ഫിൻലൻഡ്, റഷ്യൻ ലോകകപ്പിലെന്നല്ല; ഒരു ലോകകപ്പ് ഫുട്ബോൾ മത്സരത്തിലും പങ്കെടുത്തിട്ടില്ല. പക്ഷേ, ഈ ലോകകപ്പിൽ പങ്കെടുക്കുന്ന പല ടീമുകളും ഫിൻലന്റിൽ പോയിട്ടുണ്ടെന്നു തോന്നും. വെറുതെയൊന്നുമല്ല ആഭിചാരക്രിയ ചെയ്യാൻ വേണ്ടി. അങ്ങനെ വിചാരിക്കാൻ കാരണം ഇസ്രയേൽ എഴുത്തുകാരനായ എത്ഗാർ കെറെത്തിന്റെ (Etgar Keret) ഈ കഥയാണ്.
രണ്ടു പേർ ഒരു മദ്യശാലയിൽ ഇരിക്കുകയായിരുന്നു. ഒരാൾ കോളേജ്വിദ്യാർത്ഥിയായിരുന്നു. ദിവസത്തിലൊരിക്കൽ ഒരു ഗിത്താർ ദുരുപയോഗപ്പെടുത്തുന്നതിനാൽ സ്വയം പാട്ടുകാരനെന്നു കരുതുന്നയാളായിരുന്നു മറ്റേയാൾ. അവർ രണ്ടു ബിയർ കഴിച്ചിരുന്നു; രണ്ടെണ്ണം കൂടി അടിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു. വിദ്യാർത്ഥി ആകെ നിരാശനായിരുന്നു. തന്റെ കൂടെ താമസിക്കുന്ന ഒരുത്തിയുമായി പ്രണയത്തിലായിരുന്നു അയാൾ. അവളാകട്ടെ കഴുത്തിൽ രോമം നിറഞ്ഞ ഒരുവനുമായി എല്ലാ ദിവസവും കിടക്ക പങ്കിടുകയും ചെയ്യും. “താമസം മാറ്റ്.” സംഘർഷത്തിലൊന്നും താൽപര്യമില്ലാത്ത പാട്ടുകാരൻ വിദ്യാർത്ഥിയെ ഉപദേശിച്ചു. അപ്പോഴാണ് തലമുടി കുതിരവാലുപോലെ കെട്ടിവെച്ച ഒരു കുടിയൻ അങ്ങോട്ടു കടന്നുവന്നത്. “നൂറു ഷെക്കെൽ*പന്തയം വെക്കാൻ തയ്യാറുണ്ടെങ്കിൽ ഞാൻ നിന്റെ കൂട്ടുകാരനെ ഒരു കുപ്പിയിലാക്കിത്തരാം.” അയാൾ വിദ്യാർത്ഥിയോട് പറഞ്ഞു. വിദ്യാർത്ഥി സമ്മതിച്ചു – ഒരിക്കലും നടക്കാത്ത കാര്യമാണല്ലോ അത്. എന്നാൽ കുതിരവാൽമുടിയുള്ളവൻ ഉടൻതന്നെ പാട്ടുകാരനെ പിടിച്ച് ഒരു മദ്യക്കുപ്പിയിലടച്ചു. കൈയിലെ കാശെല്ലാം പോയ വിദ്യാർത്ഥി സ്വയം പഴിച്ചുകൊണ്ട് ചുവരും നോക്കിയിരുന്നു . പാട്ടുകാരൻ കുപ്പിയിൽ കിടന്ന് തന്നെ പുറത്തിറക്കാൻ ഒച്ചവെച്ചപ്പോളാണ് അയാൾക്ക് വെളിവുവന്നത്. പക്ഷേ,അപ്പോഴേക്കും കുതിരവാൽമുടിക്കാരൻ അപ്രത്യക്ഷനായിരുന്നു. കുപ്പിയിലെ കൂട്ടുകാരനെയും കൊണ്ട് വിദ്യാർത്ഥി അയാളെ തേടിയിറങ്ങി.
ഈ കഥയിൽ ഫിൻലൻഡ് എവിടെയാണന്നല്ലേ? കെറെത്ത് അത് വിശദമാക്കുന്നുണ്ട്.
നേരം വെളുക്കാറായപ്പോൾ കടൽത്തീരത്തുള്ള ഒരു മദ്യശാലയിൽ അവർ കുതിരവാൽമുടിയുള്ളവനെ കണ്ടെത്തി. ക്ഷമാപണം നടത്തിയിട്ട് അയാൾ വേഗം പാട്ടുകാരനെ കുപ്പിയിൽ നിന്ന് പുറത്തിറക്കി. അയാളെ പുറത്തിറക്കാൻ മറന്നതിൽ വല്ലാതെ നാണക്കേടു തോന്നിയ കുതിരവാൽമുടിയുള്ളവൻ അവർക്ക് മദ്യം വാങ്ങിക്കൊടുത്തു. ഒരു ഫിൻലൻഡുകാരനിൽ നിന്നാണത്രേ അയാളീ വിദ്യ പഠിച്ചത്. ഫിൻലന്റിൽ ഇത് വെറും കുട്ടിക്കളിയാണത്രേ. അന്നുമുതൽ കൈയിൽ കാശില്ലാതെ വരുമ്പോൾ അയാൾ ആരെയെങ്കിലും പിടികൂടി ഇതുപോലെ പന്തയം വെക്കും. കൂടാതെ കുതിരവാൽമുടിയുള്ളവൻ അവരെയാ വിദ്യ പഠിപ്പിച്ചും കൊടുത്തു. പഠിച്ചു കഴിയുമ്പോൾ നിങ്ങൾക്കു തോന്നും ഇതെത്ര എളുപ്പമാണെന്ന്!

ഏതായാലും ഈ ഫിന്നിഷ് മാന്ത്രികവിദ്യയുടെ സഹായത്തോടെ കാമുകിയുടെ, കഴുത്തിൽ രോമം നിറഞ്ഞ രഹസ്യക്കാരനെ കുപ്പിയിലടയ്ക്കാൻ പോയ നമ്മുടെ വിദ്യാർത്ഥി ഉറങ്ങിക്കിടക്കുന്ന കാമുകിയുടെ സ്വച്ഛമായ സൗന്ദര്യം കണ്ട് അവളെ കുപ്പിയിലടച്ച് എന്നെന്നേക്കുമായി കിടക്കയ്ക്കരികിൽ സൂക്ഷിക്കാനാഗ്രഹിക്കുമ്പോൾ കഥ അവസാനിക്കുന്നു.
ഐസ്ലൻഡ് അർജന്റീനയെയും സ്വിറ്റ്സർലൻഡ് ബ്രസീലിനെയും സമനിലയുടെ കുപ്പിയിലടയ്ക്കമ്പോൾ, മെക്സിക്കോ ജർമ്മനിയെ തോൽവിയുടെ കുപ്പിയിലടയ്ക്കുമ്പോൾ നമുക്കും തോന്നിപ്പോകുന്നു ഇവരെല്ലാം ഏതോ ഫിന്നിഷ് മാന്ത്രികന്റെ സഹായം തേടിയിട്ടുണ്ടെന്ന്!
അതെന്തെങ്കിലുമാകട്ടെ ലോകകപ്പിനെത്തുന്ന മിക്ക കളിക്കാരും ഇത്തരം ഒടിവിദ്യകളിലും മന്ത്രച്ചരടുകളിലും വിശ്വസിക്കുന്നുണ്ടെന്നാണ് എദ്വാർദോ ഗലിയാനോ (Eduardo Galeano) അദ്ദേഹത്തിന്റെ “Football in Sun and Shadow” എന്ന പുസ്തകത്തിൽ പറയുന്നത്. മൈതാനത്തിലേക്കിറങ്ങുന്ന കളിക്കാരുടെ ചെയ്തികൾ ഇത് ശരി വെക്കുന്നു – ചിലർ വലതുകാൽ ആദ്യം വെച്ചേ കളിക്കളത്തിലിറങ്ങൂ. ചിലർ നേരെ ഒഴിഞ്ഞുകിടക്കുന്ന ഗോൾപോസ്റ്റിലേക്ക് പന്തടിച്ചു കയറ്റുകയോ പോസ്റ്റിനെ ചുംബിക്കുകയോ ചെയ്യും. മറ്റു ചിലരാകടെ മൈതാനത്തിലെ പുല്ലിൽ തൊട്ട് വിരലുകൾ ചുണ്ടിൽ വെക്കുകയാണ് ചെയ്യുക.
മിക്ക കളിക്കാരും കഴുത്തിലോ കൈത്തണ്ടയിലോ ചരടുകളും ലോഹക്കഷണങ്ങളും ധരിച്ചിട്ടുണ്ടാകും. ദേഹമാസകലം പച്ചകുത്തുന്ന പല കളിക്കാരും അത് കൂടോത്രത്തിന്റെ ഭാഗമായി ചെയ്യുന്നതായിരിക്കും. പെനാൽട്ടി കിക്ക് പാഴാക്കിയാൽ അത് ഏതോ ഒരുവൻ പന്തിന്മേൽ തുപ്പിയതുകൊണ്ടാണ്: മികച്ച ഒരു ഗോളവസരം നഷ്ടമായെങ്കിൽ അതിനുകാരണം ഒരു ക്ഷുദ്രക്കാരത്തി എതിർ പോസ്റ്റിനുള്ളിൽ കടന്നതാണ്; കളിയെങ്ങാൻ തോൽക്കുകയാണെങ്കിലോ, അത് കഴിഞ്ഞ കളിയിൽ വിജയിച്ചപ്പോൾ സ്വന്തം ഷർട്ട് എതിർകളിക്കാരന് സമ്മാനിച്ചതുകൊണ്ടാണെന്ന് പറയേണ്ടതില്ല.
അർജന്റൈൻ ക്ലബ്ബായ റിവർപ്ലേറ്റിന്റെ അമാദിയോ കരീത്തോ എന്ന ഗോൾകീപ്പർ തുടർച്ചയായ എട്ട് കളികളിൽ സ്വന്തം വല പന്തു കയറാതെ കാത്തു. അതിന് നന്ദി പറയേണ്ടത് അയാൾ രാവും പകലും ധരിച്ചിരുന്ന ഒരു മാന്ത്രികത്തൊപ്പിയോടാണ്; ഗോൾപിശാചുക്കളെ ആ തൊപ്പി തുരത്തിയോടിച്ചു. ഒടുക്കം ഒരു രാത്രിയിൽ എതിർടീമായ ബൊക്കാ ജൂനിയേഴ്സിന്റെ ഏൻഹെൽ ക്ലെമെന്തെ റോഹസ് എന്ന കളിക്കാരൻ ആ തൊപ്പി കട്ടുകൊണ്ടു പോയി. അടുത്ത കളിയിൽ ഒന്നല്ല രണ്ടു ഗോൾ വഴങ്ങി റിവർപ്ലേറ്റ് തോൽക്കുകയും ചെയ്തു.
ഇത്തരം ‘ആചാരങ്ങൾക്ക്’ അവസാനമില്ല: ബ്രസീലിലെ ബൊത്തെഫോഗു ക്ലബ്ബ് ദേശീയ ചാമ്പ്യന്മാരായപ്പോൾ നേർച്ച പാലിക്കാൻ പ്രശസ്ത കളിക്കാരനായ ദിദി, റിയോ ദെ സെനീറോ എന്ന മഹാനഗരത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കാൽനടയായി സഞ്ചരിച്ചു. അന്ധവിശ്വാസിയല്ലെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉറൂഗ്വായുടെ ലൂയി സുവാരസ്, ഭക്ഷണ സമയത്ത് താനൊരു വീഞ്ഞുഗ്ലാസ് തട്ടിമറിച്ചിട്ടാൽ അന്ന് ഒന്നോ രണ്ടോ ഗോൾ നേടാനാവുമെന്ന് വിശ്വസിക്കുന്നു.
ഇതുപോലെ തന്നെയാണ് ഗ്യാലറിയിലെ ആഭിചാരങ്ങളും . സ്വന്തം ടീം ജയിക്കാൻ ചിലർ മൈതാനത്ത് ഉപ്പു വിതറുന്ന; ചിലർ ധാന്യങ്ങൾ വിതക്കുന്നു; മദ്യമൊഴിക്കുന്നു. കളി അവസാനിക്കുന്നതുവരെ ആകാശത്തേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുന്നവരെയും മുഖംമൂടിയണിഞ്ഞ് നൃത്തം ചെയ്യുന്നവരെയും അവർക്കിടയിൽ കാണാം.
വിശ്വാസങ്ങളെന്തായാലും ഇത്തരം കുപ്പിയിലടക്കലുകളാണ് ഈ കളിയെ മന്ത്രികത്വമുള്ളതാക്കുന്നത്; അഴകുറ്റത്താക്കുന്നത്- എത്ഗാർ കെറെത്തിന്റെ കഥയിൽ പറയുന്ന സിനായ് മലകളിൽ നിന്ന് ആളുകൾ കൊണ്ടുവരാറുള്ള, പല നിറങ്ങളിലുള്ള മണൽ നിറച്ച പാത്രം പോലെ…