scorecardresearch

കടലാസ് പക്ഷികളുടെ താഴ്‌വര

"ആ അക്ഷരങ്ങളിലാണ് ഇനി കുറച്ചു നാളത്തെ ജീവിതത്തുടിപ്പുകളിരി ക്കുന്നതെന്ന പോലെ, അത്രയും ശ്രദ്ധിച്ച് കവറിന്റെ അരിക് ചീന്തി, കത്തിന്റെ മടക്ക് നിവർത്തി, കണ്ണുകളിൽ നക്ഷത്രങ്ങൾ കൊളുത്തി വെച്ച് ഉമ്മറത്തിണ്ണയിലിരുന്ന് ഉമ്മ വായിച്ചു തുടങ്ങുന്നു"

"ആ അക്ഷരങ്ങളിലാണ് ഇനി കുറച്ചു നാളത്തെ ജീവിതത്തുടിപ്പുകളിരി ക്കുന്നതെന്ന പോലെ, അത്രയും ശ്രദ്ധിച്ച് കവറിന്റെ അരിക് ചീന്തി, കത്തിന്റെ മടക്ക് നിവർത്തി, കണ്ണുകളിൽ നക്ഷത്രങ്ങൾ കൊളുത്തി വെച്ച് ഉമ്മറത്തിണ്ണയിലിരുന്ന് ഉമ്മ വായിച്ചു തുടങ്ങുന്നു"

author-image
Rahna Thalib
അപ്‌ഡേറ്റ് ചെയ്‌തു
New Update
കടലാസ് പക്ഷികളുടെ താഴ്‌വര

പതിനൊന്നുമണി നേരത്തെ തെളിവെയിലിൽ തെങ്ങോലകളും മൂവാണ്ടൻ മാവിന്റെ ചില്ലകളും ചേർന്ന്, മുറ്റത്തെ പൂഴിമണ്ണിൽ നിഴൽചിത്രങ്ങൾ വരച്ചുതുടങ്ങീട്ടുണ്ടാകും. അപ്പോഴായിരിക്കും വടക്കേപ്പുറത്തിരുന്ന് വട്ടോറത്തിലേക്ക് മുരിങ്ങയില നുള്ളിയിടുന്നതിനിടയിലേക്കോ, അമ്മിമേൽ ഉള്ളിയും മുളകും ചതക്കുന്നതിനിടയിലേക്കോ സൈക്കിളിന്റെ ഇരട്ടബെല്ലടിശബ്ദം വന്നു വീഴുന്നത്. അടുക്കളവാതിൽ ചാരി, കൈകൾ കഴുകി സാരിത്തലപ്പിൽ തുടച്ച് ഉമ്മ ഉമ്മറത്തേക്ക് നടക്കുന്നു.

'ഉമ്മുവിന് കത്തുണ്ടല്ലോ' എന്നൊരു ചിരിയുമായി പോസ്റ്റുമാനാണ്.

Advertisment

വീടുകൾക്കിടയിൽ മതിലുകളും വേലികളും ഇല്ലാതിരുന്നതിനാൽ മെയിൻറോഡിൽ നിന്ന് വീടുകളിലേക്കുള്ള നടവഴിയിലൂടെ സൈക്കിൾ ഉന്തിവരുന്നതല്ലാതെ, ചവിട്ടിവരുന്നത് കണ്ട ഓർമയില്ല. അന്നൊക്കെ പോസ്റ്റ്മാന്റെ ഭാര്യ പോലും അയാളെ അത്രയ്ക്ക് കാത്തിരുന്നിട്ടുണ്ടാവില്ല. അങ്ങനെയാണ് 'ശിപായി പോയോ', 'ശിപായിയെ കണ്ടോ' എന്നൊക്കെയുള്ള ഉത്ക്കണ്ഠകളുമായി എല്ലാവരും, പ്രത്യേകിച്ച് പ്രവാസികളുടെ ഭാര്യമാർ പോസ്റ്റുമാന്റെ നിഴലിനും സഞ്ചിക്കുമായി ഹൃദയമിടിപ്പോടെ കാത്തിരുന്നിരുന്നത് എന്ന്‌ തോന്നിയിട്ടുണ്ട്. കത്തുണ്ടല്ലോ എന്ന്‌ കേൾക്കുന്ന നേരത്ത് മുഖത്ത് പരക്കുന്നതായിരുന്നു ശരിക്കും പൂനിലാവ് !

ആ കത്തിലെ ഏതാനും ചില അക്ഷരങ്ങളിലാണ് ഇനി കുറച്ചു നാളത്തെ ജീവിതത്തുടിപ്പുകളിരിക്കുന്നതെന്ന പോലെ, അത്രയും ശ്രദ്ധിച്ച് കവറിന്റെ അരിക് ചീന്തി, കത്തിന്റെ മടക്ക് നിവർത്തി, കണ്ണുകളിൽ നക്ഷത്രങ്ങൾ കൊളുത്തി വെച്ച് ഉമ്മറത്തിണ്ണയിലിരുന്ന് ഉമ്മ വായിച്ചു തുടങ്ങുന്നു :

പടച്ചവന്റെ അനുഗ്രഹത്താൽ എനിക്കേറ്റവും പിരിശമുള്ള പ്രിയ ഭാര്യയും മൂന്ന് മക്കളും കൂടെ വായിച്ചറിയുവാൻ ഷാർജയിൽ നിന്ന് മൊയ്‌തു എഴുതുന്നു. നീ അയച്ച കത്ത് കിട്ടി. നിങ്ങൾക്ക് എല്ലാവർക്കും സുഖമാണെന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. അല്ലാഹുവിന്റെ കൃപയാൽ എനിക്കും പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ല. നിന്നെയും മക്കളെയും കാണാൻ പൂതി പെരുത്തു.

Advertisment

ആല്യാമുണ്ണി വന്നപ്പോൾ നാട്ടിലെയും വീട്ടിലെയും വിവരങ്ങളൊക്കെ അറിഞ്ഞു. മോള് നന്നായി നീളം വെച്ചിട്ടുണ്ട് എന്നവൻ പറഞ്ഞു. മക്കൾ സ്കൂളിൽ പോണില്ലേ? അവർ നന്നായി പഠിക്കുന്നില്ലേ ? മക്കളെ നന്നായി ശ്രദ്ധിക്കണം. നമ്മുടെ ബുദ്ധിമുട്ടുകൾ അവരെ അറിയിക്കാതെ വളർത്തണം. ഓരോ വഖ്‌തും ഖളാ ആവാതെ നിസ്കരിപ്പിക്കാൻ ശ്രദ്ധിക്കണം.

അവിടെ ചൂട് തുടങ്ങിയോ ? ഇവിടെ നല്ല തണുപ്പാണ് ഇപ്പോൾ. കുളത്തിന്റെ കരയിലെ വല്യ മാവ് ഇക്കൊല്ലം പൂത്തിട്ടുണ്ടോ ? അണ്ണാനും വവ്വാലും തിന്നുമെന്നു കരുതി, കഴിഞ്ഞ പ്രാവശ്യത്തെ പോലെ മൂവാണ്ടൻ മാവിന്റെ മാങ്ങ പൊട്ടിക്കാൻ മാങ്ങാക്കാരന് കരാർ കൊടുക്കണ്ട. കുട്ടികൾ വേണ്ടത്ര മാങ്ങ തിന്നട്ടെ.

rahna thalib, memories

ഇപ്രാവശ്യവും കപ്ലങ്ങയാട്ടെ ഭരണി കൂടാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്റെ വിസ തീരാറായി. മൂന്നു മാസം കഴിഞ്ഞാൽ വിസ അടിക്കണം. ഇൻഷാ അല്ലാഹ് അപ്പോൾ നാട്ടിൽ വരണമെന്ന് കരുതുന്നു. വീക്കുട്ടിത്താടെ മോൾടെ കല്യാണം ശരിയായി, അടുത്തുണ്ടാകും എന്ന്‌ ഹനീഫ പറഞ്ഞറിഞ്ഞു. ഒരു വള എടുത്ത് കൊടുക്കണം. ഖാലിദിന് ഒരു വിസക്ക് നോക്കണമെന്ന് പറഞ്ഞ് ഇക്കാകാടെ കത്തുണ്ടായിരുന്നു. അർബാബിനോട് ഒരു ഡ്രൈവറുടെ വിസയ്ക്ക് പറഞ്ഞുനോക്കണമെന്ന് കരുതുന്നു.

"ചിറയൻക്കാട്ടെ ഉപ്പ വരാറില്ലേ? പുഞ്ചക്കൊയ്ത്ത് കഴിഞ്ഞില്ലേ ? താഴത്തോർത്തെ നിലം കൊടുക്കണ്ട കാര്യം പിന്നീട് ആലോചിക്കാം. അതിപ്പോ അവിടെ കിടക്കട്ടെ. ഉപ്പാട് എന്റെ സലാം പറയണം."

നമ്മുടെ വീട്ടിൽ അടുത്ത് തന്നെ ഫോൺ കിട്ടുമായിരിക്കും അല്ലേ? ഈ കത്ത് കിട്ടി കഴിയുമ്പോഴേക്കും ഞാൻ പൈസ അയക്കാം. അതിൽ 500ക മൊയ്‌ദുണ്ണിക്കും 500ക ഷെരീഫാക്കും കൊടുക്കണം. കടയുടെ ലൈസൻസ് പുതുക്കാനാവാറായി. അതുകൊണ്ട് രണ്ടു മാസം കഴിഞ്ഞേ ഇനി എന്തെങ്കിലും അയക്കാൻ പറ്റുള്ളൂ. പാന്റ്പീസും കുപ്പായശീലയും മോൻ ആവശ്യപ്പെട്ട വാച്ചും ഹനീഫ വരുമ്പോൾ കൊടുത്തയക്കാം.

ശ്വാസംമുട്ട് ഇപ്പോൾ ഉണ്ടാവാറില്ലല്ലോ ? മരുന്ന് മുടങ്ങാതെ കഴിക്കണം. കുട്ടികളെയുംകൊണ്ട് നീ ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന കാര്യമോർത്ത് എനിക്ക് ഏറെ മനഃപ്രയാസമുണ്ട്. നീ വിഷമിക്കരുത്. എല്ലാ പ്രയാസങ്ങളും പടച്ചവൻ മാറ്റിത്തരും. നമ്മുടെ എല്ലാ തേട്ടങ്ങളും അള്ളാഹു ഖബൂലാക്കിത്തരട്ടെ. ആമീൻ !

വേറെ പ്രത്യേകിച്ച് ഒന്നുമില്ല. നിനക്കും മക്കൾക്കും ഇരുകവിളിലും ആയിരം ഉമ്മ. എന്റെ വിവരം ചോദിക്കുന്നവരോടൊക്കെ സലാം പറയണം. മറുപടി എത്രയും പെട്ടെന്ന് എഴുതുമല്ലോ.

നിറഞ്ഞ സ്നേഹത്തോടെ,

മൊയ്‌തു.

ആ വായനയ്‌ക്കൊടുവിൽ ഉമ്മയുടെ മനസ്സ് സന്തോഷവും സങ്കടവും കലർന്നൊരു കടലായി മാറിയിരിക്കണം. കാത്തിരിപ്പിന്റെ അലകൾ തുളുമ്പിയതുകൊണ്ടാവാം, കണ്ണുകൾ കുതിർന്നു പോയത്‌. ധ്യാനത്തിലെന്നപോലെയുള്ള ആ ഇരുപ്പ് കണ്ട് "മാപ്ലാര്ടെ കത്ത്ണ്ട് ല്ലേ ഉമ്മാരെ" എന്ന് കഞ്ഞിവെള്ളം എടുക്കാൻ വന്ന കാർത്തു കുശലം പറയുന്നു. ഒരു ദീർഘനിശ്വാസത്തോടെ ഉമ്മ എണീറ്റ് ബാക്കിയുള്ള വീട്ടുപണികളിൽ മുഴുകുന്നു. അന്നത്തെ ഭക്ഷണത്തിനോടൊപ്പം ഞങ്ങൾക്ക് പതിവിലധികം സ്നേഹം വിളമ്പുന്നു. നിസ്കാരപ്പായയിൽ ദുആ ഇരന്ന് ഏറെ നേരമിരിക്കുന്നു. രാത്രിയിൽ ഞങ്ങളെ നേരത്തേ ഉറക്കുന്നു. പിന്നീടെപ്പോഴോ, അലമാരമുകളിൽ ഭദ്രമായി വെച്ച കത്ത് നിവർത്തി ഊൺമേശയിലിരുന്ന് മറുപടി എഴുതിത്തുടങ്ങുന്നു.

"എന്റെ പൊന്നേ,

കത്ത് കിട്ടി... "

ഏറെ വർഷങ്ങൾക്കു മുൻപ് വായിച്ച ഒരോർമക്കത്തിന്റെ ഉള്ളടക്കമാണിത്.

പിന്നീട് ടെലിഫോണിന്റെ കാലമായെങ്കിലും എഴുത്തുകൾക്ക് പ്രിയം കുറഞ്ഞില്ല. ഉമ്മറപ്പടിയിലെ സന്തോഷസൂചകമായി പോസ്റ്റുമാൻ പ്രത്യക്ഷപ്പെട്ടിരുന്ന കാലമായിരുന്നു അത്.

rahna thalib , memories

എന്തുകൊണ്ടോ കത്തെഴുതാനും വായിക്കാനും എനിക്കും ഏറെ ഇഷ്ടമായിരുന്നു. ഗൾഫിലുള്ള ബന്ധുക്കൾക്ക് സ്ഥിരമായി എഴുതുമായിരുന്നു അന്നൊക്കെ. സ്കൂളിൽ പഠിക്കുമ്പോഴേ രണ്ടു മാസത്തെ വല്യ സ്കൂൾ പൂട്ടിന് മാത്രമല്ല, പത്തു ദിവസത്തെ ഓണം ക്രിസ്മസ് അവധികൾക്കും, ഞങ്ങൾ ചില കൂട്ടുകാരികൾ പരസ്പരം കത്തുകളെഴുതി. ഇത്ര ചെറുപ്പത്തിൽ പെൺകുട്ടികൾ കത്തെഴുതുന്നത് നന്നല്ല എന്ന്‌ പോസ്റ്റുമാൻ ഉമ്മയെ ആകുലപ്പെടുത്തി. അതു കേട്ട് 'എന്താ ത്ര എഴുതാൻ' എന്ന്‌ ഉമ്മ ചൊടിച്ചു. എന്നിട്ടും അവസരംകിട്ടിയപ്പോഴൊക്കെ നീലാകാശത്തുണ്ടിൽ നിറയെ എഴുതി കൂട്ടുകാരികൾക്കയച്ചു. മറുപടികൾ വരാറാവുമ്പോഴേക്കും സ്കൂൾ തുറന്നുകാണും.

പ്ലസ്‌ ടു - ഡിഗ്രിക്കാലം ആയപ്പോഴും കത്തെഴുത്ത് തുടർന്നെങ്കിലും, അയ്ക്കുന്ന പതിവ് ഞാനേറെക്കുറെ നിർത്തി. അത്രയും പ്രിയമുള്ളൊരാൾക്കെന്ന പോലെ കത്തുകളെഴുതി സൂക്ഷിക്കുകയായിരുന്നു പിന്നീട്. നോട്ടുപുസ്തകത്താളുകളിലും, തൃശൂർ എം ജി റോഡിലുണ്ടായിരുന്ന ആർച്ചീസ് ഗാലറിയിൽ നിന്ന് വാങ്ങിയ ചന്തമുള്ള ലെറ്റർ പാടുകളിലേക്കും ഞാൻ ആത്മഭാഷണങ്ങൾ പകർത്തികൊണ്ടിരുന്നു.

തീരെ നിസ്സാരമെന്നു തോന്നുന്ന വിശേഷങ്ങളായിരുന്നു കൂടുതലും. മാമ്പൂക്കൾ വിരിഞ്ഞതും, കാറ്റിൽ വീണ കണ്ണിമാങ്ങകൾ നുറുക്കി ഉപ്പും മുളകും വെളിച്ചെണ്ണയും പുരട്ടി വെയിലത്ത് വാട്ടിത്തിന്നതും, പഴുത്തപ്പോൾ ഉള്ളിയും ചുവന്ന മുളകുമിട്ട് കഴിച്ചത് പോലെയുള്ളവ. ഉൾവിരിവുള്ള ചട്ടിയിൽ മണലിട്ട് അതിനുമേൽ മുട്ടകൾ നിരത്തി കൊട്ടയ്ക്കു കീഴെ കോഴിയെ അടയ്ക്കിരുത്തിയതും, ഏറെ ദിവസത്തെ ആകാംക്ഷക്കൊടുവിൽ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞതും, വിരിയാത്ത മുട്ടകൾ കല്ല്കൊണ്ട് ഉടച്ചപ്പോൾ പാതിജീവൻ കണ്ട് വിഷമിച്ചുപോയതും. മൂവന്തിനേരത്ത് സുന്ദരനായ ചാത്തൻകോഴി കൂട്ടിൽ കേറാൻ കൂട്ടാക്കാതെ കടപ്ലാവിന്റെ കൊമ്പിൽ കയറിയിരിക്കൽ പതിവാക്കിയതും, അനുസരണക്കേട്‌ എന്ന് ഉമ്മയും സ്വാതന്ത്ര്യപ്രഖ്യാപനമായ് സുന്ദരനും കരുതിയ ആ വിപ്ലവനീക്കത്തിനൊടുവിൽ നാലഞ്ചു തൂവലുകൾ കടപ്ലാവിന് കീഴെയും, ബാക്കിയുള്ള പൂടയും ചന്തമുള്ള അങ്കവാലും കുളക്കരയിൽ അവശേഷിച്ചതും. പശൂനെ മാറ്റിക്കെട്ടാൻ വരമ്പത്തൂടെ നടന്ന തങ്കയോട്, "എന്നെ കെട്ടിക്കൂടെ തങ്കേ, ഒന്നൂല്ലെങ്കിലും പയ്യിനെ നോക്കാനും അതിരാവിലെ പാടത്ത് വെള്ളം തേവാനും അനക്കൊരു കൂട്ടാവില്ലേ" എന്ന്‌ തെങ്ങിന് തടമെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ അയ്യപ്പൻ ചെറിയ പാതി കളിയായും വലിയ പാതി കാര്യമായും പറഞ്ഞതും, അതുകേട്ട് തങ്ക തിരിഞ്ഞുനിന്ന് ഒരൊറ്റ നോട്ടത്തിന് അയ്യപ്പനെ ദഹിപ്പിച്ചതും.

പീടികമുറ്റത്ത് അയ്യപ്പന്റെ വക നേർച്ചയായി നടത്തുന്ന കുത്തീറാത്തീബ് കാണുമ്പോൾ, ശരിക്കും കത്തികൊണ്ട് ശരീരത്തിൽ കുത്തുന്നുണ്ടോ എന്നറിയാൻ കണ്ണുകൾ വെട്ടാതെ നോക്കിയതും, ചോര പൊടിയുന്നത് കണ്ടുപേടിച്ച് കണ്ണുകൾ പൂട്ടിയതും. മനോവേദനകൾ അകറ്റാനുള്ള പ്രാർത്ഥനകളിൽ ശരീരവേദനകളും യാതനകളും കൂടെ സഹിച്ചുകൊണ്ടുള്ള വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനപൊരുൾ എന്തായിരിക്കും എന്നാലോചിച്ച് സന്ദേഹപ്പെട്ടതും.

rahna thalib, memories

പിന്നെയും എഴുതി, എന്തൊക്കെയോ. കുടുംബക്കാർക്കും കൂട്ടുകാരികൾക്കുമൊപ്പമുള്ള എല്ലാ കളിചിരിതമാശകൾക്കൊടുവിലും ഒറ്റയ്ക്കാണ്, ഒറ്റയ്ക്കാണ് എന്ന തോന്നൽ തികട്ടി വന്നത്. 'ആരാവാനാണ് ആഗ്രഹം' എന്നാരൊക്കെയോ ചോദിച്ചപ്പോൾ ഉത്തരം പറയാനാവാതെ അന്തിച്ചുപോയത്‌. കടൽ കാണാൻ പോയപ്പോൾ ആർത്തിരമ്പുന്ന തിരകൾ എന്നെ കൊതിപ്പിച്ചത്. പുലർകാലത്ത് ബസ് കാത്തുനിൽക്കവേ എന്നെ മാത്രം കാണുവാനാണ്‌ സ്ഥിരമായൊരാൾ അതിലെ ബൈക്കിലൂടെ പോയത് എന്നെനിക്ക് തോന്നിയത്. പാട്ടുകൾ കേട്ട് ഞാൻ തരളവിവശയായത്. കുളക്കരയിലെ മാട്ടത്ത് പാടത്തേക്ക് നോക്കി നേരം ഇരുട്ടുവോളം, ഓർക്കാതെയും ഒരുങ്ങാതെയുമിരിക്കുമ്പോൾ വരുന്നവനാരായിരിക്കും എന്ന് സ്വപ്നം കണ്ടിരുന്നത്. ഉമ്മവീട്ടിലെ കുളപ്പടവുകളിലിരിക്കെ മീനുകൾ കാലുകളിൽ കൊത്താറുണ്ടായിരുന്നതും എന്തെന്നില്ലാത്ത ആനന്ദനിർവൃതി ഞാനറിഞ്ഞിരുന്നതും. ഒരു രാത്രി ആ ദൃശ്യം സ്വപ്നത്തിൽ തെളിഞ്ഞതും ആരോ ഒരാൾ ആഴത്തിൽ മീനായ് നീന്തിവന്നെന്നെ കാലുകളിൽ കൊത്തി കുളത്തിലേക്ക്‌ വലിച്ചിട്ടതും, ഞാനുമൊരു മീനായ്മാറിയതും, ഞങ്ങൾ ഭൂമിക്കടിയിലുള്ള ഉറവയിലൂടെ ഊർന്നുപോയി ഏതോ പുഴയിലും, അവിടന്നും ഒഴുകിയൊഴുകി ഏതോ കടലിലെത്തിയതും. സ്വപ്നമായിരുന്നു എല്ലാം എന്നറിഞ്ഞു ഞാൻ വിഷണ്ണയായതും.

അത്തരത്തിലുള്ള അസ്തിത്വ പരിഭ്രമങ്ങൾ, പ്രണയകാമനകൾ, വിഹ്വലതകൾ, സ്നേഹനിരാസങ്ങൾ, ഭ്രമാത്മക സ്വപ്‌നങ്ങൾ, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, ഉത്തരം ആഗ്രഹിക്കാത്ത ചോദ്യങ്ങൾ.  അങ്ങനെ അങ്ങനെ "പ്രിയമുള്ളൊരാൾക്കുള്ള" വിശേഷങ്ങളിൽ ഞാൻ എന്നെ എഴുതി നിറച്ചു. കിടക്കയ്ക്കിട്ട ഉറയ്ക്കുള്ളിൽ ഞാനവ രഹസ്യമായും സുരക്ഷിതമായും സൂക്ഷിച്ചു. എന്നാൽ എന്റെ പ്രാണാക്ഷരങ്ങൾ അത്ര സുരക്ഷിതമായിരുന്നില്ല എന്ന് അറിഞ്ഞപ്പോഴേയ്ക്കും വൈകിയിരുന്നു.

ഹോസ്റ്റലിൽ നിന്നെത്തിയ ഒരു ദിവസം പതിവുപോലെ പുതിയ എഴുത്തുകൾ തിരുകിവെയ്ക്കാൻ കിടക്ക പൊന്തിച്ചപ്പോൾ കനമില്ലാതെ ഞാൻ അങ്കലാപ്പിലായി. അവിടെ തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത് എന്നുറപ്പുണ്ടായിരുന്നിട്ടും, വെച്ചേക്കാൻ സാധ്യതയുണ്ടായിരുന്ന എല്ലായിടത്തും അസ്വസ്ഥതയോടെ പരതികൊണ്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ആരോടും ചോദിക്കാനും കഴിയാത്ത അവസ്ഥ. പിറ്റേ ആഴ്ചയിലെ അവധിക്കും ഞാൻ വീട് മുഴുക്കെ തിരഞ്ഞു അസ്വസ്ഥമാകുന്നത്, സി ഐ ഡി മട്ടിൽ രഹസ്യമായി വീക്ഷിച്ചുകൊണ്ടിരുന്ന ഉമ്മ, പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു പറഞ്ഞു.

rahna thalib,memories

"ഇയ്യ് തെരയ്ണത് ഇനി നോക്കീട്ട് കാര്യല്ല."

എന്റെ മുഖം വിളറുന്നത് കണ്ടാവണം ഉമ്മ തുടർന്നു.

"ഞാനത് പക്ഷേ വായിച്ചിട്ടൊന്നൂല്ല"

"ന്താ ചെയ്ത് പിന്നെ.... കത്തിച്ചോ?"

"ഇല്ല. കുഴിച്ചിട്ടു"

ആന്തൽ. കുന്നോളം സങ്കടം. ദേഷ്യം

"എവിടെ"

"ചാമ്പച്ചുവട്ടിൽ"

ഹൃദയം പൊട്ടുന്ന വേദനയുണ്ടായെങ്കിലും, കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ മുറിയിൽ കയറി വാതിലടച്ചു.

പിന്നീട് ചാമ്പചുവട്ടിൽനിന്ന് അതു വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. ഉമ്മ നുണ പറഞ്ഞതായിരിക്കുമോ, വായിച്ചിട്ടുണ്ടാകുമോ,

ശരിക്കും കുഴിച്ചിട്ടിരിക്കുമോ എന്നൊക്കെയുള്ള സന്ദേഹത്തിനോടൊപ്പം 'എങ്കിലും എന്റുമ്മാ നിങ്ങൾക്കിതെങ്ങനെ ചെയ്യാൻ തോന്നി' എന്ന സങ്കടവും കുറേ നാൾ എന്നിൽ ആളികൊണ്ടിരുന്നു. പിന്നെ എല്ലാ സങ്കടങ്ങളെയും പോലെ അതും എന്നോ എരിഞ്ഞുതീർന്നു.

അതിനിടെ വിവാഹം കഴിഞ്ഞു. മാറിയ കാലമായിരുന്നിട്ടും, ടെലിഫോണിൽ ഒന്നരാടം സംസാരിക്കുമായിരുന്നിട്ടും ഏറെ ചുരുങ്ങിയൊരു കാലത്തേക്ക് ഞാനും ഗൾഫിലുള്ള മാരന് എല്ലാ ദിവസവും കത്തുകളെഴുതി. ഗൾഫിലേക്ക് ഞാനും പറന്നതോടെ ആ കത്തെഴുത്തും നിലച്ചു.

ഇപ്പോൾ ഈ വാട്സ്ആപ്പ് മെസ്സെഞ്ചർ കാലത്ത് കത്തുകൾ എഴുതുന്നവരുണ്ടാവുമോ എവിടെയെങ്കിലും? ഒരേ സമയം കുറേ പേർക്ക് അയക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് അന്നത്തെ ആ സ്നേഹത്തിന്റെ ചൂടും നനവും അനുഭവിപ്പിക്കാൻ കഴിയുന്നുണ്ടോ? തീർച്ചയില്ല.

നിധിയെന്ന പോലെ ഞാനിപ്പോഴും സൂക്ഷിക്കുന്നുണ്ട്, അന്ന് എന്നെ തേടി വന്ന ചില എഴുത്തുകൾ. ഇടയ്ക്കൊക്കെ ഞാനവ എടുത്ത് നോക്കുന്നു. മിനുക്കം നഷ്ടപ്പെടാത്ത മുഖങ്ങൾ ഓർമയിൽ തെളിയുന്നു. നിഷ്കളങ്കമായിരുന്ന ആ സ്നേഹനാളുകളെ കുറിച്ചോർക്കുന്നു.

നിദ്രയും കിനാക്കളും ഒഴിയുന്ന രാത്രികളിൽ, എഴുതാനുള്ള ഇഷ്ടം കൊണ്ടും, അത്രമേൽ ആത്മാവിനോടൊട്ടിയ ഒരാൾ കൂടെയുണ്ടെന്ന് ഉറപ്പിക്കാനെന്ന പോലെയും, പഴയൊരോർമയിൽ

ഞാനിപ്പോഴും ഇടയ്ക്കൊക്കെ ചില കത്തുകളെഴുതുന്നു. പരിഭവിച്ചും പിണങ്ങിയും പ്രണയിച്ചും സങ്കടപ്പെട്ടും എന്നോട് തന്നെ സംവദിക്കുന്നു. കിട്ടുന്ന ഉത്തരങ്ങളൊന്നും ചേരുംപടി ചേർക്കാൻ കഴിയില്ലെന്ന് നിശ്ചയമുണ്ടായിട്ടും, ഉത്ക്കണ്ഠകൾ ചോദ്യങ്ങളായി പകർത്തുന്നു.

മാത്രമല്ല, കണ്ടറിയില്ല എന്നുറപ്പുണ്ടായിട്ടും ആ പഴയ വീട്ടിൽ ചെല്ലുമ്പോഴൊക്കെ, ചാമ്പമരം നിന്നിടത്തെ വേലിക്കരികിൽ ഇത്തിരിനേരം വെറുതെ ചെന്നു നിൽക്കുന്നു.

മണ്ണിലന്നു കുഴിച്ചിട്ട

കന്യാസ്വപ്നസമാധിയിൽ

പിന്നെ വീണ മഴയ്‌ക്കൊപ്പം

വല്ലതും മുളപൊട്ടിയിട്ടുണ്ടെങ്കിലോ ?

Memories Nri Rahna Thalib Letter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: