scorecardresearch

നെയ്മാർ, കാൽപന്തുരുളുന്നത് മൈതാനത്തിലൂടെയല്ല, ചരിത്രത്തിലും വർത്തമാനത്തിലും കൂടിയാണ്

“കട്ടൗട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നെയ്മാറിനെ വാഴ്ത്തുമ്പോൾ ബ്രസീലിന്റെ കളിമികവിനെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ ശരി. അല്ലെങ്കിൽ പക്ഷേ നിങ്ങൾ കാണാത്തത് പലതും ലോകം കാണുന്നുണ്ട്” നെയ്മാറിന്റെ രാഷ്ട്രീയ അപഭ്രംശത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീൽ ഫുട്ബോളർമാരുടെ ജനാധിപത്യബോധത്തെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ

നെയ്മാർ, കാൽപന്തുരുളുന്നത് മൈതാനത്തിലൂടെയല്ല, ചരിത്രത്തിലും വർത്തമാനത്തിലും കൂടിയാണ്

“ഗണിതജ്ഞനായ ഞങ്ങളുടെ പിതാവേ,
തെറ്റാതെ കണക്കുകൂട്ടാനുള്ള കഴിവ് ഞങ്ങൾക്ക് തരേണമേ,
അന്നന്നു വേണ്ട ഗോളുകളെക്കുറിച്ചുള്ള വാർത്തകൾ – പീഡിതമായ ഞങ്ങളുടെ ബാങ്ഗു ഫുട്ബോൾ ടീമിന്റെ ഗോളുകളെക്കുറിച്ചുള്ള വാർത്തകൾ -ഞങ്ങൾക്ക് നൽകേണമേ,
ഫുട്ബോൾ ലോട്ടറി ടിക്കറ്റിൽ തെറ്റായി തുളകളുണ്ടാക്കുമ്പോൾ
ഞങ്ങൾ ഞങ്ങളോട് പൊറുക്കുന്നതു പോലെ,
അർശോരോഗബാധപോലുള്ള എന്റെ ഭാര്യയോടു അങ്ങ്
പൊറുക്കേണമേ;
എതിർടീമിനെ പിന്തുണക്കാനുള്ള പ്രലോഭനത്തിൽ ഞങ്ങളെ ഉൾപ്പെടുത്തരുതേ.
അവരുടെ ഗോളുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ,
അവരുടെ ഫോർവേഡുകളുടെ കണങ്കാലിൽ
പേശിവലിവ് ചൊരിയേണമേ,
ആമേൻ.

കർത്താവിന്റെ പ്രാർത്ഥനയ്ക്ക് ബ്രസീലിയൻ എഴുത്തുകാരനായ എദിൽബെർത്തോ കുടിഞ്ഞ്യോ (Edilberto Coutinho) നൽകിയ ഈ അവിശുദ്ധാനുകരണം ചെറിയ മാറ്റങ്ങളോടെ എന്നും ചൊല്ലുന്ന രണ്ടുപേരെങ്കിലും ഇന്ന് ബ്രസീലിലുണ്ടാകണം: ഒന്ന്, കഴിഞ്ഞ മാസം തിരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ പ്രസിഡന്റും തീവ്രവലതുപക്ഷക്കാരനുമായ ഷയീർ ബോൽസൊണാരോ (Jair Bolsonaro); രണ്ടാമത്തെയാൾ മറ്റാരുമല്ല, നാടുനീളെ നൂറടി ഉയരമുള്ള കട്ടൗട്ടുകളിലൂടെ നമ്മൾ വാഴ്ത്തുന്ന സാക്ഷാൽ നെയ്മാർ!

തിരഞ്ഞെടുപ്പിന് മുമ്പ് ബോൽസൊണാരോയുടെ ഒരു പ്രചരണഗാനത്തിനൊത്ത് താൻ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടതോടെയാണ് നെയ്മാറിന്റെ ബോൽസൊണാരോ പ്രേമം പരസ്യമായത്. സമയം പാഴാക്കാതെ മുൻ പ്രസിഡന്റ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആ വീഡിയോ പങ്കുവെച്ചു. ഏതാണ്ട് ആറ് കോടി പേരാണ് വീഡിയോകണ്ടത്.

ബോൽസൊണാരോയെപ്പറ്റി അറിയാത്തവരില്ല. അമസോൺ മഴക്കാടുകൾ അനിയന്ത്രിതം നശിപ്പിക്കാനും അതുവഴി ആയിരക്കണക്കിന് റെഡ് ഇന്ത്യരെ വഴിയാധാരമാക്കുകയും വികലമായ നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കൂപ്പുകുത്തിക്കുകയും ചെയ്ത ഈ ഭരണാധികാരി രാജ്യത്തെ കോവിഡ് ബാധയെ നേരിട്ടത് വിചിത്രമായ രീതിയിലൂടെയായിരുന്നു.

അടച്ചിടലിനെയും വാക്സിനേഷനെയും എതിർത്ത ബോൽസൊണാരോ ‘ബ്രസീൽ എല്ലാത്തിന്റെയും മുകളിലാണ്; അതിനും മുകളിൽ ദൈവം മാത്രം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് കോവിഡിന് പ്രതിരോധം തീർത്തത്. പ്രാർത്ഥനയിലൂടെ രോഗം സുഖപ്പെടുമെന്നു വിശ്വസിക്കുന്ന, രാജ്യത്തെ ഇവാൻജലിക്കൽ – പെന്തക്കോസ്ത് സഭയുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഏകദേശം ആറുലക്ഷം പേർ മരിച്ചപ്പോൾ ദൈവത്തിന് കോവിഡിന്മേൽ വലിയ പിടിപാടില്ലെന്ന് ജനങ്ങൾക്കു മനസ്സിലായി. തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവായ ലുലായോട് ( Luiz Inacio Lula da Silva) ബോൽസൊണാരോ തോൽക്കുകയും ചെയ്തു.

നെയ്മാറിന് ബോൽസൊണാരോയോടുള്ള ഈ ഇഷ്ടക്കൂടുതലിന് കാരണമെന്താകാം? നിലവിൽ ആദായനികുതിയുമായി ബന്ധപ്പെട്ട കേസുകളുടെ നടുവിലാണ് താരം. താൻ വീണ്ടും പ്രസിഡന്റായാൽ നികുതിയിളവ് നൽകാമെന്ന് ബോൽസൊണാരോ നെയ്മാർക്ക് വാക്കു നൽകിയെന്നാണ് ഇതേകുറിച്ചുള്ള കേട്ടുകേൾവി. ലുലാ പ്രസിഡന്റായാൽ കളി മാറുമെന്ന് നെയ്മാറിനറിയാം.

നെയ്മാർ മാത്രമല്ല, തിയാഗോ സിൽവ, ഡാനിയെൽ ആൽവ്സ് തുടങ്ങിയ താരങ്ങളും ബോൽസൊണാരോയുടെ ഒപ്പം നിൽക്കുന്നവരാണ്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്ന് ഉയർന്നു വന്നവരാണ് ബ്രസീൽ താരങ്ങളിൽ പലരും. പക്ഷേ സമ്പത്ത് അവരെ സ്വാർത്ഥരാക്കുന്നു. തങ്ങളുടെ ഒരു ദിവസത്തെ സമ്പാദ്യം, ആയുഷ്ക്കാലം മുഴുവനും അധ്വാനിച്ചാലും നേടാനാവാത്ത പാവങ്ങളെ അവർ മറന്നു പോകുന്നു.

പക്ഷേ ഇതാണോ ബ്രസീലിന്റെ ഫുട്ബോൾ പാരമ്പര്യം? അല്ലേയല്ല. യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നുള്ള ക്ഷണം നിരസിച്ച് ജനങ്ങളോടൊപ്പം പോരാടിയ ഒരു ഇതിഹാസതാരം അവർക്കുണ്ടായിരുന്നു. അദ്ദേഹമായിരുന്നു സോക്രട്ടീസ്.

ആൻഡ്രൂ ഡൗണി (Andrew Downie)യുടെ Doctor Socrates: Footballer, Philosopher, Legend എന്ന പുസ്തകത്തിൽ നിന്ന്:

എഴുപതുകളിലും എൺപതുകളിലും സീക്കോയോടൊപ്പം ബ്രസീലിയൻ ഫുട്ബോളിൽ ഏറ്റവും ഉയർന്നു നിന്ന പേരായിരുന്നു സോക്രട്ടീസിന്റേത്. 1982 ലെ ലോകകപ്പിൽ ബ്രസീൽ സെമി ഫൈനൽ വരെ എത്തിയത്, പുകവലിക്കുകയും മദ്യപിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന (I smoke, I drink, I think), ജിമ്മിൽ പോകാത്ത, പരിശീലിക്കാത്ത, പ്രതിഭകൊണ്ടു മാത്രം ഗോളുകളടിച്ചുകൂട്ടിയ ഈ കളിക്കാരന്റെ നേതൃത്വത്തിലായിരുന്നു .

world cup, jayakrishnan, iemalayalam

പട്ടാളഭരണമായിരുന്നു അപ്പോൾ ബ്രസീലിൽ. ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്രാപിക്കുന്ന കാലം. ഒടുവിൽ ഏകാധിപതികൾ വഴങ്ങാൻ തീരുമാനിച്ചു. അവരുടെ മനസ്സിലിരിപ്പ് പക്ഷേ മറ്റൊന്നായിരുന്നു. പ്രസിഡന്റ് അധികാരത്തിൽ വരുന്നത് തിരഞ്ഞെടുപ്പിലൂടെ തന്നെ. പക്ഷേ, തിരഞ്ഞെടുക്കുന്നത് ജനങ്ങളായിരിക്കില്ല; പട്ടാളഭരണാധികാരികളോട് കൂറുള്ള ചുരുക്കം ചിലരായിരിക്കും.

ഇതിനെതിരെ ദാന്തെ ദെ ഒലിവിയേറ എന്ന പാർലമെന്റംഗം പ്രസിഡൻറിനെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചു. ബിൽ പാർലമെന്റ് അംഗീകരിക്കണമെന്ന ആവശ്യമുയർത്തി ജനങ്ങൾ സംഘടിച്ചു. സാവോ പോളോയിലും ബെലോ ഹൊറിസോണ്ടെയിലും ലക്ഷങ്ങൾ പങ്കെടുത്ത റാലികൾ നടന്നു. രാജ്യം തിളച്ചുമറിഞ്ഞു.

ഈ സമയത്താണ് ഒരു ഇറ്റാലിയൻ ക്ലബിനു വേണ്ടി കളിക്കാനുള്ള കോടികൾ പ്രതിഫലം ലഭിക്കുന്ന കരാർ സോക്രട്ടീസിനു മുന്നിലെത്തുന്നത്. അദ്ദേഹം ഇളകിയില്ല. തനിക്കുള്ള വൻ ജനപിന്തുണ രാജ്യത്തിന് ഇപ്പോൾ ഏറ്റവും ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അല്ലെങ്കിലും ജോലി പോകാതിരിക്കാൻ തനിക്കേറ്റവും പ്രിയപ്പെട്ട മാർക്സിന്റിയും ഗ്രാംഷിയുടെയും പുസ്തകങ്ങൾ കത്തിച്ചു കളയേണ്ടിവന്ന പാവപ്പെട്ട ഒരു സർക്കാരുദ്യോഗസ്ഥന്റെ മകന് ജനങ്ങളോടൊപ്പം നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.

നഗരമദ്ധ്യത്തിൽ വെച്ച് ജനലക്ഷങ്ങൾ പങ്കെടുത്ത ഒരു റാലിയിൽ, പ്രസിഡന്റിനെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കാനുള്ള ബിൽ അംഗീകരിക്കപ്പെടുകയാണെങ്കിൽ താൻ രാജ്യം വിട്ടുപോകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങൾക്ക് തങ്ങളുടെ കാതുകളെ വിശ്വസിക്കാനായില്ല. എന്താണു പറഞ്ഞതെന്ന് അവർ വിളിച്ചു ചോദിച്ചു. സോക്രട്ടീസ് വാക്കുകൾ ആവർത്തിച്ചു. ആവേശം കൊണ്ട് ജനം പൊട്ടിത്തെറിച്ചു. അവർ അദ്ദേഹത്തെ സ്നേഹത്തോടെ പെദ്രോ രാജകുമാരനെന്നു വിളിച്ചു.

കാരണമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ നെപ്പോളിയൻ പോർച്ചുഗലിനെ ആക്രമിച്ചപ്പോൾ പോർച്ചുഗീസ് രാജാവായ ഷുവവോ (Joao) ആറാമൻ അഭയം തേടിയത് തങ്ങളുടെ കോളനിയായ ബ്രസീലിലായിരുന്നു. പിന്നീട് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടപ്പോൾ രാജാവ്, മകനായ പെദ്രോയെ ബ്രസീലിൽ നിർത്തിയിട്ട് പോർച്ചുഗലിലേക്ക് തിരിച്ചു പോയി. വൈകാതെ, ബ്രസീലിനെ കോളനിയാക്കി നിലനിർത്തിക്കൊണ്ട് തിരിച്ചു വരാൻ രാജാവ് മകനോട് ആജ്ഞാപിച്ചു. അതിന് പെദ്രോ പറഞ്ഞ മറുപടി ബ്രസീലിന്റെ തലവര മാറ്റി: ”ഞാൻ ഇവിടെത്തന്നെ നിൽക്കും.”

ഇത് Dia de Fico എന്നാണറിയപ്പെടുന്നത്. ബ്രസീലിന്റെ ജനാധിപത്യവൽക്കരണത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ് ഇതായിരുന്നു.

ഇവിടെയിതാ കോടികളുടെ പ്രതിഫലം വേണ്ടെന്നു വെച്ച് സോക്രട്ടീസ് പറയുന്നു: “ഞാൻ ഇവിടെത്തന്നെ നിൽക്കും” – മറ്റൊരു Dia de Fico! ജനങ്ങൾക്കു പിന്നെ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു; തങ്ങളോടൊപ്പം നിന്ന പ്രിയപ്പെട്ട കളിക്കാരനു വേണ്ടി, മഞ്ഞ ബാൻഡുകൾ കൈയിലണിഞ്ഞ് അവർ കൂടുതൽ ആവേശത്തോടെ തെരുവിലിറങ്ങി.

ബ്രസീലിന്റെ ഈ ഫുട്ബോൾ പാരമ്പര്യമാണ് നെയ്മാറിനെപ്പോലുള്ളവർ മറന്നത്. ഫുട്ബോൾതാരങ്ങൾക്ക് ജനങ്ങളിലുള്ള സ്വാധീനമാണ് ബോൽസൊണാരോ ഓർത്തെടുത്ത് നടപ്പാക്കിയത്.

മറ്റൊന്നുകൂടി. ഫുട്ബോളിലെ പരമോന്നത ബഹുമതിയായ ‘ബാലൻദ്യോർ അവാർഡ്’ സമർപ്പണത്തോടനുബന്ധിച്ച് പാവങ്ങളെ സഹായിച്ചതിനുള്ള പുരസ്കാരം സെനഗലിന്റെ സാദിയോ മാനെയ്ക്ക് സമ്മാനിച്ചത് മുൻ ബ്രസീലിയൻ താരവും സോക്രട്ടീസിന്റെ ഇളയ സഹോദരനുമായ റായി (Rai) ആയിരുന്നു. പുരസ്കാരദാനത്തിനിടയിൽ റായി തന്റെ കൈ കൊണ്ട് L ആകൃതി കാണിച്ചു. ഇടതു പക്ഷ നേതാവായ ലുലായ്ക്കുള്ള പിന്തുണയായിരുന്നു അത്. ചsങ്ങിനെത്തിയവർ ശ്രദ്ധിച്ചില്ല; പക്ഷേ ബ്രസീൽ ശ്രദ്ധിച്ചു, ലോകവും.

”നന്ദി റായി, ” ലുലാ എഴുതി. “ഞാൻ കാണുന്നുണ്ടായിരുന്നു.”

കട്ടൗട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നെയ്മാറിനെ വാഴ്ത്തുമ്പോൾ ബ്രസീലിന്റെ കളിമികവിനെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ ശരി. അല്ലെങ്കിൽ പക്ഷേ നിങ്ങൾ കാണാത്തത് പലതും ലോകം കാണുന്നുണ്ട്- കാരണം കാൽപന്തുരുളുന്നത് മൈതാനത്തിലൂടെയല്ല, ചരിത്രത്തിലും വർത്തമാനത്തിലും കൂടിയാണ്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Fifa world cup 2022 neymar backing of far right jair bolsonaro in brazilian vote socrates