മുളകൾ പൂക്കുന്നതിന് കാലമൊരുപാടെടുക്കും. പൂത്തു കഴിഞ്ഞാൽ പിന്നെയത് ഉണങ്ങി പോകുന്നു. മല കയറി ചെന്നെത്തുന്ന പാറപ്പരപ്പിൽ ജട പിടിച്ച പോലെ മുളകളൊക്കെ പൂത്തു നിൽക്കുമ്പോൾ മുളയരി ശേഖരിക്കാൻ പലരും പോകും പോലും. അങ്ങനെയൊരു സമയമല്ലാ സമയമെന്നു പറയുന്ന സന്ധ്യാ സമയം രണ്ടു പെണ്ണുങ്ങൾ മറന്നു വച്ച കൂട്ടയെടുക്കാൻ തിരിച്ചുപോയപ്പോൾ ഒരു ശബ്ദം കേൾക്കുന്നു.

കറുക്കാൻ മടിച്ചു നിന്ന വെളിച്ചത്തിൽ പെണ്ണുങ്ങൾ മുളങ്കൂട്ടത്തിലേക്ക് നോക്കിയപ്പോൾ കണ്ടു – ഒരു യക്ഷി മുളകളെ കുലുക്കി കൊണ്ട് അരികൾ ഉതിർക്കുന്നു.

നാട്ടിൽ വച്ച് എപ്പോഴോ എവിടെനിന്നോ കാൽപ്പനികമായി കേട്ട ഈ കഥ മനസ്സിലിട്ട് പലപ്പോഴും ദൃശ്യവൽക്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് ഞാൻ കണ്ട യക്ഷിയുടെ നിറം മഞ്ഞയായിരുന്നു. ഇരുട്ടിൽ മഞ്ഞളിന്‍റെ നിറമുള്ള യക്ഷി മുളയരി ശ്രമപ്പെട്ട് ഉതിർത്തുകൊണ്ടിരിക്കുന്നതിനിടെ എന്നെ ഒരു തവണ നോക്കുക മാത്രമേ ചെയ്തുള്ളു.

ഒരു മകരരാത്രിയിൽ ഞാൻ സുഹൃത്തുക്കളായ ശരത്തിനും ഷൈജുവേട്ടനുമൊപ്പം കാഴ്ചയൊതുങ്ങാത്തത്രയും പരന്ന ചെങ്കൽ പാറയിലേക്കു വണ്ടിയോടിച്ചു പോയി. ആ സ്ഥലം അറിയപ്പെടുന്നത് അരിയിടുന്ന പാറയെന്നാണ്. അവിടെ പാറമ്മലമ്മയുടെ ഒരു ഒറ്റപ്പെട്ട കാവുണ്ട്. ഞങ്ങളുടെ പ്രദേശത്ത് മാത്രം കെട്ടിയാടിക്കുന്ന ഒരു തെയ്യമാണ് പാറമ്മലമ്മ. അർദ്ധരാത്രിയിൽ കുത്തുവിളക്കിന്‍റെ വെളിച്ചത്തിൽ മാത്രമേ തെയ്യം കെട്ടിയാടൂ.
ഇന്നും ആരും ക്യാമറകളിൽ പകർത്താതെ ശബ്ദമുണ്ടാക്കാതെ ശ്വാസമടക്കിപ്പിടിച്ചു കാണുന്ന തെയ്യം. സംക്രമം നാളിൽ അന്തിതിരിയൻ ഈ കാവിലേക്ക് അരിയെറിയാൻ വരും. അതിനുള്ളിലുള്ള കലശക്കല്ലിൽ നിഴൽ പോലും തട്ടാതിരിക്കാൻ നട്ടുച്ചയ്ക്കാണ് വരിക.

ഷൈജുവേട്ടനും ശരത്തും എപ്പോഴോ വഴി തെറ്റി ആ കാവിനുള്ളിലേയ്ക്ക് കയറിയിരുന്നു പോലും. അന്നു രാത്രി രണ്ടു പേരും ഒരേ സ്വപ്നം കാണുകയും ചെയ്തു പോലും.
“കുഞ്ഞി”
നിറയെ നരച്ച മുടിനാരുകളുമായി കറുകറുത്ത ഒരു അമ്മുമ്മ സ്വപ്നത്തിൽ വന്നു പറഞ്ഞു, “നിങ്ങൾക്കറിയില്ലേ ആടത്തെക്ക് പോയിക്കൂടാന്ന്.”

ആ കാവിലേക്ക് കയറിയവരുടെയൊക്കെ സ്വപ്നത്തിൽ അങ്ങനെയൊരു അമ്മുമ്മ വരാറുണ്ട്. പാറമ്മലമ്മയെ ശല്യം ചെയ്തതിന് അപ്പോഴൊക്കെ നേർച്ചയായ ‘നാനായ്പ്പാട്’ കഴിപ്പിക്കാറുമുണ്ട്.

ഞങ്ങളപ്പോൾ ആ അമ്മൂമ്മയെ പറ്റി പറയുകയായിരുന്നു. അപ്പോഴാണ് കാവിനുള്ളിൽ നിന്ന് ഒരു ഓട്ടുമണി കിലുങ്ങിയ പോലെ ഒരു ശബ്ദം ഞങ്ങൾ കേട്ടത്. ജനവാസം തീരെയില്ലാത്ത അങ്ങനെയൊരിടത്ത് കേട്ട വിചിത്രമായ ശബ്ദം തോന്നലാണോ എന്നറിയാൻ പറ്റാതെ പകച്ചപ്പോൾ, ഇരുട്ടിനൊപ്പം പേടിയും ഞങ്ങളെ പൊതിഞ്ഞു.

വീട്ടിലെത്തിയപാടെ അമ്മയോടും അച്ഛനോടും നടന്ന സംഭവം പറഞ്ഞപ്പോൾ എന്തിനാണ് അങ്ങോട്ട് പോയതെന്ന ചോദ്യത്തിൽ കാര്യം നിസ്സാരവൽകരിച്ചു. അന്നുറങ്ങാൻ കിടന്നപ്പോൾ ഞാൻ സത്യമായിട്ടും സ്വപ്നത്തെ ഭയപ്പെട്ടിരുന്നു.

arjun k.v, memories

യു പി വരെ പഠിച്ചത് കൂളിയാട് സ്കൂളിലാണ്. കൂളി (പ്രേതം) തിമർത്താടുന്ന ഇടമാണല്ലോ കൂളിയാട് എന്ന് ആലോചിക്കുന്നത് ഇപ്പോഴൊക്കെയാണ്. നാൽപ്പത്തഞ്ചു ഡിഗ്രിയിൽ മസിലു പിടിച്ചു നിൽക്കുന്ന മലഞ്ചെരുവിന്‍റെ നെഞ്ചിൽ തട്ട് തട്ടുകളായാണ് സ്കൂൾ കെട്ടിടങ്ങൾ. രണ്ടു മലകൾ ചേർന്നു നിൽക്കുന്ന അടിത്തട്ടിൽ ഒരു പൊട്ടക്കിണറുണ്ട്. കെട്ടിടങ്ങൾക്കു ചുറ്റും ഓടിക്കളിക്കുന്നവരിൽ നിന്നു ചിതറിപ്പോയവർ ചിലപ്പോഴൊക്കെ പൊട്ടക്കിണറിനരികിൽ എത്തും. അവിടെയൊരു കുഞ്ഞു തെങ്ങുണ്ട്. അതിന്‍റെ ഓലകളിൽ പിടിച്ചു ഊഞ്ഞാലാടുന്നതാണ് ഞങ്ങളുടെ പ്രധാന പണി.

പക്ഷേ, ഒരിക്കലും ആ പൊട്ടക്കിണറിന്‍റെ അരികത്ത് പോകാനോ ആഴത്തിലേക്ക് എത്തിനോക്കാനോ മെനക്കെട്ടില്ല. അതിനൊരു കാരണമുണ്ട്. ആ കാരണത്തെ താങ്ങുന്ന ഒരു കഥയുണ്ട്.

ഉച്ചക്കഞ്ഞി കുടിച്ച ശേഷം രണ്ടു പെൺകുട്ടികൾ ആരും കാണാതെ ആ പൊട്ടക്കിണറിനരികിലേക്ക് നടന്നു പോയ് പോലും. അതിലൊരുവൾ കിണറ്റിനുള്ളിലേക്ക് എത്തി നോക്കിയപ്പോൾ ഇരുട്ടിൽ കറുത്ത ഒരു മുഖം കനലുപോലെ ചുവന്ന കണ്ണു കൊണ്ട് നോക്കി പോലും. ഈ കഥ വാമൊഴിയായി കേട്ടു പോകുന്ന കുട്ടികൾ ആരും കിണറിനടുത്തേക്ക് പോകാറില്ല. ഏതോ അധ്യാപകനോ മറ്റോ ആയിരിക്കണം ആ കഥയുടെ സ്രഷ്ടാവ്.

കൗമാരത്തിൽ സന്ധ്യക്ക് ഫുട്ബോൾ കളിച്ചു കഴിയാറാവുമ്പോഴും ഞാനിത്തിരി ഊർജ്ജം കൂടി ബാക്കി വെയ്ക്കാറുണ്ട്. കാരണം മൈതാനം കഴിഞ്ഞാൽ പിന്നെ വീടാണ്. അതിനിടയിൽ കുറച്ച് ചെങ്കൽ പാറയും കാടുകളും നേർത്ത വരപോലെ ഒരു വഴിയും. എന്‍റെ ഓട്ടവും ആ വഴിയിൽ വെച്ച് സംഭവിച്ചെന്ന് പറയപ്പെടുന്ന മറ്റൊരു കഥയെ ഓടി തോൽപ്പിക്കാനും വീടിനോടടുക്കുമ്പോൾ കാണാവുന്ന ഒരു പാല മരത്തെ മറക്കാനുമാണ്. മിക്കവാറും രണ്ടു കാര്യങ്ങളിലും ഞാൻ തോറ്റു തുന്നംപ്പാടാറുമുണ്ട്.

പണ്ട് പണ്ട് ആ വഴിയരികിൽ രണ്ടു കൗമാരക്കാരികൾ നരയൻ പൂവും പിടിച്ചു നിൽക്കുമത്രേ.

വഴിയിലൂടെ പോകുന്നവർക്ക് നരയൻ പൂവ് ചിരിച്ചുകൊണ്ട് നീട്ടും. പ്രലോഭനത്തിൽ മയങ്ങി അവരെന്തായാലും വാങ്ങും. വീട്ടിലെത്തിയാൽ മുതിർന്നവർ സ്വാഭാവികമായും പൂവ് കിട്ടിയത് എവിടെ നിന്നാണെന്ന അന്വേഷണം തുടങ്ങും. പിന്നെ ആ കൗമാരക്കാരികൾക്ക് തന്നെ പൂക്കൾ തിരിച്ചു കൊടുക്കാൻ പറയും. അങ്ങനെ കൊണ്ടു കൊടുത്താലും അവരതു വാങ്ങില്ലത്രേ. നിർബന്ധിച്ചു കഴിഞ്ഞാൽ അവര് അപ്രത്യക്ഷമാവുകയും ചെയ്യും.

കൗമാരക്കാരികൾക്ക് പൂവ് നീട്ടിപ്പിടിക്കാൻ പോയിട്ട് പ്രത്യക്ഷപ്പെടാൻ എടുക്കുന്ന സമയത്തിന് മുമ്പേ ഓടി രക്ഷപ്പെടാൻ ഞാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.

arjun k.v, memories

പാലമരത്തിനു മുകളിൽ ഒരു യക്ഷി അത് നിർബന്ധമാണല്ലോ. അതുകൊണ്ടു പകലുപോലും അതിനു മുകളിലേക്ക് നോക്കി ഉറങ്ങിക്കിടക്കുന്ന യക്ഷി ചേച്ചിയെ ഞാനും പ്രലോഭിച്ചിട്ടില്ല. അന്നൊക്കെ ഞാൻ ഗന്ധർവനിലേതു പോലെ പാലക്കൊമ്പ് പൊട്ടുമ്പോൾ ചോര പടരുമെന്നു ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. പിൽക്കാലത്ത് ആ കൂറ്റൻ പാല മുറിക്കുമ്പോൾ ഗൃഹാതുരതയുടെ മുലപ്പാലൊഴുകുന്നത് കണ്ടു ഞാൻ വേദനിച്ചു.

കടമറ്റത്ത് കത്തനാർ നീലിയെയും കൂട്ടി ഏഷ്യാനെറ്റിലേയ്ക്ക് വന്നതും ആ സമയമായിരുന്നു. സീരിയൽ തുടങ്ങുന്ന നേരം കാണുന്ന ഗണപതിയെ കാണുമ്പോൾ തന്നെ മുഖം പൊത്തും.

അഴികളായ വിരലുകൾക്കിടയിൽ നിന്നു കണ്ടത് ആകെ മൂന്ന് കാഴ്ചകൾ.

  1. നീലി ഒരു തോണിയിൽ പോകുമ്പോൾ കത്തനാർ ഒരു വാഴയിലയിൽ പിന്തുടരുന്നത്.
  2. ഒരു അമ്മൂമ്മ നീലിയുടെ തലയിൽ നിന്നും ആണി ഇളക്കി മാറ്റുന്നത്.
  3. ഒരു പെണ്ണ് വഴിയിലൂടെ നടന്നു പോകുമ്പോൾ ആകാശത്തോളം വളരുന്ന നീലി.
    ആകാശഗംഗയിലെ യക്ഷി പിന്നീട് തമാശക്ക് വഴിമാറിയപ്പോൾ നാഗവല്ലി പ്രണയമായി മാറിയതാണ് ഇപ്പോൾ അതിശയം. ഇപ്പോഴും കാട്ടുചെത്തികൾ ചുവന്നു നിൽക്കുന്നത് ‘പൂതപ്പാട്ടി’ലെ പൂതം മുറുക്കി തുപ്പിയതുകൊണ്ടെന്നു ഞാൻ വിചാരിക്കാറുണ്ട്.

മൂന്നു വർഷം മുമ്പ് പുതിയ വീടിന്‍റെ ഗൃഹപ്രവേശനം കഴിഞ്ഞിട്ടും പണി തീരാത്തതിനാൽ ആരും അങ്ങോട്ടേക്ക് താമസം മാറിയില്ല. വീട് വെറുതെ ഉറങ്ങേണ്ടല്ലോ എന്ന് കരുതി ഞാൻ രാത്രി അങ്ങോട്ടേയ്ക്ക് കിടക്കാൻ പോകും.

ജനൽ പാളികൾ ഇല്ലാത്ത മുറിയുടെ അഞ്ചു മീറ്റർ അടുത്താണ് കുടുംബ ശ്‌മശാനം.മൂന്ന് ദിവസങ്ങളിലെ രാത്രിയിൽ മൂന്നു കാര്യങ്ങൾ സംഭവിച്ചു.

ആദ്യ ദിവസം നിലാവിൽ സീലിംഗ് ഫാൻ പിന്നോട്ട് കറങ്ങുന്ന പോലെ. പിന്നെ മുന്നോട്ടും പിന്നോട്ടും ഇടവിട്ടു കറങ്ങുന്നു. രണ്ടാം ദിവസം ഞാൻ കിടന്ന പായ ആരോ വലിച്ചു കൊണ്ടു പോകുന്ന പോലെ. മൂന്നാം ദിവസം ആരോ ഒരാൾ തൊട്ടടുത്ത് നിൽക്കുന്ന പോലെ.

മൂന്നു ദിവസവും ഉറക്കം ഈ സംഭവങ്ങളോട് പോയ് പണി നോക്കാന്നും പറഞ്ഞു കൂർക്കം വലിച്ചപ്പോൾ നിസ്സഹായനായത് ഞാനാണ്.

arjun k.v, memories

ഇപ്പോഴും ചില രാത്രികളിലെ ഉറക്കത്തിൽ ആരോ വന്നു നെഞ്ചിലേക്ക് കയറിയിരിക്കും. പിന്നെ അനങ്ങാനൊന്നും കഴിയില്ല. ഉച്ചത്തിൽ ശബ്‌ദിക്കണമെന്നു തോന്നും, ആരെങ്കിലും വന്ന് എന്നെ തട്ടി വിളിച്ചെങ്കിൽ എന്ന് ആഗ്രഹിക്കും. ആരും വരില്ല. ആ അവസ്ഥ നെഞ്ചിൽ നിന്നിറങ്ങി പോകുന്നവരെ കിടന്നു കൊടുക്കുകയെന്നു മാത്രമേ നിവൃത്തിയുള്ളു.

പിന്നെ പ്രേതങ്ങളെ പൊതുവെ കാണാറുള്ളത് പുഴവക്കിൽ ഒക്കെയാണ് എന്നും കേട്ടിട്ടുണ്ട്. നാടിന്‍റെ ഞരമ്പു പോലൊഴുകുന്ന തേജസ്വിനി പുഴക്കരികിൽ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലേ അത്ഭുതമുള്ളു. തേജസ്വിനിക്ക് അങ്ങനെയൊരു അപാരമായൊരു വന്യതകൂടി ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കടവിൽ അവർ സ്വസ്ഥമായി കുളിക്കുകയോ അലക്കുകയോ ചെയ്യും പോലും.

മണൽ കടത്തുകാരെ കൊണ്ട് പൊറുതി മുട്ടി പ്രേതങ്ങൾ അവിടെ നിന്നും പലായനം ചെയ്തു കാണണം. ഞാൻ കേട്ട പ്രേതങ്ങൾ ആരോടും കലഹിക്കാനോ ഉപദ്രവിക്കാനോ നിന്നില്ല എന്നതാണ് അത്ഭുതം. ഇപ്പോഴെന്താ പ്രേതങ്ങളൊന്നുമില്ലാത്തതെന്ന് ചോദിച്ചപ്പോൾ വയസ്സായ ആരോ പറഞ്ഞ മറുപടിയോർമ്മയുണ്ട്.

“ഇപ്പോൾ ഒറ്റപ്പെട്ട സ്ഥലങ്ങളില്ല. രാത്രിയും വെളിച്ചമുണ്ട്. ബഹളങ്ങൾ ഉണ്ട്. അതു കൊണ്ടാണ് പ്രേതങ്ങളെ എങ്ങും കാണാത്തത്” എന്ന്.

ഞാനാലോചിക്കുന്നത് ഇവരെന്തേ വെളിച്ചത്തിലേക്ക് ഇറങ്ങാത്തതെന്നാണ്. ഇരുട്ടും അവരുടെ സാമീപ്യവും തീർക്കുന്ന അസാധാരണ ദൃശ്യവിസ്മയത്തിൽ ഒരു തരത്തിലും വീട്ടുവീഴ്ച്കൾക്ക് മുതിരാത്തത് കൊണ്ടാവണം എന്നൊരു ഉത്തരവും ഞാൻ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, യക്ഷികളെ കാണണമെന്നും സംസാരിക്കണമെന്നും, എന്നെ പേടിപ്പിച്ചിരുന്നെങ്കിലെന്നും ഒക്കെ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്.

കാരണം ഒരു മുളപൂത്തശേഷമെന്നപോലെ എന്‍റെ പ്രേതങ്ങളോടുള്ള പേടിയും ഉണങ്ങി പോയിരിക്കുന്നു.

കുറച്ചു ദിവസം മുമ്പ് ടി വിയിൽ നാഗവല്ലി ഉറഞ്ഞാടുന്ന നേരം അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു ഇതൊക്കെ ആ ഗംഗയുടെ തോന്നലാണെന്ന്. കൃതിമമായെങ്കിലും ഒന്ന് പേടിച്ചു നോക്കാമെന്നു കരുതിയപ്പോൾ അവിടെയും ഞാൻ അമ്പേ പരാജയപ്പെട്ടു. അപ്പോൾ മനസ്സ് ചായയും കുടിച്ച്‌ എന്നോട് ചിരിച്ചു കൊണ്ടു പറഞ്ഞു, “എടാ ഇതൊക്കെ നിന്‍റെ തോന്നലാടാ.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ