ഒരുപാട് വര്‍ഷങ്ങള്‍ക്കപ്പുറമാണ്. ഇനിയെന്ത് എന്ന ഉദ്വേഗം നിറഞ്ഞ ഒരു സസ്‌പെന്‍സ് ത്രില്ലറിനകത്തിരിക്കുന്നതുപോലുണ്ടായിരുന്നു. പരസ്പരം മിണ്ടുന്നവരും ചിരിക്കുന്നവരും വളരെ കുറവായിരുന്നു. ചുറ്റും കണ്ട ഓരോ മുഖവും, പെയ്യാറായി നില്‍ക്കുന്ന കരിമേഘം പോലെതോന്നി.

കുഞ്ഞ് എന്ന കളിക്കൂട്ടാണോ കുഞ്ഞുണ്ടായില്ലെങ്കില്‍ ലോകാവസാനം എന്ന സമൂഹത്തിന്റെ ധാരണയാണോ  ഏതാണവരെ എറണാകുളത്തെ പ്രശസ്ത ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കില്‍ എത്തിച്ചതെന്ന് ഞാനവിടെയിരുന്ന് ഓരോ മുഖത്തേക്കും നോക്കി ചിന്തിച്ചു.

കുഞ്ഞിനുവേണ്ടിത്തന്നെ എത്തിയതായിരുന്നു ഞങ്ങളും. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമായിരുന്നു. വഴിയിലെ ഓരോ പെണ്‍കുഞ്ഞിനെയും അവളുടെ കവിളില്‍ ഒന്നു തലോടി ‘ഉമ്മുക്കുൽസു’വെന്നോ ഓരോ ആണ്‍കുട്ടിയെയും അവന്‍റെ കുറുമ്പന്‍ തലമുടിയില്‍ ഒന്നു തോണ്ടി ‘പാക്കര’നെന്നോ വിളിച്ച കാലം.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ തോന്നിയിരുന്നു എവിടെയോ എന്തോ ചില അപാകതകളെന്ന്. പല ഗൈനക്കോളജിസ്റ്റുകളെയും ക്രമേണ കണ്ടു എങ്കിലും ഇൻഫെർട്ടിലിറ്റി സെന്റർ എന്ന കൂറ്റൻചട്ടക്കൂടി ലേക്കെത്താൻ ഇത്തിരി കൂടി വൈകി.

പരാഗണം കഴിഞ്ഞിട്ടും പൂവുണ്ടാകാത്തതിന്‍റെ വേവലാതിയോ ആകാംക്ഷയോ ഒക്കെ ചേര്‍ന്ന ഒരു കടല്‍പ്പരപ്പിനകത്ത് ഞങ്ങള്‍ ഇരുന്നു. സാധാരണ ആശുപത്രികളേക്കാള്‍ നിശബ്ദതയായി രുന്നു അവിടെ. കിലുങ്ങാനൊരു കാല്‍ത്തളയോ ഉയരാനൊരു പീപ്പിവിളിയോ ഇല്ലാതെ ഒഴിഞ്ഞുകിടന്ന മടിത്തട്ടുകളില്‍ കാലം മരവിച്ചു കുഴഞ്ഞു കിടപ്പാണെന്നു തോന്നി.

പുരുഷ ബീജത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിനായി ഒരു ചെറിയപ്‌ളാസ്റ്റിക് കുപ്പിയും പിടിച്ച് പുരുഷന്മാര്‍ ബാത്‌റൂമിലേയ്ക്ക് പോയിക്കൊണ്ടേയിരുന്നു.  ബീജം,  ഫാലോപ്പിയന്‍ ട്യൂബിലൂടെ  ഗര്‍ഭപാത്രത്തിലേക്ക് എന്ന വസ്തുത  മാത്രമേ  അന്ന് എനിക്കറിയുമായിരുന്നുള്ളൂ.

Read More: പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവങ്ങൾ- ജലമുനമുറിവുകള്‍ക്കുശേഷം

വൈകാരികതയുടെ പൊള്ളുന്നചൂടില്‍ കത്തിയമർന്ന്, മറ്റാരുമറിയാതെ ആസ്വദിച്ചു ചെയ്യുന്ന സ്വയംഭോഗം എന്ന ഏട് ഒരു പരസ്യ പ്രഖ്യാപനമായി മാറുന്ന ഇടം കൂടിയാണ് ഇൻഫെർട്ടിലിറ്റി സെന്ററുകൾ.

ഒരുപാടാണുങ്ങൾ ബാത്‌റൂമിന് പുറത്ത് ക്യൂനില്‍ക്കവേ, ‘ഞാനും പോകുന്നത് ഇതിനുവേണ്ടിത്തന്നെയാണ് ‘എന്ന പരസ്യപ്രഖ്യാപനം ഒട്ടിച്ചുവച്ച കുപ്പിയുമായി ബാത്റൂമിനകത്തേക്കു കയറി, കുപ്പിയുടെ വാവട്ടത്തിലേക്ക്  ആ “ആനന്ദപ്രവൃത്തി”യെ കേന്ദ്രീകൃതമാക്കേണ്ടി വരുന്നതിലെ അപഹാസ്യതയെക്കുറിച്ച് അന്നൊന്നും പുരുഷന്‍റെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല. ബാത്‌റൂം വൃത്തിയുള്ളതാണോ എന്നു ചോദിച്ചതുമാത്രം ഓര്‍മ്മയുണ്ട്. ആരെ മനസ്സില്‍ കണ്ടാണ് ബീജപ്രളയം സൃഷ്ടിച്ചതെന്നും ചോദിച്ചില്ല. ‘എല്ലാനിനവിലും കനവിലും ഒരേ ഇണ’ എന്നു കരുതാന്‍ മാത്രം നിഷ്‌കളങ്കമായിരുന്നു അന്ന് ലോകം.

ivf,

കരുത്തും വേഗവും ഉള്ള ബീജങ്ങളെ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കുറിക്കപ്പെട്ട മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്ന് കേട്ടിരുന്നു. പക്ഷേ അന്ന് ഗൂഗിള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാവും ചിന്താക്കുഴപ്പങ്ങള്‍ കുറവായിരുന്നു. ഒന്നിനും ഒരു നെഗറ്റീവ് എഫക്റ്റും  കാണാന്‍ കഴിയാത്ത പ്രായമായിരുന്നു അതെന്നും പറയാം.

സ്ത്രീയുടെ കൃത്യമായ ഓവുലേഷന്‍സമയം ടെസ്റ്റുകളിലൂടെ കണ്ടുപിടിച്ച് ,   മന്ദതാളത്തില്‍ സഞ്ചരിക്കുന്നവരും മരിച്ചതുമായ എല്ലാ സ്‌പേമിനെയും  ‘സ്‌പേം വാഷിങ്ങി’ലുടെ ഒഴിവാക്കി, സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക്  നല്ല കരുത്തും ആരോഗ്യവുമുള്ള  വളരെ കുറച്ചു പുരുഷ ബീജങ്ങളെ നേരിട്ട് ഒരു നേരിയ കത്തീറ്ററിലൂടെ നിക്ഷേപിക്കുന്ന രീതി പലതവണ ആവര്‍ത്തിക്കപ്പെട്ടെങ്കിലും ആ വഴികളൊന്നും ഒരു കുഞ്ഞിത്തളകിലുക്കത്തില്‍ ചെന്നവസാനിച്ചില്ല. എങ്ങനെ അരിച്ചുപെറുക്കിയിട്ടും ആണ്‍ ബീജങ്ങളില്‍ അത്യുത്സാഹികളെ കണ്ടുപിടിക്കാനാകാതെ ആ ശ്രമം പരാജയപ്പെട്ടുകൊണ്ടേയിരുന്നു.

Read More: കടമകളുടെ താളം- അധ്യാപികയായ സുജാതാദേവിയെ കുറിച്ചുളള ഓർമ്മകൾ

എന്റെ കിടക്കയുടെ  അപ്പുറത്തിപ്പുറത്ത് കിടന്ന  ഓരോ സ്ത്രീയും മൗനം വിഴുങ്ങി  മരണം പോലെ അനക്കമില്ലാതെ കിടക്കുന്നത്  ആ നേരമൊക്കെയും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്ത കട്ടിലില്‍ കിടന്ന് എണ്ണിപ്പെറുക്കിക്കരച്ചിലിലേക്ക് വീണുപോയ കൂട്ടുസങ്കടക്കാരും  കുറവല്ല. നാട്ടുകാരുടെ കുത്തുവാക്കുകള്‍, അമ്മായിയമ്മയുടെ പ്രാകലുകള്‍ എന്നൊക്കെയുള്ള കഥകള്‍ എനിക്ക് വഴിയേ പരിചിതമായി. ‘കുട്ടികള്‍ ഉണ്ടാവുക’ എന്നു പറഞ്ഞാല്‍ ഒരു ഇളം വിരലിന്‍റെ പതുപതുപ്പും കൂട്ടും കളിചിരിയും എന്നതിനേക്കാളും ‘കുട്ടികളുണ്ടാവതിരിക്കല്‍’ എന്നാല്‍ നില്‍ക്കുന്നയിടം ഇടിഞ്ഞു പൊളിഞ്ഞു വീഴലായിരുന്നു പലരെയും സംബന്ധിച്ചിടത്തോളം എന്ന് അന്ധാളിപ്പോടെ ഞാന്‍ മനസ്സിലാക്കി.

ഏറ്റവും വിചിത്രമായിത്തോന്നിയത് ആശുപത്രിയുടെ ഇടനാഴികള്‍ ചാപിള്ളകളെപ്പോലെ കിടന്നു എന്നുള്ളതാണ്. സ്ത്രീയായ ഗൈനക്കോളജിസ്റ്റിനും റിസപ്ഷനിസ്റ്റിനും ലാബിലെ പെണ്‍കുട്ടികള്‍ക്കുമെല്ലാം ചാപിള്ളയുടെ പോലെ നിര്‍വികാരമായ കണ്ണുകളായിരുന്നു. ആരും പരസ്പരം പുറത്തൊന്ന് തട്ടി  ‘വിഷമിക്കാതെ’ എന്ന് വാക്കുകൊണ്ടോ കണ്ണൂകൊണ്ടോ പോലും ആരോടും പറഞ്ഞില്ല. സമാനദുഃഖങ്ങളുള്ള ഒരു ജീവിയായി ആരും ആരെയും കണ്ടില്ല. താന്താങ്ങളുടെ ദുഃഖക്കള്ളികളില്‍ എല്ലാവരും പരസ്പരം മുഖം തിരിച്ച് തരിച്ചിരുന്നു. ഞാന്‍ മാത്രം ഇടക്കൊക്കെ കഥയറിയാന്‍ തലനീട്ടുകയും കഥ കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്തു.

‘ഡോക്ടർ -സ്ത്രീ’, എപ്പോഴും എവിടേയും ക്‌ളിനിക്കല്‍ ടേംസ് മാത്രം ഉപയോഗിച്ചു. ‘പൈസയും മരുന്നും ടെസ്റ്റുകളും’ എന്നല്ലാതെ ഡോക്ടർ ഒന്നും പറയുന്നതായി എനിക്കുതോന്നിയില്ല.  സംഘര്‍ഷഭരിതമായി നില്‍ക്കുന്ന ഒരു ശരീരത്തിന്‍റെ മയമില്ലായ്മയ്ക്കകത്തുവച്ച് ഒരു കുഞ്ഞു കിളിര്‍ക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്നുമാത്രം അവിടെയൊന്നും എഴുതിവച്ചുകണ്ടില്ല.  ഏതെല്ലാമോ ദൂരനാടുകളില്‍ നിന്ന് വന്ന് രാവിലെ തൊട്ട് വൈകും വരെ കാത്തുകാത്തിരുന്ന് മുഷിഞ്ഞ ഓരോ ദമ്പതിയും  ഊണുപോലും കഴിക്കാതെ ടെസ്റ്റുകളില്‍ നിന്ന് ടെസ്റ്റുകളിലേയ്ക്ക് ക്ഷീണിതരായി യന്ത്രപ്പാവകളെപ്പോലെ നടന്നുകയറുകയും ഇരുട്ട് വീഴാന്‍നേരം ഇരുണ്ടമുഖത്തോടെ അവിടെ നിന്നിറങ്ങിപ്പോവുകയും ചെയ്തു.  എത്ര കൊഴുകൊഴുത്ത ബീജത്തെയും  എത്ര ഈര്‍പ്പമുള്ള വജൈനയെയും നിര്‍വീര്യമാക്കാന്‍ പോരും വിധം വരണ്ടതായിരുന്നു അവിടുത്തെ ഓരോ നോക്കും വാക്കും ചലനവും. ശരീരവും മനസ്സും തൂവലുപോയാല്‍ മാത്രമേ പ്രകൃതി കാറ്റുവീശി മഴ പൊഴിച്ച് ജീവന്‍റെ പച്ചയെ പൊടിപ്പിക്കൂ എന്ന സാമാന്യമായ പ്രകൃതിനിയമത്തിനു മാത്രം അവിടെ ആരും ഇടം കല്‍പ്പിച്ചു കണ്ടില്ല.

priya a.s,memories,ivf

‘നിങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ല’ എന്നു ഡോക്ടർ കട്ടിസ്വരത്തില്‍ ഒരു സ്ത്രീയോട് മുറിക്കകത്തിരുന്ന് പറയുമ്പോള്‍, പാതി തുറന്നിട്ട വാതിലിലൂടെ എനിക്കാ വാക്കുകളൊക്കെയും  കേള്‍ക്കാമായിരുന്നു. ആ സ്ത്രീ  പൊട്ടിപ്പൊട്ടിക്കരയുന്നതിന്‍റെ ഒരു തുമ്പുദൃശ്യമാണ് പിന്നെ ഞാന്‍ കണ്ടത്. ‘പറയേണ്ടതെങ്ങനെ’ എന്ന കോഴ്‌സില്‍ ആ ഡോക്ടർ ചേരേണ്ടതായിരു ന്നുവെന്നു തോന്നി. ആ സ്ത്രീയുടെ സ്വകാര്യസങ്കടം പൊതുജനത്തിന് ദൃശ്യമാകുംവിധം  വാതില്‍ പാതിതുറന്നിട്ടിരുന്നതിലെ ഒൗചിത്യമില്ലായ്മയും എനിക്ക് കല്ലുകടിയായിത്തോന്നി. ‘ഒരു കുട്ടിയെ ദത്തെടുക്കുക, അങ്ങനൊരു വഴിയേ ഇനി നിങ്ങളുടെ മുന്നിലുള്ളു, അതു വേണമെങ്കില്‍ ഞങ്ങറയെ്ഞ്ചുചെയ്തുതരാം’ എന്നു പറഞ്ഞതിലെ മൂര്‍ച്ചയില്‍ മുറിഞ്ഞ് ആ സ്ത്രീ പിന്നെയും നിര്‍ത്താതെ വിതുമ്പിയപ്പോള്‍ ‘ഈ ഡോക്ടർക്ക് കൈയില്ലേ, മുന്നിലിരിക്കുന്ന സ്ത്രീക്ക് തോളില്ലേ, കൈ ആ തോളിലൊന്നുവയ്ക്കാന്‍ ഇനി ഇവരെന്ന് പഠിക്കും, അങ്ങനൊന്ന് പഠിച്ചിട്ടില്ലേ അവര്‍ പഠിച്ച Obstetrics മര്യാദകളിലൊന്നും’ എന്നന്തം വിട്ട് ഞാനിരുന്നു.  ഏതോ ഒരച്ഛനും അമ്മയും തന്നെ അണച്ചുപിടിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നത് കാത്തുകാത്ത് ഏതോ  അനാഥാലയത്തിന്‍റെ പടിയില്‍ കാത്തുകാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകളെ കുറിച്ച് ആര്‍ദ്രമായി സംസാരിച്ചാല്‍,  പ്രസവിക്കാത്ത പെണ്ണിന്‍റെ മുലയിലും പാലൂറുമെന്ന ഉള്‍ക്കാഴ്ച ആ ഡോക്ടര്‍ക്കില്ലാതെ പോയി.

അഡോപ്ഷന്‍ സെന്ററിൽ നിന്നൊരു കുഞ്ഞ് എന്നു വച്ചാൽ മുന്നില്‍ തൂങ്ങിക്കിടക്കുന്ന ഒരു കൊലക്കയറാണ് എന്ന മട്ടിൽ വാങ്മയം തീർത്ത ആ ഡോക്ടറോട് എനിക്ക് സഹതാപം തോന്നി. കുട്ടികളെ നിര്‍മ്മിക്കുന്ന ഒരു  വെറും ഫാക്ടറിയാണ് ഓരോ ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കും എന്ന് മെല്ലെ മെല്ലെ മനസ്സിലാവുകയാ യിരുന്നു.

ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കിലേക്ക് ഒന്നിച്ചാണ്   ഭാര്യയും ഭര്‍ത്താവും ചെല്ലുന്നതെങ്കിലും  ഭര്‍ത്താവിനാണ് ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങളെങ്കിലും ആശുപത്രിരേഖകളില്‍ രേഖപ്പെടുത്തുന്നത് പെണ്ണിന്‍റെ പേരാണ് എന്ന വസ്തുതയും എനിക്ക് ദഹിച്ചില്ല.

In Vitro Fertilization (IVF) എന്ന  ചിലവേറിയ ചികിത്സയിലേക്ക് ഞങ്ങളെത്തിയില്ല. എന്‍റെ കരളിന് ചില്ലറ പ്രശ്‌നങ്ങളുണ്ടായിരുന്നതു കൊണ്ട് ഹോര്‍മോണ്‍ ചികിത്സ താങ്ങാന്‍ എന്‍റെ കരളിന് പറ്റുമായിരുന്നില്ല.

‘ഡോണര്‍ സ്‌പേം’ എന്ന ആശയത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞത്, ഞാന്‍ കേട്ട മട്ടുപോലും വച്ചില്ല.  ‘ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമനേഷനിലൂടെ മറ്റൊരു പുരുഷ ബീജത്തിന്‍റെ കുഞ്ഞ്’, അതൊരു വലിയ തമാശയായി ത്തോന്നി. എന്നാല്‍പ്പിന്നെ നേരിട്ട് മുഖം കണ്ട്, ശരീരം കണ്ട് , ആത്മാവ് തൊട്ടറിഞ്ഞ് ആയിക്കൂടെ ബീജ സ്വീകരണം എന്ന് എനിക്ക് വിപ്‌ളവം വന്നു.

ഒരാറുവര്‍ഷത്തിനിപ്പുറം, ‘ഇന്‍ഫെര്‍ട്ടിലിറ്റിക്‌ളിനിക്ക്’ എന്ന അദ്ധ്യായം ഞങ്ങള്‍ അടച്ചുവച്ചു. അഡോപ്ഷനിലെ കുട്ടിയെ ജീവിക്കാനനുവദിക്കാത്ത സമൂഹമാണ് കേരളത്തില്‍ ‘എന്ന  കൂട്ടുകാരന്റെ ചിന്തയിലേയ്ക്ക്  ചാഞ്ഞിരുന്നുകൊണ്ട്,  ‘എവിടെയോ ഞങ്ങളെ കാത്തിരിക്കുന്ന ഒരനാഥക്കുഞ്ഞ്’ എന്ന ആലോചന  ഞാന്‍ പാടുപെട്ട് മായ്ച്ചുകളഞ്ഞു.

ഉത്സവത്തിന് ബലൂണ്‍ വാങ്ങിക്കൊടുക്കാന്‍ ഒരാളില്ലാതെയാണ് ഇനി ജീവിതം എന്ന് ഉള്‍ക്കൊണ്ടുവരവേ ഞങ്ങള്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും തൂവലുകള്‍ പോലായതുകൊണ്ടാണോ എന്നറിയില്ല ഒരു പതിറ്റാണ്ടിനുമിപ്പുറം, അതും ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്, ബലൂണും ചോദിച്ച് ഒരു കുട്ടി എന്‍റെ ഗര്‍ഭപാത്രത്തില്‍ വന്നു മുട്ടിവിളിച്ചത്.

ഒരു കുട്ടി വരാന്‍ കാത്തിരുന്നവര്‍, ആ കുട്ടി എത്തിയപ്പോള്‍ രണ്ട് വഴിക്കായി എന്നത് കാലത്തിന്‍റെ ക്‌ളിനിക്കിനപ്പുറം  ഞങ്ങളെ കാത്തുനിന്ന ക്‌ളിക്ക്!. കുഞ്ഞിന്‍റെ കൈപിടിച്ച് ചിരികളികളുമായി ബലൂണ്‍പോലെ പൊങ്ങിപ്പൊങ്ങിപ്പോകുമ്പോഴും, പാതി തുറന്നിട്ട  പഴയൊരു കണ്‍സള്‍ട്ടേഷന്‍ മുറിയുടെ വിടവിലൂടെ ഒലിച്ചുവന്ന ആ സ്ത്രീയുടെ കരച്ചിലും എത്രയോ പേരുടെ ബീജം വീണ കുടുസ്സ് ടോയ്‌ലെറ്റുകളും എപ്പൊഴൊക്കെയോ ഞാനോര്‍ത്തുപോവുന്നു. ചാവുനിലങ്ങളാണോ ഇപ്പോഴും ഓരോ ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കും, ഈ രണ്ടായിരത്തിപതിനെട്ടിലും എന്നറിയില്ല!

Read More: പ്രിയ എ എസ് എഴുതിയത്   വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ