‘അവന്റെ കാൽച്ചുവട്ടിൽ പുല്ലു പോലും മുളയ്ക്കില്ല.’ ഫുട്ബോളിലെ ഗോളിയെക്കുറിച്ചുള്ള ഒരു ബ്രസീലിയൻ പഴഞ്ചൊല്ലാണിത്. ശരിയാണ്, ഗോൾ കീപ്പറെപ്പോലെ നിൽപ്പുറക്കാത്ത ആരുണ്ട് ലോകത്തിൽ?
പ്രശസ്തമായ ‘The Goalie’s Anxiety at the Penalty Kick’ എന്ന നോവലിൽ 2019ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച പീറ്റർ ഹൻഡ്കെ (Peter Handke) ഗോളിയുടെ ഉന്മാദത്തോളമെത്തുന്ന ഉത്ക്കണ്ഠയെപ്പറ്റി ഇങ്ങനെ എഴുതി:
‘ഒരു ഗോൾ നീക്കം തുടങ്ങുമ്പോൾ നിങ്ങൾ എതിർടീമിന്റെ ഗോളിയെ ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടാവില്ല, നിങ്ങളുടെ ശ്രദ്ധ മുഴുവനും പന്തുമായി മുന്നേറുന്ന കളിക്കാരനിലാവും. എന്നാൽ പന്തിൽനിന്ന് കണ്ണുപറിച്ച് ഗോളിയെ നോക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കാണാനാവും – കൈകൾ തുടകളിലമർത്തി അയാൾ പരക്കം പായുന്നത്- പ്രതിരോധിക്കാൻ സഹകളിക്കാരോട് നിലവിളിച്ചു പറഞ്ഞുകൊണ്ട് അയാൾ ഇടത്തോട്ടും വലത്തോട്ടും ആയുന്നത്.’
ഗോൾപോസ്റ്റിലേക്കുള്ള ഒരു ഷോട്ട് തടുത്തിട്ടിട്ട് അയാൾ സഹകളിക്കാരെ ചീത്തവിളിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടാവും – മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഒരുവനെപ്പോലെയാണയാൾ; അയാൾക്ക് ആക്രോശിച്ചേ മതിയാകൂ.
പക്ഷേ പെനാൽട്ടി തടുത്തിടുമ്പോൾ ഗോൾകീപ്പറുടെ മുഖം ഒരേ സമയം ദൈവത്തിന്റെയും ചെകുത്താന്റെയുമാണ് – സഹകളിക്കാർക്ക് ദൈവം. എതിർ ടീമിന് പിശാച്. പോളിഷ് ഗോളി വൊയ്ചെഹ് സ്റ്റെസ്നി (Wojciech Szczesny)യുടെ മുഖത്ത് നമ്മൾ ഇത്തവണ ദൈവത്തിന്റെയും പിശാചിന്റെയും മുഖങ്ങൾ കണ്ടു; ഒരിക്കലല്ല, രണ്ടുതവണ.
ഗോൾകീപ്പറുടെ ഈ അവസ്ഥാന്തരങ്ങളെക്കുറിച്ച് ഹാൻഡ്കെ തന്റെ നോവലിൽ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അർജന്റൈൻ എഴുത്തുകാരനായ ഓസ്വാൾദോ സൊറിയാനോ (Osvaldo Soriano) അദ്ദേഹത്തിന്റെ ‘The Longest Penalty Ever’ എന്ന കഥയിൽ ഇതേപ്പറ്റി വിശദമാക്കുന്നുണ്ട്. ഇതാണാ കഥ:
അർജന്റീനയിലെ വാലെ ദെ റിയോ നെഗ്രോയിൽ എല്ലാ വർഷവും ഒരു ഫുട്ബോൾ ടൂർണമെന്റ് ഉണ്ടാവാറുണ്ട്. ഡിപ്പോർട്ടീവോ ബെൽഗ്രാനോ ക്ലബ്ബാണ് ടൂർണമെന്റിലെ സ്ഥിരം ജേതാക്കൾ.
ആ വർഷം ഫൈനലിൽ ബെൽഗ്രാനോയെ എതിരിട്ടത് പോളാർ സ്റ്റാർ ക്ലബ്ബായിരുന്നു. പോളാർ സ്റ്റാറിന്റെ കളിക്കാർ കഴുതകളെപോലെ മന്ദഗതിക്കാരും മരസ്സാമാനങ്ങൾ പോലെ കനംതൂങ്ങിയവരുമായിരുന്നെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ ഒരു കളിയൊഴികെ മറ്റെല്ലാം കഷ്ടിച്ചു ജയിച്ചു. തോറ്റത് തീർച്ചയായും ബെൽഗ്രാനോയോടായിരുന്നു. അതും എതിരില്ലാത്ത ഏഴു ഗോളുകൾക്ക്. ഏതായാലും രണ്ടാം സ്ഥാനക്കാരായി പോളാർ സ്റ്റാർ ഫൈനലിൽ കടന്നു.
അവസാനത്തെ കളി കാണാൻ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. അപസ്മാര രോഗിയായ ഹെർമിഞ്യോ സിൽവയായിരുന്നു കളി നിയന്ത്രിച്ചത്. അയാൾ ബെൽഗ്രാനോയുടെ കൂടെയായിരുന്നു.
ബെൽഗ്രാനോ, പോളാർ സ്റ്റാറിനെ തകർത്തു വിടുമെന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. പകുതി സമയം കഴിഞ്ഞപ്പോൾ കളി 1-1ന് സമനിലയിൽ നിൽക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രണ്ടാം പകുതിയിൽ പോളാർ സ്റ്റാർ ഒരു ഗോളും കൂടി അടിച്ചു കയറ്റി!
ഹെർമിഞ്യോ സിൽവ സമയം പാഴാക്കിയില്ല – ബെൽഗ്രാനോയുടെ പ്രധാന കളിക്കാരനായ പാദിൻ പോളാർ സ്റ്റാറിന്റെ ബോക്സിൽ കടന്ന് ഒരു ഡിഫെൻഡറെ ഉരുമ്മിയതും അയാൾ വിസിലൂതി. പെനാൽട്ടി! പോളാർ സ്റ്റാർ ഡിഫൻഡർ പാദിനെ ഫൗൾ ചെയ്തതിന്! പിന്നെ പറയണോ? പോളാർ സ്റ്റാറിന്റെ, റൈറ്റ് ബാക്കായ കോളോ റിവേറോ, ഹെർമിഞ്യോ സിൽവയുടെ മൂക്കിടിച്ചു പരത്തി. അവരുടെ ആരാധകർ ഗ്രൗണ്ട് കയ്യേറി. യുദ്ധം രാത്രി വരെ നീണ്ടു. പൊലീസെത്തി ആകാശത്തേക്ക് വെടിവെച്ചു. മിലിറ്ററി കമാൻഡർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ടൂർണമെന്റ് അധികൃതർ യോഗം ചേർന്നു. കളി തീരാൻ ഇരുപത് സെക്കൻഡുകൾ കൂടി ബാക്കിയുണ്ടായിരുന്നെന്ന് അവർ കണ്ടെത്തി. അതൊരു ചൊവ്വാഴ്ചയായിരുന്നു. ബാക്കിയുണ്ടായിരുന്ന ഇരുപത് സെക്കൻഡ് നേരത്തെ കളി അടുത്ത ഞായറാഴ്ച നടത്താൻ തീരുമാനമായി.
അതായത്, പോളാർ സ്റ്റാറിനെതിരെയുള്ള പെനാൽട്ടി കിക്ക് അന്നു നടക്കും. അങ്ങനെ കളി, കിക്കെടുക്കുന്ന ബെൽഗ്രാനോ ക്ലബിന്റെ കോൺസ്താൻതേ ഹവൂനെയും പോളാർ സ്റ്റാറിന്റെ ഗോളി ഹാതോ ദിയാസും തമ്മിലായി ചുരുങ്ങി.
അങ്ങനെ ചരിത്രത്തിലെ ഏറ്റവും കാലദൈർഘ്യമുള്ള പെനാൽട്ടി കിക്ക് പ്രഖ്യാപിക്കപ്പെട്ടു.
ഇത്രയും നീണ്ട കാത്തിരിപ്പ് പെനാൽട്ടി തടുക്കേണ്ട ഗോളിയായ ഹാതോ ദിയാസിന്റെ സമനില തന്നെ തെറ്റിച്ചു. ക്ലബ് അധികൃതർ അയാളെ ആശ്വസിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്തു.
വിരൂപനായ അയാൾക്ക്, അയാളാഗ്രഹിച്ച സ്വർണത്തലമുടിക്കാരി സുന്ദരിയെ വരെ അവർ സംഘടിപ്പിച്ചു നൽകി. ഒരാഴ്ച അവളയാളുടെ കൂടെ കഴിഞ്ഞു. പെനാൽട്ടി തടുത്തിട്ടാൽ താനയാളെ വിവാഹം കഴിക്കാമെന്ന് കളിയുടെ തലേദിവസം അവൾ അയാൾക്ക് വാക്കു നൽകി.
അങ്ങനെ ആ ദിവസം വന്നു. സ്റ്റേഡിയത്തിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. കനത്ത പോലീസ് ബന്തവസ്സായിരുന്നിട്ടും സ്റ്റേഡിയത്തിന് പുറത്ത് ജനം നിറഞ്ഞു കവിഞ്ഞു. ഒരാൾ ഉയരം കൂടിയ ഒരു കെട്ടിടത്തിനു മുകളിൽ വലിഞ്ഞുകയറി. അവിടെ നിന്നാൽ അയാൾക്ക് പെനാൽട്ടി കിക്കെടുക്കുന്ന സ്ഥലം കാണാമായിരുന്നു. അങ്ങനെ അയാൾ താഴെ കൂടിയവർക്ക് ദൃക്‌സാക്ഷി വിവരണം നൽകാൻ തുടങ്ങി.

റഫറി വിസിലൂതിയതും ഹാതോ ദിയാസ് സ്വർണ്ണത്തല മുടിക്കാരിയെക്കുറിച്ചോർത്തു, വരാൻ പോകുന്ന പ്രശസ്തിയെക്കുറിച്ചോർത്തു, എന്നിട്ട് വലത്തോട്ട് ഡൈവ് ചെയ്തു. അയാൾക്ക് പിഴച്ചില്ല, കോൺസ്താൻതേ ഹവൂന പന്തടിച്ചത് വലത്തോട്ടു തന്നെയായിരുന്നു. വായുവിൽ നിന്ന്, ഹാതോ ദിയാസ് പന്ത് കുത്തിയകറ്റി.
പക്ഷേ, കളി അവിടെയും തീർന്നില്ല. വിസിലടിച്ചതും അപസ്മാരക്കാരൻ റഫറി ഹെർമിഞ്യോ സിൽവ, വായിൽ നിന്ന് പതയൊലിപ്പിച്ച് ബോധംകെട്ടുവീണു. കിക്കെടുക്കുന്നത് അയാൾ കാണാഞ്ഞതിനാൽ വീണ്ടും കിക്കെടുക്കെണമെന്നായി. സ്റ്റേഡിയത്തിനു പുറത്ത് ജനം കലാപം തുടങ്ങി.
വീണ്ടും കിക്കെടുക്കാൻ വന്നപ്പോൾ കോൺസ്താൻതേ ഹവൂനയ്ക്ക് എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വീണ്ടും സ്വർണമുടിക്കാരിയെക്കുറിച്ചോർത്തിട്ട് ഹാതോ ദിയാസ് ഇത്തവണ ഇടത്തോട്ടു ചാടി പന്ത് തട്ടിയകറ്റുമ്പോൾ കഥ അവസാനിക്കുന്നു.
കഥയിലൊരിടത്ത് ഹാതോ ദിയാസും പോളാർ സ്റ്റാർ ക്ലബ് പ്രസിഡൻറും തമ്മിൽ ഒരു സംഭാഷണം നടക്കുന്നുണ്ട്:
”കോൺസ്താൻതേ വലത്തോട്ടാണ് പന്തടിക്കുക.” ഹാതോ ദിയാസ് പറഞ്ഞു.
“എപ്പോഴും,” പ്രസിഡൻഡ് പറഞ്ഞു.
“പക്ഷേ എനിക്കതറിയാമെന്ന് അവനറിയാം.”
“എങ്കിൽ നമ്മൾ തുലഞ്ഞു.”
“പക്ഷേ അവനതറിയാമെന്ന് എനിക്കറിയാം.”
“എങ്കിൽ പിന്നെ ഇടത്തോട്ട് ഡൈവ് ചെയ്താൽ മതി.” പ്രസിഡൻഡ് പറഞ്ഞു.
” ഇല്ല. അവനതറിയാമെന്ന കാര്യം എനിക്കറിയാമെന്ന് അവനറിയാം.”
ഇതുപോലുള്ള വാചകങ്ങൾ ഹാൻഡ്കെയുടെ നോവലിലും കാണാം, നോവലിൽ അദ്ദേഹം എഴുതുന്നതിങ്ങനെ:
”കിക്കെടുക്കുന്നയാൾ ഏതു മൂലയിലേക്ക് പന്തടിക്കുമെന്ന് ഊഹിക്കാൻ ഗോളി ശ്രമിക്കും. കിക്കെടുക്കുന്നയാളെ പരിചയമുണ്ടെങ്കിൽ അയാൾ സാധാരണ എങ്ങോട്ടാവും അടിക്കുകയെന്ന് ഗോളിക്കറിയാം. പക്ഷേ ഗോളിക്കതറിയാമെന്ന കാര്യം കിക്കെടുക്കുന്നയാൾക്കറിയാം. പക്ഷേ തനിക്കതറിയാമെന്ന കാര്യം മറ്റേയാൾക്കറിയാമെന്നതുകൊണ്ട് മറുവശത്തേക്ക് പന്തടിക്കുമെന്നാവും ഗോളി കരുതുക. ഊഹങ്ങൾ ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും.”
ഹാൻഡ്കെ യുടെ നോവലിനെ അനുകരിക്കുകയാണോ സൊറിയാനോയുടെ കഥ ചെയ്യുന്നത്? അറിയില്ല. ഹാൻഡ്കെയുടെ നോവൽ പ്രസിദ്ധീകരിച്ചത് 1970 ൽ, സൊറിയാനോയുടേത് 1993ലും. പക്ഷേ ഈ കഥ പല ഭാഷകളിലെയും എഴുത്തുകാർക്ക് പ്രചോദനമായിട്ടുണ്ട്. തീർച്ചയായ മറ്റൊരു കാര്യം –
യഥാർത്ഥ ഫുട്ബോൾ കഥയിലെ ഫുട്ബോളിനെ അനുകരിക്കാൻ തുടങ്ങി! അർജന്റൈൻ ക്ലബുകളായ ബൊക്കാ ജൂനിയേഴ്സും തമ്മിലുള്ള ഫൈനൽ മത്സരം കളിക്കിടയിൽ പെയ്ത മഴയെ തുടർന്ന് അടുത്ത ദിവസം നടത്താൻ തീരുമാനിച്ചു. പക്ഷേ പിറ്റേ ദിവസം ബൊക്കാ കളിക്കാർ സഞ്ചരിച്ച ബസ് ഒരു സംഘം ആളുകൾ ആക്രമിക്കുകയും കളി ഒരു മാസത്തേക്ക് മാറ്റിവെക്കപ്പെടുകയും ചെയ്തു. അങ്ങനെ അതായിത്തീർന്നു ചരിത്രത്തിലെ ഏറ്റവും ദീർഘിക്കപ്പെട്ട മത്സരം.
കഥയെ യാഥാർത്ഥ്യത്തിന് പകർത്താൻ കഴിഞ്ഞേക്കും, തിരിച്ചും. പക്ഷേ കളി പകർത്താൻ കഥയ്ക്കോ യാഥാർത്ഥ്യത്തിനോ ആവില്ലതന്നെ. ഹിഗ്വിറ്റയുടെ പേരു പകർത്തി കഥയോ സിനിമയോ ഉണ്ടാക്കാം, പക്ഷേ അയാളുടെ തേൾ കിക്ക് (Scorpion Kick) പകർത്താനാവില്ല. കാരണം അയാൾ കാവൽ നിൽക്കുന്നത് നരകത്തിനാണ്.
ഇതു തിരിച്ചറിഞ്ഞതുകൊണ്ടാകാം ഗോൾ കീപ്പർമാരായിരുന്ന അൽബേർ കമ്യുവും വ്ലദീമിർ നബക്കോഫും യവ്ഗെനി യെവ്തുഷെങ്കോയും ആ ജോലി ഉപേക്ഷിച്ച് എഴുത്തുകാരായത്. കരോൾ വൊയ്ത്തുവ (Karol Wojtyla) എന്നു പേരുള്ള മറ്റൊരു ഗോളി ഒരുപടി കൂടി കടന്ന് സ്വർഗ്ഗത്തിൻ്റെ തന്നെ കാവൽക്കാരനായി – ജോൺ പോൾ രണ്ടാമൻ മാർപാപ്പയെന്ന പേരിൽ.
കാരണം, എഴുത്തിന്റെയായാലും മതത്തിന്റെയായാലും, സ്വർഗ്ഗത്തിലേക്ക് ദുരാത്മാക്കൾ കടന്നു വന്നേക്കാം; പക്ഷേ തീപിടിച്ച പന്തുകൾ പറന്നുവരില്ല, തീർച്ച.