2022 മെയ് മാസത്തിൽ അമേരിക്കയിലെ പുരുഷ-വനിതാ ഫുട്ബോളർമാരുടെ പ്രതിഫലത്തുക ഏകീകരിച്ചപ്പോൾ പ്രശസ്തയായ താരം മേഗൻ റാപ്പിനോ (Megan Rapinoe) പറഞ്ഞത് അമേരിക്കൻ ഫുട്ബോൾ ഇനി കൂടുതൽ മെച്ചപ്പെടും എന്നാണ്.
അങ്ങനെ സംഭവിക്കുമോ? സത്യത്തിൽ പ്രതിഫലത്തുകയിലെ ഏറ്റക്കുറച്ചിലുകൾ മാത്രമാണോ ആൺ ഫുട്ബോളിനെയും പെൺ ഫുട്ബോളിനെയും വേർതിരിക്കുന്നത്? വിവേചനങ്ങൾ ഒട്ടേറെയുണ്ട് ഫുട്ബോളിൽ. വംശീയാധിക്ഷേപങ്ങൾ, നിറത്തിന്റെ പേരിലുള്ള വേർതിരിവുകളും കളിയാക്കലുകളും. പക്ഷേ ആൺ പെൺ വിവേചനം കളിക്കളത്തെയും ഗാലറിയെയും മനസ്സുകളെയും കടന്ന് സങ്കീർണമായ തലങ്ങളിലാണ് ചെന്നെത്തുന്നത്.
മെസ്സിയെക്കുറിച്ചും ക്രിസ്ത്യാനോയെക്കുറിച്ചും നമുക്ക് അറിയാത്തതൊന്നുമില്ല. പെലെയെക്കുറിച്ചും മറദോനയെപ്പറ്റിയും എന്തറിയില്ല എന്നു ചോദിക്കുന്നതാണ് എളുപ്പം. പക്ഷേ മാർത്തയെപ്പറ്റി എത്രപേർക്കറിയാം? മിയാ ഹാമിനെപ്പറ്റി? ബ്രിജിത്ത് പ്രിൻസിനെപ്പറ്റി?
കഴിഞ്ഞ ദിവസം ഘാനയ്ക്കെതിരെ ഗോളടിച്ചപ്പോൾ അഞ്ചുലോകകപ്പുകളിൽ ഗോൾ നേടിയ ആദ്യത്തെ പുരുഷ താരമാണ് ക്രിസ്ത്യാനോ റൊനാൾദോ എന്ന് പത്രങ്ങൾ വാഴ്ത്തിയിരുന്നു. പക്ഷേ അപ്പോഴും അഞ്ച് ലോകകപ്പുകളിൽ സ്കോർ ചെയ്ത ആദ്യത്തെ താരത്തെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല. അതൊരു വനിതയായിരുന്നു – ബ്രസീലിന്റെ ഇതിഹാസതാരമായ മാർത്ത വിയേറ ദാ സിൽവ (Marta Vieira da Silva) എന്ന മാർത്ത.
ലിംഗസമത്വത്തെപ്പറ്റി എത്ര തന്നെ എഴുതിയാലും വാഴ്ത്തുപാട്ടുകളിൽ അതൊന്നുമുണ്ടാവില്ല. ഹിജാബിന്റെ പേരിൽ മഹ്സാ അമീനിയെ വധിച്ചതിന്റെ പ്രതിഷേധം ലോകകപ്പ് വേദിയിൽ വരെ എത്തിക്കഴിഞ്ഞു. എന്നാൽ 2005 ൽ ഇറാനിൽ സ്ത്രീകൾ നയിച്ച മറ്റൊരു പ്രക്ഷോഭം ആരുമോർക്കുന്നില്ല. ഇറാനും ബഹറൈനും തമ്മിൽ ആസാദി സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഫുട്ബോൾ മത്സരം കാണാൻ വേണ്ടിയായിരുന്നു അത്.
1998 ലെ ലോകകപ്പിൽ ഇറാൻ ശത്രുരാജ്യമായ അമേരിക്കയുടെ മേൽനേടിയ അവിശ്വസനീയജയം ഇറാനിലെ വനിതാപ്രക്ഷോഭകർ മറ്റൊരു വിധത്തിലായിരുന്നു കണ്ടതെന്ന കാര്യം കൂടി ഇതിനോട് കൂട്ടി വായിക്കണം – രാജ്യത്തിന്റെ വിജയം ആഘോഷിക്കാൻ വേണ്ടിയെന്നോണം അവർ തങ്ങളുടെ മൂടുപടങ്ങൾ ഊരിയെറിഞ്ഞു – ഇസ്ലാമിക് സ്റ്റേറ്റിൽ ചിന്തിക്കാനാവാത്ത ഒന്ന്.
പലപ്പോഴും പുരുഷന്മാരുടെ വേഷം ധരിച്ച് സ്ത്രീകൾ സ്റ്റേഡിയങ്ങളിൽ കടന്നു കൂടിയത് ഫുട്ബോൾ കാണാൻവേണ്ടി മാത്രമായിരുന്നില്ല, അതവരുടെ പ്രതിഷേധ പ്രകടനം കൂടിയായിരുന്നു. ഇത്തരത്തിൽ കളി കാണാനെത്തിയ സ്ത്രീകളെക്കുറിച്ച് പ്രസിദ്ധ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി ‘ഓഫ്സൈഡ്’ എന്ന പേരിൽ ഒരു സിനിമ തന്നെ നിർമ്മിച്ചിട്ടുണ്ട്. സിനിമയിൽ ആൺവേഷം ധരിച്ച ഒരു സ്ത്രീ പുരുഷന്മാർക്കു മാത്രം പറയാൻ കഴിയുന്ന, പെണ്ണുങ്ങൾ കേൾക്കാനേ പാടില്ലാത്ത തെറികൾ വിളിച്ചു പറയുന്നതു കേട്ട് പുരോഹിതവർഗ്ഗം ഞെട്ടിയിരിക്കണം.
ഇത്തരത്തിൽ പുരുഷവേഷം ധരിച്ച് കളി കണ്ട അജ്ഞാതയായ ഒരു ബ്ലോഗെഴുത്തുകാരി എഴുതുന്നു: കളികാണാനല്ല, എന്റെ അവകാശങ്ങൾ നേടാനാണ് ഞാൻ നാളെ സ്റ്റേഡിയത്തിലേക്കു പോകുന്നത്. അവിടെ എന്നെപ്പോലെ വേഷം മാറിയ വേറെയും സ്ത്രീകളുണ്ടാവും. ആണുങ്ങൾക്കൊപ്പമിരുന്ന് ഞങ്ങളും ഇറാനുവേണ്ടി ആർത്തുവിളിക്കും, അപ്പോൾ ഞങ്ങൾ കൂടുതൽ ശക്തരാകും, കാരണം അതു ഞങ്ങളുടെ അവകാശമാണ്.
അല്ലെങ്കിൽ, മറ്റു പലതിനെയും പോലെ ഫുട്ബോളും പുരുഷന്മാർ അവരുടെ കൈവശമാക്കി വച്ചിരിക്കുന്ന ലോകമാണോ? അങ്ങനെയായിരിക്കാനുള്ള സാധ്യതകളാണ് ഫുട്ബോളിലെ ആക്രമണോത്സുകതയെയും സ്വന്തം ടീമിനുവേണ്ടിയുള്ള ആർപ്പുവിളികളിലും പാട്ടുകളിലും (Chanting) ഉള്ളത്.

അർജന്റൈൻ എഴുത്തുകാരിയായ മരിയ ഗ്രാസ്യേല റോദ്രിഗെസ് (Maria Graciela Rodriguez) എഴുതിയ ഒരു കുറിപ്പിൽ ആണുങ്ങളെപ്പോലെ കളിയിൽ പക്ഷം പിടിക്കാനോ ഉന്മാദംകൊള്ളാനോ സ്ത്രീകൾക്കാവില്ലെന്നു പറയുന്നു:
ഒരു സുഹൃത്തിന്റെ കൂടെ അർജന്റീനയിലെ ഫുട്ബോൾ ക്ലബ്ബുകളായ റിവർ പ്ലേറ്റും സാൻ ലോറെൻസോയും തമ്മിലുള്ള കളി കാണാൻ പോയതായിരുന്നു മരിയ റോദ്രിഗെസ്. സുഹൃത്ത് കടുത്ത സാൻ ലോറെൻസോ ആരാധകനാണ്. Las Gallinas (പിടക്കോഴികൾ) എന്ന് എതിരാളികൾ പരിഹസിച്ചു വിളിക്കുന്ന റിവർ പ്ലേറ്റ് ക്ലബ്ബ് സ്ഥിതി ചെയ്യുന്ന റിവർ പ്ലേറ്റ് ഡിസ്ട്രിക്ടിലാണ് മരിയയുടെ വീട്. തന്റെ നാട്ടുകാരായ റിവർ പ്ലേറ്റ് കളിക്കാരെ തെറി വിളിക്കുന്ന സാൻ ലോറെൻസോക്കാർക്കിടയിലിരിക്കുമ്പോൾ സ്വാഭാവികമായും മരിയക്ക് ദേഷ്യം വരേണ്ടതാണ്. എന്നാൽ അങ്ങനെയുണ്ടായില്ലെന്നു മാത്രമല്ല 4 – 0 ന് റിവർ പ്ലേറ്റ് ജയിച്ചപ്പോൾ സാൻ ലോറെൻസോ ആരാധകർക്കുണ്ടായതിനേക്കാൾ സങ്കടം അവർക്കു തോന്നുകയും ചെയ്തു!
ആദ്യത്തെ ചോദ്യത്തിലേക്കു തന്നെ വരാം. എന്തുകൊണ്ട് വനിതാ ഫുട്ബോളർമാർ അറിയപ്പെടാതെ പോകുന്നു? മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ ആൺകളിക്കാരിലാണ്. കോളങ്ങളുടെ എണ്ണത്തിലായാലും വാഴ്ത്താനുപയോഗിക്കുന്ന വാക്കുകളിലായാലും ചായ്വ് എപ്പോഴും പുരുഷ ഫുട്ബോളർമാരോടാണ്. ബ്രിട്ടീഷ് കളിയെഴുത്തുകാർ ആൺകളിക്കാരുടെ അവസാനനാമവും കൊണ്ടും പെൺഫുട്ബോളർമാരെ ആദ്യനാമവുമാണ് എഴുതാനുപയോഗിക്കുന്നതെന്നാണ് ലിസ് ക്രോളി ചൂണ്ടിക്കാണിക്കുന്നത്. റാങ്കിങ്ങിന്റെ കാര്യത്തിലും കണിശമായ ആൺ പെൺ വേർതിരിവു കാണാം. ആൺ കളിക്കാരും പെൺകളിക്കാരും ഇടകലർന്ന് കളിക്കുന്നതാണ് ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള ഒരു മാർഗം. പക്ഷേ ഫിഫ ഒരിക്കലും ഇതിനനുവദിക്കുകയില്ല. മരിബെൽ ദൊമിൻഗെസ് എന്ന കളിക്കാരിയെ ഒരു മെക്സിക്കൻ ക്ലബ്ബ് ടീമിലുൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഫിഫ ഇടപെട്ട് തടഞ്ഞത് ഉദാഹരണം.
ഫുട്ബോൾ തങ്ങളുടെ മാത്രം കളിയാണെന്ന് കരുതുന്ന ആണുങ്ങൾക്ക് കളിക്കളത്തിലെ വനിതകളുടെ ചടുലത സഹിക്കാനാവാത്തതു കൊണ്ടാണോ അതോ, മരിയ റോദ്രിഗസ് പറയുന്നതുപോലെ, കളിക്കളത്തിനു പുറത്ത് അതിന്റെ ഉന്മാദം സ്ത്രീകൾക്ക് അന്യമായതുകൊണ്ടാണോ നെയ്മാറിനുള്ള പ്രശസ്തി മാർത്തക്കില്ലാതാവുന്നത്? (ടെലിവിഷൻ ക്യാമറകൾ മിക്കപ്പോഴും ആർത്തട്ടഹസിക്കുന്ന ആൺകാണികളെയും പ്രാർത്ഥനയിലും കണ്ണീരിലും മുഴുകുന്ന സ്ത്രീകളെയും മാത്രം കാണിക്കുന്നു); അതോ , ഇറാനിയൻ സ്ത്രീകളുടേത് പോലെ കായികേതരമായ ഏതെങ്കിലും ലക്ഷ്യം കൂടി ഉണ്ടെങ്കിൽ മാത്രമേ പുരുഷാധിപത്യത്തെ മറികടന്നുള്ള അംഗീകാരം എന്നതായിരിക്കുമോ?
അതുമല്ലെങ്കിൽ പ്രശസ്തനായ ടാംഗോ ഗാന രചയിതാവ് എൻറിക് സാൻറ്റോസ് ഡിസേപ്പോലോ (Enrique Santos Discepolo)യുടെ ഒരു പാട്ടിൽ പറയുന്നതുപോലെ “നിന്റെ സാന്നിദ്ധ്യം ഒരു പീഡയാണ്, അത് കൊല്ലാതെ കൊല്ലുന്നു” എന്നതാകുമോ?