scorecardresearch
Latest News

ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വ്വചിച്ച അരാജകവാദി

ബംഗാളിന്‍റെ ഭാവുകത്വത്തിനെ ബംഗാളിനപ്പുറത്തേക്ക് പറിച്ചു നട്ട്, കാലത്തോടും വ്യവസ്തയോടും കലഹിച്ച് ഇന്ത്യന്‍ സിനിമയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മൃണാള്‍ സെന്നിന് ഇന്ന് 95 വയസ്സ്, ‘മൃണാള്‍ ദാ’യുടെ കലയും സ്നേഹവും, സുഹൃത്തുത്തുക്കളുടെ, സഹപ്രവര്‍ത്തകരുടെ, കുടുംബാംഗങ്ങളുടെ വാക്കുകളിലൂടെ

mrinal sen, mrinal sen passes away, mrinal sen dead, മൃണാള്‍ സെന്‍, മൃണാള്‍ സെന്‍ അന്തരിച്ചു, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, Mrinal Sen, Mrinal Sen dead, Mrinal Sen death, Mrinal Sen dies, Mrinal Sen passes away, Mrinal Sen age, Mrinal Sen films, Mrinal Sen movies" />

ഒരിക്കലും തിരക്കൊഴിയാത്ത ഒരിടമായിരുന്നു എഴുപതുകളിലേയും എണ്‍പതുകളിലേയും മൃണാള്‍ സെന്നിന്‍റെ വീട്. സൗത്ത് കൊല്‍ക്കത്തയിലെ ആ അപാര്‍ട്ട്‌മെന്റിലേക്ക് എത്തിയിരുന്ന ആളുകള്‍ മാറിക്കൊണ്ടിരുന്നു എന്നതൊഴിച്ചാല്‍ രാവും പകലും അവിടെ ഒരു പോലെ തിരക്കിലാണ്ടു. സിനിമാ ചിത്രീകരണ സമയത്താണെങ്കില്‍ സഹപ്രവര്‍ത്തകരും അല്ലാത്ത സമയങ്ങളില്‍ കുടുംബാംഗങ്ങളും അവിടെ മൃണാള്‍സെന്നിനൊപ്പം കൂടി.

ദിനചര്യയിങ്ങനെ മാറി മറിഞ്ഞ് പോന്നിരുന്നുവെങ്കിലും വൈകുന്നേരങ്ങള്‍ എല്ലായ്‌പ്പോഴും സുഹൃത്തുക്കള്‍ക്ക് മാത്രമായി നീക്കിവയ്ക്കാന്‍ മൃണാള്‍ സെന്‍ ശ്രദ്ധിച്ചിരുന്നു. കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ സ്‌നേഹികളും, രാഷ്ട്രീയക്കാരും എന്നു തുടങ്ങി വിദ്യാഭ്യാസ വിചക്ഷണരും വിദ്യാര്‍ത്ഥികളും പഴയ സുഹൃത്തുകളുമെന്നിങ്ങനെ വിശാലമായ സൗഹൃദവലയം ഓരോ വൈകുന്നേരങ്ങളിലും ‘മൃണാള്‍ദാ’ എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന മൃണാള്‍ സെന്നിനെ തേടി എത്തിയിരുന്നു.

അച്ഛനൊരു തികഞ്ഞ സംസാരപ്രിയനായിരുന്നുവെന്ന് അറുപത്തിനാല്കാരനായ അദ്ദേഹത്തിന്‍റെ മകന്‍ കുനാല്‍ സെന്‍ പറയുന്നു.

“രസകരമായ ഒരുപിടി നുറുങ്ങുകള്‍ ഓരോ വിശേഷാവസരങ്ങളിലേക്കും അച്ഛനെപ്പോഴും കരുതി വച്ചിട്ടുണ്ടാകും. അദ്ദേഹത്തിന്‍റെ നര്‍മ്മ സംഭാഷണത്തിനും ഊര്‍ജ്ജസ്വലതയ്ക്കുമൊപ്പം വൈവിധ്യമാര്‍ന്ന സൗഹൃദവലയവും അണമുറിയാതെ ഗ്ലാസുകളിലേക്ക് പകരപ്പെടുന്ന ചായയും കൂടിയാവുമ്പോള്‍ വൈകുന്നേരക്കൂട്ടായ്മകള്‍ പലപ്പോഴും പാതിരാ വരെ നീണ്ടിരുന്നുവെന്നും” കുനാല്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ ഇടുങ്ങിയ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിഗരറ്റു പുകയും നിറയുന്നതിനാല്‍ പഠനം പലപ്പോഴും ബെഡ്‌റൂമിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ടെന്നും കുനാല്‍ വിവരിക്കുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം മൃണാള്‍ സെന്നിനെത്തേടി വളരെ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായ ഒരു അതിഥിയെത്തി. ബെല്ലടി കേട്ട് വാതില്‍ തുറന്ന മൃണാളിന്‍റെ പത്‌നി ഗീതാ സെന്‍ കണ്ടത് ബോളിവുഡ് നടി ദീപ്തി നവലിനെയാണ്. മൃണാള്‍ദായോടുള്ള ആരാധനയും ബഹുമാനവും മൂത്ത് അദ്ദേഹത്തിനൊപ്പം സഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചാണ് അവര്‍ കൊല്‍ക്കൊത്തയിലെ ആ ഇടുങ്ങിയ വീടിന്‍റെ വാതിലില്‍ മുട്ടിയത്‌. അന്ന് തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെ കുറിച്ചു പറയാന്‍ നവലിപ്പോഴും നൂറുനാവാണ്. മൃണാളിനെ കുറിച്ച് ധാരാളം കേട്ടിരുന്നുവെങ്കിലും ഇത്രയും നാണംകുണുങ്ങിയായ മനുഷ്യനാണെന്നത് നവലിന് അതിശയമായിരുന്നു. ഷേവ് ചെയ്യാനുണ്ടെന്ന കാര്യവും പറഞ്ഞ് മകനെയാണ് തന്‍റെ അടുത്തേക്ക് പറഞ്ഞു വിട്ടതെന്നും നവല്‍ ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നുണ്ട്.

കൊല്‍ക്കൊത്തയിലെ ആ വീട്ടിലേക്ക് തന്നെ അന്വേഷിച്ച് ആളുകളെത്താന്‍ മാത്രമുള്ള ഔന്നത്യം തനിക്കുണ്ടെന്ന് സെന്‍  ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ വീട്ടിലെത്തി കാണുകയെന്ന സാഹസത്തിന് താന്‍ മുതിര്‍ന്നതെന്നും നവല്‍ പറയുകയുണ്ടായി.

പിന്നീട് പല അഭിമുഖങ്ങളിലും സെന്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും രാജ്യത്തെ എണ്ണം പറഞ്ഞ സംവിധായകരിലൊരാള്‍ ചെറുപ്പക്കാരിയായ സ്ത്രീയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ഇത്രമേല്‍ ചമ്മല്‍ അനുഭവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ഭുവന്‍ ഷോം(1968), കല്‍ക്കട്ട 71 (1971), ഇന്റര്‍വ്യൂ (1971), പദാതിക് (1973), അകാലര്‍ സന്ധാനേ (1980) തുടങ്ങിയ ചിത്രങ്ങളിലൂടെ ‘ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വ്വചിച്ച അരാജകവാദി’യെന്ന് സെന്നിനെ ശ്യാം ബെനഗല്‍ വിശേഷിപ്പിച്ചതില്‍ തെല്ലും അതിശയോക്തിയില്ല. എന്നിട്ടും രണ്ട് ദിവസം മാത്രം വളര്‍ച്ചയുള്ള മുഖത്തെകുറ്റിത്താടിയെ ഓര്‍ത്ത് ആകുലപ്പെട്ട് ഷേവ് ചെയ്തിട്ട് വരാമെന്ന ജാമ്യത്തോടെ മൃണാള്‍ സെന്‍ പിന്‍വലിഞ്ഞതെന്തിനാവാം?

‘എന്തും വെട്ടിത്തുറന്ന് പറയുന്ന വ്യക്തി’യെന്ന പൊതു ചിത്രത്തിനപ്പുറം അങ്ങേയറ്റം അന്തര്‍മുഖനും ലോലമനസ്‌കനുമായിരുന്ന സെന്നിനെയാണ് തങ്ങള്‍ക്ക് പരിചയമെന്ന് അദ്ദേഹത്തിന്‍റെ അഭിനേതാക്കള്‍ പറയുന്നു. കൈ കൊണ്ട് വായ പൊത്തി ഒട്ടുമുക്കാല്‍ സമയവും ചിലവഴിച്ച ഒരു മനുഷ്യനെക്കാള്‍, വിഗ്രഹഭഞ്ജകനായും ആത്മവിശ്വാസം സ്ഫുരിക്കുന്നവനായാകും ലോകം സെന്നിനെ അടയാളപ്പെടുത്തുകയെന്നാണ് ശബാന ആസ്മി പറയുന്നത്.

‘ഖാണ്ടഹാറി’ന്‍റെ ചിത്രീകരണവേളയില്‍ സെന്നിന്‍റെ വികാരതീവ്രതയേറിയ ഈ ഭാവം താന്‍ തിരിച്ചറിഞ്ഞതാണ് .പുറം ലോകത്തില്‍ നിന്നും മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നത് പോലൊന്നായിരുന്നു അത്. ‘ഖാണ്ടഹാറി’ലെ ജാമിനിയില്‍ മൃണാള്‍ദാ ആത്മാംശത്തെയും ചേര്‍ത്തു വച്ചിട്ടുണ്ട്. ഈ വൈരുദ്ധ്യങ്ങളിലാണ് മൃണാള്‍ സെന്നെന്ന സംവിധായകന്‍റെ പ്രതിഭ കുടികൊള്ളുന്നതെന്നും ശബാന ആസ്മി പറയുന്നു. ഖാണ്ടഹാറിന് പുറമേ സെന്നിന്‍റെ  ജനിസിസ് (1986), ഏക് ദിന്‍ അചാനക് (1989) എന്നീ ചിത്രങ്ങളിലും ശബാന ആസ്മി അഭിനയിച്ചിട്ടുണ്ട്.

1984 ല്‍ പുറത്തിറങ്ങിയ ‘ഖാണ്ടഹാര്‍ മറ്റ് സെന്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പ്രേമേന്ദ്രാ മിത്രയുടെ ബംഗാളി ചെറുകഥയായ ‘തെലേനാപൊട്ട ആബിഷ്‌കാറില്‍’ നിന്നുമാണ് ചിത്രം പിറവിയെടുത്തത്. പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതിയില്‍/സമൂഹത്തില്‍ ഒരു യുവതിക്കും അവളുടെ അസുഖബാധിതയായ അമ്മയ്ക്കും നേരിടേണ്ടി വരുന്ന സ്വാഭാവികമായ ഒറ്റപ്പെടലാണ് ചിത്രം പറയുന്നത്. മധ്യവര്‍ഗ്ഗ ബംഗാളി സമൂഹത്തിന്‍റെ ധാര്‍മികതകള്‍ക്ക് ക്ഷതമല്‍പ്പിച്ച  ‘ഏക് ദിന്‍ പ്രതിദിന്‍’ (1979), ‘ഖരീജ്’ (1982) എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് തന്‍റെ പതിവ് രീതിയില്‍ നിന്നും മാറിയുള്ള  ഖാണ്ടഹാര്‍’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്.

വളരെ പ്രകടമായി രാഷ്ട്രീയം പറയുന്നവനെന്നും വാചാലനെന്നുമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെ തന്നെ നിശ്ബ്ദതകളെ കുറിച്ച് സിനിമ നിര്‍മ്മിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. മൗനമായിരുന്നു എല്ലായ്‌പ്പോഴും മൃണാള്‍സെന്‍ ചിത്രങ്ങളെ അടയാളപ്പെടുത്തിയിരുന്നത്.

സെന്നിന്‍റെ ‘ഖാണ്ടഹാര്‍’ അത്യപൂര്‍വ്വമായി മാത്രം പ്രകടമാവുന്ന ഒരു തരം സൗന്ദര്യമൂറുന്ന ചിത്രമായിരുന്നുവെന്നും കൃത്യമായ നിലപാട് സിനിമ മുന്നോട്ട് വച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ദീര്‍ഘകാല കുടുംബസുഹൃത്ത് കൂടിയായ ശ്യാം ബെനഗല്‍ അഭിപ്രായപ്പെടുന്നു. സത്യജിത്ത് റേ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹി ആയിരുന്നുവെങ്കില്‍, അരാജകവാദിയെന്ന പദത്തിന്‍റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് സെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

1955ല്‍ ആദ്യ ചിത്രമായ ‘രാത് ഭോറി’ലൂടെ സംവിധാനരംഗത്തേക്ക് ചുവടുവച്ചെങ്കിലും തന്‍റെ സമകാലീനനായ സത്യജിത് റേയേ പോലെ ഉടനടി സെന്‍ ശ്രദ്ധിക്കപ്പെട്ടില്ല. 1960ല്‍ പുറത്തിറങ്ങിയ ‘ബയ്ഷേ ശ്രാവണ’ യിരുന്നു സെന്നിന്‍റെ ശബ്ദം സിനിമാ രംഗത്ത് വേറിട്ട് കേള്‍പ്പിച്ചത്. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുന്‍നിര്‍ത്തി 1943 ലെ ബംഗാള്‍ ക്ഷാമത്തിന്‍റെ കഥ പറയുന്ന ചിത്രം ഒരേസമയം തന്നെ മനോഹരവും ക്ഷാമത്തിന്‍റെ ക്രൂരതകള്‍ വെളിവാക്കുന്നതുമാണ്.

സത്യജിത് റേയുടതായി 1973ല്‍ പുറത്തിറങ്ങിയ ‘അഷാനീ സങ്കേത്’ എന്ന ചിത്രത്തിന് സമാന്തരമാണിത്. ക്ഷാമം പോലൊരു ഗൗരവമായ വിഷയത്തില്‍ ചിത്രീകരിച്ച സൗന്ദര്യാത്മകമായ ചിത്രമെന്നാണ് ‘അഷാനീ സങ്കേതി’നെ നിരൂപകര്‍ വിശേഷിപ്പിച്ചത്. മൃണാളിനെ എപ്പോഴും നയിച്ചത് അദ്ദേഹത്തിന്‍റെ ആശയങ്ങളായിരുന്നുവെന്ന് റേ ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നുവെന്നും, പക്ഷേ അത് തന്നെയായിരുന്നു ഒരു സംവിധായകനെന്ന നിലയില്‍ മൃണാളിനെ മഹത്വമുള്ളവനാക്കിയതെന്ന് തനിക്ക് തോന്നുന്നതായും ബെനഗല്‍ വ്യക്തമാക്കുന്നു.

തന്‍റെ പ്രിയപ്പെട്ട സംവിധായകരിലൊരാളായാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സെന്നിനെ അടയാളപ്പെടുത്തുന്നത്. അറുപതുകള്‍ക്ക് ശേഷം റേയ്ക്കും ഘട്ടക്കിനും ഒപ്പം സമാന്തര സിനിമാ പ്രസ്ഥാനത്തിന് ഇന്ത്യയില്‍ തുടക്കം കുറിച്ചത് സെന്നാണ്. മൂവര്‍ക്കും സിനിമയെ കുറിച്ച് വ്യത്യസ്തവും അതേസമയം വൈയക്തികവുമായ സമീപനമാണ് ഉണ്ടായിരുന്നത്. ഒരേ സമയം ഘട്ടക്ക്-റേ-മൃണാള്‍ സെന്‍ എന്നിവരുടെ ചലച്ചിത്രങ്ങള്‍ സാമൂഹ്യപ്രസക്തവും മനുഷ്യത്വം നിറഞ്ഞതും ദുഷ്പ്രവണതകളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവയുമായിരുന്നു.

റേ ഒരു പ്രൊഫഷണലും അതേ സമയം പെര്‍ഫെക്ഷനിസ്റ്റും ആയിരുന്നുവെങ്കില്‍ ഘട്ടക്ക്, പതിവ് രീതികളെ തച്ചുടയ്ക്കുന്ന മനുഷ്യനായിരുന്നു. സെന്നാവട്ടെ, പരാജയങ്ങളെ ഭയക്കാതെ എല്ലാക്കാലത്തും പരീക്ഷണങ്ങള്‍ തന്‍റെ ചിത്രങ്ങളില്‍ കൊണ്ടു വന്നിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ഓര്‍ക്കുന്നു. സ്വാതന്ത്ര്യാനന്തരം ബംഗാള്‍ അതിന്‍റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്താണ് റേ-ഘട്ടക്-സെന്‍ സംഘം ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. വിഭജനത്തിറേ മുറിവുകള്‍ ഒരു ഭാഗത്തും, 1943 ലെ ക്ഷാമവും, 1971 ല്‍ ഇന്ത്യാ-ബംഗ്ലാദേശ് യുദ്ധ ഭീതി മറുഭാഗത്തുമായി ബംഗാള്‍ ആടിയുലഞ്ഞ സമയമായിരുന്നു അത്. തൊഴിലാളികളുടെ അതൃപ്തിയും ജനകീയ പ്രക്ഷോഭവുമെല്ലാം ബംഗാളിനെ സമരമുഖരിതമാക്കിയിരുന്നു അക്കാലത്ത്. ഏകദേശം അതേ സമയത്ത് തന്നെയാണ് നക്‌സലിസം ബംഗാളില്‍ ശക്തിയാര്‍ജ്ജിക്കുന്നതും.

മുഖ്യധാരാ ബംഗാളി സിനിമ ഈ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങളോട് പാടേ മുഖംതിരിച്ച് ഗൃഹാതുരതയിലേക്കും കാല്‍പ്പനികതയിലേക്കും ക്യാമറക്കണ്ണുകള്‍ തുറന്നു വച്ചു. റേ-ഘട്ടക്- സെന്‍ ത്രയത്തിന്‍റെ വരവ് ഈ പ്രവണതയ്ക്ക് കനത്ത പ്രഹരമാണ് സൃഷ്ടിച്ചത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കയ്യടക്കവും സഹവര്‍ത്തിത്വവും ഇവര്‍ പുലര്‍ത്തിപ്പോന്നു.

ശൈലീപരമായി റേയെക്കാള്‍ ഘട്ടക്കിനോടാണ് സെന്‍ ആഭിമുഖ്യം പുലര്‍ത്തിപ്പോന്നത്. ഘട്ടക്കിനെപ്പോലെ സെന്നിന്‍റെ ചിത്രങ്ങളും വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നവയായിരുന്നു.’മേഘേ ധാക്കേ താര’ (1960)യിലൂടെ ഘട്ടക് ഉന്നംവച്ചത് സെന്നിന്‍റെ പ്രതിപാദ്യവുമായി ചേര്‍ന്നു പോകുന്നത് തന്നെയായിരുന്നു എന്നാണ് പ്രശസ്ത കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളി അഭിപ്രായപ്പെടുന്നത്. നൈസര്‍ഗ്ഗികമായ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നുവെന്നതൊഴിച്ചാല്‍ ഇരുവരും ഒരേ പാതയില്‍ സഞ്ചരിച്ചിരുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു. ബംഗാളിക്ക് പുറത്ത് റേ ചിത്രീകരിച്ചത് ആകെ രണ്ട് ഹിന്ദി ചലച്ചിത്രങ്ങള്‍ ആയിരുന്നു. ഘട്ടക്കാവട്ടെ, ബംഗാളിക്കപ്പുറത്തേക്ക് കടക്കാന്‍ കൂട്ടാക്കിയതേയില്ല. അതേ സമയം വിവിധ ഭാഷകളില്‍ സിനിമയെടുത്ത് കുറേക്കൂടി വിശാലമായ ലോകത്തേക്ക് ചുവടുറപ്പിക്കാനാണ് സെന്‍ ആഗ്രഹിച്ചത്.

എഴുപതുകള്‍ സെന്നിന്‍റെയും റേയുടേയും സുവര്‍ണകാലഘട്ടമായിരുന്നുവെന്ന് തന്നെ പറയാം. ഏറെ ആഘോഷിക്കപ്പെട്ട കല്‍ക്കട്ടാ ത്രയങ്ങള്‍ പുറത്തിറങ്ങുന്നത്, ബംഗാളിലെ നക്‌സല്‍ പ്രസ്ഥാനത്തെ പ്രമേയമാക്കി ഇറങ്ങിയ ചിത്രങ്ങള്‍ ബംഗാളിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു. റേയുടെ പ്രതിദ്വന്ദി (1970, സീമാബഡ്ഡ (1971), ജന ആരണ്യ (1976) എന്നിവയും സെന്നിന്‍റെ കല്‍ക്കട്ട 71 (1971), ഇന്റര്‍വ്യൂ(1971), പദാതിക്(1973) എന്നീ ചിത്രങ്ങളുമായിരുന്നു അത്.

സെന്നിന്‍റെ ‘ഇന്റര്‍വ്യൂ’ പോലെ തന്നെ തീക്ഷ്ണമായ രാഷ്ട്രീയം പറഞ്ഞ ചിത്രമായിരുന്നു റേയുടെ ‘പ്രതിദ്വന്ദി’. പ്രമേയപരമായി സാമ്യം പുലര്‍ത്തിയിരുന്ന ചിത്രത്തെ രണ്ടു പേരും രണ്ട് രീതിയിലാണ് സമീപിച്ചത്. റേയുടെ ഹൃദയം അല്‍പം വലത്തേക്കാണ് ചാഞ്ഞിരുന്നത് എങ്കിലും ആ ചായ്‌വ് ചിത്രത്തെ സ്വാധീനിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. സെന്നാവട്ടെ  മാര്‍ക്‌സിയന്‍ ആശയങ്ങളെ പരസ്യമായി ആശ്ലേഷിക്കുകയാണ് ഉണ്ടായത്. സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ് കാലത്തുപോലും സെന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനായ മാര്‍ക്‌സിസ്റ്റായി തുടര്‍ന്നു.

തന്‍റെ പ്രവര്‍ത്തനകാലത്തിലൊന്നും അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയുന്നതില്‍ സെന്‍ വിമുഖത കാട്ടിയില്ല. ‘കല്‍ക്കട്ട 71’ എന്ന ചിത്രത്തില്‍ പക്ഷം പിടിക്കുന്ന സെന്നിനെയാണ് പ്രേക്ഷകന് കാണാനാവുകയെന്ന് തികഞ്ഞ റേ-സെന്‍ ആരാധകന്‍ കൂടിയായ സംവിധായകന്‍ ഗിരീഷ് കാസറവള്ളി പറയുന്നു.

എഴുപതുകളുടെ അന്ത്യത്തിലേക്ക് അടുത്തുവരുമ്പോള്‍ സെന്‍ തന്‍റെ രാഷ്ട്രീയത്തെ ചിത്രങ്ങളിലൂടെ വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്‍റെ അന്നത്തെ അവസ്ഥകളിലേക്ക് സെന്നിന്‍റെ ക്യാമറകള്‍ മിഴി തുറന്നു. മറ്റുള്ളവര്‍ ചോദിക്കാന്‍ വിമുഖത പ്രകടിപ്പിച്ച ചോദ്യങ്ങള്‍ സെന്‍ പൊതുസമൂഹത്തിലേക്ക് എത്തിച്ചു. ഗ്രാമങ്ങളില്‍ ഭൂവുടമകള്‍ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് ‘മൃഗയാ’ (1976) സെന്‍ സംവിധാനം ചെയ്തു.

ബോളിവുഡ് സൂപ്പര്‍താരമായി മാറിയ മിഥുന്‍ ചക്രോബര്‍ത്തിയുടെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. ആദ്യ തെലുങ്ക് ചിത്രം ‘ഓക ഊരി കഥ’ (1977), ദേശീയ തലത്തില്‍ ശ്രദ്ധ നല്‍കിയ ‘ഭുവന്‍ ഷോം'(1969 തുടങ്ങിയവ അദ്ദേഹത്തിന്‍റെ സംവിധായക മികവിന് ഉദാഹരണങ്ങളാണ്. വേട്ടയ്ക്കിറങ്ങിപ്പുറപ്പെട്ട ഉദ്യോഗസ്ഥനെ അതിജീവനത്തിനുള്ള അത്യാവശ്യ കഴിവുകള്‍ പഠിപ്പിച്ചുകൊടുക്കുന്ന ഗ്രാമീണയുവതിയുടെ കഥ പറയുന്ന ആക്ഷേപഹാസ്യ ചിത്രമാണിത്. സെന്നിന്റെ വാണിജ്യ വിജയം നേടിയ ആദ്യചിത്രം കൂടിയാണ് ‘ഭുവന്‍ഷോം’.

‘ക്ഷോഭിക്കുന്ന ചിത്രങ്ങള്‍’ സംവിധാനം ചെയ്ത സെന്നില്‍ നിന്നും രാഷ്ട്രീയം പറയുകയും അതേ സമയം പക്വമതിയാവുകയും ചെയ്ത സെന്നിനെയാണ് എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ടത്. ക്ഷോഭമടങ്ങിയെങ്കിലും സെന്‍ ചിത്രങ്ങള്‍ ദാര്‍ശനിക സമസ്യകള്‍ പ്രേക്ഷകന് മുന്നിലുയര്‍ത്തി.

ഓംപുരിയും നസറുദ്ദീന്‍ ഷായും, ശബാന ആസ്മിയും അഭിനയിച്ച ‘ജനിസിസ്'(1986) പ്രണയകഥയുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തെയും അടിമത്വത്തെയും കുറിച്ചുള്ള ചിന്തകളാണ് ഉയര്‍ത്തുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ‘അമര്‍ ഭുവന്‍’ അതിവേഗം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തില്‍ സഹിഷ്ണുതയുടെ നിലനില്‍പ്പിനെ കുറിച്ചാണ് ആശങ്കപ്പെടുന്നത്. തികഞ്ഞ മാര്‍ക്‌സിയന്‍ ആയിരുന്നുവെങ്കിലും സെന്‍ ഒരിക്കലും മറ്റൊരാളുടെ വായടപ്പിക്കുന്നതിനായി അത് ഉപയോഗിച്ചിട്ടില്ലെന്ന് സെന്നിന്‍റെ പുത്രനായ കുനാല്‍ പറയുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നതിനുള്ള കഴിവാണ് മികച്ച ബൗദ്ധിക മേന്‍മ. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി തുടരുന്നതിന് തന്നെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നുവെന്നും കുനാല്‍ വ്യക്തമാക്കുന്നു.

ഗീതാ സെന്നെന്ന സ്ത്രീയെ അറിയാതെ , അംഗീകരിക്കാതെ ഒരിക്കലും മൃണാള്‍സെന്നെന്ന സംവിധായകനെ പൂര്‍ണമായും അറിയാന്‍ സാധിക്കുകയില്ല. അഭിനേത്രിയായും സഹായിയായും സെന്നിനൊപ്പം ഗീതയുണ്ടായിരുന്നു.

സിനിമാഭിനയം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ എന്ന സംഘടയില്‍ നിന്നും വിഘടിച്ചു പോന്ന ഒരു കൂട്ടായ്മയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സെന്‍ തന്നെ എഴുതി 1950 ല്‍ പുറത്തിറങ്ങിയ ‘ദുദ്ഹാര’യാണ് ഗീതയുടെ ആദ്യചിത്രം. 1953 ല്‍ ഇരുവരും വിവാഹിതരായി. കുനാല്‍ ജനിച്ചതോടെ കരിയര്‍ ഏകദേശം അവസാനിച്ച മട്ടായെങ്കിലും സെന്നിന്‍റെ ഏറ്റവും വലിയ വിമര്‍ശകയും പ്രോത്സാഹനവുമായി ഗീത നിലകൊണ്ടു. തിരക്കഥ എഴുതിയത് വായിച്ചു കേള്‍പ്പിക്കുമ്പോള്‍ തന്നെ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഗീത എതിര്‍ക്കുമായിരുന്നുവെന്നും ഇത് ഒരു അഭിനേത്രിയെന്ന നിലയില്‍ അവര്‍ ആര്‍ജ്ജിച്ച കഴിവായിരുന്നുവെന്നും കുനാല്‍ സെന്‍ പറയുന്നു.

ഈ വര്‍ഷമാദ്യം ഒരു ചലച്ചിത്രമാസിക ഏര്‍പ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരം സെന്നിന്‍റെ കൊല്‍ക്കത്തയിലെ വീട്ടിലെത്തി സമ്മാനിക്കാന്‍ സംഘാടകര്‍ ശബാന ആസ്മിയെ സമീപിച്ചിരുന്നു. എന്നാല്‍ ഗീതയുടെ മരണത്തോട് കൂടി സെന്നാകെ മാറിപ്പോയിട്ടുണ്ടെന്നും ഓര്‍മ്മക്കുറവ് ഉണ്ടെന്നും ശബാന ആസ്മിയാദ്യം ആകുലപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരം സമ്മാനിക്കാനായി വീട്ടിലെചത്തിയ ശബാന ആസ്മിയെ സെന്‍ ഞെട്ടിക്കുക തന്നെ ചെയ്തു. തിരിച്ചറിഞ്ഞതു മാത്രമല്ല, നിരവധി തവണ അവരെ ആശ്ലേഷിക്കുകയും ചെയ്തു.

അമ്മ തന്നെ തൊട്ടിരുന്നത് പോലെയാണ് മൃണാള്‍ദാ മുഖത്ത് വിരലുകള്‍ കൊണ്ട് തൊട്ടതെന്നും തനിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി.

ഗിത മികച്ച അഭിനേത്രിയായിരുന്നുവെന്ന് ആസ്മിക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ഒരിക്കല്‍ സെന്നിന്‍റെ ചോദ്യം. ‘ഖാണ്ഡഹാറില്‍’ ആസ്മിയുടെ അമ്മയായി ഗീത അഭിനയിച്ചിരുന്നു. ഗീത തനിക്ക് നല്‍കിയ പൊടിക്കൈകള്‍ വിവരിച്ചപ്പോള്‍ സന്തോഷം കൊണ്ട് സെന്നിന്‍റെ മുഖം വിടര്‍ന്നുവെന്നും ഒരു അമ്മ കുട്ടിയെ ശ്രദ്ധിച്ച് കേള്‍ക്കുന്നത് പോലെ പറഞ്ഞു തീരുവോളം മൃണാള്‍ദാ ചെവിയോര്‍ത്തിരുന്നുവെന്നും ആസ്മി ഓര്‍ക്കുന്നു.

ക്രാന്തദര്‍ശിയായിരുന്ന സെന്‍ സെറ്റില്‍ കര്‍ക്കശക്കാരനായ മാസ്റ്ററായിരുന്നുവെന്നും ക്യാമറ സ്വിച്ച് ഓഫ് ആക്കിയാലുടന്‍ സ്‌നേഹനിധിയായ സഖാവായി മാറിയിരുന്നുവെന്നും സെന്നിന്‍റെ അഭിനേതാക്കള്‍ ഓര്‍ക്കുന്നു.

‘പദാതി’കില്‍ സെന്നിനൊപ്പം ജോലി ചെയ്ത സിമി ഗാര്‍വാള്‍ പറയുന്നതിങ്ങനെയാണ്. ‘ ചിത്രീകരണത്തിന് ശേഷം ഞാന്‍ മുംബൈയ്ക്ക് മടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് ഹൃഷിദായുടെ (ഹൃഷികേശ് മുഖര്‍ജി) വിളിയെത്തി, ഞാന്‍ തന്നെയാണോ ചിത്രത്തിന് ശബ്ദം നല്‍കുന്നത് എന്നറിയാനായിരുന്നു അത്. മൃണാള്‍ദായോട് ചോദിച്ചപ്പോള്‍ എന്‍റെ ഉച്ചാരണം ശരിയല്ലാത്തതിനാല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ എന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം എനിക്കൊരു അവസരം കൂടി തന്നു. അടുത്ത ദിവസം തുടര്‍ച്ചയായ എട്ടു മണിക്കൂര്‍ ഒരു വരി ശരിയാക്കുന്നതിനായി ചിലവഴിച്ചു.’കിമോന്‍  അച്ചേന്‍, വീം’ എന്ന് തുടങ്ങുന്നതാണ് ആ വരി. ചായ കുടിക്കുന്നതിനിറിങ്ങിയപ്പോള്‍ യുസൂഫ്‌ സാബിനെ (ദിലിപ് കുമാര്‍) കണ്ടു.

അദ്ദേഹത്തെ പരിചയപ്പെടുത്തിയ ശേഷം മൃണാള്‍ദായെ സന്തോഷിപ്പിക്കുന്നതിനായി ഞാന്‍ യുസൂഫ്‌സാബിനോട് ‘കിമോന്‍ അച്ചേന്‍?’ എന്ന് ചോദിച്ചു. ഇങ്ങനെ മുഖത്ത് നോക്കാതെയാണോ സുഖം അന്വേഷിക്കുന്നതെന്നായിരുന്നു മൃണാള്‍ദായുടെ എടുത്തടിച്ചതു പോലുള്ള മറുപടി.

സുദീര്‍ഘമായ വര്‍ഷങ്ങള്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് തൊണ്ണൂറ്റിയഞ്ചാം വയസ്സിലേക്ക് കടക്കുന്നുവെങ്കിലും , ഒരു സംവിധായകനെന്ന നിലയില്‍ മൃണാള്‍സെന്‍ ഇന്നും ചെറുപ്പമാണ്. ‘ഖാരാജും’ ‘അകാലേര്‍ സന്ധാനെ’യും പോലുള്ള ചിത്രങ്ങള്‍ ഇന്നും പ്രസക്തമാണ്. നമ്മുടെ പൊള്ളത്തരങ്ങളെയും ഭീതികളെയും തുറന്നു കാട്ടുന്നതിനൊപ്പം അതില്‍ നിന്നൊരു മോചനവും അവ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അങ്ങേയറ്റം സത്യസന്ധതയോടെ കഥ പറയുമ്പോള്‍ മാത്രമേ ചിത്രങ്ങള്‍ ഇങ്ങനെ കാലതിവര്‍ത്തിയായി നിലകൊള്ളുകയുള്ളൂ എന്ന് സെന്‍ സിനിമയെക്കുറിച്ച് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ബംഗാളി സംവിധായകന്‍ കൗശിക് ഗാംഗുലി പറയുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Filmmaker mrinal sen turns 95 life films