കുറച്ചു നാൾ മുൻപ് വാട്സ്ആപിലും ഫേസ്ബുക്കിലും ഒക്കെ മലയാളികൾക്കിടയിൽ വൈറൽ ആയ ഒരു ചിത്രമുണ്ടായിരുന്നു. DYFI ഡിസ്റ്റിലെറി എന്ന ലേബൽ ഒട്ടിച്ച ജിൻ കുപ്പികൾ. ഫോർവേഡ് ചെയ്തവരിൽ ഒട്ടുമിക്ക പേരും ഇതൊരു ഫോട്ടോഷോപ്പ് തമാശ ആണെന്ന് കരുതിയിരിക്കണം. അല്ലെങ്കിൽ മലയാളികൾ ഡിഫി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന യുവജനസംഘടനയുമായി ഒരു ബന്ധവും ഇല്ലാത്ത, എങ്കിലും DYFI എന്ന് ചുരുക്കപ്പേരുള്ള, ഏതോ ഒരു ഡിസ്റ്റിലെറിയുടെ മദ്യം ആണെന്ന് തീരുമാനിച്ചിരിക്കണം. ഞാൻ ഇതേപ്പറ്റി സംസാരിച്ചവരെല്ലാം ഏതായാലും ഈ രണ്ടു സാധ്യതകളെ കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ. വിപ്ലവവുമായോ മലയാളിയുമായോ പുലബന്ധമെങ്കിലും ഉള്ള വോഡ്‌കയോ ബ്രാണ്ടിയോ റമ്മോ ആയിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു, ഇതാരോ ചുമ്മാ മോർഫിയതല്ലേ എന്നായിരുന്നു ഒരു കമന്റ്. പക്ഷെ പടം മൊർഫും ഫോട്ടോഷോപ്പും ഒന്നും അല്ല എന്നതാണ് സത്യം.

dyfi, dyfi distillery, jin

ഇവിടെ ഒരു ‘കട്ട് റ്റു’ ആവശ്യമാണ്. യുകെയുടെ ഭാഗമായ വെയിൽസിന്റെ മദ്ധ്യ പടിഞ്ഞാറൻ തീരപ്രദേശത്തോടടുത്തു കിടക്കുന്ന ഒരു മേഖലയിലേക്ക്. നിറയെ കുന്നുകളും താഴ്‌വരകളും അരുവികളും, മനുഷ്യരെക്കാളും കൂടുതൽ ചെമ്മരിയാടുകളും. ഇവിടെ രണ്ടു നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ വിരളം. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകളും പൊതുഭവനങ്ങളും അനേകം. വളഞ്ഞു പുളഞ്ഞല്ലാതെ വണ്ടിയോടിക്കാൻ പറ്റാത്ത റോഡുകളിൽ ഇടയ്ക്കിടെ മാത്രം വാഹനങ്ങൾ. ആകാശത്തു റാകിപ്പറക്കാൻ മലയാള ഭാഷാപണ്ഡിതരുടെ വിലക്കില്ലാത്ത ചെമ്പരുന്തുകൾ. യുനെസ്കോയുടെ അറുനൂറ്റി അറുപത്തൊൻപതു ലോക ജൈവമണ്ഡല റിസർവുകളിൽ വെയിൽസിൽ ആകെയുള്ള ഒരേ ഒരെണ്ണം ഇതാണ്. കേരളത്തിൽ എന്ന പോലെ തന്നെ DYFI എന്ന് പൊതുസ്ഥലങ്ങളിൽ എഴുതിക്കാണുന്നത് ഇവിടെയും സർവ്വസാധാരണം. ഇതാണ് ഡവി. Fനെ ‘വ് ‘എന്നും Yയെ പലപ്പോഴും ‘അ’ പോലെയും ഉച്ചരിക്കുന്ന വെൽഷ്‌ ഭാഷയിൽ എഴുതുമ്പോൾ Dyfi. ഇവിടുത്തെ മായം ചേരാത്ത കാട്ടു സസ്യഫലാദികൾ വാറ്റിയത്രേ DYFI Distillery ജിൻ ഉണ്ടാക്കുന്നത്.

Also Read: DYFI ഡയറീസ്: വാറിക്‌ഷെയറിലെ വള്ളംകളി

ഇക്കാര്യങ്ങൾ കേട്ടപ്പോൾ നാട്ടിലെ കൂട്ടുകാർ ചോദിച്ചു: നീ ഇത് കഴിച്ചിട്ടുണ്ടോ? സിംഗിൾ മാൾട്ട് സുലഭമായി കിട്ടുന്ന നാട്ടിൽ ജിൻ കഴിക്കുന്ന നീ മലയാളിയോ എന്നൊരു ധ്വനി ചോദ്യത്തിൽ ഉള്ളതായി തോന്നിയെങ്കിലും ഞാൻ പതറാതെ മറുപടി പറഞ്ഞു: ഇല്ല, പക്ഷെ ഇപ്രാവശ്യം തിരിച്ചെത്തിയിട്ടു ഒരു കൈ നോക്കാൻ തന്നെയാണ് തീരുമാനം. അങ്ങനെ ആണ് ഇംഗ്ലീഷുകാർ പൂർണമായും കയ്യടക്കും മുൻപ് വെയിൽസിന്റെ പുരാതന തലസ്ഥാനമായായിരുന്ന മഖ്നെ്‌ലത്തിനടുത്തുള്ള (Machynlleth) കൊറിസ് ക്രാഫ്റ്റ് സെന്ററിൽ എത്തിയത്.

dyfi, mahesh nair, jin

ഡവി (DYFI) ഡിസ്റ്റിലറി ഫൊട്ടോ: മഹേഷ് നായർ

ഇവിടെ ഷഡ്കോണാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് ഡവി (DYFI)ഡിസ്റ്റിലെറി. അകത്തെ മുറിയിൽ വാറ്റ്. പുറത്തെ മുറിയിൽ വിൽപന. വാറ്റുകാരും വില്പനക്കാരും എല്ലാം പച്ച നിറത്തിൽ ഉള്ള, ഡിസ്റ്റില്ലെറിയുടെ ലോഗോ പതിപ്പിച്ച ടീ ഷർട്ടുകൾ ധരിച്ചിരിക്കുന്നു. ഇവ വാങ്ങാൻ കിട്ടും. വില ആയിരം രുപക്ക് താഴെ. പണ്ട് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ‘ബുജി സഞ്ചി’ പോലെയുള്ള ഡവി ഡിസ്റ്റിലെറി തുണി സഞ്ചികൾ ഇരുനൂറു രൂപയ്ക്കു താഴെ. ഗിഫ്റ്റ് പാക്കേജിങ്ങിൽ ആയും അല്ലാതെയും ഒറ്റക്കും കൂട്ടമായും ചെറുതും വലുതുമായ കുപ്പികളിൽ സാക്ഷാൽ DYFI ജിന്നും ഇരിപ്പുണ്ട്. ചെറുതിലെ (40 മില്ലി) ഏറ്റവും വില കുറഞ്ഞ DYFI Original Gin അഞ്ഞൂറ് രൂപയ്ക്ക് താഴെ. ഏറ്റവും മുന്തിയ Hibernation വലിയ കുപ്പിക്ക് (500 മില്ലി) നാലായിരം രൂപയോളം വരും. ഞാൻ പർചേസ് ഒരു ടി ഷർട്ടിലും ഒരു സഞ്ചിയിലും ഏറ്റവും ചെറിയ ഒരു കുപ്പി ‘ഒറിജിനലി’ലും ഒതുക്കി. നാനൂറു രൂപയോളം തപാൽ ചാർജ് കൊടുത്താൽ ഓൺലൈൻ (www.dyfidistillery.com) ആയും പിന്നെ വാങ്ങാമല്ലോ. മെയിൻലൻഡ് യുകെയിൽ എവിടെയും ഈ തപാൽ ചാർജിനു കുപ്പി എത്തുമത്രേ. ജിന്നല്ലേ, വലിയ കുപ്പി വാങ്ങി റിസ്ക് എടുക്കണോ?

വീട്ടിൽ തിരികെ എത്തി ബിറ്റർ ലെമൺ മിക്സർ ചേർത്ത് രുചിച്ചു നോക്കിയപ്പോൾ എന്റെ മലയാളി ബുദ്ധിയെക്കുറിച്ചു എനിക്ക് തന്നെ അഭിമാനം തോന്നി. കൊള്ളാം, പക്ഷെ കൊടുത്ത കാശിനു കൊട്ടിഘോഷിക്കാനുള്ള മെച്ചമൊന്നും ഇല്ല, ചെറുത് വാങ്ങിയത് നന്നായി എന്ന് തീരുമാനിച്ചു. എങ്കിലും ഒരു ചെറിയ ‘സ്പെല്ലിങ് മിസ്റ്റേക്ക്’ എവിടെയോ ഉണ്ടല്ലോ എന്നൊരു തോന്നൽ. ഇതിനാണോ ഇൻറ്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ്‌സ് കോമ്പറ്റിഷൻറെ സിൽവർ മെഡൽ കിട്ടിയത്? പ്രാഞ്ചിയേട്ടൻറെ പത്മശ്രീ പോലെ തന്നെ വിലയ്ക്ക് വാങ്ങാൻ പറ്റാത്തതല്ലേ അതും?

dyfi t shirt, cloth bag, jin

ഡവി ടീഷർട്ടും സഞ്ചിയും ജിന്നും

മാധ്യമങ്ങളിൽ കണ്ടത് ശരിയെങ്കിൽ ഈ ഡിസ്റ്റിലെറിയുടെ ഉടമസ്ഥരായ ക്യാമറൻ (Cameron) സഹോദരന്മാരിൽ ഒരാളായ ഡാനി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വൈൻ ആൻഡ് സ്പിരിറ്റ്‌സ് പ്രൊഫെഷണലും ഡീക്കാന്റെർ വേൾഡ് വൈൻ അവാർഡ്‌സിന്റെ സ്ഥിരം ജഡ്ജുമാണ്. മറ്റേ സഹോദരൻ പീറ്റ് ആണെങ്കിൽ ഡവി ജൈവമണ്ഡലത്തെക്കുറിച്ചും ഇവിടെ ഉള്ള ‘വാറ്റാൻ’ പറ്റിയ സസ്യഫലാദികളെക്കുറിച്ചും പതിറ്റാണ്ടുകളോളും ഗവേഷണം നടത്തിയ സസ്യശാസ്ത്ര വിദഗ്ധനും.

ഈ സഹോദരന്മാർ കഴിഞ്ഞ വർഷം ഈ സംരംഭം തുടങ്ങിയപ്പോൾ തന്നെ ആദ്യത്തെ ബാച്ച് ജിൻ ചൂടപ്പം പോലെ വിറ്റ് തീർന്നു എന്നും, അടുത്ത ബാച്ച് തയ്യാറാക്കാൻ രണ്ടു പേരുടെയും കുടുംബാംഗങ്ങൾ കൂടി പണിയെടുക്കേണ്ടി വന്നു എന്നും ഒക്കെ ആണ് ഞാൻ വായിച്ചറിഞ്ഞത്.

സ്പെല്ലിങ് മിസ്റ്റേക്ക് എവിടെ ആണ് എന്ന് മനസ്സിലാക്കിയിട്ട് ബാക്കി കാര്യം എന്ന് തീരുമാനിച്ച് ഡിസ്റ്റിലെറിയുടെ വെബ്‌സൈറ്റിൽ കണ്ട നമ്പറിലേക്കു വിളിച്ചു. പീറ്റ് ആണ് ഫോണെടുത്തത്. ഒന്ന് വന്നു കണ്ടു സംസാരിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. കേരളത്തിൽ നിന്നാണെന്നു കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു കഴിഞ്ഞ ദിവസം മറ്റൊരാൾ ഫോൺ ചെയ്തിരുന്നല്ലോ എന്ന്. ഞാൻ ഡെമോക്രാറ്റിക്‌ യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗം ആണ്, എനിക്കൊരു കുപ്പി ജിൻ വാറ്റിത്തരാമോ എന്ന് ചോദിച്ചു കൊണ്ട്. ഫിറ്റായ ഏതോ മലയാളി കഞ്ഞിയിൽ പാറ്റ ഇട്ടല്ലോ, ഇനി നൈസ് ആയിട്ട് എങ്ങനെ ഊരും എന്ന് ആലോചിച്ചു തുടങ്ങിയപ്പോൾ പീറ്റ് ഉറക്കെ ചിരിക്കാൻ തുടങ്ങി. നർമ്മബോധം ഉള്ള വാറ്റുകാരൻ, രക്ഷപ്പെട്ടു!
സ്വയം തൊഴിൽ കണ്ടെത്തലിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയിട്ടുള്ള എനിക്ക് അറിയേണ്ടിയിരുന്ന ഒരു കാര്യം പീറ്റിനും ഡാനിക്കും ഈ സംരംഭം തുടങ്ങുമ്പോൾ ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ലേ എന്നായിരുന്നു. ഇല്ല, ഡാനിയുടെ കഴിവുകളിൽ പീറ്റിനും പീറ്റിന്റെ കഴിവുകളിൽ ഡാനിക്കും പൂർണ വിശ്വാസം ആയിരുന്നത്രേ. പക്ഷെ ആദ്യത്തെ ബാച്ചിൽ തന്നെ തുടങ്ങിയ വൻവിജയം രണ്ടാളുടെയും ശുഭാപ്തിവിശ്വാസത്തിനും അപ്പുറം ആയിരുന്നു.

ഓരോ പൈൻറ്റ് സൈഡർ (ബിയർ പോലെയുള്ള മദ്യം) കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇരുവർക്കും ‘ലഡ്ഡു പൊട്ടി’യത്.’ ഈ സൈഡർ പീറ്റ് തന്നെ ഇംഗ്ലീഷ് ഓർച്ചാർഡ് ആപ്പിളുകളും വെൽഷ് ക്റാബ് ആപ്പിളുകളും ചേർത്ത് ഉണ്ടാക്കിയതായിരുന്നു. ഇതു കൊള്ളാമല്ലോ, മേൽത്തരം മദ്യങ്ങൾ വിൽക്കുന്നിടത്തു പോലും ഇത് ചെലവാകും എന്ന് ഡാനിയാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് തീരുമാനിച്ചു രണ്ടാളും ഒന്നോ രണ്ടോ പൈൻറ്റ് സൈഡർ കൂടി അകത്താക്കിയത്രേ. ഡവി ജൈവമണ്ഡലത്തിലെ സസ്യഫലാദികൾ വാറ്റി ജിന്നുണ്ടാക്കി വിറ്റാൽ അത് ഹിറ്റാകും എന്ന ആലോചന പിന്നെപ്പോഴോ ആണ് വന്നത്. എന്ത് ചേരുവകൾ ഏത് അളവിൽ എങ്ങനെ ചേർക്കണം എന്ന് പീറ്റ് ആണ് നിശ്ചയിക്കുന്നത്. ജിന്നിന്റെ ഗുണമേന്മ പരിശോധിക്കലും മാർക്കറ്റിങ്ങും ആണ് ഡാനിയുടെ ഉത്തരവാദിത്വം. ഇവിടെ നിന്നും പുറത്തേക്കു പോകുന്ന ഓരോ കുപ്പിയുടെ ലേബലിലും ബാച്ച് നമ്പറിനോടൊപ്പം പീറ്റിന്റെയോ ഡാനിയുടെയോ കൈയൊപ്പും ഉണ്ട്.
ഒറിജിനൽ, പോളിനേഷൻ, ഹൈബർനേഷൻ എന്നീ മൂന്നു തരം ജിൻ ആണ് ഇവിടെ ഇപ്പോൾ ഉണ്ടാക്കുന്നത്. മൂന്നിലും ഗോതമ്പു വാറ്റിയുണ്ടാക്കുന്ന സ്പിരിറ്റ്, ജൂനിപെർ കായ്കൾ തുടങ്ങിയവ ഉണ്ട്. ഈ ജിന്നുകൾ തമ്മിലുള്ള വ്യത്യാസം രുചിഭേദത്തിനു വേണ്ടി ഉള്ള മറ്റു ചേരുവകളും അവയുടെ അളവും അവ ചേരുന്ന രീതിയും ആണ്.

ബോഗ് മെർട്ടിൽ എന്ന ചതുപ്പു ചെടിയുടെ ഇലകൾ, ഗോർസ്‌ എന്ന കുന്നിൻ ചെരുവുകളിൽ കാണുന്ന ചെടിയുടെ പൂവ്, എന്നിങ്ങനെ എട്ട് ചേരുവകളോളം ഉണ്ട് ഒറിജിനലിൽ. പോളിനേഷനിൽ റോവൻ കായ്കളും, എൽഡർ പൂവുകളും, ബേർച് മരത്തിന്റെ ഇലകളും ഉൾപ്പെട്ട ഇരുപത്തൊമ്പതോളം ചേരുവകൾ. ഹൈബർനേഷൻ ആണെങ്കിൽ വൈറ്റ് പോർട്ട് എന്ന മദ്യം മുമ്പ് നിറച്ചിരുന്ന, അതിന്റെ ഓർമ്മ ജിൻ രുചിയിലേക്കു പകരുന്ന, ഓക്ക് കൊണ്ടുണ്ടാക്കിയ വീപ്പയിൽ ഒരു കൊല്ലത്തോളം ‘ശീതകാലനിദ്ര’ കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. പ്രധാന ചേരുവകൾ ലിംഗൻബെറി, ബ്ലാക്ബെറി, ബിൽബെറി , ക്രാബാപ്പിൾ തുടങ്ങിയ കായ്കൾ. മൂവരിൽ ഇവനെയാണ് റമ്മും ബ്രാണ്ടിയും വിസ്കിയും ശീലമുള്ള മലയാളികൾക്കിഷ്ടപ്പെടാൻ സാധ്യത എന്നാണ് പീറ്റിന്റെ അഭിപ്രായം.
എത്ര മേന്മയേറിയത് ആണെന്നു പറഞ്ഞാലും ജിൻ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്കു പൊതുവെ ഉണ്ടാകുന്ന അവജ്ഞ ഇദ്ദേഹത്തിന് എങ്ങനെ മനസ്സിലാകും? നമ്മുടെ ഇടയിൽ ബ്രാണ്ടിയും റമ്മും പൈന്റ് കണക്കിന് അകത്താക്കുന്ന എത്ര പേരാണ് ഹാങ്ങോവർ തുടങ്ങി ഷണ്ഡത്വം വരെ ഉണ്ടാകും എന്ന് പറഞ്ഞു ജിൻ രുചിച്ചു പോലും നോക്കാൻ വൈമനസ്യം കാട്ടുന്നത്! പക്ഷെ ഈ പ്രവണത ഒരു കാലത്തു യുകെയിലും ഉണ്ടായിരുന്നു എന്ന് പീറ്റ് എന്നെ ഓർമിപ്പിച്ചു. ശരിയാണ്. ജിൻ സ്ത്രീകളുടെ മദ്യം ആണെന്നും അത് കഴിക്കുന്നവരൊക്കെ അധഃപതിച്ചവർ ആണെന്നും മറ്റുമുള്ള എത്രയെത്ര ധാരണകൾ. ബ്രിട്ടനിൽ ജിന്നിന് മേൽ കൂടുതൽ നികുതി ചെലുത്തിക്കൊണ്ടുള്ള ആയിരത്തി എഴുനൂറ്റി അമ്പത്തൊന്നിലെ ജിൻ ആക്ടിന്റെ (1751 Gin Act) പുറകിലും ഈ ധാരണകൾ ഉണ്ടായിരുന്നല്ലോ. അവയുടെ പ്രഭാവം ഹോഗാർത്തിന്റെ (Hogarth, 1697-1764) ചിത്രങ്ങളായ ജിൻ ലെയിനിലും (Gin Lane) ബിയർ സ്റ്റ്രീറ്റിലും (Beer Street) കാണാമല്ലോ? ഇവയിൽ മദ്യവിരുദ്ധതയല്ല, ജിൻ വിരുദ്ധത മാത്രമാണെന്നല്ലേ ജിൻ ലെയ്‌നിലെ പട്ടിണിയും ഭ്രാന്തും ശിശുഹത്യയും ബിയർ സ്ട്രീറ്റിലെ ആരോഗ്യവും, കർമ്മോന്മുഖതയും സന്തോഷവും വിളിച്ചറിയിക്കുന്നത്?

dyfi, jin, mahesh nair,

ഡവി ഡിസ്റ്റിലറിയുടെ ഉളളിലെ കാഴ്ച

പീറ്റിന്റെ അഭിപ്രായം ഇവിടുത്തെ പുതിയ തലമുറ ഇതൊന്നും വിശ്വസിക്കുന്നില്ലെന്നു മാത്രമല്ല, വിസ്‌ക്കി പോലെയുള്ള, ‘സ്പിരിറ്റ്സ്’ എന്നറിയപ്പെടുന്ന മദ്യങ്ങളെക്കാളും ഹാങ്ങോവർ കുറവ് ജിന്നിനാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നു എന്നാണ്. ഡിസ്റ്റിലെറിയുടെ മൂന്നു തരം ജിന്നും കഴിച്ചു നോക്കുന്നോ എന്ന് പീറ്റ് ചോദിച്ചപ്പോൾ നിരസിക്കാനായില്ല. എങ്കിലും തിരികെ ഡ്രൈവ് ചെയ്യാനുള്ളത് കൊണ്ട് ഉത്തരവാദിത്വത്തോട് കൂടി മദ്യപിക്കണമല്ലോ? മൂന്നും ഒരൊറ്റ സിപ്പു വീതമേ എടുത്തുള്ളൂ.പക്ഷെ നീറ്റ് ആയി.

ആദ്യം ഒറിജിനൽ. ഇത് കൊള്ളാമല്ലോ, ഞാൻ ഇവിടുന്നു വാങ്ങി കൊണ്ട് പോയി കഴിച്ചത് പോലെ അല്ലല്ലോ എന്ന് വായിൽ നിന്ന് വീണു പോയി. മിക്സറിൽ മുക്കിക്കൊന്നു കാണും അല്ലേ എന്ന രീതിയിൽ പീറ്റ് എന്തോ തമാശ പറഞ്ഞെന്നാണ് ഓർമ്മ. നീറ്റ് ആയി കഴിക്കാൻ പറ്റില്ലെങ്കിൽ ഒരളവ് ജിന്നിന് രണ്ടളവ് ടോണിക്കോ മറ്റേതെങ്കിലും മിക്സറോ മാത്രമേ പാടുള്ളൂ അത്രേ.

വായിച്ചറിഞ്ഞ പുഷ്പസൗരഭം ഒന്നും വേർതിരിച്ചറിയാൻ പറ്റിയില്ലെങ്കിലും പോളിനേഷൻ അതിലും മെച്ചമായിരുന്നു. പീറ്റ് പറഞ്ഞത് പോലെ തന്നെ ഹൈബർനേഷൻ തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. പേരറിയാത്ത, പിടിതരാത്ത എന്തൊക്കെയോ ഇതിൽ രുചിക്കാൻ കഴിയുന്നത് പോലെ തോന്നി.

തിരികെ പോരുമ്പോൾ ഒരു കുപ്പി ഹൈബർനേഷൻ തന്നെ വാങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിൽ ഈ വഴിക്കു റയിൽപ്പാളം വരുന്നതിനു മുൻപ് തുറമുഖം ആയിരുന്ന, ഇപ്പോൾ നികത്തപ്പെട്ടും പിൻവാങ്ങിയും കുറച്ചു മൈലുകൾക്കപ്പുറത്തേക്ക് മാറിയ കടലിലേക്ക് ഇഴയുന്ന ഡവിപ്പുഴ അവശേഷിക്കുന്ന, വിജനമായ താഴ്bര നോക്കിയിരുന്ന് ഇക്കുറി വെള്ളം പോലും ചേർക്കാതെ കഴിച്ചു.
ഇനി നാട്ടിലെ കൂട്ടുകാരോട് പറയാം DYFI ഡിസ്റ്റിലെറി ശരിക്കും ഉണ്ടെന്ന്. അവിടെ ഉണ്ടാക്കുന്ന ജിൻ കഴിച്ചിട്ടുണ്ടെന്ന്. വില അല്പം കൂടുതൽ ആണെങ്കിലും വീര്യം നാല്പത്തഞ്ചു ശതമാനം ആണെന്ന്. എങ്കിലും ഇറക്കാൻ ബുദ്ധിമുട്ടില്ല, സ്മൂത്ത് ആണെന്ന്. വെള്ളം ചേർക്കാതെ കഴിച്ചാൽ ‘സ്വയമ്പൻ’ തന്നെ എന്ന്. എന്നാലും പിറ്റേന്ന് ഹാങ്ങോവർ ഇല്ലേ ഇല്ല എന്ന്. ലിംഗൻബെറിയും ലോലോലിക്കയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഈ മലയാളിക്ക് ഒരു ജിന്നിൽ നിന്നും പ്രതീക്ഷിക്കാവുന്നതിൽ അപ്പുറം അല്ലേ ഇത്?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ