scorecardresearch
Latest News

കുട്ടികൾക്ക് തൂക്കുകയർ ഒരുക്കുന്ന നമ്മൾ

മക്കളും അവരുടെ ഇഷ്ടവും അവരുടെ മനസമാധാനവും സന്തോഷവും എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കാതെ ‘ഞാന്‍, എനിക്ക് എന്റെ കുട്ടിയെച്ചൊല്ലിയുള്ള സ്വപ്‌നം’ എന്നു സ്വപ്‌നം കാണുന്ന വീട്ടുകാരാണ് ഓരോ കുട്ടിയെയും കുട്ടികളെ ധര്‍മ്മസങ്കടങ്ങളിലും മനോസംഘര്‍ഷങ്ങളിലും ആക്കുന്നത്

priya as ,memories

കെ ആര്‍ മീരയുടെ ‘ആരാച്ചാരി’ലെ നായിക ചേതനയുടെ അച്ഛന്‍ ഫണിഭൂഷന്‍ ഗൃദ്ധാമല്ലിക്കിന്റെ പരുക്കന്‍ ഛായ, മീരയ്ക്ക് മീരയുടെ സ്വന്തം അച്ഛനില്‍ നിന്നു കിട്ടിയതാണ് എന്ന് ആ നോവല്‍ സീരിയലൈസ് ചെയ്ത് വന്ന് ഒരാറേഴദ്ധ്യായം കഴിഞ്ഞപ്പോള്‍ തന്നെ എനിക്കു തോന്നിയതാണ്. ‘ഏയ് അല്ല പ്രിയാ’ എന്ന് അന്ന് മീര പറയുകയും ഞാനാ ചോദ്യം അവിടെ ആ നിമിഷം ഉപേക്ഷിക്കുകയും ചെയ്തുവെങ്കിലും എന്റെയാത്തോന്നല്‍ എന്റെയുള്ളില്‍ രൂഢമൂലമായിരുന്നു. കഴിഞ്ഞവര്‍ഷമെപ്പോഴോ മീര,’അങ്ങനൊരു ചോദ്യം അടുത്തയിടെ ചോദിച്ചു ഒരു കൂട്ടുകാരി’ എന്നു പറയുകയും മീരയെ ഞാനെന്റെ പഴയ ചോദ്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മീരയുടെ ഉള്ളില്‍ പതിഞ്ഞു പോയ പരുക്കന്‍ മട്ടുകളുള്ള അച്ഛന്‍ പരോക്ഷമായി ഗൃദ്ധാമല്ലിക്കാകുന്നത് അന്ന് എഴുത്തിനിടയില്‍ മീര തിരിച്ചറിയുന്നുണ്ടായിരുന്നു കാണില്ല, അതാണ് മീര എന്റെ ചോദ്യം മറന്നത്.

അന്ന് മീരയ്ക്ക് വയലാര്‍ അവാര്‍ഡ് എന്ന് വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകള്‍ പ്രിയ എന്നോട് തിരുവനനന്തപുരത്ത് സൂര്യാഫെസ്റ്റിവലിനിടെ വന്നു പറയുമ്പോള്‍, ആദിത്യമന്ത്രം ആഴമുള്ള ഈണത്തില്‍ സ്‌റ്റേജില്‍ മുഴങ്ങുകയായിരുന്നു. ആകാശത്തേക്ക് മുഖമുയര്‍ത്തി ഞാന്‍ കാണാത്ത, ലോകം വിട്ടു പോയ ആ അച്ഛനോട് ഞാന്‍ നിന്നു പരിഭവിക്കുകയുണ്ടായി നിറഞ്ഞ കണ്ണുകളോടെ. ഡോക്ടറോ എന്‍ജിനീയറോ ആകാത്ത മകളെ ഒരിക്കലും അംഗീകരിക്കാതിരുന്ന, ‘ആവോ, എന്തോ ചിലതെഴുതി നടക്കുന്നു’ എന്ന് വില കുറച്ചു കണ്ട ആ മകള്‍ കേരളത്തിലെ എല്ലാ എഴുത്തുകാരികള്‍ക്കുമായി വാങ്ങിയ അവാര്‍ഡ് കാണാന്‍ നില്‍ക്കാതെ, ഒരിക്കലെങ്കിലും ഒരു നോക്കു കൊണ്ടു പോലും അവളെ അംഗീകരിക്കാന്‍ നില്‍ക്കാതെ നിങ്ങള്‍ ലോകം വിട്ടു പോയത് ശരിയായില്ല അച്ഛാ എന്ന് ഞാനന്ന് ആ അച്ഛനോട് നിശ്ശബ്ദം വഴക്കു കൂടി. കിട്ടാതെ പോകുന്ന ചിലത് ജീവിതം മുഴുവന്‍ പിന്തുടരും ഒരു നീറ്റലായി എന്ന് മീര പറഞ്ഞില്ലെങ്കിലും എനിക്കറിയാം.

അച്ഛന്റെ പ്രതീക്ഷകളുടെ വഴിയെ പോകാതെ സ്വന്തം പ്രതീക്ഷയുടെ പത്രപ്രവര്‍ത്തനവഴിയേ പോകാന്‍ ‘ചെട്ടിമിടുക്ക്’ കാണിച്ചു എന്ന കുറ്റത്തിന് മീരയുടെ സ്വന്തം ചേതനയെ തൂക്കിലേറ്റാനാണ് അച്ഛനെന്നും ശ്രമിച്ചത്. ഒരു പക്ഷേ സ്വയം കണ്ടെത്തിയ വഴിയേ പോയി മിടുക്കിയായിരുന്നില്ല എങ്കില്‍ തല വെച്ചു കൊടുക്കേണ്ടി വരുമായിരുന്ന തൂക്കുകയറില്‍ നിന്ന്, ഭാഗ്യവശാല്‍ കാലവും മീരക്കുണ്ടായിരുന്ന ഫോക്കസിങ്ങും മീരയെ രക്ഷപ്പെടുത്തി.priya a s, memories

എന്റെ വീട്ടില്‍ പ്‌ളംബിങ്-ഇലക്ട്രിക്കല്‍ പണികള്‍ക്ക് വരുന്ന ഒരാളുണ്ട്. അയാളുടെ എട്ടാം ക്‌ളാസുകാരന്‍ മകന് അച്ഛന്റെ ആയുധങ്ങളിലൊന്നുമല്ല താത്പര്യം, ‘എന്റെ ചേച്ചീ, അവന് എന്തെങ്കിലും നട്ട് അത് കിളുത്തുവരുന്നതാ സന്തോഷം’ എന്നയാള്‍ എന്നോട് വളരെ ദുഖത്തോടെ പറഞ്ഞപ്പോള്‍ ‘നമ്മുടെ ചേര്‍ത്തലക്കാരന്‍ നിഷാദിന്റെ കൃഷിസംരംഭങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ, നമുക്കവനെ നിഷാദിന്റെ കൂടെ ചേര്‍ക്കാം’ എന്നു പറഞ്ഞ്, കാന്താരി മുതല്‍ നെല്ലുവരെ കൃഷി ചെയ്ത് ‘മാരാരി ഫ്രെഷ്’ എന്ന ബ്രാന്‍ഡ് നെയിമുമായി കൃഷിയുമായി ബന്ധപ്പെട്ട് എസ്റ്റാബ്‌ളിഷ്ഡ് ആയിക്കൊണ്ടിരിക്കുന്ന നിഷാദിനെക്കുറിച്ച് ഞാന്‍ ക്‌ളാസെടുക്കാന്‍ നോക്കി. പക്ഷേ ‘ഞാന്‍, എന്റെ കാലം, അതിനു മുമ്പിവനൊരു പണി’ എന്ന് കക്ഷി ആകുലപ്പെട്ടുകൊണ്ടേയിരുന്നു.

ഒരിക്കല്‍ കോട്ടയത്തിനടുത്തൊരു സ്കൂളിലെ സ്കൂൾ മാഗസിന്‍ പ്രകാശനത്തിന് പോയപ്പോള്‍, മാഗസിന്‍ എഡിറ്ററായ മലയാളം മാഷ് പറഞ്ഞു. ‘എത്ര കഷ്ടപ്പെട്ടാണ് കുട്ടികളില്‍ നിന്ന് എഴുത്തുകള്‍ സംഘടിപ്പിച്ചതെന്നോ! പഠിക്കാനുള്ള സമയം ഇങ്ങനെ കുട്ടികളെക്കൊണ്ട് ദുര്‍വിനിയോഗം ചെയ്യിക്കുന്നതിന് മാഷ് തന്നെ കൂട്ടുനില്‍ക്കാന്‍ തുടങ്ങിയാലെങ്ങനെയാ എന്ന് പല രക്ഷകര്‍ത്താക്കളും എന്നെ ഫോണ്‍ വിളിച്ചു പരാതി പറഞ്ഞു. അരുന്ധതി റോയിക്ക് ബുക്കര്‍ പ്രൈസ് കിട്ടിയ കാലമായതു കൊണ്ടാവും അതില്‍ ചിലര്‍ പറഞ്ഞു, ഇനി അവര്‍ക്കെഴുതണമെന്നത്ര നിര്‍ബന്ധമാണെങ്കില്‍ എഴുതിക്കൊട്ടെ, പക്ഷേ അരുന്ധതിയുടെയൊക്കെ ഒരു പ്രായമായിട്ടുമതി.’ ഒരു സുപ്രഭാതത്തില്‍ പേനയെടുത്തപ്പോള്‍ വന്നതാണ് അരുന്ധതിക്കെഴുത്ത്, അതിനു പിന്നില്‍ നിലക്കാത്ത വായനയോ നീണ്ട നിരീക്ഷണങ്ങളോ ഇടതടവില്ലാത്ത ധ്യാനമോ ഇല്ലെന്ന മട്ടിലെ അവരുടെ പറച്ചിലില്‍ മനം നൊന്ത് ഞാനും ആ മാഷും കൂടി ചിരിച്ചത് ഞാനിടക്കിടെ ഓര്‍ക്കാറുണ്ട്.

തുടരെത്തുടരെ പരീക്ഷകളില്‍ അതും ദയനീയമായി തോല്‍ക്കുമ്പോള്‍, ‘ഞാന്‍ പഠിക്കാഞ്ഞിട്ടല്ല അമ്മേ, പറ്റാഞ്ഞിട്ടാണെനിക്ക്, ഞാന്‍ ഗെയിം കളിച്ച് സമയം കളഞ്ഞിട്ടില്ല, കോഴ്‌സ് തീരുമ്പോഴേക്ക് എല്ലാം എഴുതിയെടുക്കാം എന്നു പറയുന്നില്ല, പതുക്കെ ആവും പോലെ എഴുതിപ്പാസ്സാകാം, എന്നിട്ടെനിക്ക് ഇഷ്ടമുള്ള ഏരിയയില്‍ കുറച്ചുനാളെങ്കിലും പഠിക്കണം, ഞാന്‍ പഠിക്കുമങ്ങനെ’ എന്ന് അവന്റെ തോല്‍വികളില്‍ തകര്‍ന്ന് കരയുന്ന അമ്മയോട് വികാരരഹിതനെന്നു ഭാവിച്ച് പറയുന്ന എന്‍ജിനീയറിംഗ് കുട്ടിയെ ആ അമ്മയ്‌ക്കെങ്ങനെ കുറ്റപ്പെടുത്താനാവും? അവന്‍ പഠിച്ചത് അവന്റെ അച്ഛന്‍ അവനു നല്ലത് എന്നു റിസര്‍ച്ചു ചെയ്തു കണ്ടു പിടിച്ച വിഷയമാണ് എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. അവന് ഇഷ്ടമുള്ളയിടത്ത് എന്നെങ്കിലും ചെന്നു നിന്ന് അവനും തിളങ്ങും എന്നെനിക്ക് ഉറപ്പാണ്.

കലാപാരമ്പര്യം രക്തത്തിലുണ്ടായിരുന്നിട്ടും അത് തിരിച്ചറിയാനാവാതെ എന്‍ജിനീയറിങ്ങില്‍ പെട്ട്, എന്തോ ഭാഗ്യത്താല്‍ വീട്ടുകാരും ആ കുട്ടിയും ‘ഇതല്ല വഴി’ എന്നു തിരിച്ചറിയുകയും പിന്നെ അനിമേഷന്‍ ആന്റ് അഡ്വര്‍ട്ടൈസിങ് എന്ന കോഴ്‌സിലേക്ക് എത്തുകയും തുടക്കം മുതലേ പരസ്യമേഖലയില്‍ മുദ്ര പതിപ്പിക്കാനാവുകയും ചെയ്തുവരുന്ന കുട്ടിയുടെ സന്തോഷം, അവരുടെ വീട്ടുകാരുടെ നിറവ് ഒക്കെ ഞാന്‍ കാണുന്നുണ്ട്. കുട്ടിയുടെ പരീക്ഷാമികവല്ല, കുട്ടിയുടെ സാന്നിദ്ധ്യം അവര്‍ക്ക് കൊടുക്കുന്ന സന്തോഷമാണ് എന്തിനേക്കാളും മീതെ ജീവിതത്തില്‍ ഒരച്ഛനുമമ്മയ്ക്കും വേണ്ടത് എന്ന് ജീവിതം ആ വീട്ടുകാരെ പഠിപ്പിച്ചിട്ടുണ്ട്.

കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ബ്രാഞ്ചില്‍ അവന്‍ കളഞ്ഞ രണ്ടുവര്‍ഷം ജീവിതത്തിലെവിടെയെങ്കിലും അവനെ പുറകിലാക്കുമെന്നെനിക്കു തോന്നുന്നില്ല. മറ്റു കൂട്ടുകാര്‍ക്കൊപ്പം ആ കുട്ടി രണ്ടു വര്‍ഷം മുമ്പേ തന്നെ നല്ല ശമ്പളമുള്ള ഒരു ജോലിയിലെത്തിയിരുന്നു എങ്കില്‍, അവന്റെയും അവന്റെ വീട്ടുകാരുടെയും ജീവിതത്തില്‍ ആ ചുവടു കൊണ്ട് അനിര്‍വ്വചനീയമായ ഒരു മഹാനേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് സ്വന്തം ജീവിതം അളന്നു നോക്കുമ്പോഴേ നമ്മളോരോരുത്തരും അറിയൂ…

priya a s ,memories

എന്‍ജിനീയറിങ് തീരാന്‍ അവസാന രണ്ടു സെമസ്റ്റര്‍ മാത്രം ബാക്കിയുള്ളപ്പോള്‍, കോഴ്‌സ് മതിയാക്കാന്‍ തീരുമാനിച്ച രണ്ടു കുട്ടികളുണ്ട്. അവരുടെ ശരീരത്തിന്റെ നടനസാദ്ധ്യതകള്‍ അത്ഭുതപ്പെടുത്തിയിരുന്നു. അതിലെ ഒന്നാംകുട്ടി, ക്വിസ് പ്രോഗ്രാം വളരെ പ്രൊഫഷണലായിട്ട് നടത്തുന്നതും ഞാൻ ആസ്വദിച്ച് കണ്ടിരുന്നു. ആ കുട്ടിക്ക് ഐഐടി യില്‍ ആര്‍ക്കിടെക്ചറിന് അഡ്മിഷന്‍ കിട്ടിയതാണ്. ഒറ്റ മകനെ ദൂരെ പഠിക്കാന്‍ വിടുന്നതിലെ വിഷമവും വക്കീല്‍ പണി പോലെ അവനവന്‍ മികവ് തെളിയിച്ച് സ്വയം എസ്റ്റ്ബാളിഷ് ചെയ്തെടുക്കേണ്ടുന്ന ഇടമാണ് ആര്‍ക്കിടെക്ചര്‍ എന്ന തടസ്സവും പറഞ്ഞ് അവനെ ആരും അവന്റെ ഇഷ്ടത്തിന് വിട്ടില്ല. ഫുട്‌ബോള്‍, നൃത്തം, ക്വിസ് മികവുകള്‍ എന്നിവ അല്ല പരീക്ഷയാണ് വലുതെന്ന് പറഞ്ഞ്, ഉയര്‍ന്ന വിജയങ്ങളില്‍ ഇതില്‍ പലതിനും ടിവി ഷോകളില്‍ എത്തിയിരുന്ന അവനെ അവര്‍ തുടര്‍ പെര്‍ഫോമന്‍സിന് വിട്ടുമില്ല. കോഴ്‌സ് രണ്ടു സെമസ്റ്റര്‍ ബാക്കിനില്‍ക്കെ അവന്‍ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്റെ ടൂറിസം കോഴ്‌സിനു പോയി.

നല്ല പഠിപ്പും വിവരവും ഉള്ള അച്ഛനമ്മമാരുടെ വികലവീക്ഷണങ്ങളില്‍ പെട്ടാണ് അവന്റെ ഭാവി ഉടഞ്ഞതെങ്കില്‍ രണ്ടാമന്റെ ഭാവി പോയത്, ലോകത്തു നടക്കുന്ന പുതിയ പഠനരീതികളെക്കുറിച്ച് അവന്റെ  അച്ഛന് വിവരമില്ലാതെ പോയതു കൊണ്ടാണ്. അവന് സോഷ്യല്‍ വര്‍ക്ക് ആയിരുന്നു ഇഷ്ടം. കോഴ്‌സ് നിര്‍ത്തി ട്രാന്‍സ്ഫര്‍ സർട്ടിഫിക്കറ്റ് വാങ്ങി പോകാന്‍ എത്തിയ അവനൊപ്പം വന്ന അവന്റെ അച്ഛന്‍ വിശ്വസിക്കുന്നത് സാമൂഹിക സേവനം എന്നാല്‍ ഒറ്റപ്പൈസ വാങ്ങാതെ സ്വയം ചെയ്യുന്ന ഒരു നല്ല കാര്യമാണ്, അതിനെന്തു കോഴ്‌സ്, അതിലെന്തു വരുമാനം, അതിനെന്തു തൊഴില്‍ സാദ്ധ്യത എന്നാണ്.

ഈ രണ്ടു കുട്ടികളും എറണാകുളത്തെ ഒരു മികച്ച സ്‌പോര്‍ട്‌സ് സെന്ററില്‍ പാര്‍ട് ടൈം ജോലി ചെയ്തു കൊണ്ട് അവര്‍ക്കിഷ്ടമുള്ള വഴിയേ പോകുന്നു എന്നാണ് അറിയാനായത്. ടൂറിസം പഠിക്കുന്നയാളും BSW (ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്) പഠിക്കുന്നയാളും മികച്ച വിജയം കൈ വരിക്കുമെന്നുറപ്പുള്ളതിനാല്‍, അവരെത്ര ശ്രമിച്ചാലും അവര്‍ പാതിയാക്കി വച്ച കോഴ്‌സിലെ അവര്‍ക്കിഷ്ടമില്ലാത്ത വിഷയങ്ങള്‍ പഠിച്ചു പാസാവില്ല എന്നുറപ്പുള്ളതിനാല്‍, രണ്ടു സെമസ്റ്ററല്ലേയുള്ളൂ ബാക്കി എന്നു നിര്‍ബന്ധിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും തോന്നിയില്ല.

തല വച്ചു കൊടുത്തു പോയില്ലേ, ഇനി പാതി വച്ച് മതിയാക്കിയാല്‍ നാട്ടുകാരും വീട്ടുകാരും എന്തു പറയും, പാതിക്കു വച്ച് കലമുടക്കല്‍, അത് ശരിയാവില്ലല്ലോ എന്നെല്ലാം സ്വയം ഉന്തിത്തള്ളി പരീക്ഷാക്കടമ്പ കടക്കാന്‍ ശ്രമിക്കുന്ന എത്ര കുട്ടികളെയാണ് ദിവസവും കാണുന്നത്! എത്രയോ രക്ഷിതാക്കളാണ് എന്റെ കുട്ടിക്കിതെന്തു പറ്റി, ഇങ്ങനെയായിരുന്നില്ലല്ലോ ഈ കുട്ടി എന്നു വ്യാകുലപ്പെട്ട് ശിലകള്‍ പോലെ സര്‍വ്വകലാശാലകളില്‍ വന്നു നില്‍ക്കാറുള്ളത്! ഇതെടുക്കുമ്പോള്‍, ഇലക്ട്രോണിക്‌സ് പഠിക്കാനുണ്ടെന്നറിയില്ലായിരുന്നു, എനിക്ക് തീരെ പറ്റാത്ത വിഷയമാണിത് എന്നു പറഞ്ഞു നില്‍ക്കുന്ന പതിനെട്ടുകാരന്‍ കുട്ടിയുടെ വലിയ ചിന്താക്കുഴപ്പത്തിനോട് എന്തു മറുപടി പറയും?

ഞാന്‍ ജോലി ചെയ്യുന്ന കുസാറ്റില്‍, Fresher’s Day അരങ്ങേറുമ്പോള്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്ന ഒന്നാം സെമസ്റ്റര്‍ കുട്ടികളോട്, എന്തു കൊണ്ട് ഈ ബ്രാഞ്ച് തെരഞ്ഞെടുത്തു എന്ന് സീനിയേഴ്‌സ് ചോദിക്കുമ്പോള്‍ ‘വീട്ടുകാര് പറഞ്ഞു ഇത് നല്ലതാണെന്ന്’ എന്ന സ്ഥിരം നിഷ്‌കളങ്കപല്ലവി മുഴങ്ങുകയും അതിലെ അപകടം മണത്ത് ഞാന്‍ തകര്‍ന്നുപോവുകയും ചെയ്യാറുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വന്നുചേരുന്ന കുട്ടികളില്ലാത്തതു കൊണ്ടാണ് ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലെയും റിസള്‍ട്ട് മോശമാവുന്നത് എന്നതാണ് പരമാര്‍ത്ഥം.

ഇന്‍സ്ട്രുമെന്റേഷന്‍ എന്നു കേട്ട് ഒരുപാട് ഇന്‍സ്ട്രുമെന്റ്‌സ് ഉണ്ടാവും അവിടെ എന്നു സ്വപ്‌നം കണ്ടുവന്ന ഒരച്ഛന്റെ പുറകെ വന്ന കുട്ടിയാകാം ജയിക്കാതെ പോകുന്നത്. തോറ്റവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാന്‍ തന്നെ ഒരലമാര ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വേണ്ടിവരുന്ന സ്ഥിതിയാണ്. മുപ്പതു സര്‍ട്ടിഫിക്കറ്റുകള്‍ വരെ പല പല സപ്ലിമെന്ററികളുടേതായി എടുത്തു കൊടുക്കേണ്ടി വരുമ്പോള്‍ മനസ്സിലാകുന്നത് അവര്‍ക്കീ തോല്‍വി സമയത്ത് വീട്ടില്‍ അവതരിപ്പിക്കാനാവുന്നില്ല എന്നു തന്നെയാണ്.

‘ദൂരക്കൂടുതല്‍’ എന്നു പറഞ്ഞ്, പേരന്റ് – ടീച്ചർ മീറ്റിങ്ങിനു പോലും പല രക്ഷിതാക്കളും വരാറില്ല. ഒന്നു വല്ലപ്പോഴും അന്വേഷിച്ചുവന്നാൽ അറിയാവുന്ന ഈ കുട്ടികളുടെ പരാജിതനില ഏറ്റവുമൊടുക്കം മെയിന്‍ റിസള്‍ട്ടിലൂടെ അറിയാനിട വരുമ്പോള്‍, കുട്ടിയെ വീട്ടില്‍ കയറ്റാതിരിക്കുക എന്ന കടുത്ത നടപടിയിലേക്ക് അവര്‍ തിരിയുന്നത് കുട്ടികള്‍ ചിരിച്ചു കൊണ്ടാണ് പറയാറ് എങ്കിലും അവരുടെ ഉള്ള് പിടയുന്നത് ഞങ്ങള്‍ക്കൊക്കെ തൊട്ടറിയാം. ഈ തൊട്ടറിവാണ് രക്ഷിതാക്കള്‍ക്ക് പലപ്പോഴുമില്ലാതെ പോകുന്നതും കുട്ടിയെ പിന്നീടൊരിക്കലും ഒരിടത്തും ജയിക്കാത്തയാളാക്കുന്നതും.

കാമ്പസ് എന്ന കുടക്കീഴിലെ തണലില്‍ തോല്‍വികള്‍ കുട്ടികളെ അത്രയൊന്നും പഠനകാലത്ത് ബാധിക്കുന്നില്ല. പക്ഷേ ആ പച്ചക്കുട മാറിപ്പോകുന്ന അവസാന സെമസ്റ്ററില്‍ സൂര്യാഘാതമേറ്റ് പിടഞ്ഞ് പൊള്ളി, മുന്നറിയിപ്പു പലതവണ കിട്ടിയിട്ടും നേരെ ചൂടത്തേക്കിറങ്ങിയതിനെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെടുന്നവരെ കാണാം. ഇതുവരെ ക്‌ളാസില്‍ കേട്ടും എഴുതിയും പഠിച്ച വാക്കുകളിലെ അറിവല്ല ജോലിയിടത്ത് നിന്നു കിട്ടുന്ന പ്രാക്റ്റിക്കല്‍ അറിവ്, ഇതൊക്കെ എന്തു പഠനരീതി, ഇതൊക്കെ നമ്മളെന്നാണ് മാറ്റുക എന്നു ബോധവാന്മാരാകുന്ന കുട്ടികളും കാമ്പസ് തരുന്ന അവസാനചിത്രങ്ങളില്‍ പെടും. നമ്മുടെ ക്‌ളാസ്‌ റൂം രീതികള്‍ പുസ്തകത്തിനും പരീക്ഷക്കുമേ ചേരൂ, ജീവിതത്തിന്റെ മെക്കാനിക്ക്‌സിനു ചേരില്ല എന്ന ഈ കുട്ടികളുടെ വിലയിരുത്തല്‍ കൂടി കണക്കിലെടുത്ത് പരിഷ്‌ക്കരിക്കേണ്ടതില്ലേ നമ്മുടെ പാഠ്യരീതികള്‍?

സ്വന്തം കുട്ടിയുടെ തോല്‍വി യഥാസമയത്ത് അറിയുന്ന രക്ഷിതാക്കളാവട്ടെ, ഇത് പുതിയ പഠനത്തിനോട് അഡ്ജസ്റ്റ് ചെയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണ്, അടുത്ത തവണ ശരിയാകും എന്നവരവരെതന്നെയും കുട്ടികളെയും ആശ്വസിപ്പിക്കുന്നു. ആവും, എനിക്കാവും എന്ന് കുട്ടിയും വിശ്വസിച്ചുപോകുന്നു… പക്ഷേ വിശ്വാസമല്ലല്ലോ പഠനം! അങ്ങനെ തോല്‍വി ആവര്‍ത്തനമാകുന്നു. നിരാശരാകുന്ന കുട്ടികളില്‍ ചിലര്‍ക്കെങ്കിലും മനസ്സിന്മേലുള്ള പിടി വിട്ടുപോകുന്നതായിക്കാണാം.priya a s, memories

എത്രയോ കാലമായി ഒരമ്മ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സപ്‌ളിമെന്ററി പരീക്ഷകളുടെ തീയതി അന്വേഷിച്ച് വിളിക്കുന്നു എന്ന് നിരന്തരമായി അവരുടെ ഫോണ്‍ അറ്റന്‍ഡു ചെയ്തു ചെയതറിയാം. പക്ഷേ ഒരിക്കലും അമ്മ പറയുന്ന പേരുകാരന്‍ പരീക്ഷക്ക് അപേക്ഷിച്ചു കാണാറില്ല. ആ പേരുകാരനെ ഞാനിതു വരെ കണ്ടിട്ടുമില്ല. പക്ഷേ എനിക്ക് ആ അമ്മയും പണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നവരും പറഞ്ഞറിയാം അവന് സിനിമയാണ് പ്രാണന്‍. ഏതെങ്കിലും ഒരു ദിവസം ആ പേര് പത്രത്താളില്‍ സംവിധായകന്‍ എന്നു പറഞ്ഞ് തെളിഞ്ഞു വരും എന്ന് ഞാന്‍ മോഹിക്കാറുണ്ട്.

‘പറ്റുന്നില്ല, ടിസി വാങ്ങാന്‍ വന്നതാണ്’ എന്നു പറയുന്നവരെ ഉപദേശിച്ചവിടെ നിര്‍ത്താന്‍ നോക്കാത്ത അദ്ധ്യാപകരെ ഈയിടയായായി കൂടതല്‍ കാണുന്നു. അവരൊരുപാട് ബഹുമാനമര്‍ഹിക്കുന്നു.

മക്കളും അവരുടെ ഇഷ്ടവും അവരുടെ മനസമാധാനവും സന്തോഷവും എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കാതെ ‘ഞാന്‍, എനിക്ക് എന്റെ കുട്ടിയെച്ചൊല്ലിയുള്ള സ്വപ്‌നം’ എന്നു സ്വപ്‌നം കാണുന്ന വീട്ടുകാരാണ് ഓരോ കുട്ടിയെയും ധര്‍മ്മസങ്കടങ്ങളിലും മനോസംഘര്‍ഷങ്ങളിലും ആക്കുന്നതും അവരുടെ ഭാവി നശിപ്പിച്ച് അവരെ ഒന്നിനും കൊള്ളാതാക്കുന്നവരും. കുട്ടികളുടെ സ്വയം തീരുമാനങ്ങളിലും തെറ്റു പറ്റിക്കൂട എന്നൊന്നുമില്ല. എനിക്കു ചേരാത്തത് എന്നു കുട്ടി തിരിച്ചറിഞ്ഞാല്‍ – അതു ജീവിതത്തിലെ ഏതു മേഖലയെക്കുറിച്ചുമാവാം- കുട്ടിക്കതില്‍ നിന്നു പിന്തിരിഞ്ഞു നടക്കാനുള്ള ത്രാണി കൊടുക്കുക എന്നതാണ് അച്ഛനുമമ്മക്കും ഒരു കുട്ടിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം. തീരുമാനങ്ങളും ഇഷ്ടങ്ങളും തെറ്റിപ്പോകാത്ത ആരാണ് ഈ ഭൂമിയിലുള്ളത്? priya a s, memories

നമുക്കിപ്പൊഴും ഡോക്ടര്‍മാരാണ്, എന്‍ജിനീയര്‍മാരാണ്, ഐ എ എസുകാരാണ് പ്രധാനം. അതിനപ്പുറം സ്‌പോര്‍ട്‌സ്, ബിസിനസ്, കൃഷി, മാദ്ധ്യമപ്രവര്‍ത്തനം, പരസ്യം, സാമൂഹ്യസേവനം, സിനിമ, നൃത്തം അങ്ങനെ എത്രയോ മേഖലകള്‍ എന്ന് കുട്ടികളെ നമ്മളും സ്‌കൂളുകളും പഠിപ്പിക്കുന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്തവര്‍ അങ്ങനെ പറഞ്ഞാല്‍ അവര്‍ക്കത്രയേ വിവരമുള്ളൂ എന്നു കരുതാം, റാഡിക്കല്‍ ലിബറല്‍ ചിന്തകളുടെ കുത്തക തങ്ങള്‍ക്ക് എന്നൊക്കെ അവകാശപ്പെടുന്ന സ്ഥിരം ഫിലിം  ഫെസ്റ്റിവെല്‍ കാണാന്‍ പോകുന്നവരും പ്രബോധനറാലികളില്‍ പങ്കെടുക്കാന്‍ തുനിഞ്ഞിറങ്ങുന്നവരുമായ സൊ കോള്‍ഡ് ഉത്പതിഷ്ണുക്കളും അവരവരുടെ മക്കളുടെ കാര്യം വരുമ്പോള്‍ പൊതുജന അംഗീകാരമുള്ള വഴികളിലൂടെ മക്കള്‍ പോകണമെന്നു ശഠിക്കുന്നതാണ് ഇതിലെ രസം.

എനിക്കീ വഴിയാണ് ചേരുക, നിങ്ങളച്ഛനമ്മമാര്‍ എനിക്കു വേണ്ടി കണ്ടു പിടിച്ച ഈ വഴിയേ പോയാല്‍ ഞാന്‍ വീണുടയും, എനിക്കെന്നെ നഷ്ടമാകും, ഒടുക്കം എന്നെയും നിങ്ങള്‍ക്ക് നഷ്ടമാവും എന്നു പറയാന്‍ മാത്രം അവനവനെക്കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാതെ പോകുന്ന കുട്ടികളാണ് കൂടുതല്‍ പേരും. ആ പ്രായത്തില്‍, മറ്റുള്ളവരുടെ ചെലവില്‍ കഴിയുമ്പോള്‍ ഒരു പക്ഷേ ഒരു സാധാരണ കുട്ടിക്ക് അത്രയൊക്കെയേ ‘എന്റെ, എന്റെ വഴി’ എന്ന് ശാഠ്യം പിടിക്കാനാവുള്ളു എന്നതാണ് സത്യം.

ഇഷ്ടമുള്ളത് ചെയ്യുമ്പോഴേ നമുക്ക് തിളങ്ങാനാവൂ എന്നതും കൂടി നമ്മള്‍ നമ്മളുടെ തന്നെ ജീവിതത്തെ തിരിഞ്ഞുനോക്കി കുട്ടികളോട് പറഞ്ഞുകൊടുക്കണം. സ്‌ക്കൂളുകളില്‍, അവിടെ നിന്ന് ജയിച്ചുപോയവരെ വിളിച്ച് എങ്ങനെയാണ് വീട്ടുകാരുടെ ചോയ്‌സിനപ്പുറം തങ്ങളുടെ സ്വപ്നത്തെ പിന്തുടര്‍ന്ന് തങ്ങള്‍ മിടുക്കരായത് എന്ന് വല്ലപ്പോഴുമെങ്കിലും ക്‌ളാസെടുപ്പിക്കേണ്ടതുണ്ട്.

പേസ്റ്റില്ലാത്ത ട്യൂബില്‍ നിന്ന് പേസ്റ്റെടുക്കാനാവില്ലല്ലോ?

മാവില്‍ നിന്ന് തേങ്ങ പറിക്കാനാവില്ലല്ലോ?

മീനിന് മരം കേറാന്‍ പറ്റില്ലല്ലോ?

ഇതെല്ലാം ജോമെട്രിയാണമ്മേ എന്നു പറഞ്ഞ് സ്വിച്ച് ബോര്‍ഡും ടിവിയും ഭിത്തിയും ഒക്കെ ആവേശത്തോടെ കാണിച്ചു കൊടുക്കുന്ന കുട്ടിക്ക് അക്ബറിന്റെ ഭരണപരിഷ്‌ക്കാരങ്ങളിഷ്ടാവണമെന്നില്ലല്ലോ.

ചക്കക്കാണോ മാങ്ങക്കാണോ കൂടുതല്‍ മധുരം എന്നു ചോദിച്ചാന്‍ രണ്ടിനും രണ്ടു മധുരമാണല്ലോ.

ഇത് പറഞ്ഞു കൊടുക്കേണ്ടത് വീട്ടുകാര്‍ മാത്രമല്ല, സ്‌കൂളുകളും സമൂഹവും കൂടിയാണ്.

ഒരു കഴിവുമില്ലാതെ ഒരു കുട്ടിയും ജനിക്കുന്നില്ല.

ഏതു കഴിവും മനോഹരമായി, നശീകരണത്തിനായല്ലാതെ വളര്‍ത്തിക്കൊണ്ടുവരുമ്പോഴാണ് ഒരു കുട്ടി വത്യസ്തനാകുന്നത്. അതു പറഞ്ഞു കൊടുക്കാന്‍, അതിനു വളമിടാന്‍ ചുറ്റുപാടും ആളുണ്ടാകുന്നതാണ് അതിനേക്കാളേറെ പ്രധാനം. വിട്ടുപോകാന്‍ വരുന്നവരെ അതിനനുവദിക്കുന്ന അദ്ധ്യാപകരെ കാണുമ്പോള്‍ എനിക്ക് അരുന്ധതി റോയിയുടെ ആദ്യ പുസ്തകത്തിലെ സമര്‍പ്പണം ഓര്‍മ്മവരും, ‘തന്നെ വിട്ടുപോകാനനുവദിക്കാനും തക്കവണ്ണം വിശാലാര്‍ത്ഥത്തില്‍ എന്നെ സ്‌നേഹിച്ച, വളര്‍ത്തിവലുതാക്കിയ മേരി റോയിക്ക്.’ കൂടെ നില്‍ക്കാനനുവദിക്കലോളം പ്രധാനമാണ് വിട്ടുപോകാനനുവദിക്കല്‍. priya a s, memories

കുട്ടികളെ വളര്‍ത്തുന്നതിനിടെ നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത്, തെരഞ്ഞെടുക്കുന്ന പഠനവഴി തനിക്ക് ശരിയാവുന്നില്ല എന്നു കുട്ടിക്ക് തോന്നിയാല്‍ ആ തോന്നലിന് കൂട്ടുനിന്ന് അത് ഉപേക്ഷിച്ച് വഴിമാറി നടക്കാന്‍ നേരം ആ കുഞ്ഞിന്റെ കൈ പിടിക്കാന്‍ നമ്മുടെ ചൂണ്ടു വിരല്‍ നീട്ടാനാവണേ എന്നാണ്. സ്‌കൂളുകള്‍ കുട്ടികള്‍ക്കു കൂട്ടുനില്‍ക്കേണ്ടത് എ ഗ്രേഡ് എല്ലാത്തിനും വാങ്ങാനല്ല, എല്ലാമിങ്ങനെ പഠിച്ചുവരുമ്പോള്‍ തനിക്കേതാണ് ഹൃദയത്തോടു ചേര്‍ത്തു വച്ചു പഠിക്കാന്‍ തോന്നുന്നത് എന്ന് കൃത്യമായി മനസ്സിലാക്കിക്കൊടുക്കാനാണ്. അങ്ങനെ കുട്ടികളെ വാര്‍ത്തെടുക്കാനാവാതെ വീടിനും സ്‌ക്കൂളിനും സമൂഹത്തിനും വരുന്നയിടത്തുവച്ചാണ്, കുട്ടികള്‍ എനിക്കേതാണ് ഇഷ്ടം എന്നറിയാതെ വന്ന് വീട്ടുകാര്‍ പറയുന്ന വഴിയേ മനസ്സില്ലാമനസ്സോടെ പോയി അടി പതറി വീഴുന്നത്. നീ ഈ വഴിയേ പോ എന്നു നിര്‍ബന്ധബുദ്ധി പിടിക്കുന്ന വീട്ടുകാരുടെ അടുത്ത് അല്ല, അതാണ് ഞാന്‍, എന്റെ സ്വപ്‌നം എന്നു കുട്ടിക്ക് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി ഉണ്ടാക്കിക്കൊടുക്കാനാകാത്ത വിദ്യാഭ്യാസം സത്യത്തിലെന്തിനു വേണ്ടിയാണ്?

തോല്‍വിപോലും മറ്റൊരു തരം വിജയമാണ് എന്ന് അരുന്ധതി റോയി അടുത്തകാലത്ത് ഞാനുമായുള്ള ഒരു സംഭാഷണത്തിനിടെ ഓര്‍ത്തെടുക്കുകയുണ്ടായി, പണ്ടൊരു അഞ്ചാം വയസ്സിലെ പിറന്നാളിന്,’ നന്നായി പഠിക്കണം’ എന്നെല്ലാം എല്ലാവരും പറയുമ്പോള്‍ ‘നീ തോറ്റാല്‍ നിനക്കിതു തരാം’ എന്നു ഒരു ഭംഗിയുള്ള വണ്ടിനെ കാണിച്ച്,  പറഞ്ഞ ഓക്‌സ്‌ഫോര്‍ഡ് പഠനക്കാരന്‍ തന്റെ അമ്മാവന്‍ ജോര്‍ജ് ഐസക് (‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി’ലെ ചാക്കോ) എന്ന് പറഞ്ഞ് ആ ചാക്കോ-വര്‍ത്തമാനമാവാം വഴി മാറി നടക്കാന്‍, എക്‌സ്‌പെരിമെന്റലായി എഴുതാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് അരുന്ധതി പറയുകയുണ്ടായി.

priya as malayalam writer

കിട്ടുന്നത് ഒരു വണ്ടിനെയാണെങ്കിലെന്ത്, അത് മനസ്സിനിഷ്ടപ്പെട്ടതാണെങ്കില്‍ മറ്റെന്താണ് വേണ്ടത് എന്ന ഒരു ചെറിയ ചോദ്യമേയുള്ളു നമുക്കു നമ്മളോടു ചോദിക്കാന്‍…

എന്നെ കുറിച്ച് പറയുകയാണെങ്കിൽ, ഫിസിക്‌സോ മാത്‌സോ ഞാന്‍ വരച്ച വരയില്‍ നിന്നില്ല, അപ്പോള്‍ എനിക്ക് തുണവന്നത് കുറച്ച് മലയാളം അക്ഷരങ്ങളാണ്, ഞാന്‍ മലയാളം അക്ഷരം വരച്ച് ജീവിയ്ക്കണ്ട എന്നു തീരുമാനിച്ചില്ല എന്റെ വീട്ടുകാര്‍, അതു കൊണ്ട് ഞാനും എന്റെ എഴുത്തുമുണ്ടായി. എന്റെ അനിയന്‍, കെമിസ്ട്രി പഠിപ്പിക്കാന്‍ അമ്മ വിളിച്ചപ്പോഴൊക്കെ, ‘ഞാന്‍ തേഡ് ഗ്രൂപ്പാണെടുത്തു പഠുക്കുന്നത്, അതിന് അഡ്മിഷന്‍ കിട്ടാന്‍ കെമിസ്ട്രിക്ക് മാര്‍ക്കൊരുപാട് വാങ്ങിച്ചിട്ട് കാര്യമില്ല’ എന്നു പറഞ്ഞ്, ‘ഞാന്‍ വക്കീലാകാനാണ് പോകുന്ന’തെന്ന് മൂന്നാം ക്‌ളാസിലേ വച്ച് പ്രഖ്യാപിച്ച് ജഡ്ജിയോളമെത്തി.

കുറച്ച് മലയാളം അക്ഷരമല്ലാതെ വേറൊന്നും സ്വത്തായി ഇല്ലാത്ത ഈ ഞാന്‍, എന്റെ അതേ സ്‌ക്കൂളില്‍ത്തന്നെ പഠിച്ച മനുഷ്യാവകാശക്കമ്മീഷന്‍ ചെയര്‍മാനും ജഡ്ജിക്കും സയന്റിസ്റ്റിനുമൊപ്പം നില്‍ക്കുന്നു പ്രധാന അതിഥിയായി. മാത്‌സില്‍ തോറ്റയാളും മലയാളം ഇഷ്ടമില്ലാത്തയാളും കെമിസ്ട്രി ഊരാക്കുടുക്കായിരുന്നയാള്‍ക്കും അപ്പോള്‍ ജീവിതത്തില്‍ അവരവര്‍ക്കിഷ്ടമുള്ള വഴിയേ പോയി ജയിക്കാം അല്ലേ?

ബോണ്‍വിറ്റയുടെ #LookBeyondMarks ക്യാംപെയനില്‍ പറയുമ്പോലെ എല്ലാവര്‍ക്കും XL ഉടുപ്പുകളല്ലല്ലോ ചേരുക! എല്ലാവരും XL ഉടുപ്പുകളിടുന്ന, എല്ലാവരും ഡോക്ടറാകുന്ന, എല്ലാവരും എല്ലാ പരീക്ഷകളിലും ജയിക്കുന്ന ലോകം, എന്തൊരു ബോറായിരിക്കും അത്!

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Exam pressure career choices burdening children progressive parenting nurturing talent priya as priyam apriyam column