scorecardresearch
Latest News

Fifa World Cup 2018 : കാല്‍പ്പന്തല്ല, തീപ്പന്ത്

“ഗോളുകള്‍ കാണുമ്പോഴുള്ള എന്റെയുള്ളിലെ ആര്‍പ്പുവിളികള്‍ ശരിക്കും എന്റേതല്ല, മറിച്ച് അത് അന്ന് തീയിലേക്കിട്ട പന്തിന്റെ ഉയര്‍ത്തിയെഴുന്നേല്‍പ്പുകളാണ്.” യുവ കഥാകൃത്തിന്റെ ഫുട്ബോൾ ഓർമ്മകൾ

ajijesh pachat,football,memories

ഇപ്പോഴും ഫുട്‌ബോള്‍ കൈയ്യിലെടുക്കുമ്പോള്‍ വല്ലാത്ത സങ്കടമാണ്. പുതിയതാണെങ്കില്‍ ഞാനതിനെ മുഖത്തോട് ചേര്‍ത്ത് കുറേ നേരം വാസനിക്കും. അപ്പോഴൊക്കെയും ആ പഴയ പന്തിന്റെ ഓര്‍മ്മകള്‍ ഇടിയും വെട്ടി പെയ്തങ്ങ് പോകും മനസ്സിലൂടെ…

പന്ത് സ്വന്തമായി വാങ്ങാനുള്ള പൈസയൊന്നും സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. ആവശ്യങ്ങള്‍ പറയാന്‍ വരുമാനമുള്ള ഒരേയൊരാള് അച്ഛനാണ്. തേഞ്ഞ് മടമ്പിന്റെ ഭാഗം മാങ്ങണ്ടി പോലെയായ ചെരുപ്പ്, ബ്ലേഡ് കൊണ്ട് വൃത്തിയില്‍ നീളം കുറച്ച് അരിഞ്ഞ് ഇട്ടുകൊണ്ടു സ്‌ക്കൂളില്‍ പോയ ചരിത്രമുണ്ട് എനിക്ക്. അങ്ങനെ മുറിച്ച് ചെത്തുമ്പോള്‍ വലുപ്പം കുറയും. മടമ്പിന്റെ കുറച്ച് ഭാഗം പിന്നെ പുറത്താണ് കുറേക്കാലം. അതായത് ഇടാനുള്ള ചെരുപ്പ് പോലും മുറയ്ക്ക് വാങ്ങിതരുന്ന അച്ഛനായിരുന്നില്ല എന്ന് സാരം. അതൊരിക്കലും കഴിവുകേടു കൊണ്ടായിരുന്നില്ല, വാങ്ങിത്തരില്ല അത്രന്നെ. കാരണങ്ങള്‍ നൂറാണ്. ചെരുപ്പിട്ട് ഉരച്ച് നടന്നിട്ടാണ് വേഗം തേയുന്നതെന്ന് പറയും, ചെരുപ്പിട്ട് പന്ത് കളിച്ചിട്ടാണ് വാറ് പൊട്ടുന്നതെന്ന് കണ്ണുരുട്ടും. പോരാത്തതിന് കുന്നി പിടിച്ചുള്ള തിരുമ്മലും കിട്ടും. അങ്ങനെയാണ് ചെരുപ്പറിയാതെ ചെരുപ്പിടുന്ന വിദ്യ പഠിക്കുന്നത്. ചെരുപ്പിടല്‍ ഇന്നും അങ്ങനെയാണ്. അതുകൊണ്ടിപ്പോഴും ചെരുപ്പ് നല്ലവണ്ണം ഈടു നില്‍ക്കും. അന്നൊക്കെ എത്രയോ തവണ മറ്റുള്ളവര്‍ ഒഴിവാക്കിയ ചെരുപ്പുകള്‍ തിരഞ്ഞ് അരീച്ചാല് തോറും നടന്നിട്ടുണ്ട്, എന്റെ വാറു പൊട്ടിയ ചെരുപ്പിനിടാന്‍. കുറച്ചു മുമ്പ് കോഴിക്കോട് പോയപ്പോള്‍ അബിന്‍ ജോസഫിന്റെ ചെരുപ്പ് കണ്ട് ഞാന്‍ മനസ്സില്‍ കുറേ ചിരിച്ചു. ഒന്നുമല്ല, അന്നവന്‍ ഇട്ട ചെരുപ്പിന്റെ വാറിന് രണ്ട് നിറമായിരുന്നു. പിന്നീടാണ് അത് ഒരു ട്രന്റാണെന്ന് മനസ്സിലായത്. ഞങ്ങളന്ന് ട്രന്റുകളെ കുറിച്ച് കുറേ സംസാരിക്കുകയും ചെയ്തു. ചിരിച്ചത് വേറൊന്നുംകൊണ്ടായിരുന്നില്ല, ആ ട്രന്റ് ഞാനെത്രയോ വര്‍ഷങ്ങള്‍ മുമ്പ് ഉപയോഗിച്ചതാണല്ലോ എന്ന വേദനയുള്ള ചാരിതാര്‍ത്ഥ്യം കൊണ്ടായിരുന്നു. അങ്ങനെയുള്ള ഒരുത്തന്‍ അക്കാലത്ത് ഒരു ഫുട്‌ബോളിനെ ആഗ്രഹിച്ചു എന്നതിലുള്ള വ്യാകരണപ്പിശക് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും പറഞ്ഞത്. ആയൊരുത്തന്‍ ചെരുപ്പ് ആഗ്രഹിക്കാന്‍ പാടില്ല, നല്ലൊരുകൂട്ട് ഡ്രസ്സ് ആഗ്രഹിക്കാന്‍ പാടില്ല, സ്‌ക്കൂള്‍ ബാഗോ പുതിയ തരം പേനകളോ ആഗ്രഹിക്കാന്‍ പാടില്ല. എന്നിട്ടല്ലേ ഫുട്‌ബോള്! പക്ഷേ, പൂതിയല്ലേ… മുളച്ചുകഴിഞ്ഞാല്‍ അത് നമ്മളോടൊന്നും ചോദിക്കാതെ പെട്ടെന്നങ്ങട്ട് വളര്‍ന്ന് പന്തലിക്കും.

ഞങ്ങളെ പോലുള്ളവര്‍ക്ക് അന്ന് യഥാര്‍ത്ഥ ഫുട്‌ബോള്‍ കൊണ്ടുള്ള കളി എന്നൊക്കെ പറയുന്നത് വീണുകിട്ടുന്ന ഒരു കാഴ്ച മാത്രമായിരുന്നു. ഫുട്‌ബോള്‍ കാലുകൊണ്ട് അടിക്കാനുള്ള പൂതി മൂത്ത് സ്‌ക്കൂളിലേക്ക് അനവധി തവണ നേരം വെളുക്കുന്നതിന് മുമ്പ് പോയിട്ടുണ്ട്. കോഴിപ്പുറം സ്‌കൂള്‍ ഗ്രൗണ്ടില്‍ അക്കാലത്ത് വലിയ ആളുകള്‍ രാവിലെ മുതല്‍ കളിക്കാനിറങ്ങും. സ്‌കൂള്‍ തുടങ്ങാനാവുമ്പോഴേക്കും അവര്‍ നിര്‍ത്തി പോകുകയും ചെയ്യും. പുസ്തകം ക്ലാസ്സില്‍ കൊണ്ടുവച്ച് ഏതെങ്കിലും ഒരു തലയ്ക്കലുള്ള ഗോളിപോസ്റ്റിന്റെ ഭാഗത്ത് പോയി തമ്പടിക്കും. അങ്ങനെ നില്‍ക്കുന്നവര്‍ വേറെയുമുണ്ടായിരിക്കും. കളിക്കാര്‍ തട്ടുന്നത് വലയിലേക്കാവരുതേ എന്നാണ് പ്രാര്‍ത്ഥിക്കുക. അവരുടെ അടി പുറത്തേക്കാണെങ്കില്‍ ഞങ്ങളുടെ ഊഴമാണ്. നന്നായി ഓടാനറിയുന്നവന് പന്ത് കിട്ടും. കിട്ടിയ പന്ത് കുറച്ച് മുകളിലേക്കിട്ട് കാലുകൊണ്ട് അവര്‍ക്ക് ഊക്കില്‍ അടിച്ചുകൊടുക്കും. ലോകകപ്പ് കിട്ടിയ സന്തോഷമാണ് അപ്പോള്‍. അതു കൂടാതെ ആഴ്ചയിലൊരിക്കല്‍ പി.ടി മാഷ് റേഷന്‍ വിഹിതം പോലെ തരുന്ന ഫുട്‌ബോളും കൂടിയാവുമ്പോള്‍ ശരിക്കുള്ള ഫുട്‌ബോള്‍ കൊണ്ടുള്ള കളിയുടെ ക്വാട്ട തീരും.ajijesh pachat,football,memories

പക്ഷേ, ഞങ്ങളുടെ ശരിക്കുള്ള ഫുട്‌ബോള്‍കളി സത്യത്തില്‍ അതൊന്നുമായിരുന്നില്ല. എല്ലാ ദിവസവും ഉച്ചക്കഞ്ഞി കുടിച്ചു കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ പന്തുകൊണ്ടുള്ള മറ്റൊരു മാമാങ്കമുണ്ട്. ആ ഉച്ചനേരം സ്‌ക്കൂള്‍ മൈതാനം ശരിക്കുമൊരു ഉല്‍സവപറമ്പാണ്. എല്ലായിടത്തും കെട്ടുപന്തുകൊണ്ട് കളിക്കുന്ന ചെറിയ ചെറിയ തുരുത്തുകള്‍. ആര്‍പ്പുവിളികള്‍, ഗോളിനെച്ചൊല്ലിയും ഫൗളിനെച്ചൊല്ലിയുമൊക്കെയുള്ള പിടിവലികള്‍. ഗോള്‍ പോസ്റ്റായി വല്ല കല്ലോ അപ്പക്കോലോ ഒക്കെയാണ് വയ്ക്കുക. അതിലൊക്കെ തട്ടി ഗോളാവുമ്പോഴുള്ള വാക്ക് തര്‍ക്കങ്ങള്‍ പിന്നെ പറയേണ്ടതില്ലല്ലോ. പന്ത് കെട്ടുന്നത് ഒരു കലയാണ്. അലി കട്ടയൊക്കെ വച്ച് നന്നായി പന്ത് കെട്ടും. അവന്റെയടുത്ത് നിന്നാണ് ഞാന്‍ പന്ത് കെട്ടുന്നത് പഠിച്ചത്. കെട്ടിയ പന്ത് വല്ലാത്ത രസമാണ് കണാന്‍. കടലാസും വെയ്സ്റ്റും ഒക്കെ കൂടി കട്ടിയുള്ള പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണ് പന്ത് കെട്ടുക. കനം കിട്ടാനായി ഏറ്റവും ഉള്ളില്‍ ചെറിയൊരു കല്ലും കൂടെ കൂട്ടി പൊതിയും. കെട്ടാനുള്ള ചാക്കുനൂല്‍ കിട്ടാനാണ് പണി. അന്നൊക്കെ അരി പ്ലാസ്റ്റിക്ക് ചാക്കിലല്ല, ചാക്ക് നൂല് കൊണ്ട് ഉണ്ടാക്കിയ ചാക്കിലാണ് ഉണ്ടാവുക. പന്ത് കെട്ടാനുള്ള ചാക്കുനൂല്‍ കിട്ടാന്‍ റേഷന്‍ ഷാപ്പില്‍ പോണം. ചാക്കിന്റെ കഴുത്ത് തുന്നിയ ചാക്കുനൂല്‍ നല്ല കട്ടിയുണ്ടായിരിക്കും. റേഷന്‍ ഷാപ്പിലെ തൂക്കികൊടുപ്പുകാരനോട് കൈയ്യും കാലും പിടിച്ച് ചാക്കുനൂല്‍ തരപ്പെടുത്തും. അതുകൊണ്ടുവന്ന് വീട്ടുകാര്‍ കാണാതെ നട്ടാപ്പാതിരായ്ക്കാണ് പന്ത് കെട്ടുക. കെട്ടിക്കഴിഞ്ഞാല്‍ പിറ്റേന്ന് അതിരാവിലെ കവറിലാക്കി പോകുന്ന വഴിയിലെ കാട്ടില്‍ കൊണ്ടുപോയി ഒളിപ്പിച്ചുവയ്ക്കും. അതും കൊണ്ടുപോയിട്ടാണ് ഉച്ചക്കളി.

സ്‌കൂള്‍ വിട്ട് കണ്ട അപ്പയോടും കുറുന്തോട്ടിയോടും വര്‍ത്തമാനം പറഞ്ഞും, കുപ്പികൊണ്ടും പാട്ട കൊണ്ടും ഫുട്‌ബോള്‍ തട്ടിയും വരുന്ന അങ്ങനെയുള്ള കാലത്തെ ഒരു ദിവസത്തിലാണ് ആ ഫുട്‌ബോള്‍ വീണു കിട്ടുന്നത്. അതൊരിക്കലും നല്ല പന്തായിരുന്നില്ല. അരീച്ചാലില്‍ ചളി പിടിച്ച് ചണ്ടി നിറഞ്ഞ് തുന്നുകളൊക്കെ വിട്ട് വാ തുറന്ന് കിടക്കുന്ന ഒരു പഴയ പന്ത്. അതെടുത്ത് വീട്ടില്‍ കൊണ്ടുവന്ന് ചോറുപോലും തിന്നാതെ അമ്മ കാണാതെ സോപ്പുപൊടിയും മുസുവാക്കും ഇട്ട് നന്നായി കഴുകി. ഭാഗ്യത്തിന് അതില്‍ ബ്ലാഡര്‍ ഉണ്ടായിരുന്നു. പക്ഷേ, വലിയ ഒരു പൊട്ടലുണ്ട് എന്നുമാത്രം. എന്തായാലും ഒരുപാട് സമയം വച്ച് ഉരച്ചു കഴുകിയപ്പോള്‍ അതിന് ചന്തമുള്ളൊരു നിറമൊക്കെ വന്നു. വട്ടത്തില്‍ വീത് വെള്ളം കുറേ പോക്കി. പിന്നെ ആരും കാണാതെ കട്ടിലിനടിയില്‍ കൊണ്ടുപോയി വച്ചു. അന്നത്തെ ചിന്ത മുഴുവന്‍ അത് പഞ്ചറടക്കുന്നതിനെ കുറിച്ചും തുന്നുന്നതിനെ കുറിച്ചുമായിരുന്നു.

പുറമേ നിന്നും പഞ്ചറടക്കണമെങ്കില്‍ പൈസ വേണം, അതേതായാലും നടക്കില്ല. എന്തായാലും പിറ്റേന്ന് ആരും എളുപ്പത്തില്‍ എത്തിപ്പെടാത്ത വെയില് വരുന്ന ഒരിടത്ത് വച്ച് സ്‌കൂളില്‍ പോയി. വൈകുന്നേരം സ്‌കൂള്‍ വിട്ട് നേരെ അങ്ങാടിയിലേക്ക് പാഞ്ഞു. കാസിമിന്റെ പീടികയില്‍ നിന്നും സൈക്കിള്‍ട്യൂബിന്റെ ഒരു കഷണം ഒപ്പിച്ച് തിരിച്ച് വീട്ടിലേക്കും പാഞ്ഞു. വന്നപ്പോഴേക്കും പന്ത് ഉണങ്ങിയിരുന്നു. ട്യൂബിന്റെ ഒരു കഷണം അച്ഛന്റെ മീശകത്രികയെടുത്ത് വെട്ടി ബ്ലാഡറിലെ പഞ്ചറിന് പാകത്തിലാക്കി. ഇനി വേണ്ടത് ‘സുലൂസനാണ്.’ അന്ന് ‘സുലൂസന്‍’ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഗ്യാസുള്ള ചുവന്ന പശ കൊണ്ടാണ് പഞ്ചറടയ്ക്കുക. ഒരു പ്രത്യേക മണമാണ് അതിന്. കൈയ്യിലായാല്‍ വല്ലാത്ത തണുപ്പാണ്. ‘സുലൂസന്‍’ കൈവശമുള്ള ആള്‍ അയല്‍വാസിയായ കുഞ്ഞോനാണ്. അവന്‍ അന്നേ ചെറിയൊരു മെക്കാനിക്ക് ആണ്. പന്തും കൊണ്ട് നേരെ അവന്റെയടുത്തേക്ക് വച്ചുപിടിച്ചു. അവന്‍ ട്യൂബിന്റെ കഷണത്തില്‍ കുറച്ച് സുലൂസന്‍ കടം തന്നു. ട്യൂബിന്‍ കഷണത്തില്‍ ‘സുലൂസന്‍’ പരത്തി ഒരു ഊത്ത് ഊതി ഞാന്‍ പഞ്ചറടച്ചു. ഊതിയൊട്ടിച്ചാലേ പഞ്ചറടയുകയുള്ളൂ. സംഗതി പകുതി വിജയിച്ചു. പിന്നെയുള്ളത് തുന്നലാണ്. പിറ്റേന്ന് സ്‌ക്കൂളില്‍ പോയി വരുമ്പോള്‍ വലിയൊരു സൂചി വാങ്ങിച്ചു. പന്ത് തുന്നുന്ന സൂചി വില കൊണ്ട് താങ്ങൂല. യൂസഫാക്കയുടെ പീടികയില്‍ നിന്നും അരിച്ചാക്ക് തുന്നിവരുന്ന കട്ടിയുള്ള നൂലും ഒപ്പിച്ചു. അന്ന് നട്ടാപ്പാതിരായ്ക്കിരുന്ന് ആരും കാണാതെ പന്ത് തുന്നി. പിറ്റേന്ന് ലോകം കീഴടക്കിയ സന്തോഷത്തിലാണ് സ്‌ക്കൂളില്‍ പോയത്. കെട്ടുപന്തുകൊണ്ടുള്ള കളി നില്‍ക്കാന്‍ പോകുന്നു. പന്തിന്റെ ഉടമ എന്ന പേരിലുള്ള സകല പരിഗണനകളും കിട്ടാന്‍ പോകുന്നു. വയസ്സന്റെ പീടികയില്‍ നിന്നും പന്തില്‍ കാറ്റടിച്ച ശേഷമുള്ള രണ്ടുമൂന്ന് ദിവസങ്ങള്‍ ഉല്‍സവമായിരുന്നു ഞങ്ങള്‍ക്ക്. എന്നും പന്ത് കവറിലിട്ട് കൊണ്ടുപോകും, തിരികെ കൊണ്ടുവന്ന് ആരും കാണാതെ വിറകുപുരയില്‍ പൂഴ്ത്തും. പിന്നീടുള്ള ദിവസങ്ങളില്‍ മനസ്സറിഞ്ഞ കളിയുടെ മാമാങ്കമായിരുന്നു. സ്‌ക്കൂളില്‍ പോകുന്നത് തന്നെ കളിക്കാനാണെന്നുള്ള അവസ്ഥയിലെത്തി കാര്യങ്ങള്‍.ajijesh pachat,football,memories

അതിനിടയിലൊരു ഞായറാഴ്ച വന്നു. അവിടെയാണ് പിഴച്ചത്. കുറേ കാലം കൂടുമ്പോള്‍ തൊടിയും വിറകുപുരയുമൊക്കെ അരിച്ചുപെറുക്കി പ്ലാസ്റ്റിക്ക് വേയ്സ്റ്റുകളും ചണ്ടികൂടാരങ്ങളും സ്വരൂപിച്ച് ഒരു സ്ഥലത്തിട്ട് കത്തിക്കുന്ന സ്വഭാവമുണ്ടായിരുന്നു അച്ഛന്.

‘അതൊന്നും ചെയ്യണ്ട, അതൊന്നും ചെയ്യണ്ട’ എന്ന് അമ്മ ഉറക്കെ വിളിച്ചുപറയുന്നത് കേട്ടാണ് ഞാന്‍ പിന്നാമ്പുറത്തേക്ക് ചെന്നത്. അപ്പോഴേക്കും അച്ഛന്‍ എന്റെ പന്തില്‍ രണ്ട് കൊത്ത് കൊത്തിക്കഴിഞ്ഞിരുന്നു. ഞാന്‍ ചൊല്ലുമ്പോള്‍ കാണുന്നത് പിച്ചിച്ചീന്തപ്പെട്ടതുപോലുള്ള എന്റെ പന്ത്, കത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ കൂട്ടത്തിലേക്കിടുന്നതാണ്.

തലയ്ക്ക് അടി കിട്ടിയ പോലെ തരിച്ചുപോയി ഞാന്‍!

ഒന്നും പറയാന്‍ പറ്റില്ല, പറഞ്ഞാല്‍ അടി ഉറപ്പാണ്.

തീ കെടുത്താന്‍ ചെന്ന അമ്മയ്ക്ക് നേരെ അച്ഛന്‍ കൈയ്യോങ്ങി.
“കണ്ട പ്ലാസ്റ്റിക്കും അതുമിതും കൊണ്ടിടാനാണെങ്കില്‍ സ്വന്തമായി അഞ്ച് സെന്റ് ഭൂമി വാങ്ങിക്കോളി എല്ലാരുംകൂടി. എന്റെ പറമ്പില് നടക്കൂല.”അതോടെ അമ്മയും പിന്‍വാങ്ങി.

മുനിഞ്ഞുകത്തുന്ന പ്ലാസ്റ്റിക്കുകള്‍ക്കിടയില്‍ കിടന്ന് അന്ന് ഉരുകിയത് പന്തായിരുന്നില്ല. ആറാംക്ലാസ്സുകാരന്റെ ചങ്കായിരുന്നു. പന്ത് കത്തി തീരുന്നതുവരെ കരഞ്ഞു. കാല്‍പന്ത് എന്താണെന്ന് മലബാറിലെ ഓരോ ചെറിയ കുട്ടിക്കും അറിയാം. അതാരും പഠിപ്പിച്ചുകൊടുക്കണ്ട, കണ്ടും കളിച്ചുമൊക്കെ അലിഞ്ഞുചേരുന്നതാണ്. അച്ഛനും എത്രയോ തവണ ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയതിന് അച്ഛച്ചന്റെ അടുത്ത് നിന്നും തല്ല് വാങ്ങിയിട്ടുണ്ട്. ആ കഥ അച്ഛമ്മ പറഞ്ഞു അറിയുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തിനാണ് അച്ഛന്‍ ആ പണി ചെയ്തതെന്ന് ഇന്നും ചോദിച്ചിട്ടില്ല. അതിന് ശേഷം ഫുട്‌ബോള്‍ എനിക്ക് വേദന കൂടിയാണ്. പിന്നെ ഫുട്‌ബോള്‍ കാണുമ്പോള്‍ സങ്കടമായിരുന്നു. അതോടെ കുറേക്കാലത്തേക്ക് ഫുട്‌ബോള്‍ കളിയുടെ ഭ്രാന്ത് തെല്ല് കുറയുകയും ചെയ്തു. എന്നുകരുതി കാല്‍പന്തുകളിയോടുള്ള പ്രണയം അറ്റിച്ചെറിയാനൊന്നും കഴിയില്ല. ഫുട്‌ബോള്‍ കളി ഇപ്പോഴും ഹരമാണ്.

എനിക്കുറപ്പുണ്ട്, ഇന്ന് കളിക്കുന്ന എല്ലാവരുടേയും കാലുകളില്‍ ഉള്ളത് അന്ന് എന്റെ അച്ഛന്റെ കത്തിക്കലില്‍ കിടന്ന് എരിഞ്ഞ ആ തീപ്പന്താണെന്ന്… കണ്ണുകളെ അത്ഭുതപ്പെടുത്തി അവര്‍ നേടുന്ന ഗോളുകള്‍ കുട്ടികളുടെ സന്തോഷങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത ലോകത്തിലെ എല്ലാ അച്ഛന്മാര്‍ക്കുമുള്ള വേദപുസ്തകമാണെന്ന്.

അതുകൊണ്ടുതന്നെ ഗോളുകള്‍ കാണുമ്പോഴുള്ള എന്റെയുള്ളിലെ ആര്‍പ്പുവിളികള്‍ ശരിക്കും എന്റേതല്ല, മറിച്ച് അത് അന്ന് അച്ഛന്‍ തീയിലേക്കിട്ട പന്തിന്റെ ഉയര്‍ത്തിയെഴുന്നേല്‍പ്പുകളാണ്. അത് നിലയ്ക്കുന്നില്ല. കാരണം കാല്‍പ്പന്തുകളി നടക്കുന്നത് മൈതാനത്തിലല്ല, മിടിക്കുന്ന ഹൃദയങ്ങളിലാണ്.

കുറാ… കുറാ… കുര്‍ ആആആആആ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Fifa world cup 2018 ajesh pachat writer football memories