scorecardresearch

ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു പെനാൽറ്റി കിക്ക്

“പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ചരിത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. പെനാൽട്ടി കിക്കെടുക്കാൻ പോകുന്നവന്റെ വിഹ്വലതകളും പെനാൽട്ടി പാഴാക്കിയവന്റെ നൈരാശ്യത്തിന്റെ ആഴവും എഴുതപ്പെടാനിരിക്കുന്ന തേയുള്ളൂ." എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

“പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ചരിത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. പെനാൽട്ടി കിക്കെടുക്കാൻ പോകുന്നവന്റെ വിഹ്വലതകളും പെനാൽട്ടി പാഴാക്കിയവന്റെ നൈരാശ്യത്തിന്റെ ആഴവും എഴുതപ്പെടാനിരിക്കുന്ന തേയുള്ളൂ." എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

author-image
Jayakrishnan
New Update
Feature, Sports, Image

ഷൂട്ടൗട്ടിൽ, സ്പെയിനിനു വേണ്ടി അവസാനത്തെ പെനാൽട്ടി കിക്കെടുത്തു കഴിഞ്ഞപ്പോൾ സെർഹിയോ ബുസ്ക്കെറ്റ്സിന്റെ മുഖം നമ്മളെല്ലാം കണ്ടതാണ്. മൊറോക്കൻ ഗോൾകീപ്പർ പന്ത് തട്ടിയകറ്റിയപ്പോൾ ലോകകപ്പിൽ, ഒരു പക്ഷേ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിൽ പോലും താനിനി പന്ത് തൊടില്ലെന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ടാവണം.

Advertisment

ഇന്നലെ നെയ്മാർ പെനാൽട്ടി കിക്കെടുത്തില്ല. അതിനു മുമ്പേ ബ്രസീൽ തോറ്റു കഴിഞ്ഞിരുന്നു. പക്ഷേ അയാളുടെ മുഖഭാവവും അതു തന്നെയായിരുന്നു; ലോകം പൊടുന്നനെ കാൽക്കീഴിൽ നിന്ന് വഴുതിപ്പോയവന്റെ ഭാവം.

"കരയരുത്, ആൻഹെലീത്ത
ഇന്നു രാത്രി ഞാൻ നിനക്കൊരു
വീടുവാങ്ങിത്തരും;
അല്ലെങ്കിൽ നിന്നെ ഞാൻ
വിലാപവേഷമണിയിക്കും."

ഈയിടെ അന്തരിച്ച പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയെർ, ലാറി കോളിൻസുമായി ചേർന്ന് എഴുതിയ 'Or I'll Dress You in Mourning' എന്ന പുസ്തകത്തിലുള്ള ഈ വരികൾ പെനാൽട്ടി കിക്കെടുക്കാൻ പോകുന്ന ഏതൊരു കളിക്കാരനും ചേരും. ഒന്നുകിൽ അവനു കിട്ടുക പ്രശസ്തിയുടെ മണിമാളിക; അല്ലെങ്കിൽ മരണംപോലുള്ള അപമാനത്തിന്റെ കറ പിടിച്ചവസ്ത്രം.

Advertisment

പെനാൽട്ടി കിക്ക് തടുക്കാൻ നിൽക്കുന്ന ഗോളിയുടെ ഭ്രാന്തോളമെത്തുന്ന മാനസികാവസ്ഥ നമുക്കറിയാം. പക്ഷേ ഒന്നുണ്ട്. പെനാൽട്ടി തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ വളരെയൊന്നും പഴി കേൾക്കേണ്ടി വരില്ല. അതുപോലെയല്ല പെനാൽട്ടി കിക്കെടുക്കുന്ന കളിക്കാരന്റെ കാര്യം. പന്ത് ഗോളി തടുത്താൽ, പുറത്തേക്ക് പോയാൽ, ബാറിനോ പോസ്റ്റിനോ അടിച്ചു മടങ്ങിയാൽ അതോടെ തീർന്നു അവന്റെ കാര്യം. പന്ത്രണ്ടു വാരയകലെ സ്ഥിതി ചെയ്യുന്ന, ഗോളി മാത്രം മുന്നിൽ നിൽക്കുന്ന ഒരു പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റാനായില്ലെങ്കിൽപ്പിന്നെ അവൻ കളിക്കാരനല്ല, വെറും വട്ടപ്പൂജ്യം.

ദൈവങ്ങളായ മെസ്സിയും ലെവൻഡോവ്സ്കിയും അങ്ങനെ വട്ടപ്പൂജ്യങ്ങളായി മാറിയ അവസരങ്ങൾ ഈ ലോകകപ്പിൽ നമ്മൾ കണ്ടു കഴിഞ്ഞു.

1994ലെ ലോകകപ്പ് ഫൈനലിൽ - ഷൂട്ടൗട്ട് വിധി നിർണയിച്ച ഒരേയൊരു ഫൈനൽ - അവസാനത്തെ കിക്കെടുക്കാൻ വരുമ്പോൾ ഇറ്റലിയുടെ റൊബെർത്തോ ബാജ്യോ (Roberto Baggio)യും ദൈവമായിരുന്നു. ക്വാർട്ടറിലും സെമിയിലും അയാൾ നേടിയ ഗോളുകളാണ് ഇറ്റലിയെ ഫൈനലിലെത്തിച്ചത്. റൊമാരിയോയുടെ ബ്രസീലിനെതിരെ ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ അവസാനത്തെ കിക്കെടുത്തത് അയാളായിരുന്നു. അതുപക്ഷേ, ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 3-2ന് ബ്രസീൽ കപ്പു നേടി.

അന്ന് ബാജ്യോയ്ക്ക് ഇരുപത്തിയേഴു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. പക്ഷേ പിന്നെ പലപ്പോഴും സൈഡ് ബഞ്ചിലായിരുന്നു അയാളുടെ സ്ഥാനം. പകരക്കാരൻ മാത്രമായി അയാൾ പലപ്പോഴും. 1998 ലെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരായ പെനാൽട്ടി ഷൂട്ടൗട്ടിൽ സ്കോർ ചെയ്തു കൊണ്ട് ബാജ്യോ പ്രായശ്ചിത്തം ചെയ്തെങ്കിലും ഇറ്റലി കളി തോറ്റു. രണ്ടാം പകുതിയിൽ മാത്രമാണ് കോച്ച് അയാളെ കളത്തിലിറക്കിയത്. ഇറ്റലിയുടെ തോൽവിക്ക് അതും ഒരു കാരണമായ പറയപ്പെടുന്നു.

ഒരൊറ്റ തവണയേ ബാജ്യോയ്ക്ക് പിഴച്ചുള്ളൂ. പക്ഷേ ആജീവനാന്തം അയാൾ പിഴയൊടുക്കേണ്ടി വന്നു.

'Soccer in Sun and Shadow' എന്ന പുസ്തകത്തിൽ എദ്വാർദോ ഗലിയാനോ ഇങ്ങനെ എഴുതുന്നു: ബാജ്യോയുടെ കളി നിഗൂഢമാണ്: അയാളുടെ കാലുകൾക്ക് അവയുടേതായ ഒരു മനസ്സുണ്ട്, സ്വയം തീരുമാനമെടുത്ത പോലെ അവ പന്തുതട്ടുന്നു, അയാളുടെ കണ്ണുകളാണെങ്കിൽ, ഗോളുകൾ പിറക്കുന്നതിനു മുമ്പേ അവയെ കണ്ടെത്തുന്നു.

താൻ ധരിച്ചിരുന്ന ക്യാപ്റ്റന്റെ ആം - ബാൻഡിനുള്ളിൽ ബാജ്യോ ബുദ്ധവചനങ്ങളെഴുതി സൂക്ഷിച്ചിരുന്നു. പക്ഷേ, ശപിക്കപ്പെട്ട ആ പെനാൽട്ടി കിക്കിൽ ബുദ്ധൻ പോലും അയാളെ രക്ഷിച്ചില്ല.

പെനാൽട്ടി പാഴാക്കാവുന്നവൻ തോൽക്കുന്നത് കളിയിൽ മാത്രമല്ല പലപ്പോഴും ജീവിതത്തിലും കൂടിയാണ്.

പെനാൽട്ടി നഷ്ടപ്പെടുത്തുന്നത് ഒരു സ്ത്രീയാണെങ്കിലോ? അപ്പോൾ സംഭവിക്കുന്നത് എന്തായിരിക്കും? സ്ത്രീകളുടെ ഫുട്ബോൾ വിജയങ്ങൾ പോലെ തന്നെയാണ് പരാജയങ്ങളും - മെസിക്കും നെയ്മർക്കും ബാജ്യോക്കും കിട്ടുന്ന മാധ്യമശ്രദ്ധ അവിടെയും അവർക്കില്ലാതാകുന്നു. സുഹൃത്തായ ഒരു ബ്രസീലിയൻ ചിത്രകാരിയോട് നെയ്മാർക്കും റൊണാൾദോക്കും കിട്ടുന്ന ശ്രദ്ധ മാർത്തയ്ക്ക് കിട്ടാത്തതെന്തെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി പരിഭാഷപ്പെടുത്തുന്നില്ല: They are Gods only because they have a third leg between their legs.

Feature, Sports, Image

കളിയിൽ തോറ്റുപോയ ഒരു സ്ത്രീയുടെ കഥയാണിത്:

1999ൽ അമേരിക്കയിൽ വെച്ചു നടന്ന വനിതാ ലോകകപ്പ് ഫൈനൽ മത്സരം ടെലിവിഷനിൽ കണ്ടത് ഏകദേശം നാലുകോടി ആളുകളായിരുന്നു. വനിതാലോകകപ്പ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഇത്. ഫൈനലിൽ ചൈനയായിരുന്നു ആതിഥേയരായ അമേരിക്കയുടെ എതിരാളികൾ.

നിശ്ചിതസമയത്തും അധിക സമയത്തും 0 - 0 ആയിരുന്നു ഗോൾ നില. മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു. അവസാനത്തെ കിക്ക് വലയിലെത്തിച്ച് ബ്രാൻഡി ചാസ്റ്റൈൻ അമേരിക്കയെ ചാമ്പ്യന്മാരാക്കി. ജേഴ്സി ഊരിയെറിഞ്ഞ് ബ്രാൻഡി വന്യമായ വിജയാഘോഷം നടത്തുമ്പോൾ, തോറ്റുപോയ ചൈനക്കാരികൾ പൊട്ടിക്കരയുകയായിരുന്നു. ല്യു യിംഗിന്റേതായിരുന്നു അതിൽ ഏറ്റവും ഹൃദയഭേദകമായ കരച്ചിൽ; പതിമൂന്നാം നമ്പർ ജേഴ്സി ധരിച്ച ആ പെൺകുട്ടിയുടെ കിക്കായിരുന്നു അമേരിക്കൻ ഗോൾ കീപ്പറായ ബ്രിയാനാ സ്കറി തടുത്തിട്ടത്. അങ്ങനെ ലഭിച്ച ലീഡാണ് അമേരിക്കയെ ചാമ്പ്യന്മാരാക്കിയത്.

എഴുത്തുകാരനായ ഗൈ ടാലീസും (Gay Talese) കളി കാണുന്നുണ്ടായിരുന്നു. ല്യുവിന് പിന്നെ എന്തു സംഭവിച്ചുകാണുമെന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ടാലീസ് ചൈനയിലേക്കു പുറപ്പെട്ടു. ചൈനീസ് അധികാരികളുടെ സഹായത്തോടെ അദ്ദേഹം ല്യു യിംഗിന്റെ വീട് കണ്ടുപിടിച്ചു.

തലസ്ഥാനമായ ബീജിംഗിനോടു ചേർന്ന് ഹുതോംഗ് എന്നു വിളിക്കപ്പെടുന്ന ഇടുങ്ങിയ വഴിക്കിരുവശത്തായി മതിലുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കോടിക്കണക്കിന് കൊച്ചു വീടുകളിലൊന്നിലായരുന്നു ല്യുവും കുടുംബവും താമസിച്ചിരുന്നത്. അവളുടെ അമ്മയ്ക്ക് വീട്ടിലിരുന്ന് ടെലിവിഷനിൽ കളി കാണാനായിരുന്നു താത്പര്യം. പക്ഷേ അധികാരികൾ അവളുടെയും മറ്റു കളിക്കാരികളുടെ അമ്മമാരെയും ഫൈനലിന്റെ തലേദിവസം പ്രശസ്തമായ ജിയാൻഗുവോ ഹോട്ടെലിലേക്കു ഒരു വിരുന്നിന് ക്ഷണിച്ചു. അന്നുരാത്രി അവരവിടെ താമസിച്ചു. പുലർച്ചെ മൂന്നു മണിക്കെഴുന്നേറ്റ് ക്ഷണിക്കപ്പെട്ട മാധ്യമപ്രവർത്തകരോടൊപ്പം കളി കണ്ടു. കളി തോറ്റപ്പോൾ ഒരുമിച്ചിരുന്നു കരഞ്ഞു.

അതിരാവിലെയായിരുന്നു കളിയെങ്കിലും ചൈനയിൽ അനേകം പേർ കളി കാണുന്നുണ്ടായിരുന്നു. പിറ്റേന്ന് ല്യു എന്തോ വലിയ തെറ്റു ചെയ്തതുപോലെയായിരുന്നു ആളുകളുടെ പ്രതികരണമെന്ന് അവളുടെ സഹോദരി ഓർക്കുന്നു. "നിർണായകസമയത്ത് പെനാൽട്ടി പാഴാക്കാൻ ല്യുവിനെങ്ങനെ കഴിഞ്ഞു?" അവർ ചോദിച്ചു. ല്യുവിനു വേണ്ടി സഹോദരി എല്ലാവരോടും ക്ഷമാപണം ചെയ്തു.

പിറ്റേന്ന് പക്ഷേ കഥ മാറി. ല്യു പെനാൽട്ടി കിക്കെടുക്കുന്നതിനു മുമ്പുതന്നെ അമേരിക്കൻ ഗോൾ കീപ്പർ മുന്നോട്ടു നീങ്ങിയെന്ന് ചൈനീസ് മാധ്യമങ്ങൾ ഫോട്ടോഗ്രാഫുകൾ സഹിതം റിപ്പോർട്ടു ചെയ്തു. റഫറി ആ ഫൗൾ കണ്ടില്ല, അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു.

കുറ്റവിമുക്തയായെങ്കിലും ല്യുവിന് പരാജയം താങ്ങാനാവില്ലായിരുന്നു. ഒടുവിൽ, കഴിഞ്ഞ നവംബർ 30ന് അന്തരിച്ച, അന്നത്തെ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ നേരിട്ടെത്തി അവളെ ആശ്വസിപ്പിച്ചു: "വിഷമിക്കേണ്ട, മറ്റൊരു ദിവസം വരും, മറ്റൊരു അവസരവും വരും."

ല്യു യിംഗിന്റെ ജീവിതത്തിൽ ആ മറ്റൊരു ദിവസം വന്നോയെന്നറിയില്ല. "ഈ തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്, ഇനിയുള്ള കാലം അതിനൊപ്പം ജീവിക്കേണ്ടി വരും" എന്ന് പറഞ്ഞ് ഖത്തറിൽ നിന്നും മടങ്ങുന്ന ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിലൂടെ ആ നൂൽപ്പാലത്തിൽ നിന്നു വീഴുന്നവരുടെ തുടർച്ച അവസാനിക്കാതിരിക്കുന്നു.

പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ചരിത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. പെനാൽട്ടി കിക്കെടുക്കാൻ പോകുന്നവന്റെ വിഹ്വലതകളും പെനാൽട്ടി പാഴാക്കിയവന്റെ നൈരാശ്യത്തിന്റെ ആഴവും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ.

കാരണം പെനാൽട്ടികിക്കെടുക്കാൻ പോകുന്നവൻ നടക്കുന്നത് ഒരു നൂൽപ്പാലത്തിലൂടെയാണ് - ജയത്തിനും തോൽവിക്കുമിടയിലുള്ളതല്ല, ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒന്ന്.

Football Penalty Goal Fifa World Cup 2022

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: