Latest News

വിരാറിലേക്കുളള തീവണ്ടി

“ആരോ എടുത്തെറിയും പോലെ ഞാന്‍ പ്ലാറ്റ്‌ഫോമില്‍ വന്നു വീണു. ദീര്‍ഘയാത്രികരായ ആ മനുഷ്യരുടെ വിയര്‍പ്പും ചൂടും പറ്റി ഞാനാകെ വശം കെട്ടുപോയിരുന്നു. അവര്‍ തുപ്പിക്കളഞ്ഞ ഒരു കഫക്കട്ട പോലെ എനിക്കപ്പോള്‍ സ്വയം തോന്നി”

e. santhoshkumar , virar railway station, train, malayalam writer,

സെപ്തംബര്‍ 29, വെള്ളിയാഴ്ച മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തിമൂന്നു പേര്‍ മരിച്ചു പോയി. ഏതാണ്ട് ഇരട്ടിയിലധികം പേര്‍ക്കു പരിക്കുപറ്റി. പൊടുന്നനെ പെയ്ത മഴയില്‍, പുറത്തെ റോഡിലേക്കിറങ്ങാന്‍ മടിച്ച് സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ നിന്ന മനുഷ്യരായിരുന്നു മരിച്ചത്. ഇടതടവില്ലാതെ എത്തിച്ചേര്‍ന്നിരുന്ന തീവണ്ടികളില്‍ നിന്നും പിന്നേയും പിന്നേയും ആളുകള്‍ പ്രവഹിച്ചു. പാലത്തിലെ പരിമിതമായ സ്ഥലം ജനനിര്‍ഭരമായി. പുതുതായി വന്നുചേരുന്നവര്‍ മുമ്പു നില്പുണ്ടായിരുന്നവരെ തള്ളിമാറ്റാന്‍ ശ്രമിച്ചു. കോണിപ്പടിയില്‍ സമ്മര്‍ദ്ദം കൂടി വന്നു. വാര്‍ത്തകള്‍ പറയുന്നത് ഇങ്ങനെയായിരുന്നു: പൂ വില്പനക്കാരിയായ ഒരു പെണ്‍കുട്ടി തന്റെ കൈയ്യിലുള്ള പൂക്കള്‍ താഴെ വീണതിനെക്കുറിച്ച് ‘ഫൂല്‍ ഗിര്‍ ഗയാ’ (പൂക്കള്‍ താഴെ വീണു) എന്നു പറഞ്ഞത്, ആളുകള്‍ ‘പുല്‍ ഗിര്‍ ഗയാ’ (പാലം താഴെ വീണു) എന്നു തെറ്റിക്കേട്ടു. ഒപ്പം തന്നെ മറ്റൊരു പെണ്‍കുട്ടി വഴുതി താഴെ വീഴുകയുമുണ്ടായി. പ്രാണഭയം ബാധിച്ച മനുഷ്യര്‍ ഇറങ്ങിയോടാന്‍ ശ്രമിച്ചു, പരസ്പരം ചവിട്ടിക്കൂട്ടി. യഥാര്‍ത്ഥത്തില്‍ മരണം വലിയൊരു കെണിയൊരുക്കുകയായിരുന്നു.

സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ മറ്റൊരാളെക്കൂടി സഹായിക്കാന്‍ ശ്രമിച്ച രണ്ടു സ്ത്രീകള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ പണിപ്പെടുന്ന മട്ടില്‍ത്തന്നെ മരിച്ചുപോയത് ഒരാള്‍ എഴുതിയിരുന്നു. വീണു കിടക്കുന്ന തങ്ങള്‍ക്കു മുകളിലൂടെ, എല്ലാം അവഗണിച്ചുകൊണ്ട് കടന്നു പോകുന്ന ഒരു ലോകത്തിനു നേര്‍ക്ക് എത്ര നിസ്സഹായമായിട്ടാണ് അവര്‍ നോക്കിയിരുന്നത്! ഒമ്പതു നിമിഷങ്ങള്‍: അത്രയും കുറഞ്ഞ സമയത്തിനുള്ളിലാണ് എല്ലാം സംഭവിച്ചത്.

അത്രയും നേരം, അഥവാ എത്രയോ കാലം തങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ചിലര്‍ തൊട്ടടുത്ത ദിവസം മുതല്‍ ഒപ്പമുണ്ടാവില്ലെന്ന അറിവ് ആ സ്റ്റേഷനിലിറങ്ങാതെ തുടര്‍ന്നു യാത്ര ചെയ്യുന്നവരെ അമ്പരപ്പിച്ചു. അതേ മുറിയില്‍, തങ്ങള്‍ പാടിയ അതേ പാട്ടുകള്‍ കേട്ട്, കശക്കിയെറിഞ്ഞ അതേ ചീട്ടുകള്‍ ശ്രദ്ധിച്ച് കൂടെ, അത്രയും അടുത്തായി മരണവും യാത്ര ചെയ്യുന്നുണ്ടായിരുന്നു എന്നതിന്റെ നടുക്കം ഇനിയൊരിക്കലും അവരില്‍ നിന്നും വിട്ടുപോവുകയില്ല.

മരിച്ചവരില്‍ മിക്കവാറുമെല്ലാവരും നിത്യവും ആ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരായിരുന്നു. മുംബൈയിലെ പശ്ചിമധാര (Western Line) ലാണ് എല്‍ഫിന്‍സ്സ്റ്റണ്‍ സ്റ്റേഷന്‍. ചര്‍ച്ച് ഗേറ്റിലേക്കു പോകുമ്പോള്‍ ദാദര്‍ കഴിഞ്ഞുള്ള തൊട്ടടുത്ത സ്‌റ്റേഷന്‍. ദൂരത്തുനിന്നും വരുന്ന വണ്ടികള്‍ ദാദറിലെത്തിയാല്‍ ആള്‍ത്തിരക്കൊഴിഞ്ഞു തുടങ്ങും. ഓഫീസുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കുമുള്ള ജീവനക്കാരാണ് ഇവരെല്ലാവരും. പണ്ടു മില്ലുകളായിരുന്നു ഈ പരിസരങ്ങളില്‍. മുംബൈയിലെ മില്‍ത്തൊഴിലാളിലകള്‍ സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നതുകൊണ്ട് ഇങ്ങനെ ദിനംപ്രതിയുള്ള ദൂരയാത്രകള്‍ ഇത്രയധികം ആവശ്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇവിടങ്ങളിലെല്ലാം വലിയ കെട്ടിടസമുച്ചയങ്ങള്‍ വന്നു. കൂടുതല്‍ പ്രധാനപ്പെട്ട ഓഫീസുകളും സ്ഥാപനങ്ങളും വന്നു. അതുകൊണ്ട് മുംബൈ കൂടുതല്‍ ഭക്ഷണം കഴിച്ച ഒരാളെപ്പോലെ തേട്ടുന്നു, വികസിക്കുന്നു. നഗരം വളരുന്നതിനനുസരിച്ച് സ്വാഭാവികമായും അവിടെ നിലനിന്നുപോരുക പഴയ ആളുകള്‍ക്കു പ്രയാസമായി. കൂടുതല്‍ ദൂരേക്ക് താമസിക്കാനുള്ള ഇടങ്ങള്‍ തേടി മനുഷ്യര്‍ നീങ്ങുന്നത് അങ്ങനെയാണ്. മുംബൈയിലെ തെക്കുഭാഗത്ത്, അതായത് പഴയ മുംബൈയില്‍ (ഫോര്‍ട്ട്, മലബാര്‍ ഹില്‍സ്, കൊളാബ പ്രദേശങ്ങളിലെല്ലാം) താമസിക്കുക എന്നത് സാധാരണക്കാര്‍ക്ക് ഇപ്പോള്‍ അസാധ്യമായ കാര്യമാണ്. ഈ ഭാഗങ്ങളിലുള്ള ജീവിതം തന്നെ വര്‍ഗവ്യത്യാസത്തിന്റെ അടയാളമാകുന്നു. സചിന്‍ തെണ്ടുക്കല്‍ക്കറുടെ ആത്മകഥയില്‍, തന്റെ ഭാര്യ ഡോ. അഞ്ജലി മഹാനഗരത്തിന്റെ തെക്കുഭാഗത്തുനിന്നാണെന്നു എടുത്തുപറയുന്നുണ്ട്. (പ്രശസ്തനായ ഒരു വ്യവസായിയായിരുന്നു അവരുടെ അച്ഛന്‍.)

e. santhoshkumar , virar railway station, train, malayalam writer,

താമസം ദൂരെയാകാം, അതേ സമയം ഓഫീസുകളും മറ്റും ഈ ഭാഗത്തായതുകൊണ്ട് ആളുകള്‍ക്ക് എന്നും പഴയ മുംബൈയിലേക്കു വന്നുപോകണ്ടേിവരുന്നു എന്നുണ്ട്. ഇങ്ങനെയുള്ള നിത്യയാത്രികരെ നിരീക്ഷിക്കുന്നത് കൗതുകമാണ്. ഒരു വര്‍ഷം ഇങ്ങനെ മുംബൈയില്‍ അവരിലൊരാളായിരുന്നപ്പോള്‍ അവരുടെ ജീവിതത്തിന് കൃത്യമായ ഒരു താളമുണ്ടെന്നു തോന്നിയിരുന്നു. ഒരേ വണ്ടിയില്‍, ഒരേ കംപാർട്ട്മെന്റില്‍, അതേ വശത്ത്, അതേ സീറ്റില്‍ത്തന്നെ വന്നിരിക്കുന്നവരെ കാണാം. ഒരു വിപ്ലവത്തിനും മുതിരാത്ത മുരത്ത യാഥാസ്ഥികര്‍. പതിച്ചുവച്ച ചിത്രങ്ങള്‍ പോലെയാണ് അവര്‍. അതേ ഓര്‍ബിറ്റുകളില്‍, സ്ഥലകാലങ്ങളില്‍ കണ്ടുമുട്ടാവുന്ന ഇലക്ട്രോണുകളെപ്പോലെ അവരുടെ സാന്നിദ്ധ്യം, ഒരേ ഇടങ്ങളില്‍ തന്നെയുണ്ടാവും. ഗോരേഗാവില്‍ നിന്നും പുറപ്പെടുന്ന 8.15 ന്റെ ഫാസ്റ്റ് ട്രെയിനില്‍ സ്ഥിരം വരുന്ന ഒരാളുടെ കാര്യം അങ്ങനെയായിരുന്നു. അയാള്‍ ഒരു യന്ത്രമനുഷ്യനെപ്പോലെ, ഒരു പക്ഷേ, അതിനേക്കാളുമധികം കണിശമായിരുന്നു. കൃത്യം 8.15 ന് അയാള്‍ വണ്ടി വരുന്നതും കാത്ത് ഒരു പ്രത്യേകസ്ഥലത്തു വന്നു നിൽക്കുന്നുണ്ടാവും. അയാള്‍ വരുന്നില്ലെങ്കില്‍ അന്ന് 8.15 AM എന്നൊരു സമയം ഉണ്ടാവുകയില്ലെന്നു തോന്നും. കുട, ബാഗ്, പത്രം, പാത്രങ്ങള്‍ ; ഇല്ല, അയാളുടെ വശം മറ്റൊന്നുമുണ്ടാവില്ല. (ഓര്‍മ്മകള്‍ പോലും!). വണ്ടി വേഗം കുറച്ച് ആളുകള്‍ ഇറങ്ങിത്തുടങ്ങുന്നതിനു മുമ്പ് എങ്ങനേയോ അയാള്‍ പെട്ടെന്ന് നിശ്ചിതകമ്പാര്‍ട്ടുമെന്റില്‍ കയറിക്കൂടും. പറഞ്ഞുറപ്പിച്ചതുപോലെ അതേ സ്ഥലത്ത്, അയാള്‍ ചെന്നു പറ്റിയിരിക്കും. ഉടുപ്പില്‍ ഒരു ചുളിവുപോലും ഉണ്ടാവില്ല. പത്രം വായിക്കുകയോ, പാട്ടു കേള്‍ക്കുകയോ ഒന്നും അയാള്‍ ചെയ്തു കണ്ടിട്ടില്ല. ഏതോ കാലത്തു സംവിധാനം ചെയ്ത ഒരു റോബോട്ടിനെപ്പോലെ, ഒരു പ്രത്യേക ആംഗിളില്‍ തല ചെരിച്ച് അയാള്‍ അങ്ങനെിരിക്കും. തീവണ്ടി ചലിക്കുമ്പോള്‍, ദൃശ്യപരിധിയില്‍ മാറിവരുന്ന കാഴ്ചകള്‍ ആ കണ്ണുകള്‍ രേഖപ്പെടുത്തുന്നുണ്ടാവാം.

എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനിലെ ദുരന്തത്തെ ലഘുവായി കാണുകയല്ല, പക്ഷേ, ലഭ്യമായ കണക്കുകള്‍ കാണുമ്പോള്‍ അതൊരു മഹാദുരന്തമായി പരിഗണിക്കേണ്ടതില്ലെന്നു പറയേണ്ടി വരും. കാരണം ദിനംപ്രതി എഴുപത്തഞ്ചു ലക്ഷം മനുഷ്യര്‍ യാത്ര ചെയ്യുന്ന, വര്‍ഷം തോറും ഇന്ത്യയുടെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം പേര്‍ കടന്നുപോകുന്ന ഒരത്ഭുത ലോകമാണ് മുംബൈ ലോക്കല്‍ തീവണ്ടികള്‍. അവിടെ കൊല്ലംതോറുമുള്ള മരണസംഖ്യ നാലായിരത്തോളമാണ്. ദിവസക്കണക്കെടുത്താല്‍ പത്തില്‍ക്കൂടുതല്‍ ആളുകള്‍. കേരളത്തിലെ റോഡപകടങ്ങളിലെ മരണസംഖ്യയോട് ഒത്തുപോവുന്നതാണ് ഈ വിവരക്കണക്കുകള്‍. ലോക്കല്‍ തീവണ്ടികള്‍ക്കുള്ളില്‍ ഇടമില്ലാതെ പുറത്തേക്കു തള്ളിവലിഞ്ഞു നിൽക്കുന്നതിനിടയില്‍ പുറത്തേയ്ക്കു തെറിച്ചുവീണു മരിച്ചുപോകുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. മറ്റുചിലര്‍ സമയത്തോടൊപ്പമെത്താന്‍ പാളം മുറിച്ചു കടക്കുന്നതിനിടയില്‍ സ്വയം അവസാനിക്കുന്നു. മുംബൈ ലോക്കല്‍ തീവണ്ടികളിലെ യാത്രാദുരിതത്തിന്റെ ചിത്രങ്ങള്‍ നെറ്റില്‍ പരതി നോക്കൂ: മനുഷ്യരെക്കൊണ്ടു നിറഞ്ഞുവീര്‍ത്ത പള്ളകളുമായി, ചലിക്കുന്ന വലിയൊരു സര്‍ക്കസ്സ് കൂടാരമായി സ്വയം പരിണമിച്ച്, പാഞ്ഞുപോകുന്ന തീവണ്ടികളെ കാണാം.

സ്വാഭാവികമായും ലോകത്തിലെത്തന്നെ ഏറ്റവും ആള്‍ത്തിരക്കുള്ള സ്‌റ്റേഷനുകളാണ് മുംബൈയിലുള്ളത്. അന്ധേരിയിലും ദാദറിലുമൊക്കെ ചെന്ന് സ്റ്റേഷന്റെ താഴത്തെ നിലയില്‍ നിന്നും മുകളിലേക്കു കയറുന്ന കോണിപ്പടികള്‍ക്കു കീഴെ നിന്നാല്‍, നിലയ്ക്കാതെ ചലിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടത്തെ കാണാം. അതു നോക്കിനിൽക്കുമ്പോള്‍ മലയാളി, ആനന്ദിന്റെ നോവല്‍ ഓര്‍ക്കാതിരിക്കുകയില്ല. വേഷത്തിലും രീതികളിലും ഒരല്പം മാറിയിട്ടുണ്ടാവാം, പക്ഷേ അതേ ആള്‍ക്കൂട്ടം തന്നെയാണ് ഇപ്പോഴും. നടന്നുവരുന്ന ഓരോ മനുഷ്യനും ഒരു യൂണിറ്റാണ്. സ്വന്തമായുള്ള ഒരു ഭൂതകാലവും കൊണ്ടുതന്നെയാണ് അയാളും വരുന്നത്. എന്തൊക്കെയോ പദ്ധതികള്‍ നിശ്ചയിച്ച് ഭാവിയിലേക്കു തന്നെയാണ് അയാള്‍ നടന്നകലുന്നതും. അവിടെ അവരെ ഉറ്റുനോക്കിക്കൊണ്ടു നിന്നാല്‍ നാം സ്വയം ചെറിയ മനുഷ്യരായിത്തീരുന്നതു കാണാം. നിസ്സാരതയേക്കുറിച്ചുള്ള ചില പാഠങ്ങള്‍: ഒരു വരയ്ക്കു തൊട്ടരികില്‍ അതിനേക്കാളും വലുപ്പമുള്ള മറ്റൊരു വരവരച്ച്, പഴയ വരയെ ചെറുതാക്കുന്ന കളിയിലെന്നതുപോലെ ഒരു മാനസികവ്യായാമമാണത്. നമ്മുടെ അഹന്തയ്ക്കുമേല്‍ ഒരു ചികിത്സ. (തിരിച്ചുമുണ്ട്, നിങ്ങള്‍ ഏറെ ചെറിയ മനുഷ്യരാണെന്നു തോന്നുകയാണെങ്കില്‍, സ്വയം ഉറുമ്പുകളാണെന്നു സങ്കൽപ്പിക്കൂ; സ്വന്തം ലോകം വിടര്‍ന്നു വികസിക്കുന്നതു കാണാമെന്ന് ഖണ്ഡഹാര്‍ എന്ന സിനിമയ്ക്കു മുന്നോടിയായി മൊഹ്‌സീന്‍ മഖ്മല്‍ബഫ്) ഈ ഇരുപത്തിമൂന്നുപേര്‍ മരിച്ച ശേഷവും, അധികം വൈകാതെത്തന്നെ തീവണ്ടികളെല്ലാം കൃത്യസമയത്തു വന്നുപോയി. ഒരാള്‍ ഇല്ലാതാവുമ്പോഴും ഒരു ശൂന്യതയുമില്ല; കാൽപ്പനികഭാഷയില്‍ വെറുതെ പറയുന്നതാണ് അതെല്ലാം. ഒരു ക്ലോക്കും ആര്‍ക്കു വേണ്ടിയും നിലയ്ക്കുന്നതേയില്ല.

e. santhoshkumar , virar railway station, train, malayalam writer,

Read More: ഇ.സന്തോഷ് കുമാറിന്രെ ആദിമൂലം ഇവിടെ വായിക്കാം

ഇത്തരം യാത്രകള്‍ പരിചയമാകുന്നതിനു മുമ്പ്, തുടക്കത്തില്‍ ചർച്ച്ഗേറ്റ് സ്റ്റേഷനില്‍ നിന്നും ഒരു ദീര്‍ഘദൂരവണ്ടിയില്‍ കയറി. ദീര്‍ഘദൂരം എന്നാല്‍ വെസ്റ്റേണ്‍ ലോക്കലില്‍ മിക്കവാറും 60 കിലോമീറ്ററാണ്. വിരാര്‍ എന്ന സ്‌റ്റേഷനിലേക്കാണ് അതു പോകുന്നത്. (വിരാര്‍ കഴിഞ്ഞ് ആറോ ഏഴോ സ്‌റ്റേഷനുകള്‍ കൂടിയുണ്ട് വെസ്‌റ്റേണ്‍ ലൈന്‍ തീരാന്‍) അന്നു താമസിച്ചിരുന്ന ഗോരഗാവിലേക്ക് 27 കിലോമീറ്ററേയുള്ളൂ. ഈ തീവണ്ടിക്ക് അവിടെ സ്‌റ്റോപ്പുണ്ടായിരുന്നു. അത് ഉറപ്പു വരുത്തിയിട്ടാണ് കയറിയത്. ചർച്ച്ഗേറ്റ് സ്റ്റേഷന്‍ തുടക്കത്തിലായതിനാല്‍ സീറ്റുനോക്കി കയറാം, ഇരിക്കാം. ഏതാണ്ട് എട്ടുമണിയായിരുന്നു. വണ്ടികളിലെല്ലാം പതിനൊന്നു മണി വരേയ്ക്കും ഈ തിരക്കു കാണും. വിരാറിലേക്കുള്ള തീവണ്ടിയില്‍, ഞാനിരുന്ന കംപാർട്ട്മെന്റില്‍ കുറച്ച് ആളുകള്‍ തപ്പുവാദ്യങ്ങളുമക്കെയായി വന്ന് ഭജന തുടങ്ങി. ഒരു പ്രത്യേക ഈണത്തിലായിരുന്നു പ്രാര്‍ത്ഥനയിലെ ഗാനങ്ങള്‍. ഓരോ ഗാനത്തിനും മന്ദസ്ഥായിയിലുള്ള തുടക്കം. പിരിമുറുക്കമുള്ള ഉയരങ്ങളിലെത്തുമ്പോള്‍ കൂടെയുള്ളവര്‍ കൈകള്‍ തുടയിലടിച്ച് ആവേശഭരിതരായി കൂടെപ്പാടും. ചിലര്‍ എഴുന്നേറ്റു നിന്നു തുള്ളും. അതിന്റെ പാരമ്യത്തില്‍ നിന്നും പാട്ടു പടിയിറങ്ങും, വീണ്ടും മന്ദഗമനം. അവസാനിക്കുന്നതിനു മുമ്പു തന്നെ മറ്റൊരാള്‍, വേറൊരു ഗാനത്തിനു തുടക്കമിട്ടിട്ടുണ്ടായിരിക്കും.

Read More: ആദൃശ്യവനഭൂമിയിലേയ്ക്കുളള മടക്കം, കഥയ്ക്കു പിന്നിലെ കഥയെ കുറിച്ച് ഇ. സന്തോഷ് കുമാർ എഴുതുന്നു

ആറേഴു സ്‌റ്റേഷനുകള്‍ പിന്നിട്ട് ദാദറിലെത്തിയപ്പോഴേക്കും സാമാന്യം നല്ല തിരക്കായി. എല്ലാ സീറ്റുകളും നിറഞ്ഞു. ആളുകള്‍ നിൽക്കാന്‍ തുടങ്ങി. സാന്താക്രൂസിലെത്തുമ്പോഴേക്കും പുറത്തുള്ള ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധത്തില്‍ ആളുകള്‍ നിറഞ്ഞു. പതുക്കെ എഴുന്നേറ്റു. നാലാമത്തെ സ്റ്റേഷനില്‍ ഇറങ്ങണം. സമയമുണ്ടല്ലോ, തൊട്ടപ്പുറത്തുള്ള വാതിൽക്കലേയ്ക്ക് എത്താം എന്നായിരുന്നു വിചാരം. അതിനിടയില്‍ അന്ധേരി വരാനുണ്ട്. അതൊരു വലിയ സ്റ്റേഷനാണ്, കൂടുതല്‍ ആളുകള്‍ ഇറങ്ങും; കുറേക്കൂടി ആളുകള്‍ കയറും. പക്ഷേ, പതുക്കെ നടന്നുതുടങ്ങിയപ്പോള്‍ മനസ്സിലായി: വാതില്‍ക്കല്‍ എത്തുക എളുപ്പമല്ല. ഒരാളും വഴി മാറുന്നില്ല. ആരും നിങ്ങളെ പരിഗണിക്കുന്നതു പോലുമില്ല. കുറച്ചൊന്നു തള്ളിയപ്പോള്‍ എവിടേയ്ക്കാണ് എന്നൊരാള്‍ ചോദിച്ചു. ഗോരഗാവ് എന്ന പേരു കേട്ടതും അയാള്‍ തിരിച്ചു ചീത്ത വിളിക്കാന്‍ തുടങ്ങി. കൂടുതല്‍ ആളുകള്‍ അയാള്‍ക്കൊപ്പം ചേര്‍ന്നു. എന്താണ് എന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു. ഞാനൊരു പുതിയ ആളാണ് എന്നു മനസ്സിലാക്കിയിട്ടാവണം, കുറച്ചു കൂടി മാന്യമായി പെരുമാറാന്‍ തീരുമാനിച്ച ഒരാള്‍ പറഞ്ഞു, വിരാറിലേക്കുള്ള തീവണ്ടികളില്‍ ഇങ്ങനെ അടുത്തേക്ക് (പാതിവഴിയുണ്ടെങ്കിലും) യാത്ര ചെയ്യുന്നത് ആരും ഇഷ്ടപ്പെടുകയില്ല. വിരാര്‍ ദൂരെയാണ്. അവിടേക്കുള്ള യാത്ര കഠിനവും. അതിനിടെ ഇടയ്ക്കിടെ ആളുകള്‍ ഇറങ്ങി, ദുരിതം കലര്‍ന്നതാണെങ്കിലും തങ്ങള്‍ക്കു മാത്രമായുള്ള ഇത്തിരി സ്വാസ്ഥ്യം കെടുത്തരുത്.

ആ മനുഷ്യന്‍ കുറച്ചു വഴി അനുവദിച്ചു തന്നു. പക്ഷേ, അതിനപ്പുറത്തേക്കു നീങ്ങുക വയ്യ. കംപാര്‍ട്‌മെന്റിലെ ഭജന തിമിര്‍ത്തു പെയ്യുന്നു. തപ്പുതാളങ്ങള്‍ മുറുകുന്നു. എനിക്കിറങ്ങാനുള്ള സ്റ്റേഷന്‍ കഴിഞ്ഞുപോയി എന്ന് മനസ്സിലായി. അടുത്ത സ്‌റ്റേഷന്‍, അതിനുമടുത്തത്… മലാഡ്, കാന്തിവല്ലി… അവയെല്ലാം നീങ്ങിപ്പോവുകയാണ്. ആളുകള്‍ കാര്യമായി ഇറങ്ങുന്നില്ല. പക്ഷേ, കൂടുതല്‍ പേര്‍ കയറിക്കൂടുന്നു. ബോറിവല്ലി എന്ന ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനിലെത്തിയപ്പോള്‍ ഞാന്‍ കുറേക്കൂടി പിന്നാക്കം പോയി. ഒരാള്‍, അയാളുടെ ശരീരത്തില്‍ സ്പര്‍ശിച്ചതുകൊണ്ടാവണം, കയര്‍ക്കുന്ന ഭാഷയില്‍ സംസാരിച്ചു. പിരിമുറുക്കമുള്ള പ്രാര്‍ത്ഥനാശകലം പോലെ തോന്നിച്ചു, അത്.

Read More: ഇഷിഗുരോയെ കുറിച്ച് ഇ സന്തോഷ് കുമാർ എഴുതുന്നു. ഓർമ്മകൾ കൊണ്ട് മുറിവേൽക്കുമ്പോൾ

ഒടുവില്‍ ആളുകള്‍ ഇറങ്ങിത്തുടങ്ങി. അവരുടെ ചുവടുപിടിച്ച് ഞാന്‍ വെളിച്ചത്തിലേക്കു സഞ്ചരിച്ചു. ഇറങ്ങേണ്ടിടത്തു നിന്നും ആറാമത്തെ സ്റ്റേഷനില്‍ ഭയാന്തര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ വീര്‍ത്തു കനത്ത ആള്‍ക്കൂട്ടം എന്നെ പുറന്തള്ളി. ആരോ എടുത്തെറിയും പോലെ ഞാന്‍ പ്ലാറ്റ്‌ഫോമില്‍ വന്നു വീണു. ദീര്‍ഘയാത്രികരായ ആ മനുഷ്യരുടെ വിയര്‍പ്പും ചൂടും പറ്റി ഞാനാകെ വശം കെട്ടുപോയിരുന്നു. അവര്‍ തുപ്പിക്കളഞ്ഞ ഒരു കഫക്കട്ട പോലെ എനിക്കപ്പോള്‍ സ്വയം തോന്നി.

e. santhoshkumar , virar railway station, train, malayalam writer,

സ്‌റ്റേഷനിലെ വെളിച്ചത്തില്‍ കണ്ണുകള്‍ പതറി. ആളുകളെ ഇറക്കി, കുറച്ചു പേരെക്കൂടി ഉള്‍ക്കൊണ്ട്, ഒന്നു ശ്വാസമെടുത്ത ശേഷം ആ തീവണ്ടി വീണ്ടും പുറപ്പെട്ടു. അതിന്റെ ഇരമ്പങ്ങള്‍ക്കുമുകളില്‍ പ്രാര്‍ത്ഥനാഗാനം ഉയര്‍ന്നു കേട്ടു. അതിലെ വരികള്‍ ഉത്തുംഗപദത്തിലേക്കു പോകുന്നു. തപ്പും വാദ്യവുമായി മനുഷ്യര്‍ അതിനോടൊപ്പം കുരവയിടുന്നു. ഏവരും നിഗൂഢമായ ഏതോ ആരാധനയില്‍ പങ്കെടുക്കുന്നതു പോലെ തോന്നിച്ചു. പിന്നെ ആ ശബ്ദങ്ങള്‍ അകന്നകന്നു പോയി. മറ്റൊരു തീവണ്ടിയുടെ മുഴക്കം കേട്ടു.

Read More:  ഇ. സന്തോഷ് കുമാർ എഴുതിയ മലകയറ്റം

കുറച്ചു സമയത്തിനുള്ളില്‍ ഞാന്‍ യാത്ര ചെയ്തുവന്ന വണ്ടി വിരാര്‍ എന്ന സ്‌റ്റേഷനില്‍ എത്തിച്ചേരും. അല്പനേരം അതവിടെ വിശ്രമിക്കുമായിരിക്കും. വൈകാതെ, വീണ്ടും മടക്കയാത്ര തുടങ്ങും. അപ്പോഴേക്കും തെറ്റിക്കയറിയ ഒരു യാത്രക്കാരന്‍ അതിന്റെ ഓര്‍മ്മകളില്‍ നിന്നും പാടേ മാഞ്ഞുപോയിരിക്കും.

ഒന്നാലോചിച്ചാല്‍, ജീവിതത്തെ ഉദാഹരിക്കാന്‍ ഭൂമിയില്‍ തീവണ്ടിയേക്കാള്‍ മികച്ച മറ്റൊരു രൂപകമുണ്ടോ?

 

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Elephinstone road station stampede mumbai suburban trains prabhadevi dadar virar

The moderation of comments is automated and not cleared manually by malayalam.indianexpress.com