ഈ ലോകകപ്പിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് സെനെഗലിന്റെ സാദിയോ മാനെ ആയിരിക്കും. തന്റെ ക്ലബ്ബായ ബയേൺ മ്യൂനിക്കിനു വേണ്ടി കളിക്കുന്നതിനിടയിൽ പറ്റിയ പരിക്കു കാരണം മാനെയ്ക്ക് ലോകകപ്പ് കളിക്കാൻ പറ്റാതായി. ഫ്രാൻസിന്റെ കരിം ബെൻസിമയും പോൾ പോക്ബയും മറ്റും കളിക്കാതിരിക്കുന്നതിനു കാരണവും പരിക്കു തന്നെ.
ഫൗൾ ചെയ്യുക എന്നത് ഫുട്ബോളിലെ ഒരു അത്യാചാരമാണ്. പലപ്പോഴും അത് നിവൃത്തികേടിന്റെ ഫലമാണ്. ഗോളാകുമെന്നുറപ്പുള്ള ഒരു നീക്കം എതിരാളി നടത്തുമ്പോൾ മറ്റുവഴിയില്ലാതെ ഡിഫൻഡർ നടത്തുന്ന ഒരു ചവിട്ടിവീഴ്ത്തൽ. മിഡിൽസ് ബറോയുടെ ഗാരി സ്മിത്തിന്റെ മാരകമായ ടാക്ക്ൾ കാരണമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രതിഭാശാലിയായ ബെൻ കോലെറ്റ് കളി മതിയാക്കിയത്. അതും വെറും പത്തൊൻപതു വയസ്സുള്ളപ്പോൾ.
അല്ലാതെയും വരാം. പന്ത് കൈവശപ്പെടുത്താനുള്ള ആവേശത്തിൽ എതിർ കളിക്കാരനുമായുള്ള ഒരു കൂട്ടിയിടി. ചെൽസിയുടെ പിയെർലൂഗി കാസിരാഗിക്ക് സംഭവിച്ചത് അതാണ്. 5.4 മില്യൺ പൗണ്ട് പ്രതിഫലം പറ്റിയിരുന്ന അദ്ദേഹത്തിന് വെസ്റ്റ്ഹാമിന്റെ ഗോളി ഷാക്ക ഹിസ്ലോപ്പുമായി കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുപറ്റുകയും കരിയർ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.
ആദ്യം പറഞ്ഞതു പോലുള്ള ഒരു ഫൗളിന്റെ കഥയാണ് ബ്രസീലിയൻ എഴുത്തുകാരനായ ലൂയിസ് വിയേല (Luiz Vilela) തന്റെ ‘Escaping with the Ball എന്ന ചെറുകഥയിൽ പറയുന്നത്:
എതിർ ടീമിന്റെ മികച്ച കളിക്കാരനായ കാഞ്ഞ്യോത്തോ ഗോളടിക്കുമെന്നുറപ്പായപ്പോഴാണ് തിയാഗോ അയാളെ ചവിട്ടി വീഴ്ത്തിയത്. കാഞ്ഞ്യോത്തോ ഗോളടിച്ചാൽ തിയാഗോയുടെ ക്ലബ് തോൽക്കുക മാത്രമല്ല റാങ്കിങ്ങിൽ തരംതാഴ്ത്തപ്പെടുകയും ചെയ്യും. അതു കൊണ്ട് തിയാഗോ അയാളെ ചവിട്ടി. മാരകമായ പരിക്കേറ്റ കാഞ്ഞ്യോത്തോയെ ഗ്രൗണ്ടിൽ നിന്ന് ചുമന്നാണ് കൊണ്ടുപോയത്.
ഒരിക്കൽ ബ്രസീലിന്റെ ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്നു കരുതിയിരുന്നയാളായിരുന്നു കാഞ്ഞ്യോത്തോ. വിചാരിച്ചതിലും ഗുരുതരമായിരുന്നു അയാളുടെ പരിക്ക്. കാലിൽ ഒന്നിലധികം ശസ്ത്രക്രിയകൾ വേണ്ടിവന്നു. എങ്കിലും ഒന്നും പഴയപടിയായില്ല. അയാൾ മുടന്തനായി. കളിക്കളം എന്നെന്നേക്കുമായി അയാളിൽ നിന്ന് അകന്നുംപോയി.
ഇതറിഞ്ഞപ്പോൾ തീരാത്ത കുറ്റബോധം പിടികൂടുകയാണ് തിയാഗോയെ. മറ്റൊരു വിധത്തിൽ ഫുട്ബോൾ അയാളെയും ചതിച്ചു. ഗോളിലേക്കുള്ള അയാളുടെ ഷോട്ടുകൾ എപ്പോഴും ലക്ഷ്യംതെറ്റി. അയാൾ നൽകുന്ന പാസുകൾ എപ്പോഴും എതിരാളിയുടെ കാലിലെത്തി. ഉയർന്ന പ്രതിഫലം നൽകുന്ന ക്ലബ്ബുകളിൽ നിന്ന് നിസ്സാര തുക നൽകുന്ന ഇടങ്ങളിലേക്ക് അയാൾക്കു മാറേണ്ടി വന്നു. ക്രമേണ അയാളും കളിക്കളം വിട്ടു. ജീവിക്കാൻ വേണ്ടി ഒരു കട തുടങ്ങി.

വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റബോധം തിയാഗോയെ വിട്ടുപോയില്ല. ഒടുവിൽ കാഞ്ഞ്യോത്തോയെ ചെന്നുകണ്ട് മാപ്പുചോദിക്കാൻ അയാൾ തീരുമാനിച്ചു.
ഏറെ തിരച്ചിലുകൾക്കു ശേഷം ഒരു മദ്യശാലയിൽ വെച്ച് തിയാഗോ കാഞ്ഞ്യോത്തോയെ കണ്ടു. മുഴുക്കുടിയനായ ഒരു വൃദ്ധനായിക്കഴിഞ്ഞിരുന്നു കാഞ്ഞ്യോത്തോ. ഒറ്റനോട്ടത്തിൽതന്നെ തിയാഗോയെ അയാൾക്കു മനസ്സിലായി. കട്ടപിടിച്ച വെറുപ്പോടെയാണെങ്കിലും കാഞ്ഞ്യോത്തോ അയാളുടെ കുമ്പസാരം മുഴുവനും കേട്ടു. പക്ഷേ അയാൾ തിയാഗോക്ക് മാപ്പു നൽകിയില്ല, മാപ്പുകൊടുക്കാൻ അയാൾക്കാവില്ല. കാഞ്ഞ്യോത്തോ അയാളുടെ മുടന്തൻ കാല് വലിച്ചുവെച്ചു നടക്കുന്നതുപോലെ തിയാഗോ ആയുഷ്ക്കാലം മുഴുവൻ അയാളുടെ കുറ്റബോധം ചുമന്ന് നടന്നേ മതിയാകൂ.
പക്ഷേ ഇതൊന്നുമല്ലാത്ത മറ്റൊരു തരം പരിക്കുണ്ട്. മനഃപൂർവം ഏൽപ്പിക്കുന്നവ. നോർവേയുടെ ഇന്നത്തെ പ്രശസ്ത കളിക്കാരനായ എർലിങ് ഹാളണ്ടിന്റെ അച്ഛൻ ആൽഫ് ഇൻഗേ ഹാളണ്ടിനെ ഐറിഷ് കളിക്കാരൻ പീറ്റർ കീൻ പരിക്കേൽപ്പിച്ചത് വ്യക്തിവിദ്വേഷം കൊണ്ടായിരുന്നു. കീൻ തന്റെ ആത്മകഥയിൽ ഇക്കാര്യം തുറന്നുസമ്മതിച്ചപ്പോഴുണ്ടായ കോലാഹലം ചെറുതല്ല. ഏതായാലും ആൽഫ് ഹാളണ്ടിന്റെ ഫുട്ബോൾ ജീവിതം അതോടെ അവസാനിച്ചു.
എന്നാൽ ഫുട്ബോൾ പ്രേമികളായ ഒരു വലിയ വിഭാഗം ജനതയെ മുഴുവൻ അംഗഭംഗം വരുത്തുന്നത് ഏതുതരം പരുക്കൻ കളിയാണ്? യുദ്ധം സിയെറാ ലിയോണിനോട് ചെയ്തത് അതാണ്.
സിയെറാ ലിയോണിനെ (Sierra Leone)ക്കുറിച്ച് ആർക്കെന്തറിയാം? വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നും തന്നെ അവിടെയില്ല. ലോകകപ്പിലൊന്നും അവർ കളിച്ചിട്ടുമില്ല. 1991 മുതൽ 2002 വരെ നീണ്ടു നിന്ന ആഭ്യന്തരയുദ്ധം ഈ രാജ്യത്തെ നിലംപരിശാക്കി. വെടിയുണ്ടകളും കുഴിബോംബുകളും മറ്റും അനേകം പേരുടെ ജീവനെടുക്കുക മാത്രമല്ല, ആയിരങ്ങളെ അംഗഹീനരാക്കുകയും ചെയ്തു.
1994 ൽ അവിടം സന്ദർശിച്ച പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായ പോൾ റിച്ചാർഡ്സാണ് അത്ഭുതകരമായ ആ കാഴ്ച കണ്ടത് – കാലുകളില്ലാത്ത കുറെപ്പേർ ഊന്നുവടികളിൽ നടന്നും ഓടിയും ഫുട്ബോൾ കളിക്കുന്നു! യുദ്ധം തകർത്ത ഒരു ജനതയുടെ അവസാനത്തെ പ്രത്യാശയായിരുന്നു ഫുട്ബോൾ. കാലുകളറ്റുപോയിട്ടും അത് കൈവിടാൻ അവർ തയ്യാറായില്ല. “പന്ത് കിട്ടിയാൽ ഞാനെല്ലാം മറക്കും,” അവരിലൊരാളായ മൊഹമ്മദ് ലാപ്പിഡ് പറയുന്നു. ”ഞാനുടനെ അതെന്റെ സഹകളിക്കാരന് പാസ് ചെയ്യും; അവനത് ഗോളാക്കി മാറ്റുകയും ചെയ്യും.”
നെയ്മാറും മെസ്സിയും ക്രിസ്റ്റ്യാനോയും പരിക്കേറ്റ് രണ്ടുദിവസം കളിയിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ കണ്ണീരൊഴുക്കുന്നവർ സിയെറാ ലിയോണിലേക്കു നോക്കുന്നത് നന്നായിരിക്കും, അവർ കളിക്കുന്നത് കാലുകൊണ്ടല്ല, ഹൃദയംകൊണ്ടാണെന്നെഴുതിയാൽ അത് തരം താണ കവിതയായി മാറും. കാരണം സിയെറാ ലിയോണിന്റെ ഫുട്ബോളിനെക്കുറിച്ചെഴുതാൻ പുതിയ വാക്കുകൾ, പുതിയ ഭാഷ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.