ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി നിൽക്കുന്ന സമയം. മാതൃഭൂമി ആഴ്ചപതിപ്പിന് വേണ്ടി ഒരു പതിനഞ്ചു ദിവസം പുനത്തിലിനോടൊപ്പം യാത്രചെയ്തു പടമെടുക്കാൻ പോകാമോ? കമൽ റാം സജീവ് വിളിച്ചു ചോദിച്ചപ്പോൾ എല്ലാ തിരക്കുകളും മാറ്റിവച്ച് ഒരുങ്ങുകയായിരുന്നു.
ഒരുപക്ഷെ സാഹിത്യലോകത്തേക്കുള്ള എന്റെ കൺതുറക്കലായിരുന്നു ആ യാത്ര. ഏറെ സങ്കടം പതിനഞ്ചു ദിവസങ്ങൾ പതിനഞ്ചു നിമിഷങ്ങൾ പോലെ തീർന്നുവെന്നത് മാത്രം. അനുഭവങ്ങൾക്കൊക്കെയും എഴുത്തുഭാഷ നൽകുകയും പിന്നീട് ആ എഴുത്തുകളൊക്കെയും നമ്മുടെ സ്വന്തം അനുഭവങ്ങളാക്കി മാറ്റാനും കഴിഞ്ഞുവെന്നതാണ് കുഞ്ഞിക്കയുടെ വിജയം. എന്നാൽ യാത്രകളിലുടനീളം വാമൊഴി കഥകളായിരുന്നു. എഴുത്തിലൂടെ അല്ലാത്ത ഒരു കുഞ്ഞിക്കയെ അനുഭവിച്ചറിയുകയായിരുന്നു.
Read More: ക്യാമറയ്ക്ക് മുന്നിലെ കുഞ്ഞബ്ദുളള, പുനത്തിൽ കുഞ്ഞബ്ദുളളയുടെ അജീബ് എടുത്ത ഫൊട്ടോകൾ കാണാം
ഒരനുഭവം പറയുമ്പോൾ, ഒരു കഥ പറയുമ്പോൾ, അത് അനുവാചകരിൽ എങ്ങിനെ അവതരിപ്പിക്കണമെന്നത് പഠിക്കുകയായിരുന്നു ഞാനും മാതൃഭൂമി ബുക്സിലെ നൗഷാദും.

ഒരു ട്രെയിൻ നിറയെ ആളുകളുണ്ടായിട്ടും ഞങ്ങൾ മൂന്നുപേർ മാത്രമായി ഒരു യാത്ര. ട്രെയിൻ എവിടെയൊക്കെയോ നിർത്തിയിരിക്കാം, ഇടയ്ക്കിടയ്ക്ക് ചിന്നം വിളിച്ചിരിക്കാം, ഡൽഹിയെത്തി എന്നാരോ ഓർമപ്പെടുത്തി. അലിഗഡ് യൂണിവേഴ്സിറ്റിയിൽ നൽകാനായി കരുതിയ പുസ്തകങ്ങളിലൂടെ ആ കഥാപാത്രങ്ങൾക്കിടയിലൂടെ കുഞ്ഞിക്കയുടെ ചില ചിത്രങ്ങൾ ക്യാമറ പകർത്തികൊണ്ടിരുന്നു. എല്ലാം യാന്ത്രികം.
ജീവിതത്തെ ഇത്രയും അനായാസതയോടെ കാണാൻ ഒരാൾക്ക് കഴിയുന്നതെങ്ങിനെ. കാലത്തെഴുന്നേറ്റു സ്യൂട്ട്‌കേസ് തുറന്നു ഷുഗറിനുള്ള മരുന്നെടുത്തു സിറിഞ്ച് സ്വന്തം വയറ്റിലേക്ക് എറിഞ്ഞുപിടിപ്പിച്ചത്, എന്ത് പറയുമ്പോഴും അതിന്റെ ആക്ഷനുകൾ ചേർത്ത് കാണിച്ചു തന്നത്, ഓർമകൾ തേടി അലിഗഡിന്റെ ഹോസ്റ്റൽ മുറികളിലും പരിസര സ്ഥലങ്ങളിലും കറങ്ങി, പരതി നടന്നത്, പലപ്പോഴും ഒരു കൊച്ചുകുട്ടിയാണോ മുന്നിലുള്ളതെന്നു കരുതിപ്പോയ നിമിഷങ്ങൾ. അങ്ങിനെ അങ്ങിനെ …
Read More: പുനത്തിലിനും കുഞ്ഞബ്ദുളളയ്ക്കും യുവകഥാകൃത്ത് അബിൻ ജോസഫ് എഴുതുന്ന ഓർമ്മ
ഫൊട്ടോഗ്രാഫറുടെ മുന്നിൽ ഓരോ ഫ്രെയിമിലും സ്വാഭാവികമായി നിൽക്കുക മാത്രമല്ല, അതിൽ ഫൊട്ടോഗ്രാഫറുടെ മുഖം പഠിച്ചു മനസ്സ് വായിക്കാനും ഏറെ നിപുണനായിരുന്നു. നമ്മൾ ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ കാണുന്നതൊക്കയും നമ്മുടെ മുഖത്തുനോക്കി കുഞ്ഞിക്ക നമ്മളെടുക്കുന്ന ആ ഫൊട്ടോ കണ്ടിരുന്നു. പലപ്പോഴായി മലയാളത്തിലെ പല സാഹിത്യകാരുടെയും ചിതങ്ങളെടുക്കാൻ സാധിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ഒരു ഫൊട്ടോഗ്രാഫർ മാത്രമായിരുന്നു, എന്നാൽ കുഞ്ഞിക്കയുടെ പടമെടുക്കുമ്പോൾ ഫൊട്ടോഗ്രാഫർ തന്നെ വേറൊരു തലത്തിലേയ്ക്കുയർത്തപ്പെടുന്നു. ക്യാമറക്കു മുന്നിൽ മാത്രമല്ല ഈ കുഞ്ഞിക്ക നമ്മോടു സംവദിക്കുന്നത്. അതിനുശേഷവും ചിത്രങ്ങളിലൂടെയും പുഞ്ചിരിയും പരിഗണയുമായി “ഇത്ര മതിയോ കോമാച്ചീ” എന്ന ആത്മാർത്ഥ ചോദ്യവുമായി നിൽക്കുന്നു.