തൊണ്ണൂറുകളുടെ തുടക്കത്തിൽ ഏറെ സംഘർഷഭരിതമായിരുന്നു മലപ്പുറത്തെ ചെറിയൊരു പ്രദേശമായ മോങ്ങം എന്ന ഞങ്ങളുടെ ഗ്രാമം. വെടിവെയ്പ്പും കൊലപാതകവും നാടിന്റെ അന്തരീക്ഷത്തെ തന്നെ മാറ്റി മറിച്ചു. രാഷ്ട്രീയമോ, വ്യക്തിപരമോ, കച്ചവട സംബന്ധിയോ ആയ പ്രശ്നങ്ങളുടെ വേദനാജനകമായ ഒരു പര്യവസാനം ആയിരുന്നു ആ വെടിവെയ്പ്പ് . തുടർന്ന് പല മാധ്യമങ്ങളിലും മോങ്ങത്തിന്റെ ‘അധോലോകബന്ധ’ങ്ങളെക്കുറിച്ചു പരമ്പരകളും വാർത്തകളും വന്നു. ഒരു ഗ്രാമമായിട്ടു പോലും, മഹീന്ദ്രയുടെ ജീപ്പുകൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വണ്ടിക്കച്ചവട കേന്ദ്രമായിരുന്നു മോങ്ങം. അതിന്റെ മറുവശമെന്തെന്നാൽ, അടവുവ്യവസ്ഥ തെറ്റിയ വാഹനങ്ങൾ ബലം പ്രയോഗിച്ചു പിടിച്ചെടുക്കാനായി മുതലാളിമാർ പാലൂട്ടി വളർത്തിയ ‘സീസി’ സംഘങ്ങളുടെ ഗുണ്ടായിസങ്ങളായിരുന്നുവെന്നാണ് വാർത്തകളും  വാമൊഴികളും ലോകത്തോട് പറഞ്ഞത്. മോങ്ങം വെടിവെപ്പ് പ്രശ്നങ്ങളുടെ അവസാനമായിരുന്നില്ല. നിരന്തരമായ സംഘട്ടനങ്ങളുടെയും കൈയ്യാങ്കളികളുടെയും ഒരു തുടക്കമായിരുന്നു. പൊലീസ് വർഷങ്ങളോളം അങ്ങാടിയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തമ്പ് ചെയ്തു. പ്രശ്നങ്ങൾ തുടങ്ങിയാൽ കച്ചവടക്കാർ ഉടൻ ഷട്ടറുകൾ താഴ്ത്തും. മീൻ വാങ്ങാൻ പോകുന്ന വഴി ഒരു ദിവസം വൈകുന്നേരം പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ ചന്ത റോഡിന്റെ ജംക്‌ഷന് അടുത്ത് വെച്ച് പോലീസ് ലാത്തി വീശിയത് സ്കൂൾ കുട്ടിയായ എന്റെ അടുത്ത് കൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു കാറ്റ് പോലെ പോയത് ഇന്നും ഓർമ്മയുണ്ട്.

ഗ്യാലറികളില്ലാത്ത, ബക്കറ്റ് പിരിവുകളിലൂടെയും അനൗൺസ്‌മെന്റ് സ്പോൺസർഷിപ്പിലൂടെയും നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഏറ്റവും ലഘുവായ രൂപമാണ് അവിടെ നടന്നിരുന്നത്. നാട്ടിലെ തന്നെ ഓരോ ഷോപ്പിന്റെയും ക്ലബ്ബ്കളുടെയും പേരിൽ ഓരോ ടീം ഉണ്ടാവും. വെള്ള ജേഴ്‌സി അണിഞ്ഞിരുന്ന ‘നാഷണൽ ടെക്‌സ്‌റ്റൈൽസ്’ ആയിരുന്നു പ്രിയ ടീം. കളിയുടെ ആദ്യ പകുതി വരെ വാച്ചും സമയവും ഒക്കെ നോക്കികൊണ്ട്‌ തന്നെയാണ് നടത്തപ്പെട്ടിരുന്നത്. രണ്ടാം പകുതിയുടെ അവസാനം കുറിക്കുക പലപ്പോഴും റഫറിയുടെ വാച്ചിലെ സമയം നോക്കിയിട്ടാവില്ല, മറിച്ച്, മോയിൻക്കയുടെ ബാങ്ക് വിളിക്ക് മുമ്പുള്ള മൈക്ക് സെറ്റിലുള്ള ആ രണ്ട് കൊട്ടുകൾ കേട്ടിട്ട് ആയിരുന്നു. കളിക്കാർക്കൊക്കെ പരിക്ക് പറ്റി മൂന്നോ നാലോ ആളുകളെ വെച്ച് നാഷണൽ ടെക്‌സ്‌റ്റൈൽസ് ടീം ഒരിക്കൽ കളിക്കുമ്പോൾ ഒരു ഗോൾ രഹിത സമനിലക്കായി ഉള്ളു പിടിച്ചു നിൽപ്പിനിടയിൽ ഇടയ്ക്കിടെ പള്ളി മിനാരത്തിലേയ്ക്ക് മോയിൻക്കയുടെ ബാങ്കിനായി തിരിഞ്ഞുനോക്കി കാതുകൂർപ്പിച്ചു നിന്നിരുന്ന കളിക്കാരന്റെ ചിത്രം ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.

കളിക്കളത്തിൽ രാഷ്ട്രീയവും സ്വത്തുതർക്കങ്ങളും കുടുംബതർക്കങ്ങളും ഒന്നും തന്നെ ബാധിക്കില്ലായിരുന്നു. ഒരേ ടീമിൽ തന്നെ പല പാർട്ടിക്കാരും ഉണ്ടാവും. വെടിവെപ്പിന്റെയും പ്രശ്നങ്ങളുടെയും ഒക്കെ അലയൊലികൾ പലപ്പോഴും ഇല്ലാതായത് സെവൻസ് ഫുട്ബാളിന്റെ ഗ്രൗണ്ടിലായിരുന്നു. അങ്ങനെ കലാപഭരിതമായിരുന്ന ആ നാടിനെ സമാധാനപരമായ സഹവർത്തിത്വത്തിലേയ്ക്ക് നയിച്ചത് പാടത്തെ സെവൻസ് ഫുട്ബോളുകൾ തന്നെയായിരുന്നു എന്ന് പറയാം.

കളിക്കളം മുഴുവൻ ഊർജ്ജസ്വലമായി വിസിലുമായി ഓടി നടന്നു കളി നിയന്ത്രിച്ചിരുന്ന, ഇടക്കെപ്പോഴെങ്കിലും കീശയിൽ നിന്നും മഞ്ഞയും ചുവപ്പും കാർഡൊക്കെ പുറത്തെടുക്കുമായിരുന്ന, ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് ആയി മാറിയ ‘കാക്കു’വിന്റെ സ്ഥാനമായിരുന്നു എത്തിപ്പെടാൻ കൊതിച്ച സ്ഥാനങ്ങളിൽ ഒന്ന്.favas t.k,football,world cup, memories

പിന്നെ കുട്ടിപ്പട്ടാളങ്ങൾ മാത്രം കളിച്ചിരുന്ന ചെപ്പൻകോലായി തറവാട്ടിലെ ചെറിയ ചരൽ ഗ്രൗണ്ടുകളിൽ ഞങ്ങൾ അനുകരിക്കാൻ ശ്രമിക്കാറുള്ള സ്ഥാനത്തുണ്ടായിരുന്നത് – അല്പം നടുവളച്ചു, കൂർത്ത മുടികളുള്ള തല മുന്നോട്ടാഞ്ഞു വെച്ച്, പന്തിലേക്ക് മാത്രം സൂക്ഷ്മമായും ഏകാഗ്രതയോടെയും നോക്കി നടത്തുന്ന ഗോളി ഗഫൂറിന്റെ ഡൈവിങ്ങുകൾ ആയിരുന്നു. ഉപ്പ കോഴിക്കോട് നിന്ന് പുതുതായി വാങ്ങിച്ചു തന്ന അഞ്ചാം നമ്പർ പന്ത് ചേപ്പൻ കോലായിയിലെ താഴെ ചരൽ ഗ്രൗണ്ടിൽ നിന്നും കളിക്കിടെ ഉരുണ്ടു പോയി പുറകിലെ മരമില്ലിലെ ഇരുമ്പു വാൾ ഉള്ള കുഴിയിലേക്ക് പതിച്ചതും, മില്ലിന്റെ പ്രവർത്തനം നിർത്തി പന്ത് പുറത്തെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു തൊഴിലാളികൾ പേടിപ്പിച്ചതും, മില്ലിലെ മജീദിനോട് കെഞ്ചിയതും ഒക്കെ മനസ്സിൽ ഇന്നും നിൽക്കുന്നുണ്ട്. കാൽപ്പന്തു കളിയിലും പന്തടക്കത്തിലും പറയാൻ മാത്രം കഴിവുകൾ ഒന്നുമില്ലെങ്കിലും, സഹപാഠിയായിരുന്ന ബ്ലൂ ഹൗസ് ക്യാപ്റ്റൻ ഷാഫിയെ സ്വാധീനിച്ചു ഫുട്ബോൾ ടീമിൽ എക്സ്ട്രാ പ്ലെയർ ആയി കടലാസിൽ കയറിക്കൂടി കളിക്കാതെ പുറത്തു നിന്ന് ‘റണ്ണേഴ്‌സ് അപ്’ സർട്ടിഫിക്കറ്റ് കൈക്കലാക്കിയത് കളി കാണാനുള്ള ആവേശം നിമിത്തം മാത്രമായിരുന്നു. ഇരുപതു വർഷങ്ങൾക്ക് ശേഷം ഷാഫിയെ കണ്ടു മുട്ടിയപ്പോൾ ആദ്യം സൂചിപ്പിച്ചത് അന്നത്തെ ആ പരിഗണനയ്ക്കുള്ള നന്ദി ആയിരുന്നു.

ഹൈസ്കൂളിലൊക്കെ പഠിക്കാൻ തുടങ്ങിയപ്പോൾ ഇടയ്ക്ക് മൊറയൂരിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ ഗാലറിയുള്ള സെവൻസ് ഫുട്ബോളിനായി ബസ്സു കയറും. രണ്ടു രൂപ ടിക്കറ്റ് കൊണ്ട് ഗോൾ പോസ്റ്റിന്റെ പുറക് വശത്തു നിന്ന് കൊണ്ട് കളി കാണാം. ഗാലറിക്ക് മൂന്ന് രൂപയും കസേരക്ക് അഞ്ചു രൂപയുമായിരുന്നു എന്നാണ് ഓർമ്മ. അങ്ങനെ ഒരിക്കൽ രണ്ടു രൂപയുടെ സ്ഥലത്തു നിന്നും ഗാലറിയിലേക്കു ചാടിക്കയറി അവിടെ നിന്നും കസേരയിലേക്ക് നൂഴ്ന്നു കയറി, ഫുട്ബോളിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന ആവേശക്കാരനായിരുന്ന മമ്മുണ്ണി ഹാജിയുടെ ഏകദേശം അടുത്ത് ഇരിപ്പുറപ്പിച്ചു. തന്റെ ജീവിത പ്രതിസന്ധികൾക്കിടയിലും എല്ലാം മറന്ന് കളിക്കാർക്ക് ഗ്രൗണ്ടിനടുത്ത് വെച്ചും ഇടയ്ക്കു ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയും ഒക്കെ ആവേശത്തിൻറെ അങ്ങേയറ്റത്തിന്റെ പ്രകടനങ്ങൾ ആയിരുന്നു മമ്മുണ്ണി ഹാജി കാഴ്ച വെച്ചിരുന്നത്. അദ്ദേഹത്തിനടുത്തിരിക്കുമ്പോഴാണ് ഒരു ഷോട്ട് വന്നു മുഖത്ത് ശക്തമായി പതിച്ചത്. ആ ഷോട്ട് മുഖത്ത് പതിച്ചപ്പോൾ വേദനയല്ല അനുഭവപ്പെട്ടത്‌ , മറിച്ചു തലയാകെ തരിച്ചു പോവുകയാണ് ചെയ്‌തത്‌. അതിനു ശേഷം കളിയിലെന്നല്ല, ജീവിതത്തിൽ തന്നെ അർഹതയില്ലാത്ത സീറ്റിനായി ചാടിപ്പോവാൻ ശ്രമിച്ചിട്ടേയില്ല!

ഉമ്മയുടെ ചില്ലറപ്പെട്ടിയും സ്കൂളിലേക്കുള്ള സി.ടി.പൈസയും മാത്രം ബജറ്റ് ആയ അക്കാലത്തു രണ്ടു രൂപ സ്ഥിരമായി സംഘടിപ്പിക്കുക എന്നത് തന്നെ ശ്രമകരമായിരുന്നു. മാത്രവുമല്ല, അടുത്തുള്ള ഗ്രൗണ്ടിലേയ്ക്ക് മാത്രം പരിമിതമായിരുന്നു വീട്ടിൽ നിന്നും പുറത്തു പോകാനുള്ള അനുമതി. ആ അനുമതിയുടെ പരിധി, രണ്ടു കിലോമീറ്റർ അപ്പുറമുള്ള പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് സ്വയം തന്നെയാണ് നീട്ടിയിരുന്നതും. തിരക്കിൽ ടിക്കറ്റ് മുറിക്കപ്പെടാതെ രക്ഷപ്പെട്ടാൽ തൊട്ടടുത്ത ദിവസവും ഉപയോഗിക്കാമല്ലോ എന്ന് കരുതിയിരിക്കുമ്പോൾ ആണ് സംഘാടകർ സ്കെച്ച് പേന കൊണ്ട് നടുവിൽ ഒരു വര വരയ്ക്കുന്ന ഏർപ്പാട് തുടങ്ങിയത്. പിന്നെ  അവർ വരയ്ക്കുന്ന നിറം വരച്ച് അതിനെ മറികടക്കാൻ സ്കെച്ച് പേനയുടെ കൂടുമായി തന്നെ പോവേണ്ടിയും വന്നു എന്നത് മറ്റൊരു രഹസ്യം. വീട്ടിൽ നിന്നുള്ള അനുമതിയുടെ ദൂര-സമയ പരിധികൾ കാരണം പത്തു കിലോമീറ്റർ അപ്പുറമുള്ള കൊണ്ടോട്ടിയിലെ സെവൻസ് ഫുട്ബാളിന് അധികമൊന്നും പോവാൻ പറ്റിയിട്ടേ ഇല്ലായിരുന്നു. എങ്കിലും ആവേശകരമായ വാചകങ്ങൾ അനൗൺസ്‌മെന്റ് ജീപ്പിൽ നിന്നും കേൾക്കുമ്പോൾ ബാക്കിയൊന്നും ചിന്തിക്കാതെ ഇടയ്ക്കെങ്കിലും കൊണ്ടോട്ടിയിലേയ്ക്ക് ബസ് കയറാറുമുണ്ടായിരുന്നു.favas t.k,football,world cup, memories

വിവാഹം കഴിഞ്ഞ ഉടനെ ഉൾഗ്രാമത്തിലുള്ള പ്രിയതമയുടെ ബന്ധു വീട്ടിൽ പോയപ്പോൾ ആണ് ആ ‘വലിയ കുട’ ശ്രദ്ധയിൽ പെട്ടത്. അങ്ങനത്തെ കേബിൾ ചാനൽ അഡിക്ഷനോ സിനിമാ ഭ്രാന്തോ ഒന്നുമില്ലാത്ത മലപ്പുറത്തെ ഒരു ശരാശരി കുടുംബത്തിൽ എങ്ങനെ ഈ ‘കുട’ വന്നു ചേർന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനുത്തരം എത്തിച്ചേർന്നത് കുടുംബത്തിലെ കാരണവരുടെ ലോകകപ്പ് ഫുട്ബോൾ ഭ്രമത്തിലേയ്ക്ക് ആയിരുന്നു. അരീക്കോട്ടെ തെരട്ടമ്മലിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പോയപ്പോഴാണ് ഒരിക്കൽ അവിടത്തെ ഏകദേശം അറുപത് വയസ്സുള്ള കുടുംബനാഥൻ ഫുട്ബോൾ ഗാലറി പൊളിഞ്ഞു വീണതിൽ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചു പറഞ്ഞത്. തെരട്ടമ്മലിലൂടെ പോവുമ്പോഴൊക്കെ മിക്കവാറും ആ വലിയ രണ്ടു ഗ്രൗണ്ടുകളിലും ചെറു ഗ്രൗണ്ടുകളികളിലുമൊക്കെ ചെറുതും വലുതുമായ കളിക്കാരെ കാണാതിരിക്കാറില്ല.

വീട്ടിലടക്കം പലയിടത്തും ടി.വി. ഉണ്ടായിരുന്നിട്ടും രാത്രികാല ലോകകപ്പ് ഫുട്ബോൾ കാഴ്ചയുടെ കേന്ദ്രം ഹുസ്സൈനിക്കയുടെ വീട് തന്നെ ആയിരുന്നു. ഓരോ കളി കാണാനും ചുരുങ്ങിയത് പത്തു നാല്പതു പേരെങ്കിലും അവിടെയുണ്ടാകും . നീരസത്തിന്റെ ഒരു ലാഞ്ചന പോലും കാണിക്കാതെ, എത്രയാൾ കൂടുതൽ വന്നാലും സ്നേഹം മാത്രം ഒഴുക്കിയിരുന്ന ഹുസൈനിക്കയെക്കുറിച്ചുള്ള ഓർമ്മകൾ ഫുട്ബോൾ കാലത്തു വീണ്ടും വീണ്ടും തേട്ടി വരികയാണ്! കറകളഞ്ഞ കോൺഗ്രസ്സുകാരനായിരുന്ന അദ്ദേഹത്തിന്റെ വീട്ടിൽ എല്ലാ പാർട്ടിക്കാരും ജാതി-മത ഭേദമന്യേ കളി കാണാനായി അവിടെ ഒത്തുചേരും. അൽപ്പം രാഷ്ട്രീയം, പിന്നെ കുറച്ചു നാട്ടു വർത്തമാനങ്ങൾ, പിന്നെ അതിരുകളില്ലാതെ ഫുട്ബോൾ വിശേഷങ്ങൾ എല്ലാം ചർച്ചകളിൽ കടന്നു വരും.

അന്ന് പല സ്ഥലനാമങ്ങളും പരിചിതമാവുന്നതു പോലും സെവൻസ് ഫുട്ബോളിന്റെ ടീമുകളുടെ പേര് കേട്ടിട്ടായിരുന്നു. ഉച്ചാരക്കടവ് എന്ന സ്ഥലം അങ്ങനെ പണ്ടേ കേട്ട് പരിചയം ഉണ്ടെങ്കിലും, പുരക്കാരെ പെണ്ണ് കാണിക്കാനുള്ള പോക്കിനിടയിലാണ് പിന്നെ ആ സ്ഥലം നേരിൽ കാണാനാവുന്നത്!

മാവൂരിലെ സെവൻസ് ഫുട്ബോളിന്റെ ഗാലറിയിൽ നിന്നും കിഡ്‌നി-കാൻസർ രോഗികൾക്കായി പല ദിവസങ്ങളിലായി എടുത്തിരുന്ന പിരിവിന്റെ വിജയത്തെക്കുറിച്ച് അവിടത്തെ ഒരു പാലിയേറ്റിവ് പ്രവർത്തകൻ സൂചിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസം മാത്രമായിരുന്നു. ഫുട്ബാൾ ലഹരിക്കിടയിലും മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇവിടത്തെ ആളുകൾ തുനിയുന്നു എന്നത് സന്തോഷകരമാണ്. എന്തിന്, ഒരു പകൽ മുഴുവൻ കളയേണ്ടിയിരുന്ന ക്രിക്കറ്റ് ലഹരി മക്കളുടെ തലയിൽ കയറുമ്പോൾ ഒരു മണിക്കൂർ മാത്രം വേണ്ട ഫുട്ബാളിലേക്കു അവരെ ഉപദേശിക്കുന്ന രക്ഷിതാക്കളെ വരെ കാണാൻ കഴിഞ്ഞിട്ടുമുണ്ട്.favas t.k,football,world cup, memories

കാസർഗോഡ് നിന്നും കോഴിക്കോട്ടേക്കും അവിടെ നിന്ന് എൻ.ഐ.ടി യിലേക്കുമുള്ള ഈ ലോകകപ്പ് കാലത്തെ പതിവ് ട്രെയിൻ-ബസ് യാത്രകൾക്കിടെ ആരെങ്കിലുമൊക്കെ വേഗതയുള്ള ഇന്റർനെറ്റ് ഉപയോഗിച്ച് ഫോണിൽ കളി കാണുമ്പോൾ തൊട്ടടുത്തുള്ള ആളുകൾ കൂടെ കൂടിച്ചേർന്നു എത്തിനോക്കുന്നതും തികച്ചും അപരിചിതമായവർ പോലും പരസ്പരം നടത്തുന്ന വിലയിരുത്തലുകളും വിശകലനങ്ങളും പ്രവചനങ്ങളും ഒക്കെ, യാത്രയിൽ പകുതിയലധികം ആളുകളും ഇയർ ഫോണും വെച്ച് ഫോണിൽ മാത്രം നോക്കി ചുറ്റും എന്ത് നടക്കുന്നു എന്നുപോലും അറിയാതെ കുത്തിയിരിക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ കൺകുളിർമയുള്ള കാഴ്ച തന്നെയാണ്. സോഷ്യൽ മീഡിയായിൽ പരസ്പരം സ്പർദ്ധ ഉളവാക്കുന്ന പോർവിളികൾ ഇക്കാലയളവിൽ കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. അതിനു പകരം ‘അര’ പോലുള്ള രസകരമായ പ്രയോഗങ്ങൾ ആണ് ഇടം പിടിച്ചത്. അർജന്റീന പുറത്തുപോയപ്പോൾ ഇനി പരപ്പനങ്ങാടിയിലെ യൂത്ത് ലീഗും ഡിഫിയുമൊന്നും നിർജീവമായിപ്പോവല്ലേ എന്ന് വിരുദ്ധരായ അവിടത്തെ രണ്ടു യുവ രാഷ്ട്രീയക്കാരെ ടാഗ് ചെയ്തു എതിർ ഫാനുകാരൻ ഫേസ്ബുക്കിൽ ട്രോളിയത് ഈയിടെ ശ്രദ്ധയിൽ പെട്ടിരുന്നു. പാർട്ടികൾക്കതീതമായ സൗഹൃദങ്ങൾ കളിയുടെ പേരിൽ, ടീമിന്റെ പേരിൽ നിലവിൽ വന്നു എന്ന് ചുരുക്കം. സൗദി അറേബ്യയും ബ്രസീലും ഏറ്റുമുട്ടിയാൽ മലപ്പുറത്തുകാർ ആരെ പിന്തുണക്കും എന്ന് സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫൗളുകളിച്ചവർക്ക് ‘ചുവപ്പ് കാർഡ്’ കാണിക്കാനും മലയാളി തയ്യാറായി.

അതേ, കാൽപ്പന്തുകളി ഒരു നാടിന് എല്ലാവിധ സംഘട്ടനങ്ങളിൽ നിന്നുമുള്ള മോചനത്തിന്റേതായിരുന്നു. മാത്രവുമല്ല, പല വിധ പ്രശ്നങ്ങൾ അനുഭവിക്കുന്ന നാട്ടുകാർക്കും കളിക്കാർക്കും മാനസിക സംഘർഷങ്ങളിൽ നിന്നുമുള്ള ഒരു പരിഹാരം കൂടിയായിരുന്നു ഈ കാൽപന്തുകളികൾ. സ്നേഹത്തിന്റെയും, സൗഹാർദത്തിന്റെയും, മാനവികതയുടെയും ഒക്കെ വിളനിലങ്ങൾ കൂടിയായിരുന്നു കളിക്കളങ്ങളും, നേരിട്ടോ ടിവിയിലോ ഉള്ള കളി കാണാനുള്ള ആ ഒത്തു കൂടലുകളും! സാമൂഹിക മാധ്യമങ്ങളുടെ ഇക്കാലത്തും അത് അങ്ങനെ തന്നെ നാം നില നിർത്തേണ്ടിയിരിക്കുന്നു. ഇഷ്ട ടീം പുറത്തു പോവുമ്പോഴേക്ക് വിലയേറിയ ജീവൻ വലിച്ചെറിയുന്ന കാഴ്ച കേരളത്തിലും കണ്ടു തുടങ്ങുന്നു എന്നത് വേദനാജനകമാണ്. കളിയെ കളിയായി തന്നെ കാണണമെന്നും കൂടെ അടിവരയിടേണ്ടിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ