അക്കാലത്ത്, വളപട്ടണത്തെ ടൈല്‍ ഫാക്ടറിയില്‍ ഓടുണ്ടാക്കാന്‍ വേണ്ട കളിമണ്ണ് എടുക്കുന്നത് ഞങ്ങളുടെ നാട്ടില്‍ നിന്നായിരുന്നു. ബസ്സുകളും യാത്രകളും ഗ്രാമത്തിന്റെ ശീലമാവുന്നതിനു മുന്‍പ് കുഴമണ്ണും കയറ്റി പൊടിപറത്തിക്കൊണ്ട് ചരല് റോഡിലൂടെ കിതച്ചോടുന്ന പഴയ ഫാര്‍ഗോ ലോറികളെ, ഉടമയുടെ പേരുചേര്‍ത്ത്, വിളിച്ചിരുന്നത് ആറോണ്‍ ലോറികള്‍ എന്നായിരുന്നു. കുന്നു കയറി മഠത്തിലെ കിന്റര്ഗാര്ട്ടനിലേയ്ക്കുള്ള നടപ്പില്‍ ഓരോ ലോറിയെയെങ്കിലും കാണാത്ത ആഴ്ചകള്‍ ഉണ്ടായിരുന്നില്ല മിക്കവാറും. അങ്ങനെ മണ്ണെടുത്ത് വലിയ രണ്ട് കുഴികളായി മാറിയ കുളക്കാട്ട് വയലില്‍ വര്‍ഷകാലത്ത് വെള്ളം നിറഞ്ഞ് മാനാഞ്ചിറയുടെ ഇരട്ടി വലുപ്പത്തിലുള്ള കുളമായി മാറും. കുളത്തില്‍ നിന്നും കിഴക്കോട്ടൊഴുകുന്ന തോട് താണ്ടിയാല്‍ സ്കൂളിലേക്കുള്ള കുറുക്കുവഴിയാണ്. ലേറ്റാവുന്ന ദിവസങ്ങളില്‍ ട്രൗസര്‍ തുടയറ്റം തെറുത്തുകയറ്റി, പുസ്തകങ്ങള്‍ തലയില്‍ വച്ച്, ആഴം കുറഞ്ഞ ഇടം താണ്ടിക്കഴിഞ്ഞാൽ ബെല്ലടിക്കും മുന്‍പ് ക്ലാസ്സില്‍ ഓടിക്കയറാം.
മഴ മാറി വെള്ളം കുറഞ്ഞു കഴിഞ്ഞാല്‍ കുളത്തിന്റെ കരയില്‍ വിശാലമായി പുല്ലു വളര്‍ന്നു കിടക്കുന്ന സ്ഥലം ഫുട്ബോള്‍ മൈതാനമായി മാറും. സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ പന്തുമായി കുട്ടികള്‍ വയലിലേയ്ക്ക് പോവുന്നത് ഹോംവര്‍ക്കിനിടെ ഞങ്ങള്‍ക്കു കാണാം. പണികഴിഞ്ഞ് മുതിര്ന്നവരെത്തുന്നതുവരെയേ പിള്ളേര്‍ക്ക് മൈതാനത്ത് കളിക്കാന്‍ പറ്റൂ. പ്രീമിയര്‍ ഫുട്ബോള്‍ ക്ലബ് എന്നായിരുന്നു ടീമിന്റെ പേര്. പന്ത് വാങ്ങാന്‍ പിരിവു കൊടുക്കാഞ്ഞവരെ കളിക്കാന്‍ കൂട്ടില്ല. എന്നാല്‍ കളിയില്‍ പുറത്തുപോവുന്ന പന്ത് എടുക്കാൻ കിട്ടുമ്പോള്‍ ഒന്ന് അടിച്ചുനോക്കുകയാവാം. അതിനായി കുട്ടികള്‍ വേറെയും കാത്തിരിപ്പുണ്ടാവും. പന്തു തൊടണമെങ്കില്‍ നീട്ടിയടിക്കുന്നയാള് കനിയണമെന്നതുകൊണ്ട് അങ്ങനെയുള്ള കളിക്കാര്‍ക്ക് പാസു കിട്ടുമ്പോള്‍ ഞങ്ങള്‍ ആര്‍ത്തുവിളിക്കും. തള്ളവിരല്‍ കൊണ്ട് കുത്തി പന്തടിക്കുന്ന ജോയി, ഇഗ്നേഷ്യസ്, സെന്റര്‍ബാക്കായ ഔവര്‍ ക്യാപ്റ്റന്‍ റോബര്‍ട്ട്, ഡെന്നീസ്, രാജു, രാജൂട്ടി എന്നവരൊക്കെയായിരുന്നു അന്നത്തെ പ്രധാന കളിക്കാര്‍.
സ്കൂളില്‍ നിന്നു കിട്ടുന്ന ഉപ്പുമാവായിരിക്കും ദരിദ്രകുടുംബങ്ങളില്‍ നിന്നുമുള്ള മിക്ക വിദ്യാര്‍ത്ഥികളുടേയും പ്രധാന ഭക്ഷണം. വാങ്ങിയ റേഷന്‍, കള്ളുഷാപ്പില്‍ മറന്നു വച്ചു പോരുന്ന അച്ഛന്മാരുള്ള വീടുകളില്‍ ശനിയും ഞായറും ചക്കയോ മാങ്ങയോ, കൂട്ടുകാരുടെ വീട്ടില്‍ നിന്നു കിട്ടുന്നതോ ഒക്കെയാണ് ദിവസം മുഴുവൻ നീളുന്ന കളികളിൽ വിശപ്പടക്കാന്‍ സഹായിക്കുക. കുട്ടിക്കാലത്ത് പന്തുകളി ഒരു മരുന്നായിരുന്നു; വിശപ്പിനുള്ളത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിക്കഴിഞ്ഞാല്‍, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമില്ലെങ്കില്‍, അമ്മമാര്‍ കഞ്ഞിവെള്ളം കൊടുത്ത് അവരെ കളിക്കാന്‍ വിടും; തിരിച്ചു വരുമ്പോഴേക്കും കഞ്ഞിയോ പലഹാരമോ ഉണ്ടാക്കി വയ്ക്കാമെന്ന ഉടമ്പടിയോടെ. തിരക്കും ഉത്സാഹവും കൂടുതലുള്ളവര്‍ മുകളിലുള്ള തെളി വെള്ളം കുടിച്ച് ഓടാന്‍ നോക്കും. എന്നാൽ കഞ്ഞിക്കലത്തില്‍ വറ്റുകൂടി ഉണ്ടാവുമെന്നും അത് ഒരാള്‍ക്കു മാത്രമായി കിട്ടരുതെന്നും വിചാരിച്ച് ആദ്യമേ ഉപ്പിട്ട് കലക്കിയാണു ഞങ്ങള്‍ക്ക് വീതിച്ചു തരിക. കഞ്ഞിവെള്ളം കുടിച്ച്, വിശപ്പിനെ മറന്ന്, മൈതാനത്തോ വഴിയിലോ, കടലാസും പിന്നിയ പ്ലാസ്റ്റിക് സഞ്ചിയും ഉരുട്ടി ചണനൂലു കൊണ്ട് കെട്ടിയ പന്തുകള്‍ കൊണ്ട്, ആകെയറിയാവുന്ന കളിക്കാരുടെ പേരുകള്‍ സ്വീകരിച്ച് ഞങ്ങള്‍ തിമര്‍ത്തു കളിക്കും. ഇഷ്ടികയോ കല്ലോ അട്ടി വച്ച പോസ്റ്റില്‍ പെലെയോ സീക്കോയോ ഗോള്‍കീപ്പര്‍ പോലുമാവും, ലെവ് യാഷിനും പീറ്റർ ഷില്‍ട്ടണും ഫോര്വേഡുകളുമാകും. റോസിയും സോക്രട്ടീസും റുമെനിഗ്ഗെയും തലങ്ങും വിലങ്ങും ഓടി ചരല്‍മണ്ണു പുരണ്ട പാദങ്ങളിലെ തള്ളവിരലിന്റെ നഖങ്ങള്‍ കുരുതികൊടുക്കും. അപ്പുറത്ത് ടീമില്‍ ആള്ക്കാര് കുറവായ അപൂർവ ദിവസങ്ങളില്‍ ഞങ്ങളില്‍ മുതിര്‍ന്ന കുട്ടികളെയും കളിക്കാന്‍ കൂട്ടും, മിക്കവാറും ഗോളിയായിട്ടായിരിക്കും. വലിയ അടിയൊക്കെ വന്നാല്‍ പേടിയാവുമെന്നതുകൊണ്ട് ഞാന്‍ ക്ഷണം നിരസിക്കുകയാണ് പതിവ്. ഒരിക്കല്‍ വെറുതെ നിന്നാല്‍ മതിയെന്ന് നിര്‍ബന്ധിച്ച് നിര്‍ത്തിയ ഒരു ദിവസം ഉയര്‍ന്നു വന്ന കിക്ക് തടുക്കാന്‍ നോക്കി തള്ളവിരല്‍ ഉളുക്കിയതോടെ കുറേക്കാലത്തേക്ക് പിന്നെ കളിക്കാന്‍ വിട്ടില്ല. അല്ലെങ്കിലും കളിച്ചുണ്ടാക്കേണ്ടതല്ല മക്കളുടെ ഭാവിയെന്ന് അമ്മയ്ക്ക് അന്നേ തീര്‍ച്ചയുണ്ടായിരുന്നു; കാലമതിന് ഒത്താശയും ചെയ്തു!
അന്നൊക്കെ വായനശാലയിലെ ദിനപത്രങ്ങളില്‍ ലോക ഫുട്ബോള്‍ വാര്‍ത്തകള്‍ വരുന്നത് ദിവസങ്ങളോ ആഴ്ചതന്നെയോ കഴിഞ്ഞാവും. ഗ്രാമത്തിലാകെ അഞ്ചോ ആറോ ടെലിവിഷനുകളാണ് ഉള്ളത്, അതില്‍ മിക്കതും പുറത്തുള്ളവര്‍ക്ക് അപ്രാപ്യവുമായിരിക്കും. അന്റേന മുകളില്‍ പൊങ്ങിയ വീടുകള്‍ ലോകകപ്പാവുമ്പോഴേക്കും കൂട്ടുകാരാരെല്ലാം നോക്കി വെയ്ക്കും. പാതിരാത്രി സംപ്രേഷണം തുടങ്ങുന്ന കളികള്‍ കമ്പക്കാരനായ വീട്ടുകാരനുണ്ടെങ്കില് മാത്രമേ കാണാനാവൂ. ചൂട്ടും കത്തിച്ച് പാതിരയാവുമ്പോഴേക്കും ഓരോരുത്തരായി വീട്ടില്‍നിന്ന് ഇറങ്ങും. ചിലയിടങ്ങളില്‍ പൂമുഖത്തെ ഗ്രില്ലടച്ച്, ഉറക്കമായെന്നു കാണിക്കാന്‍ ലൈറ്റണച്ച്, ശബ്ദമുണ്ടാക്കാതെയിരിക്കും വീട്ടുകാര്‍. കുറേക്കഴിഞ്ഞാല്‍ പിള്ളേര് വേറെങ്ങോട്ടെങ്കിലും പോയിക്കാണും എന്നു കരുതി മ്യൂട്ടു ചെയ്ത ടിവി ഓണ്‍ ചെയ്താല്‍, ഇരുട്ടത്ത് പിക്ചര്‍ റ്റ്യൂബിന്റെ ഫ്ലൂറസെന്‍സ്, അടയ്ക്കാന്‍ വിട്ടുപോയ ഏതെങ്കിലുമൊരു സുഷിരത്തിലൂടെ, ഞങ്ങളുടെ പിടയ്ക്കുന്ന ചങ്കുകള്‍ക്ക് സിഗ്നല്‍ തരും. ഗ്രില്ലിന് തട്ടു തുടങ്ങിയാല്‍ വീട്ടുകാര്‍ ഗത്യന്തരമില്ലാതെ വാതില്‍ തുറന്നു അകത്തു കയറ്റും. കളി തുടങ്ങിക്കഴിഞ്ഞാല്‍ വിദ്വേഷമോ അരിശമോ മാറ്റിവച്ച് ഡയനോരയുടെയും സോളിഡയറിന്റെയും കളര്‍ സ്ക്രീനുകളില്‍ ഫുട്ബോളിന്റെ മാസ്മരിക പ്രപഞ്ചം വിരിഞ്ഞുലയും. രണ്ടു കളിയുള്ള ദിവസങ്ങളില്‍ വീട്ടുകാരുടെ ഉറക്കവും കളഞ്ഞ്, ഒരു നാണവുമില്ലാതെ, എഴുന്നേല്ക്കാന് കൂട്ടാക്കാതെ അവിടെത്തന്നെ ഇരിക്കും, മിക്കവരും. ഒരു രാത്രി മറഡോണ ദൈവത്തിന്റെ കൈ കൊണ്ട് നേടിയത് ഗോളാണെന്നതില്‍, ചൂട്ടും കത്തിച്ച് തിരിച്ചുനടക്കുന്നതിനിടയില്‍, ആര്‍ക്കും സംശയമുണ്ടായിരുന്നില്ല കാരണം, അതിനു നാലു മിനുട്ട് കഴിഞ്ഞ് നൂറ്റാണ്ടിലെ അതിമനോഹര സോളോ ഗോളിലൂടെ ഡിയെഗൊ അതിന് അടിവരയിട്ട് കഴിഞ്ഞിട്ടുണ്ടായിരുന്നല്ലോ!
വീട്ടില്‍ ടിവി വാങ്ങുന്നത് പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 1998-ലെ വേള്‍ഡ് കപ്പ് വീട്ടില്‍ നിന്നു കാണണം എന്ന വാശിയില്‍ ഹൗസ് സര്‍ജന്‍സിക്കു കിട്ടുന്ന സ്റ്റൈപ്പന്‍ഡില്‍ മിച്ചം പിടിച്ചിട്ടുണ്ടായിരുന്നു. കളി തുടങ്ങുന്ന അന്ന്, ജൂൺ പത്ത് ബുധനാഴ്ച, ഉച്ചവരെ വാര്‍ഡില്‍ ഡ്യൂട്ടിയെടുത്ത് കാശുമെടുത്തിറങ്ങിയതായിരുന്നു ഞാന്‍. ലോകകപ്പ് പ്രമാണിച്ച് കമ്പനികള്‍ വിലകുറച്ച കാര്യം പത്രത്തില്‍ കണ്ടിരുന്നതുകൊണ്ട് കൈയിലുള്ളത് തികയുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ടൗണിലിറങ്ങി അന്വേഷിച്ചപ്പോഴല്ലേ കാര്യങ്ങള്‍ കുഴങ്ങിയത്. പരസ്യത്തില്‍ കണ്ട മോഡലുകള്‍ എത്താന്‍ ദിവസങ്ങള്‍ എടുക്കും, സ്റ്റോക്കിലുള്ള മോഡലുകള്‍ക്ക് വില കൂടുതലുമാണ്, വില കുറഞ്ഞ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എനിക്കു വേണ്ട താനും. വീട്ടില്‍ അനിയന്മാരും അനിയത്തിയും ചേട്ടന് കളര്‍ ടിവി കൊണ്ടു വരുന്നതും കാത്ത് ഇരിപ്പാണ്, അവരെ നിരാശപ്പെടുത്തിക്കൂടാ. കടകളിലെല്ലാം നടന്നലഞ്ഞ് ഒടുവില്‍ നടക്കാവിലെ മുസ്ലിം പള്ളിയുടെ ഓരത്തുള്ള ഒരു കടയില്‍ എത്തിപ്പെട്ടു. സഹൃദയനായ കടക്കാരന് വണ്ടിക്കൂലിയൊഴികെ കൈയിലുള്ള കാശിന് പതിനാല് ഇഞ്ചിന്റെ ഒരു സാംസങ് ടിവിയും കൂടെ കമ്പനി ഗിഫ്റ്റായ ഒരു ഫുട്ബോളും തന്നു. പെട്ടിയിലാക്കി ഒട്ടിച്ച് ബസ് സ്റ്റാന്‍ഡിലേക്ക് ചുമന്ന് നടക്കുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നെങ്കിലും അഭിമാനത്തിന്റേയും ആഹ്ലാദത്തിന്റേയും വെളിച്ചത്തില്‍ ഒഴുകുകയായിരുന്നു ഞാന്‍.
ബസ്സു മാറിക്കയറി വീട്ടിനടുത്തുള്ള ടൗണിലെത്തിയപ്പോഴേക്കും അന്റേന വാങ്ങാനുള്ള കട അടക്കാന്‍ തുടങ്ങിയിരുന്നു. പണ്ട് പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ചവനായിരുന്നതു കൊണ്ട് കടം പറഞ്ഞപ്പോള്‍ കടക്കാരന് അരിശം പുറത്തുകാണിച്ചില്ല. കൈനീട്ടം പോലെത്തന്നെ കടയടക്കുന്ന സമയത്തും കടം കൊടുക്കാറില്ലെന്ന് അവന് പിറ്റേന്ന് പറയുകയും ചെയ്തു. പട്ടാളത്തില്‍ നിന്നു ലീവിന് വന്ന സുഹൃത്ത് സുരേഷ് മഴ വകവയ്ക്കാതെ വഴുക്കുന്ന പ്ലാവില്‍ വലിഞ്ഞു കയറി അന്റേന ഫിറ്റ് ചെയ്യാന്‍ സഹായിച്ചുവെങ്കിലും റൊണാള്‍ഡോയും റിവാള്‍ഡോയും ബെബെറ്റോയുമുള്ള ബ്രസീലും സ്കോട്ട്ലന്റും തമ്മിലുള്ള ആദ്യകളി തീര്‍ന്നുപോയിരുന്നു. മൊറോക്കൊയും നോര്‍വെയും തമ്മിലുള്ള കളിയായിരുന്നു ഞങ്ങളുടെ ഉദ്ഘാടന മത്സരം; എല്ലാവരുടേയും മനസ്സു നിറഞ്ഞ ലോകകപ്പു ദിവസം.
ഈയിടെ വണ്ടിയില്‍ നിന്നു വീണു പരിക്ക് പറ്റിയ ഒരാള്‍ മുറിവുകെട്ടാന് വന്നു. പ്രവാസിയാണ്, ചെറിയൊരവധിക്ക് നാട്ടില്‍ വന്നതാണ്. ഓ പിയിലിരുന്ന് മൊബൈലില്‍ കളി കാണുന്നതു കണ്ടപ്പോള്‍ പത്തിരുപതുകൊല്ലം മുന്‍പ് മെഡിക്കല്‍ കോളിജില്‍ പരിക്കുപറ്റി പ്ലാസ്റ്ററിട്ടു കിടക്കുന്ന സുഹൃത്തിനു കൂട്ടിരിപ്പിനു പോയപ്പോള്‍ ഉണ്ടായ അവിസ്മരണീയമായ ഒരനുഭവത്തെക്കുറിച്ചു പറഞ്ഞു. അതും ലോകകപ്പു കാലം; അന്ന് ഫൈനലില്‍ ബ്രസീലും ഫ്രാന്‍സും. നാട്ടില്‍ സെവന്‍സ് കളിക്കാരായ സുഹൃത്തുക്കള്‍ക്ക് കളി കാണാന്‍ പൊറുതി മുട്ടി. ഹൗസ് സര്‍ജന്‍സിന്റെ ക്വാര്‍ട്ടേഴ്സില്‍ കളി വച്ചിട്ടുണ്ടെന്നറിഞ്ഞ് ക്രച്ചസിന്റെ കൂടെ തോളില്‍ കൈയുമിട്ട് രണ്ടുപേരും പമ്മിപ്പമ്മിച്ചെന്നു. എന്നും ആളുണ്ടാവുന്ന റിസപ്ഷന് അന്നു വിജനം; റിസീവറില്‍ നിന്നുമെടുത്തു ഫോണ്‍ മേശപ്പുറത്തു വച്ചിരിക്കുന്നു. ഹൗസ് സര്ജന്മാര്ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല എന്ന ബോര്‍ഡ് വകവയ്ക്കാതെ ആരവമുയരുന്ന ഇടം നോക്കി രണ്ടുപേരും വച്ചുപിടിച്ചു. ചെല്ലുമ്പോള്‍ മെസ്സിലെ കസേരകളിലും മേശമേലുമൊക്കെയായി തുണിയിലും തലയിലും നീലമടിച്ചും മഞ്ഞച്ചായം തേച്ചും രണ്ടുവിഭാഗങ്ങള്‍ നിറഞ്ഞിരിക്കുന്നു. പെരുമ്പറ മുഴക്കുന്ന വാദ്യോപകരണങ്ങളാവട്ടെ മെസ്സിലെ ചെമ്പും ചട്ടുകവും തൊട്ട് പ്ലാസ്റ്റിക് ബക്കറ്റും മഗ്ഗും പ്ലേറ്റുകളുമടക്കം. ഓരോരോ മുന്നേറ്റത്തിനും ഭേരിമുഴക്കി ഇരുകൂട്ടരും. ചിരി, അട്ടഹാസം, വാഗ്വാദങ്ങള്‍. കളി കാണണോ അതോ കളികാണുന്നവരെ നോക്കിയിരിക്കണോ എന്ന സംശയമായി. റൊണാള്‍ഡോയുടെ മുകളിലേക്ക് ബാര്‍ത്തേസ് ചാടിവീഴുന്നതു കണ്ട് ആക്രോശിച്ച് ടിവിയ്ക്കടുത്തേക്ക് ഓടിച്ചെല്ലുന്ന ഒരു കൂട്ടര്, സിദാന്റെ ചലനത്തിനൊത്ത് ആനന്ദ നൃത്തമാടുന്ന വേറെ ചിലര്‍. പല സെറ്റപ്പിലും കളി കണ്ടിട്ടുണ്ടെങ്കിലും അതുമാതിരി ഒരനുഭവം ജീവിതത്തില്‍ വേറെയുണ്ടായിട്ടില്ലെന്ന് അയാള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഗദ്ഗദത്തോടെ എനിക്കാ സത്യം വെളിപ്പെടുത്തേണ്ടി വന്നു. ബ്രസീല്‍ തോറ്റപ്പോള്‍ അന്നവിടെ ഏറ്റവും കൂടുതല്‍ നിലവിളിച്ചയാളാണ് ഇപ്പോള്‍ നിങ്ങളെ പരിശോധിച്ച് മരുന്നുകുറിച്ചത് എന്ന്!
ഫുട്ബോള്‍ ഇത്ര ജനപ്രിയമാവുന്നതിനും ലറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളിലെ ആരാധകര്‍ക്ക് പ്രിയങ്കരരാവുന്നതിനും ജീവിത സാഹചര്യങ്ങളിലുള്ള താദാത്മ്യമായിരിക്കണം കാരണം. ബ്രസീലിലെയും അര്‍ജന്റീനയിലെയും തെരുവില്‍ ദാരിദ്ര്യത്തിലും അരക്ഷിതാവസ്ഥയിലും ജനിച്ചുവീഴുന്ന കുട്ടികള്‍ പന്തു തട്ടിയോടുന്നത് നമ്മുടെ ഗ്രാമങ്ങളില്ക്കൂടിത്തന്നെയായിരുന്നു. ഫുട്ബോള്‍ എന്നത് എന്നേ ഒരു ബിസിനെസ്സ് ആയിക്കഴിഞ്ഞെന്നിരിക്കിലും മതമോ ജാതിയോ കുലമോ ഇല്ലാത്ത, വിശപ്പോ ദു:ഖമോ വേദനയോ ഇല്ലാത്ത ഒരു മിന്നല്‍ക്കുതിപ്പ് അതെന്നും ബാക്കിവയ്ക്കും; സ്വാതന്ത്ര്യത്തിന്റെ വിലക്കപ്പെട്ട സാഹസികതകളിലേയ്ക്ക് ജീവനൂതി നിറച്ച പന്തുകൊണ്ടുള്ള ഒരടിയും!
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook