“ചുഴലിക്കാറ്റിന്റെ നടുവിൽ
നിൽക്കുന്ന വൃക്ഷത്തിന്റെ പ്രൗഢിയോടെ
നീ വിവസ്ത്രയാകുന്നു.
ശിലകളിൽ നിന്ന് കുതിച്ചു ചാടിയൊഴുകുന്ന
ജലം പോലെ
നീ നിന്റെ ശരീരങ്ങളുപേക്ഷിക്കുന്നു.
സ്വപ്നാടനം ചെയ്യുന്ന കാറ്റിന്‍റെ
ചുവടുവെയ്പോടെ,
കിടക്കയിലേയ്ക്ക് സ്വയം വലിച്ചെറിഞ്ഞ്
അടഞ്ഞ കണ്ണുകളോടെ
നീ നിന്റെ പുരാതനനഗ്നതയന്വേഷിക്കുന്നു.

ഒരു തിര പോലെ അന്ധമായി
ഞാൻ നിന്നിലേക്ക് നിപതിക്കുന്നു.
പുനർജനിച്ച ഒരു തിരപോലെ
നിന്റെ ശരീരം എന്നെ താങ്ങിനിർത്തുന്നു.
പുറത്ത്കാറ്റുവീശുന്നു;കാറ്റ് ജലംസംഭരിക്കുന്നു
വനമെല്ലാംഒരേയൊരുമരമാകുന്നു.

(ഇന്ന്; എപ്പോഴും ഇന്ന്)
നീസംസാരിക്കുന്നു (എത്രയോ മഴയൊച്ചകൾകേൾക്കുന്നു)
എനിക്കറിയില്ല നീ പറയുന്നതെന്തെന്ന്(മഞ്ഞനിറമുള്ള ഒരു കൈ നമ്മെ പിടികൂടുന്നു)
നീ നിശ്ചലയാകുന്നു (എത്രയോപക്ഷികൾ ജനിക്കുന്നു)
എനിക്കറിയില്ല നാമെവിടെയെന്ന് (കടുംചുവപ്പുനിറമുള്ള ഗർത്തം നമ്മെ വലയംചെയ്യുന്നു)
നീ ചിരിക്കുന്നു (നദിയുടെ പാദങ്ങളെ ഇലകൾ മൂടിയിരിക്കുന്നു)
എനിക്കറിയില്ലനാമെവിടേയ്ക്കാണ് പോകുന്നതെന്ന് (രാവിൻ നടുവിൽ നാളെ ഇന്നായിരിക്കുന്നു)”

മെക്ലിക്കൻ മഹാകവി ഒക്താവ്യോപാസ്   (Octavio Paz)  പ്രണയത്തെയും രതിയെയും കുറിച്ചെഴുതിയതാണിത്.

അതിൽ യുക്തിയില്ല; ‘യുക്തിഭംഗങ്ങളേയുള്ളൂ. അതിന്റെ കാരണമന്വേഷിക്കരുത്; അതു നിങ്ങളെ എവിടെയുമെത്തിക്കുകയില്ല. ആകാശം പോലെ അതിന് മറുവാക്കില്ല.

പ്രണയം എപ്പോഴും ഒരു പെണ്ണിനോടോ ആണിനോടോ ആവണമെന്നില്ല. ലോകപ്രശസ്ത ആർജന്റൈൻ സാഹിത്യകാരനയായ ഹൂലിയോകൊർത്താസാർ (Julio Cortázar)  തന്റെ പ്രണയ കവിതകളിൽ അഭിസംബോധന ചെയ്യുന്നത് പലപ്പോഴും ഒരു സ്ത്രീയെയല്ല; ഫ്രാൻസിൽ രാഷ്ട്രീയാഭയാർത്ഥിയായി കഴിയേണ്ടി വന്ന അദ്ദേഹത്തിന് ജന്മദേശത്തോടുള്ള ആസക്തിയാണ് ‘Save Twilight’ എന്ന സമാഹാരത്തിലെ കവിതകളിൽ പ്രണയത്തിന്റെ ചിത്രങ്ങളാകുന്നത്.jayakrishnan

മറ്റൊരു പ്രണയത്തിൽ ഇപ്പോൾ ലോകം ആഴ്ന്നുപോയിരിക്കുന്നു. കാൽപ്പന്തുകളിയോടുള്ള പ്രണയം. ഇരുടീമുകളും കളിക്കളത്തിലേയ്ക്ക് കടന്നു വരുന്നതു മുതൽ അവസാന വിസിൽ വരെ നീളുന്ന ഒന്നല്ല അത്.  പലർക്കും കാൽപന്തുകളി പ്രണയത്തേക്കാൾ ആഴമുറ്റതാണെന്ന് തെളിയിക്കാൻ ബ്രസീലിന്റെ ദിദി (Waldyr Pereira) എന്ന ഇതിഹാസതുല്യനായ കളിക്കാരനെ ഉദാഹരണമാക്കുകയാണ് എദ്വാർദോ ഗലിയാനോ (Eduardo Galeano) അദ്ദേഹത്തിന്റെ ‘Football in Sun and Shadow’ എന്ന പുസ്തകത്തിൽ.

ആരാണീ ദിദി?

1958ലെ ലോകകപ്പിൽ ഏറ്റവും നല്ല പ്ലേമേക്കറായിപത്രമാധ്യമങ്ങൾ തെരഞ്ഞെടുത്തത് ദിദിയെയായിരുന്നു. ബ്രസിലിയൻ ടീമിന്റെ കേന്ദ്രമായിരുന്നു അദ്ദേഹം. ചടച്ച ശരീരവും നീണ്ട കഴുത്തുമായി ഒരു ആഫ്രിക്കൻ ദൈവ വിഗ്രഹം പോലെ അദേഹം മൈതാനമധ്യം ഭരിച്ചു. അവിടെ നിന്ന് പന്തുകളെ വിഷം തേച്ച അമ്പുകൾ പോലെ അദ്ദേഹം എതിരാളികളുടെ നേർക്ക് തൊടുത്തുവിട്ടു.

പാസുകൾ കൊടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ദിദി. അദ്ദേഹം പെലെയ്ക്കും ഗരീഞ്ചയ്ക്കും വവായ്ക്കും നീട്ടിക്കൊടുത്ത പന്തുകൾ ഗോൾ സാധ്യതകളെ ഗോളുകളാക്കിത്തന്നെ മാറ്റി. സ്വന്തമായും അദ്ദേഹം ഗോളുകൾ നേടി. ദൂരെനിന്ന് ‘കരിയില’ (Folha Seca) കിക്കുകളിലൂടെ അദ്ദേഹം ഗോളിയെ വിഡ്ഢിയാക്കുമായിരുന്നു. പന്തിന്മേൽ ദിദി കാൽകൊണ്ട് വരയ്ക്കുന്ന രൂപരേഖക്കനുസരിച്ച് അത് ഭൂമിയിൽ നിന്ന് കറങ്ങിയുയർന്ന്, കറങ്ങിക്കൊണ്ടു തന്നെ പറന്ന്, ഒരു കരിയില പോലെ ദിശ മാറ്റി, ഗോളി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തായി ഗോൾ പോസ്റ്റുകൾക്കിടയിൽ ഊർന്നിറങ്ങി.

ദിദി ധൃതി വെയ്ക്കാതെ കളിച്ചു. പന്തിനെ ചൂണ്ടി അദ്ദേഹം പറയുമായിരുന്നു: ”ഓടുന്നത് അവളാണ്.”

അവൾക്ക് ജീവനുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹമവളെ പ്രണയിച്ചു. ഇതാണാ പ്രണയവാങ്മൂലം:

“എനിക്കവളെ ഒരുപാടൊരുപാടിഷ്ടമാണ്. സ്നേഹത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അവളൊരിക്കലും നിങ്ങളെ അനുസരിക്കില്ല. ചിലപ്പോളവൾ അകന്നുപോകും. അപ്പോൾ ഞാനവളോട് പറയും: ‘ഇവിടെ വരൂ, കുഞ്ഞേ.’ എന്നിട്ട് അവളെ ഒപ്പം കൂട്ടും. അവളുടെ ശരീരത്തിലെ തിണർപ്പുകളും മറുകുകളും നിങ്ങൾ ശ്രദ്ധിക്കണം.സ്വന്തം ഭാര്യയോടുളളത്രയും പ്രണയം എനിക്കവളോടുണ്ട്. തീയാണവൾ. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അവൾ നിങ്ങളുടെ കാലൊടിച്ചുകളയും. ഞാനെന്റെ കൂട്ടുകാരോട് പറയാറുണ്ട്: ‘അവളോട് കുറച്ചുകൂടി ബഹുമാനം കാണിക്കൂ കുട്ടികളേ. സ്നേഹത്തോടെ പെരുമാറേണ്ട ഒരു പെൺകുട്ടിയാണവൾ…’ നിങ്ങൾ അവളെ തൊടുന്ന സ്ഥാനത്തിനനുസരിച്ച് അവൾ നിങ്ങളുടെ വിധി നിർണ്ണയിക്കും!”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook