കുട്ടിക്കാലത്തിന്റെ പുസ്തകത്തിൽ മറ്റൊന്നിനുമില്ലാത്തൊരു ചേലുണ്ടായിരുന്നു പെരുന്നാൾ തലേന്നത്തെ രാത്രിക്ക്. അതു പോലെ പ്രതീക്ഷകളും സ്വപ്നങ്ങളും മണങ്ങളും രുചികളും ഭാവനകളും നിറച്ച മറ്റൊരു രാവും ജീവിതത്തിൽ ഇല്ലായിരുന്നെന്ന്, കുട്ടിക്കാലത്തിന്റെ ടൈം ലൈനിൽനിന്നും നിന്നും മാറി, പതിറ്റാണ്ടുകൾ അകലെ മറ്റൊരിടത്ത് നിൽക്കുമ്പോൾ, ഇപ്പോൾ, ശരിക്കും ബോധ്യമാവുന്നു.

മറ്റൊന്നും പോലെ ആയിരുന്നില്ല എൺപതുകളുടെ പകുതിയിൽ കുട്ടിത്തം തുളുമ്പിനിന്നൊരു വാണിമേൽ തലമുറയെ സംബന്ധിച്ച്, പെരുന്നാൾ തലേന്ന്. പെരുന്നാളിനു പോലുമില്ലാത്ത സന്തോഷങ്ങളുടെ, ഉദ്വേഗങ്ങളുടെ, ആശ്ചര്യങ്ങളുടെ, ഒരു പ്രതലം തലേന്നത്തെ രാത്രിക്കുണ്ടായിരുന്നു.

നാളുകളായുള്ള കുഞ്ഞു കുഞ്ഞു കാത്തിരിപ്പുകളുടെ പെരും മുനമ്പായിരുന്നു അത്. അകത്തെ മരപ്പെട്ടികളിൽ മടക്കി വെച്ച കുപ്പായങ്ങളും മറ്റുടുപ്പുകളും കൈനീട്ടി അടുത്തുവിളിക്കുന്നുണ്ടാവും, സദാ. കഴുകി വൃത്തിയാക്കിയ നിലങ്ങൾ പിറ്റേന്നത്തെ അതിഥികൾക്ക് വേണ്ടി വഴിക്കണ്ണുമായിരിക്കും.‌

kp rasheed, eid al- adha, vishnu ram,

അനിയത്തിമാരുടെ കൈത്തലങ്ങൾക്കാകെ, പിറ്റേന്ന് കടും ചോപ്പായി മാറി ഇന്ദ്രജാലം കാണിക്കാനുള്ള ഇരുൾപ്പച്ച നിറമുള്ള മൈലാഞ്ചിയിലകളുടെ മണമാവും. ചെടി മുളക്കുമോ എന്നറിയാൻ ഇടക്കിടെ പിഴുതുനോക്കുന്ന കുഞ്ഞിക്കുട്ടികളെപോലെ വല്യവല്യ ആകാക്ഷകൾ, ഉണങ്ങിയ ആ മൈലാഞ്ചിയടരുകളെ ഇളക്കി‌നോക്കുന്നുണ്ടാവും. തേങ്ങാച്ചോറിനെ കറിപ്പാത്രത്തിലിരുന്ന് പ്രലോഭിപ്പിക്കാനുള്ള പോത്തിറച്ചി കഷണങ്ങൾ മൺ ചട്ടിയിൽ ഇരുന്ന് മടുത്തു കാണുമെന്ന് ഓർമ്മിപ്പിക്കും പിറ്റേന്നത്തെ കറിക്കുള്ള ഉമ്മയുടെ അവസാന ചിട്ടവട്ടങ്ങൾ.

വെറും രാവല്ലത്. കുട്ടികൾക്ക് തലങ്ങും വിലങ്ങും പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യമുള്ള രാത്രി. ആറു മണി ആവുമ്പോൾ വീട്ടിൽ എത്തണമെന്ന ഉപ്പയുടെ കടും ശാസനയ്ക്ക് ആ രാത്രി അയവുണ്ടായിരിക്കും. ഭൂമിവാതുക്കൽ അങ്ങാടിയുടെ പല വെളിച്ചങ്ങൾ കലമ്പുന്ന രാത്രിയിലൂടെ, ഒറ്റ രാത്രി കൊണ്ട് ഒരൊത്ത ആണായി മാറിയത് പോലുള്ള നെഞ്ചു വിരിക്കലുമായി കുഞ്ഞിക്കുട്ടികൾ ഒന്നിച്ച് നടക്കും. അവർക്കൊപ്പം ആ രാത്രി വൈകും വരെ തെണ്ടാം. മുതിർന്ന ആൺകുട്ടികളെ പോലെ തങ്ങൾ ട്രീറ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പുള്ള ഒരേയൊരു രാവിൽ കൊച്ചു പിള്ളേർക്ക് പോലും സ്വരം ഒന്നു കനക്കും.‌

നേരത്തെ ഉറപ്പിക്കുന്ന പെരുന്നാളുകൾ പോലെയല്ല, രാത്രി വൈകി റേഡിയോ വാർത്തകൾ വഴി പൊടുന്നനെ ഉറപ്പിക്കുന്ന പെരുന്നാളുകളുടെ വിധി. കാത്തിരുന്ന് വന്നതാവാമെങ്കിലും ഒരുക്കങ്ങൾ ചിലപ്പോ പാതി വഴിയിൽ ആയിരിക്കും. പിന്നെ ഓട്ടമാണ്. അത്തരം തലേരാവുകളിലാണ് ഇത്തിരി മുതിർന്ന കുട്ടികൾ ഇറച്ചിപ്പീടികകളിൽ ചെന്ന് വട്ടമിട്ട് കാത്തിരിക്കുന്നത്. പെട്ടെന്ന് കിട്ടണമെന്ന അനേകം തൊണ്ടകളിലെ ധൃതികളെ നിലം പരിശാക്കുന്ന അവഗണനയാവും അന്ന് ഇറച്ചിക്കടയ്ക്ക്. എത്ര ഒച്ചയിട്ടാലും മൈന്റ് ചെയ്യാതെ അമ്മദ്ക്ക തനിക്ക് പറ്റിയവർക്ക് മാത്രം കുറച്ച് കുറച്ച് ഇറച്ചിക്കഷണങ്ങൾ വലിയ പച്ചിലകളിൽ പൊതിഞ്ഞു കൊടുക്കും. മെലിഞ്ഞും തടിച്ചുമുള്ള രണ്ട് സായിപ്പന്മാരുടെ വിചിത്രമായ രേഖാ ചിത്രങ്ങൾ ഒട്ടിച്ച നിരപ്പലകകളിൽ നോക്കിനോക്കി ഊഴം കാക്കണം. മെലിഞ്ഞ സായിപ്പിന്റെ ചിത്രത്തിനു താഴെ ഇയാൾ കടം കൊടുത്ത് മുടിഞ്ഞതാണെന്നും തടിയന്റെ താഴെ ഇയാൾ കടം കൊടുക്കാതെ സമ്പന്നനായതാണെന്നും ഇംഗ്ലീഷിൽ എഴുതിവെച്ച ആ പോസ്റ്ററുകളിലെ വരികൾ ഏതാണ്ടെല്ലാ കുട്ടികൾക്കും കാണാപ്പാഠമായിരിക്കും. ഇറച്ചി വാങ്ങി ഒന്നിച്ച് കൂട്ടമായി നടന്നുപോവുമ്പോഴും പിറ്റേന്നത്തെ പെരുന്നാൾ പകലിനെ കുറിച്ചുള്ള ആലോചനകളിൽ എല്ലാവരും ഇടക്കിടെ വീണുകൊണ്ടിരിക്കും.

kp rasheed, eid al- adha, vishnu ram, meomries,

അങ്ങാടിയിൽ നിന്നു വന്ന ശേഷം, പൊടുന്നനെ ബാല്യേക്കാരൻ ആയി രൂപാന്തരം വന്നത് പോലെ നടിക്കുന്ന ചെക്കന്റെ പത്തികൾ താഴ്ത്തി പഴയ കുട്ടി ആക്കാൻ എല്ലാ ഉമ്മമാരും കഠിനാധ്വാനം ചെയ്യേണ്ടി വരും. പിന്നെയും ചെക്കൻ ആയി മാറിയാലും അനിയത്തിമാരുടെ കുഞ്ഞി കുഞ്ഞി സംശയങ്ങൾ മുന്നിൽ വന്നു പെട്ടാൽ അറിയാതെ ശബ്ദത്തിൽ ഒരു ഗൗരവം വന്നു പോവും. മൈലാഞ്ചി മണമുള്ള കൈകൾ അനക്കാതെ നടക്കാൻ പാടുപെടുന്ന അനിയത്തിമാരാവട്ടെ, പുച്ഛം തുളുമ്പുന്ന ഒറ്റ മുഖഭാവം കൊണ്ട് പെരുന്നാൾ തലേന്നത്തെ സുൽത്താന്റെ അടപ്പൂരിയെന്ന് വരും.

എങ്കിലും എത്ര സങ്കൽപ്പിച്ചാലും അത്ര പെട്ടെന്ന് തീരില്ല ആ രാത്രി. ചാഞ്ഞും ചെരിഞ്ഞും കിടന്ന് ഉറക്കവുമായുള്ള പിടിവലികൾക്കിടെ എപ്പോഴോ ഉറങ്ങിപ്പോവും. അടുത്തടുത്തുള്ള അനേകം വീട്ടുമുറികളിൽ ഒരു പാട് കുട്ടികൾ ഒരേ ആവൃത്തിയിൽ ഉറക്കത്തിന്റെ കാൻ വാസിൽ വരക്കുന്ന പെരുന്നാൾ പകലിന്റെ ചിത്രങ്ങൾ കണ്ടുകണ്ടാവണം പിറ്റേന്ന് സൂര്യൻ നേരത്തെ എത്തി നോക്കുന്നത് തന്നെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ