” മെസ്സിയെ സന്തോഷിപ്പിക്കാൻ ആർജന്റൈൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ സെർഹിയോ ബസ്തീസ്ത, ഹാസ്യനടനായ പിഞ്യോൺ ഫിഹോ(Pinon Fijo)യെപ്പോലെ കോമാളി വേഷമണിയേണ്ടിവരും.” മെസ്സിയുടെ അന്തർമുഖത്വത്തെ പരിഹസിച്ചും അദ്ദേഹം രാജ്യത്തിനുവേണ്ടി ആത്മാർപ്പണത്തോടെ കളിക്കുന്നില്ലെന്ന വിമർശനത്തെ അനുകൂലിച്ചു കൊണ്ട് ഫുട്ബോളിലെ ദൈവമായ മറദോന പറഞ്ഞതാണിത്.
പത്താം വയസ്സിലാണ് ലിയോണെൽ മെസ്സി വളർച്ചക്കുറവിനുള്ള ഹോർമോൺ ചികിത്സ തുടങ്ങുന്നത്. ജന്മനഗരമായ റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ് അതിനകം അഞ്ഞൂറു ഗോളിലധികം അടിച്ചുകൂട്ടിയ ആ കുട്ടിയുടെ ചികിത്സ ഏറ്റെടുത്തെങ്കിലും പിന്നീട് പിന്മാറി. പക്ഷേ സ്പെയിനിലെ ബാർസലോണ ക്ലബ് മെസ്സിയെ സ്വീകരിച്ചു. പതിനാലാം വയസ്സിൽ ഹോർമോൺ ചികിത്സ അവസാനിപ്പിച്ചെങ്കിലും അവൻ അനാരോഗ്യവാനാ യിരുന്നു. ഉയരം കുറഞ്ഞ അവനെ Enano (കുള്ളൻ) എന്നു വിളിച്ച് കൂട്ടുകാർ കളിയാക്കി. പക്ഷേ കളിക്കാനുള്ള അഭിവാഞ്ഛ മാത്രം അവനെ വിട്ടുപോയില്ല. നന്നായി കളിക്കാൻ കഴിയാതെ വരുമ്പോൾ കണ്ണീരണിയുന്ന മെസ്സിയെ, കൂടെ കളിച്ചിരുന്ന ഹെറാർദ് പിക്വെയും സെസ്ക് ഫാബ്രിഹെസും ഓർക്കുന്നുണ്ട്.
മെസ്സിയെക്കാളും ചെറിയ പ്രായത്തിൽ ബാർസലോനയിലെത്തിയ നൈജീരിയൻ ഫുട്ബോൾ പ്രതിഭ ഹാരുണ ബാബൻഗിഡ എവിടെയുമെത്താതെ പോയപ്പോൾ മെസ്സി ലോകം കീഴടക്കി – ഉയരാനുള്ള ദൃഢനിശ്ചയം കൊണ്ടു മാത്രം.
ബാർസലോനയുടെ അണ്ടർ 17 ടീമിനു വേണ്ടി മെസ്സി നടത്തിയ ഒരു പ്രകടനമാണ് ഇതിന് ഉദാഹരണമായി പരിശീലകനായിരുന്ന അലെക്സ് ഗാർസീയ പറയുന്നത്: ബാർസയും എസ്പാഞ്യോളും തമ്മിലായിരുന്നു ഫൈനൽ. മെസ്സിയുടെ കവിളെല്ലിന് പരിക്കേറ്റിരുന്നു. എന്നിട്ടും കാർലെസ് പുയോൾ ഉപയോഗിച്ചിരുന്ന ഒരു മാസ്ക് കടം വാങ്ങി അയാൾ ഗ്രൗണ്ടിലിറക്കി. മുഖംമൂടി വലുതായിരുന്നു. അത് മെസ്സിയുടെ കാഴ്ചയെ മറച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുഖംമൂടി വലിച്ചെറിഞ്ഞ് അയാൾ പന്തുമായി കുതിച്ചു. ഗോളിലാണ് ആ ‘ഗാംബെത്ത’ (gambeta_ ഡ്രിബ്ലിംഗ്) അവസാനിച്ചത്.
ബാർസലോന 3-0ന് ജയിച്ച ആ കളി ഫുട്ബോൾ ചരിത്രത്തിൽ അറിയപ്പെടുന്നത് ‘മുഖംമൂടിയുടെ കളി’ (El partido de la mascara) എന്നാണ്. അവിടെ നിന്നാണ് നമ്മൾ ഇന്നു കാണുന്ന മെസ്സിയുടെ തുടക്കം.
അടുത്ത വർഷം അർജന്റീനയ്ക്കു വേണ്ടി അണ്ടർ 20 ലോകകപ്പിൽ മെസ്സി ബൂട്ടണിഞ്ഞു. ക്വാർട്ടറിൽ സ്പെയിനിനും സെമിയിൽ ബ്രസീലിനും ഫൈനലിൽ നൈജീരിയക്കും എതിരെ മെസ്സി നേടിയ ഗോളുകൾ അർജന്റീനയെ ചാമ്പ്യന്മാരാക്കി. അന്നുരാത്രി, അഭിനന്ദിക്കാൻ വേണ്ടി മറദോന, മെസ്സിയെ ഫോണിൽ വിളിച്ചു.
“മെസ്സിയെ എനിക്കിഷ്ടപ്പെടാൻ കാരണം അയാളുടെ കളിമാത്രമല്ല, ശരിക്കുമൊരു നായകനാണ് അയാൾ എന്നതുകൂടിയാണ്. സ്പെയിനിനെതിരെ അയാൾ കാഴ്ചവെച്ചത് ഒരു ഫുട്ബോൾ സംഗീതക്കച്ചേരിയായിരുന്നു. ” മറദോന പറഞ്ഞു.
മെസ്സി സന്തോഷിക്കണമെങ്കിൽ പരിശീലകൻ കോമാളി വേഷം കെട്ടുണമെന്നു പിന്നീടു പറഞ്ഞ അതേ മറദോന!
മെസ്സിയുമായുള്ള മറദോനയുടെ ബന്ധം സ്നേഹവും വിദ്വേഷവും കലർന്നതായിരുന്നു. ഫുട്ബോൾ ലോകത്ത് തനിക്കുള്ള സ്ഥാനം മെസ്സി തട്ടിയെടുക്കുമെന്ന് മറദോന ഭയപ്പെട്ടിരുന്നോ? അങ്ങനെ കരുതുന്നവരുണ്ട്.
മെസ്സിയെയും മറദോനയെയും താരതമ്യം ചെയ്തു കൊണ്ട് “Angels with Dirty Faces – The Footballing History of Argentina” എന്ന പുസ്തകത്തിൽ ജൊനാഥൻ വിൽസൺ (Jonathan Wilson) എഴുതുന്നു:

പറയൂ ബ്രസീൽ,
നിന്റെ നാട്ടിൽ ഞങ്ങൾ നിന്നെ
തോൽപ്പിച്ചാലെന്തു ചെയ്യും?
എത്ര നാൾ കഴിഞ്ഞാലും
ഞങ്ങൾ മറക്കില്ല –
ഇറ്റലിയിൽ വെച്ച്
നിന്നിലൂടെ പന്തുമായി മറദോന കുതിച്ചതും
കനിജിയ നിനക്ക് കുത്തിവെയ്പ്പെടുത്തതും.
അതുപോലെ, നിനക്കു കാണാം
മെസ്സി കപ്പുമായി വരുന്നത്.
2014ലെ ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പിൽ ബ്രസീലുകാരെ ഏറ്റവും അധികം വേദനിപ്പിച്ചത് സെമിഫൈനലിൽ ജർമ്മനിയോടേറ്റ 7-1ന്റെ തോൽവിയായിരുന്നില്ല, മറിച്ച് അർജന്റീനക്കാർ നിരന്തരം പാടിക്കൊണ്ടിരുന്ന ഈ പാട്ടായിരുന്നു. അവരുടെ മുറിവിൽ എരിവു പുരട്ടുന്ന പാട്ട്. 1990 ൽ ഇറ്റലിയിൽ വെച്ചു നടന്ന ലോകകപ്പ് സെമിഫൈനലിൽ മറദോനയുടെ പാസിൽ നിന്ന് ക്ലോദിയോ കനിജിയ നേടിയ ഗോളിൽ അർജന്റീന ബ്രസീലിനെ തോൽപ്പിച്ചതിനെക്കുറിച്ചുള്ള പാട്ട്.
ബ്രസീലിനെതിരെയല്ലെങ്കിലും അത്തരമൊരു ഗോളവസരം ആ ലോകകപ്പിൽ മെസ്സി ഒരുക്കിക്കൊടുത്തു. സ്വിറ്റ്സർലാൻഡിനെതിരെ തന്നെ വളഞ്ഞു നിന്ന നാല് സ്വിസ്സ് ഡിഫൻഡർമാരുടെ ശ്രദ്ധ ഒരു നിമിഷം തെറ്റിയപ്പോൾ അതുവരെ ഗ്രൗണ്ടിൽ അലസമായി ചലിച്ചുകൊണ്ടിരുന്ന മെസ്സി പന്തു ഡ്രിബ്ൾ ചെയ്തുകൊണ്ടു പറന്നത് 27.58 കിലോമീറ്റർ വേഗതയിലാണ്! പരിഭ്രാന്തരായ സ്വിസ്സ് കളിക്കാർ ഓടിയെത്തുന്നതിനു മുമ്പ്, മറദോന കനിജിയയ്ക്ക് നൽകിയ പാസ്സിനെ അനുസ്മരിപ്പിച്ചുകൊണ്ട് മെസ്സി, ഡി മരീയയ്ക്ക് പന്തെത്തിച്ചു. ഡി മരീയ അത് ഗോളാക്കി മാറ്റുകയും ചെയ്തു.
താരതമ്യങ്ങൾ അവിടെയും തീരുന്നില്ല. 2006 ൽ റിയൽ മാഡ്രീഡിനെതിരെ ആറു ഡിഫൻഡർമാരെ വെട്ടിച്ചു കൊണ്ട് മെസ്സി നേടിയ ഗോൾ 86 ലെ ലോകകപ്പിൽ മറദോന ഇംഗ്ലണ്ടിനെതിരെ നേടിയ ലോകോത്തരമായ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. മറ്റാർക്കും കഴിയാത്ത വിധത്തിൽ, എതിർ കളിക്കാരെ വെട്ടിച്ച് ഗോൾ നേടുന്ന കളിക്കാരൻ തിരിച്ചുപോരുമ്പോൾ കാൽപ്പാടുകൾ തുടച്ചു കളഞ്ഞാൽ പിന്നെ വേറെയാർക്കും അതേപോലെ ഗോൾ നേടാനാവില്ലെന്ന് അർജന്റീനയിൽ ഒരു കഥയുണ്ട്. മറദോനയും തന്റെ കാല്പാടുകൾ മായ്ച്ചുകളഞ്ഞു കാണും; അതുകൊണ്ടായിരിക്കാം, മെസ്സിയുടെ ഗോൾ തന്റേതിന്റെ അത്രയൊന്നും വരില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഏതായാലും മെസ്സി ആ ഗോൾ സമർപ്പിച്ചത് മറദോനയ്ക്കായിരുന്നു.
ആറാഴ്ചകൾക്കുശേഷം എസ്പാഞ്യോളിനെതിരെ, മെസ്സി കൈകൊണ്ട് തട്ടിയിട്ട ഗോൾ പക്ഷേ ഇംഗ്ലണ്ടുമായുള്ള കളിയിൽ മറദോന ‘ദൈവത്തിന്റെ കൈ’ കൊണ്ടു നേടിയ കുപ്രസിദ്ധമായ ഗോളിന്റെ അനുകരണമായിരുന്നു. ” ഇത് മറദോനതന്നെയാണ്, അയാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.” എന്നാണ് ഒരു കമന്റേറ്റർ അപ്പോൾ അലറി വിളിച്ചത്.
മെസ്സിയിൽ മിശിഹാ മാത്രമല്ല, ചെകുത്താനും ഒളിഞ്ഞിരിപ്പുണ്ടെന്ന് അന്ന് ലോകം കണ്ടു.
മറദോന എപ്പോഴും ടീമിനു വേണ്ടി കളിക്കുമ്പോൾ മെസ്സി ചിലപ്പോഴൊക്കെ തനിക്കുവേണ്ടി മാത്രം കളിക്കുന്നു എന്നൊരു ആരോപണമുണ്ട്. “ചിലപ്പോഴൊക്കെ അയാൾ ഒറ്റൊയ്ക്കൊരു ടീമാണ്. അതിനെ എഫ് സി മെസ്സി എന്നു വിളിക്കാം.” എന്നാണ് മറദോന തന്നെ ഇതിനെ പരിഹസിച്ചത്. ആക്രോശിച്ചും കരഞ്ഞും പ്രാർത്ഥിച്ചും മറദോന ടീമിനെ പ്രചോദിപ്പിക്കുമ്പോൾ പലപ്പോഴും മിണ്ടാതെ തന്നിലേക്കു തന്നെ ഉൾവലിയുന്ന മെസ്സിയുടെ സ്വഭാവമാകാം ഇതിനു കാരണം.
ബാഴ്സലോനയ്ക്കു വേണ്ടി കളിക്കുന്നതു പോലെ മെസ്സി ഒരിക്കലും അർജന്റീനയ്ക്കു വേണ്ടി കളിക്കുന്നില്ലെന്നതാണ് മറ്റൊരാരോപണം. കെൻ ഏർലി (Ken Early) എന്ന പത്രപ്രവർത്തകൻ ഇതിന് രസകരമായ ഒരു വിശദീകരണം നൽകുന്നുണ്ട്: ”ബാർസലോനക്കു വേണ്ടി കളിക്കുമ്പോൾ പന്ത് കിട്ടിയാലുടൻ മെസ്സി അത് മറ്റു കളിക്കാർക്ക് പാസ് ചെയ്യും. എന്നിട്ട് അത് വീണ്ടും സ്വീകരിക്കാൻ പറ്റിയ ഒരു ഒഴിഞ്ഞയിടം കണ്ടെത്തും. എന്നാൽ അർജന്റീനയ്ക്കു വേണ്ടി കളിക്കുമ്പോഴാകട്ടെ, മെസ്സിയുടെ കാലിൽ പന്തെത്തിയാൽ അത് സ്വീകരിക്കാൻ ആരുമുണ്ടാവില്ല. എല്ലാവരും മെസ്സി പന്തുകൊണ്ട് കാണിക്കാൻ പോകുന്ന അത്ഭുതത്തിനായി കാത്തു നിൽക്കും.”
ഈ ലോകകപ്പിലും ആ അത്ഭുതത്തിനായി കാത്തു നിൽക്കുന്ന അർജന്റൈൻ കളിക്കാരെ, സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിലെങ്കിലും നമ്മൾ കണ്ടു .
” അവർ മരിച്ചു കഴിഞ്ഞു.” എന്നാണ് ആ മത്സരത്തിനു ശേഷം സഹതാരങ്ങളെപ്പറ്റി മെസ്സി പറഞ്ഞത്. മരിച്ച അവരെ ഉയിർത്തെഴുന്നേൽപ്പിച്ച് മിശിഹാ സെമിഫൈനൽ വരെ എത്തിച്ചു കഴിഞ്ഞു. പക്ഷേ ഇനിയും അയാളുടെ അത്ഭുതങ്ങൾക്കു വേണ്ടി മാത്രം കാത്തു നിന്നാൽ മെസ്സിയും ഒരു സധാരണമനുഷ്യനാണെന്ന് അവർക്ക് ബോധ്യമാകും.
അതെന്തുമാകട്ടെ, മെസ്സി ലോകകപ്പിൽ ഇനി കളിക്കുക ഒന്നോ രണ്ടോ കളികൾ മാത്രം. അതു കഴിഞ്ഞാൽ കളിക്കളത്തിലുണ്ടാവുക എക്കാലത്തെയും വലിയ ശൂന്യതയായിരിക്കും. കാരണം പന്തുകിട്ടുമ്പോഴൊക്കെ, അതിനെ ലക്ഷ്യത്തിലേക്ക് ഒരു അത്ഭുതപക്ഷിയെപ്പോലെ പറത്തിവിടാനുള്ള മാന്ത്രികത്വം ഇനി മറ്റാർക്കുണ്ട്?