scorecardresearch
Latest News

കളിക്കുപ്പായത്തിലെ പനി

FIFA World Cup 2018: “അവസാനത്തെ കളി കഴിയുമ്പോൾ നമ്മളിൽ പലരും നമ്മുടെ പഴയ വസ്ത്രങ്ങളിലേക്ക് തിരിച്ചു പോകുന്നു. എന്നാൽ മരുഭൂമിയിലെ സീമോനെപ്പോലെ ചിലർക്കെങ്കിലും എത്രയാഗ്രഹിച്ചാലും പഴയതിലേക്ക് മടങ്ങാനാവില്ല”

കളിക്കുപ്പായത്തിലെ പനി

മെക്സിക്കോയിൽ​ ജീവിച്ച സ്പാനിഷ് ചലച്ചിത്രകാരനായ ലൂയിസ് ബുഞ്വെലിന്റെ (Luis Bunuel) മരുഭൂമിയിലെ സീമോൻ  (Simon del Desierto ) എന്ന സിനിമ ഒരു വസ്ത്രംമാറലിന്റെ കഥയാണെന്ന് വേണമെങ്കിൽ പറയാം. മരുഭൂമിയിൽ ഉയർന്നു നിൽക്കുന്ന ഒരു തൂണിന്മേൽ എല്ലാ ഭൗതികസുഖങ്ങളും പരിത്യജിച്ച്, എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് പ്രാർത്ഥനയിൽ മുഴുകിക്കഴിയുകയാണ് സീമോൻ. ചൂടിലും തണുപ്പിലും അയാൾ അണിഞ്ഞിരിക്കുന്നത് കീറിപ്പറിഞ്ഞ ഒരേയൊരു മേലങ്കി മാത്രം. മോഷണക്കുറ്റത്തിന് കൈകൾ ഛേദിക്കപ്പെട്ട ഒരുവന് അയാളുടെ പ്രാർത്ഥനയിൽ വീണ്ടും കൈകൾ മുളയ്ക്കുന്നു. അങ്ങനെ, ക്രിസ്തുവിനെ ഓർമിപ്പിക്കുന്ന ദിവ്യാത്ഭുതങ്ങളും അയാൾ പ്രവർത്തിക്കുന്നുണ്ട്. ഭൂമിയിൽ കഴിയുന്ന നിസ്സാര ജീവികളെ ചെറിയ പാപങ്ങളുടെ പേരിൽ പോലും അയാൾ ശകാരിക്കുന്നു. അവരയാളെ ഭയപ്പെടുകയും ചെയ്യുന്നു.

അങ്ങനെ ജീവിച്ചിരിക്കെത്തന്നെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട സീമോൻ ഒരു ദിവസം പിശാചിന്റെ പ്രലോഭനത്തിൽ കുടുങ്ങുകയാണ്. പിശാചിന്റെ കൂടെ ഒരു മഹാനഗരത്തിലെത്തിയ അയാളിപ്പോൾ വർണാഭമായ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഒരു മദ്യശാലയിൽ കാതടപ്പിക്കുന്ന സംഗീതത്തിനും നൃത്തത്തിലും മുഴുകിയിരിക്കുമ്പോൾ അയാൾക്ക് പഴയജീവിതത്തിന്റെ ഓർമ്മകളുണ്ടാകുന്നു. തന്‍റെ കീറിപ്പറിഞ്ഞ മേലങ്കിയിലേക്ക്, മരുഭൂമിയിലേക്ക്, പ്രാർത്ഥനകളിലേയ്ക്ക് മടങ്ങിപ്പോകാൻ അയാളാഗ്രഹിക്കുന്നു. പക്ഷേ, പുതിയ വസ്ത്രങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയ അയാൾക്കതിനു കഴിയുന്നില്ല.

ലോകകപ്പ് തുടങ്ങുമ്പോൾ നമ്മളും ഇത്തരത്തിലുള്ള ഒരു കൂടുമാറ്റം നടത്തുന്നുണ്ട്. നമുക്ക് ഇഷ്ടമുള്ള ടീമിന്‍റെ ജഴ്സിയിലേക്കുള്ള കൂടുമാറ്റം.  മീഡിയലെ അതിവൈകാരികമായ, കടുംനിറങ്ങളിലുള്ള കളിയെഴുത്തു കൂടിയാകുമ്പോൾ ഈ വസ്ത്രംമാറൽ ജ്വരമൂർച്ഛയുള്ളതായിത്തീരുന്നു. നമ്മൾ ഭാവിയിൽ നമുക്കു തന്നെ ശാപമായിത്തീരാൻ പോകുന്ന ഫ്ലക്സ്ബോർഡുകൾകൊണ്ട് നാടു നിറയ്ക്കുന്നു. അവയിൽ നമ്മുടെ ഇഷ്ടപ്പെട്ട കളിക്കാർ കുതിച്ചുചാടാൻ നിൽക്കുന്നതുകണ്ട് മനസ്സും നിറയ്ക്കുന്നു. മലപ്പുറത്തെയും കോഴിക്കോട്ടെയും നാട്ടിൻപുറത്തുകാർ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത കാനറിപ്പക്ഷികളെപ്പറ്റി ചുവരുകളിൽ കവിതകളെഴുതുന്നു.

ഈ “കുപ്പായപ്പനി” ഒന്നുകൂടി കടുപ്പത്തിൽ ബാധിച്ചവരാകട്ടെ കൂടുതൽ വലിയ കുഴപ്പങ്ങളിലാണ് ചെന്നുചാടുക . കഴിഞ്ഞദിവസം അർജന്റീന തോറ്റതിലും മെസ്സി ഗോളടിക്കാത്തതിലും മനംനൊന്ത് ഒരു ചെറുപ്പക്കാരൻ വെള്ളക്കെട്ടിൽ ചാടി ആത്മഹത്യ ചെയ്തതു തന്നെ അതിനുള്ള തെളിവാണ്. അയാൾ ആ രാജ്യത്തിന്റെ വെള്ളയും നീലയും നിറങ്ങൾ ശരീരത്തിൽ മാത്രമല്ല മനസ്സിലും അണിഞ്ഞുകഴിഞ്ഞിരുന്നു. പക്ഷേ, ഏകാകിയല്ല അയാൾ; അയാളെപ്പോലെ ഒരുപാടുപേർ ഈ ലോകത്തുണ്ടെന്നാണ് എദ്വാർദോ ഗലിയാനോ (Eduardo Galeano) അദ്ദേഹത്തിന്റെ ‘ Football in Sun and Shadow’ എന്ന പുസ്തകത്തിൽ പറയുന്നത്.

ഉറൂഗ്വായൻ എഴുത്തുകാരനായ പാകോ എസ്പീനോളയ്ക്ക് (Francisco Paco Espínola) ഫുട്ബോൾ ഇഷ്ടമായിരുന്നില്ല. എന്നാൽ ഒരു വൈകുന്നേരം മറ്റെന്തോ കേൾക്കാനായി സ്റ്റേഷൻ മാറ്റിക്കൊണ്ടിരിക്കെ, അദ്ദേഹം റേഡിയോയിൽ നിന്ന് ഈ വാർത്ത കേൾക്കാനിടയായി: പെഞ്യാറോൾ ക്ലബ്ബിനെ നാസ്യൊണൽ 4- Oന് തകർത്തിരിക്കുന്നു.jayakrishnan,malayalam writer,football

Read More: കുപ്പിയിലടയ്ക്കപ്പെട്ട ചില ലോകകപ്പ് പ്രതീക്ഷകൾ; ആഭിചാരങ്ങളുടെ കളിക്കളം

രാത്രിയായപ്പോൾ, എസ്പീനോളക്ക് കടുത്ത വിഷാദം അനുഭവപ്പെട്ടു. മറ്റാരിലേക്കും ആ കയ്പ്പ് പകരാതിരിക്കാനായി അന്നു രാത്രി ഭക്ഷണം ഒറ്റയ്ക്ക് കഴിക്കാൻ അദ്ദേഹം തീരുമാനിച്ചു. എത്രയാലോചിച്ചിട്ടും തന്റെ ദുഃഖത്തിന് കാരണം കണ്ടുപിടിക്കാൻ അദ്ദേഹത്തിനായില്ല. പൊടുന്നനെ അദ്ദേഹത്തിന് വെളിപാടുണ്ടായി: തന്റെ വിഷാദത്തിനു കാരണം പെഞ്യാറോളിന്റെ തോൽവിയാണ്! ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും താനൊരു പെഞ്യാറോൾ ആരാധകനാണ്!

ജനനം മുതൽ ഉറുഗ്വായ്ക്കാരെല്ലാം ഒന്നുകിൽ നാസ്യൊണലിന്റെയോ അല്ലെങ്കിൽ പെഞ്യാറോളിന്റെയോ ആരാധകരായിരിക്കുമെന്നാണ് ഗലിയാനോ പറയുന്നത്. ഈ ഫുട്ബോൾ ക്ലബ്ബുകളിലേതിന്റെയെങ്കിലും ജഴ്സിയണിഞ്ഞുകൊണ്ടാവും അവർ പിറന്നു വീഴുന്നതുതന്നെ. ആ പക്ഷപാതത്തിന്റെ നിറം കടുത്തതുമായിരിക്കും. എതിർ ക്ലബ്ബ് മറ്റാരോടെങ്കിലും, അത് മറ്റേതെങ്കിലും രാജ്യത്തെ ഫുട്ബോൾ ടീമുമായിട്ടാണെങ്കിലും വേണ്ടില്ല, തോൽക്കുന്നത് മറ്റേ ക്ലബ്ബുകാർക്ക് സന്തോഷമായിരിക്കും.

ഇത്തരം ആവേശങ്ങൾ പലപ്പോഴും പ്രാദേശികതയുടെ അതിരുകൾക്കുള്ളിലായിരിക്കും അലയടിക്കുക. തന്റെ ക്ലബ്ബിന് വേണ്ടിയോ രാജ്യത്തിനുവേണ്ടിയോ കളിക്കുമ്പോൾ മാത്രമേ ഒരു നല്ല കളിക്കാരൻ ആരാധകരുടെ ഇഷ്ടതാരമാകുകയുള്ളു. എതിർ ക്ലബ്ബിലെങ്ങാനും ചേർന്നാൽപ്പിന്നെ അയാളായിരിക്കും ലോകത്തിലെ അവരുടെ ഏറ്റവും വലിയ ശത്രു. പ്രശസ്തനായ ബ്രസീലിയൻ ഫുട്ബോളർ ബെബെത്തോ ഫ്ലമിംഗോ ക്ലബ്ബ് വിട്ട് എതിർക്ലബ്ബായ വാസ്കോ ദെ ഗാമയിൽ ചേർന്നപ്പോൾ, ആ “വഞ്ചകന്റെ” ഓരോ നീക്കത്തിനുമൊപ്പം കൂവാൻ വേണ്ടിമാത്രം ചില ഫ്ലമിംഗോ ആരാധകർ വാസ്കോ ദെ ഗാമ ക്ലബ്ബിന്റെ എല്ലാ കളിയും കാണാൻ പോകാറുണ്ടായിരുന്നത്രേ.

ഈ ആരാധന അതിർ കടക്കുന്നതിന്റെ എറ്റവും നല്ല ഉദാഹരണമാണ് അർജന്റൈൻ ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സിന്റെ ഒരു ആരാധകന്റെ അന്ത്യം. ഇയാൾ ജീവിതകാലം മുഴുവൻ എതിർക്ലബ്ബായ റിവർപ്ലേറ്റിനെ വെറുത്തുപോന്നു. ഒടുവിൽ മരണശയ്യയിൽ വെച്ച് ശത്രു ക്ലബ്ബിന്റെ പതാകകൊണ്ട് തന്നെ പൊതിയാൻ അയാൾ കൂടെയുള്ളവരോട് ആവശ്യപ്പെട്ടു. അതിലൂടെ അയാൾ താൻ വെറുത്തിരുന്ന റിവർപ്ലേറ്റിന്റെ ആരാധകനായി മാറുകയായിരുന്നു – തന്‍റെ അന്ത്യത്തോടൊപ്പം ശത്രുക്ലബ്ബിന്റെ ഒരാരാധകന്റെയെങ്കിലും മരണം ആഘോഷിക്കാൻ വേണ്ടി മാത്രം!

നമ്മുടെ രാജ്യം ലോകകപ്പ് കളിക്കാത്തിടത്തോളം കാലം നമുക്ക് മറ്റേതെങ്കിലും രാജ്യത്തിന്റെ കളിക്കുപ്പായമണിഞ്ഞേ മതിയാകൂ. സോഷ്യൽ മീഡിയയിലൂടെയെങ്കിലും .’ശത്രു രാജ്യത്തെ’ ആക്രമിച്ചേ പറ്റൂ. അവസാനത്തെ കളി കഴിയുമ്പോൾ നമ്മളിൽ പലരും നമ്മുടെ പഴയ വസ്ത്രങ്ങളിലേക്ക് തിരിച്ചു പോകുന്നു. എന്നാൽ മരുഭൂമിയിലെ സീമോനെപ്പോലെ ചിലർക്കെങ്കിലും എത്രയാഗ്രഹിച്ചാലും പഴയതിലേക്ക് മടങ്ങാനാവില്ല. വെള്ളത്തിൽച്ചാടി ആത്മഹത്യചെയ്ത കേരളത്തിലെ ചെറുപ്പക്കാരൻ അത്തരത്തിലുള്ളയാളായിരിക്കാം. ആ കുപ്പായം മനസ്സിലൊട്ടിപ്പോയ അയാളെപ്പോലുള്ളവർക്ക് ഇഷ്ടമുള്ള ടീം തോൽക്കുമ്പോൾ ആത്മാഹുതി ചെയ്യാനേ കഴിയൂ. കാരണം,അവർ ഒരിക്കലും ഭേദമാകാത്ത കളിക്കുപ്പായത്തിന്റെ പനി ബാധിച്ചവരാണ്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Fifa world cup 2018 soccer fever grips footballing world fan loyalties