ഒരുപാട് സ്ത്രീകൾ ഫുട്ബോൾ കാണുന്നത് ഭർത്താവിനോടുള്ള സ്നേഹം കൊണ്ടാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് വീടും കൂടും വിട്ടിറങ്ങുന്ന എന്റെ ഭർത്താവ് വൈകിട്ട് ട്രാഫിക്കിന്റെ പൊല്ലാപ്പ് എല്ലാം കഴിഞ്ഞു തിരിച്ചെത്തുമ്പോൾ വൈകിട്ട് ഏഴു മണി ആകും. എന്റെ ജോലി ലണ്ടനിൽ ആയത് കൊണ്ട് യാത്ര Underground ട്യൂബിലും ട്രെയിനിലും ആണ്. ഞാനും തിരിച്ചെത്തുമ്പോഴേക്കും ഏകദേശം അത്ര തന്നെ താമസിക്കും. ഏഴു മണിക്കാണ് ( ലണ്ടൻ സമയമാണേ! ഇന്ത്യൻ സമയം അർധരാത്രി ) അവസാന മാച്ച് തുടങ്ങുന്നത്. അതുകൊണ്ട് വന്ന ഉടനെ അമർന്നിരുന്നു ഫുട്ബോൾ കാണാൻ തുടങ്ങും ഭർത്താവ്.  ഇങ്ങനെ ഉള്ള ഒരു ഭർത്താവിന്റെ കൂടെ കുറച്ചു സമയം ചെലവഴിക്കാൻ വേറെ എന്ത് വഴി?

കൂടെ അമർന്നു ഇരുന്നു കളി കാണുക, അത് തന്നെ!

കല്യാണത്തിന് മുമ്പുള്ള സായംസന്ധ്യകൾ ഓർമ വന്നു. എന്റെ ഉമ്മാമയും സഹായത്തിന് വീട്ടിൽ നിൽക്കുന്ന ജയയും നാരായണിഅമ്മയും ഒരുമിച്ച് മലയാള സീരിയൽ കാണാൻ ഇരിക്കുമായിരുന്നു. സീരിയൽ ഒട്ടും ഇഷ്ടമല്ലാത്ത ഞാൻ ഇവരുടെ കൂട്ടിനു വേണ്ടിയും ഇവർ തമ്മിലുള്ള കളി തമാശകൾ കേൾക്കാനും കൂടെ ഇരിക്കും.

ഉമ്മാമ സീരിയൽ നടിയുടെ ജാരസന്തതിയെ കുറിച്ച് വേവലാതി പെടും.

” എന്നാലും ഇവൾ ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ ”

ചെവി ഒട്ടും കേൾക്കാത്ത നാരായണി അമ്മ പറയും ” അപ്പറഞ്ഞതു നേരാ. നല്ല സാരി ”

ഇതു കേട്ട് ജയ പൊട്ടിച്ചിരിക്കും.

ഇതെല്ലാം കണ്ടും കേട്ടും കണ്ണിൽ ഹൃദയം നിറച്ചു ഞാനും.

അങ്ങനെ കുറെക്കാലം ഉമ്മാമയുടെ കൂട്ട് കിട്ടാൻ സീരിയൽ കണ്ട ഞാൻ ഇപ്പോൾ ഭർത്താവിന്റെ സാമീപ്യത്തിന് വേണ്ടി ഫുട്ബോൾ കാണുന്നു.

ഫുട്ബോളിന്റെ കൂടെ കെട്ടു പിണഞ്ഞു കുറച്ചു ജീവിതങ്ങളും കണ്ടു. റോമിലോ ലുക്കാകുവിന്റെ കഥ വായിച്ചു കണ്ണും മനസ്സും നിറഞ്ഞു. റൊണാൾഡീഞ്ഞോ രണ്ടു പെണ്ണ് കെട്ടാൻ പോകുന്നത് കേട്ടു അതിശയിച്ചു. റൊണാൾഡോ Tattoo ചെയ്യാത്തത് രക്തം ദാനം ചെയ്യാൻ വേണ്ടി ആണെന്ന് അറിഞ്ഞു ആനന്ദിച്ചു .football,world cup, memories,dr.jabin jalaludheen

അർജന്റീനയുടെ തോൽവി അർജന്റീനയെക്കാൾ കേരളത്തിനെ ബാധിച്ചു.അതിനു കാരണം മെസ്സിയുടെ പിടിപ്പുകേടാണ് എന്നാണ് മാന്യ ബ്രസീൽ ഫാൻസിന്റെ അഭിപ്രായം. അല്ലേ അല്ല, മിശിഹാ മെസ്സിക്ക് വേണ്ടത്ര പിന്തുണ കിട്ടാത്തതാണ് എന്ന് മറ്റൊരു വശം

നെയ്മറിന് ഗോൾഡൻ ബൂട്ട് കിട്ടിയില്ലെങ്കിലും അഭിനയത്തിനുള്ള ഓസ്കാർ തീർച്ചയായും കിട്ടും എന്നാണ് പൊതുജനാഭിപ്രായം.

ജർമ്മനി പുറത്തായത് ലോകത്തെ ഞെട്ടിച്ചു. ഇംഗ്ലണ്ടിനെ ഒഴിച്ച്. ബ്രിട്ടീഷ്‌ മാധ്യമങ്ങളും ജനതയും ജർമനിയുടെ തോൽവി ആഘോഷിച്ചു. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഇംഗ്ലണ്ടും ജർമനിയും തമ്മിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അത്ര തന്നെ വീറും വാശിയും നില നിൽകുന്നുണ്ട്.

ക്രൊയേഷ്യ എന്ന നുറുങ് രാജ്യം വമ്പന്മാരെ കീഴടക്കി ക്വാർട്ടർ ഫൈനലിൽ എത്തി.

അപ്രതീക്ഷിതമായ വിജയങ്ങളുടെയും ഞെട്ടിപ്പിക്കുന്ന പരാജയങ്ങളുടെയും ഋതുഭേദങ്ങളുമായി രണ്ടാഴ്ച്ച കഴിഞ്ഞു. ഇനിയും ഉണ്ട് രണ്ടാഴ്ച.

ഓഫ്‌ സൈഡ് സ്വായത്തം ആക്കണം എന്ന ദൃഢനിശ്ചയത്തോടെ കഴിഞ്ഞ ദിവസം ഇറാൻ സ്പെയിൻ ഫുട്ബോൾ മാച്ച് കാണാൻ ഇരുന്നു. കുറെ നേരം കണ്ടു ഗോൾ ഒന്നും കാണാഞ്ഞപ്പോൾ ആ തക്കത്തിന് അടുപ്പത്തു വെച്ചിരിക്കുന്ന പരിപ്പ് വെന്തോ എന്നു നോക്കാൻ പോയി. നല്ലവണ്ണം വെന്തിരിക്കുന്നു. വെന്ത പരിപ്പിനെ സുന്ദരി ആക്കാൻ കുറച്ചു കടുകും കറിവേപ്പിലയും ഇട്ടു. ഒരു പെൺകുട്ടിയെ പൊട്ടും കൺമഷിയും ഇട്ടു സുന്ദരി ആക്കുന്നത് പോലെ കറി കടുകും കറിവേപ്പിലയും വറവ് ഇട്ടു സുന്ദരി ആക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്.

ആ സൗന്ദര്യത്തിൽ ലയിച്ചു, മണം ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും മക്കൾ വിളിക്കുന്നു, പാൽ വേണം എന്നു പറഞ്ഞു. പാൽ കുടിച്ചു കഴിഞ്ഞപ്പോഴേക്കും അവർക്ക് കഥ പറഞ്ഞു കൊടുക്കണം എന്നായി ഇതെല്ലാം കഴിഞ്ഞു ടിവി ക്കു മുന്നിൽ സ്ഥാനം പിടിച്ചപ്പോഴേക്കും എന്താ കഥ?

ഇറാൻ ഗോൾ അടിച്ചു!
ഞാൻ പോയ തക്കം നോക്കി!

സാധാരണ ഗോൾ അല്ല, ഓഫ്‌സൈഡ് ഗോൾ! ഓഫ്‌ സൈഡ് എന്താണ് എന്നു പഠിക്കാനുള്ള ഒരു സുവർണാവസരം കൂടി എനിക്ക് നഷ്ടപ്പെട്ടു. ഈ വേൾഡ് കപ്പിൽ ഇനി നടക്കും എന്നു തോന്നുന്നില്ല. ഖത്തർ 2022 ആണ് അടുത്ത ചാൻസ്.

അപ്പോഴേക്കും എന്റെ ഭർത്താവിനെ ചില കാര്യങ്ങൾ ഏൽപ്പിക്കാനുണ്ട്. നേരത്തെ വീട്ടിൽ വരുക, കുട്ടികളുടെ കാര്യം നോക്കുക, എല്ലാ ദിവസവും ഭക്ഷണം പുറത്തു നിന്നു കൊണ്ട് വരിക ഇത്യാദി. എന്നിട്ട് വേണം എനിക്കു ഒന്ന് അമർന്നിരുന്നു കളി കണ്ട് ഓഫ്‌സൈഡ് എന്താണെന്ന് പഠിക്കാൻ!football,world cup, memories,dr.jabin jalaludheen

ആകെ മൊത്തം ലോകമഹാപന്തുത്സവം ഒരു രസം ഒക്കെ ഉണ്ടെങ്കിലും ചില നേരത്ത് അകത്തു ഉറങ്ങി കിടക്കുന്ന ‘ഫെമിനിച്ചി’ (അവൾക്ക് ഞാൻ ഇട്ട പേര് ഫെമിന പാത്തു) തല പൊക്കും.

പൂർണമായും മനസിലാകാത്ത ഈ കളി ഇഷ്ടം ആണ് എന്ന് വരുത്തി തീർക്കണോ ഭർത്താവിന് വേണ്ടി?

ഒരു കണക്കിന് ഞാൻ അവളെ (ഫെമിന പാത്തുവിനെ) പറഞ്ഞു സമാധാനിപ്പിക്കും. “എന്റെ പാത്തൂ, നീ ഒന്ന് അടങ്ങു. നൂറു കൊല്ലം മുമ്പാണെങ്കിൽ കണവൻ മരിച്ചാൽ ചിതയിൽ ചാടി കരിയേണ്ടി വന്നേനെ. പതിമ്മൂന്ന് വയസ്സ് മുതൽ നാൽപ്പത്തിമൂന്നു വയസ്സ് വരെ നിർത്താതെ പ്രസവിക്കേണ്ടി വന്നേനെ. മാപ്പിള, നാല് കെട്ടുന്നത് കണ്ടു രോഷം അടക്കി ജീവിക്കേണ്ടി വന്നേനെ.

എങ്ങാനും മാപ്പിള നാല് കെട്ടിയാൽ ബാക്കി മൂന്ന് ഭാര്യമാരെ കൊണ്ട് ഞാൻ എന്ത് ചെയ്യും? ഇന്നത്തെ കാലം ആണെങ്കിൽ ലുഡോ കളിക്കാം, റമ്മി കളിക്കാം. അന്ന് അതൊന്നും ഇല്ലല്ലോ. ഭർത്താവിനെ കാണാൻ എന്റെ നാലാം ഊഴത്തിനായി കാത്തിരിക്കണ്ടേ ?

ഇപ്പൊ കളി കാണുമ്പോൾ അടുത്തിരുന്നു ഗോൾ, സേവ് എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞാൽ മതിയല്ലോ? ഇടയ്കിടയ്ക്കു കൈയ്യടിക്കുക, ദീന രോദനങ്ങൾ പുറപ്പെടുവിക്കുക, പെനാൽറ്റി ബോക്സിൽ ഫൗൾ ആയിട്ടു പെനാൽറ്റി കൊടുക്കാത്ത റഫറിയെ ഘോരമായി ഭത്സിക്കുക, സ്‌ട്രൈക്കർക്ക് പന്തെത്തിക്കാതെ തട്ടിക്കളിക്കുന്ന മിഡ്‌ ഫീൽഡറോട് കയർക്കുക, വാനിൽ പറന്നു സേവ് ചെയ്ത ഗോൾ കീപ്പറെ വാനോളം പുകഴ്തുക, ഇത്യാദി താരതമ്യേന എളുപ്പമുള്ള കർമങ്ങൾ. നാലാം ഊഴത്തിനു കാത്തിരിക്കേണ്ട, എട്ടാമത്തെ പ്രസവത്തിൽ മരിക്കേണ്ട, ചിതയിൽ ഭസ്മം ആയി ഒടുങ്ങേണ്ട, എന്തൊരു സുന്ദര സുരഭിലമായ ജീവിതം !

യൂ ഹാവ് കം എ ലോങ്ങ്‌ വേ പാത്തു, യൂ ഹാവ് കം എ ലോങ്ങ്‌ വേ! ”
 കഴിഞ്ഞ രണ്ടായിരം വർഷത്തെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക നിലവാരവും ജീവിത പരിതസ്ഥിതിയും പരിശോധിച്ചാൽ ഈ കഴിഞ്ഞ നൂറു വർഷങ്ങൾ ഒരു വൻ കുതിപ്പിന്റെ, മുന്നേറ്റത്തിന്റെ കാലം തന്നെ എന്ന കാര്യത്തിൽ സംശയം ഇല്ല  (ഈ കാര്യത്തിൽ  ഫെമിന പാത്തു എന്നോട്  യോജിക്കുന്നു . അവളുടെ  സമ്മതം  കിട്ടാനാണ്  ഏറ്റവും വലിയ ബുദ്ധിമുട്ട്)
ആയതിനാൽ,  ഈ സ്ത്രീ ഫുട്ബോളിനെ സ്നേഹിക്കാൻ തീരുമാനിച്ചു.നിരുപാധികം.

അടിക്കുറിപ്പ് :

ഈ ഫുട്ബോൾ ഒന്ന് കഴിയട്ടെ, എന്റെ ഭർത്താവിന്റെ ‘ദുരന്ത’ങ്ങളുടെ തിരശീല വീണ്ടും ഉയരും. പഴയ മലയാള സിനിമകളും, സംഗീതവും, ഹാസ്യവുമായി എന്റെ സ്വീകരണമുറി പഴയ പ്രസരിപ്പും ചുറുചുറുക്കും വീണ്ടെടുക്കും. എന്റെ പ്രിയപ്പെട്ട നടന്മാരെയും നടിമാരെയും കാണാതെ ഉള്ള ഒരു മാസത്തെ നോമ്പ് കാലം കഴിഞ്ഞുള്ള നോമ്പ് തുറ ഈ ‘ഫെമിന പാത്തു’ വേണ്ടുവോളം ആഘോഷിക്കും!

കൂടുന്നോ?

Read More: FIFA World Cup 2018: അർജന്റീനയും കൈച്ചുതാത്തയും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ