ചില ദിവസങ്ങളിൽ രാവിലെ എഴുന്നൽക്കുന്നതുതന്നെ ഭർത്താവിനോട് നല്ല ദേഷ്യം തോന്നിയാണ്. രാത്രി വല്ലതും കണ്ട സ്വപ്നത്തിന്റെ തുടർച്ചയാണോ ഈ ദേഷ്യം എന്നറിയാൻ പ്രത്യേകിച്ച് മാർഗമൊന്നുമില്ലാത്തതിനാൽ അന്നുമുഴുവൻ തിളച്ച് മറിഞ്ഞങ്ങ് നടക്കും. മുഖം വീർപ്പിച്ച് അന്നത്തെ കാര്യങ്ങളൊക്കെ ചെയ്ത് നടക്കുമ്പോഴും ഒരു ഓപ്പണിങ്ങിനുവേണ്ടി കാത്തിരിക്കുക ആയിരിക്കും.
വിശദമായ ഗുസ്തിയെല്ലാം കഴിഞ്ഞ് വീണ്ടും കൂട്ടാവുമ്പോൾ ഗദ്ഗദകണ്ഠയായി പഴിചാരാനുള്ള ഒരുനല്ല സംഗതിയായിരുന്നു പീര്യഡ്സും അതിനോടനുബന്ധിച്ചുള്ള മൂഡ് സ്വിങ്സും.
മൂന്നാമത്തെ പ്രസവത്തോടെ യൂടറിൻ റപ്ചർ (uterine rupture) എന്ന സ്ഥിതിവിശേഷത്തിൽ യൂട്രസിന്റെ കാര്യം ഒരു തീരുമാനമായതോടെ വെറുതെയുള്ള ദേഷ്യത്തിൽ ഞാൻ കുറിയ്ക്കുന്ന അങ്കങ്ങളുടെയെല്ലാം പൂർണ്ണ ഉത്തരവാദിത്വം ഇപ്പൊ സ്വന്തം തലയിൽ!
ഇങ്ങനെയുള്ള വെറും ദേഷ്യങ്ങൾ ഞാനടക്കമുള്ള സ്ത്രീകൾ ഭർത്താക്കന്മാരുടെ അടുത്ത് എങ്ങനെയാണ് തീർക്കുന്നത് എന്ന് എന്റെ സ്ത്രീ സുഹൃത്തുക്കളുടെ ഇടയിൽ ഞാൻ നടത്തിയ അന്വേഷണത്തിന്റെ സത്യസന്ധമായ ഒരു വിവരണമാണ് ഈ കുറിപ്പ്.
എന്റെ വഴക്കുരീതികളിൽ നിന്നുതന്നെ തുടങ്ങാം.
ഈയൊരു വിഷയത്തിൽ നമുക്കെല്ലാവർക്കും അനുകരിക്കാനുള്ള ഒരു മാതൃക പലപ്പോഴും കിട്ടുന്നത് നമ്മുടെ വീടുകളിൽ നിന്നു തന്നെയാണ്.
ഇക്കാര്യത്തിലുള്ള എന്റെ അനുഭവസമ്പത്ത് ഒരു മൂന്നു തലമുറ തൊട്ടങ്ങ് തുടങ്ങും.
അമ്മച്ചി വീട്ടിലമ്മ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ വല്യമ്മച്ചിയുടെ അമ്മ കൈയിലുള്ള ചൂല് വലിച്ചെറിഞ്ഞാണ് അമ്മച്ചിവീട്ടിൽ അപ്പനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നത് എന്ന് മമ്മി പറഞ്ഞുകേട്ടിട്ടുണ്ട്.
വീടിന്റെ ഉമ്മറത്തുള്ള ചാരുകസേരയിൽ അപ്പൻ നീണ്ടുനിവർന്നങ്ങ് കിടക്കും. ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ട അമ്മച്ചിവീട്ടിലമ്മ ഉമ്മറത്തിന്റെ ഒരറ്റത്തുനിന്ന് തറ അടിയ്ക്കുന്ന വ്യാജേന ചൂലുമായി നിൽക്കും.
അന്നത്തെ കാലത്ത് വീടുനിറയെ ആൾക്കാരുള്ളപ്പോൾ പകലൊന്നും ഭർത്താവിന്റെ അടുത്തുവന്ന് വിശേഷം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. പക്ഷെ വൃത്തിയായി കിടക്കുന്ന ഉമ്മറം വീണ്ടും എത്ര തവണ വേണമെങ്കിലും അടിച്ചുവൃത്തിയാക്കുന്നതിൽ ആർക്കും പരാതിയൊട്ടില്ല താനും.
ഉമ്മറമടിയ്ക്കുന്ന ഈ സമയത്താണ് അപ്പനും അമ്മയും ഭൂമിയ്ക്ക് താഴെയുള്ള സകല കാര്യങ്ങളും ചർച്ച ചെയ്യുന്നത് .ഈ സമയം തന്നെയാണ് അവരുടെയിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ മുളപൊട്ടുന്നതും.
അകത്ത് അമ്മായിയമ്മ, നാത്തൂൻ, കുഞ്ഞുകുട്ടി പരാധീനങ്ങൾ ഉമ്മറത്തെയ്ക്ക് ട്യൂൺ ചെയ്ത് ചെവികൂർപ്പിച്ച് ഇരിയ്ക്കുന്നതിനാൽ ഈ വഴക്കുകൾ പലപ്പോഴും “വൺസൈഡഡ്” ആവാനെ തരമുള്ളൂ. ഇങ്ങനെ ഭർത്താവിന്റെ ഏകപക്ഷീയമായ ചീത്തപറച്ചിലിന് നല്ല “കൊത്ത്കൊത്ത്” എന്ന് തിരിച്ച്പറയാൻ സാധിയ്ക്കാതെ പോകുന്നതിന്റെ അമർഷം അമ്മ പിന്നെങ്ങനെ പുറത്തുകാണിയ്ക്കും. ചൂല് വലിച്ചൊരേറുകൊടുത്തിട്ട് മുണ്ടിന്റെ പിറകിൽ അടുക്കടുക്കായി കിടക്കുന്ന വിശറി വിറപ്പിച്ച്, വെട്ടിത്തിരിഞ്ഞ് അകത്തേയ്ക്ക് പോകുക എന്നുളളതേ അമ്മയ്ക്കൊരു മാർഗ്ഗമുണ്ടായിരുന്നുള്ളു.
അമ്മച്ചിവീടിന്റെ ചുമരിലെ അരിക് ദ്രവിച്ചുതുടങ്ങിയ ആ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ ഒരു വ്യാകുലമാതാവിന്റെ ശാന്തതയോടെ ഇരിയ്ക്കുന്ന ഈ സുന്ദരിഅമ്മയാണൊ ചൂൽ വലിച്ചെറിഞ്ഞ് നിശ്ശബ്ദപ്രതിഷേധം നടത്തിയിരുന്നത് എന്ന് ഫോട്ടൊനോക്കി ഞങ്ങൾ കുട്ടികൾ അത്ഭുതപ്പെടുമായിരുന്നു.പക്ഷെ ചൂല് വലിച്ചെറിയുന്നതിൽ തീർന്നോണം അവരുടെ പ്രതിഷേധങ്ങൾ. അതിനപ്പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ധൈര്യമൊന്നും ഇല്ലാത്ത ആ ഒരു പഴയ തലമുറ.
രാത്രി സന്ധ്യപ്രാർത്ഥനയിൽ അഞ്ചുരഹസ്യങ്ങളുടെ ഒപ്പം ആറാമത്തെ രഹസ്യമായി അന്നത്തെ ചൂൽ വലിച്ചെറിയൽ എപ്പിസോഡും കൂട്ടി മാതാവിന്റെചെവിയിൽ ചേർത്തുവച്ച്, കൊന്ത ചൊല്ലിതീർത്ത് സ്തുതികൊടുക്കുമ്പോഴേയ്ക്കും തീർന്നു പിണക്കങ്ങൾ.അടുത്ത ദിവസവും, അതിനടുത്തദിവസവും,തമ്മിലൊരാൾ മരിയ്ക്കുന്നതുവരെയും ഇതിങ്ങനെയൊക്കെ തന്നെയങ്ങ് പോകും.
വെറുതെ ഒരു ചൂല് വലിച്ചെറിഞ്ഞാൽ എന്റെ പ്രതിഷേധങ്ങൾ ഒരിയ്ക്കലും തീരാറില്ലാത്തതിനാലും, വലിച്ചെറിയാൻ പറ്റിയ, മനസ്സിനുപിടിച്ചതരത്തിലുള്ള ഒരു ചൂല് ഇവിടെ ഷിക്കാഗോയിൽ കിട്ടാത്തതിനാലും ( പുൽച്ചൂലും മറ്റും ആഞ്ഞ് വലിച്ചെറിഞ്ഞാൽ എന്താവാൻ!!)എന്റെ ഗ്രേറ്റ് ഗ്രാന്റ്മദറിന്റെ സ്റ്റ്രാറ്റജി കേട്ടപാടെ ഞാൻ തള്ളി.
അടുത്തത് അമ്മച്ചി എന്ന് ഞങ്ങൾ വിളിയ്ക്കുന്ന എന്റെ മമ്മിയുടെ അമ്മ.
ഇടതൂർന്നു് ചുരുണ്ട മുടിയുള്ള, വ്യാകുലമാതാവ് ജൂണിയർ എന്നു വിളിക്കാവുന്ന സുന്ദരി അമ്മച്ചി പതിന്നാലാം വയസ്സിൽ കസവു
നേര്യതുചുറ്റി പള്ളിയിൽ പോകുന്നത്
കണ്ട് മോഹപരവശനായിട്ടാണ് ഞങ്ങളുടെ അപ്പച്ചൻ അങ്ങോട്ട് പെണ്ണുചോദിച്ച് ചെന്ന് കല്ല്യാണം കഴിച്ചതത്രെ.
എങ്ങനെ ഇഫെക്ടിവ് ആയി വഴക്കുകൂടാം എന്നതിൽ അമ്മച്ചി എങ്കിലും ഒരുനല്ല മാതൃക കാട്ടിത്തരുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അമ്മച്ചിയെക്കൊണ്ടു് ഈ വിഷയത്തിൽ ഒരു പ്രയോജനവും ഉണ്ടായില്ല.ശാന്തശീലയും, ഒരുറുമ്പിനേപ്പോലും നോവിക്കില്ല എന്ന വാശിയുമുള്ള സൗമ്യയായ അമ്മച്ചി ക്ഷിപ്രകോപിയായ അപ്പച്ചന്റെ മുൻപിൽ അക്ഷോഭ്യയായി നിൽക്കുന്നതേ കണ്ടിട്ടുള്ളൂ.അപ്പച്ചന്റെ സിരകളിൽ രക്തത്തിനൊപ്പം തീക്ഷണമായ കുടുംബസ്നേഹവും മുൻ കോപവും തുല്യാനുപാതത്തിൽ ഒഴുകിയിരുന്നതുകൊണ്ട് അവധിക്കാലങ്ങൾ ഞങ്ങൾ കൊച്ചുമക്കൾക്ക് സംഭവബഹുലമായിരുന്നു.അപ്പച്ചനിങ്ങനെ വെളിച്ചപ്പാടു തുള്ളുമ്പോൾ ഒരുതരിപോലും ദേഷ്യംവരാതെ എങ്ങനെയാ ഇങ്ങനെ ശാന്തയായിനിൽക്കാൻ കഴിയുന്നത് എന്നുള്ളത് തറവാട്ടിലെ എന്റെ അവധിക്കാലതാമസത്തിനിടെയിലെ ഉത്തരംകിട്ടാത്ത വലിയ ചോദ്യചിഹ്നമായിരുന്നു.ഒരിയ്ക്കലെങ്കിലും അപ്പച്ചനോടു് “നല്ലത് നാലെണ്ണം” തിരിച്ചുപറയാൻ മനസ്സിലെങ്കിലും തോന്നിയിട്ടില്ലേ എന്ന് അമ്മച്ചിയോട് ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്..പക്ഷെ ചോദിച്ചിട്ടില്ല.ഇനിയിപ്പൊ ചോദിച്ചിട്ടും പ്രയോജനമില്ല.
“ഇതാരാ വന്നിരിയ്ക്കുന്നേ എന്ന് മനസ്സിലായോ” എന്നു ചോദിയ്ക്കുമ്പോൾ, “തങ്കേടെ മൂന്നാമത്തെ മോളല്ലെ” എന്ന ഉത്തരം പ്രതീക്ഷിച്ചുനിൽക്കുന്ന എന്നോട് “ഗിവർഗ്ഗീസുപുണ്യാളന്റെ മകളല്ലെ നീ”എന്നു തിരിച്ച് ചോദിയ്ക്കുന്ന ആളോടു ഇനിയിപ്പോ ചോദിച്ചിട്ടെന്തിനാ??
മഠത്തിലെ പുണ്യജീവിതങ്ങളെ മാത്രമല്ല എന്റെ വല്യമ്മച്ചിയെപോലുള്ളവരെയും സഭ പുണ്യവതികളായി പ്രഖ്യാപിക്കേണ്ടതാണ്.പുണ്യവതിയൊന്നും ആയില്ലെങ്കിലും മിനിമം ഒരു വാഴ്ത്തപ്പെട്ടവളെങ്കിലും ആകാനുള്ള യോഗ്യതയൊക്കെ ‘ചിലവി’ലെ അമ്മച്ചിയ്ക്കുണ്ട് എന്നാണ് എന്റെയൊരു തോന്നൽ! എന്തായാലും വഴക്കുകൂടൽ വിഷയത്തിൽ അനുകരണനീയമായ ഒരു മാതൃകയേ ആയിരുന്നില്ല അമ്മച്ചി.
അമ്മച്ചിയുടെ മകളാണെങ്കിൽ – അതായത് എന്റെ മമ്മി- ഈ വിഷയത്തിലൊരു ജഗജില്ലിയും.
ടേബിൾ ലാംപ്, ഫ്ലവർ വേസ്,മുതലായ വീട്ടുസാധനങ്ങൾ ഒരുമയവുമില്ലാതെ എറിഞ്ഞുടയ്ക്കുക എന്നുള്ളതായിരുന്നു വീട്ടിൽ മമ്മിയുടെ ഒരു രീതി. യുദ്ധഭൂമിയിലെ ശരവർഷം പോലെയായിരുന്നു പ്ലേറ്റ്,കപ്പ്,സോസർ,ഒക്കെ ഞങ്ങളുടെ വീട്ടിലെ വായുവിൽ പറന്നുനടന്നിരുന്നത്.പപ്പ പെണ്ണുകാണാൻ വന്നപ്പോൾ മുതൽ കലഹം തുടങ്ങുന്നതിനു് തൊട്ടുമുൻപുള്ള നിമിഷം വരെ ചെയ്ത തെറ്റുകുറ്റങ്ങൾ ക്രമം തെറ്റാതെ,എണ്ണിപെറുക്കി പറയുന്നതിൽ മമ്മിയ്ക്കൊരു പ്രത്യേക കഴിവായിരുന്നു.അസാമാന്യ ഓർമ്മശക്തിയും.അപ്പച്ചന്റെ മുൻ കോപത്തിന്റെ മിന്നലാട്ടങ്ങൾ കുറച്ചൊന്നുമല്ല മമ്മിയിലുണ്ടായിരുന്നത്.
മമ്മിയാണ് ആദ്യം മരിയ്ക്കുന്നതെങ്കിൽ പപ്പായെ പൊന്നുപോലെ നോക്കും എന്നൊരു ഉറപ്പ് മരിയ്ക്കുന്നതിന് മുൻപ് ഞങ്ങൾ നാല് പെണ്മക്കളുടെകൈയ്യിൽ നിന്നും പലതവണ നേരിലും , ഫോണിൽക്കൂടിയും വാങ്ങിവച്ചിരുന്നു ഞങ്ങളുടെ മുൻ കോപക്കാരി മമ്മി.അരിശമഴയ്ക്ക് മീതെ ഏറെ ഉയരത്തിൽ ഒരു വലിയ കരുതൽ കുട നിവർത്തിവച്ചിരുന്നു മമ്മി എക്കാലവും !എല്ലാസ്നേഹങ്ങൾക്കുമുണ്ടല്ലോ ചില വിചിത്ര മുഖങ്ങൾ!! അതായിരുന്നു മമ്മി.
കാശുമുടക്കി ഒത്തിരി ഇഷ്ടത്തോടെ വാങ്ങിവച്ചിരിയ്ക്കുന്ന സാധനങ്ങൾ എറിഞ്ഞുടയ്ക്കുന്നതിനോട് അന്നും ഇന്നും തീരെ യോജിപ്പില്ലാത്തതിനാൽ എതിർപ്പക്ഷത്ത് ചലനമുണ്ടാക്കാനുള്ള വേറെ നല്ല ഉശിരൻ മാർഗ്ഗങ്ങൾക്കായി ഞാൻ എന്റെ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു..
ആദ്യം താമസിച്ച അപ്പാർട്ട്മെന്റിലാണ് ആദ്യ വഴക്കിന്റെ ഉദ്ഘാടനം തേങ്ങ ഉടച്ച് മംഗളമായി തുടങ്ങിയത്. അന്ന് മുൻവാതിൽ ശബ്ദം കേൾപ്പിച്ച് വലിച്ചടച്ച് (പുറത്തേയ്ക്ക് പോയത് ഭർത്താവ് അറിയണമല്ലൊ) പുറത്തിറങ്ങി എലവേറ്റർ വഴി താഴെ ലോബിയിൽ വന്ന് കുറച്ചു് നേരം വെറുതെ ഇരുന്നു. അപ്പാർട്ട്മെന്റ് ആയതുകൊണ്ട് ചില പരിമിതികളുണ്ടായിരുന്നു. മനസ്സുതുറന്ന് വഴക്കുകൂടാൻ ഇൻഡിപ്പെൻഡന്റ് വീടുകളാണ് എന്തുകൊണ്ടും അനുയോജ്യം എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ലോബിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ആൾക്കാർക്ക് മുഴുവൻ “ഹലൊ,ഹായ്” കൊടുത്ത് മടുത്തതല്ലാതെ ആ വഴക്കുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായില്ല. ശാന്തശീലനായ ഭർത്താവ് അങ്ങനെയിങ്ങനെയൊന്നും പ്രകോപിതനാവില്ല എന്നുള്ളത് ഇക്കാര്യത്തിൽ വല്ല്യ ഒരു പോരായ്മ ആയിരുന്നു. തുല്യശക്തികളോട് വേണമല്ലൊ എതിരിടാൻ.
അപ്പാർട്ട്മെന്റിൽ നിന്നു് സ്വന്തം വീട്ടിലേയ്ക്കു മാറി താമസിച്ചതിനുശേഷമാണ് മനസ്സുതുറന്ന് വഴക്കുകൂടാൻ തുടങ്ങിയത്.
ഡിസംബർ അവസാനം തൊട്ട് ഫെബ്രുവരി അവസാനം വരെയുള്ള സമയമാണ് വഴക്ക് കൂടുന്നതെങ്കിൽ ഞാൻ നേരെയിറങ്ങി പുറത്തെ മഞ്ഞിൽ പോയി നിൽക്കും.വാതിൽ വലിയ ശബ്ദത്തോടെ വലിച്ചടയ്ക്കുക എന്നത് ഇതിനും അത്യാവശ്യമാണ്.അല്ലെങ്കിൽ തണുത്തുവിറച്ച് മഞ്ഞിൽ നിൽക്കുന്നത് ഭർത്താവ് എങ്ങനെ അറിയും? മനസ്സിൽ ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണുമ്പോഴേയ്ക്കും എന്റെ ‘പൊന്നെ തേനേ’ എന്നൊക്കെ പറഞ്ഞ് ഭർത്താവ് വാരിയെടുത്ത് വീടിനകത്ത് കയറിയിരിക്കണം. ഇനി പത്തുവരെയോ, 25 വരെയൊ എണ്ണിയിട്ടും ഭർത്താവ് വരുന്നില്ലെങ്കിൽ രണ്ടു സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ ഹൈപൊതെർമ്മിയ വന്ന് ഞാൻ മരിച്ചുപോയിട്ടുണ്ടാകും , അല്ലെങ്കിൽ വലിയ ശബ്ദത്തിൽ വാതിലടച്ച് ഞാൻ പുറത്തുപോയതൊന്നും അറിയാതെ ഭർത്താവ് സുഖസുഷുപ്തിയിലാണ്ടുകിടക്കുകയാവും. ഇതിലേതായാലും ഒരു കാര്യം വ്യക്തം. ആരോഗ്യം കളയാതെ തിരിച്ച് കയറിപ്പോരുന്നതാണ് ബുദ്ധി. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട സമയമായെന്നർത്ഥം.
ഞാനിവിടെ കഷ്ടപ്പെട്ട് മഞ്ഞിലിറങ്ങി നിന്ന് ഒറ്റക്കാലിൽ ഓരോ പരാക്രമം കാണിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്നെ മോഹിപ്പിയ്ക്കുന്ന വഴക്ക് രീതികളുമായി വേറെ ചില സുഹൃത്തുക്കൾ വന്നത്.
ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടെ ‘ഡോർ നോബുകളെല്ലാം തന്നെ അഴിച്ച് മാറ്റിവച്ചിരിയ്ക്കുന്നു. എല്ലാ വാതിലുകളുടെയും കൈപ്പിടിയുടെ സ്ഥാനത്ത് നല്ല ഒത്ത വട്ടത്തിലുള്ള ദ്വാരങ്ങൾ.ഇതെന്താ ഇങ്ങനെ എന്നു ചോദിച്ചപ്പോഴാണ് ഭാര്യ അവരുടെ വഴക്കുരീതി പറഞ്ഞത്.
വഴക്ക് മൂക്കുമ്പോൾ അടുക്കളയിലേയ്ക്ക് പാഞ്ഞുചെന്ന് കൈയിൽകിട്ടുന്ന കത്തി കത്രിക തുടങ്ങിയ മാരകായുധങ്ങളുമായി ഓഫിസ്സുമുറിയിൽ കയറി കതകടച്ചു കുറ്റിയിടുമത്രെ. മറ്റുമുറിയിലൊന്നും കയറാതെ ഓഫിസ് മുറി തന്നെ തിരഞ്ഞെടുക്കാൻ എന്താണു കാരണം എന്നുചോദിച്ചപ്പോൾ ഉടനെ വന്നു അതിനുള്ള വിശദീകരണം.”ഓഫീസ് മുറിയിലല്ലെ എന്റെ ബുക്ക് ഷെൽഫും കാര്യങ്ങളും. ഞാനവിടെ സ്വസ്ഥമായിരുന്ന് വായന തുടങ്ങും.” കത്തി, കത്രിക കൈയിലെടുത്ത് അൽപം നാടകീയത സൃഷ്ടിച്ചിച്ചിരിക്കുന്നത് കൊണ്ട് വല്ല അതിക്രമവും ചെയ്തുകളയുമോ എന്നു ഭയന്ന് ഭർത്താവ് പുറത്ത് നിന്ന് തട്ടിവിളിച്ചുകൊണ്ടെയിരിക്കും. ഭർത്താവിന്റെ ക്ഷമാപണത്തിൽ ആത്മാർത്ഥത തോന്നിയാൽ മാത്രമേ വാതിൽ തുറന്ന് ഭാര്യ പുറത്തുവരികയുള്ളത്രെ. സോറി പറച്ചിലിൽ ഇത്തിരി കുറവുവന്നാൽ ഡേബെഡ് ഇട്ടിട്ടുള്ള ആ മുറിയിൽ തന്നെയായിരിക്കും അന്നത്തെകിടപ്പും.
മാരാകായുധങ്ങളുമായുള്ള മുറിയടച്ചിരുപ്പ് ഭർത്താവിന് കൊടുക്കുന്ന ടെൻഷൻ ഓർക്കുമ്പോൾ തന്നെ വല്യ തൃപ്തിയാണെന്ന് ഭാര്യ.ടെൻഷൻ താങ്ങാൻ വയ്യാതെ എല്ലാ ഡോർ നോബ്സും അഴിച്ച് വച്ച് മാരകായുധങ്ങളുമായുള്ള ഭാര്യയുടെ മുറിയടച്ചിരുപ്പിന് തടകെട്ടി എന്ന് ആശ്വാസത്തോടെ ഭർത്താവ്. എത്രയാന്ന് വിചാരിച്ചാ രാത്രി മുഴുവൻ ഉറക്കമിളച്ച് ഓഫീസ് മുറിയുടെ വാതിലിൽ ചാരി ഇരിയ്ക്കുന്നത് എന്ന് ഭർത്താവിന്റെ ആത്മഗതം വേറെ.
മടുത്തിട്ടാണത്രെ ഡോർ നോബ്സ് അഴിച്ചുവച്ചത്.
ഞാനേറ്റവും കൗതുകത്തോടെയും ഇഷ്ടത്തോടെയും നോക്കിയിരിയ്ക്കുന്ന വഴക്കുകൾ എന്റെ തൊട്ടയൽവക്കത്തുള്ള മൈഥിലിയുടേതാണ്. മൈഥിലി എനിയ്ക്ക് വെറുമൊരു അയൽവക്കകാരിയല്ല.ഉപ്പ് തൊട്ട് കർപ്പൂരം വരെ തീർന്നാൽ ഞങ്ങൾ രണ്ടാളും ആദ്യം ഓടുന്നത് കടയിലേയ്ക്കല്ല. മൈഥിലിയുടെ വീട്ടിലേയ്ക്ക് ഞാനും എന്റെ വീട്ടിലേയ്ക്ക് മൈഥിലിയും.ഇന്റർന്നെറ്റിൽനിന്ന് ഒരു പുതിയ റെസിപ്പി എടുത്ത് പരീക്ഷിച്ചാൽ, ഒരുനല്ല പുഡ്ഡിംഗ് ഉണ്ടാക്കിയാൽ, പിസ്സ അവനിൽ കയറ്റിയാൽ ഫോൺ വിളി അങ്ങോട്ടുമിങ്ങോട്ടും പോകും.ഞങ്ങളുടെ വീടുകളുടെ ഇടയിലുള്ള റോഡിലൂടെ അലുമിനിയം ഫോയിൽ കൊണ്ട് മൂടിയും മൂടാതെയും രുചികളും മണങ്ങളും നിർബാധം സഞ്ചരിച്ചുകൊണ്ടിരുന്നു.
ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിൽ നിന്നാണ് മൈഥിലിയുടെ വരവെങ്കിലും ദാമ്പത്യത്തിൽ ഗാന്ധിയൻ രീതികളായ അഹിംസ, പീസ്ഫുൾ പ്രൊട്ടസ്റ്റ് ഇതൊന്നും തന്നെ പാലിയ്ക്കാത്ത ഒരാളായിരുന്നു മൈഥിലി. അവരുടെ വഴക്കുകൾ കൈയ്യാങ്കളിയിലെത്തിയാൽ സർവ്വംസഹ മോഡിൽ നിൽക്കാനൊന്നും മൈഥിലിയെ കിട്ടില്ല. മൈഥിലിയുടെ ശ്രീരാമചന്ദ്രന് അടി ഉറപ്പ്. അമേരിക്കയിൽ ജനിച്ചുവളർന്ന മൈഥിലിയോട് നല്ലനേരം നോക്കി കൂടെതാമസിയ്ക്കുന്ന ഭർത്താവിന്റെ അമ്മ പറഞ്ഞത്രെ.
“നമ്മുടെ ഇൻഡ്യൻ ട്രഡീഷൻ അനുസരിച്ച് ഗുജറാത്തിലൊക്കെ ഭർത്താക്കന്മാർ ഭാര്യമാരെയാണ് അടിയ്ക്കുന്നത്, ഭാര്യമാർ ഭർത്താക്കന്മാരെ അടിയ്ക്കാൻ പാടില്ലത്രെ.”
അതിനു് മൈഥിലി കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു.
“ഞാൻ ജനിച്ചതും വളർന്നതും അമേരിയ്ക്കയിലാണല്ലൊ.എന്നെ ആരടിച്ചാലും, ഇനി അഥവാ അടിയ്ക്കാൻ ആലോചിയ്ക്കുന്നുണ്ടെന്ന് എനിയ്ക്ക് തോന്നിയാലും ഞാൻ തിരിച്ചടിച്ചിരിക്കും.ഇക്കാര്യത്തിൽ അമേരിയ്ക്കയുടെ preemptive strike പോളിസി ആണ് എന്റേത്.”
ചിലപ്പോൾ മാത്രം – (മാസത്തിലൊന്ന് ഉറപ്പായിട്ടും ഉണ്ടാവും)- രുചിവഴികളിലൂടെ തിളച്ച് മറിഞ്ഞു് എന്റെ വീട്ടിലേയ്ക്ക് മൈഥിലി വരും.
ഭർത്താവിനോട് വഴക്ക് തുടങ്ങിയാൽ മൈഥിലിയുടെ പ്രവർത്തികൾക്കെല്ലാം കൃത്യമായ ഒരു പാറ്റേൺ ഉണ്ട്. ദുഖവെള്ളിയാഴ്ച ഞങ്ങൾ ചൊല്ലുന്ന കുരിശിന്റെ വഴിയിലെ പതിന്നാലുസ്ഥലങ്ങൾ പോലെ മൈഥിലിയ്ക്കുമുണ്ട് അവരുടെ “ദാമ്പത്യകലഹവിയാസാക്രയില്” (Via Sacra) നാലുസ്ഥലങ്ങൾ.
ഒന്നാം സ്ഥലം എന്റെ വീട്.
അവിടെയാണ് കലഹകാരണങ്ങളുടെ കെട്ടഴിയ്ക്കുന്നത്. എങ്ങനെയാണ് അടുത്ത രണ്ടുദിവസം ഭർത്താവിനെയും വീട്ടുകാരെയും മാനസികമായി പീഡിപ്പിക്കാൻ പോകുന്നത് എന്നതിന്റെ ഒരു ഏകദേശ രൂപരേഖ അവിടെയിരുന്ന് തയ്യാറാക്കി എന്നെ പറഞ്ഞുകേൾപ്പിയ്ക്കും.വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രമേ കഴിയ്ക്കൂ എന്ന് പിടിവാശിയുള്ള ഭർത്താവും , ഭർത്താവിന്റെ അച്ഛനും അമ്മയും മൈഥിലിയില്ലാത്ത ആ രണ്ടു ദിവസം ഭക്ഷണം പുറത്തുനിന്ന് കഴിയ്ക്കുന്നതോർത്ത് നിർവൃതിയടയും.അവരുടെ ജീവിതം മോശമല്ലാത്ത രീതിയിൽ ക്ലേശകരമാക്കാൻ പറ്റിയ വേറെ ചില നൂതന ആശയങ്ങൾ കൂടി മൈഥിലി മുന്നോട്ടുവയ്ക്കും.ചിലത് ഞാൻ ശരിവയ്ക്കും, ചിലത് ഒന്നുകൂടി ആലോചിച്ചിട്ടു പോരെ എന്നു് ഞാൻ ചോദിയ്ക്കും.എന്റെ ബന്ധുക്കളാരും ഷിക്കാഗൊയിൽ ഇല്ലാത്തതിന് ദൈവത്തിനുമുൻപിൽ മുട്ടുകുത്തിനിന്ന് നന്ദിപറയാൻ തോന്നുന്നതും മൈഥിലിയുടെ ഈ ഒന്നാം സ്ഥലത്തെ വിവരണങ്ങൾ കേൾക്കുമ്പോഴാണ്.
രണ്ടാം സ്ഥലം ബിന്നീസ് ബീവറേജസ്.
വീട്ടിൽ ഇടതടവിലാതെ എത്തുന്ന വിരുന്നുകാരും,സമയത്തും അസമയത്തും ഉണ്ടാക്കേണ്ടിവരുന്ന വിഭവങ്ങളും, ഭർത്താവിന്റെ അച്ഛനമ്മമാർക്ക് അതിരാവിലെ കഴിക്കേണ്ട മരുന്നുകളും മൈഥിലിയെ കൈയിൽകെട്ടിയിരിക്കുന്ന വാച്ചിലെ നിമിഷസൂചിതുമ്പിലാണ് ഇട്ട് കറക്കുന്നത്. രണ്ടുദിവസം അതിൽനിന്നെല്ലാം വിടുതൽ നേടി പഴയ കെയർഫ്രീ കോളേജു കുട്ടിയാവാനാണ് ബിന്നീസിലേയ്ക്കുള്ള പോക്ക്. അവിടെനിന്ന് ഇഷ്ടമുള്ള ബ്രാന്റ് വാങ്ങി നേരെ മൂന്നാം സ്ഥലത്തേയ്ക്ക്.
പട്ടേൽ ബ്രദേഴ്സ് ആണ് മൂന്നാം സ്ഥലം.
അവിടെനിന്ന് കൊറിയ്ക്കാനുള്ള കശുവണ്ടി, മസാലക്കടല, പിന്നെ ഇഷ്ടമുള്ള വേറെചില ഗുജറാത്തി സ്നാക്സും വാങ്ങി നാലാം സ്ഥലത്തേയ്ക്ക് മൈഥിലി വണ്ടിയോടിയ്ക്കും.
ഷൊംബർഗ്ഗിലെ മാരിയട്ട് നാലാം സ്ഥലം.
വീട്ടിൽ നിന്നും രണ്ടുമൈയിൽ ദൂരത്തുള്ള ഈ ഹോട്ടലിൽ എത്തിക്കഴിഞ്ഞാൽ തീർന്നു കലഹവഴിയിലെ വിലാപയാത്ര. കുരിശ് വലിച്ചൊരേറുകൊടുത്തിട്ട്, കടമകളെയൊക്കെ പുറത്തുനിർത്തി വാതിലടച്ചാൽ പിന്നെ രണ്ടുദിവസം മൈഥിലിയുടെ മാത്രം ലോകമാണ്. ടിവി കണ്ട്, വൈൻ കുടിച്ച്, സ്നാക്ക്സ് ഒക്കെ കൊറിച്ച് രണ്ടു ദിവസത്തയ്ക്ക് മടുപ്പിയ്ക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും മൈഥിലി വിടുതൽ നേടും.
ഇത്രയും ഭാഗം ഓക്കെ. ഇനിയുള്ളതാണ് എനിയ്ക്കിഷ്ടമില്ലാത്ത ഭാഗം.
മുറിയിൽ സ്വസ്ഥമായി കഴിയുമ്പോൾ എനിയ്ക്ക് മൈഥിലിയുടെ ഫോൺ വരും.
” പ്രിയാ, എന്റെ ബാത്ത് റൂം സ്ലിപ്പേഴ്സ് മറന്നു.എന്റെ ബെഡ് റൂമിലെ കട്ടിലിന്റെ ഇടത്തേവശത്ത് തറയിലുണ്ടത്. ഒന്നെടുത്തുകൊണ്ടുവന്ന് തരുമോ അതില്ലാതെ എനിയ്ക്കിവിടെ റിലാക്സ് ചെയ്യാൻ പറ്റുന്നില്ല.” പോലും.
പിന്നെ എന്റെ ജോലിയാണ് കള്ളനെപോലെ പതുങ്ങി, ഗരാജ് കോഡ് അമർത്തി, അകത്തുകടന്ന് മൈഥിലിയുടെ മുറിയിൽ കയറി ഈ ചെരിപ്പ് എടുത്തു് ഹോട്ടലിൽ എത്തിയ്ക്കുക എന്നുള്ളത്. ഏതു നേരത്താണോ ഇവരുടെ അടുത്ത് വീടുവാങ്ങാൻ തോന്നിയത് എന്നൊക്കെ ആലോചിച്ചാണ് ഞാനീ “ടാസ്ക് ” ചെയ്തുത്തീർക്കുന്നത്.
മൈഥിലിയുടെ ഭർത്താവിന്റെ അച്ഛന് കണ്ണുകാണില്ലാ എന്നുള്ളതും ഗുജറാത്തി സീരിയലിന്റെ ആഡിക്റ്റ് ആണ് അമ്മയെന്നുള്ളതും എന്റെ മഹാഭാഗ്യം.
രണ്ടുമൂന്നുതവണ ഇതാവർത്തിച്ചപ്പോൾ ഞാനും തയ്യാറായിട്ടിരിക്കാൻ തുടങ്ങി.ഒന്നാംസ്ഥലത്തെചെക്ക്ലിസ്റ്റിൽ ബാത് റൂം സ്ലിപ്പേഴ്സ്, പൈജാമ ഇതൊക്കെ ടിക്ക് ചെയ്യിപ്പിച്ചിട്ടെ രണ്ടാം സ്ഥലത്തേയ്ക്ക് ഞാൻ മൈഥിലിയെ വിടുമായിരുന്നുള്ളു.
ഈ രണ്ട് ദിവസം ആൾ എവിടെയാണെന്നുള്ളത് ഞാനൊഴികെ മറ്റാരും അറിയില്ല. “I am rocking here” എന്ന് രാവിലെയും വൈകുന്നേരവും എനിയ്ക്കു് കൃത്യമായി മെസ്സേജ് വരും. രണ്ടുദിവസം കഴിഞ്ഞ് റീചാർജ്ജ്ഡ് ആയി തിരികെ പോകുന്ന സ്നേഹപിണക്കത്തിന്റെ മറ്റൊരു ഭാവം.
പ്രശസ്ത മാധ്യമപ്രവർത്തക ലീല മേനോൻ എഴുതിയ ഒരു പഴയ അനുഭവക്കുറിപ്പോർക്കുന്നു.ഭർത്താവ് ഭാസ്കരനുമായി പിണങ്ങിയിരുന്നപ്പോൾ ഫോണിലൂടെ
“പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ” എന്ന പാട്ട് ഭർത്താവ് പാടി കേൾപ്പിച്ചതും, പിണങ്ങി അകന്നിരുന്നപ്പോൾ തന്നെ അദ്ദേഹം മരിച്ചതും, അതു അവരിലുളവാക്കിയ കനത്ത ദുഖവും അന്ന് സ്കൂൾ കാലത്ത് വായിക്കുമ്പോൾ മനസ്സിൽ തോന്നിയ ഒരു ഭാരമുണ്ട്.
ഇതേപോലൊരു സംഭവം പിന്നീട് കേൾക്കുന്നത് പപ്പയും മമ്മിയും താമസിച്ചിരുന്ന അപാർട്ട്മെന്റിൽ നിന്നാണ്. മമ്മിയ്ക്ക് ഡയാലിസിസ് തുടങ്ങിയ മാസങ്ങളിൽ കൂടെ നിൽക്കാനായി പോയതാണ്.എലവേറ്ററിൽ ഒപ്പമുണ്ടായിരുന്ന വെളുത്ത് മെലിഞ്ഞ ഒരു ആന്റി കുശലം പറഞ്ഞ് അവരുടെ ഫ്ലോറിൽ ഇറങ്ങിപോയപ്പോഴാണ് മമ്മി അവരുടെ കഥ എന്നോടു് പറഞ്ഞത്. അവരുടെ ഭർത്താവ് ഈയിടെ മരിച്ചുപോയത്രെ.അതിൽ അസാധാരണത്വം ഒന്നുമില്ല,പക്ഷെ മരിച്ച രീതിയിലാണ് ഇത്തിരി അസാധാരണത്വം.രണ്ടുപേരും വഴക്കുക്കൂടുന്നതിനിടയിൽ ആണത്രെ ഭർത്താവ് നെഞ്ചുവേദനിയ്ക്കുന്നു എന്ന് പറഞ്ഞ് സോഫയിലേയ്ക്കു ചാഞ്ഞത്.ശ്രദ്ധകിട്ടാനുള്ള ഭർത്താവിന്റെ നാട്യമെന്ന് കരുതി അവരത് പാടെ തള്ളിയത്രെ. ആ ഇരുപ്പിൽ ഭർത്താവ് മരിച്ചു. വല്ലാത്ത കുറ്റബോധത്തിലും സങ്കടത്തിലുമാണ് ആ ആന്റിയിപ്പോൾ. ഒന്നടുത്തിരുന്ന് നെഞ്ചുതിരുമ്മി,സോറി പറഞ്ഞ് കൂട്ടായതിനുശേഷം മരിച്ചിരുന്നെങ്കിൽ ഇത്രയധികം വിഷമം തോന്നില്ലായിരുന്നുവത്രെ.
ചിലസ്വാതന്ത്ര്യങ്ങളും, കുസൃതിപിണക്കങ്ങളും കാണിയ്ക്കാൻ പറ്റുന്നത് നമ്മുടെ ജീവിതപങ്കാളിയോടു മാത്രമാണ്. സ്നേഹത്തിനിടയിലെ കുഞ്ഞുപിണക്കങ്ങൾക്കും, പിണക്കത്തിനിടയിലെ കരുതലുകൾക്കും എന്തൊരു വശ്യതയാണ്. പിണങ്ങിയിരിക്കുമ്പോഴും ഭർത്താവ് ഇഷ്ടമുള്ള ഹോർലിക്സ് എടുത്ത് മേശപ്പുറത്ത് മൂടിവച്ചിരിക്കുന്നത് കാണുമ്പോൾ എന്തൊരു ഭംഗിയാണീ ലോകത്തിന് എന്ന് പിന്നെയും പിന്നെയും തോന്നും.പക്ഷെ പിണക്കങ്ങൾക്കിടയിൽ തമ്മിലൊരാൾ പറയാൻ ബാക്കി വച്ചത് മുഴുപ്പിക്കാതെ, കേൾക്കാതെ പോകേണ്ടിവന്നാൽ ഉണ്ടാകുന്ന നിരാശയും സങ്കടവും എത്ര വലുതായിരിക്കും.
ആ ഒരു ചിന്ത ഈയിടെയായി കൂടികൂടി വരുന്നതിനാൽ വെറും വഴക്കുകൾ നന്നായി കുറച്ചു.ഷിക്കാഗൊയിലെ മഞ്ഞെല്ലാം ഇപ്പൊ വെറുതെ പെയ്തുതീരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook