സിനിമ ചെയ്യാൻ തീവ്രമായി ആഗ്രഹിക്കുകയും ,അതിന്റെ കോട്ടയിലേക്ക് പ്രവേശിക്കാനാവാതെ പുറന്തള്ളപ്പെടുന്ന ഒരുപാടുപേരുണ്ടാകും. ഈ സ്വപ്നങ്ങളെയെല്ലാം വിഴുങ്ങുന്ന വില്ലൻ പ്രധാനമായും പണമാണ്. വിപണി താല്പര്യങ്ങൾക്കനുസരിച്ച് സിനിമ ചെയ്യാൻ തയ്യാറാകാത്തവരെ സംബന്ധിച്ച് സിനിമയ്ക്കാവശ്യമായ പണം സ്വരൂപിക്കുക എന്നത് അത്ര എളുപ്പമല്ല. പലപ്പോഴും കലാമൂല്യമുള്ള സിനിമയൊരുക്കാൻ പ്രയത്നിക്കുന്നവരാകട്ടെ അതിനു കഴിയാതെ നിസ്സഹായരാകുന്നത് നാം തുടരെ കാണുന്നുണ്ട്. ഇതിനൊരു പരിഹാരം തേടിയലയാത്ത കലാകാരന്മാരില്ല. സിനിമയുടെ ആ പറുദീസ ഈ ജന്മം തങ്ങൾക്ക് കണ്ടെത്താനാകില്ലെന്ന് കരുതിയവർക്ക് മുന്നിലൊരു വഴി തുറക്കുകയാണിന്ന്. നിങ്ങളുടെ കൈവശം സിനിമയുണ്ടെങ്കിൽ ജനങ്ങളൊപ്പമുണ്ട്. ജനങ്ങളിൽ നിന്നും ഉരുവംകൊണ്ട സിനിമയുടെ ചരിത്രം കേരളത്തിന് പുതുമയല്ല. ദശകങ്ങൾക്ക് മുമ്പ് കേരളം അതിന് വഴികാട്ടി. ജനങ്ങളാൽ നിർമ്മിച്ച ചലചിത്രം കൊണ്ട് മൂലധന താല്പര്യങ്ങളെ അവഗണിക്കാനുളള കരുത്ത് നേടിയ ചരിത്രം. ആ ചരിത്രം കുറേക്കൂടി വികസിക്കുകയും പ്രായോഗിമാക്കപ്പെടുകയുമാണിപ്പോൾ.
എൺപതുകളിൽ ജനകീയ പങ്കാളിത്തത്തോടെ സിനിമ നിർമ്മിക്കാൻ കഴിയുമെന്ന മാതൃക അവതരിപ്പിച്ച ജോൺ എബ്രഹാമും ഒഡേസയും ഈ ഒരു ദിശയിൽ വിപ്ളവകരമായ മുന്നേറ്റമാണ് നടത്തിയത്. ആ പാതയിൽ തന്നെ ഒരു ചുവട് കൂടെ മുന്നോട്ട് പോകാനാണ് ഫിലിമോക്രസി ഫൗണ്ടേഷൻ ശ്രമിക്കുന്നത്. ജനങ്ങളിൽ നിന്നും സ്വരൂപിച്ച മൂലധനം കൊണ്ട് സിനിമ നിർമ്മിക്കുക എന്നതായിരുന്നു അന്ന് ഒഡേസ ചെയ്തത്. അതിന്റെ ഒരു പരിമിതി, പിന്നെയുമൊരു സിനിമ ചെയ്യണമെങ്കിൽ വീണ്ടും ജനങ്ങളിലേക്ക് അതേ ആവശ്യവുമായി പണത്തിനായി പോകണം എന്നതാണ്.
ഫിലിമോക്രസി മുന്നോട്ടുവെക്കുന്ന മാതൃക, പഴയതിൽ നിന്നും ഭിന്നമാണ്. അതാകട്ടെ, ജനങ്ങളിൽ നിന്നും സിനിമാ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ സംഭാവനയായി സമാഹരിച്ച്, മുഖ്യധാരയ്ക്ക് പുറത്ത്, കലാമൂല്യമുള്ള സ്വതന്ത്ര സിനിമകളുടെ നിർമ്മാണത്തിന് ലഭ്യമാക്കുക എന്ന ദൗത്യമാണ്. സിനിമ നിർമ്മിക്കാൻ ആവശ്യമായ മൂലധനം കൊണ്ടുതന്നെ സിനിമാ നിർമ്മാണത്തിന് വേണ്ട സാമഗ്രികൾ മിക്കവാറും സ്വരൂപിക്കാൻ കഴിയും. ഈ സംവിധാനം ഉപയോഗിച്ച് നിരവധി സിനിമകൾ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.സംഘടന എന്ന നിലയിൽ മാത്രമല്ല, സാമൂഹിക പരീക്ഷണം കൂടെയായിട്ടാണ് ഫിലിമോക്രസി ഇടപെടൽ നടത്തുന്നതെന്ന് അതിന് പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

ഇങ്ങിനെ ക്യാമറയും ലൈറ്റുകളുമടക്കം ഒരു സിനിമാ നിർമ്മാണത്തിന് ആവശ്യമായതെല്ലാം ജനങ്ങളിൽ നിന്നും സംഭാവനയായി സമാഹരിച്ച് അവ തിരഞ്ഞെടുക്കപ്പെട്ട നല്ല സ്വതന്ത്ര സിനിമകൾക്ക് സൗജന്യമായി നൽകുന്ന, ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ് ഫിലിമോക്രസി ഫൗണ്ടേഷൻ. സംവിധായകരും എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും നടീനടന്മാരും അടങ്ങുന്ന നൂറിലേറെ സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിൽ. കലാമൂല്യമുള്ളതോ, ശക്തമായ ഉള്ളടക്കമുളളതോ അല്ലെങ്കിൽ പരീക്ഷണാത്മകമായതോ ആയ സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫിലിമോക്രസിയുടെ പ്രാഥമിക ധർമ്മം. ഇത്തരം സിനിമകൾക്ക് പ്രൊഡക്ഷൻ സപ്പോർട്ട് നൽകുന്നതിലൂടെ, സിനിമകളുടെ നിർമ്മാണത്തിൽ വലിയൊരു പ്രതിസന്ധിയായ സാമ്പത്തിക ബാധ്യത കുറച്ചു കൊണ്ടുവരാനും, സ്വതന്ത്ര സിനിമാ പ്രവർത്തകരെ ശാക്തീകരിക്കാനും ഒപ്പം സിനിമയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് കൂടുതൽ പ്രാപ്യമാക്കാനും ഉള്ള ശ്രമമായി മാറുന്നു.
“ഫിലിമോക്രസി” മലയാള സിനിമാരംഗത്ത് വിപ്ലവകരമായ പ്രവർത്തനമാണ് ചെറിയ കാലയളവിനുളളിൽ നടത്തിയതെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ലെന്ന് നിരവധി ദേശീയ പുരസ്ക്കാരങ്ങൾ നേടിയ എഡിറ്ററും സംവിധായകനുമായ ബി. അജിത് കുമാർ അഭിപ്രായപ്പെട്ടു. ഡിജിറ്റലായെങ്കിലും സിനിമ ഡെമോക്രാറ്റ് ആയിരുന്നില്ല. ഫിലിമോക്രസി സിനിമയെ ശരിക്കും ജനാധിപത്യവത്ക്കരിക്കുകയാണ് ചെയ്യുന്നത്. അക്കാര്യത്തിൽ അവർ വിപ്ലവകരമായ മാറ്റമാണ് ചെറിയൊരു കാലയളവിനുളളിൽ സൃഷ്ടിച്ചത്. സ്റ്റാർഡം അല്ല സിനിമയാണ് ഫിലിമോക്രസി സാധ്യമാക്കുന്നത്. സിനിമ ആര് ചെയ്യുന്നു എന്നത് അവരുടെ പ്രശ്നമേയല്ല. സിനിമ ചെയ്യാൻ താൽപര്യപൂർവ്വം വരുന്നയാൾ ആരായാലും ആളിന്രെ ചരിത്രമല്ല അവിടെ പരിഗണന മറിച്ച് അദ്ദേഹം കൊണ്ടുവരുന്ന ഉളളടക്കം എന്താണ് എന്നതാണ്. അത് റൊട്ടേറ്റ് ചെ്യതു വരുന്ന ഒരു ടീം ജനാധിപത്യപരമായി പരിശോധിച്ച് അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് പിന്തുണയ്ക്കുകയാണ്. ക്യാമറ എടുത്ത് വെറുതെ കൊടുത്ത് വിടുകയല്ല, അതിനുളള സാങ്കേതികജ്ഞാനം കൂടെ ക്യാമറ ടീമിന് അവർ നൽകുന്നു. നിങ്ങളുടെ പാരമ്പര്യമല്ല, മറിച്ച് നിങ്ങൾ പറയുന്ന കാര്യത്തിനാണ് ഫിലിമോക്രസിയിൽ വില, ഫിലിം ഇൻഡസ്ട്രിയിൽ ഗോഡ് ഫാദറും താരത്തിന്രെ ഡേറ്റും അത്യാവശ്യമാണ്. എന്നാൽ ഇവിടെ ഇതൊന്നും ആവശ്യമില്ല, അതുതന്നെ സ്വതന്ത്രമായി സിനിമാ ചെയ്യാൻ ഒരാൾക്കുളള ഏറ്റവും വലിയ പിന്തുണയായി മാറുന്നു.”ഈട” എന്ന തന്രെ പുതിയ സിനിമയുടെ അവസാനവട്ട തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി അജിത് ഫിലിമോക്രസിയുടെ പ്രവർത്തനങ്ങളെ കുറിച്ച തന്രെ കാഴ്ചപ്പാട് വ്യക്തമാക്കി.
“ഒഡേസയൊക്കെ തുടങ്ങിയ സ്ഥലത്ത് നിന്നും വളരെ ദൂരം മുന്നോട്ട് പോകാൻ ഫിലിമോക്രസിക്ക് ചെറിയൊരു കാലയളവ് കൊണ്ട് സാധിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെയും കമ്മ്യൂണിക്കേഷന്രെയും ഒക്കെ വളർച്ച അതിനൊരുഘടകമാണ്. അതെല്ലാം ഉപയോഗിച്ച് സിനിമാരംഗത്തെ അവർ ജനാധിപത്യവത്ക്കരിക്കുകയാണ്. ലാഭാധിഷ്ഠിതമല്ലാതെ പ്രവർത്തിക്കുമ്പോഴും വളരെ പ്രൊഫഷണലായാണ് ഫിലിമോക്രസിയുടെ സമീപനം. വ്യക്തികളുടെ മഹിമയ്ക്കപ്പുറം ആശയങ്ങളുടെയും കാഴ്ചകളുടെയും ആഴവും പരപ്പുമാണ് ഫിലിമോക്രസി പരിഗണിക്കുന്നത് എന്നത് നല്ല കാര്യമാണ് “അജിത് കുമാർ പറഞ്ഞു.
ക്യാമറ, ലൈറ്റുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയിൽ വിപ്ളവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ നാലഞ്ചു വർഷങ്ങളിൽ ഉണ്ടായത്. ഈ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, സ്മാർട്ട് ആയ ഒരു ഉപകരണ ശ്രേണി രൂപപ്പെടുത്തിയെടുക്കാനും ഫിലിമോക്രസി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചെറിയ ചിലവിൽ സാങ്കേതിക മികവോടെ തന്നെ സിനിമകൾ നിർമ്മിക്കാൻ ഇതിനാലാകുന്നു. നിരന്തരം വാണിജ്യ താല്പര്യങ്ങൾക്കു മുന്നിൽ അടിയറവു പറയുന്ന സിനിമയെ അതിന്റെ യഥാർത്ഥ പാതയിലേക്ക് വഴിനടത്തുകയാണ് ഫിലിമോക്രസി ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച ഒരു കൊച്ചു ഷൂട്ടിങ് ക്രൂവിനെയും തയ്യാറാക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഇത് നിർമ്മാണ ചെലവുകൾ കുറക്കുന്നു എന്നു മാത്രമല്ല; ടീമിന്റെ സർഗാത്മകതയെ കൂടുതൽ ശ്രദ്ധയും മൂർച്ചയുളളതുമാക്കുന്നു. ഇത് രണ്ടും ചേരുമ്പോൾ സാങ്കേതികവും ക്രിയാത്മകവുമായ വശങ്ങൾക്ക് വലിയ കോട്ടമില്ലാതെ തന്നെ സ്വതന്ത്ര സിനിമയുടെ നിർമ്മാണ ചെലവ്, നിലവിലുള്ള ഭീമമായ ബജറ്റിന്റെ ചെറിയൊരു അംശമായി കുറയ്ക്കാൻ കഴിയുന്നു. മാത്രമല്ല, ഈ സംവിധാനം ഉപയോഗിച്ച് സിനിമ ചെയ്യുന്നവർ അവരുടെ വരുമാനത്തിന്റെ ചെറിയൊരു ഭാഗം ഫിലിമോക്രസിക്ക് തിരിച്ചു തരുന്നതിലൂടെ ഫിലിമോക്രസിക്ക് അതിന്റെ തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ മൂലധനം തുടർന്നും കണ്ടെത്താൻ കഴിയുകയും ചെയ്യുന്നു.

ഒരു വർഷമായി ഫിലിമോക്രസി പ്രവർത്തനം ആരംഭിച്ചിട്ട്. ഈ കാലയളവിനുളളിൽ അതിന്റെ ആദ്യ ഘട്ടത്തിനാവശ്യമായ മൂലധനത്തിന്റെ വലിയൊരു ഭാഗം ജനങ്ങളിൽ നിന്നും നിർമ്മാണ സാമഗ്രികളായും പണമായും സ്വരൂപിക്കാൻ കഴിഞ്ഞു. നിലവിലുള്ള ഈ സംവിധാനം ഉപയോഗിച്ച്, ഇതിനകം അഞ്ച് ഫീച്ചർ സിനിമകളും മൂന്ന് ഹ്രസ്വ സിനിമകളും ഫിലിമോക്രസിയുടെ പിന്തുണയോടെ ചെയ്തു കഴിഞ്ഞു.
അവൾക്കൊപ്പം (ഫീച്ചർ ഫിലിം) – സംവിധാനം: പ്രതാപ് ജോസഫ്,
വിത്ത് (ഫീച്ചർ ഫിലിം) – സംവിധാനം: ഡോൺ പാലത്തറ,
വിരാഗം (ഫീച്ചർ ഫിലിം) – സംവിധാനം: അൻസാർ ഷൈജു,
വാസന്തി (ഫീച്ചർ ഫിലിം) – സംവിധാനം: റഹ്മാൻ ബ്രദേഴ്സ് (under post production),
പിക്സേലിയ (ഫീച്ചർ ഫിലിം) – സംവിധാനം: രതീഷ് രവീന്ദ്രൻ (ongoing project),
അതീതം (ഷോർട്ട് ഫിലിം)- സംവിധാനം: പ്രവീൺ സുകുമാരൻ,
ടോൺഷർ (ഷോർട്ട് ഫിലിം)- സംവിധാനം: ശരത് ചന്ദ്ര ബോസ്(under post production),
റോസ ലിമ (ഷോർട്ട് ഫിലിം)- സംവിധാനം: ഡോ. പി കെ അനീഷ്(under post production) എന്നിവയാണവ.

ഈ സിനിമകളിൽ തന്നെ പ്രത്യേകം പരാമർശിക്കാവുന്ന ഒന്നാണ് ഡോൺ പാലത്തറയുടെ “വിത്ത്” എന്ന ഫീച്ചർ ഫിലീം. കേവലം ആറ് ലക്ഷം രൂപയിൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. പരമാവധി ഫിലിമോക്രസി ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുകയും അത്യാവശ്യം ചിലത് സുഹൃത്തുക്കളോട് കടം വാങ്ങുകയും, ലോക്കൽ സൗകര്യങ്ങൾ ഉപയോഗിച്ചും ഒക്കെയാണ് “വിത്ത്” ഷൂട്ട് ചെയ്തത്. സാധ്യമായതിൽ ഏറ്റവും ചെറിയ ക്രൂവിനെ വെച്ചാണ് ഷൂട്ട് മുഴുവനും ചെയ്തത്. മികച്ച പ്രി-പ്രൊഡക്ഷൻ പ്ളാനിങും ഉണ്ടായിരുന്നു. ഇതെല്ലാം ചേർന്ന് 15 ദിവസം പ്ളാൻ ചെയ്തിരുന്ന ഷൂട്ടിംഗ് 11 ദിവസം കൊണ്ട് തീർക്കാനും കഴിഞ്ഞു. നേരത്തെ എസ്റ്റിമേറ്റ് ചെയ്തിരുന്ന ബജറ്റിനുളളിൽ തന്നെ സിനിമ പൂർത്തിയാക്കി. ഇതെല്ലാം കൊണ്ടാണ് ഫിലിമോക്രസി ഈ പ്രൊജക്ടിനെ ഒരു അടിസ്ഥാന മാതൃക ആയി വെക്കുന്നത്. ഓരോ പ്രൊജക്ടിനും ആവശ്യമായ ഏറ്റക്കുറച്ചിലുകൾ ഇതിന്മേൽ ആവുകയും ചെയ്യാം. ലഭ്യമായതും പരിമിതവും ആയ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി സ്വതന്ത്ര സിനിമകൾ ചെയ്യുക എന്നതിലാണ് ഫിലിമോക്രസിയുടെ ഊന്നൽ. സാധ്യമായ ഏറ്റവും കുറഞ്ഞ ബജറ്റിൽ പ്രൊജക്ടുകൾ ചെയ്യാൻ കഴിയുമ്പോൾ മാത്രമാണ് ഇത്തരം സിനിമകൾ നിരന്തരമായി ചെയ്യാനും അങ്ങിനെ സ്വതന്ത്ര സിനിമയെ കൂടുതൽ അതിജീവനക്ഷമമാക്കാനും കഴിയുക.

“കേരളത്തില്‍ ഇപ്പോള്‍ ഒരുപാട് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടായി വരുന്നുണ്ട്. അവരുടെയൊക്കെ പ്രധാന വെല്ലുവിളി സാമ്പത്തികം തന്നെയാണ്. ആ അർത്ഥത്തിൽ ഫിലിമോക്രസിയുടെ ആവിര്‍ഭാവം ശരിയായ സമയത്ത് തന്നെയാണ് എന്നു പറയാം” സംവിധായകനായ ഡോൺ പാലത്തറ പറയുന്നു. “പ്രൊഡക്ഷന്‍ ചിലവുകള്‍ കാര്യമായി തന്നെ കുറച്ചുകൊണ്ടുവരാന്‍ ഫിലിമോക്രസിയുടെ പിന്തുണ മൂലം എനിക്ക് കഴിഞ്ഞു. ഫിലിമോക്രസി എന്നെ സഹായിച്ച മറ്റൊരു മേഖല ചില ക്രൂ അംഗങ്ങളെ കണ്ടെത്താനും കൂടിയാണ്. കൂടുതല്‍ പേര്‍ ഈ മുന്നേറ്റത്തില്‍ പങ്കുചേരുകയും കൂടുതല്‍ ഉപകരണങ്ങള്‍ സമാഹരിക്കുകയും ചെയ്യുന്നതോടെ സ്വതന്ത്ര സിനിമയുടെ ഒരു സുവര്‍ണ്ണ കാലഘട്ടം തന്നെ കേരളത്തില്‍ രൂപപ്പെടുത്താന്‍ ഫിലിമോക്രസിക്ക് സാധ്യമാവും.” എന്ന് ഡോൺ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കി.
നിർമ്മാണ സഹായങ്ങൾക്കുപരിയായി സിനിമയുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവും ആയ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരാനായി വർക് ഷോപ്പുകൾ, സെമിനാറുകൾ, ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയും ഫിലിമോക്രസിയുടെ ഭാഗമായി നടത്തുന്നുണ്ട്. ടെക്നിക്കൽ/ ആർട്ടിസ്റ്റിക് സഹകരണത്തിന് സൗകര്യങ്ങളൊരുക്കുക എന്ന വളരെ പ്രധാനപ്പെട്ട കാര്യവും ഫൗണ്ടേഷൻ ചെയ്യുന്നുണ്ട്. സ്വതന്ത്ര സിനിമാ പ്രവർത്തനങ്ങൾക്ക് അവശൃമായ ചാലക ശക്തിയായി രൂപപ്പെടുന്നത് ഇത്തരം സഹകരണമാണ്.
“മെയിൻ സ്ട്രീം ഫിലിമിന്റെ ആർഭാടങ്ങളെ പാടെ ഒഴുവാക്കാനും, മറ്റൊരു ഫിലിം കൾച്ചറിന് തുടക്കം കുറിക്കാനും ഫിലിമോക്രസിക്ക് കഴിയുന്നുണ്ട്” എന്ന് സംവിധായകനായ പ്രവീൺ സുകുമാരൻ അഭിപ്രായപ്പെട്ടു. ഫിലിമോക്രസി വഴി ചെയ്ത ആദ്യ ഷോർട്ട് ഫിലിമായ “അതീതം” എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രവീൺ. “സുഹൃത്തുക്കൾ വഴിയാണ് ഫിലിമോക്രസിയെ കുറിച്ചറിയുന്നതും അവരുമായി ബന്ധപെടുന്നതും. സത്യത്തിൽ ഫിലിമോക്രസി വളരെ സഹായകരമാണ്. വളരെ ചെറിയ ക്രൂ ഉപയോഗിച്ച്, കുറഞ്ഞ ചെലവിൽ സിനിമയൊരുക്കാൻ അത് സഹായിക്കുന്നു .ഞാൻ ‘അതീതം’ ചെയ്യുന്ന സമയത്ത് ഫിലിമോക്രസി അതിന്റെ ശൈശവാവസ്ഥയിലായിരുന്നു. ഇന്ന് ഫിലിമോക്രസി ആ അവസ്ഥയിൽ നിന്നും വളർന്നിരിക്കുന്നു. തീർച്ചയായും നല്ലൊരു മാറ്റം കൊണ്ടുവരാൻ ഫിലിമോക്രസികാകുമെന്ന് കരുതുന്നു. ” പ്രവീൺ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു.

ഫിലിമോക്രസി അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ സ്വതന്ത്ര സിനിമാ പ്രവർത്തനങ്ങളിൽ വിപ്ളവകരമായ മാറ്റങ്ങൾ തന്നെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ള നിർമ്മാണ സംവിധാനങ്ങളുടെ വിപുലീകരണമാണ് മുഖ്യമായും ആലോചിക്കുന്നത്. അതിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെ ഒരു സിനിമ നിർമ്മിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് പദ്ധതിയിടുന്നത്. തത്ഫലമായി സാങ്കേതികമായ എല്ലാ സൗകര്യങ്ങളോടും കൂടി ചുരുങ്ങിയ ചെലവിൽ സ്വതന്ത്ര സിനിമകൾ ചെയ്യാൻ സാധ്യമാവും. മാത്രമല്ല, ഫൗണ്ടേഷന്റെ സഹായത്തോടെ നിർമ്മിക്കപ്പെടുന്ന സിനിമകളുടെ പ്രൊമോഷനും മാർക്കറ്റിങ്ങും പ്രൊഫഷണൽ ആയിത്തന്നെ ചെയ്യാനും പദ്ധതിയുണ്ട്.
” മലയാളം ഫിലിം ഇൻഡസ്ട്രിയിലെ തന്നെ ഒരു മികച്ച ചുവട് വെയ്പാണിത്” എന്ന് സംവിധായകനായ പ്രതാപ് ജോസഫ് ഫിലിമോക്രസിയെ കുറിച്ച് അഭിപ്രായപ്പെട്ടത്. “സിനിമ സ്വപ്നം കണ്ടു നടക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെയെല്ലാം മുന്നിലെ പ്രതിസന്ധി എന്നത് ഒരു പ്രൊഡ്യൂസറെ കിട്ടുന്നില്ല എന്നതാണ് .എന്നാൽ സിനിമയ്ക്കാവശ്യമായ ഉപകരണങ്ങൾ നൽകി കൊണ്ട് ചെറിയ ബജറ്റിൽ സിനിമകളൊരുക്കാൻ ഫിലിമോക്രസി ശ്രമിക്കുമ്പോൾ സിനിമയുടെ കൾച്ചർ തന്നെ മാറുകയാണ്. മൂന്ന് ലക്ഷം രൂപയ്ക്ക് താഴെയാണ് എന്റെ സിനിമകളുടെ ബജറ്റ്. ‘അവൾക്കൊപ്പം’ ഞാൻ ഫിലിമോക്രസിയുമായി സഹകരിച്ച് ചെയ്ത സിനിമയാണ്. അതു കൊണ്ടുതന്നെ സിനിമയുടെ ബജറ്റ് നിയന്ത്രിക്കാനായി. ഫിലിമോക്രസി ഇപ്പോൾ കുറേ കൂടി മുന്നോട്ട് പോയിട്ടുണ്ട്, ഇനിയും മുന്നേറേണ്ടതുണ്ട്. സമാന്തരസിനിമകളുടെ തിയേറ്റർ റിലീസുകൾക്കു വേണ്ടിയും, ഫിലിം ഫെസ്റ്റുകൾ സംഘടിപ്പിച്ചും സിനിമയെ ജനകീയമാക്കേണ്ടതുണ്ട്,” അദ്ദേഹം പറയുന്നു.

“എല്ലാ സിനിമകളും ഉണ്ടാകണമെന്ന് ഞാൻ കരുതുന്നില്ല. അനിവാര്യമായവ ഉണ്ടായാൽ മതി. ഒരു പക്ഷെ, ഇക്കാര്യത്തിൽ ഫിലിമോക്രസിയുടെ തീരുമാനത്തിലും കൃത്യത ഉണ്ട്. ഇത് സിനിമയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുകയേയുള്ളൂ. പുതിയ സംവിധായകർ സിനിമയുടെ വർക്കുമായി ബന്ധപ്പെടുന്ന സമയത്ത് സ്ക്രിപ്റ്റ് ഡിസ്കഷനും, സ്ക്രിപ്റ്റ് ഡെവലപ്മെന്റുമടക്കം സിനിമയുടെ സമസ്ത മേഖലയിലും ഫിലിമോക്രസിക്ക് ഇടപ്പെടാവുന്നതാണ്. സിനിമയുടെ വിതരണമടക്കമുള്ള കാര്യങ്ങൾ പിലിമോക്രസി ഏറ്റെടുക്കുകയാണെങ്കിൽ അത്തരം കാര്യങ്ങളിൽ നിന്ന് സംവിധായകർ ഫ്രീ ആവും,” പ്രതാപ് ജോസഫ് ഫിലിമോക്രസിയെ കുറിച്ചുളള തന്റെ അനുഭവവും, അത് എങ്ങനെ കൂടുതൽ മുന്നോട്ട് പോകണമെന്നുമുളള കാഴ്ചപ്പാടും പങ്കുവച്ചു.

ഫിലിമോക്രസിയുടെ പ്രൊഡക്ഷൻ സപ്പോർട്ടിനായി സംവിധായകനോ നിർമ്മാതാവിനോ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുക. ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, ഡോക്യുമെന്ററി എന്നിങ്ങനെ എല്ലാ മേഖലകളിലും ഉള്ള പ്രൊജക്ടുകൾ സ്വീകരിക്കുന്നതാണ്. ഓരോ പ്രൊജക്ടിൻറെയും ഉള്ളടക്കം, ക്രിയേറ്റീവിറ്റി, പരീക്ഷണാത്മകത എന്നിവയെ അടിസ്ഥാനമാക്കി, പ്രഗൽഭരായ അഞ്ചു പേരടങ്ങുന്ന ഒരു പാനലാണ് പ്രൊജക്ടുകൾ തിരഞ്ഞെടുക്കുന്നത്.
ഇനി സിനിമ എന്നത് വിദൂര സ്വപ്നം മാത്രമല്ലെന്ന് ഓർക്കുക. വിപണിയുടെ താല്പര്യങ്ങൾക്കുവണ്ടി ചലിക്കേണ്ടി വരില്ലെന്ന ആശ്വാസത്തോടെ ഗൗരവമായി ഈ മാധ്യമത്തെ സമീപിക്കുന്നവർക്ക് ഇനി കടന്നുവരാം.