മകരം തീരാനിനി അധികം ദിവസങ്ങളില്ല. രാത്രിക്ക് ഇളംമഞ്ഞിന്റെ കുളിര്. രാക്കാറ്റിനൊപ്പം മാമ്പൂമണം പടരുന്നു. നിന്റെ ഇല്ലായ്മയുടെ തോളിൽ ചാരി ഞാനിരിക്കുന്നു. പ്രിയമുള്ളവനേ, നിന്നെ മാത്രം ഓർക്കുകയാണ് ഞാനീ രാത്രിയിലും.

കണ്ടിട്ടെത്ര നാളായി, അല്ലേ? അല്ല, നിന്നെ മാത്രമേ ഞാൻ കാണുന്നുള്ളൂ എന്നുവേണം പറയാൻ. അതാ, കാവിന് കാവലായ വെള്ളമന്ദാരത്തിന് പിന്നിലായ്, പതുങ്ങിനിൽക്കുന്ന ചന്ദ്രന്റെ മടിയിലിരുന്ന് നീയെന്നെ ഇമവെട്ടാതെ നോക്കുന്നുണ്ട്.

നിലാക്കടലൊഴുകിപ്പടർന്ന രാവുകളിൽ, ഒരു ജിന്നായ് വന്ന് നീയെന്നെ പുണർന്നു കിടക്കുന്നത് ഞാനറിയാറുണ്ട്. മറ്റു ചിലപ്പോൾ, രാവും വീടും നിശ്ശബ്ദമാകവേ, ഉറക്കത്തിന്റെ അടരുകളിൽ നിന്നെന്നെ അടർത്തിമാറ്റി, ജാലകവിരിപ്പിനപ്പുറം തെളിയുന്ന നക്ഷത്രക്കൂട്ടങ്ങൾക്കിടയിലേക്ക്, നീയെന്നെ ചുമലിലേറ്റി കൊണ്ട് പോകാറുണ്ട്. നമുക്കായ് പെയ്യാതെ പോയ കാർമുകിലുകളുടെ തുഞ്ചത്ത്, മിഴികൾ കോർത്തിരുന്ന് നാം സ്നേഹം പൊഴിക്കാറുണ്ട്. പരിഭവങ്ങൾ പറയവേ, നീയെന്റെ ജീവനാണ് പെണ്ണേ, നീയില്ലാതൊരു ലോകമില്ലെനിക്കെന്നോതി എന്റെ കൈകൾ നെഞ്ചോട് ചേർക്കാറുണ്ട്. പിന്നെ ആ ഇരുപ്പിലെപ്പോഴാണ് നിന്റെ മടിയിലേക്ക് ഞാൻ ചാഞ്ഞുവീഴുന്നതും, നീയെന്നെ ഉറക്കത്തിന്റെ കമ്പിളിക്കടിയിൽ പുതപ്പിച്ചുകിടത്തി എന്നിൽ നിന്ന് പറന്നു പോകുന്നതും ?

എന്നിരിക്കിലും, പുലരികളിൽ എണീക്കൂ പ്രണയമേ എന്നെന്റെ ചെവികളിൽ മന്ത്രിച്ചുണർത്തുന്നത് നീയാണ്. വാതിൽ തുറക്കുമ്പോൾ, ആര്യവേപ്പുകളെ തഴുകിവരുന്ന കാറ്റായ് ആദ്യമെന്നെ വന്നു തൊടുന്നത് നീയാണ്. മുറ്റത്തേക്കിറങ്ങി നടക്കവേ, പൂവാംകുരുന്നിലയുടെ കുഞ്ഞു വയലറ്റ് പൂക്കളായും, മാങ്കോസ്റ്റീൻ തടത്തിന്റെ നനവ് പറ്റി വളരുന്ന മുക്കുറ്റിപ്പൂക്കളായും, ചാഞ്ഞുകിടക്കുന്ന മാവിൻതലപ്പിന്റെ കീഴിലായതിനാൽ കൊടുംവെയിലിൽ പതറാതെ നിൽക്കുന്ന കാശിത്തുമ്പകളായും നീയെന്നോട് പുഞ്ചിരിക്കുന്നുണ്ട്. വേനലിനോടുള്ള പ്രണയം ഇലത്തഴപ്പുകളിൽ പടർത്തി, പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളായ് നീയെനിക്ക് തണലേകുന്നുണ്ട്. നനയ്ക്കാൻ പോകുമ്പോൾ, കവുങ്ങിൻതോട്ടത്തിലെ ഏതോ വാഴക്കൂട്ടങ്ങളുടെ മറവിൽ നിന്ന്, ഒന്നുമ്മ വെയ്ക്കാൻ മാത്രമായ് പൊടുന്നനെ നീയെന്റെ മുന്നിലേക്കിറങ്ങിവരാറുണ്ട്. ജാതിമരങ്ങളുടെ നിബിഡതയിലേക്ക് ചാരിനിർത്തി, ചുംബനമുദ്രകളാൽ മൂടി വിവശയാക്കാറുമുണ്ട്. പക്ഷേ നിന്നെയൊന്ന് കാണാനായ് കണ്ണുകൾ തുറക്കവേ, എന്നിലേക്കൊതുങ്ങിനിന്ന നിന്നെയടർത്തിമാറ്റി കരിമ്പനകൾക്ക് മീതെ കാവലിരുന്ന കാറ്റ് എത്ര വേഗത്തിലാണ് നിന്നെയുംകൊണ്ട് പാഞ്ഞുപോയത് ?

നിനക്കറിയാമോ, ആവുന്നത്ര അകറ്റിനിർത്താൻ ശ്രമിച്ചിട്ടും, ഇന്നും ചില വിചാരങ്ങൾ എന്നിൽ സങ്കടമായ് നീറിപ്പടർന്നിരുന്നു. അതലിയിച്ചു കളയാനാണ് നട്ടുച്ചയായിരുന്നിട്ടും ഞാൻ പറമ്പിലേക്കിറങ്ങി നടന്നത്. ഒരുകാലത്ത് എന്റെ ഏറ്റവും വലിയ ശാന്തിതീരം അതായിരുന്നുവല്ലോ.

rahna thalib, memories

വൃശ്ചികക്കാറ്റിനെ വെല്ലുന്ന ശക്തിയോടെ വീശുന്ന കാറ്റിൽ മൂപ്പെത്താത്ത രണ്ട് ഞാലിപ്പൂവൻ വാഴകൾ, നിരാശാഭരിതരായി നടുവൊടിഞ്ഞു കിടന്നു. അടിമുടി പൂത്തൊരുങ്ങിയ മുരിങ്ങതയ്യിൽ നിന്നും പൂക്കൾ ഉതിർന്നുവീണു കൊണ്ടിരുന്നു.

ആകാശത്തേക്ക് നീണ്ട തേക്കിൻമരങ്ങളിൽ നിന്നും മഹാഗണികളിൽ നിന്നും കാറ്റ് കരിയിലകളെ ചുഴറ്റിയെറിഞ്ഞു കൊണ്ടിരുന്നു. ആ കാഴ്ച അവ്യക്തമായ എന്തോ വിഷാദവിചാരങ്ങൾ കൂടെ എന്നിൽ കൂട്ടിക്കലർത്തിയതോടെ, കുറച്ചുനേരം ഭൂമിയിൽനിന്ന് ബന്ധമറ്റ പോലെ എനിക്ക് തോന്നി.

മൂന്നാംകൊല്ലം കായ്ക്കും എന്ന് പറഞ്ഞു വാങ്ങിച്ചുവെച്ച തേൻവരിക്ക പ്ലാവിന് പ്രായമെത്രയായി എന്ന് കൃത്യമായി ഓർക്കുന്നില്ല. ഈ പറമ്പിലെ എല്ലാ മരങ്ങളും ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ വെച്ചതാണ് എന്ന് മാത്രമറിയാം. പ്ലാവിന്റെ കൂമ്പിലേക്ക് തന്നെ വീണു കിടക്കുന്ന വാഴ മാറ്റിയിടാനുള്ള ശ്രമത്തിനിടയിലാണ്, എന്റെ കണ്ണുകൾ ഒരു വലിയ സന്തോഷത്തിൽ തടഞ്ഞത്. എന്നെ നോക്കാത്തതെന്തേ എന്ന് എന്നോടും ചോദിക്കുംപോലെ, ചെറുവിരൽ വലുപ്പത്തിൽ, തിളങ്ങുന്ന മരതകപ്പച്ചയിൽ, തേൻവരിക്കപ്ലാവിന്റെ കടിഞ്ഞൂൽപുത്രി എനിക്ക് മുൻപിൽ പൊടുന്നനെ വെളിപ്പെട്ടുകൊണ്ട് ഞാന്നുകിടന്നു. ആ ഒരൊറ്റ നിമിഷത്തിൽ, പുതുമഴ കണ്ടെന്ന പോലെയോ, തെങ്ങോലകൾക്കിടയിലൂടെ നിലാവെന്നെ വന്നു തൊട്ടെന്ന പോലെയോ ഒക്കെയുള്ള ഒരു സന്തോഷത്തികവിൽ മനസ്സ് പ്രസന്നമായി.

അതാണ്‌ പ്രകൃതിയുടെ മികവ്. എത്ര ദുഃഖഭരിതമായ ദിവസങ്ങൾക്കിടയിലും, പ്രകൃതിയിലേക്കൊന്നു കണ്ണ് തുറന്നാൽ, മനസ്സ് കുളിർപ്പിക്കുന്ന എന്തെങ്കിലുമൊരു കാഴ്ച അവൾ നമുക്കായ് കരുതിവെക്കും. ചെടികളെ തൊട്ടും തലോടിയും തൊടിയിലൂടെ അലസമായി നടന്നാൽ ഏതോ മരക്കൊമ്പിലിരുന്നൊരു പേരറിയാപക്ഷി നമുക്കായ് സാന്ത്വനഗീതം പാടിയെന്നിരിക്കും. ഒരു വേള നിശ്ശബ്ദമായി മനസ്സർപ്പിച്ച് ധ്യാനിച്ചാൽ, അപാരമായ അനന്തത കുടികൊള്ളുന്ന ഈ വിസ്മയപ്രപഞ്ചത്തിൽ മനുഷ്യനെത്ര നിസാരനാണെന്ന് ബോധ്യപ്പെട്ടെന്നിരിക്കും.

ഭൗതികമായ കാമനകളുടെയും വികാരങ്ങളുടെയും നൈമിഷികതയെ കുറിച്ചുള്ള വിചാരം, അല്പനേരത്തെക്കെങ്കിലും അകാരണമായ വിഷാദങ്ങളെ മായ്ച്ചുകളഞ്ഞെന്നുമിരിക്കും.

rahna thalib, memories

എന്തായാലും അന്നേരം ഞാൻ സന്തോഷവതിയായി. ജാതിത്തൈകൾ എത്ര തട്ടുകളിൽ ഇലകൾ വിരിയിച്ചെന്നു പരിശോധിച്ചു നോക്കിയും, പേരക്കകൾ മൂത്തോ പഴുത്തോ എന്നൊക്കെ നോക്കിയും, കഴിഞ്ഞപ്രാവശ്യത്തെ ചേന മുഴുവൻ മുള്ളൻപന്നി മാന്തിയ കാരണം, ഇപ്രാവശ്യം കുംഭവട്ടത്തിൽ നടാൻ ചേനവിത്ത് പുറമേ നിന്ന് വാങ്ങേണ്ടിവരുമല്ലോ എന്ന് വേവലാതിപ്പെട്ടും, അടിമുടി പൂത്ത വെള്ളചാമ്പയ്ക്കും ചുവന്നചാമ്പയ്ക്കും മൂന്നാലുദിവസം കൂടുമ്പോഴെങ്കിലും നനയ്‌ക്കേണ്ടി വരുമല്ലോയെന്നോർത്തും, നന കൂടിയാൽ കുഴൽകിണറിലെ വെള്ളംകൂടെ വറ്റിയേക്കുമോ എന്ന് സന്ദേഹിച്ചും കുറച്ചുനേരം കൂടെ അവിടെയൊക്കെ ഒന്ന് ചുറ്റിനടന്നു.  ഒരാൾപൊക്കത്തിൽ വളർന്ന കുടംപുളിയുടെ ഇലകളാകെ ഉറുമ്പിന്റെയോ മറ്റോ കീടബാധയിൽ താഴെ കൊഴിഞ്ഞു കിടക്കുന്നു. കണ്ടിട്ട്, ഏറെ പരിപാലിച്ചുവളർത്തിയ ആ കുഞ്ഞുമരം ഉണങ്ങുന്ന മട്ടാണ്. എങ്കിൽ ഇക്കൊല്ലത്തെ വേനൽമഴ കഴിഞ്ഞാൽ കോടി കായ്‌ച്ചേക്കാമെന്നുള്ള എന്റെ പൂതി അസ്ഥാനത്തായിരിക്കും. എല്ലാ പൂതികളും അങ്ങനെയങ്ങ് നിറവേറാനുള്ളതുമല്ലല്ലോ എന്നൊരുനിമിഷം ഞാൻ നെടുവീർപ്പിട്ടു.

തിരികെവരുമ്പോൾ തിരുമ്പുന്ന കല്ലിൻകരയിൽ മയിലുകൾ വന്നിരുന്നു. എന്തെങ്കിലും കൊത്തിപ്പെറുക്കി തിന്നാനും വെള്ളം കുടിക്കാനും വന്നതാകും. പുന്നാരിപൂച്ചയ്ക്ക് കുടിക്കാൻ എന്ന് പറഞ്ഞ് മോൾ ഒരു ചെമ്പട്ടിയിൽ വെള്ളം നിറച്ചുവെക്കാറുണ്ട്. വലിയ കോഴികളുടെ വലിപ്പമേയുള്ളൂ മയിലുകൾക്ക്. എന്നെ കണ്ടതും അവർ കൂട്ടത്തോടെ അപ്പുറത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പൊന്തയിലേക്കോടിപ്പോയി.

പതിവില്ലാതെ പകൽ മുഴുക്കെ വീശിയ കാറ്റ്, രാത്രിമഴയ്ക്ക് മുന്നോടിയാവാം എന്ന് നിനച്ചിരുന്നെങ്കിലും കിടക്കുന്നത് വരെയും മഴ പെയ്തില്ല. എങ്കിലും, പാതിരായ്ക്കെങ്ങാനും മഴ പെയ്താൽ അറിയാതെ പോകരുതെന്ന തോന്നലിൽ മനസ്സ് രാത്രിയിലേക്ക് കൂർപ്പിച്ചു കിടന്നു.

ഉറക്കത്തിലേക്കുള്ള പടവുകളിലേക്ക്‌ കേറവേ, ഞാൻ നിനക്കായ് നട്ട ഇലഞ്ഞിമരം വളർന്ന് വലിയ വൃക്ഷമാകുന്നതും, അതിനു ചുറ്റും ഞാനൊരു തറ കെട്ടുന്നതും, മരത്തിൽ ചാരിയിരിക്കുന്ന നിന്റെ മടിയിൽ ഞാൻ നിന്റെ കണ്ണുകളിലേക്കു നോക്കി കിടക്കുന്നതും, നീയെന്നെ പതിയെ പതിയെ തലോടികൊണ്ടിരിക്കുന്നതും, നമ്മുടെയേതോ പ്രിയഗാനം നീയെന്റെ ചെവിയിൽ മൂളുന്നതും ഞാൻ ഓർത്തുകൊണ്ടിരുന്നു. സ്വപ്നമെന്നോ ആഗ്രഹമെന്നോ തിട്ടമില്ലാത്ത ആ തോന്നലിന്റെ ഇങ്ങേയറ്റത്ത്, നീയെന്നിലെ കാണാചില്ലകളിൽ വിരിയിച്ച ഉതിർമുല്ലകൾക്കു ചുറ്റും ഒരായിരം ചിത്രശലഭങ്ങൾ പാറിക്കൊണ്ടിരുന്നു. പൊടുന്നനെ, നിലാവിന്റെ മദഗന്ധം എന്നെ പൊതിഞ്ഞു. എന്റെ ഉടലിൽ നിന്നെ ഞാനറിഞ്ഞു. ഞാൻ മുറുക്കെ കണ്ണുകൾ അടച്ചു. ഇനി മഴത്താളമുളള, മഴമണമുളള രാത്രിയുടെ താഴ്‌വരയിൽ സ്നേഹം പൊഴിക്കുന്ന രണ്ടു സർപ്പങ്ങളെ ഞാൻ സ്വപ്നം കാണുമായിരിക്കും.

സ്വപ്നമായാലെന്ത്, മഴ നിലയ്ക്കാതെ പെയ്യുന്നുണ്ടല്ലോ! നനമണ്ണിൽ മഴകൊണ്ടും മഴയിലലിഞ്ഞും നൃത്തം വെയ്ക്കുന്ന രണ്ടു സർപ്പങ്ങളുമുണ്ടല്ലോ!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ