2020 ഫെബ്രുവരി ഇരുപത്തിനാലാം തീയതി ഉച്ചയ്ക്ക് ന്യൂയോര്‍ക്കിലെ ജെ എഫ് കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍, ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, ഇനി വരുന്ന നാലു മാസം ഞാന്‍ ഈ നാട്ടില്‍ നിന്നും തിരിച്ചുപോകുവാനാകാതെ കുടുങ്ങി കിടക്കുവാന് പോവുകയാണെന്ന്….
ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ദിവസേനെ നൂറുകണക്കിന് വിമാനങ്ങളാണ് ജെ എഫ് കെ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങുന്നത്. അവയില്‍ നിന്നും ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ നിമിഷവും എമിഗ്രേഷന്‍ കൗണ്ടറുകളിലേക്ക് ഒഴുകുന്നത്, തൊട്ടുതൊട്ട് തോളോട് തോളുരുമ്മി നാലും അഞ്ചും നിരകളായി മുന്നോട്ടു നീങ്ങുന്ന യാത്രക്കാരില്‍ ആരും തന്നെ ഫെയ്സ് മാസ്കുകള്‍ ധരിക്കുകയോ കൈയ്യുറകള്‍ ധരിക്കുകയോ ചെയ്തിരുന്നില്ല…. എമിഗ്രേഷന്‍ ക്യൂ അവസാനിക്കുന്നിടത്ത് വിശാലമായ ഹാളില്‍ നിരനിരയായി സ്ഥാപിച്ചിട്ടുള്ള നൂറുകണക്കിന് കിയോസ്കുകളുടെ മുന്നിലേക്ക് ക്യൂവിലുള്ളവര്‍ ചിതറി നീങ്ങിയതും ഞാനും ഒരു കിയോസ്കിനു മുന്നിലെത്തി… കിയോസ്കില്‍ ഉള്ള കമ്പ്യൂട്ടറില്‍ എന്റെ പാസ്പോട്ട് സ്കാന്‍ ചെയ്ത്, കമ്പ്യൂട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ മുഴുവന്‍ ടൈപ്പ് ചെയ്ത്, കിയോസ്ക് നിര്‍ദ്ദേശിച്ചതു പോലെ അതിനു മുന്നിലെ സ്ക്രീനില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. സെക്കന്റുകള്‍ക്കകം ഫോട്ടോ അടക്കം എന്റെ എല്ലാ യാത്രാ വിവരങ്ങളും അടങ്ങിയ ഒരു പ്രിന്റ് ഔട്ട് പുറത്തേക്ക് വന്നു…
അതുമായി എമിഗ്രേഷന്‍ ഓഫീസറുടെ മുമ്പില്‍ ചെന്നതും പ്രിന്റ് ഔട്ടും പാസ്പോര്‍ട്ടും കയ്യില്‍ വാങ്ങി ഓഫീസര്‍ ഒരേയൊരു ചോദ്യമേ ചോദിച്ചുള്ളൂ, ഈ അടുത്ത ദിവസങ്ങളില്‍ ചൈന സന്ദര്‍ശിച്ചിരുന്നോ എന്ന്…’ഇല്ല’ എന്ന എന്റെ ഉത്തരത്തോടൊപ്പം പാസ്പോര്‍ട്ട് പരിശോധിച്ച് അത് ഉറപ്പുവരുത്തി, എന്റെ എന്‍ട്രി സ്റ്റാമ്പ് ചെയ്ത് പാസ്പോര്‍ട്ട് എനിക്ക് തിരികെ തന്നു… അതും വാങ്ങി ഞാന്‍ പുറത്തു കടന്നു…
പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു…. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടര് ന്നുകൊണ്ടിരിക്കുന്ന വിനാശകരമായ ഈ വൈറസ് ലോകം മുഴുവന്‍ പടരുമെന്നും, ഈ വൈറസിന് കോവിഡ്-19 എന്ന് നാമകരണം ചെയ്തിരിക്കുന്നുവെന്നുമൊക്കെ ഉള്ള വാര്‍ത്ത പത്രത്തില്‍ വായിച്ചത്…. അതു കൊണ്ട് തന്നെയാണ് എമിഗ്രേഷന്‍ കൗണ്ടറിലെ ഓഫീസര്‍ ചൈന സന്ദര്‍ശിച്ചിരുന്നോ എന്നെന്നോട് ചോദിച്ചത്.
‘ബിഗ് ബ്രദര്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളുമായ ഷാജി ന്യൂയോര്‍ക്കിനേയും മനു മാളിയേക്കലിനേയും കാണാനാണ് ഞാന്‍ ഒരു മാസത്തെ അവധിക്ക് ന്യൂയോര്‍ക്കില്‍ എത്തുന്നത്…. ഏതാണ്ട് ഒരാഴ്ച കൊണ്ട് തന്നെ ഞങ്ങളുടെ ഒഫീഷ്യല്‍ ആയിട്ടുള്ള മീറ്റിങ്ങുകള്‍ ഒക്കെ
കഴിഞ്ഞു. ഇനിയുള്ള രണ്ടാഴ്ച ചുമ്മാ ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചു… ഒരുപാട് തവണ പോയിട്ടുള്ള സ്ഥലങ്ങള്‍ ആണെങ്കിലും വാഷിംഗ്ടണ്‍ ഡിസിയിലും വൈറ്റ് ഹൗസും കാനഡ ബോര്ഡറില് പോയി നയാഗ്ര വെള്ളച്ചാട്ടവും ഒക്കെ ഞങ്ങള്‍ കണ്ടു…
ആ യാത്രയിലാണ് കോവിഡിന്റെ സാന്നിദ്ധ്യം ആളുകളെ എത്രമാത്രം ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതു ഞാന്‍ ആദ്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്… അന്നൊരു കൊച്ച് ഫ്ളൈറ്റില്‍ ആയിരുന്നു ഞാന്‍ യാത്ര ചെയ്തിരുന്നത്. ഇരുവശത്തും രണ്ട് സീറ്റുകള്‍ വീതമുള്ള പതിനാറ് നിരകളിലായി 64 സീറ്റുകള്‍ മാത്രമുള്ള ഒരു കൊച്ച് ഫ്ളൈറ്റ്… ഫ്ളൈറ്റ് നിറയെ യാത്രക്കാരുണ്ട്, ബഹുഭൂരിപക്ഷവും അമേരിക്കക്കാരായ യാത്രക്കാരായിരുന്നു. അവരാരും തന്നെ ഫെയ്സ് മാസ്ക്കുകളോ കൈയുറകളോ ധരിച്ചിരുന്നില്ല. എന്നാല്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു വിദേശി മാത്രം ഫെയ്സ് മാസ്കും കയ്യുറയും ധരിച്ചിരുന്നു… അതു കൊണ്ടു തന്നെ അയാള്‍ അമേരിക്കക്കാരന് അല്ല, ഏതോ യൂറോപ്യന്‍ രാജ്യത്തില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് എന്ന് എനിക്ക് മനസ്സിലായി…
അയാളുടെ ശ്രദ്ധ മുഴുവന്‍ എന്നില്‍ ആയിരുന്നു… എന്റെ രൂപവും ത്വക്കിന്റെ നിറവും കണ്ടിട്ടാവണം ഞാന്‍ ഒരു ഏഷ്യന്‍ വംശജനാണ് എന്ന് അയാള്‍ക്ക് മനസ്സിലായി. അതോടെ അയാള്‍ അല്പം ടെന്‍ഷനിലുമായി. കാരണം ഞാന്‍ ഫേസ് മാസ്കോ കൈയ്യുറകളോ ധരിച്ചിരുന്നില്ല… എന്റെ വിദേശയാത്രയിലൊക്കെ പലപ്പോഴും എനിക്കു മനസിലായിട്ടുള്ള ഒരു സത്യമുണ്ട്, അത് അമേരിക്കയില്‍ ആണെങ്കിലും ശരി യൂറോപ്പില്‍ ആണെങ്കിലും ശരി, അവിടെയുള്ള ബഹുഭൂരിപക്ഷം ആളുകള്‍ക്കും നമ്മുടെ നാട്ടിലുള്ള വെറും സാധാരണക്കാര്‍ക്കുള്ള അത്ര പോലും ഭൂമിശാസ്ത്രം അറിയില്ല. അവര്‍ക്കെല്ലാവര്‍ക്കും ചൈനക്കാരും ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും മിഡില്‍ ഈസ്റ്റ്കാരും ഫാര്‍ ഈസ്റ്റ്കാരും ഇറാന്‍കാരും ഇറാക്കികളും സൗദികളും ഓമാനി കളും ഒക്കെ ഏഷ്യക്കാര്‍ മാത്രമാണ്…..
ഏഷ്യയില്‍ നിന്നാണ് കോവിഡിന്റെ ഉത്ഭവമെന്നും അവിടുത്തുകാരാണ് ലോകം മുഴുവന്‍ കോവിഡ് പരത്തുന്നത് എന്നുമുള്ള ഒരു വിവരം മാത്രമേ പലര്‍ക്കും ഉള്ളൂ… ഒരുപക്ഷേ അതു കൊണ്ട് ആയിരിക്കാം എന്റെ സഹയാത്രികന് കയ്യിലുള്ള വെറ്റ് ടിഷ്യൂ ഉപയോഗിച്ച് അയാള്‍ ഇരിക്കുന്ന സീറ്റ് മുഴുവന്‍ തുടച്ചു വൃത്തിയാക്കുവാന്‍ തുടങ്ങിയത്… സീറ്റും ഹെഡ്റെസ്റ്റും ഹാന്റിലും സീറ്റ് ബെല്‍റ്റും മുന്നിലെ ട്രേയുമടക്കം അയാള്‍ തുടച്ച് വൃത്തിയാക്കി… പിന്നീട്, യാത്രയില്‍ ഉടനീളം അയാള്‍ തന്റെ കയ്യില്‍ കരുതിയിരുന്ന കൊച്ചു ബോട്ടിലില്‍ നിന്നും ഹാന്‍ഡ് സാനിറ്റൈസര്‍ എടുത്ത് കൈകള്‍ തുടച്ച് വൃത്തിയാക്കി കൊണ്ടിരുന്നു… ഈ സാനിറ്റൈസേഷന്‍ അയാള്‍ എല്ലാ അഞ്ച് മിനിറ്റുകള്ക്കിടയിലും ആവര്‍ത്തിച്ച് കൊണ്ടുമിരുന്നു… അയാള്‍ എന്നെ പേടിച്ചാണ് അത് ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയതും ഞാന്‍ ഉള്ളില്‍ ചിരിയടക്കി പുറത്തേക്കു നോക്കി ഇരുന്നു… പക്ഷേ ദിവസങ്ങള്‍ക്കകം അയാള്‍ ചെയ്തത് ശരിയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു…
എന്നോടൊപ്പം ലോകവും അത് തിരിച്ചറിഞ്ഞത് പതുക്കെ പതുക്കെ ആയിരുന്നു… പിന്നീടുള്ള എന്റെ ന്യൂയോര്‍ക്ക് ദിവസങ്ങളാണ് ശരിക്കും ടെന്‍ഷന്‍ ദിവസങ്ങളായി മാറിയത്. ന്യൂയോര്‍ക്കില്‍ ഞാന്‍ താമസിച്ചിരുന്നത് ഒരു ബിസിനസ് ഹോട്ടലിലായിരുന്നു. നിറയെ താമസക്കാര്‍ ഉണ്ടായിരുന്നു ഞാന്‍ ചെല്ലുമ്പോള്‍ അവിടെ. എന്നാല്‍ മാര്‍ച്ച് ആദ്യവാരം കഴിഞ്ഞപ്പോഴേക്കും ഹോട്ടല്‍ ഏതാണ്ട് കാലിയായി. ഒടുവില്‍ ഞാന്‍ മാത്രമായി അവിടത്തെ താമസക്കാരന്… ലോകത്തിലെ എല്ലാ കമ്പനികളും ഒഫീഷ്യല്‍ ടൂറുകള്‍ ക്യാന്‍സല്‍ ചെയ്യിച്ച്, തങ്ങളുടെ സ്റ്റാഫിനെ മുഴുവന്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചു വിളിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും.
കാരണം കാട്ടുതീ പോലെ വൈറസ് ന്യൂയോര്‍ക്കില്‍ പടരാന്‍ തുടങ്ങിയിരുന്നു… ഒരു ദിവസം ഉച്ചയ്ക്ക് ഷാജിയുടെ ഫോണ്‍ വന്നു. ഞാന്‍ ഫോണെടുത്തതും ഒരു പൊട്ടിച്ചിരിയായിരുന്നു മറുഭാഗത്ത് നിന്നും; ചിരിയുടെ അവസാനം ഷാജി പറഞ്ഞു… ‘സിദ്ധിക്കേ എനിക്ക് കോവിഡ് പിടിച്ചു’ എന്ന്. ഞാന്‍ ഞെട്ടിപ്പോയി; കോവിഡിനെ ഇങ്ങനെ പൊട്ടിച്ചിരിയോടെ സ്വീകരിച്ച മറ്റാരും ഈ ഭൂമുഖത്തുണ്ടാവില്ല… അതാണ് ഷാജി… പക്ഷേ ഷാജിയും ഒടുവില്‍ തളര്‍ന്നു പോയി. കാരണം ഷാജിയുടെ മൂത്ത ജേഷ്ഠന്മാര് രണ്ടു പേര് അടുത്തടുത്ത ദിവസങ്ങളില്‍ കോവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങി. തൊട്ട് പിന്നാലെ ഒരു ജേഷ്ഠന്റെ ഭാര്യയും… പിന്നെ ഒരു ജേഷ്ഠന്റെ മകന് കോവിഡ് പിടിപെട്ട് സീരിയസ്സായി ഹോസ്പിറ്റലിലുമായി… മനു മാളിയേക്കലിന്റെ ഭാര്യക്കും കോവിഡ് പിടിപെട്ടു. സീരിയസ്സായി അവരും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി… മരണപ്പെട്ട പ്രിയപ്പെട്ടവരെ അവസാനമായി ഒന്ന് കാണാന്‍ പോലും പറ്റാത്ത അവസ്ഥ. ഹോസ്പിറ്റലില്‍ അഡ്മിറ്റായിരിക്കുന്ന വരെ ഒന്നു പോയി കാണാന്‍ പറ്റാത്ത അവസ്ഥ. എന്റെ ചുറ്റിനും രോഗവും മരണവും ചുറ്റിക്കറങ്ങുന്നത് പോലെ എനിക്ക് തോന്നി. എനിക്കാണെങ്കില്‍ അവിടെ ഇന്‍ഷുറന്‍സും ഇല്ല. ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് ഞാന്‍ ഇവിടെ നിന്നും പോകുമ്പോള്‍ എടുത്തിരുന്നു. അതൊന്നും അവിടെ വാലിഡ് അല്ല എന്നാണ് അവിടെ ചെന്നതിനു ശേഷം ഞാന്‍ അറിഞ്ഞത്… അതോടെ ശരിക്കും ടെന്‍ഷനിലായി ഞാന്‍…
ഈശ്വരാ കോവിഡ് പിടിപെട്ട് ഇവിടെ കിടന്ന് മരിക്കാനാവുമോ എന്റെ വിധി എന്ന് ഞാന്‍ മനസ്സില്‍ പേടിച്ചു… ഷാജിക്കും എന്റെ കാര്യത്തില്‍ ഭയമായി. ഷാജി ഉടനെ എന്നെ ഷിക്കാഗോയിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. ഷിക്കാഗോയിലുള്ള ഞങ്ങളുടെ ഒരു കുടുംബസുഹൃത്തും ഫാമിലിയും എന്നെ ഷിക്കാഗോയിലേക്ക് കൊണ്ടു പോകുവാന്‍ തയ്യാറായി. പിന്നെ അവരോടൊപ്പം ആ കുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ ആയി
രുന്നു ഞാന്‍ മൂന്ന് മാസം…
ഷിക്കാഗോയിലെ അവരോടൊപ്പമുള്ള ആ താമസക്കാലത്താണ് അമേരിക്കന്‍ രാഷ്ട്രീയവും അമേരിക്കക്കാരുടെ ജീവിതരീതികളെക്കുറിച്ചുമൊക്കെ ഞാന്‍ കൂടുതലായി അടുത്തറിയുവാന്‍ തുടങ്ങിയത്…
2020 മെയ് 25 ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന് ക്രൂരമായി കൊല ചെയ്യപ്പെട്ട ദിവസം ഞാന്‍ ചിക്കാഗോയില്‍ ഉണ്ട്. ആ കൊലപാതകദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതിനു ശേഷം ഞങ്ങള്‍ക്ക് ആര്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ഡെറിക് ഷോവ് എന്നു പേരുള്ള ആ പോലീസ് ഉദ്യോഗസ്ഥന് തന്റെ കാല്മുട്ടിനടിയില്വെച്ച് ഒമ്പതു മിനിറ്റോളം ഫ്ളോയിഡിനെ ഞെരിച്ചമര്‍ത്തുകയായിരുന്നു. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന് ദീനമായി വിലപിച്ച ആ കറുത്തവര്‍ഗ്ഗക്കാരന്റെ ദാരുണാന്ത്യം അനേകായിരങ്ങളെയാണ് തെരുവിലിറക്കിയത്. കറുത്ത വര്‍ഗ്ഗക്കാരോടൊപ്പം ചെറുപ്പക്കാരും സ്കൂള്‍ വിദ്യാര്‍ത്ഥികളുമടക്കം വെളുത്തവര്‍ഗ്ഗക്കാരും അവരോടൊപ്പം പ്രതിഷേധിക്കാന്‍ തെരുവില്‍ ഇറങ്ങിയതോടെ അത് ഒരു മഹാ സംഭവമായി മാറി. കോവിഡിനെക്കാളും വലിയ വിപത്താണ് വര്‍ണ്ണവെറി എന്നും വര്‍ണ്ണവെറി ഭൂമുഖത്തു നിന്നും തുടച്ചുമാറ്റപ്പെടേണ്ടതാണെന്നും ആ ചെറുപ്പക്കാര്‍ ലോകത്തെ വിളിച്ചറിയിക്കുകയായിരുന്നു ഈ പ്രതിഷേധത്തിലൂടെ. ലോകമെമ്പാടുമുള്ള ചെറുപ്പക്കാര്‍ ഇത് ഏറ്റെടുത്തു. ലണ്ടനിലും ഓസ്ട്രേലിയയിലും എന്തിനേറെ ഇന്ത്യയില്‍പ്പോലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. അമേരിക്കന്‍ സിവില്‍ വാറിനു മുമ്പ് അടിമക്കച്ചവടത്തെ അനുകൂലിച്ചിരുന്ന കോണ്‍ഫെഡറേഷന്‍ സ്റ്റേറ്റ്സിന്റെ യുദ്ധവീരന്മാരുടെയും കോണ്‍ഫെഡറേഷന്‍ ഫ്ളാഗുകളും ആളുകള്‍ കടലിലെറിഞ്ഞു. പാര്‍ക്കുകളിലും മ്യൂസിയങ്ങളിലും സൂക്ഷിച്ചിരുന്ന മോണുമെന്റുകള് വരെ തകര്‍ക്കപ്പെട്ടു. അങ്ങനെ വര്‍ണ്ണവെറിക്ക് വിധേയനായ ഒരു കറുത്തവര്‍ഗ്ഗക്കാരനായ പൗരന് എന്ന നിലയില്‍നിന്ന് വര്‍ണവെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച മനുഷ്യന് എന്ന നിലയിലായിരിക്കും ഇനി ജോര്‍ജ്ജ് ഫ്ളോയ്ഡ് അറിയപ്പെടുക.
അമേരിക്കന്‍ ജനത കോവിഡ് 19നെ വളരെ നിസ്സാരമായ ഒരു രോഗമായിട്ടേ ആദ്യം കണ്ടിരുന്നുള്ളു. അതാണ് വാസ്തവം. എല്ലാ വര്‍ഷവും യു.എസ്സില്‍ ഇടയ്ക്ക് ആ ഫ്ളൂ സീസണ് ഉണ്ടാവാറുണ്ട്. ശരിയായ വിശ്രമവും ആവശ്യമെങ്കില്‍ ഇഞ്ചക്ഷനും – അതായിരുന്നു അവരുടെ പ്രതിരോധം. ഒരു സീസണില്‍ ഇരുപതിനായിരം ആളുകള്‍ വരെ ഈ രോഗത്താല്‍ മരണപ്പെടാറുണ്ടെന്നും അവര്‍ പറയുന്നു. അതു കൊണ്ട് എല്ലാ വര്‍ഷവും കടന്നുവരുന്ന സാധാരണ പനിക്കാലം മാത്രമാണിതെന്ന് അവര്‍ കരുതി. ഇപ്രാവശ്യം തങ്ങളെ തേടി വന്നത് ഭയാനകമായ ഒരത്യാപത്താണെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകി.
ഒരു കാപ്പിറ്റലിസ്റ്റ് കണ്ട്രി എന്ന നിലയില്‍ കടകളടച്ച് പൊതുവേ ലോക്കഡൗണ്‍ മൂലം ഉണ്ടാകുന്ന സ്തംഭനാവസ്ഥ അവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞതേ ഇല്ല. ലോക്ഡൗണിനെതിരെ ശക്തമായ പൊതുജനവികാരമാണു തുടര്‍ന്നുണ്ടായത്. മാസ്ക് കത്തിക്കുന്നതടക്കമുള്ള പ്രതിഷേധപ്രകടനങ്ങള്‍ എമ്പാടും ആളിക്കത്തി. പക്ഷേ, ഇപ്പോള്‍ അവര്‍ യഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ, മാസ്ക് ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ മാര്‍ഗ്ഗമാണ് എന്നു തിരിച്ചറിഞ്ഞു
കഴിഞ്ഞിരിക്കുന്നു.
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, യു.എസ്സിലെ ഓരോ പൗരനും പ്രതിമാസം ഒന്നരലക്ഷം തുടങ്ങി നാലര ലക്ഷം രൂപവരെയുള്ള കോവിഡ് സാമ്പത്തിക ധനസഹായം, ഗവണ്മെന്റ് നല്കുന്നു എന്നതാണ്. തങ്ങളുടെ സമ്പദ്വ്യവസ്ഥ സുസ്ഥിരമായി തുടരണമെങ്കില്‍, തങ്ങളുടെ പൗരന്മാരുടെ ക്രയവിക്രയശേഷി നിലനിര്‍ത്തിയേ മതിയാവൂ എന്നവര്‍ക്കറിയാം. അതുകൊണ്ടാണ് അവരുടെ സമ്പദ്ഘടനയെ താഴെ പോകാനനുവദിക്കാതെ ഗവണ്മെന്റ് ഇങ്ങനെ സഹായധനം അവരുടെ പൗരന്മാര്ക്ക് നല്‍കിയത്.
യുഎസ്സിലെ രാഷ്ട്രീയവും കലങ്ങി മറിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. കൊറോണ വൈറസ്സിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടായ കാലതാമസത്തിലും വീഴ്ചയിലും കൊറോണ വൈറസ്സ് പ്രതിരോധ സമിതിയിലെ സുപ്രധാന അംഗമായ അന്റോണോ ഫൗസിക്ക് ട്രംപുമായി ഇടയേണ്ടി വന്നു. അമേരിക്കയിലെ പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റ് പാര്‍ട്ടിയാണ് ന്യൂയോര്‍ക്ക് ഭരിക്കുന്നത്. ആന്ഡ്രുമാര്ക്ക് കുമോ ആണ് ന്യൂയോര്‍ക്കില്‍ ഗവര്‍ണര്‍. ട്രംപിന്റെ അഭിപ്രായത്തെ മറികടന്ന് കുമോ ന്യൂയോര്‍ക്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവസാനം ഫൗസിയുടെയും കുമോവിന്റെയും പാതയിലേക്ക് ട്രംപിന് മടങ്ങി വരേണ്ടി വന്നു. കൊറോണ കൈകാര്യം ചെയ്ത രീതിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടായ വീഴ്ചയും, ട്രംപിന്റെ എതിര്‍പ്പ്
അവഗണിച്ചു കൊണ്ടു തന്നെ, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ ലോക്ഡൗണ്‍ അനിവാര്യമാണെന്നു പ്രഖ്യാപിച്ചതും, ട്രംപ് ഭരണകൂടത്തിന്റെ തന്നെ ഭാഗമായ ഡോ. അന്റോണോ ഫൗസി ട്രംപിനെതിരെ തിരിഞ്ഞതുമൊക്കെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയസാധ്യതയെ ബാധിക്കുമോ എന്നറിയാന്‍ ലോകത്തോടൊപ്പം ഞാനും കാത്തിരിക്കുകയാണ്.
വെള്ളക്കാരുടെ ദേശീയത ഉയര്‍ത്തിക്കാട്ടി കൊണ്ടുള്ള വലതുപക്ഷ തന്ത്രങ്ങള്‍ പയറ്റിയാണ് ട്രംപ് തന്റെ അധികാരം നിലനിര്‍ത്തുന്നതിനുള്ള ശ്രമം നടത്തുന്നത്. ഒപ്പം ഈ മഹാമാരിക്കാലത്തും അമേരിക്കയുടെ സമ്പദ്ഘടന താഴെ പോകാതെ നിലനിര്‍ത്താന്‍ സാധിച്ചു എന്ന അവകാശവാദമായിരിക്കും തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ ട്രംപ്കാര്‍ഡ്.
മെയ് ദിനത്തില്‍ ഞാന്‍ ചിക്കാഗോയില്‍ തന്നെയായിരുന്നു. ചിക്കാഗോയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ക്വയറില്‍ 1886 മെയ് 4ന് നടന്ന പ്രക്ഷോഭത്തിന്റെ അനുസ്മരണമായാണ് ലോകതൊഴിലാളിദിനം ആചരിക്കുന്നത് എന്നതിനാല്‍ ഞാന്‍ വളരെ കൗതുകത്തോടെയാണ് ആ ദിനം വീക്ഷിച്ചത്. ഈ തൊഴിലാളി സമരം തൊഴിലാളി വര്‍ഗസമരത്തില്‍ സുപ്രധാന നാഴികക്കല്ലാണ്. ‘ചിക്കാഗോ തെരുവീഥികളില്‍ ഞങ്ങളുടെ സോദരര്‍ ചിന്തിയ രക്തം…’ നമ്മള് വര്‍ഷങ്ങളായി ഏറ്റുവിളിക്കുന്ന മുദ്രാവാക്യവും മെയ് ദിനാഘോഷവും ഇതിന്റെ ഉജ്ജ്വലമായ സ്മരണകളാണല്ലോ.
എന്നാല്‍ ആ മഹത്തായ ദിനത്തിന്റെ ഒരു ലാഞ്ചനപോലും ചിക്കാഗോ നഗരത്തിലെന്നല്ല അമേരിക്കയില്‍ എങ്ങും കണ്ടില്ല. ലോകം മുഴുവന്‍ തൊഴിലാളിദിനം ആഘോഷിക്കുമ്പോള്‍ എന്തുകൊണ്ടിവിടെ അതില്ലാ എന്നതിന് അവരുടെ മറുപടി, ആ സംഭവം ഒരു സോഷ്യലിസ്റ്റ് മൂവ്മെന്റ് ആയതിനാലാണ് അവര്‍ അതു വിട്ടു കളഞ്ഞത്, എന്നായിരുന്നു.
ഒടുവില്‍ ജൂലൈ ഒന്നാം തിയതി ചിക്കാഗോയില്‍ നിന്നുള്ള വന്ദേ ഭാരത് മിഷന് എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ ഞാന്‍ നാട്ടിലേക്ക് തിരിച്ചു… മടക്കയാത്രയില്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല, ഷിക്കാഗോയില്‍ നിന്നും യാത്ര തുടങ്ങുമ്പോള്‍ സുഹൃത്തും ഫാമിലിയും എന്റെ കയ്യില്‍ തന്നിരുന്ന കൊച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലില്‍ നിന്നും സാനിറ്റൈസര്‍ കൈയിലെടുത്ത് യാത്രയിലുടനീളം ഞാന്‍ കൈകള്‍ തുടച്ചു വൃത്തിയാക്കി കൊണ്ടിരുന്നു. ഓരോ അഞ്ചു മിനിറ്റിന്റേയും ഇടവേളകളില്‍… അന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആ ഡൊമസ്റ്റിക് ഫ്ളൈറ്റിലെ എന്റെ
തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ആ യൂറോപ്യന്‍ ചെയ്തതു പോലെ…
- മഹാരാജാസ് കോളേജിലെ 1977-’80 ബിഎ മലയാളം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ പ്രസിദ്ധീകരിച്ച ‘സ്മൃതിമാധുര്യം’ എന്ന സമാഹാരത്തില്‍ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook