“ഹൃദയം കൊണ്ട് പന്ത് തട്ടുന്നവർ, ഹൃദയം കൊണ്ട് കളി കാണുന്നവർ.” ഫുട്ബോൾ എന്നാൽ, മലബാറിന് പ്രത്യേകിച്ച്, കോഴിക്കോട്ടുകാർക്ക് ഒരു വെറും കളിയോ, കലയോ, ഭ്രാന്തോ മാത്രമായിരുന്നില്ല, കോഴിക്കോടിന്റെ സ്വന്തം ആത്മാവ് തന്നെയായിരുന്നു ഫുട്ബോൾ.

കളിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ ഫുട്ബോളിനെ അടുത്തറിയാൻ സഹായിച്ചത് 80-കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കാറുണ്ടായിരുന്ന നെഹ്റുകപ്പും, നാഗ്ജിയും, ഫെഡറേഷൻ കപ്പുമൊക്കെ ആയിരുന്നു. ഡെൻമാർക്ക്, ബൾഗേറിയ എന്നീ രാജ്യങ്ങളെ കുറിച്ചെല്ലാം കേട്ടത് തന്നെ നിറഞ്ഞ ആരവങ്ങളോടെയുള്ള ഈ സ്റ്റേഡിയത്തിൽ വച്ച് തന്നെയായിരുന്നു. മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ്, സാൽഗോക്കർ ഗോവ, ചർച്ചിൽ ബ്രദേഴ്സ്, കേരള പോലീസ്, JCT മിൽസ് എന്നീ ടീമുകളെയൊക്കെ എന്റെ തലമുറ ഇപ്പോഴും ഓർക്കുന്നു.

മൊഹമ്മദൻസിന്റെ ചീമാ ഒകേരിയും, സാൽഗോക്കറിന്റെ ബ്രൂണോ കൂടീഞ്ഞോയും, കേരള പോലീസിന്റെ ചാക്കോയും, ഐഎം വിജയനും അന്നത്തെ ഹരമായിരുന്നു.

fifa under 17 world cup, sevens, kozhikode, malabar foot ball,

കോച്ചിങ് ക്യാപുകളെ കൊണ്ട് സമൃദ്ധമായിരുന്നു കോഴിക്കോട്. 92-ൽ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും, ഫറോക്ക് കോളേജ് ഗ്രൗണ്ടിലുമായി വിക്ടർ മഞ്ഞിലയുടെ ( മുൻ ഇന്ത്യൻ ഗോൾകീപ്പർ ) നേതൃത്വത്തിൽ നടന്ന ഒരു ക്യാംപിൽ പങ്കെടുത്തിരുന്നു. തുടക്കക്കാർ എന്ന നിലയിൽ കളി കാണുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചായിരുന്നു ആദ്യം തന്നെ അദ്ദേഹം പറഞ്ഞ് തന്നത്. ബോളും കാലുകളും മാത്രം ശ്രദ്ധിക്കാനും, എങ്ങനെ ബോൾ സ്റ്റോപ്പ് ചെയ്യുന്നു, എങ്ങനെ പാസ് കൊടുക്കുന്നു, എതിരാളികളെ കബളിപ്പിച്ച് എങ്ങനെ ഡ്രിബിൾ ചെയ്യുന്നു, ഏങ്ങനെ ഷൂട്ട് ചെയ്യുന്നു, എങ്ങനെ പെനാൽറ്റി കിക്ക് എടുക്കുന്നു എന്നെല്ലാം കണ്ട് ഹൃദ്യസ്തമാക്കാൻ അദ്ദേഹം നിർബന്ധിച്ചിരുന്നു. ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിൽ ആ ക്യാമ്പ്  വളരെ ഗുണം ചെയ്തു. പിന്നീട്, കളികൾ കാണുന്ന രീതിയെതന്നെ അത് മാറ്റിമറിച്ചു.

Read More: ദേശസ്നേഹം ഗോളടിക്കുമ്പോൾ

ആദ്യമായി ഒരു സെവൻസ് ഫുട്ബോൾ ടൂർണ്ണമന്റ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു, വെള്ളിമാട്കുന്നിലെ ഫ്ലെമിംഗോ എന്ന ക്ലബിന് വേണ്ടി (അണ്ടർ പതിനഞ്ച്). നാട്ടിലെ വയലുകളിൽ കൂട്ടുകാരുടെ കൂടെ കളിച്ച് നടന്ന് ഒടുക്കം ഒരു ടൂർണ്ണമന്റ് കളിക്കാൻ അവസരം ലഭിച്ചപ്പോഴാണ്‌ ആദ്യമായി ഒരു പക്വതാ ബോധം വന്നത്.

football, c raghavan, ffotball player, ksrtc, fifa world cup,

സി. രാഘവൻ (മുൻ ഫുട്ബോൾ കളിക്കാരൻ)

ബൂട്ട് കെട്ടിയിരിക്കുമ്പോൾ ആദ്യം മനസ്സിൽ വന്നത് സ്വന്തം അച്ഛനെ തന്നെയായിരുന്നു.
ഫുട്ബോളിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞ് തന്നത് അച്ഛൻ തന്നെയായിരുന്നു. കോഴിക്കോട്ടെ അറിയപ്പെടുന്ന ഫുട്ബോളറാണ് അച്ഛൻ, സി.രാഘവൻ. കോഴിക്കോടിനും, കോഴിക്കോട്ടെ പ്രമുഖ ക്ലബുകളായിരുന്ന ബ്രില്യൻറ് സ്പോർട്ട്സ് ക്ലബ്, ബ്രീസ് വെള്ളയിൽ, ബ്രൗൺ ഷൂട്ടേഴ്സ്, ഇൻഡിപെൻസെൻസ്, യംങ്ങ് ചാലഞ്ചേഴ്സിന്റെ ജഴ്‌സികൾ അദ്ദേഹം അണിഞ്ഞിരുന്നു. സേഠ് നാഗ്ജി കാലിക്കറ്റ്, ചക്കോള ട്രോഫി തൃശൂർ, കെ.എഫ്.എ.ഫീൽഡ് കൊല്ലം, പരീക്കുട്ടി ട്രോഫി കൊച്ചി, ജി.വി.രാജ തരുവനന്തപുരം, അണ്ണാ ട്രോഫി പോണ്ടിച്ചേരി, ഇൻവിറ്റേഷൻ ട്രോഫി മധുര, സ്റ്റാഫേഡ് കപ്പ് ബാംഗ്ലൂർ എന്നീ പ്രശസ്തമായ ടൂർണ്ണമെൻറുകളിലും പല തവണ കളിച്ചിട്ടുണ്ട്. ഒളിമ്പ്യൻ റഹ്മാനിക്ക, ഒളിമ്പ്യൻ ബാലകൃഷ്ണൻ സാർ, സൈമൺ സുന്ദർരാജ്, ഷണ്മുഖം എന്നിവരൊക്കെ നടത്തിയ കോച്ചിങ് ക്യാംപുകളാണ് ഫുട്ബോളർ എന്ന നിലയിൽ തന്നെ ഉയർത്തിയതെന്ന് അച്ഛൻ ഇപ്പോഴും പറയാറുണ്ട്. പിന്നീട് KSRTC ടീമിൽ അംഗമാവുകയും, അവിടെ നിന്ന് തന്നെ വിരമിക്കുകയും ചെയ്തു.

Read More: ഹൃദയം കൊണ്ട് കളിച്ച കാൽപന്തിന്രെ കാലവിശേഷം

അച്ഛന് ഫുട്ബോളിനോടുള്ള ഈ ആരാധന തന്നെയാണ് എന്റെ പേരിനും നിദാനം. ഇന്ത്യൻ ടീം, മോഹൻ ബഗാൻ എന്നിങ്ങനെ ഒരുകാലത്ത് ഗ്രൗണ്ടിലെ നക്ഷത്ര തിളക്കമായിരുന്ന മനാസ് ഭട്ടാചാര്യയാണ് എന്രെ പേരിന്റെ പിന്നലെ താരം.  അച്ഛൻ,  ജോലിയുടെ  തിരക്കുകൾക്കിടയിൽ  പോലും വർഷാവർഷങ്ങളിൽ കോഴിക്കോട് വെള്ളിമാട്‌കുന്ന്  കേന്ദ്രീകരിച്ച് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ നടത്താറുണ്ടായിരുന്നു. വിരമിച്ച ശേഷം കുട്ടികൾക്കായി കോച്ചിങ് ക്യാംപും ടൂർണ്ണമൻറുകളും ഇപ്പോഴും നടത്തി വരുന്നു.
സ്കൂളിലും, പിന്നീട് കണ്ണൂർ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിക്കുമ്പോൾ കോളേജ് ടീമിലും കളിക്കാൻ സഹായിച്ചത് ഈ ഒരു പിതൃത്വം തന്നെയായിരുന്നു.

football, fifa under 17 world cup, c. raghavan, football player,

തിരുവനന്തപുരത്തെ തോൽപ്പിച്ച ഗോൾ രാഘവൻ അടിച്ചതിനെ കുറിച്ച് അന്ന് വന്ന വാർത്ത

ലെവൻസ് ഫുട്ബോളിനേക്കാൾ കോഴിക്കോട് ആവേശത്തോടെ കണ്ടത് സെവൻസിനെയായിരുന്നു. ഇപ്പോൾ ഫൈവ്സിനും, ഫോർസിനും വഴിമാറിയെങ്കിലും, ഫുട്ബോളിന്റെ ഒരു കാലഘട്ടം തന്നെ സെവൻസ് ഫുട്ബോൾ കീഴടക്കിയിരുന്നു. ഒരുപക്ഷേ, സൗന്ദര്യംകൊണ്ടും, വേഗത കൊണ്ടും, കാണികളുടെ ആവേശം കൊണ്ടും, ലെവൻസിലേക്കാൾ ജനപ്രീതി സെവൻസ് ഫുട്ബോൾ കൈവശം വച്ചിരുന്നു. സ്വന്തം നെഞ്ചിൽ പന്ത് തട്ടാനും, കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും മകരക്കൊയ്ത്ത് കഴിയാൻ പാടങ്ങൾ കാത്തുനിന്നിരുന്നു. ബൂട്ടണിഞ്ഞ്, തലമുതിർന്ന ആൾ അനുഗ്രഹിച്ച് തന്ന ജഴ്‌സിയും വിശ്വാസവും ഒരേ പോലെ അണിഞ്ഞ്, തൊട്ട് നെറുകയിൽ വെച്ച് ഗ്രൗണ്ടിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഒരു ബോളും, എതിർ പോസ്റ്റും, ഒന്നായിത്തീന്ന ഏഴു ശരീരങ്ങളും മാത്രം. പിന്നീട്‌ ആരാധകരുടെ ആവേശത്തിൽ നിന്ന് ഊർജ്ജമെടുത്ത യുദ്ധമാണ്. യുദ്ധം കഴിഞ്ഞാൽ പതിനാല് പേരും ഒന്നായിതീരും എന്നത് വേറൊരു പ്രത്യേകത. ഗോളടിച്ച ആഹ്ലാദ തിമിർപ്പുകളും, ഗോളിന് കീഴ്പ്പെട്ട നിരാശകളും, ആരാധകരുടെ ആവേശങ്ങളും വളമാക്കിയാവണം അടുത്ത വിത്ത് വിതയ്ക്കാൻ പാടങ്ങൾ തയ്യാറാവുന്നത്. പാടങ്ങൾ വേഗം കൊയ്ത് കഴിയട്ടേ എന്ന് ഓരോ ഫുട്ബോൾ പ്രേമിയും ആശിക്കും..

ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് “ഹിഗ്വിറ്റ” എന്ന കത്രികകട്ടിലൂടെ എൻ.എസ്.മാധവൻ മലയാള സാഹിത്യത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇതോടൊപ്പം തന്നെ ഹിഗ്വിറ്റയിലെ ഈ വാചകം സെവൻസ് ആവേശത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു. “അപ്പോൾ ജബ്ബാറിന്റെ കൈയുയർന്നതും ലൂസി ഒരു ചുവട് പിറകോട്ട് വെച്ചതും തലശ്ശേരിക്കടുത്ത് ഒരു വയലിൽ സെവൻസ് കാണാനെത്തിയവർ “ഗീവറീതേ”, “ഗീവറീതേ” എന്നാർത്തതും ഒരുമിച്ചായിരുന്നു.”

ഭാവിയിൽ ആരായിത്തീരണം എന്ന ചോദ്യത്തിന്, തലയുയർത്തി “എനിക്കൊരു ഫുട്ബോൾ പ്ലെയർ ആകണം” എന്ന് പറഞ്ഞ തലമുറകൾ ഇവിടെ ഉണ്ടായിരുന്നു.
കാലം അതിന്റെ മാറ്റം നാടൻ ഫുട്ബോളിലും കൊണ്ടുവന്നു എന്ന് തന്നെ പറയാം. ഒരു മാസത്തോളം നീണ്ട് നിന്ന ടൂർണ്ണമെന്രുകൾ, ദിവസത്തിന്റെ കാര്യത്തിലും, കളിക്കാരുടെ എണ്ണത്തിലും ശോഷിച്ച് വൺഡേ ഫൈവ്സ് ടൂർണ്ണമെൻറുകളായി മാറി. ഇപ്പോൾ കൂടുതൽ മൊഞ്ചോടെ വൺഡേ ഫ്ലഡ് ലൈറ്റ് ടൂർണ്ണമെന്റുകളായി പരിണമിച്ചു. എന്നിരുന്നാലും, കളിക്കാരുടെയും, കാണികളുടെയും ആവേശത്തിൽ ഒരു കുറവും വന്നിട്ടുമില്ല എന്നതാണ് യാഥാർത്ഥ്യം.

ഇന്ന്, തൃശൂർക്കാരനായ കെ.പി.രാഹുൽ, അണ്ടർ പതിനേഴ് ലോകകപ്പിൽ കളിക്കുകയാണ്. ആ രണ്ട് കാലുകൾ മാത്രമല്ല, മൈതാനത്തിൽ പന്ത് തട്ടുന്നത്. പല തലമുറകളിലായുള്ള ഫുട്ബോൾ കളിക്കാരുടെ സ്വപ്നങ്ങളും, ഫുട്ബോൾ പ്രേമികളുടെ ആവേശവും അജ്ഞാത ശക്തിയായി ആ കാലുകളോടൊപ്പമുണ്ടാകും. കാരണം, രാഹുൽ കളിക്കുന്നത് ഞങ്ങൾക്കും കൂടി വേണ്ടിയാണ്, നിവേറപ്പെടുന്നത്ത് ഞങ്ങളുടെയും സ്വപ്നങ്ങളാണ്.

       ലേഖകൻ, ഡിവിഷൻ ലീഗിൽ കണ്ണൂർ എഞ്ചിനിയറിങ്ങ് കോളേജിന് വേണ്ടി     കളിച്ചിട്ടുണ്ട്. കോഴിക്കോട്  BSNL-ൽ ജൂനിയർ ടെലികോം ഓഫീസറാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ