ഒരേ സമയം കഥയും കവിതയും നോവലും സംസ്കാരവും രാഷ്ട്രീയവും എല്ലാം അതീവ ഗൗരവത്തോടെയും തികഞ്ഞ ആലോചനയോടെയും എഴുതുന്ന അപൂർവ്വം മലയാളി എഴുത്തുകാരിൽ ഒരാൾ.  വായനക്കാർക്ക്, കരുണാകരന്റെ ഭാഷാ ചാതുര്യം അമ്പരപ്പായിരിക്കും ആദ്യം നൽകുന്നത്. പക്ഷെ സൂക്ഷ്മമായി പിന്തുടർന്നാൽ അവ അനായാസമായി നമ്മിലേയ്ക്ക് പടർന്ന് കയറും, നമുക്ക് സുപരിചിതമായ വാക്കുകളും ബിംബങ്ങളും  ആണെങ്കിലും അത് വിന്യസിക്കുന്ന രീതി ഭാവനയുടെ മാസ്മരിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും. മനുഷ്യൻ മാത്രമല്ല ഒരു പ്രപഞ്ചം മുഴുവൻ വിന്യസിക്കപ്പെട്ടൊരു ദീർഘയാത്രയിലെ പങ്കാളിയാണ് ഈ മനുഷ്യൻ.   മേതിൽ, ആറ്റൂർ, ജീവജാലങ്ങൾ, പ്രകൃതി  കല, രാഷ്ട്രീയം സാഹിത്യം എന്നിവയെല്ലാം നിറയുന്ന കരുണാകരനുമായുളള സംഭാഷണം

താര: കവിത, കഥ, നോവല്‍, ചിലപ്പോള്‍ സാഹിത്യനിരൂപണങ്ങള്‍,  രാഷ്ട്രീയ  ലേഖനങ്ങളും എഴുതുന്നു,കരുണാകരന്‍.  കേരളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ അപൂര്‍വമാണ് ഇത്. മറ്റു പല ഭാഷകളിലും ഉണ്ടെങ്കിലും.എന്താണ് ഇതിനെക്കുറിച്ച്‌ താങ്കള്‍ക്ക് പറയാനുള്ളത്?

കരുണാകരൻ: സാഹിത്യത്തിലെ ഒരു ജീവിതം എന്ന് അതിനെ കണ്ടാല്‍ മതി. വാസ്തവത്തില്‍, ഭാഷയുടെ പല രൂപങ്ങള്‍ എന്ന നിലയ്ക്കാണ് ഞാന്‍  കവിതയിലും കഥയിലും എപ്പോഴും  വരുന്നത്. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. ആ ആലോചനതന്നെ എനിക്ക് സന്തോഷം തരുന്നു. രൂപപരമായ ആകര്‍ഷണമാണ്    ഏതൊരു കലയിലേയ്ക്കും  നമ്മെ ആദ്യമായും അവസാനമായും എത്തിക്കുന്നത്. വെയില്‍ ഒരു കാഴ്ച്ചയാകുന്നത് അതിന്റെ നിഴലുകളെ ഒരുക്കിക്കൊണ്ടാണ്.  വാക്കുകളുടെ ഉപയോഗം സാഹിത്യത്തിലെങ്കിലും ഭാഷയുടെ പൊതുവിതരണമാവുന്നില്ല,  മറിച്ച് ഭാഷയുടെ സവിശേഷമായ  അവതരണമാണ്.  ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നതും വായിക്കാന്‍ ആഗ്രഹിക്കുന്നതും അതാണ്‌. കവിതയിലും കഥയിലും.

രാഷ്ട്രീയക്കുറിപ്പുകളെയും ലേഖനങ്ങളെയും പറ്റിയാണെങ്കില്‍, അത്  അധികാരത്തോടുള്ള നമ്മുടെ മനോഭാവത്തെ അവതരിപ്പിക്കുന്നു. നമ്മുടെ കാലത്തെയും നിലപാടുകളെയും അവതരിപ്പിക്കുന്നു.

മലയാളത്തില്‍ എന്റേത് ഒരപൂര്‍വ്വജന്മമൊന്നുമല്ല, ഒരുപോലെ കഥയും കവിതയും എഴുതുന്ന ചിലരെങ്കിലും എനിക്ക് മുമ്പും എന്റെ കൂടെയുമുണ്ട്. എന്നാല്‍, കവിത എഴുതുന്ന ആള്‍ കവിത എഴുതിയാല്‍ മതി എന്നത്, അല്ലെങ്കില്‍ കഥ എഴുതുന്ന ആള്‍ കഥ എഴുതിയാല്‍ മതി എന്നത്,  ഒരുപക്ഷെ സാഹിത്യസമൂഹത്തിന്റെ തോന്നലാവും, അല്ലെങ്കില്‍ ശീലം. എന്തായാലും സാഹിത്യത്തിന്റെ അല്ല.

ഏതൊരു ആവിഷ്ക്കാരവും കലയില്‍ നൈസര്‍ഗികമാവുന്നത് അതുമായുള്ള നമ്മുടെ ഒരു ബന്ധത്തെ കണ്ടെത്തിക്കൊണ്ടാണ് എന്ന് ഞാന്‍ വിചാരിക്കുന്നു.എന്റെ കാര്യത്തില്‍ എനിക്ക് ഇഷ്ടമുള്ള എഴുത്തുകാര്‍ പലരും , എന്തുകൊണ്ടോ,  ഇങ്ങനെ കവിതയും കഥയും നോവലും പ്രബന്ധങ്ങളും എഴുതുന്നവരുമാണ്.

താര:  കരുണാകരന്റെ കഥകളില്‍  പ്രകടമായിത്തന്നെ രാഷ്ട്രീയം ഒരു അടിയൊഴുക്കാണ്. ചിലപ്പോള്‍ അങ്ങനെയല്ല എന്ന് തോന്നുമെങ്കിലും. എങ്ങനെയാണ് ഇതിനെ കാണുന്നത്?

കരുണാകരൻ: ഞാന്‍ പൊളിറ്റിക്കൽ ആയ ഒരാളാണ്. അത് അധികാരവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ മനസിലാക്കാനുള്ള എന്റെ ശ്രമങ്ങളുടെ ഒരു രീതികൂടിയാണ്. രാഷ്ട്രീയം അധികാരരൂപത്തെ അവതരിപ്പിക്കുന്നു.രാഷ്ട്രീയം പറയുമ്പോള്‍ നമ്മള്‍ നമ്മുടെ ഭരണകൂടസങ്കല്‍പ്പം കൂടി അവതരിപ്പിക്കുന്നു. അധികാരം നമ്മുടെ സാമൂഹ്യജീവിതത്തെയും വ്യക്തിജീവിതത്തെയും നിര്‍ണ്ണയിക്കുന്നു. എന്നാല്‍, ‘നിങ്ങള്‍ ശ്വസിക്കുന്ന ശ്വാസത്തില്‍ വരെ രാഷ്ട്രീയം കലര്‍ന്നിരിക്കുന്നു’ എന്ന് പറയുന്നതരം  അതി പ്രസ്താവനകളെ  ഞാന്‍ അവിശ്വസിക്കുന്നു. കാരണം, അത് അധികാരനിര്‍വഹണത്തെ പറ്റിയുള്ള അവസരവാദപരമായ രാഷ്ട്രീയപ്രസ്താവനയാണ്.

പിന്നെ, മനുഷ്യബന്ധങ്ങളെ പറ്റിയുള്ള ആലോചനകള്‍ കൊണ്ട് കഠിനമാകുന്ന നിമിഷങ്ങള്‍ എനിക്കുമുണ്ട്. ചില സമയം എന്റെ രാജ്യം എന്റെ രാത്രിയെ തട്ടിക്കൊണ്ടുപോകുന്നു. നിന്ദിതരുടെ തെരുവുകള്‍ എന്റെ മുറിയിലേയ്ക്കും ഇഴയുന്നു. തോല്‍വികള്‍ എന്റെ കൂടെയും യാത്ര ചെയ്യുന്നു. ഇതൊക്കെ ചിലപ്പോള്‍  എന്റെ കഥയിലുമുണ്ട്. എന്‍റെ കവിതയിലുമുണ്ട്. അപ്പോഴും പുഴയുടെ തൊട്ടു മീതെക്കൂടി നീന്തുന്നതുപോലെ പറന്ന  ഒരു പൊന്മാനെ,  ഇതാ ഇപ്പോള്‍ ഇത് പറയുമ്പോള്‍,  എനിക്ക് കാണാന്‍ പറ്റുന്നു. വെയിലില്‍ ആ പറക്കല്‍ തെറിപ്പിക്കുന്ന വെള്ളത്തുള്ളികള്‍ എന്റെ ഉടലിലേക്കും വീഴുന്നു. എന്റെ ഭാവനയുടെ അവസ്ഥയാണ് അത്. കെട്ടഴിഞ ഒരു ലോകത്തെ ഭാഷകൊണ്ട് കണ്ടുപിടിക്കലാണ്, അതിനെപ്പറ്റി പറയുകയാണ്,  പിന്നെയുള്ള ഒരു വഴി.

ഞാന്‍ ഒരു അവിശ്വാസിയാണ്. അല്ലെങ്കില്‍ ദൈവത്തെ ഉപേക്ഷിച്ചുപോന്ന ഒരാള്‍. എന്നാല്‍, ചെമ്പൈയുടെ “കരുണ ചെയ്‌വാൻ എന്തു താമസം” എന്ന് കേള്‍ക്കുമ്പോള്‍, ഒരുവേള, ‘കൃഷ്ണാ’ എന്ന് ആ വരികളില്‍ നിന്നും മാറി വേറെയൊരു സ്വരത്തില്‍ ചെമ്പൈ പാടുന്നതു കേള്‍ക്കുമ്പോൾ, ഒരു നിമിഷം മനസ്സ്  ഉലയുന്നപോലെ എനിക്ക് തോന്നും. കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി എന്റെ ബാല്യകാല സുഹൃത്ത് മുരളിയുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. കലയിലും സാഹിത്യത്തിലും അഗാധമായ താല്‍പ്പര്യമുള്ള ആളാണ്‌. അയാള്‍ പറഞ്ഞു, ആന്തരികമായ മൗനത്തില്‍ നിന്ന്  അങ്ങനെ ചില ശബ്ദങ്ങള്‍ പുറപ്പെടുന്നതായി കേട്ടിട്ടുണ്ട് എന്ന്. ഭക്തിയുടെയല്ല, മൗനത്തിന്‍റെ ഒരവസ്ഥയാണ് അത്. മൗനം ചില എകാകികളായ ഒച്ചകളുടെ കൂടി സ്ഥലമാണല്ലോ. സംഗീതം ഒരുപക്ഷെ അത് കൂടുതല്‍ പ്രകടിപ്പിക്കുന്നു.

എഴുത്ത് ശിഥിലമായ ഒരു ഘടനയോടെ ഓര്‍മ്മയെ കണ്ടുമുട്ടുന്നു എന്ന് പറയുകയാണ് ഞാന്‍. അതുകൊണ്ടുതന്നെ, എഴുത്തിനെ  ഏതെങ്കിലും വിധത്തില്‍ സ്വഭാവവൽക്കരിക്കുമ്പോള്‍ നമ്മള്‍ ഒരേസമയം ഓര്‍മ്മയേയും ഭാവനയേയും കബളിപ്പിക്കുകയുമാണ്.karunakaran,writer,interview,thara kizhakkeveetil

താര: കരുണാകരന്റെ ഈയിടെ വന്ന ‘കാഫ്‌ക’ ‘താജ്മഹല്‍’ ‘ഒറ്റ രാത്രികൊണ്ട്’ ഈ  കഥകളില്‍  ചില സമീപകാല സംഭവങ്ങളുടെ ഓര്‍മ്മയുണ്ട്. ആ കഥകള്‍, ഇവയ്ക്ക് മുമ്പ്, ഇതില്‍ നിന്നും വ്യത്യസ്തമായ ‘സാറ’ എന്ന കഥ, ഈ കഥകളെ പറ്റി പറയുമോ?

കരുണാകരൻ: ഈ കൂട്ടത്തില്‍ ‘സാറ’യാണ് എനിക്ക് കൂടുതല്‍ ഇഷ്ടമുള്ള കഥ. ആ കഥ  ഓര്‍മ്മയെ ആശ്രയിക്കുന്നു. അതിലെ കഥാപാത്രങ്ങള്‍ അവരുടെത്തന്നെ ഓര്‍മ്മയിലാണ്.കലയും ഭ്രാന്തും പ്രണയവും അവയുടെ ഓര്‍മ്മയെ നീല നിറത്തിലാണ് കാണിക്കുക എന്ന് എനിക്ക് തോന്നാറുണ്ട്. ബഷീറിന്റെ ചില കഥകളില്‍ ഉള്ളപോലെ. എന്നാല്‍, ‘കാഫ്‌ക’ ഞാന്‍ എഴുതുന്നത് ഏതെങ്കിലും ഒരു സംഭവത്തെ ആസ്പദമാക്കിയല്ല. യൂറോപ്പില്‍ കാഫ്‌കയുടെ ചിത്രവും വരികളും ഉള്ള ടീ ഷര്‍ട്ടുകള്‍ ഒരു ഫാഷന്‍ തരംഗമാവുന്നു എന്ന് ഒരു പത്രക്കുറിപ്പ്‌ ഞാന്‍ ആയിടെ വായിച്ചിരുന്നു. അത് മനസ്സില്‍ അങ്ങനെ കിടന്നു. ഒരു അയയില്‍ അങ്ങനെ ഒരു ടീ ഷര്‍ട്ട് ആരോ ഇട്ടു പോയ പോലെ. കാഫ്‌കയുടെ എഴുത്തിനെ നമ്മള്‍ അധികവും കാണുന്നത് അധികാരവുമായുള്ള പൗരന്റെ നേരിടലായാണ്. ഭരണകൂടസങ്കല്‍പ്പങ്ങളുടെ ഇരകളാണ് ആ കഥാപാത്രങ്ങള്‍ എന്ന്  കരുതുന്നവരുണ്ട്. എഴുത്തില്‍, അഥവാ കലയില്‍, “കാഫ്‌ക” വരുന്നത് ഭാഷയുടെ ഒരു പ്രതിസന്ധി അവതരിപ്പിച്ചുകൊണ്ടുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതായതു പറയേണ്ടത് പറയാന്‍ കഴിയാതെപോകുന്ന ഒരു സന്ദര്‍ഭം, ആ കഥയില്‍, അതൊരു Kafkaesque  അനുഭവമാണ് എനിക്ക്. ആ കഥയുടെ അന്ത്യം അതിനെ മറിച്ചിടാന്‍ ശ്രമിക്കുന്നു. കഥയിലെ യുവതി ആ ടീ ഷര്‍ട്ട് നിഗുഢമായ ഒരു ഭാഷാനുഭവത്തോടെ പൊലീസ് വണ്ടിയില്‍ ഇരുന്നു ധരിക്കുമ്പോള്‍ എനിക്കത് കാണാന്‍ പറ്റുന്നു. കാഫ്‌ക, ആ നിമിഷം മുതല്‍ ഒരു സന്തോഷമുള്ള അനുഭവമാണ്. പിരിമുറുക്കം അഴിയുന്നു.

“താജ്‌മഹല്‍’, മറ്റൊരു കഥയാണ്. അത് ഒരു ബന്ധത്തെ en-act ചെയ്യുന്നു. അന്ധയായി അഭിനയിക്കുക എന്ന് ആ കഥയിലെ  നായിക തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ ഭാവനചെയ്യുന്നത്, ‘പ്രേമത്തിന് കണ്ണില്ല’ എന്ന നമ്മുടെ ആ പഴയ ഒരു വാചകമാണ്. ആ ഒരൊറ്റ വാചകമാണ് ആ കഥ. എന്നാല്‍ ആ വാചകത്തെയും  കഥ തകരാറ് ആക്കുന്നു. നടിച്ചു കാണിക്കുന്നു.

താര: അതുപോലെ ചലച്ചിത്രവുമായി ഉള്ള ബന്ധം, ‘ബൈസൈക്കിള്‍ തീഫ്” എന്ന നോവലില്‍ ജോണ്‍ എബ്രാഹം ഉണ്ട്. “പട്ടാമ്പിയിലെ സിനിമാപ്രാന്തന്‍മാര്‍”, “കൊച്ചിയിലെ നല്ല സ്ത്രീ” എന്ന കഥകള്‍,  സമീപകാലത്തെ “വില്ലന്‍” എന്ന കഥ, ഇതിലൊക്കെ സിനിമയും പരാമര്‍ശിക്കുന്നു. പിന്നെ പല കവിതകളിലും സിനിമ പരാമര്‍ശിക്കുന്നു. ‘യേശുവിനെപ്പറ്റി വേറെയും സിനിമകളുണ്ട്’ എന്നൊക്കെ വരികള്‍ കാണാം.

കരുണാകരൻ: സിനിമ എനിക്ക് ഇഷ്ടമാണ്. നോവലിന്റെ ഒരു സ്വപ്നമാണ് സിനിമ. ജോണ്‍ എബ്രഹാമിനെ ഞാന്‍ കണ്ടിട്ടില്ല. ആ നോവല്‍ വായിച്ച പലരും ഞാനിത് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ജോണ്‍ താന്‍ എടുക്കാത്ത സിനിമകളിലെ നായകനാണ്. അതായിരുന്നു ആ നോവലിന്‍റെ ഒരു പ്രമേയം. മനുഷ്യബന്ധങ്ങളെ വളരെ ഉദാരമായ ഒരു ഇടപാടുപോലെ കാണുന്ന ഒരു രീതി ജോണിന് ഉണ്ടായിരുന്നു എന്ന് തോന്നാറുണ്ട്.  ആ ഉദാരതയില്‍ അയാളുടെ കല വിഷംപോലെ കലരുന്നു.
പിന്നെ താര പറഞ്ഞ ആ കഥകള്‍, ചില കവിതകള്‍ – എന്റെ സിനിമാപ്രാന്ത് തന്നെ.

അനുഭവങ്ങള്‍  കാഴ്ച്ചയുടെ രീതിയില്‍ വരുന്നത് കൗതുകം തരുന്നു. അതിപ്പോള്‍, കുട്ടിയുടെ ഉള്ളംകൈയ്യില്‍ നിന്നും അപ്പം കൊത്തി പറക്കുന്ന കാക്കയെ നോക്കി നില്‍ക്കുമ്പോഴും.

താര: ആരാണ് താങ്കളുടെ ഇഷ്ടപ്പെട്ട സിനിമാസംവിധായകന്‍?

കരുണാകരൻ: ക്രിസ്റ്റോഫ് കിസ്‌ലോവ്സ്കി.

താര: മലയാളത്തിലോ?

കരുണാകരൻ: അടൂര്‍ ഗോപാലകൃഷ്ണന്‍.karunakaran,writer,interview,thara

താര:  താങ്കളുടെ എഴുത്ത് ജീവിതം രൂപപ്പെട്ടതെങ്ങനെ എന്നറിയാന്‍ കൗതുകം തോന്നുന്നു. ചില കഥകളിലും കവിതകളിലും ‘യുവാവായിരുന്ന ഒന്‍പതു വർഷം’ എന്ന നോവലിലും  അച്ഛനെപ്പറ്റി പരമാര്‍ശങ്ങള്‍ കാണാം. താങ്കളുടെ ‘യക്ഷിയും സൈക്കിള്‍യാത്രക്കാരനും’ എന്ന കവിതാ സമാഹാരത്തിന്റെ  ആമുഖത്തില്‍ അജയ്‌ പി. മാങ്ങാട്ട്  ഇതിനെപ്പറ്റി പറയുന്നുമുണ്ട്. നമ്മുടെ സംഭാഷണങ്ങളിലും അച്ഛനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

കരുണാകരൻ: വീട്ടില്‍ എഴുത്തിന്റെയോ സാഹിത്യത്തിന്റെയോ പാരമ്പര്യമില്ല. ഒരുപക്ഷെ, ഇപ്പോഴും അവിടെ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ ഇല്ല. ഞാന്‍, എനിക്കറിയില്ല, എങ്ങനെയോ എഴുത്തിലേയ്ക്ക് വന്നു. ലിറ്ററേച്ചര്‍ ഇഷ്ടപ്പെട്ടു. അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, കുട്ടിയില്‍ എന്റെ ഒരു കളി, എവിടെയെങ്കിലും പോയി ഇരുന്ന് ഒറ്റയ്ക്ക് സംസാരിക്കുക എന്നായിരുന്നുവത്രെ! അമ്മമ്മ ഇതിഹാസകഥകളില്‍ നല്ല അറിവുള്ള ആളായിരുന്നു. എന്നും രാവിലെ ഭാഗവതവും രാമായണവും വായിക്കും. അപ്പോള്‍ ഞാന്‍ അമ്മമ്മയുടെ അടുത്തുപോയി, അമ്മമ്മയുടെ മുഖം കണ്ട് കിടക്കും. അസ്സലായി കഥകള്‍ പറയും അമ്മമ്മ.  സംഭാഷണം ഒരു കലയാണ്, അവര്‍ക്ക്.  പണ്ടൊരിക്കല്‍ വീട്ടില്‍ മേതില്‍ വന്നപ്പോള്‍ രണ്ടാളും സംസാരിക്കാന്‍ തുടങ്ങി, രണ്ട് ബുദ്ധിജീവികളെപ്പോലെ. അമ്മമ്മ കഥ പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. ഒരു ഓര്‍മ്മ പറയാം. ജയദ്രഥനെ കൊല്ലാന്‍ അര്‍ജുനന്‍ ഒരുങ്ങുന്നതിനു മുമ്പ് കൃഷ്ണന്‍ തന്റെ സുദര്‍ശനചക്രം കൊണ്ട്, അസ്തമനമായി എന്ന് തോന്നിക്കാന്‍, സൂര്യനെ മറച്ചു പിടിച്ചു എന്ന് പറയുമ്പോള്‍ അമ്മമ്മ കൈ ഒന്ന് പൊക്കിപിടിക്കും, കണ്ണുകള്‍ അടയ്ക്കും, നിശബ്ദയാവും, എനിക്ക് തോന്നും ഇതാ ഈ വീട് മുഴുവന്‍ ഇരുട്ടിലായി എന്ന്. യുദ്ധക്കളം മനസ്സില്‍ തെളിയും. അങ്ങനെയാണ് ആ രീതി. അതുപോലെ കഥയിലെ വിശദാംശങ്ങള്‍ പറയുന്ന രീതി, ഇപ്പോള്‍ സുദാമാവും കൃഷനും സാന്ദീപനി മഹര്‍ഷിയുടെ അടുത്തേയ്ക്ക് പഠിക്കാന്‍ പോകുമ്പോള്‍ കൊണ്ടുപോകുന്ന ഉച്ചഭക്ഷണം അമ്മമ്മ പറയുക, ചോറ്, പച്ച നേന്ത്രക്കായകൊണ്ട് മെഴുക്കുപുരട്ടി, അതിന്റെ മീതെ കുറച്ച് തൈര്.. അങ്ങനെയാണ്. കാട്ടിലൂടെ പോകുന്നത് കാട് കണ്ടപോലെ പറയും. മാധവിക്കുട്ടി എന്നായിരുന്നു പേര്.

ഇപ്പോള്‍ അമ്മയാണ്  വീട്ടില്‍ ഭാഗവതം വായിക്കുന്നത്. വളരെ പഴയ ആ  പുസ്തകം, മുത്തശ്ശി അമ്മമ്മയ്ക്ക് കൊടുത്തതാണ്, അമ്മമ്മ അമ്മയ്ക്കും. ഇനി അങ്ങനെ വീട്ടില്‍ ഇതൊക്കെ വായിക്കാന്‍ ആരുമില്ല, അതുകൊണ്ട് നീ ഈ പുസ്തകം എന്റെ ചിതയില്‍ വെയ്ക്കണം എന്ന് അമ്മ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ എന്നോട് പറഞ്ഞു. ജീവിതവും മരണവും ഒരുമിച്ച് ജീവിക്കുന്ന ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചപോലെയാണ് അത്. ജീവിതം കഥയാണ് എന്ന് പറയുന്നപോലെ.

പിന്നെ വരുന്നത് സ്കൂളിലെ ചില അധ്യാപകര്‍, എന്റെ ഗ്രാമത്തിലെ വായനശാലകള്‍. അച്ഛനെ പറ്റി പറയാം.  അച്ഛന്‍ വളരെ പൊളിറ്റിക്കല്‍ ആയിരുന്നു, പഴയ ദേശീയപ്രസ്ഥാനത്തിന്റെ സംസ്ക്കാരം കിട്ടിയ ആള്‍. തനി നെഹ്‌റുവിയന്‍. ഞാനും അച്ഛനും രാഷ്ട്രീയം പറഞ്ഞ് തര്‍ക്കിക്കും. ചിലപ്പോള്‍, അന്നത്തെ എന്റെ തീവ്രനിലപാടുകള്‍ വെച്ച്, ഞാന്‍ അച്ഛനെ ദയയില്ലാതെ വിമര്‍ശിക്കും, വീട്ടിലെ എല്ലാവർക്കും വിഷമമാവും. അറിയാലോ, വീട് കലുഷമാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. എനിക്കും വിഷമം വരും. ഒരു നിമിഷം എല്ലാവരും നിശബ്ദരാവും. വീടിന്റെ സ്വസ്ഥത അങ്ങനെയാണല്ലോ ചില സമയങ്ങളില്‍ പരീക്ഷിക്കപ്പെടുക. ആ സമയം  തന്റെ കസേരയില്‍ നിന്ന്  എഴുന്നേറ്റു വന്ന്  അച്ഛന്‍ എന്റെ ചുമലില്‍ തട്ടും. എന്നിട്ട് ചിരിച്ചുകൊണ്ട് അച്ഛന്‍പറയും, “എടോ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട് എന്ന്.”അതോടെ ആ അന്തരീക്ഷം തന്നെ മാറും.. എന്നോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ചില നേരങ്ങളില്‍ ഞാന്‍ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, അതായിരിക്കും.karunakaran,writer,interview,thara

താര: കരുണാകരന്‍റെ എഴുത്തില്‍ ചിലപ്പോഴൊക്കെ ഒരു “മേതില്‍ ടച്ച്‌” തോന്നിയിട്ടുണ്ട്, അത് അങ്ങനെ ആണോ? അതോ എന്റെ തോന്നലാണോ? മാത്രമല്ല, മേതില്‍ “യുവാവായിരുന്ന ഒന്‍പതു വര്‍ഷ’ത്തില്‍ ഒരു കഥാപാത്രവുമാണ്.

കരുണാകരൻ: അങ്ങനെയാണോ? പക്ഷേ, മേതില്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത്, നിന്റെ കഥകളിലൂടെ ഒ വി വിജയന്‍ ഒരു കാറ്റ് പോലെ കടന്നുപോകുന്നു എന്നാണ്‌.

ഒരുപക്ഷേ, മേതിലുമായുള്ള എന്റെ സൗഹൃദം അങ്ങനെ തോന്നിക്കുന്നതുമായിരിക്കും. എനിക്ക് തോന്നുന്നത് മേതില്‍ എന്നെ സ്വാധീനിച്ചത് എന്റെ എഴുത്തിലല്ല, മറിച്ച് കലയോടുള്ള എന്റെ സമീപനത്തെയാണ് എന്നാണ്.

ആറ്റൂര്‍ രവിവര്‍മ്മയാണ് മറ്റൊരാള്‍. എഴുത്തിനോടുള്ള എന്റെ സമീപനത്തെ മാറ്റിയതില്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ചകള്‍ സഹായിച്ചിട്ടുണ്ട്.

ജന്തുസഹജം എന്ന പോലെയുള്ള ഒരാഭിമുഖ്യത്തോടെയാണ് മേതില്‍ എന്തും എഴുതുക.  ഒരു വസ്തുവിനെ അല്ലെങ്കില്‍ ഒരു ഇടത്തെ  ആദ്യം വാസനകൊണ്ട് അറിയുന്നപോലെ. ഞാന്‍ അങ്ങനെയായിരുന്നില്ല. ഒരു വിശ്വാസത്തെ പിന്‍പറ്റുന്ന പോലെയായിരുന്നു. അത് മാറി. ഒരു നിര്‍മ്മിതിയോടുള്ള ഇഷ്ടമോ അനിഷ്ടമോ ആയി അത് മാറി. മേതില്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ചില വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകും, വഴി നീളെ വര്‍ത്തമാനം പറച്ചിലായിരിക്കും. കലയും സാഹിത്യവും പരിസ്ഥിതിയും ഒക്കെ. ചിലപ്പോള്‍ തിരക്കൊഴിഞ്ഞ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും പിറകിലെ സീറ്റില്‍ പോയി ഇരുന്ന് ഞങ്ങള്‍ പഴയ പാട്ടുകള്‍ പാടാറുണ്ടായിരുന്നു. “നീ മധു പകരൂ മലര്‍ പൊഴിയൂ” പോലുള്ള പാട്ടുകള്‍. അതുപോലെ ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ അതിരൂക്ഷമായ  വാഗ്വാദവും നടക്കും. കവിതയും കഥയും സാഹിത്യവും ഒക്കെ പറഞ്ഞ്. ഞാന്‍ മേതിലിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ രണ്ടു സന്ദര്‍ഭങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. പക്ഷേ, പിറ്റേന്ന് മേതിലിന്റെ ഒരു വിളി വരും. അടുത്ത ഒരു ദിവസം ഞങ്ങള്‍ കാണും.  അല്ലെങ്കില്‍ ഒരു കത്ത്.  അല്ലെങ്കില്‍ ഞാന്‍ എഴുതും. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് കുറച്ചുവര്‍ഷങ്ങളായി, പക്ഷെ ഇടയ്ക്ക് ഫോണില്‍ സംസാരിക്കും, ദീര്‍ഘ നേരം. ഇതുകൊണ്ടൊക്കെ  ആ നോവലില്‍ മേതില്‍ വരുന്നത്‌ എനിക്ക് അത്രമേല്‍ സ്വാഭാവികമാണ്. ഞാന്‍ വിളിച്ച് അനുവാദവും ചോദിച്ചിരുന്നു. പൊട്ടിച്ചിരിച്ചു അത് കേട്ടപ്പോള്‍.

കൂട്ടത്തില്‍ പറയട്ടെ, എന്റെ എഴുത്തിന്റെ തുടക്കകാലത്താണ്. ഒരിക്കല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എനിക്ക് ഒ വി വിജയന്റെ ഒരു കത്ത് കിട്ടി. എഴുത്തില്‍ ഈ ജേഷ്ഠസഹോദരന്റെ എല്ലാ ആശംസകളും നേരുന്നു എന്ന് പറഞ്ഞുകൊണ്ട്. എന്റെ എഴുത്തിന് എനിക്ക് ആദ്യമായി കിട്ടുന്ന ആശംസയും വിജയനില്‍ നിന്നാണ്. ഇപ്പോഴും അതെനിക്ക് മനോഹരമായ ഒരു ഓര്‍മ്മയാണ്. വിജയന്‍ എന്റെ നാട്ടിലെ മേല്‍വിലാസത്തില്‍ അയച്ച ആ കത്ത് മാസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ കാണുന്നത്. കുവൈറ്റില്‍ വെച്ച്.

ഒരിക്കല്‍ ഞാന്‍ വിജയനെ കണ്ടിട്ടുണ്ട്. പാലക്കാട് വെച്ച്. എന്റെ ചില ചെങ്ങാതികള്‍ക്ക് ഒപ്പം. എന്റെ ആദ്യ പുസ്തകം ഞാന്‍ അധ്ധേഹത്തിനു നല്‍കി. അതിന്റെ കവര്‍ ചിത്രം വരച്ചത് ഞാനായിരുന്നു. ഇതാരാ വരച്ചത് എന്ന് ചോദിച്ചു, ഞാനാണ് എന്ന് പറഞ്ഞപ്പോള്‍, എന്നെ നോക്കി പുഞ്ചിരിച്ചു. നന്നായിരിക്കുന്നു ഇനി പുസ്തകത്തിലെ കഥകളും നന്നായിരിക്കുമെന്നു കരുതട്ടെ എന്ന് പറഞ്ഞു. കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചു. കഥയും സാഹിത്യവും തന്നെ. എനിക്ക് ആ നിമിഷങ്ങള്‍ തൊട്ടുമുമ്പത്തെപ്പോലെ ഇപ്പോള്‍ ഓര്‍മ്മ വരുന്നു.

വിജയനാണ് നമ്മുടെ ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന് ഞാന്‍ കരുതുന്നു. വിജയനെ ലോകവും കാലവും തീണ്ടിയപോലെ നമ്മുടെ ഭാഷയില്‍ വേറെ ആരെയും അങ്ങനെ ലോകമോ കാലമോ വളഞ്ഞിട്ട് പിടിച്ചിട്ടില്ല. സാഹിത്യം ശാരീരികമായ ഒരാവശ്യം പോലെയുമായിരുന്നു, വിജയന് എന്ന് തോന്നിയിട്ടുണ്ട്.

താര: ‘യുവാവായിരുന്ന ഒന്‍പത് വര്‍ഷങ്ങള്‍’, ശ്രദ്ധിക്കപ്പെട്ട നോവലാണ്. പലരും അതിനെപ്പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. പലരും അതിനെപ്പറ്റി എഴുതിയിരുന്നു. വി. വിജയകുമാര്‍ മാഷൊക്കെ. ഒരുപക്ഷേ, അതിന്റെ വിഷയമാകാം വായനക്കാരെ ആകര്‍ഷിച്ചത്. പക്ഷെ എനിക്കതിന്റെ ഘടന, ഭാഷ, എല്ലാം വ്യത്യസ്തമായി അനുഭവപ്പെടുന്നു.  താങ്കള്‍ക്ക്  എന്താണ് ആ നോവല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍?

കരുണാകരൻ: വാസ്തവത്തില്‍, ആ നോവലിന്റെ ഉള്ളടക്കം വിപ്ലവപ്രസ്ഥാനത്തിന്റെ കഥയോ അതിനോടുള്ള ഒരാളുടെ ആഭിമുഖ്യമോ ആവില്ല എനിക്ക്.  അതിനേക്കാള്‍, ഒരാളുടെ സര്‍ഗാത്മകജീവിതത്തെ അയാളുടെ കാലം എങ്ങനെ മറ്റൊരു വിധിയിലേയ്ക്ക് റാഞ്ചുന്നു എന്ന് തേടുകയായിരുന്നു ഞാന്‍. കലാപങ്ങള്‍ അങ്ങനെയാണ്. ചില ആശയങ്ങള്‍ പോലും അങ്ങനെയാണ്. പ്രകൃതി ദുരന്തങ്ങള്‍പോലെ ചിലപ്പോള്‍ അവ മനുഷ്യരെ തൊടുന്നു, ചിലപ്പോള്‍ തെറിപ്പിക്കുന്നു.

ആധുനിക കേരളത്തിലെ ബൗദ്ധികജീവിതത്തെ, ഹ്രസ്വകാലത്തേക്ക് എങ്കിലും, നക്സലിസം പോലെ സ്വാധീനിച്ച ഒരു ഘട്ടം ഇല്ല എന്ന് തോന്നുന്നു. അതും മൂന്നോ നാലോ തലമുറയെ. അതിന്‌ നമ്മുടെ രാഷ്ട്രീയ സമൂഹത്തില്‍ കാര്യമായ ചലനം ഒന്നും ഉണ്ടാക്കാന്‍ പറ്റിയില്ല. ഒരുപക്ഷേ, നമ്മുടെതന്നെ ജനാധിപത്യ ജീവിതം അതിനെ തടഞ്ഞു എന്ന് പറയാം.അതായിരിക്കും കൂടുതല്‍ ശരി. എന്നാല്‍, അതിനൊപ്പം നിന്ന വ്യക്തികളെ കേരളത്തിലെ നക്സലിസം അടിമുടി പുതുക്കി എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അവരുടെ ചിന്താരീതിയെ അത് ഉടച്ചു വാര്‍ത്തു. എന്റെകൂടി അനുഭവമാണത്.  ആ തലമുറ അവരുടെ ഓരോ ഘട്ടത്തിലും ചര്‍ച്ച ചെയ്യാത്ത ആലോചിക്കാത്ത മേഖലകള്‍ വളരെ കുറവാകും.
ആ നോവല്‍ വായിച്ച് എനിക്ക് വരുന്ന ആദ്യത്തെ മൂന്നു കത്തുകള്‍ അനിത തമ്പിയുടെയും സി എസ് വെങ്കിടേശ്വരന്റെയും അടൂര്‍ ഗോപാലകൃഷണന്റെയുമാണ്. ഏറെക്കുറെ ഒരേ സമയത്ത്. അവരും അതിന്റെ ഭാഷയെ പറ്റിയും ഘടനയെ പറ്റിയും പറയുകയുണ്ടായി.അനിത പറഞ്ഞ ഒരു സംഗതി എനിക്ക് നന്നായി പിടിച്ചു: “ഉറക്കം ഇത്രയും കാര്യമായി നമ്മുടെ സാഹിത്യത്തില്‍ ഇതുവരെ വന്നിട്ടില്ല” എന്ന്. ചില വായനക്കാരും എനിക്ക് എഴുതിയിരുന്നു.

ഓര്‍മ്മയുടെ ഒരു രീതി കണ്ടെത്തുക, അതായിരുന്നു അതിന്റെ ശിഥിലമായ ഘടനയുടെ ഒരു കാരണം. ഓര്‍മ്മ, നമ്മുടെതന്നെ ഒരു ദ്രവാവസ്ഥയാണ്. ഒരാളുടെ തുഴയല്‍ അതില്‍ എപ്പോഴും ഉണ്ട്. ഒരാളുടെ ദിവസങ്ങളിലെ ജീവിതം പോലെ.

ആ നോവല്‍ എഴുതുന്നത് നാലഞ്ചു വർഷം കൊണ്ടാണ്. എനിക്കിപ്പോള്‍അത് ഞാന്‍ വിട്ടുപോന്ന കരയാണ്‌. മനസ്സിലെ ഒരു ഭൂപടം. മറിച്ചൊന്നും ഇപ്പോള്‍ തോന്നുന്നില്ല.karunakaran,writer,interview,thara

താര: വിപ്ലവ പ്രസ്ഥാനങ്ങള്‍,  എങ്ങനെയാണ് അവ ഒരു  രാജ്യത്തെ അല്ലെങ്കില്‍ അവിടുത്തെ ജനങ്ങളെ ബാധിക്കുന്നത്? അത് കലയെയും സാഹിത്യത്തെയും ബാധിക്കുന്നത് എങ്ങനെ? കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെപറ്റി പറയാമോ?

കരുണാകരൻ: ജീവിതത്തെ സഹ്യമാക്കുക എന്നല്ലാതെ വിപ്ലവങ്ങള്‍ക്ക് കിട്ടുന്ന അധിക റോള്‍ മനുഷ്യസമൂഹത്തെ കൂടുതല്‍ ദുരിതമയമാക്കുന്നു. വിപ്ലവം നടന്ന, വിശേഷിച്ചും കമ്മ്യുണിസ്റ്റ് വിപ്ലവങ്ങള്‍ നടന്ന സമൂഹങ്ങളില്‍ ഇത് വളരെ പ്രകടമായിത്തന്നെ കാണാം. അതിന്റെ ആഘാതം ഒന്നിലധികം തലമുറകളെ ബാധിക്കുന്നു. ടിയാന്‍മെന്‍ കൂട്ടക്കുരുതിക്ക് ശേഷമുള്ള ചൈനീസ്‌ ജനതയെ നോക്കൂ, ആ ദുഃഖം, ആ ഓര്‍മ്മ  ഭീകരമാണ്. സ്വേച്ഛാധിപത്യത്തെ ഇന്ന് ആ സമൂഹം നേരിടുന്നത് ദുര്‍ബലമായ ചെറുത്തുനില്‍പ്പ്‌ കൊണ്ടാകും, പക്ഷെ ആ ഓര്‍മ്മയെ അവര്‍ക്ക് സന്ദര്‍ശിക്കാതെ വയ്യ.

പാര്‍ട്ടി സ്വേച്ഛാധിപത്യം ഭീകരമായ ഒരു ഭരണസംവിധാനമാണ്. നമ്മുക്ക് ഇത്തരം അനുഭവങ്ങള്‍ കുറവാണ്.  അപ്പോള്‍ പോലും കേരളത്തിലെ പാര്‍ട്ടി ഭീകരതകള്‍ നോക്കു: ഓരോ രാഷ്ട്രീയ കൊലപാതകവും നമ്മെ പ്രാകൃതരാക്കുന്നു. നമ്മുടെ നേതാക്കള്‍, നമ്മുടെ ഭാഗ്യാന്വേഷികളായ എഴുത്തുകാര്‍, ചിലപ്പോള്‍ നമ്മള്‍ തന്നെ ഈ പ്രാകൃതത്വത്തെ മറച്ചു പിടിക്കുന്നു.

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന്റെയും വിവിധ ദേശീയതകളുടെ സമാനമല്ലാത്ത ജീവിതവും ഏതുതരം പാര്‍ട്ടി സ്വേച്ഛാധിപത്യത്തെയും വലിയ ഒരളവില്‍  ചെറുക്കാന്‍ പ്രാപ്തമാണ്‌. അതാണ്‌ ഇപ്പോള്‍ ആര്‍ എസ് എസിന്റെ ഈ ഭരണകാലത്ത് നാം നേരിട്ട് കാണുന്നതും. നമ്മുടെ വെല്ലുവിളിയും അതാണ്‌..

നമ്മുടെ എല്ലാ സാമൂഹികോന്മേഷങ്ങളും പെട്ടെന്ന് പെട്ടെന്ന് പിന്‍വാങ്ങുന്നു. ദീര്‍ഘകാലത്തേയ്ക്കായി ഒന്നും നിലനില്‍ക്കുന്നില്ല. അതിനാല്‍ അവയുടെ ചീത്ത സ്വാധീനം ഒരുപക്ഷെ നന്നേ കുറവാണ്. എന്നാല്‍, കേരളത്തിന്‍റെ സവിശേഷ രാഷ്ട്രീയജീവിതം ഇന്നൊരു ഏക പാര്‍ട്ടി സ്വാഭാവത്തില്‍ എത്തി നില്‍ക്കുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തെ വലിയ തോതില്‍ സ്വാധീനിച്ചത് കമ്മ്യുണിസ്റ്റ് ആശയങ്ങളാണ്. അതും ലെനിന്‍, സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളുടെ  രാഷ്ടീയ ആധിപത്യത്തിന്റെ രീതികള്‍. കേരളത്തിലെ ഒരു സി പി എമ്മുകാരനും ഉള്ളുകൊണ്ട് ജനാധിപത്യവാദിയല്ല, പകരം പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്‍റെ ആരാധകനാണ്. നമ്മുടെ പാര്‍ട്ടി-അനുഭാവ-എഴുത്തുകാര്‍ മാത്രമല്ല, എഴുത്തുകാരിലെ ഭാഗ്യാന്വേഷികള്‍ വരെ അങ്ങനെയാണ്.  ഇതിനൊരു കാരണം, നമ്മുടെ നവോത്ഥാന ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും പില്‍ക്കാലത്ത് രാഷ്ട്രീയമായി മുതലാക്കിയത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്നതാണ്. രണ്ടാം തലമുറയില്‍ വന്ന കോൺഗ്രസ്സുകാര്‍ ഒക്കെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരകളായിരുന്നു. അവര്‍ക്ക് ഇപ്പോഴും ജനാധിപത്യത്തിന്‍റെ ഉറവകള്‍  അറിയില്ല. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ അറിയില്ല. അത് ചെയ്യുന്നത് കേരളത്തിലെ ജനാധിപത്യവാദികളായ കുറെ മനുഷ്യരാണ്. അവര്‍  മതവിശ്വാസികളാണ്. ദലിതരാണ്,. ആദിവാസികളാണ്.  ന്യൂനപക്ഷം എഴുത്തുകാരും ചിന്തകരുമാണ്. അവര്‍ ആര്‍ എസ് എസ്സിനെയും സി പി എമ്മിനെയും എതിര്‍ക്കുന്നു.

നക്സലിസത്തിന്റെ സ്വാധീനം ഒട്ടുമേ നമ്മുടെ സമൂഹത്തില്‍ ഇല്ല. എന്നാല്‍, കലയുടെയും ആലോചനകളുടെയും  ലോകത്ത് അത് കൊണ്ടുവന്ന ഉണര്‍വ്വ് പക്ഷെ മറ്റൊന്നാണ്.

വിപ്ലവം അതിന്റെ കലയെ ഉണ്ടാക്കുന്നു. സഖാവ് എന്തുകൊണ്ട് ലൂഷനെപ്പോലെ എഴുതുന്നില്ല എന്ന് എന്നോട് ചില നക്സലൈറ്റ് നേതാക്കള്‍ അക്കാലത്ത് ചോദിച്ചിട്ടുണ്ട്. എനിക്ക് അതിനു കഴിയുമായിരുന്നില്ല. ഞാന്‍ എം. സുകുമാരന്‍റെയൊ യു പി ജയരാജിന്റെയോ കഥകളുടെ ആരാധകന്‍ ആയിരുന്നില്ല.

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ,  വിശേഷിച്ചും കെ. വേണുവിന്റെ  തലമുറ വരുമ്പോള്‍, രാഷ്ട്രീയം അന്നത്തെ ഒരുവിധം നല്ല എഴുത്തുകാരെയും വായനക്കാരെയും കലശലായിതന്നെ ബാധിച്ചിരുന്നു. അങ്ങനെ ഒരു വിപ്ലവ സാഹിത്യം തന്നെ ഉണ്ടായി. സച്ചിദാനന്ദനെ നോക്കു, കെ. വേണുവിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഗ്രൂപ്പിന്റെ ഓരോ കാലത്തെ  രാഷ്ട്രീയനിലപാടുകളും സച്ചിയുടെ കവിതയില്‍  കാണാന്‍ കിട്ടും. സച്ചി “പാര്‍ട്ടി അനുഭാവി” അല്ലാതായി മാറി നില്‍ക്കുമ്പോഴും ആ രാഷ്ടീയ നിലപാടുകള്‍ അദ്ദേഹത്തിന്‍റെ എഴുത്തിനെ അത്രമാത്രം  സ്വാധീനിച്ചു. മലയാളത്തിലെ അടിമുടി കവിയായ ഒരാളെയാണ് അപ്പോള്‍ ഈ പാര്‍ട്ടി നിലപാട് സ്വാധീനിക്കുന്നത്. അതായത്, നക്സലിസത്തിന്റെ  ഉന്മൂലനകാലം, ദേശീയതകളുടെ വിമോചനകാലം, വിവിധ സ്വത്വവാദങ്ങളുടെ കാലം, അങ്ങനെ ഓരോ ഘട്ടത്തിന്റെയും കവിതകള്‍ നമ്മുക്ക് കാണാന്‍ പറ്റുന്നു.

ഇത് സര്‍ഗാത്മകതയുടെ ഒരു പ്രശ്നം കൂടിയാണ്.  കെ ജി ശങ്കരപ്പിള്ളയുടെ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ, അയ്യപ്പന്റെ ഒക്കെ കവിതാലോകം അങ്ങനെ ഈ നിലപാടുകള്‍കൊണ്ട് സമൃദ്ധമാണ്. ബി. രാജീവന്‍റെ ആശയനവീകരണങ്ങള്‍ക്ക് ഇത്തരം പ്രതിഫലന രാഷ്ട്രീയത്തിന്‍റെ വലിയ പങ്കുണ്ട്. ഇത് നല്ലതോ ചീത്തയോ എന്നല്ല പ്രശ്നം. ശരിയോ തെറ്റോ എന്നുമല്ല. എന്തുകൊണ്ട് നമ്മുടെ സര്‍ഗാത്മകജീവിതം, ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പോലും, ഇങ്ങനെ ഏകോന്മുഖം ആവുന്നു എന്നാണ്. സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നു എന്നാണ്. അങ്ങനെ അല്ലാത്ത  അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ഇവര്‍ക്ക് ഒന്നും ഇല്ല എന്നല്ല. ശങ്കരപ്പിള്ളയുടെ ഏതൊരു കവിതയും എടുത്തു നോക്കു, അതില്‍ ആ കവിതയുടെ രാഷ്ട്രീയ സന്നദ്ധതയുടെ പിടിവിടുവിച്ച രണ്ടു വരികള്‍ എങ്കിലും കാണും. അതൊരു മിന്നല്‍പ്പിണര്‍ പോലെയാണ്.

ഇത്തരം എഴുത്തിന്റെ കാതല്‍ ഒരുതരം ഉള്ളടക്കവാദത്തിന്‍റെയാണ്. അത് പലപ്പോഴും കലാവിരുദ്ധവുമാണ്. ഈ പാര്‍ട്ടി സ്വാധീനത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സത്യത്തില്‍ നല്ല വിഷമമാണ്. ഞാനത് അനുഭവിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും എഴുത്തിലും.
ഞാനൊരു അനുഭവം പറയാം. പണ്ട് നക്സലൈറ്റ് അനുഭാവിയായിരുന്ന കാലത്ത്, ഒരിക്കല്‍ ഞങ്ങള്‍, ഞാനും എന്റെ മറാത്തി സുഹൃത്തും വളരെ വൈകി ഒരു രാത്രി മടങ്ങുകയായിരുന്നു. ചില ലഘുലേഖകളും ഒക്കെയായി. ബോംബെയിലാണ്.  വളരെ വൈകിയതുകൊണ്ട് ഞാന്‍ അവളെ അവളുടെ വീട്ടില്‍കൊണ്ടുപോയി ആക്കാനാണ് പോകുന്നത്. എന്നിട്ട് എനിക്ക് മടങ്ങണം. അവള്‍ തന്റെ സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇനി സാരമില്ല, ഞാന്‍ തനിയെ പോയ്ക്കോളാമെന്ന് പറഞ്ഞു. ഞാന്‍ അവിടെ നിന്ന് മടങ്ങി. ആ രാത്രി അവളെ ആ സ്റ്റേഷനിലെ പോട്ടര്‍മാര്‍ ലൈംഗികമായി ആക്രമിച്ചു. അവള്‍ എങ്ങനെയോ ഓടി രക്ഷപ്പെട്ടു. പിറ്റേന്ന് ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ അവള്‍ ഇതൊക്കെ പറഞ്ഞ് പൊട്ടിക്കരഞ്ഞു. അവള്‍ പറഞ്ഞു :  “നമ്മള്‍ അവര്‍ക്ക് വേണ്ടിക്കൂടിയാണ് വിപ്ലവപ്രവര്‍ത്തനം നടത്തുന്നത് എന്ന് നമ്മള്‍ വിശ്വസിക്കുന്നു, പറയുന്നു. പക്ഷെ അവര്‍ക്ക് ഒരു തരിപോലും  നമ്മളെ അറിയില്ല, കരുണ്‍. പിന്നെ എന്ത് വിപ്ലവ രാഷ്ട്രീയം!”. അതൊരു വലിയ പാഠമായിരുന്നു എനിക്ക്. അവള്‍ ഇപ്പോള്‍ മുംബയിലെ സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു.karunakaran,writer,interview,thara

താര: നീണ്ട ഒരു പ്രവാസജീവിതമുള്ള ഒരാളാണ് കരുണാകരന്‍. താങ്കളുടെ കഥയിലും ആ ജീവിതത്തിന്റെ അംശങ്ങള്‍ കാണാം. ഈ ‘വിട്ടുനില്‍പ്പ്‌’ താങ്കളുടെ എഴുത്തിനെ സഹായിച്ചിട്ടുണ്ടോ? പ്രവാസം താങ്കളുടെ സാഹിത്യത്തിലെ  അവസരങ്ങളെ  നഷ്ടമാക്കി എന്ന് തോന്നിയിട്ടുണ്ടോ?

കരുണാകരൻ: അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്, തീര്‍ച്ചയായും. അത് അക്കാദമി അവാര്‍ഡോ ടെക്സ്റ്റ്ബുക്കുകളില്‍ എന്റെ കഥയോ കവിതയോ വന്നില്ല എന്നല്ല. അതൊന്നും എന്നെ മോഹിപ്പിക്കുന്നില്ല. എഴുത്ത് വെട്ടിപിടിച്ച ജീവിതമല്ല എനിക്ക്. എന്റെ നരകങ്ങളുടെയും സ്വപ്നങ്ങളുടെയും ജീവിതമാണ്. എന്നാല്‍, നീണ്ട പ്രവാസജീവിതം കൊണ്ട് എനിക്ക് നഷ്ടമായത്, എന്റെ പ്രകൃതിയുടെ മാറ്റമോ ശബ്ദമോ ആണ്. കാലാവസ്ഥയാണ്. ഉത്സവങ്ങള്‍ ആണ്. ഇടപഴകുന്ന സാമൂഹിക ജീവിതമാണ്. എഴുത്തിന്റെ ആന്തരിക ദീപ്തിയ്ക്ക് ഇതൊക്കെ ഉള്ളില്‍ കണ്ടുമുട്ടാനാകും.എനിക്കത് കഴിയുന്നുമുണ്ട്. ഇപ്പോഴാകട്ടെ, ലോകം നമ്മെ ഏറ്റവും അടുത്ത്‌ എന്ന് കൂട്ടി ചേര്‍ത്തിട്ടുമുണ്ട്. മാത്രമല്ല, മനുഷ്യസമൂഹം തന്നെ ‘ഒഴുകുന്ന സാമൂഹ’മായി (floating society), മാറി. എങ്കിലും ഞാന്‍ ഇല്ലാത്ത എന്റെ നാട് എന്റെ പിറകില്‍ കൂടുന്നു, ചിലപ്പോള്‍ ഒരു ജന്തു പോലെ. സ്പര്‍ശവും മണവുമുള്ള ഒരു ജന്തു. അതേസമയം, ഈ വിട്ടുനില്‍പ്പ്‌ എന്റെ എഴുത്തിനെ പല കാരണങ്ങള്‍ കൊണ്ട് സഹായിച്ചിട്ടുണ്ട്. അതിനേക്കാള്‍ എന്റെ വ്യക്തിജീവിതത്തെയും.

താര: അതുകൊണ്ടാണോ കരുണാകരന്റെ കഥാലോകത്ത് ഇത്രമാത്രം ജന്തുജാലങ്ങള്‍?    “യുവാവായിരുന്ന ഒന്‍പതു വർഷ”ത്തില്‍ മരങ്ങളെ പറ്റി പലതവണ പറയുന്നുണ്ട്. പിന്നെ മയിലുകള്‍, കാക്കകള്‍ ഒക്കെയുണ്ട് എഴുത്തില്‍. നായ, ആവര്‍ത്തിക്കുന്ന ഒരു ബിംബം പോലെ കവിതകളിലും കാണാം.

കരുണാകരൻ: വാസ്തവത്തില്‍, എന്റെ ഉള്ളിലെ അവയുടെ നിശബ്ദതയാണ് ഞാന്‍ ഓര്‍മ്മിക്കുന്നത്. ഇവിടെ, ഇപ്പോള്‍ ഞാന്‍ പാര്‍ക്കുന്നിടത്ത് പക്ഷികള്‍ ഇല്ല.വലിയ മരങ്ങള്‍ ഇല്ല.ആ നിശബ്ദത ആഴമുള്ള ഒരു ഇടമാകുന്നു.

ഇപ്പോള്‍, നാട്ടില്‍ വരുമ്പോള്‍,മകളെ കാണാന്‍ ബെംഗളൂരുവിലെ  IISc ക്യാമ്പസില്‍ പോകും. അവള്‍, രാവിലെ, എന്നെയും കൊണ്ട് ആ മരങ്ങള്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങും. പക്ഷികളെ കാണിച്ചു തരും. ഇപ്പോള്‍ കുറെ കാലത്തിനു ശേഷം ഞാന്‍ ആ ചലനങ്ങള്‍ കാണുന്നു എന്ന് തോന്നി. നായകള്‍ സ്വാത്രന്ത്ര്യത്തോടെ അലയുന്നുണ്ടാകും. ഒരു നായ എന്നെ കണ്ട് അവിടെത്തന്നെ നിന്നു. ഞാന്‍ അടുത്ത് എത്തുന്ന വരെ. ഞാനതിന്റെ അരികില്‍ കുനിഞ്ഞു നിന്ന് തലയില്‍ തൊട്ടു. അതൊരു ഒച്ചയുണ്ടാക്കി.. മകള്‍ക്ക് അത്ഭുതമായി. അതിന്‍റെ ഒരു ഫൊട്ടോ എടുത്തിട്ടുണ്ട്.

നായ,  അത് മറ്റൊരു അനുഭവമാണ് തരുക. യുധിഷ്ഠിരനും സംഘത്തിനും പിറകില്‍ നടക്കുന്ന നായയെ ഇടക്കൊക്കെ ഞാന്‍ കാണാറുണ്ട്.

കാക്കകളെ പറ്റി എനിക്ക് ഒരുപാട് പറയാനും എഴുതാനും പറ്റും. അവയുടെ തലച്ചോറിനെപ്പറ്റിയുള്ള ചില പഠനങ്ങള്‍ ഈയിടെ വായിച്ചപ്പോള്‍ വല്ലാത്ത കൗതുകം തോന്നി.
അല്ലെങ്കില്‍, നേരത്തെ പറഞ്ഞപോലെ, ആ ജന്തുജാലങ്ങള്‍ എന്റെ നിശബ്ദതയാണ്.

താര: ‘അവിശ്വാസികള്‍’ എന്ന കഥയിൽ “ദൈവ” സാന്നിദ്ധ്യം കടന്നു വരുന്നുണ്ട്. അത്തരമൊരു ഭാവന വിശ്വാസത്തിന്റെ അടരുകളിലേയ്ക്കുളള അന്വേഷണമാണോ?

കരുണാകരൻ: ഒരു ഇമേജില്‍ നിന്നും ഒരു കഥ ഭാവന ചെയ്യുന്നത് രസമുള്ള പ്രവര്‍ത്തിയാണ്. എഴുത്തിലെ രസകരമായ നിമിഷങ്ങള്‍ അതിലുണ്ട്. ഒരു ജനവാസകേന്ദ്രത്തില്‍ ആദ്യമായി എത്തപ്പെടുന്നപോലെയാണത്. “അവിശാസികള്‍” അങ്ങനെ ഒരു കഥയാണ്. ആ കഥ, വാസ്തവത്തില്‍, രണ്ട് ഇമേജുകളില്‍ നിനാണ് ഞാന്‍ തുടങ്ങിയത്. ഗാര്‍ഷ്യാ മാര്‍ക്വസിന്റെ ‘കോളറ കാലത്തെ പ്രണയം’ എന്ന നോവലില്‍ ഒരു തത്തയുണ്ട്. ആ തത്തയുടെ ‘സംസാര’ത്തില്‍ ആ കഥയുടെ വിധിയുണ്ട്. അതുപോലെ ബോർഹസിന്റെ കവിതകളിലും കഥയിലും വരുന്ന ‘കടുവ’യും എന്റെ ഈ കഥയില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.

ഒരുപക്ഷെ, സാഹിത്യത്തില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം തിരയുകയാണ്, ഞാന്‍. അവിശ്വാസിയുടെ കരുതലോടെ. അങ്ങനെ കഥയില്‍, വിശ്വാസത്തിന്റെ പല അടരുകള്‍ തേടുന്നു. ‘അവിശ്വാസികള്‍’’ അങ്ങനെയൊരു ശ്രമമാണ്.

എനിക്ക് തോന്നുന്നു, വെറുപ്പാണ് വിശ്വാസം കണ്ടുപിടിച്ചത് എന്ന്. വിശ്വാസം സ്നേഹത്തിന്റെതിനേക്കാള്‍ വെറുപ്പിന്റെ സഹവര്‍ത്തിയാണ്. തോല്‍വിയെ വെറുക്കുന്നതുകൊണ്ട് നാം വിശ്വാസികള്‍ ആവുന്നു. അവിശ്വാസികളാകട്ടെ, ഭയചകിതരുടെ സംഘമാണ്. ജീവിതത്തെ അവര്‍ “സത്യമായ” പലതിനോടും ബന്ധപ്പെടുത്തുന്നു. സത്യം എന്നതും ഒരു വിശ്വാസമാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍ വിശ്വാസവും ഓര്‍മ്മ മാത്രമാണ്. ആ കഥ ഞാന്‍ വീണ്ടും സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നു.

താര: ‘വെള്ളപ്പോക്കം’ എന്ന നാടകത്തിലും ദൈവം വരുന്നുണ്ടല്ലോ. ആ നാടകം കേരളത്തില്‍ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിനും മുമ്പായിരുന്നു എഴുതിയതായിരുന്നു എന്ന് കരുണാകരന്‍ ഫേസ്ബുക്ക് പേജില്‍ എഴുതിയിരുന്നതും കണ്ടിരുന്നു. ആ നാടകത്തിന്റെ രചനയെപ്പറ്റി പറയാമോ?

കരുണാകരൻ: കേരളത്തില്‍ ഈയിടെ ഉണ്ടായ പ്രളയത്തിന് തൊട്ടുമുമ്പാണ് ഞാന്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞു പോരുന്നത്. പിന്നെയാണ് മഴ വരുന്നതും പിന്നെയാണ് അത് വെള്ളപ്പൊക്കമാവുന്നതും. എന്നാല്‍, ഇതിനും മുമ്പേ, മഴയുടെ ഒരു ലാഞ്ചനയുമില്ലാത്ത മറ്റൊരു രാജ്യത്ത്‌ പാര്‍ക്കുന്ന ഞാന്‍, കഴിഞ്ഞ ജൂണിലാണ് ആ നാടകമെഴുതുന്നത്. ആ ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും കഠിനമായ ചൂടുള്ള ദിനങ്ങളിലായിരു ന്നു, കുവൈത്ത്. സൂര്യനെ നേരിട്ടു തൊടുന്ന പോലെ പൊള്ളുന്ന പകല്‍, ആ ഉഷ്ണം രാത്രി കഴിയും വരെയും നീണ്ടു. പകല്‍ പലപ്പോഴും അമ്പതു ഡിഗ്രിക്ക് മുകളിലേക്ക് പോയി. പക്ഷെ, ഞാന്‍ എഴുതിയ നാടകം, ദുരന്തംപോലെ കടന്നുപോയ ഒരു വെള്ളപ്പോക്കത്തെപ്പറ്റിയായിരുന്നു. പ്രളയത്തിനുശേഷം, ഒഴുക്കില്‍ മരിക്കാനിരിക്കുന്ന ഒരു തെണ്ടിയും അയാള്‍ക്ക് തുണയായി ഇരിക്കുന്ന ദൈവത്തെപ്പറ്റിയും ആയിരുന്നു, അത്. നാടകത്തിനു ‘വെള്ളപ്പോക്കത്തിൽ’ എന്ന് പേരും ഇട്ട്. തകഴിയുടെ കഥയുടെ ഓര്‍മ്മയോടെ. തുണയാവുക, ഒരുപക്ഷെ, അങ്ങനെയൊരു സങ്കൽപ്പമാണ് ജീവിതത്തെ സഹവര്‍ത്തിത്വത്തിന്റെ അര്‍ത്ഥമാക്കുന്നത്. മനുഷ്യനും മനുഷ്യനും ദൈവവും മനുഷ്യനും അങ്ങനെയൊരു സഹവര്‍ത്തിത്വത്തെ കാംക്ഷിയ്ക്കുന്നു. നാടകം, ഞാന്‍ എഴുത്തുകാരിയും നാടക പ്രവര്‍ത്തകയുമായ സുഹൃത്ത്‌, യമയ്ക്ക് വായിക്കാന്‍ അയച്ചു കൊടുത്തു. മകള്‍ക്കും അയച്ചു കൊടുത്തു.

Read More: യമ എഴുതിയ കഥകൾ ഇവിടെ വായിക്കാം

ആ സമയം എഴുതിയ ഒരു കവിതയിലും ഒരു കഥയിലും ഇതാ ഇപ്പോള്‍ ഈ നാടകത്തിലും ‘ദൈവം’ വീണ്ടും വീണ്ടും വരുന്നുവല്ലോ എന്ന് മകള്‍ എന്നെ കളിയാക്കി. ഒരുപക്ഷെ ഒരാളുടെ കുട്ടിക്കാലം ആകും അയാളുടെ ഓര്‍മ്മയുടെ വലിയ സ്ഥലം എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ആ നാടകത്തിനുമുമ്പ് എഴുതിയിരിക്കുന്ന ബ്രഹ്ത്തിന്റെ വരികള്‍ ഉണ്ടല്ലോ, അതും ഒരു ചിത്രം പോലെ മനസ്സിലുണ്ടാവണം. ആഴ്ച്ച്ച്കള്‍ക്കു ശേഷം, ഞാന്‍ അതുവരെയും കാണാത്ത ഒരു മഴ, എന്നെയും, ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ പോലെ, നനയാന്‍ തിരഞ്ഞെടുത്തിരുന്നു. പട്ടാമ്പിയിലുള്ള ഞങ്ങളുടെ വീടിനു ചുറ്റും വെള്ളംപൊന്തിയിരുന്നു, പട്ടാമ്പി പാലം വെള്ളത്തില്‍ മുങ്ങിയിരുന്നു, ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും പഠിച്ചിരുന്ന സ്കൂള്‍ ദുരിതാശ്വാസ കേമ്പ് ആയി മാറിയിരുന്നു. പ്രളയം വന്നു കഴിഞ്ഞിരുന്നു. വയസ്സായ അമ്മയെ കസേരയില്‍ ഇരുത്തി വെള്ളത്തിലൂടെ നീങ്ങുന്ന രണ്ടു പേര്‍ക്ക്‌ ഒപ്പം കഴുത്തോളം വെള്ളത്തില്‍ ഇന്ന് ഞാനും ഞങ്ങളുടെ വീട് വിട്ടു എന്ന് എന്റെ സ്കൂള്‍ സുഹൃത്ത് ഫോണില്‍ പറഞ്ഞു. ഞങ്ങളുടെ വീടിനടുത്ത്, തൂതയുടെ കരയിലാണ് അയാളുടെ വീട്. പുഴ അയാളുടെ വീട്ടിലേക്കും ചെന്നു.

ഈ നാടകത്തില്‍, വെള്ളത്തിലേക്ക് പിടിവിട്ടു വീഴുന്ന ദൈവവും തെണ്ടിയുമുണ്ട്. അതേ വീഴ്ച, മുഖത്തെയ്ക്ക് തെറിയ്ക്കുന്ന വെള്ളത്തുള്ളികള്‍ക്കൊപ്പം, ഞാന്‍ ഇതേ ദിവസങ്ങളില്‍ പല തവണ കണ്ടു എന്ന് പറയണം. ഒരുപക്ഷെ കലയും ജീവിതവും യാഥാര്‍ത്ഥ്യത്തിന്റെത്തന്നെ മറ്റൊരു യാഥാര്‍ത്ഥ്യം മനസ്സില്‍ വെച്ചു പോയപോലെയായിരുന്നു ആ ദിവസങ്ങള്‍.
എഴുത്തിന് പ്രവചനാത്മകമായ എന്തെങ്കിലും റോള്‍, അല്ലെങ്കില്‍ അങ്ങനെയൊരു പരിവേഷം, aura, ഉണ്ടെന്നു വിശ്വസിക്കുന്ന ആളല്ല ഞാന്‍. എഴുത്തും, ജീവിതത്തെപ്പോലെ, നശ്വരതയുടെ കലയാണ് എന്നും വിശ്വസിക്കുന്നു. അപ്പോഴും, അത് നമ്മെ യാദൃശ്ചികതകള്‍കൊണ്ട് അത്ഭുതപ്പെടുത്തുന്നു. ആ നാടകം അങ്ങനെയൊരു അനുഭവമാണ്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, കഠിനമായ ഉഷ്ണമൊ, ഉള്ള് തെളിയാത്ത സങ്കടമൊ, ഊളിയിട്ടുപോയ സ്ഥലമാകാം ഈ നാടകം. അതും ഹതാശമായിത്തന്നെ.

താര:  ഒരുപാട് വായിക്കുന്ന ആളാണ് എന്നറിയാം, എന്തൊക്കെയാണ് സാധാരണ വായന? ഇഷ്ടപ്പെട്ട എഴുത്തുകാര്‍?

കരുണാകരൻ: ഫിക്ഷന്‍ ആണ് ഇഷ്ടം. പിന്നെ കവിതകള്‍.  സാഹിത്യ സിദ്ധാന്തങ്ങള്‍, രാഷ്ട്രീയ പഠനങ്ങള്‍,  അതൊക്കെ ഇഷ്ടമാണ്. അസ്തിത്വവാദം എനിക്ക് മനസ്സിലാവുന്നത് ബെക്കറ്റ്നെ, കമ്യുവിനെ വായിക്കുമ്പോഴാവും, അതിന്റെ സിദ്ധാന്തങ്ങള്‍ എഴുതിയവരെ വായിക്കുന്നതിനെക്കാള്‍. ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ചിലരുണ്ട്.  ബോര്‍ഹസ്, മാര്‍കേസ്,  ഡബ്ലിയു ജി സെബാള്‍ഡ്‌, എൻറിക്വ് വിലാ- മത്താസ്, ബൊലാഞ്ഞോ തുടങ്ങിയവര്‍.  തീര്‍ച്ചയായും “വ്യാസന്‍മാരെ”യും…

താര: അവാര്‍ഡുകള്‍ അംഗീകാരങ്ങളാണല്ലോ.  എന്താണ് അവാര്‍ഡുകളെപ്പറ്റി പറയാനുള്ളത്?

കരുണാകരൻ: അവാര്‍ഡുകള്‍ നല്ലതല്ലേ,  കിട്ടുന്നതും കൊടുക്കുന്നതും? എനിക്കത് പക്ഷേ, വലിയ ഒരു സംഗതിയായിട്ട് തോന്നിയിട്ടില്ല. കിട്ടുന്നതും കൊടുക്കുന്നതും. മലയാളത്തിലെ സമ്മാനിതരായ പല എഴുത്തുകാരും എന്റെ വായനയിലേ ഇല്ല.  മാത്രമല്ല, അതില്‍ പലതും മോശം കൃതികളുമാണ്.karunakaran ,writer

താര: നമ്മുടെ സാഹിത്യ വിമര്‍ശത്തെപ്പറ്റി, സാഹിത്യവിമര്‍ശകരെപ്പറ്റി എന്ത് തോന്നുന്നു.

കരുണാകരൻ: ഞാന്‍ സാഹിത്യ വിമര്‍ശം വളരെയധികം ഇഷ്ടപ്പെടുന്നു. വാള്‍ട്ടര്‍ ബെഞ്ചമിന്റെ ആരാധകനാണ്. മലയാളത്തില്‍  കുട്ടികൃഷ്ണ മാരാരെ ഇഷ്ടമാണ്.  കെ സി നാരയണന്‍റെ  കലാവിമര്‍ശം ഇഷ്ടമാണ്. ബി. രാജീവന്റെ സാഹിത്യപഠനങ്ങള്‍ ഇഷ്ടമാണ്. കവിതാ ബാലകൃഷ്ണന്റെ കലാപഠനങ്ങള്‍ ഇഷ്ടമാണ്. “ആശാന്റെ ആശയം” എന്ന ഒരു പ്രബന്ധം എഴുതിയ  ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഇഷ്ടമാണ്. വളരെ pleasant  ആയി എഴുതുന്ന ശാരദക്കുട്ടിയെ ഇഷ്ടമാണ്. അജയ് പി  മങ്ങാട്ട് തന്‍റെ എഴുത്തിനെ ഒരു ഭാഷയുടെ തന്നെ സാംസ്കാരികാനു ഭവമാക്കുന്നത് ഇഷ്ടത്തോടെ വായിക്കാറുണ്ട്.  അങ്ങനെ പലരെയും.
ഒരാള്‍ എഴുതിയത് കണ്ടെടുക്കുകയല്ല, ഒരാള്‍ എഴുതിയത് പറയുകയല്ല സാഹിത്യ വിമര്‍ശം എന്ന് ഞാന്‍ കരുതുന്നു. അത് ഭാവനയുടെ കലയാണ്. കാഫ്കയെ കുറിച്ചുള്ള ബെഞ്ചമിന്റെ പഠനവും കുന്ദേരയുടെ പഠനവും നോക്കൂ, രണ്ടും രണ്ടാണ്. ഒരേ കലയെ പറ്റി ഭാവനാശീലരായ രണ്ട്  എഴുത്തുകാരുടെ രസികന്‍ അനുഭവമാകുന്നു അവ. എന്തായാലും, സാഹിത്യ നിരൂപണം എഴുതി തോല്‍പ്പിക്കുന്നവരുടെ ഗെയിം അല്ല.

താര: മലയാളത്തിലെ പുതിയ എഴുത്തിനെപ്പറ്റി പറയാമോ?

കരുണാകരൻ: രണ്ടായിരമാണ്ടോടെ നമ്മുടെ എഴുത്തില്‍ പുതിയ ഉണര്‍വ്വ് ഉണ്ടായി. വാസ്തവത്തില്‍, അത് ഉണ്ടാക്കിയത് ഒരു സംഘം ചെറുപ്പക്കാരായ കവികളാണ്. അവര്‍ നമ്മുടെ ആധുനികതയുടെ ഓര്‍മ്മയെ ശരിക്കും പോയി ഒന്ന് കണ്ടു വന്നു. അവരുടെ പിറകെ വേറെ ഒരു കൂട്ടര്‍ വന്നു.അവരില്‍ പല നല്ല കവികളുമുണ്ട്.  രമ്യ സഞ്ജീവ്, ആദിത്യ ശങ്കര്‍,  രഗില സജി, രാഹുല്‍ ഗോവിന്ദ്, ജയശ്രീ, മഞ്ജു, പദ്‌മാ ബാബു, അങ്ങനെ പലരും.

കഥയില്‍ പക്ഷെ ഇത് മറ്റൊരു രീതിയിലാണ് വന്നത് എന്ന് തോന്നുന്നു. സജീവമായ ഒരാഖ്യാനകല എന്ന രീതിയില്‍ കഥകള്‍ മാറി. പല പുതിയ എഴുത്തുകാരും അതില്‍ പങ്കെടുത്തു. മുന്‍തലമുറയിലെ പലരും പങ്കെടുത്തു.

എന്നാല്‍, ഇപ്പോള്‍ ഏറ്റവും പുതിയ നിരയില്‍ വന്ന പലരും, ഒരിക്കല്‍, പോസ്റ്റ്‌-നക്സലൈറ്റ് പിരിഡില്‍ നമ്മള്‍ ചര്‍ച്ച ചെയ്ത subaltern politics ആണ്  തങ്ങളുടെ കഥയുടെ ‘ഉള്ളടക്കം’ ആക്കിയത്. അതിന്റെ പരിമിതിയും പ്രതിസന്ധിയും അവര്‍ക്കുണ്ട്. അവരുടെ പ്രമേയങ്ങള്‍ പലതാണ്, പക്ഷെ വ്യത്യസ്തമല്ല.എന്നെ അത്തരം എഴുത്ത് പൊതുവേ  ആകര്‍ഷിക്കാറില്ല. ഇന്ന് കഥ എഴുതുന്നവരില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാകൃത്ത്  സുരേഷ് പി. തോമസ് ആണ്. ഭാഷയും ഭാവനയും അയാളുടെ കലയെ അന്യൂനമാക്കുന്നു. കഴിഞ്ഞ ദിവസം യമയുടെ ഒരു രചന ഞാന്‍ വായിക്കുകയുണ്ടായി. അതിന്റെ ഭാഷ, ഭാവനയുടെ ലംഘനങ്ങള്‍ ഒക്കെ വളരെയധികം ഇഷ്ടപ്പെട്ടു.

താര: ഫെയ്സ് ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കരുണാകരന്‍ സജീവമാണ്. ഒരു സാഹിത്യകാരന് ഇത് ആവശ്യമാണോ? ചിലപ്പോഴൊക്കെ വിവാദപരമായ പോസ്റ്റുകളും കാണാറുണ്ട്.

കരുണാകരൻ: ആവശ്യമാണ് എന്ന് തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ അവിടെ പോകാറുണ്ട്. ഇന്ന് ടൗണില്‍ പോയിരുന്നു എന്ന് പറയുമ്പോലെ. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമായ പല എഴുത്തുകാരും അത് നല്ല രീതിയില്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. ശാരദക്കുട്ടി, സിവിക്ക് ചന്ദ്രന്‍, ഹരി ശങ്കരന്‍ അശോകന്‍, പുതിയ പല എഴുത്തുകാരും..  ഞാനതിനെ എന്റെ ലിറ്റററി ജേണലിസം പോലെയും കാണുന്നു.

Read More: കരുണാകരൻ എഴുതിയ കവിതകളും ലേഖനങ്ങളും ഇവിടെ വായിക്കാം

താര: പുതിയ എഴുത്ത്? പുസ്തകം?

കരുണാകരൻ: മനസ്സില്‍ പലതും എഴുതുന്നു. എഴുതുന്ന പുസ്തകങ്ങള്‍ ഭാവന ചെയ്യുന്നു. അഥവാ ഒരു പുസ്തകം ഞാന്‍ എഴുതി തുടങ്ങുന്നത്  ഒരു ദിവസം ഒരു അര പേജ് എന്ന വിധത്തിലാണ്. അതിനേ സമയം കിട്ടു.കഥകളും ചിലപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്നു പൂര്‍ത്തിയാക്കാന്‍.എഴുതുന്ന പുസ്തകങ്ങള്‍ എന്ന് മനസ്സില്‍ കാണുന്നതുതന്നെ എന്നെ എഴുത്തായി ബാധിക്കുന്നു. “ചന്ദ്രലേഖ” എന്ന  കഥാസമാഹാരമാണ്  വരാൻ പോകുന്നത്.

Read More: നോവൽ നന്നായി തോന്നിയില്ലെങ്കിൽ പ്രസിദ്ധീകരിക്കില്ല: പി എഫ് മാത്യൂസ്/ ജോണി മിറാൻഡ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook