിനാണ് ഇവിടെ വന്നത് ? ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാണ് ഉദ്ദേശം? നിങ്ങളുടെ ഭർത്താവിന് ഇവിടെ എന്ത് ജോലിയാണ് ? നിങ്ങൾക്ക് ഇവിടെ ജോലി ചെയ്യാൻ ഉദ്ദേശം ഉണ്ടോ? നിങ്ങൾ ഇന്ത്യയിൽ നിന്ന് എന്തെങ്കിലും കടത്തി കൊണ്ട് വന്നിട്ടുണ്ടോ ?

ഒരു റൗണ്ട് കഴിഞ്ഞു. രണ്ട് മിനിറ്റ് റസ്റ്റ്. അടുത്ത റൗണ്ടിൽ ഇതേ ചോദ്യങ്ങൾ ആഖ്യയും, ആഖ്യാതവും തിരിച്ചിട്ടു ചോദിക്കും. അടുത്ത റൗണ്ടും കഴിഞ്ഞു. അപ്പോഴേയ്ക്കും സത്യത്തിൽ എനിക്ക്, എന്നെ തന്നെ സംശയമായി. എന്തിനാണ് ഞാൻ ഇവിടെ വന്നത് ? എന്താണ് ഇവിടെ എന്റെ ഉദ്ദേശം ? എന്റെ ഭർത്താവിന്റെ ജോലി യഥാർഥത്തിൽ ജോലി ആണോ ? ഞാൻ താമസിക്കാൻ പോകുന്നത് എവിടെയാണ്. ചുരുക്കത്തിൽ ഞാൻ ആരാണ് ….

അവർ ഒരു ക്യാമറയിൽ നോക്കാൻ പറഞ്ഞു. ചോദ്യോത്തരം കഴിഞ്ഞു വട്ടായി നിൽക്കുന്ന എന്റെ ഫോട്ടോ എടുത്തു. ഇതിനിടയില്‍ ഞാന്‍ മുടിയൊക്കെ പിച്ചി പറിച്ചു എടുത്തിരുന്നു. എന്നിട്ടു പറഞ്ഞു 15 ദിവസത്തിനുള്ളിൽ അത്‌ലോണിലെ ഗാർഡ (പോലീസ് ) സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം എന്നും പാസ്സ്പോർട്ടിൽ ചുവന്ന മഷിയിൽ എഴുതി വെച്ചു. എന്നോട് പുറത്തേക്കു പോകാൻ പറഞ്ഞു.

45 മിനിറ്റിലെ ചോദ്യോത്തരം കൊണ്ട്, ഞാന്‍ ഒരു ‘ഭീകര’ യാണോ എനിക്ക് തന്നെ ഇതിനകം തോന്നി തുടങ്ങിയിരുന്നു. ബോര്‍ഡ്‌ വായിച്ചു വെളിയിലേക്കെത്തിയ എന്നെ സ്വബോധത്തില്‍ എത്തിച്ചത് ഐസ് പോലത്തെ കാറ്റായിരുന്നു. അവിടെ ഞാന്‍ നിന്നു. ആരെയും കാണുന്നില്ല. ആരെയും തിരിച്ചറിയുന്നില്ല. എല്ലാരും ഒരു പോലെ വെളുത്തിരിക്കുന്നു. ഞാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മരവിച്ചിരുന്നു.

പെട്ടെന്ന് എന്‍റെ ഭര്‍ത്താവ് എവിടെന്നോ ഓടി വന്നു, ഒരു പിങ്ക് ജാക്കറ്റ് കൊണ്ട് എന്നെ പൊതിഞ്ഞു. ആ തണുത്ത ഐസ് കാറ്റുകൊണ്ടു നിന്നാല്‍ ഞാന്‍ ഒരു പക്ഷേ മരവിച്ചു പോയേനെ. പതിന്നാലു വര്‍ഷത്തിനു ശേഷം ഇന്നും ഞാന്‍ ആ ജാക്കറ്റ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ജാക്കറ്റ് ഇട്ട ശേഷം, ഭര്‍ത്താവ് കാത്തു നിന്ന ടാക്സിയില്‍ കേറ്റി. ഇനി കാറില്‍ 200 കിലോമീറ്റർ. കാറിന്‍റെ അകത്തെ ഹീറ്റ് കൂട്ടിയിട്ടും എനിക്ക് തണുപ്പ് താങ്ങുന്നില്ല.

പിന്നെ സിറ്റിയുടെ അതിരുകള്‍ വിട്ടപ്പോഴാണ്, “ഈ രാജ്യത്തു മനുഷ്യരില്ലേ?” എന്ന് എനിക്ക് തോന്നിയത്. കേരളത്തിലെ തിക്കും തിരക്കും ബഹളവും മാത്രം കണ്ട എനിക്ക്, ഏക്കറു കണക്കിന് പുല്ലു മാത്രം കിടക്കുന്ന ഭൂമിയും, മേയുന്ന പശുക്കളും, ചെമ്മരിയാടുകളും, തണുക്കാതിരിക്കാന്‍ പുറത്തു കോട്ടിട്ട കുതിരകളും ധാരാളം കണ്ടപ്പോൾ ഞാന്‍ അറിയാതെ ചോദിച്ചു പോയി “ ഈസ്‌ ദിസ്‌ എ ഡെഡ് കൺഡ്രി?” അത് കേട്ട കാബി പറഞ്ഞു “ദാറ്റ്‌ ഈസ്‌ ബികാസ്, യു ആര്‍ ന്യൂ ഹിയര്‍.”

അതില്‍ പിന്നെ ഞാന്‍ ആ “ഡെഡ് കൺഡ്രി”യെ ഒരുപാട് സ്നേഹിച്ചു. എന്‍റെ മക്കള്‍ ഇവിടെ വളര്‍ന്നു. ഞങ്ങളുടെ വീട് ഇവിടെ. ഞങ്ങളുടെ ജോലി ഇവിടെ. ഇവിടത്തെ ഇലകള്‍ക്ക് അഞ്ചു തരത്തിലുള്ള പച്ച നിറം ഉണ്ടെന്നു പറയാറുണ്ട്. എല്ലാ കാലത്തും ചന്നം പിന്നം പെയ്യുന്ന മഴയാണ് അയര്‍ലണ്ടിന്റെ സൗന്ദര്യ രഹസ്യം. ഇപ്പോള്‍ ഇവിടെ ഓട്ടം(autumn) സീസണ്‍ ആണ്. ഇലകൾ ഓറഞ്ചും, മഞ്ഞയും, തവിട്ടും നിറത്തിലായി, പിന്നെ കൊഴിഞ്ഞു ക്രിസ്‌ത്‌മസ്സിലെ മഞ്ഞിനെ എതിരേൽക്കാൻ നിൽക്കുന്നു .

പിൻചിന്ത

2005 ജൂലൈ ഏഴിലെ ലണ്ടൻ ബോംബിങ്ങിന്റെ മുറിവുണങ്ങും മുമ്പ് ആണ്, ഓഗസ്റ്റ് 15 ന് ഞാൻ അയർലൻഡിൽ, ഒരു ബ്ലാങ്ക് ഇന്ത്യൻ പാസ്സ്പോർട്ടുമായി ചെന്നിറങ്ങുന്നത്. അപ്പോൾ ബ്രൗൺ നിറമുള്ള എന്നെ അവർ “തീവ്രവാദി ” എന്ന് സംശയിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

ഞാൻ വിദേശത്തേക്ക് പോകും എന്ന് ആരും തന്നെ കരുതിയിരുന്നില്ല. ഞാൻ പോലും. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. തിരുവനന്തപുരത്ത്, അതും സിറ്റിയിൽ, അച്ഛന്റെ കണ്ണെത്തും ദൂരത്തു എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ വേണ്ടി ആഗ്രഹിച്ച അച്ഛൻ. ഇപ്പോൾ, ഏഷ്യൻ ഭൂഖണ്ഡത്തിൽ പോലും അല്ലാത്ത എന്നെ രണ്ടു വർഷം കൂടുമ്പോൾ, 25 ദിവസം കണ്ട് തൃപ്‌തിപ്പെടുന്നു.

ഇന്നിപ്പോ, വരുന്ന 2018 ജനുവരിയിൽ ഞങ്ങളുടെ പതിനാലാം വിവാഹ വാർഷികമെത്തുമ്പോൾ ഈ തണുത്ത മരതക ദ്വീപിനെ (അയർലണ്ടിനെ എമറാൾഡ് ഐൽ (Emerald Isle) എന്ന് ആദ്യം വിളിച്ചത് William Drennan എന്ന ഐറിഷ് കവിയാണ് ), ഞങ്ങൾ, ഞങ്ങളുടെ മക്കളോടൊപ്പം ഹൃദയത്തോട് ചേർത്ത് വെച്ച് കഴിഞ്ഞു.

 

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ലേഖിക 2005 മുതൽ കുടുംബത്തോടൊപ്പം അയർലൻഡിൽ സ്ഥിര താമസം

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: First flying experience thiruvananthapuram doha dublin

Next Story
നന്മയുടെ നിലാത്തുണ്ട്sabeena m sali, arab, memories
The moderation of comments is automated and not cleared manually by malayalam.indianexpress.com