scorecardresearch

“ഫുട്ബോൾ ജനകീയമാണ് എന്തുകൊണ്ടെന്നാൽ മണ്ടത്തരം ജനകീയമാണ്”

“അവസാനത്തെ കളി കഴിയുമ്പോൾ, ആവേശങ്ങൾ, വാഗ്വാദങ്ങൾ, സ്തുതികൾ, നിന്ദകൾ, തമ്മിൽത്തല്ലുകൾ, കൂറ്റൻ കട്ടൗട്ടുകൾ ഇതെല്ലാം വെറും മായക്കാഴ്ചകളാകും. കളിച്ചിട്ടല്ല, എഴുതിയും വായിച്ചും കണ്ടും കേട്ടുമാണ് കാൽപ്പന്ത് ലോകത്തേക്കാൾ വലുതായതെന്ന് ഒരിക്കൽ കൂടി നമ്മളറിയും.” ഫുട്ബോളിനെ കുറിച്ച് സാഹിത്യലോകത്തിൽ നിന്നുള്ള കാഴ്ചകളെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

“ഫുട്ബോൾ ജനകീയമാണ് എന്തുകൊണ്ടെന്നാൽ മണ്ടത്തരം ജനകീയമാണ്”

തെക്കേ അമേരിക്കയിലെ പുരാതന മായൻ വർഗക്കാർ പന്തുകളിച്ചിരുന്നുവെന്ന് അവരുടെ ഇതിഹാസ പുസ്തകമായ പൊപ്പോൽ വു (Popol Vuh)വിൽ പറയുന്നുണ്ട്. ഇതിലെ പ്രധാന കഥാപാത്രമായ ഹുൺ -അപുവും സഹോദരനായ സബലാങ്കും ഒന്നാന്തരം കളിക്കാരായിരുന്നു. സ്വന്തം നാട്ടിൽ വെച്ച് അവർ തോൽപ്പിച്ച സിബൽബാ എന്ന പാതാളത്തിലെ ഭരണാധികാരികൾ, അവരെ തങ്ങളുടെ നാട്ടിലേക്ക് പന്തുകളിക്കാൻ ക്ഷണിക്കുന്നതും (ഹോം ആൻഡ് എവേ കളികൾ അന്നുമുണ്ടായിരുന്നു) അവർ ചതിപ്രയോഗങ്ങളെ മറികടന്ന് സിബൽബാക്കാരെ പരാജയപ്പെടുത്തുന്നതുമാണ് കഥകളിലൊന്ന്.

മായൻ വർഗക്കാർ കളിച്ചിരുന്നത് ഫുട്ബോളായിരുന്നോ എന്ന് നിശ്ചയമില്ല. അതേതായാലും ക്രിസ്തു ജനിക്കുന്നതിനു മുമ്പുതന്നെ ചൈനക്കാർ ഫുട്ബോൾ കളിച്ചിരുന്നു. അന്നു പക്ഷേ, ഗോൾ വല ഒന്നേ ഉണ്ടായിരുന്നുള്ളു. അതുപക്ഷേ കളിക്കളത്തിന്റെ നടുവിലായിരുന്നുവെന്നു മാത്രം.

അന്നു തന്നെ കാൽപ്പന്തുകളി എഴുത്തുകാരെ ആകർഷിച്ചിരുന്നു. ചിലപ്പോൾ പുകഴ്ത്താൽ മറ്റു ചിലപ്പോൾ കളിയാക്കാൻ. ‘കോമഡി ഓഫ് എറർസ്’ എന്ന നാടകത്തിൽ “ഫുട്ബോൾ പോലെ നീയെന്നെ തട്ടിക്കളിക്കുമോ?” എന്ന് ഷേക്സ്പിയർ ഒരു കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. ‘കിങ് ലിയറി’ലാകട്ടെ, കെന്റ് പ്രഭു മറ്റൊരു കഥാപാത്രത്തെ വിളിക്കുന്നത് “വൃത്തികെട്ട ഫുട്ബോൾ കളിക്കാരാ”- എന്നാണ്. ഷേക്സ്പിയറിന് ഫുട്ബോളിനോടുള്ള മനോഭാവം ഇതിൽനിന്ന് നമുക്ക് ഏകദേശം മനസ്സിലാകും.

ഈയിടെ അന്തരിച്ച ലോകപ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ ഹവിയെർ മരിയാസ്, റയൽ മാഡ്രിഡിന്റെ ആരാധകനായിരുന്നു. റയൽ ക്ലബ്ബിന്റെ ജേഴ്സിയുടെ നിറമായ വെളുപ്പിനെ അനുസ്മരിച്ചുകൊണ്ടു കൂടിയാണ് തന്റെ പ്രധാനപ്പെട്ട നോവലുകളിലൊന്നിന് അദ്ദേഹം “A Heart So White” എന്നു പേരിട്ടതെന്ന് പറയപ്പെടുന്നു (ഷേക്സ്പിയറുടെ മക്ബത്ത് നാടകത്തിലെ ഒരു വാചകം കൂടിയാണിത്).

2002 യൂറോപ്യൻ കപ്പിന്റെ ഫൈനലിൽ റയലും ജർമ്മൻ ക്ലബ്ബായ ബയെർ ലെവർകുസെനുമായുള്ള കളിയിൽ റൊബെർത്തോ കാർലോസിന്റെ പാസിൽ നിന്ന് സിനെദിൻ സിദാൻ നേടിയ അത്ഭുത ഗോളിനെപ്പറ്റി മരിയാസ് എഴുതുന്നു:

ഗോളുകൾ പലവിധത്തിലുണ്ട്: നല്ലത്, മഹത്തായത്, അത്ഭുതം ജനിപ്പിക്കുന്നത്, പിന്നെ അമാനുഷികമായത്. അവസാനത്തേത് ഒരാൾ പോലും പ്രതീക്ഷിക്കാ ത്തതായിരിക്കും. ശരിക്കും ആകാശത്തിൽ നിന്ന് വീണുകിട്ടുന്ന പാരിതോഷികങ്ങളാണ് അവ.

സിദാന്റെ ഗോൾ അത്തരത്തിലൊന്നായിരുന്നു. കമന്ററേറ്റർമാർ പോലും ശ്രദ്ധിക്കാതിരുന്ന ഒരു നീക്കത്തിനൊടുവിലായിരുന്നു ആ ഗോൾ വന്നത്. പന്തുമായി റൊബെർത്തോ കാർലോസ് പെനാൽട്ടി ഏരിയയുടെ മധ്യഭാഗം വരെ മുന്നേറി. അവിടെ വെച്ച് ഡിഫൻഡർമാർ അദ്ദേഹത്തെ വളഞ്ഞു. പന്ത് നഷ്ടപ്പെടുമെന്നായപ്പോൾ കാർലോസ് അത് ഉയർത്തിയടിച്ചു. ആരും അതിലൊരു ഗോൾസാദ്ധ്യത കണ്ടില്ല; സിദാൻ പോലും. എന്നാൽ പന്തു താണുതുടങ്ങിയപ്പോൾ അത് താൻ നിൽക്കുന്നിടത്തേക്കാണ് വരുന്നതെന്ന് അദ്ദേഹം കണ്ടു. അത് ആകാശത്തിൽ നിന്നു വീഴുന്ന ഒരു സമ്മാനമായിരുന്നു. ബാക്കി കാര്യങ്ങൾ അദ്ദേഹം ചെയ്തു. ആ നിമിഷത്തിൽ സിദാനും ആകാശത്തിൽ നിന്ന് പൊട്ടിവീണ ഒരുവനെപ്പോലെയായിരുന്നു. അദ്ദേഹം അത് തിരിച്ചറിഞ്ഞു; അങ്ങനെ പാരിതോഷികം മാംസമായി, പിന്നെ ക്രിയയായി.

വിഭജിക്കപ്പെട്ട ഒരു രാജ്യം രണ്ടായിത്തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനെക്കുറിച്ചാണ് നൊബേൽ സമ്മാനം ലഭിച്ച ജർമ്മൻ സാഹിത്യകാരൻ ഗുന്തർ ഗ്രസ്സ് എഴുതുന്നത്:

1974 ലെ ലോകകപ്പിൽ കിഴക്കൻ ജർമ്മനിയും (GDR) പടിഞ്ഞാറൻ ജർമ്മനിയും (FRG) തമ്മിൽ ഒരു മത്സരം നടന്നു. സമാധാനത്തിന്റെ ചാൻസലർ എന്നറിയപ്പെട്ടിരുന്ന പടിഞ്ഞാറൻ ജർമൻ ചാൻസലർ വില്ലി ബ്രാൻഡിനെതിരെ (Willy Brandt) ചാരപ്പണി നടത്തിയതിന്റെ പേരിൽ ജയിലലടയ്ക്കപ്പെട്ട കിഴക്കൻ ജർമ്മനിയുടെ കുപ്രസിദ്ധ ചാരൻ ഗുന്തെർ ഗിലൂം (Gunter Guilaume) ഈ കളി കാണുന്നുണ്ടായിരുന്നു.

വില്ലി ബ്രാൻഡിന്റെ വിശ്വസ്തനായിരുന്നു ഗിലൂം. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് താഴെയിറക്കിയതിൽ അയാൾക്ക് മനസ്താപവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, കളി തുടങ്ങിയപ്പോൾ താൻ ഏതു ജർമ്മനിയുടെ ഭാഗത്താണെന്ന കാര്യത്തിൽ അയാൾക്ക് ആശയക്കുഴപ്പമായി.

കളിക്കിടയിൽ പടിഞ്ഞാറൻ ജർമ്മനിയുടെ ഇതിഹാസതാരം ഗെർഡ് മുള്ളറുടെ ഷോട്ട് പോസ്റ്റിലേക്ക് കുതിക്കുന്നതുകണ്ട് ഗിലൂം ആർത്തുവിളിച്ചു: “ഗോൾ!” അപ്പോഴാണ് താൻ കിഴക്കൻ ജർമ്മൻകാരനാണല്ലോ എന്ന് അയാളോർത്തത്. ഏതായാലും ആ ഷോട്ട് ഗോളായില്ല.

കളിയുടെ രണ്ടാം പകുതിയിൽ കിഴക്കൻ ജർമ്മനിയുടെ യർഗൻ സ്പർവസ്സെർ ഗോൾ നേടി. വീണ്ടും ഗിലൂം ആർത്തുവിളിച്ചു: “ഗോൾ!” കിഴക്കൻ ജർമ്മനി ജയിച്ചു. തോറ്റു പോയ പടിഞ്ഞാറൻ ജർമ്മൻകാരെക്കുറിച്ചോർത്ത് ദുഃഖിക്കുകയായിരുന്നു ഗിലൂം അപ്പോൾ.

ഒരു രാഷ്ട്രത്തെ വിഭജിക്കുമ്പോൾ പിളർന്നു പോകുന്ന മനുഷ്യാസ്തിത്വത്തെയാണ് ഗ്രാസ് വരച്ചുകാണിക്കുന്നത്.

ഫുട്ബോളിനെപ്പറ്റി ഏറ്റവും ആഴത്തിലും രസകരമായും എഴുതിയിട്ടുള്ളത് ഉറുഗ്വായൻ സാഹിത്യകാരനായ എദ്വാർദോ ഗലിയാനോ ആണ്. അദ്ദേഹത്തി ന്റെ ‘Soccer in Sun and Shadow’ എന്ന പുസ്തകം ലോകകപ്പ് ഫുട്ബോളിന്റെ ബൈബിൾ ആയാണ് കരുതപ്പെടുന്നത്. ലോകകപ്പ് നടക്കുന്ന ഒരു മാസം അദ്ദേഹം വീട്ടിനകത്തു തന്നെ അടച്ചിരിക്കും. വാതിലിൽ ഇങ്ങനെയൊരു ബോർഡും തൂക്കും: “ഫുട്ബോളിനു വേണ്ടി അടച്ചു.”

കളി തോറ്റാൽ ഏറ്റവും പഴി കേൾക്കേണ്ടി വരിക കളിക്കാരല്ല, പരിശീലകരും മാനേജർമാരുമായിരിക്കും. (ഇപ്പോൾതന്നെ തോറ്റ പല ടീമുകളുടെയും പരിശീലകർ സ്ഥാനമൊഴിഞ്ഞു കഴിഞ്ഞു. ഇതിനെ കളിയാക്കിക്കൊണ്ട് ഗലിയാനോ ഒരു കഥ പറയുന്നുണ്ട്:

സ്പെയിനിലെ അത് ലെറ്റികോ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ ഉടമസ്ഥനായ ഹെസ്യൂസ് ഗിൽ ഈ ഗിൽ (Jesus Gily Gil), തന്റെ ടീം കളിയിൽ തോറ്റാലുടനെ മാനേജരെ പുറത്താക്കുമായിരുന്നു. ഇതിനുവേണ്ടി തന്റെ കുതിരയായ ഇംപെരിയോസോയോടാണത്രേ ഗിൽ ഉപദേശം തേടിയിരുന്നത്. ഗില്ലും കുതിരയും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്:

”ഇംപെരിയോസോ, നമ്മൾ തോറ്റു.”
“ഞാനറിഞ്ഞു, ഗിൽ”
“ആരാണ് കുറ്റക്കാരൻ?”
“എനിക്കറിയില്ല, ഗിൽ.”
“നിനക്കറിയാം, ഇംപെരിയോസോ. ആ മാനേജരാണ് തെറ്റുകാരൻ.”
“എന്നാൽ അയാളെ പിരിച്ചുവിട്ടേക്ക്.”

1982ൽ സ്പെയിനിൽ വെച്ചു നടന്ന ലോകകപ്പ് കാണാനെത്തിയ ലോകപ്രശസത പെറൂവിയൻ എഴുത്തുകാരനായ മാരിയോ വർഗാസ് യോസയെ പത്രക്കാർ എതിരേറ്റത് വിചിത്രമായ ഒരു ചോദ്യം കൊണ്ടായിരുന്നു: ഗ്രൂപ്പിൽ പെറുവിനെ തിരെ കളിക്കുന്ന കാമറൂൺ ടീമിന്റെ കൂടെയുണ്ടെന്നു പറയപ്പെടുന്ന മന്ത്രവാദി കളെ നേരിടാൻ പെറൂവിയൻ ടീമും ആഭിചാരകന്മാരെ ഇറക്കിയിട്ടുണ്ടെന്നു കേൾക്കുന്നത് ശരിയാണോ?

മാജിക് റിയലിസം കൊണ്ടു തന്നെ യോസ ഈ ചോദ്യത്തെ നേരിട്ടു: ഞങ്ങൾ കൊണ്ടുവന്നിട്ടുള്ള പെറൂവിയൻ കൂടോത്രക്കാർ ചില്ലറക്കാരല്ല. പർവതപ്രദേശ മായ അയബാക്ക(Ayabaca)യിൽ നിന്നുള്ളവരാണ് അവർ. അവിടെ, നടക്കാൻ പഠിക്കുന്നതിനു മുമ്പ് പെൺകുട്ടികൾ ചൂലിൽ കയറി പറക്കാനാണ് പരിശീലിക്കുക; ആൺകുട്ടികളാകട്ടെ പേക്കാന്തവളകളും വിഷപ്പാമ്പുകളും ഗിനി പന്നികളുമായി മാറാനും! ചോളോ മന്ത്രവാദം, മെസ്റ്റിസോ മന്ത്രവാദം തുടങ്ങിയ ഭയങ്കരയിനങ്ങളാണ് അവരുടെ കൈമുതൽ. ഏതായാലും കാമറൂൺ-പെറു മത്സരത്തിൽ ശരിക്കും കളിക്കുക കൂടോത്രമായിരിക്കുമെന്ന് യോസ പത്രക്കാർക്ക് ഉറപ്പുകൊടുത്തു.

എന്നാൽ ഫുട്ബോളിനെപ്പറ്റി ഒരുപക്ഷേ ഏറ്റവും നല്ല നിരീക്ഷണം നടത്തിയിട്ടുള്ളത് ഈ ലോകകപ്പിന്റെ ഫൈനലിൽ കളിക്കാനിറങ്ങുന്ന അർജന്റീനയിലെ മഹാനായ എഴുത്തുകാരൻ ബോർഹെസ്സാണ്. “ഫുട്ബോൾ ജനകീയമാണ് എന്തുകൊണ്ടെന്നാൽ മണ്ടത്തരം ജനകീയമാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്. -വാമോസ് അർജന്റീന എന്ന് ആർത്തു വിളിക്കുന്നവർ ഇതുകേട്ടാൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ.

മാത്രമല്ല, അദോൾഫോ വിയോയ് കസാരെസുമായി (Adolfo Bioy Casares) ചേർന്ന് എഴുതിയിട്ടുള്ള ഒരു കഥയിൽ (Esse Est Percipi – ഗ്രഹിക്കുന്നതു മാത്രമേ നിലനിൽക്കുന്നുള്ളൂ എന്ന് ഏകദേശ പരിഭാഷ – ഐറിഷ് തത്വചിന്തകനായ ജോർജ് ബെർക്ക്ലിയുടെ സിദ്ധാന്തം) ഫുട്ബോൾ വെറും മായക്കാഴ്ചയാണെന്ന് അദ്ദേഹം എഴുതി:

അർജന്റീനയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ റിവർപ്ലേറ്റിന്റെ കൂറ്റൻ സ്റ്റേഡിയം സ്ഥിതി ചെയ്തിരുന്ന നുഞ്യേസിലൂടെ ( Nunez) നടക്കാനിറങ്ങിയ ഡോൺ ദോമെക്ക് സ്റ്റേഡിയം അവിടെയില്ലെന്നു കണ്ടെത്തുന്നു. അതേക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം തൂലിയോ സവാസ്താനോ എന്നയാളുടെ അടുത്തെത്തി. ഫുട്ബോൾ എന്നത് വെറും മായക്കാഴ്ചയാണെന്നും ആരു ജയിക്കണമെന്നും ആരു തോൽക്കണമെന്നും ഗോൾ നിലയെന്തായിരിക്കണമെന്നുമൊ ക്കെ കാലേകൂട്ടി പ്രവചിക്കപ്പെട്ടതാണെന്നും സവാസ്താനോ അയാളോടു പറയുന്നു:

”സ്റ്റേഡിയങ്ങൾ എന്നോ തകർന്നടിഞ്ഞു കഴിഞ്ഞു. ഇക്കാലത്ത് ടെലിവിഷനിലോ റേഡിയോയിലോ പത്രങ്ങളിലോ മാത്രം നടക്കുന്ന വെറും നാടകമാണ് കളികളെല്ലാം. കമന്റേറ്ററുടെ കൃത്രിമമായ ആവേശം തന്നെ ഇതെല്ലാം വിഡ്ഢിത്തമാണെന്നുള്ളതിന്റെ തെളിവല്ലേ? ഫുട്ബോളെന്നല്ല എല്ലാ കളികളും വിവിധ നിറത്തിലുള്ള ജഴ്സികൾ ധരിച്ച നടന്മാർ ടെലിവിഷൻ കാമറകൾക്കു മുമ്പിൽ അഭിനയിക്കുന്ന വെറും നാടകം മാത്രമാണ്.”

സത്യമല്ലേ? അവസാനത്തെ കളി കഴിയുമ്പോൾ, ആവേശങ്ങൾ, വാഗ്വാദങ്ങൾ, സ്തുതികൾ, നിന്ദകൾ, തമ്മിൽത്തല്ലുകൾ, കൂറ്റൻ കട്ടൗട്ടുകൾ ഇതെല്ലാം വെറും മായക്കാഴ്ചകളാകും. കളിച്ചിട്ടല്ല, എഴുതിയും വായിച്ചും കണ്ടും കേട്ടുമാണ് കാൽപ്പന്ത് ലോകത്തേക്കാൾ വലുതായതെന്ന് ഒരിക്കൽ കൂടി നമ്മളറിയും. അപ്പോഴും പന്തിന്റെ ആകൃതിപോലെ കളിയുടെ ആവേശം മാത്രം മാറ്റങ്ങളില്ലാതെ നിൽക്കും.

അവലംബം:

  1. The Ball is Round- A Global History of Soccer -David Goldblatt
  2. Angels with Dirty Faces – Jonathan Wilson
  3. The Goalie’s Anxiety at the Penalty Kick- Peter Handke.
  4. The Global Game- Writers on Soccer Edited by John Turnbull, Thom Satterlee, Alon Raab
  5. Doctor Socretes – Andrew Downie
  6. Soccer in Sun and Shadow- Eduardo Galeano
  7. Making Waves – Mario Vargas Llosa

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Fifa world cup 2022 football in literature

Best of Express