/indian-express-malayalam/media/media_files/uploads/2017/08/manjith-abraham-fi-Fb.jpg)
ഡവി ജൈവമണ്ഡലത്തിലെ ആകെയൊരു മലയാളി ജീവി ഞാനാണ് എന്നൊരു ചെറിയ അഹങ്കാരം ഉണ്ടായിരുന്നു. അതിപ്പോൾ മാറിക്കിട്ടി. ഈയടുത്താണ് അറിഞ്ഞത് അബേറെസ്റ്റ്വിത് (Aberystwyth) എന്ന പട്ടണവും ഈ ജൈവമണ്ഡലത്തിൽ പെടുമെന്ന്. അവിടെ എന്റെ ഈ കൊച്ചു ഗ്രാമത്തിൽ ഇല്ലാത്ത യൂണിവേഴ്‌സിറ്റിയും ഹോസ്പിറ്റലും ബാങ്കുകളും സൂപ്പർമാർക്കറ്റുകളും സ്കൂളുകളും മാത്രമല്ല, കുറച്ചു കൊല്ലങ്ങളായി ഒരു അബേറെസ്റ്റ്വിത് മലയാളി അസോസിയേഷൻ കൂടിയുണ്ട്.
ഒരു പതിറ്റാണ്ടോളം മുമ്പ് അബേറെസ്റ്റ്വിത് യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ, ആ പ്രദേശത്തു താമസിച്ചിരുന്നപ്പോൾ, ഇങ്ങനെ ഒരു സംഘടന ഉള്ളതായി കേട്ടിട്ടില്ല. രണ്ടാഴ്ച മുമ്പ് ഇതിനെക്കുറിച്ച് കേട്ടപ്പോൾ നൊസ്റ്റാൾജിയക്ക് വഴങ്ങി നെറ്റിലും ഇംഗ്ലണ്ടിൽ ഉള്ള സുഹൃത്തുക്കൾ വഴിയും നമ്പറുകൾ കണ്ടു പിടിച്ച് ഇതിന്റെ പ്രസിഡന്റ് പീറ്റർ താണോലിലിനോടും കൺവീനർ ഷാജു വർഗീസിനോടും ഫോണിൽ സംസാരിച്ചു. അവരെ കാണാൻ ഡവി ജംഗ്ഷനിൽ നിന്ന് അബേറെസ്റ്റ്വിത്തിലേക്ക് തീവണ്ടി കേറുമ്പോൾ ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു.
കാരണം ഞാൻ ചൂട് വെള്ളത്തിൽ വീണ മലയാളിപ്പൂച്ച ആണ്. പണ്ട് നാട്ടിലുള്ള ഒരു കൂട്ടുകാരൻ നിർദ്ദേശിച്ചതനുസരിച്ചു ആ സമയത്ത് ഇംഗ്ലണ്ടിൽ എത്തിയ അവന്റെ ഒരു ബന്ധുവിനെ ഫോൺ ചെയ്തിരുന്നു. സംഭാഷണത്തിനിടയിൽ ബന്ധുവിന്റെ ഭാര്യ ഫോൺ പിടിച്ചു വാങ്ങി എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്നതാ പേര്, നാട്ടിലെവിടെയാ, ഇവിടെവിടെയാ, എന്ന സരളമായ ചോദ്യങ്ങൾക്കൊക്കെ പെട്ടെന്ന് ഉത്തരം കൊടുത്തു. പക്ഷെ "വിസിറ്റാന്നോ സ്പൗസാന്നോ വർക്കാന്നോ?" എന്ന ചോദ്യം മനസ്സിലാകാതെ ഒന്ന് പകച്ചു. എന്നാത്തിനാ ഇപ്പൊ ഇതിയാനെ വിളിച്ചെ എന്ന് കൂടി കേട്ടപ്പോഴാണ് പിടി കിട്ടിയത് ഇതൊരു റിസ്ക് അസെസ്മെൻറ് ആണെന്ന്. വിസിറ്റ് വിസയിൽ വന്നവൻ നമുക്ക് പാര, സ്പൗസായി വന്നവൻ പെമ്പ്രന്നോത്തിക്ക് മാത്രം പാര, വർക്ക് വിസയുള്ളവൻ 'അപാര'ൻ എന്ന മൂന്ന് അപായസാദ്ധ്യതാ തലങ്ങളിൽ ഏറ്റവും കുഴപ്പം കുറഞ്ഞതിൽ ആണ് ഞാനെന്നു ബോധ്യപ്പെട്ട ശേഷം അവർ ഫോൺ ഭർത്താവിന് തിരികെ കൊടുത്തു. "അതേയ്, ഒന്നും തോന്നരുത്, ഞാൻ സ്പൗസായിട്ടാണ് വന്നിരിക്കുന്നത്, അത് കൊണ്ടാണ്" എന്ന അദ്ദേഹത്തിന്റെ വിശദീകരണം കേട്ട് “എന്നാൽ ശരി മാഷെ” എന്ന് പറഞ്ഞു ഫോൺ വെച്ച ശേഷം രണ്ടു പതിറ്റാണ്ടോളമായി ഞാൻ ഈ രാജ്യത്ത് അപരിചിതരായ മലയാളികളെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടിട്ടിട്ട്.
ഇംഗ്ലണ്ടിലെ നോറിച്ചിൽ താമസിക്കുമ്പോൾ ഇങ്ങോട്ടു വന്നു പരിചയപ്പെട്ട ഇടുക്കിക്കാരൻ ബിജോഷും അദ്ദേഹത്തിന്റെ കുടുംബവും ആയി നല്ലൊരു സൗഹൃദം ഉണ്ടെങ്കിലും.
പക്ഷെ ഞാൻ തണുത്ത വെള്ളത്തെ ആണ് ഭയന്നതെന്ന് പീറ്ററെയും ഷാജുവിനെയും പരിചയപ്പെട്ടപ്പോൾ മനസ്സിലായി. നാട്ടിൽ നിന്നുള്ള ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ കൊണ്ട് മാസത്തിലൊരിക്കൽ ഇംഗ്ലണ്ടിൽ നിന്നും വരുന്ന മലയാളി വണ്ടി അബേറെസ്റ്റ്വിത്തിൽ എത്തുന്ന ദിവസം അറിയിക്കാം എന്ന് ഉറപ്പു തരിക മാത്രമല്ല, രണ്ടാളും പിന്നീട് എന്നെ അവരവരുടെ വീടുകളിൽ കൊണ്ട് പോയി കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി സൽക്കരിക്കുകയും ചെയ്തു.
ഇരുപതിനായിരത്തിന് താഴെ ജനസംഖ്യയുള്ള അബേറെസ്റ്റ്വിത്തിലും പ്രാന്തപ്രദേശങ്ങളിലും ഇരുപതോളം മലയാളി കുടുംബങ്ങൾ. ഇവരുടെ കൂട്ടായ്മ പോലെ തന്നെയുള്ള നൂറ്റമ്പതോളം അസോസിയേഷനുകൾ യുകെയിലെമ്പാടും ഉണ്ട്. ചിലതിൽ ആയിരക്കണക്കിന് അംഗങ്ങൾ. ഇവയ്ക്കുമുകളിൽ മുത്തുക്കുട പോലെ അംബ്രല്ലാ ഓർഗനൈസേഷൻ ആയ യുക്മയും (UUKMA- Union of UK Malayalee Associations).
/indian-express-malayalam/media/media_files/uploads/2017/08/manjit-abraham-2.jpg)
യുക്മ തലത്തിലും സജീവമായി പ്രവർത്തിക്കുന്ന അബേറെസ്റ്റ്വിത് മലയാളി അസോസിയേഷൻ പ്രസിഡന്റ് പീറ്ററുടെ ക്ഷണം സ്വീകരിച്ചായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 29ന് യുക്മ നടത്തിയ ഓൾ യുകെ വള്ളംകളി ആയ കേരളാ ബോട്ട് റേസ് കാർണിവൽ കാണാൻ ഡവിപ്പുഴയോരത്തു നിന്നും വാറിക്ഷയറിൽ റഗ്ബി എന്ന സ്ഥലത്തെ വിശാലമായ ഡ്രെയ്‌കോട്ട് വാട്ടർ കായലിലേക്കുള്ള എന്റെ യാത്ര.
Also Read: DYFI ഡയറീസ്: ഒരു ജിന്നിന്റെ കഥ
അബേറെസ്റ്റ്വിത്തിലെ ഇരുപതു മലയാളി കുടുംബങ്ങളെക്കുറിച്ച് കേട്ടപ്പോൾ അത്ഭുതപ്പെട്ട ഞാൻ ഡ്രെയ്‌കോട്ട് വാട്ടറിൽ എത്തിയ മലയാളികളുടെ സംഖ്യയും ഉത്സാഹവും കണ്ട് അമ്പരന്നു. പക്ഷെ കാണാൻ പോകുന്ന പൂരത്തെക്കുറിച്ച് നേരത്തെ കേട്ടറിഞ്ഞിരുന്നതിൽ അമ്പരപ്പിച്ചത് ഇത് മാത്രമേയുള്ളൂ എന്ന അഭിപ്രായവും ഞാൻ കേട്ടു. പ്രൊമോഷണൽ മെറ്റീരിയൽ തയ്യാറാക്കിയ ഏതോ കലാകാരന്റെ ഭാവനയും ഏതോ എഴുത്തുകാരന്റെ വാക്‌ചാതുരിയും മാത്രമായിരുന്നു 'ചുണ്ടൻ' വള്ളങ്ങളുടെ രുപവും മത്സരത്തിൽ തങ്ങൾ പ്രതീക്ഷിച്ച കായികമേന്മയും എന്ന് ചിലർ. നൂറടിയിൽ കൂടുതൽ നീളമുള്ള ചുണ്ടനെ അനുസ്മരിപ്പിക്കാനായി ഫൈബർഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ നാലു കൊച്ചു ബോട്ടുകളുടെ മുൻപിലും പുറകിലും ചെറിയ വെച്ചുപിടിപ്പിക്കലുകൾ മതിയോ ചുണ്ടനാകാനെന്നും, സ്റ്റാർട്ടിങ് തുടങ്ങി ഫിനിഷ് വരെ മുന്നൂറു മീറ്ററോളം പോലും തുഴയാൻ ഇല്ലല്ലോ എന്നും ഉള്ള സംശയങ്ങളും ഇടയ്ക്കിടെ ഉയരുന്നുണ്ടായിരുന്നു.
/indian-express-malayalam/media/media_files/uploads/2017/08/mahesh-1.jpg)
മറുനാട്ടിൽ ഇത്രയൊക്കെ അല്ലെ പറ്റൂ, ഇത് തന്നെ എത്ര പണിപ്പെട്ടായിരിക്കും സംഘാടകർ ശരിയാക്കി എടുത്തത്, അവരെ പ്രശംസിക്കാനല്ലാതെ വിമർശിച്ചു താഴെ വലിച്ചിടാനല്ലേ മലയാളിക്ക് വ്യഗ്രത എന്നും മറുചോദ്യങ്ങൾ ചോദിക്കുന്നവരുമുണ്ടായിരുന്നു. അവർക്കും പറയാൻ പല ന്യായങ്ങളും ഉണ്ട്. ആഘോഷത്തിന്റെ പ്രൗഢി വിളിച്ചറിയിക്കാൻ ഗജസാന്നിദ്ധ്യം ഇല്ലാത്ത കുറവ് തീർക്കാൻ തലയും ചെവിയും ചലിപ്പിക്കുന്ന നീലഗിരി കണ്ണൻ എന്ന ഓമനപ്പേരുള്ള യന്തിരൻ ആന അടിപൊളി അല്ലേ? ഉമ്മൻ ചാണ്ടി സാർ വന്നില്ലെങ്കിലെന്താ പകരം സമ്മാനദാന ചടങ്ങിൽ മകൻ ചാണ്ടി ഉമ്മനെ തന്നെ അയച്ചില്ലേ?
/indian-express-malayalam/media/media_files/uploads/2017/08/reji-abraham.jpg)
നടക്കുന്ന മത്സരത്തെക്കുറിച്ച് ഫിനിഷിങ് ലൈനിനപ്പുറത്ത് നിന്നും വരുന്ന കമന്ററിയെക്കാളും ഉച്ചത്തിൽ ഫിനിഷിങ് ലൈനിനടുത്തുള്ള സ്റ്റേജിൽ നടക്കുന്ന പരിപാടികളിൽ നിന്നും ഉള്ള എൺപതുകളിലെ ഹിന്ദിപ്പാട്ടുകൾ കാരണം ഞാനുൾപ്പെടെ പലർക്കും ദൂരെ കാണുന്ന കാഴ്ചയല്ലാതെ മറ്റു വിവരങ്ങൾ ഒന്നും കിട്ടുന്നില്ലാത്തയിരുന്നു. പോട്ടെ, ഇനി പരിപാടി സ്പോൺസർ ചെയ്തു സ്പീഡ്ബോട്ടിൽ കറങ്ങി നടന്ന് എല്ലാം അടുത്ത് നിന്ന് ക്യാമറയിൽ ഒപ്പിയെടുക്കാൻ ഭാഗ്യം കിട്ടിയ ചാനലുകാരുടെ സംപ്രേക്ഷണത്തിൽ നിന്ന് പിന്നെ എപ്പോഴെങ്കിലും സംഗതികളൊക്കെ പിടി കിട്ടും എന്ന് ചിലരൊക്കെ ആശ്വസിക്കുന്നുണ്ടായിരുന്നു.
മൂന്നു പൊറോട്ടക്കും ബീഫ് കറിക്കും ഏഴു പൗണ്ടോ (ഏകദേശം അറുന്നൂറു രൂപ) എന്ന് പിറുപിറുത്തു കൊണ്ട് തന്നെ ആകെയുള്ളൊരു മലയാളി സ്റ്റാളിനു മുൻപിൽ ബവ്റേജസിനെ വെല്ലുന്ന ക്യൂവിൽ നിൽക്കുന്ന കാണികൾ തന്നെയാണ് ഈ വള്ളംകളി അനുഭവത്തിന്റെ ഉത്തമ പ്രതീകം എന്നെനിക്കു തോന്നി. കാരണം വിമർശനം കലർന്ന ഗൃഹാതുരത്വത്തിന്റെ ഉപ്പുരസം ആണ് ഇത്തരം കൂട്ടായ്മകൾ.
/indian-express-malayalam/media/media_files/uploads/2017/08/v4.jpg)
ഈ കൂട്ടായ്മകളിൽ ഒത്തു ചേരുന്നവന്നവരിൽ ഒട്ടുമിക്ക പേരും നാട്ടിൽ കിട്ടാത്ത ജോലിയോ പണമോ ജീവിതശൈലിയോ തേടി ഇവിടെ എത്തിപ്പെട്ടവർ. എന്നിരുന്നാലും നാട്ടിൽ കിട്ടിയിരുന്ന പലതിന്റെയും, അല്ലെങ്കിൽ നാട്ടിൽ കിട്ടിയിരുന്നു എന്ന് അവർ വിശ്വസിക്കുന്ന പലതിന്റെയും അഭാവത്തിൽ കുണ്ഠിതപ്പെടുന്നവർ. ജോലിയും വീടും കാറും കുട്ടികളുടെ പഠിത്തവും യുകെ പൗരത്വവും ഒക്കെ ശരിയായി ഇവിടുത്തെ ജീവിതം സ്ഥിരപ്പെടുംതോറും ഗൃഹാതുരത്വം കൂടിക്കൂടി വരുന്നവർ. മലയാളസിനിമാപ്പാട്ടുകളിൽ നിന്നുദ്ധരിച്ച വാക്കുകളിൽ മലയാളത്തനിമയെക്കുറിച്ചു വാചാലരാകുന്നവർ. അവർക്കു വേണ്ടി ഇങ്ങനെ ഒരു കൂട്ടായ്മ ഇല്ലാതിരിക്കുന്നതിലും നല്ലതു ഉള്ളത് തന്നെ അല്ലെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.