scorecardresearch

FIFA World Cup 2018: വെളിച്ചമേ, നിന്നോട് ചിലത് പറയാനുണ്ട്

രാത്രികളിൽ വെളിച്ചമുള്ള വീടുകളിലേക്ക് നോക്കുമ്പോൾ അവരെന്തെല്ലാം ഏതെല്ലാം ചിന്തിച്ചുകാണും? വെളിച്ചത്തിനെത്ര വെളിച്ചമുണ്ടെന്ന് അവരെപോലുള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് എന്തറിയാം? ആലോചിക്കുന്തോറും, ചുറ്റുമുള്ള ഇരുട്ട് ഏറിവരുന്നതായി എനിക്ക്‌ തോന്നി. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു

രാത്രികളിൽ വെളിച്ചമുള്ള വീടുകളിലേക്ക് നോക്കുമ്പോൾ അവരെന്തെല്ലാം ഏതെല്ലാം ചിന്തിച്ചുകാണും? വെളിച്ചത്തിനെത്ര വെളിച്ചമുണ്ടെന്ന് അവരെപോലുള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് എന്തറിയാം? ആലോചിക്കുന്തോറും, ചുറ്റുമുള്ള ഇരുട്ട് ഏറിവരുന്നതായി എനിക്ക്‌ തോന്നി. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു

author-image
Rahna Thalib
അപ്‌ഡേറ്റ് ചെയ്‌തു
New Update
rahna thalib, memories

ചെറിഷേവിന്റെ റഷ്യയും മോഡ്രിച്ചിന്റെ ക്രൊയേഷ്യയും തമ്മിലുള്ള തകർപ്പൻ ക്വാർട്ടർ മത്സരം അധിക സമയത്തും 2-2 സമനിലയിൽ പിരിഞ്ഞതിനാൽ ആവേശമുനമ്പിലേറി പെനാൽറ്റി കാണാനൊരുങ്ങിയിരിക്കുമ്പോഴാണ് തിരമാലകൾ ആഞ്ഞടിക്കുന്നതു പോലൊരു ശബ്ദത്തിൽ വീടും ഞങ്ങളും ഒരുപോലെ വിറച്ചത്. സമയം രണ്ടുമണിയോടടുത്തിരുന്നു. കാറ്റോ മഴയോ എന്ന് വേർതിരിക്കുന്നതിനിടയിലേക്ക്‌ തൊടിയിലേതോക്കെയോ മരങ്ങൾ വന്നു വീണതും കറന്റ്‌ പോയി, ഇരുട്ട് പടർന്നു. ശക്തരായ രണ്ടു ടീമിന്റെ പെനാൽറ്റി കാണാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ നിരാശ മനസ്സിലുടക്കിയെങ്കിലും ഭീകരമായ കാറ്റിൽ മരങ്ങളുലയുന്ന ശബ്ദം വല്ലാതെ ഭയപ്പെടുത്തി. മഴയുടെ സീൽക്കാരവും കൂടെയായതോടെ എന്നോടൊപ്പം ഉറങ്ങാതിരുന്ന് കളി കണ്ട മകനും വല്ലാതെ ഭയന്ന്, എന്റെ അരികിലേക്ക്‌ ചേർന്നുകിടന്നു.

Advertisment

കാറ്റൊന്ന് ശാന്തമായെന്നു തോന്നിയപ്പോൾ മൊബൈൽ വെളിച്ചത്തിൽ അടുക്കളയിൽ കയറി, മെഴുകുതിരി കത്തിച്ചു. ഡാറ്റ ഓൺ ചെയ്ത്, 4-3 പെനാൽറ്റി സ്കോറിൽ ആതിഥേയരായ റഷ്യയെ തകർത്ത് ക്രൊയേഷ്യ സെമി ഫൈനലിൽ ഇടം നേടിയതറിഞ്ഞു. 1998 ലെ ഡേവർ സൂക്കറിന്റെ ക്രൊയേഷ്യ സെമി ഫൈനലിലെത്തിയതും ഫ്രാൻസിനോട് തോറ്റ് പിന്നീട് മൂന്നാം സ്ഥാനക്കാരായി ലോകത്തെ തങ്ങളുടെ കഴിവറിയിച്ചതും വെറുതെ ഓർത്തു. റയൽ മാഡ്രിഡിന്റേയും യുവെന്റസിന്റെയും ബാഴ്സലോണയുടേയും താരങ്ങൾ അണിനിരക്കുന്ന 2018ലെ ക്രൊയേഷ്യ, അർജന്റീനയെ വിറപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിൽ കടന്നവരാണ്. എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി മുന്നേറുന്ന കൊയേഷ്യ ജൂലൈ 15ന് ലുഷ്നിക്കി സ്റേറഡിയത്തിൽ സ്വർണ്ണക്കപ്പിൽ മുത്തമിട്ടു കൊണ്ട് ലോകകപ്പിന്റെ ഒൻപതാമത്തെ അവകാശികളായി മാറുന്നത് സങ്കൽപ്പിക്കാൻ രസം തോന്നി.

പുറത്ത് മഴ നിലയ്ക്കാതെ പെയ്തുകൊണ്ടിരുന്നു. ജാലകവിരിമാറ്റി മഴ കാണാൻ നടത്തിയ ശ്രമത്തെ ഇരുട്ട് തടുത്തുനിർത്തി. കത്തിച്ച മെഴുകുതിരി കട്ടിലിൻതലപ്പിൽ നിന്ന് ദൂരെ വെച്ച് വന്നുകിടന്നു. മഴയുടെ രൗദ്രതാളം ബോധാബോധങ്ങളെ കൂട്ടിക്കുഴക്കുന്നതിനിടയിൽ പിന്നീടെപ്പോഴോ ഉറങ്ങിപ്പോയി.rahna thalib, memories

രാവിലെ വൈകിയെണീറ്റത് കറന്റ്‌ ഇല്ലല്ലോ എന്ന നിരാശയിലേക്കാണ്. മഴ തീരെ പതിഞ്ഞ ഒരീണം മൂളുന്നുണ്ട്. ഉമ്മറപ്പടിയിൽ നിന്ന് അടുത്ത വീട്ടിലേക്ക് 'അവിടെയും കറന്റ്‌ ഇല്ലല്ലോ' എന്നൊരു തപാലയച്ചു. രാത്രിയിലെ കാറ്റ് ചില്ലറ നാശമല്ല വിതച്ചിരിക്കുന്നതെന്നതിന്റെ തെളിവുകൾ മടക്കത്തപാലിൽ കിട്ടി. റോഡരികിലെ തേക്കുമരം വഴിയിലേക്ക് കടപുഴകി വീണതും, മരങ്ങൾ വീണ് വൈദ്യുതിക്കാലുകൾ നിലം പൊത്തിയതും കലശമലയിൽ ഏതൊക്കെയോ വീടുകളുടെ മേൽക്കൂരകൾ പറന്നുപോയതും അയൽക്കാരി ശ്വാസംവിടാതെ വിവരിച്ചപ്പോൾ അമ്മാതിരി കാറ്റായിരുന്നുവെന്ന് ഞാൻ ശരിവെച്ചു.

Advertisment

ആകെക്കൂടെയുള്ള ഒരു ഞായറാഴ്ച കറന്റില്ലാതെ എങ്ങനെ ചിലവഴിക്കുമെന്ന് നിരാശപ്പെട്ട് പത്രം നിവർത്തി. നിലാവ് പോലെ ചിരിക്കുന്നവന്റെ ചിത്രങ്ങൾ പത്രത്താളുകളിൽ നിന്ന് മാഞ്ഞിട്ടില്ല. ഓരോ പ്രാവശ്യം അവന്റെ ചിരി കാണുമ്പോഴും പച്ച സ്വെറ്ററിട്ട ഒരമ്മയുടെ ഹൃദയഭേദകമായ നിലവിളിയിൽ തട്ടി ഹൃദയം മുറിഞ്ഞുനീറി. ശാന്തമായ അവന്റെ മുഖത്തേക്ക് നോക്കിയിരിക്കെ, ആരോ നെഞ്ചിലേക്കാഞ്ഞു കുത്തുന്നതായി തോന്നി ഞാൻ കണ്ണുകളടച്ചു.

മഴ ഒരിടവേളയെടുത്തപ്പോൾ പതിയെ മുറ്റത്തേക്കിറങ്ങി നഷ്ടങ്ങളുടെ കണക്കെടുത്തു. ഇനി വീഴാത്തതായി അധികം വാഴകളില്ല. മുരിങ്ങക്കൊമ്പടർന്ന് തെങ്ങിൻതൈയിന്റെ കൂമ്പിൽതന്നെ കിടപ്പുണ്ട്. ഗ്രോബാഗിൽ വെച്ച തക്കാളിത്തൈകൾ ഭൂമിയെ നമസ്കരിച്ചുകിടക്കുന്നു. പൂവിട്ടു തുടങ്ങിയതായിരുന്നു. കവുങ്ങിൻപട്ടികകൊണ്ട് താങ്ങ് കൊടുത്ത് ചാക്കുനൂലിനാൽ ബന്ധിപ്പിച്ചിരുന്നുവെങ്കിലും അത്രയും ശക്തമായ കാറ്റിനെ തടുക്കാൻ ആ കുരുന്നിളം തണ്ടുകൾക്കായിക്കാണില്ല. എല്ലാം ഒന്നൂടെ കെട്ടിയുറപ്പിച്ച് അടുക്കളയിൽ കേറി. ഏറെ ഇഷ്ടത്തോടെ നട്ട മരങ്ങളും ചെടികളുമൊക്കെ നിലംപറ്റിയത് കാണാൻ വയ്യാത്തതിനാൽ പറമ്പിലേക്കിറങ്ങിയില്ല.

കറന്റ്‌ വരുന്നതുവരെ ടാങ്കിലെ വെള്ളം തീരാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്തത്തെ കുറിച്ച് ഇടയ്ക്കിടെ കുട്ടികളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികൾ കറന്റ്‌ ഇല്ലാത്തതിന്റെ കഷ്ടതകൾ പറഞ്ഞുകൊണ്ടേയിരുന്നു. ടീവി കാണാതെ ബോറടിക്കുന്നവനും ഫാനില്ലാതെ ചൂടെടുക്കുന്നവളും കമ്പ്യൂട്ടർ ഇല്ലാതെ പ്രൊജക്റ്റ്‌ വർക്ക്‌ ചെയ്യാൻ കഴിയാത്തവനും കൂടെ എന്റെ ദിവസം പരാതിപുസ്തകമാക്കി മാറ്റി. കുറച്ചു ഭാഗങ്ങളിലൊക്കെ കേടുപാടുകൾ തീർത്ത് കെ എസ് ഇ ബിക്കാർ മടങ്ങിയെന്നും കറന്റ്‌ വരാനിനിയും സമയമെടുക്കുമെന്നും അയൽവീട്ടിലെ കുട്ടി അറിയിച്ചു. കറന്റ്‌ ഇല്ലാതെ ഒരു രാത്രി കൂടെ എങ്ങനെ കഴിച്ചു കൂട്ടും? ഫോണിൽ ചാർജ് തീർന്നു പോയിരുന്നു. Fb യും വാട്ട്‌സ്ആപ്പും നോക്കാതെ ഒരു പകൽ വിരസമായി തീർന്നു. കണ്ണൂരുള്ള സഹജീവനക്കാരന്റെ വീടുതാമസത്തിന് പോയവരുടെ ചിത്രങ്ങൾ ഓഫീസ് ഗ്രൂപ്പിൽ വന്നു നിറഞ്ഞു കാണും. സഹപാഠിയുടെ ബന്ധുവിന്റെ കല്യാണച്ചിത്രങ്ങൾ കോളേജ് ഗ്രൂപ്പിലും. Fb യിൽ ഇന്നെന്തൊക്കെ ഉണ്ടായിക്കാണും ? ഹോ, ഒന്നും അറിയാനും കാണാനും കഴിഞ്ഞില്ല!rahna thalib,memories

എത്രയും പെട്ടെന്നുതന്നെ ഇൻവെർട്ടർ വെയ്‌ക്കാനുള്ള അടിയന്തിരപ്രമേയം കെട്ട്യോൻ ഷാർജയിൽനിന്ന് വിളിച്ച് പാസ്സാക്കി. ഉറങ്ങുവോളം കുട്ടികൾ പരാതി പറഞ്ഞുകൊണ്ടിരുന്നു.

അയഞ്ഞും മുറുകിയും മഴ പിന്നെയും പെയ്തു കൊണ്ടിരുന്നു. മഴയുടെ മുറിഞ്ഞ താളങ്ങൾ പെറുക്കിയെടുത്ത് നമുക്ക് പുഴയുടെ പാട്ടുണ്ടാക്കണമെന്ന് പറഞ്ഞ കൂട്ടുകാരനെ വെറുതെ ഓർത്തു. മഴയ്ക്ക് ശക്തി കൂടുന്നു. കാറ്റിന്റെ പെരുക്കത്തിനൊത്ത് മരങ്ങൾ ഉലയുന്നുണ്ട്. ഇന്നുമിനി മരങ്ങൾ വീഴുമോ? നാളെയും കറന്റ്‌ വരില്ലേ എന്നൊക്കെയോർത്ത് ആധി കൂട്ടവേ 'എന്തെങ്കിലും ഒരു വഴിയുണ്ടാക്കിത്തരണം' എന്നാവശ്യപ്പെട്ട് മേശയ്ക്കപ്പുറമിരുന്ന യുവതിയും കുഞ്ഞും മനസ്സിലേക്കിരച്ചു വന്നു.

പതിവിലേറെ തിരക്കുള്ള ദിവസമായിരുന്നു അന്ന്. പലവിധം ആവശ്യങ്ങൾക്കായി ആളുകൾ വന്നും പോയും കൊണ്ടിരുന്നു. തിരക്കൊന്നു കുറഞ്ഞപ്പോഴാണ് കുറച്ചേറെ നേരമായി കാത്തുനിൽക്കുന്ന അവളെയും കുഞ്ഞിനെയും ശ്രദ്ധിച്ചത്. ഇരിക്കാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ അവൾ നിന്നപ്പോൾ 'ഇരുന്ന് പറയൂ' എന്നെനിക്ക് കനപ്പിക്കേണ്ടിവന്നു. കുട്ടിത്തം മാറാത്ത മുഖമായിരുന്നുവെങ്കിലും ജീവിതവഴികളിലെ ക്ലേശങ്ങൾ കൊണ്ടാകാം അവളാകെ ഉലഞ്ഞു പോയിരുന്നു. തങ്ങളുടെ ചെറിയ വീട്ടിലേക്ക് എങ്ങനെയെങ്കിലും കറന്റ്‌ കിട്ടണം. അത്രേ ഉള്ളൂ അവളുടെ ആവശ്യം. സ്ഥലത്തിന്റെ ഉടമസ്ഥൻ വേണം ഉടമസ്ഥാവകാശ സാക്ഷ്യപത്രത്തിന് അപേക്ഷിക്കാൻ എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ അവസ്ഥ ചുരുക്കിപ്പറഞ്ഞു. പതിനെട്ടാം വയസ്സിൽ ഇഷ്ടക്കാരന്റെ കൂടെ ഇറങ്ങിപ്പോന്നിട്ട് ആറേഴു കൊല്ലം കഴിഞ്ഞു. തറവാടികളായ ഭർതൃകുടുംബത്തിന് കീഴ്ജാതിക്കാരിയായ അവൾ തുടക്കത്തിലേ കരടായിരുന്നു. വാക്പീഡനങ്ങൾ തീരെ സഹിക്കാതായപ്പോൾ അഭിമാനിയായ ഭർത്താവ് അവളെയും കുഞ്ഞിനെയും കൂട്ടി പറമ്പിന്റെ മൂലയിലൊരു ഷീറ്റ് മേഞ്ഞ കൂര കെട്ടി മാറിത്താമസിച്ചു. മൂന്ന് സെന്റ് സ്ഥലം പേരിലാക്കി കിട്ടാൻ പല വിധത്തിൽ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. വൈദ്യുതി‌ ഇല്ലാത്ത ആ കൂരയിൽ താമസിക്കാൻ തുടങ്ങീട്ടിത് മൂന്നാം പെരുമഴക്കാലം. സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞു വന്നിരിക്കയാണിപ്പോൾ. സംസാരത്തിനൊടുവിൽ വീടിന് താൽക്കാലിക നമ്പറും കെ എസ് ഇ ബിയിലേയ്ക്ക് താൽക്കാലിക റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റും അനുവദിച്ചു കൊടുക്കാനുള്ള അപേക്ഷ വെപ്പിച്ചു. നേരിൽ വന്നന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞവരെ പറഞ്ഞുവിട്ടിട്ട് ആഴ്ച രണ്ടു കഴിഞ്ഞു.rahna thalib, memories

അടിയന്തിരമായി ചെയ്തുതീർക്കേണ്ട ചില ജോലികളിൽ പെട്ടതിനാലും, അത്ര തിരക്കില്ലാതിരുന്നിട്ടും വെറുതെ തിരക്ക് കൂട്ടി കാര്യങ്ങൾ ചെയ്യിപ്പിക്കുന്നവർക്ക് ചെവി കൊടുക്കേണ്ടിവന്നതിനാലും, ആ ഫയൽ തുറക്കാൻ നേരം കിട്ടിയില്ല. ഇരുട്ടും മഴയും കാറ്റും മൂന്നുമുറിവീട്ടിലെ മെഴുകുതിരിയുടെ അരണ്ട വെളിച്ചവുമൊക്കെ അത്രയ്ക്കും ശീലമായതിനാലാവണം, അവളിതുവരെ തിരക്കുകൂട്ടി വന്നതുമില്ല. ഇപ്പോഴിതാ അവളുടെ കണ്ണിലന്ന് തെളിഞ്ഞ പ്രതീക്ഷയുടെ ഞെരമ്പ് എനിക്ക് മുന്നിൽ ഒന്നുകൂടെ തെളിയുന്നു. അപേക്ഷയുടെ സ്വരം ചെവികളിൽ അലകളായ് വന്നടിക്കുന്നു. അല്ലെങ്കിലും ഇങ്ങനെ ഒരു രാത്രിയിൽ അവരെയല്ലാതെ ഞാൻ മറ്റെന്തോർക്കാനാണ്?

എങ്ങനെയായിരിക്കും വൈദ്യുതിയില്ലാതെ അവരിത്രയും നാൾ കഴിഞ്ഞിട്ടുണ്ടാവുക? മീനത്തിലെ വെയിൽ പതപ്പിച്ച ഷീറ്റിനടിയിൽ കുഞ്ഞിനെയും കൊണ്ട്, ഫാനില്ലാതെ എങ്ങനെ ഉറങ്ങിക്കാണും? നേരമ്പോക്കുകൾ ഒന്നുമില്ലാതെ രാത്രികളുടെ കലണ്ടർ അവരെങ്ങിനെ മറിച്ചുകാണും? വേണ്ട, രാത്രികളിൽ വെളിച്ചമുള്ള വീടുകളിലേക്ക് നോക്കുമ്പോൾ അവരെന്തെല്ലാം ഏതെല്ലാം ചിന്തിച്ചുകാണും? വെളിച്ചത്തിനെത്ര വെളിച്ചമുണ്ടെന്ന് അവരെപോലുള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് എന്തറിയാം? ആലോചിക്കുന്തോറും, ചുറ്റുമുള്ള ഇരുട്ട് ഏറിവരുന്നതായി എനിക്ക്‌ തോന്നി. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു.

നാളെത്തന്നെ ആ ഫയലിന്റെ കെട്ടഴിക്കണമെന്ന്, പുലരും വരെ നിലയ്ക്കാതെ പെയ്ത മഴ എന്നെ ഓർമപ്പെടുത്തികൊണ്ടേയിരുന്നു.

Rahna Thalib Russia Fifa Football World Cup 2018 Croatia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: