scorecardresearch

നിറങ്ങളിൽ ഒരു കഥയെഴുതുമ്പോൾ

ഏക കുർനിയാവന്റെ "ബ്യൂട്ടി ഈ​സ് എ വൂൺഡ് "എന്ന നോവലിനെ ചിത്രങ്ങളിലൂടെ വായിക്കുകയാണ് എഴുത്തുകാരനായ ജയകൃഷ്ണൻ. ജയകൃഷ്ണന്റെ ചിത്രവായനയെ കുറിച്ച് നിരൂപകനായ ലേഖകൻ എഴുതുന്നു

ഏക കുർനിയാവന്റെ "ബ്യൂട്ടി ഈ​സ് എ വൂൺഡ് "എന്ന നോവലിനെ ചിത്രങ്ങളിലൂടെ വായിക്കുകയാണ് എഴുത്തുകാരനായ ജയകൃഷ്ണൻ. ജയകൃഷ്ണന്റെ ചിത്രവായനയെ കുറിച്ച് നിരൂപകനായ ലേഖകൻ എഴുതുന്നു

author-image
Rahul Radhakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
beauty is wound, Eka Kurniawan, rahul radha krishnan, jayakrishnan

jayakrishnan, rahul radhakrishnan, artist ജയകൃഷ്ണൻ

ചില അനുഭവങ്ങൾ ചിലർ എഴുത്തുരൂപമാക്കുമ്പോൾ, ചിലർ അതിനെ വരയിലൂടെ സംവേദനം ചെയ്യുന്നു. ജയകൃഷ്ണന്റെ ചിത്രങ്ങൾ Beauty is a wound എന്ന നോവലിന്റെ ആസ്വാദനം ആവുന്നത് അങ്ങനെയാണ്. ഓരോരുത്തർക്കും പറയാൻ ഓരോ അനുഭവങ്ങളുണ്ട്.

Advertisment

ഭാവനയെ വെല്ലുന്നതും കഥയെ അതിശയിപ്പിക്കുന്നതുമായ അനുഭവങ്ങൾ. മറ്റു ചിലരാകട്ടെ നടന്ന സംഭവങ്ങൾക്കു മേലാപ്പ് നൽകാൻ സാങ്കല്പിക കഥാതന്തുവിനെ ആശ്രയിക്കുന്നു. സർഗ്ഗാത്മകത ആവോളം ആവശ്യമുള്ള ഈ പ്രക്രിയയ്ക്ക് ഭാഷയും പുരാവൃത്തവും ആഖ്യാനഘടനയും പിന്ബലമേകുന്നു. ഉന്മാദിയുടെ ജീവിതാനുരാഗവും ഉന്മത്തമായ ജീവിതമുഹൂർത്തങ്ങളും സാങ്കല്പ്പികമായ മനോഹരദൃശ്യങ്ങളുമുള്ള മധുരമനോജ്ഞ .ഭാഷയിലൂടെ അനുഭവങ്ങൾക്ക് രൂപവും ആകൃതിയും ഉണ്ടാവുമ്പോൾ ശില്പഭദ്രമായ ആഖ്യാനങ്ങൾ ഉണ്ടാവുന്നു. മണ്ണിന്റെ മണമുള്ള പ്രണയവും കാവ്യാത്മകമായ സന്ദർഭങ്ങളും നാം നിനച്ചിരിക്കാതെ തന്നെ ജീവിതത്തിലേക്ക് എത്തിപ്പെടുകയാണ്. തളിരിലകളിൽ കാണുന്ന പച്ചനിറത്തിന്റെ ഛായ പോലെ സ്വർഗീയമായ അനുഭൂതി മനസ്സിൽ നിറച്ചു കൊണ്ട്, തോരാമഴ പോലെ വിണ്ണിലും മണ്ണിലും ഭാവനാതീതമായ പെരുമഴക്കാലം അനുഭവവേദ്യമാവുന്നു.

eka kurniawan, rahul radhakrishnan, jayakrihnan, beauty is wound,

കഥ പറയാനും കേൾക്കാനുമുള്ള ആഗ്രഹം പ്രണയത്തിൽ പൂത്തുലയുന്ന കാമുകീകാമുകന്മാരുടെ വികാരം പോലെയാണ്. അതീന്ദ്രിയമായ സ്നേഹത്തിന്റെ പശിമ നാളുകൾ കഴിയുന്തോറും ഊറിവരുന്നത് പോലെ, ഭാവന ജൈവികമായ തീരങ്ങൾ അണയുന്നതിന്റെ സംഗ്രഹരൂപമാണ് കഥ എന്ന സത്തിൽ ലീനമായിട്ടുള്ളത്. ഓർത്തെടുക്കാനുള്ള ജീവിതത്തിൽ സ്നേഹം ഓർമയാവുന്ന മാന്ത്രികതയാണ് പ്രണയത്തിലൂടെ തൊട്ടറിയുന്നത്. ഋതുപകർച്ചകളുടെ സായന്തനങ്ങളിൽ ഓർമയും വസ്തുതകളും ഭാവനയും ഒന്നിക്കുന്നതിന്റെ എഴുത്തുകൾ ഭൂതകാലത്തിന്റെ കിളിവാതിലുകളിലെ കാഴ്ചകളെ വീണ്ടും സജീവമാക്കുന്നു. കഥയെക്കാളും വിശാലമായ കാൻവാസിൽ വിജയകരമായി ഈ സങ്കേതത്തെ നോവലിൽ പരീക്ഷിക്കാമെന്നു ബോധ്യപ്പെടുത്തുകയാണ് ഇന്തോനേഷ്യയിലെ ഏക കുർനിയാവൻ (Eka Kurniawan).

ദേവി ആയു എന്ന സുന്ദരിയായ സ്ത്രീയാണ് കുർണിയാവന്റെ നോവലായ Beauty is a Woundലെ കേന്ദ്ര കഥാപാത്രം. ഇന്തോനേഷ്യയെ യുദ്ധത്തിൽ തോൽപ്പിച്ച ജപ്പാൻ ദേവിയെ തടവുകാരിയാക്കി. ജപ്പാൻ സൈന്യത്തെ സന്തോഷിപ്പിക്കാൻ അവൾ ലൈംഗിക തൊഴിലാളിയായി മാറി. യുദ്ധവും കലാപവും നശിപ്പിച്ച അവളുടെയും കുടുംബത്തിന്റെയും ആഖ്യാനമാണ് ഈ നോവൽ. ഹാലിമുണ്ടയിൽ ജനിച്ച ദേവിയുടെ സൗന്ദര്യത്തിനു മുൻപിൽ ഒരു ഗ്രാമം മുഴുവനും ഭ്രമിച്ചു നിന്നിരുന്നു. ദേവിയുടെ ജീവിതത്തെ മുൻനിർത്തി അവളുടെ ജീവിതാവസ്ഥകളും അവളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ സംഭവബഹുലമായ അനുഭവങ്ങളുമാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്.

Advertisment

eka kurniawan, jayakrishnan, beauty is wound, rahul radhakrishnan,

ഹാലിമുണ്ട എന്നത് ചരിത്രത്തിൽ ഇടം നേടിയ സ്ഥലമായിരുന്നു. അവിടെയായിരുന്നു അതിസുന്ദരിയായ രാജകുമാരി റെൻഗ്ഗാനിസ് ജീവിച്ചത്. രാജകുമാരിയെ വിവാഹം കഴിക്കാനായി ദൂരദേശങ്ങളിൽ നിന്ന് വരെ രാജകുമാരന്മാരും വീരയോദ്ധാക്കളും എത്തിയെങ്കിലും ആർക്കും അവളെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ രാജകുമാരി ശിഷ്ടകാലം ഒരിരുട്ടുമുറിയിൽ താമസിക്കാൻ തീരുമാനിച്ചു. വർഷങ്ങൾക്കു ശേഷം ഒരു ദിവസം സർവാഭരണവിഭൂഷിതയായി അവൾ ആ മുറിയിൽ നിന്നും പുറത്തേക്കു വന്നു. ആരെയാണോ ആദ്യം കാണുന്നത് അയാളെ വിവാഹം കഴിക്കുമെന്ന് അവൾ ദൃഢ നിശ്ചയം ചെയ്തു. നിർഭാഗ്യവശാൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു നായയായിരുന്നു. അവൾ ശപഥം കാത്തു സൂക്ഷിക്കാനായി ആ നായയെ കല്യാണം കഴിച്ചു. ഈ ഒരു മിത്തിൽ നിന്നുമാണ് കുർണിയാവാൻ നോവലിനെ വികസിപ്പിക്കുന്നത്.

മാർക്കേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളുടെ ശില്പമാതൃക പിന്തുടരുന്ന നോവലിസ്റ്റ്, ഈ നോവലിലും മാജിക്കൽ റിയലിസത്തിന്റെ ശീലുകളെ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഏകാന്തതയുടെ നൂറു വർഷങ്ങളിലെ ഉർസൂല ഭർത്താവുമായുള്ള ശാരീരികബന്ധത്തെ കട്ടിയുള്ള തോലും ഇരുമ്പ് ബക്കിളും ഉപയോഗിച്ചുള്ള അടിവസ്ത്രം ധരിച്ച് ചെറുത്തുനില്ക്കുന്നത് പോലെ മന്ത്രബന്ധിതമായ ഇരുമ്പ് കൊണ്ടുള്ള അടിവസ്ത്രം ധരിച്ചു കൊണ്ട് ഈ നോവലിലെ ഒരു കഥാപാത്രവും തനിക്ക് അഭിമതനല്ലാത്ത ഭർത്താവിനെ സ്വീകരിക്കുന്നുണ്ട്.

jayakrishnan, rahul radhakrishnan, eka kurniawan, beauty is wound

ഇന്തോനേഷ്യയിലെ ചരിത്രത്തിൽ ആവർത്തിച്ചിരുന്നു ചില ശീലങ്ങളെ കുർനിയാവൻ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. കാട്ടുപന്നികളെ ആക്രമിച്ചു കീഴ്പ്പെടുത്താൻ വേണ്ടി നായകളെ വളർത്തുന്ന രീതി ഇതിനുദാഹരണമായിരുന്നു. യജന്മാനൻമാർക്കെതിരെ ചിലപ്പോഴൊക്കെ ആക്രമണത്തിന് നായകൾ, മുതിരുമായിരുന്നു. പട്ടാളം തന്നെ ജനങ്ങള്‍ക്കെതിരെ ആയുധം എടുക്കുന്നതിനെയും നോവലിൽ വിവരിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ക്രൂരതകളെ ചർച്ച ചെയ്യാനുള്ള സന്ദർഭങ്ങളും കുർനിയാവൻ ആഖ്യാനത്തിൽ ചേർത്തു വെച്ചിട്ടുണ്ട്.

beauty is wound, jayakrishnan, rahul rahdakrishnan, eka kurniawan

ഇന്തോനേഷ്യയുടെ കഥ പറയുമ്പോൾ ദേവന്മാരും അസുരന്മാരും ഗന്ധർവകിന്നരന്മാരും യക്ഷികളും അപ്സരസ്സുമാരും പ്രധാനപ്പെട്ട വ്യക്തിത്വങ്ങൾ തന്നെയാണ്. പുരാണേതിഹാസങ്ങൾ കാറ്റിൽ വരെ നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്തിന്റെ ആഖ്യാനമുണ്ട് ഈ നോവലിൽ. ദേവിയുടെ നാലാമത്തെ മകൾ കാഴ്ചയിൽ അതിവിരൂപയായിരുന്നു. ബ്യൂട്ടി എന്ന് പേരുള്ള അവൾ തന്റെ രാജകുമാരനെ കാത്തിരിക്കുന്നുണ്ട്. സുന്ദരനും സർവഗുണസമ്പന്നനുമായ ഒരാൾ തന്നെ വേൾക്കാൻ എത്തുമെന്ന് അവൾ വിശ്വസിച്ചിരുന്നു.ഒടുവിൽ അങ്ങനെ വന്നെത്തുന്നയാള്‍ ആരാണെന്നുള്ളതാണ് നോവലിനെ ആകാംക്ഷാഭരിതമാക്കുന്നത്.

eka kurniawan, rahul radhakrishnan, jayakrishnan, beautyi is wound

മുത്തശ്ശിക്കഥകളിലൂടെയും ഷെഹറസാദിന്റെയും വികമാദിത്യ -വേതാള കഥകളിലൂടെയും കഥാസരിത്‌സാഗരത്തിലൂടെയും നമ്മൾ വായിച്ചറിഞ്ഞ സങ്കൽപ്പലോകം എക്കാലവും നമ്മുടെ മനസ്സിലെ തേനുറവയാണ്. പിന്നീടുള്ള ജീവിതത്തിൽ ഉൾക്കാഴ്ച പകർന്നു നൽകാൻ അവ സഹായകമായിട്ടുണ്ട്. കാലുഷ്യം നിറഞ്ഞ രാഷ്ട്രീയം മുഖമുദ്രയായ ഒരു രാജ്യത്ത് നിലനിൽക്കുന്ന സംസ്കാരത്തെ അതിന്റെ പല തരത്തിലുള്ള പാരമ്പര്യവുമായി കൂട്ടി വെയ്ക്കുകയാണ് കുർണിയാവൻ. യുദ്ധങ്ങളും കലഹങ്ങളും കലുഷിതമാക്കിയവരുടെ പ്രയാസങ്ങളെ പാടിപ്പതിഞ്ഞ പഴങ്കഥകളുമായി കൂട്ടിച്ചേർത്ത് പരിചയപ്പെടുത്താനാണ് കുർനിയാവൻ ശ്രമിക്കുന്നത്. രാജകുമാരിയായ റെൻഗാനിസ് നായയെയാണ് വിവാഹം ചെയ്തെന്ന ഐതിഹ്യം പുതുതലമുറയിലെ റെൻഗാനിസിന്റെ ജീവിതത്തിൽ പുന:സൃഷ്ടിക്കാൻ നോവലിസ്റ്റ് ഒരുക്കി കൊണ്ട് വരുന്ന കഥാസന്ദർഭങ്ങൾ പഴയ കാല സാംസ്‌കാരത്തിലേക്കുള്ള തിരിച്ചുപോക്കാണ്. അറിഞ്ഞതും കേട്ടതും ഓർമയിൽ ഉള്ളതുമായ സന്ദർഭങ്ങളെ അങ്ങനെ വൈവിധ്യങ്ങളുടെ ഒരു സമുച്ചയമാക്കി മാറ്റി കുർണിയാവാൻ വികസിപ്പിച്ചിരിക്കുന്നു. ജയകൃഷ്ണനാകട്ടെ കുർണിയവന്റെ ചില സന്ദർഭങ്ങളെ നിറങ്ങളുടെ മറ്റൊരു സമുച്ചയമാക്കി മാറ്റിയിരിക്കുന്നു.

Rahul Radhakrishnan Art Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: