തിരുവനന്തപുരത്തിന്‍റെ ഹൃദയ ഭാഗത്ത്‌, രാജ്ഭവന്റെയും കവടിയാര്‍ കൊട്ടാരത്തിന്‍റെയും ബിഷപ്‌സ് ഹൗസിന്‍റെയും മന്ത്രിമന്ദിരമായ മൻമോഹൻ ബംഗ്ലാവിന്‍റെയുമൊക്കെ പരിസരത്തായി ഹരി പണിക്കര്‍ക്ക് ഒരു വീടുണ്ട്. കൂട്ട് കുടുംബത്തിന് താമസിക്കാനായി അദ്ദേഹത്തിന്‍റെ അച്ഛന്‍ പണിത വലിയൊരു വീട്. ലോട്ടസ് ഗാര്‍ഡന്‍സ് എന്ന് പേരുള്ള ഒരു ബംഗ്ലാവ്.

പണിക്കര്‍ കുടുംബത്തിന്‍റെ യശസ്സുയര്‍ത്തിയ മക്കളും കൊച്ചു മക്കളുമുണ്ടായിട്ടും ലോട്ടസ് ഗാര്‍ഡന്‍സ് പേര് കേട്ടത് ഒരു വര്‍ക്കലക്കാരന്‍റെ പേരിലാണ്. പണിക്കര്‍ കുടുംബവുമായി  ഒരു ബന്ധവുമില്ലാത്ത  വിജയന്‍ എന്നൊരു ചെറുപ്പക്കാരന്‍. ഇടതുപക്ഷക്കാരന്‍, സാംസ്കാരിക പ്രവർത്തകൻ. വര്‍ഷങ്ങളോളം പിന്നീടയാള്‍ ആ കുടുംബത്തിന്‍റെ ഉറക്കം കെടുത്തി, കേരളത്തിന്‍റെയും.

അടിയരന്തരാവസ്ഥ പിൻവലിച്ചതിന്റെ നാൽപതാം വാര്‍ഷികം കടന്നു പോകുമ്പോള്‍ ഓര്‍ക്കുന്നത് ലോട്ടസ് ഗാര്‍ഡന്‍സ് എന്ന കെട്ടിടത്തില്‍ ജോലി ചെയ്യേണ്ടി വന്ന ദിനങ്ങളാണ്.

Read More: അടിയന്തരാവസ്ഥക്കാലത്തെ പീഡനകേന്ദ്രങ്ങൾ ദേശീയ സ്മാരകങ്ങളാക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ

വലിയ വീടായതിനാല്‍ അത് കൂടുതല്‍ ഉപയോഗപ്പെടുന്നത് ഓഫീസുകള്‍ക്കായിരുന്നു. അങ്ങനെയാണ് ഞാന്‍ അപ്പോള്‍ ജോലി ചെയ്തിരുന്ന സൂര്യ ടിവിയും അതിനു മുന്‍പ് കേരളാ പൊലീസിന്‍റെ ക്രൈം ബ്രാഞ്ചും അത് വാടകയ്ക്കെടുക്കുന്നത്. രണ്ട് വാടകക്കാരും തമ്മില്‍ വര്‍ഷങ്ങളുടെ അന്തരമുണ്ടെന്നു മാത്രം.

അടിയന്തരാവസ്ഥക്കാലത്താണ് ക്രൈം ബ്രാഞ്ച് അവിടേക്കെത്തുന്നത്. ഒരു ക്യാംപ് സജ്ജീകരിക്കാന്‍. അങ്ങനെ ലോട്ടസ് ഗാര്‍ഡന്‍സ് പേര് കേട്ട ശാസ്തമംഗലം ക്യാംപായി. കക്കയം പോലെ പൊലീസ് പീഡനത്തിന്‍റെ പര്യായമായി. അവിടേക്കാണ് വിജയനെയും സതിയെയും പോസ്റ്റര്‍ ഒട്ടിച്ചു, നാടകം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കൊണ്ട് വരുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ക്രൂരമായി പീഡനത്തിനിരയായി വിജയന്‍ കൊല്ലപ്പെട്ടു.

രാജനെപ്പോലെ അടിയന്തരാവസ്ഥയുടെ തന്നെ രക്തസാക്ഷിയുമായി.
vijayan

വര്‍ഷം 1984. മഹാരാജാസ് കോളജിന്‍റെ ആര്‍ട്സ് ക്ലബ്‌ ഉദ്ഘാടനത്തിന് കടമ്മനിട്ട രാമകൃഷ്ണനെ ക്ഷണിക്കാനായി തിരുവനന്തപുരത്തേക്ക് എത്തിയതായിരുന്നു ഞാൻ. മഹാരാജാസിൽ സീനിയറായിരുന്ന   എം.വി.നാരായണനാണ് (ഇപ്പോൾ കാലിക്കറ്റ്  സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ) കടമ്മനിട്ടയിലേക്കുള്ള ഞങ്ങളുടെ പാലം. പോസ്റ്റല്‍ വകുപ്പിലായിരുന്ന കടമ്മനിട്ടയുടെ ഓഫിസിലേക്ക് പോകാനായി ഞങ്ങള്‍ ബസില്‍ കയറി. കൂടെയുള്ള ആരോ പോകേണ്ട സ്ഥലം പറഞ്ഞു, ശാസ്തമംഗലം.  മനസ്സിലേക്ക് അസ്വസ്ഥത കടന്നു വന്നുവെങ്കിലും കടമ്മനിട്ട വന്നില്ലെങ്കിൽ ആര് എന്ന ചോദ്യം അതിനെ മുക്കിക്കളഞ്ഞു.

Read More: കക്കയം ക്യാമ്പിൽ നിലച്ച “രാജഗാനം”

ശബരിനാഥ്  എന്ന കൂട്ടുകാരന്‍ ശാസ്തമംഗലത്ത് താമസം തുടങ്ങിയപ്പോഴാണ് പിന്നീട് അവിടെയെത്തുന്നത്. ഇപ്പോൾ  ടൈംസ് ഓഫ് ഇന്ത്യയിൽ മാധ്യമ പ്രവർത്തകനായ ശബരി  അന്ന്  യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കുകയായിരുന്നു.  ഉത്സാഹത്തോടെ നടന്നു അവന്‍ ചൂണ്ടിക്കാണിച്ചു, ‘ഇവിടെയാണ്‌ മാധവിക്കുട്ടി താമസിക്കുന്നത്’. അതേ പരിസരത്ത് തന്നെ താമസിച്ചിരുന്ന അഷിതയുടെ വീട്ടിലേക്കും അവനെന്നെ കൂട്ടിക്കൊണ്ട് പോയി.

ഇവിടെയെവിടെയോ ആയിരുന്നില്ലേ ആ ക്യാംപ് എന്ന് ചോദിക്കാനാഞ്ഞ എന്നോടവന്‍ പറഞ്ഞു, ‘ഇവിടെ അടുത്താണ് ജെയിംസ്  ജോയിസിനെ കുറിച്ച് ഗവേഷണം നടത്തുന്ന  ചിത്രാ പണിക്കരുടെ വീട്. ഹൃദയകുമാരി ടീച്ചറുടെയും അയ്യപ്പ പണിക്കര്‍ സാറിന്‍റെയും പ്രിയ ശിഷ്യ’. ശബരിയുടെ വീട്ടില്‍ നിന്നും കഷ്ടിച്ച് നൂറു മീറ്റര്‍ പോലും അകലമില്ല ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക്. തീര്‍ത്തും റസിഡന്‍ഷ്യലായ അങ്ങനെ ഒരിടത്താവില്ല ആ ക്യാംപ് എന്നൊരു വിചാരവുമുണ്ടായി.

Read More: ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ

വര്‍ഷങ്ങള്‍ കഴിഞ്ഞ് സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം സഹ പ്രവര്‍ത്തകന്‍ പറയുന്നു, ‘അറിഞ്ഞോ നമ്മള്‍ ഓഫിസ് മാറാന്‍ പോകുന്നു, പണ്ട് ശാസ്തമംഗലം ക്യാംപ് ഉണ്ടായിരുന്ന വീട്ടിലേക്കാണെന്ന് കേള്‍ക്കുന്നു’. ജോലി തിരക്കഭിനയിച്ച് ഞാനെന്‍റെ ഭയവും അസ്വസ്ഥയും മറച്ചു പിടിക്കാന്‍ ശ്രമിച്ചു.

ഉച്ചയൂണ് കഴിഞ്ഞ് മടങ്ങുന്ന എന്നെ ജനറല്‍ മാനേജര്‍ വഴിയില്‍ വച്ച് പിടിച്ചു കാറില്‍ കയറ്റി. എങ്ങോട്ടാണ് എന്ന് പറയാതെ വണ്ടി ഓടിച്ച് പോയി. ശാസ്തമംഗലത്തേക്കുള്ള വളവു തിരിഞ്ഞപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി.

ടാറ്റാ സുമോ പോലും കയറാന്‍ ബുദ്ധിമുട്ടുന്ന കുത്തനെയുള്ള കയറ്റം. വലിയൊരു മാവിന്‍റെ തണലില്‍ മങ്ങിത്തുടങ്ങുന്ന വെള്ളനിറമുള്ള കൂറ്റന്‍ കെട്ടിടം. അവിടെ ഞങ്ങളെ കാത്തിരിക്കുന്ന ഹരി പണിക്കര്‍.

മനസ്സിലേക്കെത്തിയ ഭയങ്ങളെല്ലാം മായ്ച്ചു കളയാന്‍ തക്കവണ്ണം നിര്‍മലമായി ചിരിക്കുന്ന മനുഷ്യന്‍. അന്‍പതുകളിലെത്തിയ അവിവാഹിതന്‍. സഹോദരി ചിത്രയും വിവാഹം കഴിച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞു.

‘ക്രൈം ബ്രാഞ്ചിന് ശേഷം ഇവിടെ വാടകക്കാരുണ്ടായിട്ടില്ല. വീടെന്ത് പിഴച്ചു? ‘, പണിക്കര്‍ ചോദിച്ചു. എങ്ങനെയെങ്കിലും ഈ തീരുമാനത്തില്‍ നിന്നും ഓഫിസിനെ പിന്തിരിപ്പിക്കണം എന്ന് കരുതിയിരുന്ന എന്നെയും നിശബ്ദനാക്കി ആ കൂടിക്കാഴ്ച.

അങ്ങനെ ശാസ്തമംഗലം ക്യാംപ് സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്‍റെ തിരുവനന്തപുരം ഓഫിസായി. വര്‍ഷം 2001.

ഞാന്‍ നിർമിച്ചിരുന്ന ‘വര്‍ത്തമാനം’ പ്രോഗ്രാമിന്‍റെ അന്നത്തെ അവതാരകന്‍ അജയന്‍ ചേട്ടന്‍ എന്ന എം.ജി.രാധാകൃഷ്ണന്‍ (ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ) അവിടേക്ക് ആദ്യമായി വന്നപ്പോള്‍ ആശംസിച്ചു, ‘ഇനിയിപ്പോള്‍ നിങ്ങളുടെ വര്‍ത്തമാനങ്ങളും, ചിരിയും, സംഗീതവുമൊക്കെ മായ്ച്ചു കളയട്ടെ ഈ കെട്ടിടത്തിന്‍റെ ഭയപ്പെടുത്തുന്ന ഓർമകളെ. എല്ലാം നല്ലതിനാവട്ടെ.’ എന്ന്.

ശാസ്തമംഗലം ക്യാംപിൽ ചോദ്യം ചെയ്യലിന് വിധേയനായ  പി.ഗോവിന്ദപിള്ള ഒരിക്കല്‍ സ്റ്റുഡിയോയിലെത്തി. ഒന്നാം നിലയിലേക്കുള്ള പടവുകള്‍ കയറിയപ്പോള്‍ എന്നോട് പറഞ്ഞു, ‘ഈ കോണി ഇപ്പോഴും ശബ്ദമുണ്ടാക്കുന്നുണ്ടല്ലേ? അയാള്‍ വരുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നിരുന്നത് ഈ ശബ്ദമാണ്.’

പടികള്‍ കയറി വന്നിരുന്നത് ജയറാം പടിക്കല്‍.

അങ്ങനെ എത്രയോ ഓർമപ്പെടുത്തലുകള്‍. സര്‍വീസില്‍ നിന്നും വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഏറ്റവും സ്പഷ്ടമായി വിവരിച്ചത്.

‘അന്നിതിന്‍റെ ലേ ഔട്ട്‌ ഇങ്ങനെയല്ല.’ എന്ന് പറഞ്ഞയാള്‍ എന്നെ ഒന്നാം നിലയിലുള്ള ഒരു മുറിയിലേക്ക് കൊണ്ട് പോയി. അത് ഞങ്ങളുടെ ടേപ്പ് ലൈബ്രറിയായിരുന്നു.

‘ഇവിടെയാണയാള്‍ ഇരിക്കുക. ഒരു ഉയര്‍ന്ന പ്ലാറ്റ്ഫോര്‍മില്‍. ഇരുട്ടായിരിക്കും ചുറ്റിലും. The suspect would be kept under  bright light. ചോദ്യം ചോദിക്കുന്ന ആളെ പ്രതിക്ക് കാണാന്‍ പറ്റാത്തത്രയും വെളിച്ചമുണ്ടാകും.’

സിനിമയിലൊക്കെ കാണുന്നത് പോലെ അല്ലേ, എന്ന് ചോദിക്കാന്‍ തുടങ്ങും മുന്‍പ് അയാള്‍ കൂട്ടിച്ചേര്‍ത്തു.

‘സ്കോട്‌ലാന്‍ഡ്‌ യാര്‍ഡിലൊക്കെ ട്രെയിനിങ് കഴിഞ്ഞ് വന്നയാളല്ലേ. അത് കൊണ്ടായിരിക്കും അങ്ങനെയൊക്കെ ചെയ്തത്.’

ജയറാം പടിക്കലിനൊപ്പം സര്‍വീസ് തുടങ്ങിയ ആ പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്‍റെ നല്ല വശങ്ങളെയും ഊന്നി പറഞ്ഞിട്ടാണ് അന്നവിടെ നിന്ന് പോയത്.

അജയന്‍ ചേട്ടന്‍ പറഞ്ഞത് പോലെ എല്ലാം നല്ലതിനായിരുന്നു. ജീവിത സായാഹ്നത്തില്‍ ഹരി പണിക്കര്‍ വിവാഹം കഴിച്ചു. ഇപ്പോള്‍  അച്ഛനായി സന്തോഷമായിരിക്കുന്നു. ചിത്രയും വിവാഹിതയായി.

അന്ന് സൂര്യ ടിവിയില്‍ ജോലി ചെയ്തിരുന്ന പലരും ഇന്ന് മാധ്യമലോകത്ത് ഉന്നതസ്ഥാനങ്ങളലങ്കരിക്കുന്നു.

എങ്കിലും, കാലമേറെ കഴിഞ്ഞിട്ടും നല്ലതേറെ നടന്നിട്ടും, നഗരത്തിന്‍റെ ഒത്ത നടുക്ക് ഇങ്ങനെ ഒരു ടോര്‍ച്ചര്‍ ക്യാംപ് നിലനിന്നിരുന്നു എന്നും, അവിടെ നിന്നുയര്‍ന്ന നിലവിളികള്‍ ആരും കേട്ടിരുന്നില്ല എന്നതും,  അക്കാലത്ത്  കൊന്നു ചാക്കില്‍ കെട്ടി പൊന്മുടിയിലും കക്കയത്തും എറിയപ്പെട്ട ജീവനുകള്‍ നീതി തേടി ഇപ്പോഴും അലയുന്നു എന്നതും ഒരു വര്‍ത്തമാനത്തിനും ചിരിക്കും സംഗീതത്തിനും മായ്ക്കാനാവാതെ കിടക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ