എഴുത്തുകാരനും നടനും അധ്യാപകനുമായിരുന്ന നരേന്ദ്രപ്രസാദ് എഴുതിയ ലേഖനത്തിൽ നിന്നാണ് ജെ.എം.കൂറ്റ്സിയയുടെ (J. M. Coetzee) ‘മൈക്കേൽ കെയുടെ ജീവിതവും കാലവും’ എന്ന പുസ്തകത്തെപ്പറ്റി ആദ്യം കേൾക്കുന്നത്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ അപ്പുക്കിളിയും മൈക്കേൽ കെയും തമ്മിലുള്ള ഒരു താരതമ്യപ്പെടുത്തൽ. അപ്പുക്കിളിയെപ്പോലെ ഒരു ‘അനായക’നാണ് മൈക്കേൽ കെ എന്ന് അദ്ദേഹമെഴുതിയത് ഓർമ്മയിലുണ്ട്.

ഏറെക്കഴിഞ്ഞ് ഇതു പോലുള്ള ഒരു ലോകകപ്പ് കാലത്താണ് മൈക്കേൽ കെയെ ആദ്യമായി വായിക്കുന്നത്. പക്ഷേ, അപ്പുക്കിളിയെപ്പോലെ ‘അപൂർണ്ണതയിലേക്കു നോക്കി അതിനെ അറിഞ്ഞുകൊണ്ട്, ജനിമൃതികളുടെ സന്ധ്യയിൽ തനിച്ചു നിൽക്കുകയാ’ യിരുന്നില്ല മൈക്കേൽ കെ. അവൻ തനിച്ചു നടക്കുകയായിരുന്നു. വൈരൂപ്യത്തിന്റെയും യുദ്ധത്തിന്റെയും കല്ലിച്ച യാഥാർത്ഥ്യങ്ങൾ അവനെ തനിച്ചു നടത്തിക്കുകയായിരുന്നു.

അമ്മയിൽ നിന്ന് ഭൂമിയിലേക്ക് വരാൻ മൈക്കേൽ കെയെ സഹായിച്ച പേറ്റിച്ചി ആദ്യം ശ്രദ്ധിച്ചത് അവന്റെ മുച്ചുണ്ടായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് നോവൽ തുടങ്ങുന്നത്. അവൾ മാത്രമല്ല അവനെ കാണുന്ന ആരും ശ്രദ്ധിക്കുന്നത് അവന്റെയീ വൈരൂപ്യമായിരുന്നു. കൂട്ടിമുട്ടാത്ത ചുണ്ടുകൾ കാരണം മുലകുടിക്കാൻ കൂടി കഴിയാത്ത അവനെ സ്വന്തം അമ്മ പോലും വെറുത്തു. വലുതായപ്പോൾ അവന് പെൺ സുഹൃത്തുക്കളാരും തന്നെയില്ലായിരുന്നു. |എല്ലാവരിൽ നിന്നും അവൻ ഒഴിഞ്ഞുമാറി. ജീവിക്കാൻ വേണ്ടി ആരുടെയും കണ്ണിൽപ്പെടേണ്ടതില്ലാത്ത തോട്ടപ്പണി ചെയ്തു.

Read More: FIFA World Cup 2018: ഇരട്ടത്തലയൻ കഴുകൻ – വംശഹത്യയുടെയും യുദ്ധത്തിന്റെയും

ദക്ഷിണാഫ്രിക്കയിൽ ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത്, അസുഖ ബാധിതയായ അമ്മയുടെ ആഗ്രഹ പ്രകാരം മൈക്കേൽ അവരെയും കൊണ്ട് നഗരത്തിൽ നിന്ന് ജന്മഗ്രാമത്തിലേക്ക് പോവുകയാണ്. വഴിയിൽ വെച്ച് രോഗം മൂർച്ഛിച്ച് അമ്മ മരിക്കുന്നു. അമ്മയുടെ ചിതാഭസ്മവുമായി അവൻ അവരുടെ ഗ്രാമമാണെന്ന് തോന്നിച്ച ഒരിടത്തെത്തുന്നു. അവിടെ, ഏതാണ്ട് നശിച്ചു കഴിഞ്ഞ ഒരു തോട്ടത്തിൽ ലോകത്തിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചു താമസിച്ചുകൊണ്ട് അവൻ മത്തങ്ങയും തണ്ണിമത്തനും കൃഷി ചെയ്തു. അവന് ആഗ്രഹങ്ങളേതുമില്ല – ഒരു മത്തങ്ങക്കഷണം മതി അവനു വിശപ്പടക്കാൻ; അതു പോലും വേണ്ട, ഭൂമിക്കടിയിൽ നിന്നു കോരിയെടുക്കുന്ന ഒരിറ്റു വെള്ളം മാത്രം മതി അവന് ജീവിക്കാൻ.

വായിക്കുന്നതിനിടയിൽ എപ്പോഴോ, കളിയെ കളിയേക്കാളും പൊലിപ്പിക്കുന്ന പത്രവാർത്തകൾ കാരണമാവാം, മൈക്കേൽ കെ ഫുട്ബോൾ കളിക്കുന്ന അസംബന്ധത നിറഞ്ഞ ഒരു ചിത്രം മനസ്സിലേയ്ക്ക് വന്നു. അതോടൊപ്പം ഒരുപാട് ചോദ്യങ്ങളും: തന്റെ വൈരൂപ്യം മറയ്ക്കാൻ ഒരു മുഖംമൂടി അണിഞ്ഞു കൊണ്ടാകുമോ അവൻ കളിക്കാനിറങ്ങുക? അഥവാ ഗോൾ നേടിയാല്‍ അവനാ മുഖംമൂടി മാറ്റിക്കൊണ്ടാകുമോ വിജയാഘോഷം നടത്തുക? അവന്റെ മുഖം കാണുമ്പോൾ ഗ്യാലറിയിലെ തികവുറ്റ മനുഷ്യർ കൈയടിക്കുമോ അതോ കൂവി വിളിക്കുമോ? അങ്ങനെ ഒരുപാടൊരുപാട് ചോദ്യങ്ങൾ.

നോവലിലൊരിടത്ത് താൻ പണ്ട് ഗണിത ക്ലാസ്സിലിരുന്നതിന്റെ ഇരുണ്ട ഓർമ്മ മൈക്കേലിന്റെ മനസ്സിൽ തെളിയുന്നുണ്ട്: അധ്യാപകൻ പറഞ്ഞാലുടനെ പെൻസിൽ താഴെ വെയ്ക്കണം. ആറു ചാക്ക് ഉരുളക്കിഴങ്ങ് പന്ത്രണ്ടു പേർ ചേർന്ന് കഴിക്കുന്നു. ഓരോ ചാക്കിലും ആറു കിലോ വീതം ഉരുളക്കിഴങ്ങുണ്ട്. ഓരോരുത്തരും എത്ര കിലോ ഉരുളക്കിഴങ്ങ് തിന്നു? അവൻ ആദ്യം ആറ് എന്നും പിന്നെ പന്ത്രണ്ട് എന്നും എഴുതി. അവ കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ രണ്ടു സംഖ്യകളും വെട്ടിക്കളഞ്ഞു. ഹരണഫലം എന്ന വാക്കിനുനേരെ അവൻ തുറിച്ചു നോക്കി. അതിന്റെ അർത്ഥം അവനിപ്പോഴും അറിഞ്ഞുകൂടാ. ഒരു പക്ഷേ, ആ വാക്കിന്റെ അർത്ഥമറിയാതെതന്നെ അവൻ മൺമറഞ്ഞേയ്ക്കും.

വിധിയുടെ കണക്കുകൾക്കു മുമ്പിൽ തോറ്റുപോകുന്ന എല്ലാവരുടെയും ഓർമ്മകൾ ഇങ്ങനെ തന്നെയായിരിക്കും.

Read More: കുപ്പിയിലടയ്ക്കപ്പെട്ട ചില ലോകകപ്പ് പ്രതീക്ഷകൾ; ആഭിചാരങ്ങളുടെ കളിക്കളം

ജന്മസിദ്ധമായ അപര്യാപ്തതകൾകൊണ്ട് ജീവിതത്തിന്റെ ഹരണഫലമെന്തെന്നറിയാതെ മരിച്ചു പോകുമായിരുന്ന പലരെയും ഫുട്ബോൾ ഉയിർത്തെഴുന്നേൽപ്പിച്ചിട്ടുണ്ടെന്ന് ആദ്യം കാണിച്ചു തന്നത് ലിയോണെൽ മെസ്സിയാണ്. വളർച്ചാ ഹോർമോണുകളുടെ അപര്യാപ്തത ഉണ്ടായിട്ടും അയാൾ ലോകത്തിന്റെ താരമായി. മെസ്സി മാത്രമല്ല, മറ്റു പലരും ഫുട്ബോളിലൂടെ തങ്ങളുടെ കുറവുകളെ മറി കടന്നിട്ടുണ്ടെന്ന് എദ്വാർദോ ഗലിയാനോയുടെ ‘Football in Sun and Shadow’ എന്ന പുസ്തകം വായിക്കുമ്പോൾ മനസ്സിലാകുന്നു.

fifa world cup football

1982ലെ ലോകകപ്പിൽ മിഷേൽ പ്ലാറ്റിനിക്കൊപ്പം മിഡ്ഫീൽഡിൽ നിറഞ്ഞു കളിച്ച ഫ്രാൻസിന്റെ അലെൻ ഴിറേസ്സ് നന്നെ കുറിയ മനുഷ്യനായിരുന്നു. അതു കൊണ്ടു തന്നെ ടെലിവിഷൻ സ്ക്രീനിൽ കാണുമ്പോൾ എപ്പോഴും അകലെയാണെന്ന് തോന്നുമായിരുന്നു അദ്ദേഹം. അതു പോലെ ഹംഗറിയുടെ ഇതിഹാസ താരമായിരുന്ന ഫെറെൻസ് പുഷ്ക്കാഷും ജർമ്മനിയുടെ ഉവെ സീലെറും ഉയരം കുറഞ്ഞ് തടിച്ചവരായിരുന്നു. ഡച്ചുകളിക്കാരനായ യോവൻ ക്രവുഫും (Johan Cruyff) ഇറ്റലിക്കാരായ ജിയാനി റിവേറയും മെലിഞ്ഞുണങ്ങിയവരായിരുന്നു. പെലെയും അർജന്റീനയുടെ ഉഗ്രൻ സെന്റർഹാഫായിരുന്ന നെസ്തർ റോസിയും പരന്ന പാദങ്ങളുള്ളവരായിരുന്നു. കായിക ശേഷി തെളിയിക്കാനുള്ള കൂപ്പർ പരീക്ഷയിൽ പരാജയപ്പെടുമായിരുന്നെങ്കിലും കളിക്കളത്തിലിറങ്ങിയാൽ ബ്രസീലുകാരനായ റിവേലിഞ്യോയെ ആർക്കും തൊടാൻ കിട്ടുമായിരുന്നില്ല. മറ്റൊരു ബ്രസീലിയൻ ഇതിഹാസം സോക്രട്ടീസിനാകട്ടെ, മെലിഞ്ഞു നീണ്ട, വേഗം തളരുന്ന കാലുകളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കാൽമടമ്പുപയോഗിച്ച് പന്തടിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അദ്ദേഹം. പെനാൽട്ടി അടിക്കാൻ പോലും അദ്ദേഹം അതുപയോഗിച്ചു.

ഐ. ക്യു പരീക്ഷ ഉപയോഗിച്ച് ഒരാളുടെ പ്രതിഭ കണക്കാക്കുന്നതു പോലെ മണ്ടത്തരമാണ് വേഗവും കരുത്തുമളക്കാനുള്ള പരീക്ഷയിൽ മുൻപന്തിയിലെത്തുന്ന ഒരുവൻ മികച്ച ഫുട്ബോളറാകുമെന്ന് കരുതുന്നത്. മികച്ച കളിക്കാർ മൈക്കലാഞ്ചലോയുടെ ശിൽപ്പങ്ങളിലെ ടൈറ്റൻമാരെപ്പോലെ ഭീമാകാരന്മാരാകണമെന്നില്ല. ഫുട്ബോളിൽ കഴിവാണ് രൂപമല്ല പ്രധാനം. മാത്രമല്ല പ്രതിഭ കൊണ്ട് പല കളിക്കാരും കുറവുകളെ മികവാക്കി മാറ്റിയിട്ടുമുണ്ട്.

കൊളംബിയയുടെ പ്രഗത്ഭകളിക്കാരനായിരുന്ന, ഹെയർസ്റ്റൈൽ കൊണ്ടും നമ്മെ അമ്പരപ്പിച്ച കാർലോസ് വാൾദെറമ വളഞ്ഞ കാലുകളുള്ളയാളായിരുന്നു. ആ വളവ് പന്തൊളിപ്പിച്ചു വെയ്ക്കാൻ അദ്ദേഹത്തിന് സഹായകമായി. ഗാരിഞ്ചയുടെ കാര്യവും അങ്ങനെ തന്നെ. പന്തെവിടെപ്പോയി? അയാളുടെ ചെവിക്കു പിന്നിലോ? അതോ ഷൂവിനകത്തോ? അതെവിടെപ്പോയൊളിച്ചു? മുഖാമുഖം നോക്കുന്ന കാൽപാദങ്ങളുണ്ടായിരുന്ന ഉറൂഗ്വായൻ കളിക്കാരൻ ‘കൊക്കോച്ചോ’ അൽവാരെസ് മുടന്തിക്കൊണ്ടാണ് നടന്നിരുന്നത്. പക്ഷേ, അക്കാലത്ത് പെലെയെ തടയാൻ കഴിഞ്ഞിരുന ചുരുക്കം ഡിഫൻഡർമാരിലൊരാളായിരുന്നു അദ്ദേഹം.

Read More: കളിക്കുപ്പായത്തിലെ പനി

ഉയരംകുറഞ്ഞ് തടിച്ച രണ്ടുപേരായിരുന്നു 94 ലെ ലോകകപ്പ് താരങ്ങൾ – മറഡോണയും റൊമാരിയോയും. കുറിയ മനുഷ്യരായ ബ്രസീലുകാരൻ ലിയോണിദസ്, ബ്രിട്ടീഷുകാരൻ കെവിൻ കീഗൻ, വടക്കൻ അയർലന്റുകാരൻ ജോർജ് ബെസ്റ്റ് തുടങ്ങിയവരൊക്കെ ആ വലിപ്പക്കുറവ് എതിർ ടീമിന്റെ ഭീമാകാരന്മാരായ പ്രതിരോധ ഭടന്മാരെ വെട്ടിച്ചു കടക്കാൻ ഉപയോഗിച്ചു. അത്തരം ഒരു കുറുമനുഷ്യന്റെ അവസാനത്തെ കളി ഈ ലോകകപ്പിൽ നമ്മളും കണ്ടു – ഏത് ഊരാക്കുടുക്കിൽ നിന്നും പന്തിനെ ഒഴിപ്പിച്ചെടുത്ത് ഒരു ചാട്ടുളിപോലെ ഗോൾമുഖത്തേക്ക് പറഞ്ഞയയ്ക്കുന്ന സ്പയിനിന്റെ ഇനിയേസ്തയുടെ. അതുപോലെ ആർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ കുഞ്ഞൻ കളിക്കാരനായ ഫെലിക്സ് ലുസ്തോയെ മറ്റുള്ളവർ ‘വെന്റിലേറ്റർ’ എന്നായിരുന്നത്രേ വിളിച്ചിരുന്നത് – എതിർ ടീമിന്റെ കളിക്കാർക്ക് ലുസ്തോയുടെ പിന്നാലെ പായാനേ നേരമുണ്ടായിരുന്നുള്ളു; അത്രയും സമയം അയാളുടെ സഹകളിക്കാർക്ക് അനായാസം ശ്വാസം വിടാൻ കഴിയും!

ഈ കളിക്കാർ വിജയിക്കുമ്പോൾ ഗ്യാലറികളും അവർക്കൊപ്പം ആഹ്ളാദപ്രകടനം നടത്തി. കാരണം അവർ പോരായ്മകളുടെ കണക്കുകളെ പ്രതിഭ കൊണ്ട് ഹരിച്ചെടുത്തവരായിരുന്നു . ഫുട്ബോളിന്റെ സ്വന്തം മാലാഖ എപ്പോഴും അവരുടെ തൊട്ടു പിന്നിലുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook