scorecardresearch

Latest News

DYFI ഡയറീസ്: വെൽഷ് സ്വത്വത്തിന്റെ കിന്നരം വിഡിയോ കാണാം

മലയാളത്തിന് അപരിചിതമായ ഭാഷാ,സംസ്കാര സ്നേഹം നിറയുന്ന വെൽഷിൽ നിന്നും ഓണത്തിന് ഒരു സ്നേഹ സംഗീതം

robin huw bowen, dyfi, harp,

മലയാളഭാഷയെയും മലയാളമണ്ണിനേയും കുറിച്ച് മലയാളികൾക്ക് ഉള്ള വികാരം അഭിമാനമാണെങ്കിൽ വടക്കൻ വെയിൽസുകാർ അവരുടെ ഭാഷയെയും നാടിനെയും സ്നേഹിക്കുന്നത് ഒരു സിംഹിനിയുടെ വാത്സല്യം കലർന്ന സംരക്ഷണഭാവത്തോടെ ആണ്. കുഞ്ഞിനെ നോവിച്ചാൽ വിവരമറിയും. വെൽഷ് സർക്കാരിന്റെയും സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ ഇംഗ്ലിഷിൽ എന്തുണ്ടെങ്കിലും അതിന്റെ വെൽഷ് പരിഭാഷ കൂടിയേ തീരൂ എന്ന് ഇവിടുത്തെ നിയമം അനുശാസിക്കുന്നുണ്ട്. നിയമം അനുശാസിക്കാത്ത മേഖലകളിലും ഈ സ്നേഹത്തിന് ഏതു പരിധി വരെ എത്താം എന്ന് എനിക്ക് നേരിട്ട് അനുഭവവും ഉണ്ട്.

ഒരു പതിറ്റാണ്ട് മുൻപ് അബേറെസ്റ്റ്വിത് യൂണിവേഴ്സിറ്റിയിൽ (Prifysgol Aberystwyth) ഞാനുൾപ്പെടെ കുറച്ചു പ്രതിനിധികൾ പങ്കെടുത്ത ഒരു ചർച്ചക്കു കുറച്ചു നാൾ മുൻപുള്ള തയ്യാറെടുപ്പു യോഗം. പ്രതിനിധികളിൽ വെൽഷ് അറിയാവുന്ന ഒരേയൊരു വ്യക്തിയോട് യൂണിവേഴ്സിറ്റിയുടെ തലപ്പത്തുള്ള ഒരാൾ ഒരാവശ്യം ഉന്നയിക്കുന്നു: ചർച്ച നടക്കുന്ന ദിവസം ആ സ്ത്രീ വെൽഷിൽ മാത്രമേ സംസാരിക്കാവൂ. ബാക്കിയുള്ള പ്രതിനിധികൾക്ക് മനസ്സിലാകാൻ ഇംഗ്ലിഷിലേക്കു ഹെഡ്‍ഫോൺസ് വഴി തത്സമയ തർജമ (simultaneous translation) ചെയ്യാനായി യൂണിവേഴ്സിറ്റി വേറൊരാളെയും ഏർപ്പെടുത്തുന്നു. വെൽഷും ഇംഗ്ലിഷും ഒരേ പോലെ ഭംഗിയായി കൈകാര്യം ചെയ്യുന്ന ആ പ്രതിനിധി അങ്ങനെ ചർച്ചയിൽ വെൽഷിൽ മാത്രം സംസാരിക്കുന്നു. അവർ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോൾ മറ്റെല്ലാ പ്രതിനിധികളും തർജമ കേൾക്കാൻ ഹെഡ്‍ഫോൺസ് എടുത്തു വയ്ക്കുന്നു. അവർ നിറുത്തുമ്പോൾ ഹെഡ്‍ഫോൺസ് മാറ്റി ചർച്ച ഇംഗ്ലിഷിൽ തുടരുന്നു.

കേരളത്തിൽ ഇതിനോട് കിടപിടിക്കത്തക്ക ഒരനുഭവം എനിക്കുണ്ടായിട്ടില്ല, പറഞ്ഞു കേട്ടിട്ടുമില്ല. Welcome എന്ന് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് സ്വാഗതം എന്ന് മലയാളത്തിൽ എഴുതിയിരിക്കുന്നതിനേക്കാളും വലുതാണ് എന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ റോയിച്ചനെ അതിരമ്പുഴയിലെ ഒരു സ്ഥാപനത്തിൽ നിന്നും ഇറക്കി വിട്ടു എന്ന് ഒരു മാധ്യമ വാർത്ത വന്നാൽ നമ്മളിൽ പലരും ചോദിക്കുന്നത് റോയിച്ചനെന്നാ വട്ടുണ്ടോ എന്നായിരിക്കും. മലയാളത്തിൽ തർജമ പോലുമില്ലാത്ത ഇംഗ്ലിഷ് ബോർഡുകൾ കേരളത്തിൽ എത്രയോ സ്ഥലങ്ങളിൽ ഉണ്ട്, അവിടെയൊക്കെ പോയി റോയിച്ചൻ പ്രശ്നമുണ്ടാക്കുമോ എന്നും പലരും പ്രതികരിച്ചേക്കാം.

Robin Huw Bowen, dyfi, mahesh nair,

പക്ഷെ മലയാളത്തിന് പകരം വെൽഷ് എന്നും അതിരമ്പുഴയ്ക്ക് പകരം അബേറെസ്റ്റ്വിത് എന്നും ആണ് വാർത്തയിൽ എങ്കിൽ ഡവി (Dyfi) ജൈവമണ്ഡലം ഉൾപ്പെടുന്ന വെയിൽസിന്റെ ഈ പ്രദേശത്തുള്ള നൂറുകണക്കിന് വെൽഷുകാർ റോയിച്ചനെ തേടിപ്പിടിച്ചു ചായയും പഴംപൊരിയും വാങ്ങിക്കൊടുത്തെന്നു വരും. ഇപ്പറഞ്ഞതിൽ അതിശയോക്തി ഉണ്ടെങ്കിൽ അത് ഇവിടെ പഴംപൊരി എന്താണെന്ന് അറിയാവുന്ന വെൽഷുകാരുടെ സംഖ്യയിൽ മാത്രമായിരിക്കും.

കാരണം, അബേറെസ്റ്റ്വിത് പട്ടണത്തിലെ HSBC ബാങ്കിൽ Welcome എന്ന് വലുതായും Croeso (ക്രോയ്‌സോ എന്നാൽ വെൽഷ് ഭാഷയിൽ സ്വാഗതം എന്നർത്ഥം) എന്ന് ചെറുതായും എഴുതിയത് ശരിയായില്ല എന്ന് പറഞ്ഞ് ഒരാൾ ബഹളം ഉണ്ടാക്കിയ വാർത്ത വെയിൽസ്‌ ഓൺലൈൻ (Wales Online) പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോയിച്ചൻ അല്ല റോബിൻ എന്ന ഒരു വെൽഷുകാരൻ ആണ് കഥാപാത്രം എന്ന് ഒരു വ്യത്യാസം മാത്രം. ഞാൻ ഇതേക്കുറിച്ച് സംസാരിച്ച വെൽഷുകാരുടെ പ്രതികരണങ്ങളോ? ലോകത്തിന്റെ പ്രാദേശിക ബാങ്ക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന HSBCയുടെ വെയിൽസിലെ ഒരു ശാഖയിൽ മറ്റു യൂറോപ്പ്യൻ ഭാഷകളോടൊപ്പം വെൽഷിനെ ഇംഗ്ലിഷിന്റെ ഒരു തർജമ പോലെ തരം താഴ്ത്തിയത് തെറ്റല്ലേ, അത് കണ്ട റോബിൻ ബഹളം ഉണ്ടാക്കിയെങ്കിൽ കണക്കായിപ്പോയി, അദ്ദേഹത്തെ പുറത്താക്കിയതല്ലേ നെറികേട് എന്നിങ്ങനെ.

വാർത്ത വായിച്ചപ്പോൾ ഈ റോബിനെ ഏകദേശം പതിമൂന്നു കൊല്ലം മുൻപ് പരിചയപ്പെട്ട കാര്യം ഞാനോർത്തു. ട്രെഗാരോൺ എന്ന സ്ഥലത്ത് സമയം കഴിഞ്ഞിട്ടും എത്താത്ത ബസ്സും കാത്ത് നിന്ന എന്നെ കണ്ട് മനസ്സലിഞ്ഞ് അബേറെസ്റ്റ്വിത്തിലേക്ക് ലിഫ്റ്റ് തന്ന സൗമ്യസ്വഭാവിയായ ആ മനുഷ്യൻ ഒരു സ്ഥാപനത്തിൽ കയറി ബഹളം ഉണ്ടാക്കുന്നത് എനിക്ക് സങ്കല്പിക്കാൻ പോലും പറ്റിയില്ല. സ്വഭാഷാസ്നേഹം അത്രയ്ക്ക് ഉണ്ടാവണം.

പരിചയപ്പെട്ട ദിവസം കാറിൽ കണ്ട വലിയ ഒരു സംഗീതോപകരണത്തെ പറ്റി ഞാൻ ചോദിച്ചിരുന്നു. അതൊരു വെൽഷ് ട്രിപ്പിൾ ഹാർപ്പ് (triple harp) ആണ് എന്നദ്ദേഹം ഉത്തരവും തന്നു. (മലയാളത്തിൽ ഹാർപ്പിന്‌ ഏറ്റവും ചേരുന്ന തർജമ കിന്നരം തന്നെ). ഈ കിന്നരത്തെക്കുറിച്ചും വെൽഷ് ചരിത്രത്തിലും സംസ്കാരത്തിലും അതിനുള്ള സ്ഥാനത്തെക്കുറിച്ചും ഒരു മണിക്കൂറോളം നീണ്ട ആ യാത്രക്കിടയിൽ അദ്ദേഹം വിവരിച്ചു. അദ്ദേഹത്തിന്റെ പേര് റോബിൻ ആണെന്നും യുകെയിലും പുറത്തും ഒക്കെ കച്ചേരികൾ നടത്താറുണ്ടെന്നും സംഭാഷണത്തിനിടയിൽ ഞാൻ മനസ്സിലാക്കി. പക്ഷെ ഒരു ജാഡയും കാട്ടാത്ത ഈ മനുഷ്യൻ ഇവിടെ ഒരു വലിയ ‘സംഭവം’ ആണെന്ന് പിന്നെയാണ് അറിയുന്നത്. ആഴ്ചകൾക്കു ശേഷം റോബിൻ ഹ്യു ബൊവെന്റെ (Robin Huw Bowen) CDകൾ കണ്ടപ്പോൾ. അതിലൊരെണ്ണം വാങ്ങി പുഴയൊഴുക്കു പോലെയുള്ള ആ സംഗീതം കേട്ടപ്പോൾ. നീ എത്ര ഭാഗ്യവാൻ, ആ ലിഫ്റ്റ് എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഒരു പരിചയക്കാരി അസൂയപ്പെട്ടപ്പോൾ.

ഈ ആരാധനക്ക് കാരണം അദ്ദേഹത്തിന്റെ സംഗീതം ആസ്വാദ്യകരം ആണെന്നത് മാത്രമല്ല. റോബിൻ മീട്ടുന്ന കിന്നരം വെൽഷ് സ്വത്വത്തിന്റെ പ്രതീകവും കൂടിയാണ്. “ഇത് സ്വർഗ്ഗത്തിലേക്കുയരുന്ന വെൽഷ് കിന്നരം ആണ്, മുതുകൊടിഞ്ഞ കുതിരയെപ്പോലെയുള്ള ഇംഗ്ലിഷ്‌ കിന്നരം അല്ല” എന്നായിരുന്നു മഖ്നേ്‌ലത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് നടന്ന കച്ചേരിയിൽ ഈ സംഗീതോപകരണത്തെ റോബിൻ വിശേഷിപ്പിച്ചത്. (ഇംഗ്ലിഷുകാർക്ക് ചെറിയ കൊട്ടൊക്കെ കൊടുക്കുന്നത് വെൽഷുകാർ പൊതുവെ വംശീയതയായി കൂട്ടാറില്ല, തിരിച്ചാകുമ്പോഴേ പ്രശ്നമുള്ളൂ). അത് കേട്ട് ഇംഗ്ലിഷുകാരായ ആരാധകരും ആർത്തു ചിരിക്കുന്നുണ്ടായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത വെൽഷ് കിന്നര വിദ്വാനായ ജോൺ റോബേർട്ട്‌സ് ആണ് ഈ അശ്വോപമയുടെ കർത്താവ് എന്ന് പിന്നീട് റോബിന്റെ വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്നു സംസാരിക്കുമ്പോളാണ് അറിയുന്നത്. റോബേർട്‌സിന്രെ കാലത്ത് ഇന്നത്തെപ്പോലെ ഇംഗ്ലിഷ്‌ മേൽകോയ്മയെ നഖശിഖാന്തം എതിർത്ത് വെൽഷ് സ്വത്വം കാത്തുസൂക്ഷിക്കുന്നവർ കുറഞ്ഞു വരികയായിരുന്നു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ഇംഗ്ലിഷിന്റെ അതിപ്രസരം കാരണം അന്യം നിന്ന് പോകാൻ തുടങ്ങിയ വെൽഷ് ഭാഷയുടെ ഗതി ആയിരുന്നു വെൽഷ് കിന്നരത്തിനും അതിന്റെ സംഗീതത്തിനും. ‘മുതുകൊടിഞ്ഞ’ പെഡൽ ഹാർപ്പ് (pedal harp) ആയി ഫാഷൻ. ഇന്നും കുറെയൊക്കെ അങ്ങനെ തന്നെ ആണെന്നാണ് റോബിൻ പറയുന്നത്. കിന്നരം വായിക്കുന്ന വെൽഷ് ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും ആ ‘വിദേശി’യുടെ വഴിയെ പോയി തനതു നാടൻശീലുകൾക്കു പകരം ജാസും മറ്റും ആണ് പരിശീലിക്കുന്നത്. മറ്റുള്ളവരുടെ സംഗീതം ആസ്വദിക്കുന്നതും അഭ്യസിക്കുന്നതും നല്ലതു തന്നെ, പക്ഷെ സ്വന്തം പൈതൃകം കൂടി സൂക്ഷിക്കണ്ടേ എന്നാണ് റോബിന്റെ വാദം.
റോമനി വംശജനായ റോബേർട്‌സിന്രെ നേർ ശിഷ്യപരമ്പരയിൽ തനിക്കുള്ള സ്ഥാനത്തിൽ റോബിന് അഭിമാനമാണ്. റോബേർട്‌സിന്രെ പ്രപൗത്രിയായ എൽഡ്ര ജാർമൻ ആണ് റോബിനെ വെൽഷ് കിന്നരം റോമനി ശൈലിയിൽ വായിക്കാൻ പഠിപ്പിച്ചത്. എൽഡ്രയുടെ മരണശേഷം ഇപ്പോൾ റോബിൻ ആണ് ആ പാരമ്പര്യത്തിന്റെ ദീപശിഖാവാഹകൻ.
തനിക്കു ശേഷവും ഈ പാരമ്പര്യം തുടരണമെന്നു നിർബന്ധമുള്ള റോബിനും ഉണ്ട് ശിഷ്യഗണങ്ങൾ. അവരിൽ ഒരാൾ ഉച്ചക്ക് വരും, അതിനു മുൻപ് അഭിമുഖം തീരുമല്ലോ അല്ലേ എന്ന് റോബിൻ ചോദിച്ചപ്പോഴാണ് ഈ കൂടിക്കാഴ്ചയും എനിക്കൊരു ക്ലാസ് പോലെ ആയിരുന്നല്ലോ എന്നെനിക്കു തോന്നുന്നത്. സ്‌കൂളിലെ സംഗീതക്ലാസ്സിൽ “വൈകുണ്ഠാധിപ വിഭുതഗണാർച്ചിതം” എന്ന് പാടാൻ മാത്രം ഒരു മണിക്കൂറോളം പഠിച്ച വിരസതയിൽ കൊമ്പും കുണ്ഡലങ്ങളും ഉള്ള ‘വൈകുണ്ഠാധിപ’ന്റെ കാർട്ടൂൺ ബോർഡിൽ വരച്ച്, “ഈ കുട്ടിക്ക് ഒരു വാസനയും ഇല്ലല്ലോ ഈശ്വരാ” എന്ന് ടീച്ചറെക്കൊണ്ട് പറയിപ്പിച്ച, ഗുരുശാപമുള്ള എനിക്ക് റോബിൻ പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിലാകുന്നുണ്ടല്ലോ എന്ന സന്തോഷമായിരുന്നു ഉള്ളിൽ.
സംഗീതാസ്വാദകൻ ആണെങ്കിലും അറിവിലും കഴിവിലും സം’പൂജ്യ’നാണ് കേട്ടോ എന്ന് സ്വയം ഏറ്റുപറഞ്ഞിട്ടാണ് ഞാൻ അഭിമുഖം തുടങ്ങിയത്. അത് സാരമില്ല ഞങ്ങൾക്ക് കേൾക്കുന്നവരും വേണ്ടേ എന്ന് റോബിൻ എന്നെ സമാധാനപ്പെടുത്തി. അഭിമുഖത്തിൽ മറ്റൊരു സംഗീതജ്ഞനോട് എന്നപോലെ ആണ് എന്നോട് അദ്ദേഹം ഇടപഴകിയത്. ഓരോ കാര്യം വിശദീകരിക്കുമ്പോഴും അതിന് പശ്ചാത്തലം എന്ന പോലെ കിന്നരം മീട്ടുന്നുണ്ടായിരുന്നു. റോമനി ശൈലിയും മറ്റു ശൈലികളും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസ്സിലാക്കിത്തരാൻ എൽഡ്ര റോബിനിനെ പഠിപ്പിച്ച രീതി റോബിൻ കാട്ടിത്തന്നു. സ്വരസ്ഥാനങ്ങളും മറ്റും വാക്കാൽ പറഞ്ഞു കൊടുത്തല്ല, പിന്നെയും പിന്നെയും വായിച്ചു കാണിച്ചാണത്രെ അവരുടെ ശിക്ഷണ രീതി. അതേ രീതി തന്നെയാണ് റോബിന്റേതും എന്നെനിക്കു തോന്നി. “ഞാൻ ഇങ്ങനെ വായിക്കുമ്പോൾ അവർ പറയും അങ്ങനെയല്ല ഇങ്ങനെ വായിക്കണം എന്ന്” എന്ന് റോബിൻ പറയുമ്പോൾ ഓരോ ‘അങ്ങനെ’ക്കും ‘ഇങ്ങനെ’ക്കും ഇടയിൽ തന്ത്രികളിൽ നിന്നുയരുന്ന ഓരോ വ്യത്യസ്ത മാന്ത്രികരാഗം. തമ്മിൽ കഷ്ടിച്ച് ഒരിഞ്ചു വിടവുള്ള മൂന്നു വരികളിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന തൊണ്ണൂറ്റെട്ടു തന്ത്രികളിൽ ആ കട്ടിയുള്ള കൈവിരലുകൾ ഇത്ര അനായാസമായി ചലിക്കുന്നത് തന്നെ എങ്ങനെയാണ് എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി.

റോബിൻ ഹ്യു ബൊവെൻ കിന്നരം വായിക്കുന്ന വിഡിയോ കാണാം

രണ്ടടിയോളം മാത്രം ദൂരത്തിരുന്ന് ആ സംഗീതസദ്യ ആസ്വദിക്കുമ്പോൾ മഖ്നേ്‌ലത്തിലെ കച്ചേരിയെക്കാളും എനിക്കിഷപ്പെട്ടത് ഇതാണ് എന്ന് ഞാൻ തുറന്ന് പറഞ്ഞു. അതിൽ അത്ഭുതമൊന്നും ഇല്ല, വെൽഷ് കിന്നരം ഒരു intimate musical instrument ആണ് എന്നായിരുന്നു മറുപടി. ഇതിന് “അടുപ്പം സ്വരമേന്മ കൂട്ടുന്ന സംഗീതോപകരണം” എന്ന നീണ്ട തർജ്ജമയാണ് റോബിൻ ഉദ്ദേശിച്ചതിന്റെ പൊരുൾ പുറത്തു കൊണ്ട് വരാൻ ഉത്തമം എന്നെനിക്കു തോന്നുന്നു.
വെൽഷ് മാതാപിതാക്കളുടെ മകനായി ഇംഗ്ലണ്ടിലെ ലിവർപൂളിൽ വളർന്ന റോബിൻ പതിനേഴാം വയസ്സിലാണ് ഈ സംഗീതവുമായി പ്രേമത്തിലാകുന്നത്. ഒരു കച്ചേരിയിൽ ആദ്യകേൾവിയിൽ തന്നെയുണ്ടായ പ്രേമം. താനൊരു സംഗീതോപകരണം വായിക്കുമെങ്കിൽ അത് ഈ കിന്നരം തന്നെ ആയിരിക്കും എന്ന് നിശ്ചയിച്ചിട്ടു പിന്നെയും അഞ്ചു കൊല്ലം എടുത്തു ഒരെണ്ണം സ്വന്തമാക്കാൻ. ഒടുവിൽ ആ സംഗീതയാത്ര അദ്ദേഹത്തെ വെയിൽസിൽ എത്തിക്കുകയും, തന്റെ വെൽഷ് വേരുകളോടും, വീട്ടിൽ മാത്രം സംസാരിച്ചിരുന്ന മാതൃഭാഷയോടും, കേട്ടറിഞ്ഞ പൈതൃകത്തോടും കൂടുതൽ അടുപ്പിക്കുകയും ചെയ്തു.

വെൽഷ് സ്വത്വത്തെക്കുറിച്ച് വാചാലനായ റോബിനോട് ഞാൻ എന്റെ നാടിനെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും പറഞ്ഞു. എന്നെപ്പോലെ തന്നെ ഭക്ഷണപ്രിയനാണ് എന്ന് മനസ്സിലാക്കിയത് കൊണ്ട് ഓണത്തിന്റെ ഐതിഹ്യത്തോടൊപ്പം ഓണസദ്യയിലെ വിഭവങ്ങളുടെ രുചിയും ഞാൻ വിവരിച്ചു. കേരളത്തിൽ ഒരു കച്ചേരി നടത്താൻ അവസരം കിട്ടിയാൽ വരുമോ എന്ന് ചോദിച്ചു. ഉറപ്പായും വരും എന്നായിരുന്നു ഉത്തരം.
മലയാളികൾക്ക് വേണ്ടി റോബിൻ ‘സ്വർഗ്ഗത്തിലേക്കുയരുന്ന കിന്നര’ത്തിൽ ഒരുക്കിയ ഓണസമ്മാനമാണ് വിഡിയോയിൽ. ഇതിന്റെ പേര് Fairy Glen. ‘കിന്നരത്താഴ്‌വര’ എന്ന് തർജമ ആകാമോ എന്നറിയില്ല. ഏതായാലും വെൽഷിൽ കൂം ഡവി (Cwm Dyfi) എന്നും ഇംഗ്ലിഷിൽ Dyfi Valley എന്നും അറിയപ്പെടുന്ന ഈ താഴ്‌വരയിൽ ഡവിപ്പുഴ ഒഴുകുന്ന ഈണമാണിതിന്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Dyfi diaries harpist robin huw bowen