ഒരു കാലത്ത് ചെടികള്‍ക്ക് ചുറ്റുമുള്ള നിത്യ കാഴ്ചയായിരുന്നു ചിത്രശലഭങ്ങള്‍. ചിറകുകളില്‍ ചിത്രപ്പണികളുള്ള ഭൂമിയിലെ സുന്ദര ജീവികള്‍. നോക്കിയാല്‍ വീണ്ടും വീണ്ടും നോക്കാന്‍ തോന്നുന്ന ഭൂമിയിലെ മനോഹര കാഴ്ചകളിലൊന്ന്. ചിറകുകളില്‍ കണ്ണുകളുള്ള വിവിധ നിറത്തിലുള്ള പൂമ്പാറ്റകള്‍ വര്‍ണങ്ങളുടെ ഒരു മേളമാണ് തീര്‍ക്കുന്നത്. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇമ വെട്ടാതെ നോക്കി നില്‍ക്കാറുണ്ട് ഈ വര്‍ണവിസ്മയങ്ങളെ. പൂക്കളില്‍ നിന്നു പൂക്കളിലേയ്ക്ക് പാറി നടന്ന് തേന്‍ നുകരുന്ന ചിത്രശലഭങ്ങള്‍ ഒരു കാലത്ത് സജീവമായിരുന്നു. എന്നാല്‍ അടുത്തിടെയായി ഈ കൂട്ടരെ കാണാനേയില്ല.

വംശനാശത്തിനടിപ്പെട്ടുവോ എന്ന സംശയം ജനിപ്പിച്ചുകൊണ്ട് പൂമ്പാറ്റകള്‍ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. സ്ഥിരമായി കണ്ടിരുന്ന പലയിനം ശലഭങ്ങളെയും ഇപ്പോള്‍ കാണാനില്ലെന്നു ചിന്നാര്‍, പറമ്പിക്കുളം എന്നിവിടങ്ങളില്‍ നടത്തിയ പിരിയോഡിക്കല്‍ സര്‍വേ ഫലങ്ങള്‍ പറയുന്നു.

വിവിധ തരം പൂമ്പാറ്റകള്‍

Butterflies, Hariharan Subrahmanian Photography

ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ

പൂമ്പാറ്റകളുടെ ഒരു കലവറയാണ് കേരളം. ചെറുതും വലുതുമായി 326 ഇനം ശലഭങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ചിത്രശലഭമായ രത്‌നനീലിയും ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡശലഭവും കാണപ്പെടുന്നത് കേരളത്തിലാണ്. നാട്ടിന്‍പുറങ്ങളിലും വന പ്രദേശങ്ങളിലുമാണ് ശലഭങ്ങള്‍ കൂടുതലായും കാണാറുള്ളത്. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണയായ ഈശ്വര മുല്ലയിലാണ് ഗരുഡ ശലഭം മുട്ടയിടുന്നത്. പകല്‍ കാണുന്ന ശലഭങ്ങള്‍ മാത്രമല്ല രാത്രിസഞ്ചാരികളായ ശലഭങ്ങളും നമുക്കുണ്ട്. ഇവ നിശശലഭങ്ങള്‍ എന്നറിയപ്പെടുന്നു. നിശാശലഭങ്ങള്‍ ഇരിക്കുമ്പോള്‍ ചിറക് വിടര്‍ത്തിയിരിക്കുന്നു. എന്നാല്‍ ചിത്രശലഭങ്ങള്‍ ചിറകുകള്‍ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുകയാണ് ചെയ്യാറുള്ളത്.

ശലഭങ്ങള്‍ അപ്രത്യക്ഷരാവുന്നു
ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുന്ന നാടും നഗരവും പൂമ്പാറ്റകള്‍ക്ക് ജീവിക്കാനുള്ള സാഹചര്യത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നു. പൂമ്പാറ്റകളെ കാണുന്നതിലും അവ ദേശാടനം നടത്തുന്നതിലും കുറവു വന്നിട്ടുണ്ടെന്നു ചിത്രശലഭ നിരീക്ഷകനായ വി.സി. ബാലകൃഷ്ണന്‍ പറയുന്നു. പറമ്പിക്കുളം, ചിന്നാര്‍ മേഖലകളില്‍ നടത്തിയ പഠന പ്രകാരം ചിലയിനം ശലഭങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. ചിത്രശലഭങ്ങള്‍ ദേശാടനം നടത്തുന്നതും കുറഞ്ഞിട്ടുണ്ട്.

Butterfly, Hariharan Subramanian

ചിത്രം:ഹരിഹരൻ സുബ്രഹ്മണ്യൻ

ഓണമായാല്‍ വയനാടന്‍ കാടുകള്‍ വിട്ട് നാട്ടിലേക്കിറങ്ങുന്ന ഡാര്‍ക്ക് ബ്ലൂ ടൈഗര്‍, ബ്ലൂ ടൈഗര്‍, ഗ്ലാസി ടൈഗര്‍ ഇനത്തില്‍പ്പെട്ട ശലഭങ്ങള്‍ എത്തിയിട്ടില്ല. അതുപോലെ നവംബറിന്റെ തുടക്കത്തില്‍ ദേശാടനം നടത്തുന്ന ചില ശലഭങ്ങളെയും കാണാനില്ലെന്നു വി.സി. ബാലകൃഷ്ണന്‍ പറഞ്ഞു. കൂടിവരുന്ന ചൂടും അന്തരീക്ഷ മലിനീകരണവും പൂമ്പാറ്റകളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയുയര്‍ത്തുന്നു. ഈ വര്‍ഷം തുലാമഴയില്‍ വന്ന കുറവും പൂമ്പാറ്റകളെ സാരമായി ബാധിച്ചിട്ടുണ്ട്. പൂമ്പാറ്റകളുടെ പ്രധാന ആഹാരമാണ് ബുഷിലെ പൂന്തേന്‍. എന്നാല്‍ മഴയില്‍ വന്ന കുറവ് ബുഷ് ചെടികള്‍ പൂവിടുന്നതിനെ ബാധിച്ചിട്ടുണ്ട്. അതുപോലെ പുല്‍ച്ചെടികളെ വന്‍തോതില്‍ വെട്ടി നശിപ്പിക്കുന്നതും പൂമ്പാറ്റകളുടെ പ്രജനനത്തെയും ആഹാരത്തെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നഷ്ടപ്പെടുത്തിക്കൂടാ ഈ വര്‍ണ വിസ്മയങ്ങളെ…

Butterffly, Hariharan Subramanian Photography

ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ

കാണുന്നില്ലെന്നു കരുതി അങ്ങനെ വിട്ടുകളയാനാവില്ല ഈ വര്‍ണവിസ്മയങ്ങളെ. ഇവയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന പൂമ്പാറ്റകള്‍ ആവാസ വ്യവസ്ഥയിലെ പ്രധാന കണ്ണികളുമാണ്. പൂമ്പാറ്റയുടെ നാശം ആവാസവ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് നയിക്കും.

പൂമ്പാറ്റകള്‍ക്കായൊരു തോട്ടം…..പൂമ്പാറ്റത്തോട്ടം
പൂമ്പാറ്റകളെ കാണാനില്ലെന്നു പറഞ്ഞ് ആകുലപ്പെടാതെ അവയെ എങ്ങനെ സംരക്ഷിക്കാമെന്നാണു നാമോരുരുത്തരും ചിന്തിക്കേണ്ടത്. കുറച്ചു ശ്രദ്ധയും ക്ഷമയുമുണ്ടെങ്കില്‍ നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും നമുക്ക് പൂമ്പാറ്റകളെ കാണാം. അവയെ ആകര്‍ഷിക്കാനായി കുറച്ചു ചെടികള്‍ നട്ടുവളര്‍ത്തിയാല്‍ മതി. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള മിക്ക സ്‌കൂളിലും കോളജിലും പൂമ്പാറ്റത്തോട്ടങ്ങളുണ്ട്. വലിയൊരളവില്‍ പൂമ്പാറ്റകള്‍ ഇവിടെ വന്നു ചേരാറുമുണ്ട്.

ടെറസിലൊരു പൂമ്പാറ്റത്തോട്ടം
സ്വന്തം വീട്ടിലൊരു പൂമ്പാറ്റത്തോട്ടം വേണമെന്നു തോന്നുന്നുണ്ടോ?. എങ്കില്‍ അതിനും ഇന്നു വഴികളുണ്ട്. പൂമ്പാറ്റകള്‍ക്ക് പറ്റിയ ആവാസ വ്യവസ്ഥ ഒരുക്കിക്കൊണ്ട് വീട്ടിലും പൂമ്പാറ്റത്തോട്ടം ഉണ്ടാക്കാം. ഇതിനു വേണ്ടത് കുറച്ചു സ്ഥലവും അധ്വാനവും മാത്രമാണ്. ‘ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമയില്‍ ടെറസില്‍ കൃഷി ചെയ്ത നിരുപമ രാജീവിനെ ഓര്‍ക്കുന്നില്ലേ?. പച്ചക്കറി മാത്രമല്ല പൂമ്പാറ്റകളെയും വളര്‍ത്താം ടെറസില്‍. അവയ്ക്ക് ജീവിക്കാനാവശ്യമായ സസ്യങ്ങള്‍ വളര്‍ത്തിയാല്‍ മതി.

എങ്ങനെ ഒരുക്കാം പൂമ്പാറ്റത്തോട്ടം
വളരെ ചുരുങ്ങിയ ചെലവില്‍ ഒരുക്കാവുന്നതാണ് പൂമ്പാറ്റത്തോട്ടങ്ങള്‍. ആദ്യം ഇതിനായി ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന ഒരു സ്ഥലം കണ്ടെത്തുക. അതിനു മുന്‍പു പ്രദേശത്ത് കാണപ്പെടുന്ന പ്രധാന ശലഭങ്ങള്‍ ഏതൊക്കെയെന്നു കണ്ടെത്തുന്നത് നന്നായിരിക്കും. ശേഷം പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ചെടികള്‍ നട്ടുവളര്‍ത്തുക. പൂക്കളുടെ മണവും നിറവും അവ കൂടുതലുള്ളതും പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുലകളായി നില്‍ക്കുന്ന പുഷ്പങ്ങള്‍ പൂമ്പാറ്റകള്‍ക്ക് തേനിന്റെ കലവറയാണ് തുറക്കുന്നത്. ഇത്തരത്തില്‍ ആഹാരം കിട്ടുന്ന സാഹചര്യങ്ങളൊരുക്കിയാല്‍ ശലഭങ്ങള്‍ താനേ പൂമ്പാറ്റത്തോട്ടങ്ങളിലെത്തിക്കോളും.

Hariharan Subramaniyan Photography

ഹരിഹരൻ സുബ്രഹ്മണ്യൻ ഫോട്ടോഗ്രാഫി

ചെടികള്‍ തിരഞ്ഞെടുക്കുന്നതില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ നല്ല ഭംഗിയുള്ള പൂമ്പാറ്റത്തോട്ടമൊരുക്കാം. പൂക്കുലയുള്ള, ഒരു പാട് തേന്‍ തരുന്ന ചെടികളാണ് പൂമ്പാറ്റത്തോട്ടത്തിന്റെ ജീവവായു. ചെമ്പകം, ചിലന്നി, ചെണ്ടുമല്ലി, ചെമ്പരത്തി, കൃഷ്ണകിരീടം, തോട്ടച്ചെടികള്‍, ബുഷ് എന്നിവയാണ് പൂമ്പാറ്റത്തോട്ടത്തില്‍ വയ്ക്കാവുന്ന തേനിന്റെ ഉറവിടങ്ങള്‍. ചുവപ്പ്, ഓറഞ്ച് തുടങ്ങിയ നിറങ്ങളുള്ള പൂക്കള്‍ പെട്ടെന്ന് പൂമ്പാറ്റകളുടെ കണ്ണുകളെ ആകര്‍ഷിക്കും. ഒരേ നിറമുള്ള പൂക്കള്‍ ഒരുമിച്ച് വയ്ക്കുന്നതും പൂമ്പാറ്റത്തോട്ടത്തില്‍ അതിഥികളെ വരുത്തും. റോസ് ചെടി ഒരിക്കലും പൂമ്പാറ്റത്തോട്ടത്തില്‍ നട്ടു വളര്‍ത്തരുത്.

പ്രജനനത്തിന് സഹായിക്കുന്ന ചെടികള്‍ വയ്ക്കുന്നതും പൂമ്പാറ്റത്തോട്ടത്തെ മികവുറ്റതാക്കും. നിലവിലെ സാഹചര്യങ്ങളില്‍ പൂമ്പാറ്റകളുടെ പ്രജനനത്തിന് സഹായിക്കുന്ന ചെടികളും കുറഞ്ഞു വരുകയാണ്. വയന്ന, ഗണപതിനാരകം, കറിവേപ്പില, കൂവളം, ഈശ്വരമുല്ല, കണിക്കൊന്നയുടെ ഇല തുടങ്ങിയവ ശലഭങ്ങളുടെ അടുത്ത തലമുറയെ വളര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ സസ്യങ്ങളെ കൃത്യമായി ഒരുക്കിയാല്‍ ഭൂമിയിലെ വര്‍ണവിസ്മയങ്ങളെ നിത്യം കാണാനും അവയുടെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാനും സാധിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ