scorecardresearch
Latest News

പരിഭാഷ എന്നത് കേവലം ഭാഷാപരമായ വിവർത്തനം അല്ല: ഫാത്തിമ ഇ വി

രണ്ടും ബാലൻസ് ചെയ്ത് കൊണ്ടുള്ള ഒരു ഞാണിന്മേൽ കളിയാണ് പരിഭാഷ എങ്കിലും രണ്ടാമത്തേത് ആണ് ഇഷ്ടം. മലയാളത്തിലെ ശ്രദ്ധേയമായ രചനകളുടെ പരിഭാഷകരിലൊരാളായ ഫാത്തിമ ഇ വി യുമായി ശിൽപ്പ സംസാരിക്കുന്നു

fathima e v, translator, malayalam, iemalayalam

മലയാള സാഹിത്യം ഇന്ന് ലോകം മുഴുവൻ വായിക്കപ്പെടുകയും, ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മലയാളസാഹിത്യത്തിനെ  ഇത്ര വ്യക്തതയോടെയും, ആഴത്തോടെയും ലോകത്തിന് സമ്മാനിക്കുന്നത് ഇവിടുത്തെ മികവുറ്റ പരിഭാഷകരാണ്. 

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ ലോകത്തിനു പരിചയപ്പെടുത്തിയ പരിഭാഷകരിൽ ഒരാളാണ് ഫാത്തിമ  ഇ വി.   ‘ദൽഹി ഗാഥ’കളുടെ പരിഭാഷയായ  ‘ഡൽഹി എ സോളിലോക്വി’ക്ക്  2021ലെ ജെ സി ബി സാഹിത്യ പുരസ്കാരം ലഭിക്കുകയും ചെയ്തു.

ഗ്രേസിയുടെ ചെറുകഥകൾ, സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’ എന്നിങ്ങനെ മലയാളത്തിലെ ശ്രദ്ധേയമായ രചനകളെ ലോക സാഹിത്യത്തിന്റെ തുറസ്സിലേക്ക് എത്തിച്ച പരിഭാഷകയാണ് ഫാത്തിമ. പരിഭാഷ എന്ന പ്രക്രിയ, അതിലെ രാഷ്ട്രീയം, ഇടപെടലുകൾ എന്നിവയെ കുറിച്ച് ഫാത്തിമയുമായി ശില്‌പ സംസാരിക്കുന്നു.

പരിഭാഷ ചെയ്യുക എന്നത് ബോധപൂർവമായ തീരുമാനം ആയിരുന്നോ, അതോ സ്വാഭാവികമായി എത്തിപ്പെട്ടതാണോ? ആ പ്രക്രിയയെ കുറിച്ച് വിശദീകരിക്കാമോ?

തുടക്കം ആകസ്മികം ആയിരുന്നെങ്കിലും ഗൗരവമായി പരിഭാഷയിലേക്ക് തിരിഞ്ഞത് സുഹൃത്തുക്കളായ വി എച്ച് നിഷാദിന്റേയും മനോജ് കൊയ്യത്തിന്റേയും കൂടെ ‘ഇന്ത്യന്‍ ഇങ്ക്’ എന്ന ചെറിയ മാസിക നടത്തിയപ്പോഴാണ്. പിന്നീട് കുറേ കവിതകളും ഒരു വൈജ്ഞാനിക ഗ്രന്ഥവും പരിഭാഷപ്പെടുത്തിയതിന് ശേഷമാണ് ഫിക്ഷനിലേക്ക് തിരിഞ്ഞത്.

പരിഭാഷ ചെയ്ത പുസ്തകങ്ങളിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്? ഒരു രചയിതാവിനെ അല്ലെങ്കിൽ പുസ്തകത്തിനെ നിങ്ങൾക്ക് ശ്രദ്ധേയമാക്കിയ ഘടകം എന്താണ്?

വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങളോ അല്ലെങ്കിൽ ഭാഷാപരമായി വെല്ലുവിളി നൽകുന്നതോ, മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലാ എന്നു തോന്നുന്ന പുസ്തകങ്ങളോ ഒക്കെയാണ് തിരഞ്ഞെടുക്കാറുള്ളത്.

പരിഭാഷ എന്ന പ്രക്രിയയിൽ പുസ്തകത്തിന്റെ രചിയിതാവിന് സ്ഥാനം ഉണ്ടോ? ‘Fidelity to Text/Author’ എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാമോ?

ഇത് ഏറെക്കുറെ കാലഹരണപ്പെട്ടു കഴിഞ്ഞ ഒരു കാര്യമാണ്. മിക്ക പരിഭാഷകളും മൂലകൃതികളോട് കൃത്യമായും നീതിപുലർത്തിക്കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്.

കാലങ്ങളായിട്ടുള്ള പരിഭാഷയുടെ രൂപാന്തരം നോക്കിയാൽ ഇന്നത്തെ പരിഭാഷകർക്ക് കൂടുതൽ സ്വാതന്ത്ര്യമുള്ളതായി അനുഭവപ്പെടുന്നുണ്ടോ? translation എന്നതിൽ നിന്നും transcreation എന്നൊരു അവസ്ഥയിലേക്ക് പരിഭാഷ രൂപപ്പെടുന്നുണ്ടോ?

പരിഭാഷ എന്നത് കേവലം ഭാഷാപരമായ വിവർത്തനം അല്ല എന്ന ബോധ്യം, പരിഭാഷ മാറ്റിയെഴുതൽ ആണെന്ന തിരിച്ചറിവ് എന്നതൊക്കെ പരിഭാഷയിലെ സൃഷ്ടിപരമായ ഘടകത്തെ അംഗീകരിച്ചു കിട്ടാൻ സഹായിച്ചിട്ടുണ്ട്. പരിഭാഷ രാഷ്ട്രീയ സാംസ്കാരിക മാനങ്ങളെ ഉൾചേർത്തുകൊണ്ടുള്ള ബോധപൂർവമായ പ്രക്രിയ ആണെന്നുള്ളതും വലിയ മാറ്റമാണ്. തങ്ങളുടെ പുസ്തകങ്ങൾക്ക് പരിഭാഷകൾ വരാൻ എഴുത്തുകാരും താൽപ്പര്യപ്പെടന്നു എന്നതും, പുതിയ പബ്ലിഷിങ് രീതികൾ വഴി പുതിയ തുറസ്സുകൾ നിലവിൽ വന്നിട്ടുണ്ട് എന്നതും പരിഭാഷകർക്ക് സഹായകമായിട്ടുണ്ട്.

ഒരു രചയിതാവിന് ഒരുപക്ഷേ ഏകാന്തമായി എഴുതുവാൻ സാധിക്കുമായിരിക്കും, പരിഭാഷകയ്ക്ക്/പരിഭാഷകന് അത്തരമൊരു ഏകാന്തമായ നിലനിൽപ്പ് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?

പരിഭാഷ സ്വയംഭൂവാണോ എന്ന് തിരിച്ചു ചോദിച്ചാൽ ഉത്തരം ചോദ്യത്തിൽ നിന്ന് തന്നെ കണ്ടെത്താവുന്നതെയുള്ളു.

ഒരു രചയിതാവിന്റെ സർഗാത്മക ലോകത്തിലൂടെയുള്ള സഞ്ചാരത്തെപ്പറ്റി പറയാമോ? പരിഭാഷകരും എഴുത്തുകാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എങ്ങനെയാണ് അതിൽ നടക്കുന്നത്?

പരിഭാഷാ പ്രക്രിയ എന്നത് വളരെ അടുത്ത അടരുകളിലൂടെയുള്ള പുനർ വായനയിലൂടെ ഉരുത്തിരിയുന്ന, തീർത്തും ഏകാന്തമായ സർഗാത്മകപ്രവർത്തനമാണ് എന്നത് കൊണ്ട് തന്നെ ഈ കൊടുക്കൽ വാങ്ങലുകൾ തീരുമാനിക്കുന്നതും എഴുത്തുകാരും പരിഭാഷകരും തമ്മിലുള്ള പാരസ്പര്യം കൊണ്ടായിരിക്കുമല്ലോ. വ്യത്യസ്ത എഴുത്തുകാരുടെ രീതികൾക്ക് അനുസൃതമായി ഇടപെടലുകളും വ്യത്യസ്തമായിരിക്കും. പരിഭാഷ ചെയ്യുന്ന സമയത്ത് ഇടപെടാതെ, നമ്മൾ ആവശ്യപ്പെടുമ്പോൾ മാത്രമായോ, പലഘട്ടങ്ങളിലായോ, അതല്ല ഫുൾ ഡ്രാഫ്റ്റ് എഡിറ്റിങ് സമയത്ത് മാത്രമായോ ആയിക്കൊള്ളട്ടെ, പൂർണമായും കൂടെ നിൽക്കുന്ന, വളരെ സഹായകരമായി ഇടപെടുന്ന, എഴുത്തുകാരുടെ കൂടെ മാത്രമേ പരിഭാഷ ചെയ്തിട്ടുള്ളൂ. ആത്യന്തികമായി പുസ്തകത്തിന് മാത്രം ഊന്നൽ കൊടുത്തുകൊണ്ടുള്ള ഇടപെടൽ ആണെങ്കിൽ രണ്ട് പേർക്കും ഗുണമുണ്ടാകുന്ന തരത്തിലേ ആയിത്തീരാറുള്ളൂ.

ഒരു പുസ്തകത്തിനെ target ഭാഷയിലെ വായനക്കാർക്ക് അനായാസം വായിച്ചെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള പരിഭാഷയോടാണോ താൽപ്പര്യം അതോ target ഭാഷയിലെ വായനക്കാരെ പുസ്തകത്തിന്റെ ഭാഷയിലേക്കും സംസ്കാരത്തിലേക്കും കൂട്ടിക്കൊണ്ടുവരുന്ന അത്ര അനായാസം അല്ലാത്ത പരിഭാഷയാണോ ഇഷ്ടം?

രണ്ടും ബാലൻസ് ചെയ്ത് കൊണ്ടുള്ള ഒരു ഞാണിന്മേൽ കളിയാണ് പരിഭാഷ എങ്കിലും രണ്ടാമത്തേത് ആണ് ഇഷ്ടം.

പരിഭാഷകർക്ക് പലപ്പോഴും അർഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ? വിശദമാക്കാമോ?

പ്രസാധകരുടെയും വായനക്കാരുടെയുമിടയിൽ പരിഭാഷകരോടുള്ള മനോഭാവത്തിൽ പൊതുവിൽ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും പരിഭാഷകർക്ക് സവിശേഷമായും, ചരിത്രപരമായും ചാർത്തി കിട്ടിയിട്ടുള്ള ദ്വിതീയ പദവി, നിർബന്ധിതമായ അദൃശ്യത, മായ്ച്ചുകളയൽ എന്നതൊക്കെ ഇന്നും ലോകത്ത് പലയിടത്തും തീവ്രമായി സംവദിക്കപ്പെടുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ജെന്നിഫർ ക്രോഫ്റ്റ്ന്റെ തുറന്ന കത്ത്. ലോകമെമ്പാടും പരിഭാഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തന്റെ കത്തിലൂടെ ക്രോഫ്റ്റ് എടുത്തുകാട്ടുന്നുണ്ട്.

പരിഭാഷ ചെയ്യാൻ ഏറ്റവും challenge നൽകിയിട്ടുള്ള രചയിതാവ് ആരാണ്? എന്തുകൊണ്ടാണ്?

പരിഭാഷ ചെയ്ത എല്ലാ കൃതികളും വ്യത്യസ്ത രീതികളിൽ വെല്ലുവിളി ആയിരുന്നു. പലകാലങ്ങളിൽ, പല ഭാഷാഭേദങ്ങളിൽ എഴുതിയത് കൊണ്ടും, നോവലിന്റെ തുടർച്ചയിൽ നിന്നും വേറിട്ട് നിൽക്കുന്നത് കൊണ്ടും തന്നെ ഗ്രേസി ടീച്ചറുടെ ചെറുകഥകൾ ഡിമാൻഡിങ് ആയിരുന്നൂ.

ഭാഷ മേൽക്കോയ്മയെ പറ്റി സജീവമായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിൽ പരിഭാഷ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടി ആകേണ്ടതില്ലേ?

തീർച്ചയായും! വിദേശഭാഷാ മേൽക്കോയ്മകളുടെ രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങാതെ, പല കാലങ്ങളിൽ സ്വദേശിഭാഷാ പിരമിഡുകൾക്കുള്ളിൽ നടക്കുന്ന ഭാഷാപ്രാധാന്യങ്ങളുടെ മാറിമറിയലുകൾ, മാനകഭാഷാശൈലികൾ അപര ഭാഷാഭേദങ്ങളുടെ മേൽ അത്രമേൽ ‘സ്വാഭാവികമായി’ നടത്തുന്ന ഭാഷാ അധിനിവേശങ്ങൾ എന്നിവയൊക്കെ ചെറുക്കുന്നതും കൂടിയാണ് പരിഭാഷയുടെ രാഷ്ട്രീയം.

  • ലോകം മലയാളത്തെ വായിക്കുമ്പോൾ സംഭാഷണപരമ്പരയിൽ നാളെ നന്ദകുമാര്‍ കെ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Fathima e v on the challenges of translation m mukundan gracy subhash chandran