യുദ്ധഭൂമിയിലെ പ്രണയത്തിന്റെ നിശ്ശബ്മായ നിലവിളി സാഹിത്യത്തിന്റെയും ചലച്ചിത്രത്തിന്റെയും ക്ലാസിക്കൽ പ്രചോദനമായിട്ടുണ്, ചരിത്രത്തിൽ പലപാട്. അവിടെ പ്രണയം സ്നേഹത്തിനായും സമാധനത്തിനായും നിതാന്ത വിലാപങ്ങളിൽ മുഴുകുന്നു.
കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ പറയുകയാണ്, ഈട
കഥാനായകനായ ആനന്ദ് ഹിന്ദുത്വ രാഷ്ടീയ പശ്ചാത്തലത്തിലുള്ള കുടുംബത്തിലും അയാളുടെ പ്രണയിനി കമ്യുണിസ്റ്റ് പശ്ചാത്തലത്തിലുമാണ് ജനിക്കുന്നതെങ്കിലും രണ്ടു പേരും ജന്മം കൊണ്ട് പാർട്ടി ഗ്രാമങ്ങളിൽ നിന്നും കർമ്മം കൊണ്ട് വിദൂരമായ മൈസൂർ നഗരത്തിലുമാണ് ജീവിക്കുന്നത്. വിധി വശാൽ രാഷ്ട്രീയ കൊലപാതകം നടന്നതിൽ പ്രതിഷേധിച്ചുള്ള ഹർത്താലിന്റെ പ്രതിസന്ധിയിൽ വെച്ചാണ് കണ്ടു മുട്ടുന്നത് .ഇത്തരം യാദൃച്ഛികമായ കണ്ടുമുട്ടലുകൾ അവരെ വേർപിരിയാനാവാത്ത വിധമുള്ള പ്രണയത്തിലേയ്ക്ക് നയിക്കുന്നു. പക്ഷേ രണ്ട് വിരുദ്ധ പാർട്ടികളും അതിന്റെ നിരന്തര കലാപങ്ങളും സംഘർഷങ്ങളും കുടിപ്പകയും അവരുടെ പ്രണയത്തിന് കൊടിയ വിഘ്നമായിത്തീരുന്നതും അത് മറികടക്കാനുള്ള പ്രണയിതാക്കളുടെ ശ്രമവും അതിന്റെ പ്രതിസന്ധികളും സാമുഹ്യ മനഃസാക്ഷിയോടും സാമാന്യബുദ്ധിയോടും ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതുമാണ് ദേശീയ പുരസ്കാര ജേതാവ് കൂടിയായ ബി.അജിത്കുമാറിന്റെ ഈ സിനിമ
പ്രണയം പശ്ചാത്തലമാക്കി നിതാന്ത സത്യത്തിലധിഷ്ഠിതമായ ,എന്നാൽ സമകാലീനമായ ഏതാനുംചോദ്യങ്ങളാണ് “ഈട” ഉന്നയിക്കുന്നത്.
1 രണ്ടു പേർ പ്രണയിക്കുമ്പോൾ മൂന്നാമതൊൾക്ക് എന്താണ് കാര്യം?
2. വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും തിരഞ്ഞെടുപ്പിലും മുരടിച്ച ആൾക്കൂട്ട മനസ്സിന് ഇടപെടാൻ ആരാണ് അധികാരം നല്കിയിരിക്കന്നത്?
3. രാഷ്ട്രീയ കക്ഷികൾ മത- ഗോത്ര സ്വഭാവം ആവിഷ്ക്കരിക്കുന്നു, അത് തിരിച്ചു കൊണ്ടുവരികയാണ്
4. കുടുംബ ബഡങ്ങളെപ്പോലും നിയന്ത്രിക്കുകയും അതിനു മേൽ പരോക്ഷവും എന്നാൽ ചോദ്യം ചെയ്യൽ അനുവദിക്കാൻ കൂട്ടാക്കാത്ത അധികാര കേന്ദ്രമായി കലാ പരാഷ്ട്രീയം പ്രവർത്തിക്കുന്നു
5. ഇരകളായാലും വേട്ടക്കാരായാലും വ്യക്തിപരമായി അവർ ഏറെക്കുറെ നല്ലവരാണ്: തിന്മയുടെ അനസ്യൂതമായ വാഴ്ചയിൽ പലപ്പോഴും ഇരമാത്രമാണ്
മനുഷ്യ സ്നേഹത്തിന് കക്ഷിരാഷ്ട്രീയത്തിന്റെ ഹിംസ എങ്ങനെയാണു് തടസ്സമായിരിക്കുന്നുവെന്ന് ഈ സിനിമ പറയുന്നു: ഒരു വശത്ത് ഹിന്ദുത്വ പ്രതി നിധീകരിക്കുന്ന വഴി തെറ്റിയ നൈതികതയും മറുവശത്ത് അഖില ലോക തൊഴിലാളികളെയും മനുഷ്യരെയും അഭിസംബോധന ചെയ്യുന്നതിനു പകരം ചെന്ന്യം ഗ്രാമത്തിന്റെ ഗോത്ര വ്യവസ്ഥയിലേക്കും പകയുടെ നൈതിക ഭാവനയിലേക്കും ചുരുങ്ങുന്ന ജനതയും ചേർന്ന് ആൺ പെൺ ബന്ധങ്ങളെയും പ്രണയത്തെയും ഞെരുക്കുന്നു.എല്ലാറ്റിനെയും മുകളിൽ മനുഷ്യർ പ്രണയത്തെ അവസാന ശക്തിയായി അവതരിപ്പിക്കുന്നതിലൂടെ സിനിമ അവസാനിക്കുകയാണ്.
“ഈട”യിലെ പ്രണയികൾ യാതൊരു കാരണവശാലും കക്ഷി രാഷട്രീയത്തിന്റെയോ പകയുടെയോ വിശ്വാസികളല്ലാത്തവരായിരിക്കേ അതിന്റെ ഇരകളായിത്തീര്‍ന്നവരാണ്. ഹിംസയുടെ രാഷ്ട്രീയത്തിനെതിരെ ചെറിയ ചെറിയ ചെറുത്തു നില്പുകൾ അവരാലാവും വിധം ചെയ്യുന്നുമുണ്ട്. വിദ്വേഷത്തിന്റെ പാർട്ടി ഗ്രാമങ്ങൾ വിട്ട് അന്യരാജ്യത്തേക്ക് പോകാൻ ഈ വിദ്യാസമ്പന്നരായ പ്രണയിതാക്കൾ ഏറെ ആഗ്രഹിച്ചു പോകുന്നുമുണ്ട്.( കമ്യൂണിസ്റ്റ് കടുംബത്തിലെ നായിക അമേരിക്കയിലേക്ക് കുടിയേറാനുള്ള ആഗ്രഹം പലപ്പോഴായി പ്രകടിപ്പിക്കുന്നുണ്ട്.ഇതേച്ചൊല്ലി കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ പോലും വിമർശനം ഉന്നയിക്കാൻ ധൈര്യ പ്പെടുമെന്ന് തോന്നുന്നില്ല!! )
കുടിപ്പകയാൽ സ്വയം ബന്ധികളായ അത്രയേറെ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ,സാമ്പത്തിക ഭദ്രത നേടിയിട്ടില്ലാത്തവരാണ് ഇരുവിഭാഗത്തിലെയും ചെറുപ്പക്കാർ എന്നത് ഈ സിനിമയിലെ ശക്തമായ സൂചകമാണ്.
“ഈട”സിനിമ വളരെ പരോക്ഷമായ ,അങ്ങേയറ്റം സൂക്ഷ്‌മ ഫലിതങ്ങളാലും സമ്പന്നമാണ്. ലോട്ടറി യിലൂടെ ഭാഗ്യം വിൽക്കുന്ന ഇതിലെ കഥാപാത്രം സത്യത്തിൽ വിൽക്കുന്നത് നിർഭാഗ്യമാണെന്നും കാരുണ്യരാഹിത്യമാണെന്നുമുളള ഫലിതം പോലും അങ്ങേയറ്റം ഗുഢമായിട്ടാണ് സംവിധായകൻ സിനിമയിൽ വിന്യസിച്ചിരിക്കന്നത് എന്നത് ഉദാഹരണം മാത്രം.
“ഈട” സിനിമയെക്കുറിച്ചും സിനിമയിലെ രാഷ്ട്രീയ സൂചകങ്ങളെക്കറിച്ചും ഒരു പക്ഷേ വലിയ സംവാദങ്ങളും വിവാദങ്ങളും തുറന്നിടാം. തീർച്ചയായും “ഈട” അത്തരമൊന്നിന് നിമിത്തമാവേണ്ടതുണ്ട്. രാഷ്ട്രീയത ഒഴിഞ്ഞു പോയ രാഷ്ട്രീയ പാർട്ടികൾ അതിന്റെ മാനവിക ബോധത്തിലേക്ക് തിരിച്ചെത്തേണ്ടതുണ്ടെന്ന സത്യം ഏറ്റവും അലട്ടുന്നത് യഥാർത്ഥ ഇടതുപക്ഷ മനസ്സുകളെയായിരിക്കമെന്നതും യാദൃച്ഛികമായിരിക്കില്ല.