വീട്ടുവളപ്പുകളിൽ കൂട്ടിയ ബോൺ ഫയറുകളുടെ ചുറ്റും രാത്തണുപ്പ് കൂടി വരുന്തോറും ഉൽസവാഘോഷങ്ങൾ മുറുകി മുറുകിവരുന്നു… ‘ ലോടി ‘ ഫെസ്റ്റിവലാണ് … ഇവിടെ കന്റോൺമെന്റിലെ പഞ്ചാബികളുടെയും ഹരിയാനക്കാരുടെയും വീടുകളിലെല്ലാം ആഘോഷമുണ്ട്. ഞങ്ങൾക്കുമുണ്ട് ക്ഷണം.
മകരസംക്രാന്തിക്ക് തൊട്ട് തലേന്നാണ് ലോടി. തണുപ്പിന്റെ കടുപ്പം ഏറ്റവും കൂടിയ, വർഷത്തിലെ ഏറ്റവും കുറുകിയ പകലുളള ദിവസം. പൂനയിൽ തണുപ്പ് ഒന്ന് മയത്തിലാണ് .കുറെക്കൂടെ വടക്കോട്ട് ഗംഗാതടസമതലങ്ങളിലാണെങ്കിലോ കൊഴുത്ത് നൂഴുന്ന ഫോഗിന്റെ സമയം. തൈര് പോലെ വെളുത്ത്, കട്ടപിടിച്ച മൂടൽമഞ്ഞ് തൊട്ടുമുന്നിലുള്ള ആളെപ്പോലും കാണാനാവാത്ത വിധം മണ്ണിനെ
മൂടിപ്പുതപ്പിക്കും . കൊടും തണുപ്പിൻ കാലമാണെങ്കിലും ഒരു ഭീകരചന്തമൊക്കെയുണ്ട് ജനുവരിയ്ക്ക്!
ലോടി എന്ന മോഹനമായ ജനുവരിയുൽസവത്തിന്റെ ആദ്യത്തെ ഓർമ്മ രോത്തകിൽ നിന്നാണ്.
ഹരിയാനയിലെ ‘ രോത്തക്’ എന്ന ജാട്ട്ലാന്റ്.
നോർത്തിൻഡ്യയിൽ എനിക്കത് ഒന്നാമത്തെ മഞ്ഞുകാലമായിരുന്നു. ഭർത്താവിന് ട്രാൻസ്ഫർ കിട്ടി എത്തിയതാണവിടെ – ആദ്യത്തെ പ്രവാസം പരിചയമില്ലാത്ത ജാട്ട് ഹൃദയഭൂമിയിലേക്കായപ്പോഴും ആകെയുണ്ടായിരുന്ന ഒരാശ്വാസം കൂടെ കോളേജിൽ പഠിച്ച വിശാലിന്റെയും ഖത്രിയുടെയും പൂർണിമയുടെയുമെല്ലാം നാടാണല്ലോ എന്നതായിരുന്നു.
വിശാലും ഭാര്യയും വീട്ടിൽ വന്നു നിർബന്ധിച്ച് ക്ഷണിക്കുകയായിരുന്നു ലോടി ആഘോഷത്തിന്. കുഞ്ഞുമോൻ ജനിച്ചതിനു ശേഷം ആദ്യത്തെ ലോടിയാണ്. ഇത്തവണ വലിയ ആഘോഷമാണ്. ‘വന്നേ പറ്റൂ’ എന്ന്.

ഒരു പഴയ ഹവേലി വീടാണ് വിശാലിന്റേത്. നടുമുറ്റത്ത് കൂട്ടിയ തീക്കുണ്ഠത്തിൽ തീയാളുന്നുണ്ട് . വിറകുകഷണങ്ങൾ തള്ളി വെച്ചും എള്ളും ചോളവും നിലക്കടലയുമെറിഞ്ഞും തീ പൊലിപ്പിക്കുന്നുമുണ്ട്. മാമരം കോച്ചുന്ന ജനുവരി രാത്തണുപ്പിൽ കിന്നാരം പറഞ്ഞുള്ള ഈ തീകായൽ തന്നെ എന്തു രസം!
പഞ്ചാബി കലണ്ടറിലെ പായുഷ് മാസത്തിലാണ് ലോടി. ഹിമാലയത്തിന്റെ താഴ് വാരങ്ങളെയും സമതലങ്ങളെയും തണുപ്പിൽ വിറപ്പിച്ചു നിറുത്തിയ മഞ്ഞുകാലത്തെ ആഘോഷമായി പറഞ്ഞു വിടാൻ ഒരു ‘ബൈ ബൈ വിന്റർ ഫെസ്റ്റിവൽ. നീളം കുറഞ്ഞ ശരത്കാല ദിവസങ്ങൾക്ക് പകരം പകലുകൾക്ക് നീളം കൂടിക്കൂടി വരും.
ശരിക്കും കൃഷിക്കാരുടെ ഉൽസവമാണ് ലോടി. മകരസംക്രാന്തിക്ക് ശേഷം ഉത്താർദ്ധഗോളത്തിലേക്ക് തിരിച്ചു വരുന്ന സൂര്യന് ഒരു ഊഷ്മള നമസ്കാരം. .റാബി വിളകളുടെ കൃഷിപ്പണികൾ കഴിഞ്ഞ് വിളവെടുപ്പിന് മുന്നെ കിട്ടുന്ന ഒഴിവ് സമയം .വയലുകളിൽ തീ കൂട്ടി ചുറ്റും വട്ടമിട്ട് ചുവട് വെച്ച്, തീ കൊണ്ടും നൃത്തം കൊണ്ടും ശർക്കര എള്ളിൻ മധുരം കൊണ്ടും ഉടലിലെ ചൂട് പെരുപ്പിച്ച് -അങ്ങനെ സീസണിലെ ഏറ്റവും തണുപ്പും നീളവുമുള്ള രാത്രിയെ തോൽപ്പിച്ച് – ഒരു തീക്കാച്ചിൽ മഹാമഹം.
ധോൽ -ന്റെ ബീറ്റിൽ ഭാംഗ്രയും നാടൻ നൃത്തങ്ങളും അരങ്ങ് തകർക്കും. വിശാലിന്റെ വീട്ടിൽ ഒരു പാട് സ്ത്രീകൾ കൂടിയിട്ടുണ്ട് – കുഞ്ഞു മകന്റെ ആദ്യത്തെ ലോടിയല്ലേ – ബന്ധുക്കൾക്കും കൂട്ടുകാർക്കുമെല്ലാം ക്ഷണമുണ്ട്.
കിടുകിടുക്കുന്ന തണുപ്പിൽ മൂന്നും നാലുമുടുപ്പുമിട്ട്, ആകെ മൂടിപ്പൊതിഞ്ഞ്, നിറയെ കൊച്ചുവർത്താനങ്ങൾ പറഞ്ഞ് – തീയിലേക്ക് കൈകൾ നീട്ടി ചൂടു പിടിപ്പിച്ച്, ഉരുമ്മിയിരുന്ന് ചൂടു പകർന്ന് ഒരു അത്താഴം. ഇളം കടുകിലകളുടെ ചവർപ്പുള്ള ചാറു കറിയും നിറയെ വെണ്ണ തൂകിയ ചോളച്ചപ്പാത്തിയുമാണ് വിശേഷാൽ വിഭവങ്ങൾ.
‘സർസോം കാ സാഗ്,” ‘മക്കി കി റൊട്ടി’… ശരീരത്തിന് ചൂടു പകരുന്ന ഭക്ഷണമാണ്. കഴിക്കുമ്പോഴേ ചെവികൾ ചൂടുപിടിച്ചു വരുന്നതറിയാൻ പറ്റുന്നുണ്ട്! കടുകിലകളും ചോളവും കൂടുമ്പോൾ ചെറിയൊരു കിക്ക് ഉണ്ടാവുമെന്നു പറയുന്നു… അതാണോ തലയ്ക്കൊരു മന്ദിപ്പും മയക്കവും?
എള്ളും ശർക്കരയും കൊണ്ടുണ്ടാക്കിയ പലഹാരമായ ‘റാവ്ഡി’ നിറയെ കൊറിക്കാൻ വെച്ചിട്ടുണ്ട്.

പെൺകുട്ടികൾ കലപില നിറുത്തി, അൽത്തയിട്ട് ചുവപ്പിച്ച കാലുകളിൽ ഖുംഗ്രു കെട്ടി നൃത്തം വെക്കാൻ തുടങ്ങിയിരിക്കുന്നു. ഈണത്തിലൊരു പഞ്ചാബി നാടൻപാട്ടുപാടി തീയ്ക്കു ചുറ്റും ചുറ്റിചുറ്റിക്കറങ്ങി ധ്രുതതാളത്തിൽ ഭാംഗ്ര. എന്തു ചടുലമാണീ നൃത്തവും പാട്ടും.
“സുന്ദരിയാ – ബുന്ദരിയാ – ഹൊ ,
തേരാ കോൻ വിചാരാ? -ഹൊ ,
ദുള്ളാ ഭട്ടി വാലാ!- ഹൊ …”
“സുന്ദരീ, ബുന്ദരീ,
പ്രിയ പെൺമണികളേ,
നിങ്ങളെക്കുറിച്ചാർക്കെങ്കിലുമുണ്ടോ വിചാരം?
ഉണ്ടല്ലോ, ഉണ്ടല്ലോ ,ദുള്ളാ ഭാട്ടിക്ക് ഉണ്ടല്ലോ…!’
പാട്ടിന്റെ വരികളിൽ രസം പിടിച്ചപ്പോൾ അടുത്ത് കൂനിപ്പിടിച്ചിരുന്ന മുത്തശ്ശിയോട് ഒന്ന് സംശയം ചോദിച്ചതാണ് ആരാണീ ദുള്ളാ ഭാട്ടി എന്ന്.
ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ കാത്തിരുന്നതുപോലെ ദാദിമാ കഥയുടെ കെട്ടഴിച്ചു.
ഒരു ശരത്കാല കർഷക ഉൽസവം മാത്രമെന്ന് കരുതിയിരുന്ന ലോടിക്ക് പിന്നിൽ കരുണയും മനുഷ്യത്വവും ഇഴ ചേർന്ന ഒരു കഥയുണ്ട് എന്നറിഞ്ഞത് അപ്പോഴാണ്.
പതിനാറാം നൂറ്റാണ്ടിൽ മുഗൾ മഹാസാമ്രാജ്യത്തിനെതിരെ പൊരുതി നിന്ന ദുള്ള എന്ന കർഷകനേതാവിന്റെ കഥ. നമ്മുടെ കുഞ്ഞാലിമരക്കാരെ പോലെ ഒരാൾ.
ദുള്ളാ ഭട്ടി എന്ന അബ്ദുള്ള ഭട്ടി, ‘പഞ്ചാബ് കാ പുത്തർ’… പഞ്ചാബിന്റെ പൊൻമകൻ
പഞ്ചാബികളുടെ റോബിൻ ഹുഡ് ആയിരുന്നു ദുള്ളാ ഭാട്ടി. പണക്കാരുടെ പണം പിടിച്ചു വാങ്ങി പാവങ്ങൾക്ക് വിതരണം ചെയ്തിരുന്ന മനുഷ്യ സ്നേഹിയായ വിപ്ലവകാരി. സന്ദൽ ബാറിൽ നിന്ന് അടിമകളായി പിടിച്ചു കൊണ്ടുപോകാറുണ്ടായിരുന്ന പഞ്ചാബിപെൺകുട്ടികളുടെ മോചകൻ.
ചരിത്രത്തിൽ എവിടെയും കാര്യമായിട്ട് അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും പഞ്ചാബി നാടൻപാട്ടുകളിലും നാട്ടുകഥകളിലും എല്ലാം ദുള്ളാ ഭാട്ടിയുണ്ട്. അല്ലെങ്കിലും ചരിത്രം ജയിച്ചവരുടെ കഥ മാത്രം പറയുന്നു. തോറ്റവരുടെ കഥ മറക്കാതിരിക്കാൻ നമുക്ക് മിത്തുകളുണ്ടല്ലോ.
പഞ്ചാബിപ്പെണ്ണുങ്ങൾ തങ്ങളുടെ രക്ഷകനെ ഫോക് സോങ്ങുകളിൽ ഇന്നും ഓർത്തു പാടുന്നു. അമ്മമാർ കുഞ്ഞുങ്ങളെ അവന്റെ കഥ പറഞ്ഞുറക്കുന്നു. ദുള്ള ഭാട്ടി പഞ്ചാബികൾക്ക് ഒരു ലെജന്റാണ്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി നിരവധി സിനിമകൾ ദുള്ളാ ഭാട്ടിയെക്കുറിച്ചുണ്ട്, നോവലുകളും നാടകങ്ങളുമുണ്ട്. സമകാലീകനായ സൂഫി കവി ഷാഹുസൈൻ ദുളളയെക്കുറിച്ച് ഈർപ്പമുളള അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്, നിറയെ പാടി നടന്നിട്ടുണ്ട്.

കഥകൾ അനുസരിച്ച് അക്ബറിന്റെ മകൻ ജഹാംഗീറിനൊപ്പം കളിച്ചു വളർന്നവനാണ് ദുള്ള… ഒരു രജപുത്ര മുസ്ലീം കർഷകപ്രമാണിയുടെ മകൻ.
സലിം രാജകുമാരൻ ജനിച്ച അതേ ദിവസമാണ് ദുള്ളയും ജനിച്ചത്. മുഗളരുടെ കൊടും നികുതി പിരിവിനെ പ്രതിരോധിച്ച ദുള്ളായുടെ അച്ഛനെയും മുത്തശ്ശനെയും പടയാളികൾ വധിക്കുകയായിരുന്നു. അമ്മ ആ സമയത്ത് ഗർഭിണിയായിരുന്നു. അച്ഛൻ ഫരീദ് മരിച്ചതിനുശേഷം നാലു മാസം കഴിഞ്ഞാണ് ദുള്ള ജനിച്ചത്.
മകൻ സലിം രാജകുമാരൻ ജനിച്ച അതേ ദിവസം ജനിച്ച ഒരു കുഞ്ഞിന്റെ അമ്മയെ അക്ബർ ചക്രവർത്തി തന്റെ കുഞ്ഞിന് മുലയൂട്ടാനായി കണ്ടെത്തുകയായിരുന്നു. രജപുത്ര വനിതയെ കൊണ്ട് പാലൂട്ടിച്ചാൽ കുഞ്ഞ് ശൂരനായി വളരും എന്ന പ്രവചനമായിരുന്നു പിന്നിൽ. ഒരേ അമ്മയുടെ മുല കുടിച്ച് ,ഒരുമിച്ച് വളർന്നു സലിം രാജകുമാരനും ദുളള ഭാട്ടിയും .
അച്ഛനും മുത്തശ്ശനും ചക്രവർത്തിക്കെതിരെ പടവെട്ടി മരിച്ചതാണെന്നുള്ള കഥ മകനെ അറിയിക്കാതെ അമ്മ വളരെ ശ്രദ്ധിച്ചു. പക്ഷെ കുറുമ്പനായി വളർന്നു വന്ന ദുളള ഒരു സ്ത്രീയുടെ മൺകുടം കവണ വെച്ച് പൊട്ടിച്ചപ്പോൾ അവൾ പരിഹസിച്ചു “പരാക്രമം പാവം സ്ത്രീകളോട് ചെയ്യാതെ അപ്പനപൂപ്പൻമാരെ കൊന്നവരോട് പ്രതികാരം ചെയ്തൂടേ,” എന്ന്. അതോടെ അമ്മയ്ക്ക് കഥ മുഴുവൻ പറയേണ്ടി വന്നു, കുടുംബത്തിന്റെ ഒളിപ്പിച്ചു വെച്ച ആയുധ ശേഖരം മകന് തുറന്നു കൊടുക്കേണ്ടിയും വന്നു.
ദുളള ബാട്ടിയും കൂട്ടുകാരും ചേർന്ന് കർഷകരുടെ റിബൽ സംഘം രൂപീകരിച്ചു. കൃഷിക്കാരിൽ നിന്ന് കടുപ്പപ്പെട്ട നികുതി പിരിക്കുന്നതിൽ നിന്ന് അക്ബറിന്റെ പടയാളികളെ തടഞ്ഞു. നാട്ടിലെ പെൺകുട്ടികളെ ചക്രവർത്തിയുടെ ഹാരത്തിലേക്കും പടയാളികൾക്ക് വേണ്ടിയും മറ്റും തട്ടിക്കൊണ്ടുപോകുന്നത് എതിർത്തു.
സുന്ദരിയും ബുന്ദരിയും ഒരു ദരിദ്ര ബ്രാഹ്‌മണന്റെ മക്കളായിരുന്നു. പടയാളികൾ അവരെ നോട്ടമിട്ട് വെച്ചിട്ടുണ്ട് എന്നറിഞ്ഞ ബ്രാഹ്മണൻ ദുളളയുടെ അരികിൽ ആശ്രയം തേടിയെത്തി. അവരുടെ വിവാഹം നടത്തിക്കൊടുക്കണമെന്ന് യാചിച്ചു. ദുളള സ്വന്തം മക്കളുടെയെന്ന പോലെ ഹൈന്ദവ ആചാരങ്ങളോടെ കല്യാണം നടത്തിക്കൊടുത്തു.
ദാദിമയുടെ തൊണ്ടയിടറുന്നുണ്ട്. “ഇതുപോലൊരു മഞ്ഞുകാല രാത്രിയായിരുന്നു മക്കളേ. വിവാഹ ഘോഷയാത്ര പോകുന്ന വഴിയിൽ ആക്രമണമുണ്ടാവാതെയിരിക്കാൻ വേണ്ടി ദുള്ള പാതയരികിൽ വലിയ തീകുണ്ഠങ്ങളൊരുക്കി. വഴി മുഴുവൻ പ്രകാശിച്ചു. കല്യാണച്ചടങ്ങിന് വേണ്ടി ഗ്രാമീണരിൽ നിന്ന് പിരിവെടുത്ത് മധുരവും എള്ളും മറ്റും സംഭരിച്ചു. വിവാഹസംഘത്തിന് കാവൽ നിന്ന നാട്ടുകാർ അവർക്ക് ശർക്കരയും നിലക്കടലയും സമ്മാനിച്ചു.
അതൊരു വലിയ സന്തോഷത്തിന്റെ രാത്രിയായിരുന്നു. പെൺമക്കളെ ചൊല്ലി നെഞ്ചുരുക്കിയിരുന്ന പാവപ്പെട്ട അമ്മമാരുടെ ചങ്കിൽ നിന്ന് ഭയത്തിന്റെ ഇരുട്ടൊഴിഞ്ഞ രാത്രി. ‘ഞങ്ങളുടെ പെൺകുഞ്ഞുങ്ങൾക്ക് കാവൽക്കാരനായി ദുള്ളാ ഭാട്ടിയുണ്ടല്ലോ,’ എന്നവർ ഉച്ചത്തിൽ പാടി. രാവെളുക്കും വരെ ഭയമില്ലാതെ നൃത്തം ചെയ്തു. അവന്റെ കാവലിൽ! പെണ്ണുങ്ങളുടെ പ്രതീക്ഷ പോലെ തീയായ തീയെല്ലാം കെടാതെ നിന്ന് എരിഞ്ഞു…
“ആ സുന്ദരരാത്രിയുടെ ഓർമയിലാണ് ലോടിക്ക് ഞങ്ങൾ തീ കൂട്ടുന്നതും എള്ളും നിലക്കടലയും ഒക്കെ തീയിലെറിയുന്നതും എമ്പാടും ശർക്കര തിന്നുന്നതും…” ദാദി മാ കഥ തീർത്ത് ചിരിച്ചു.
“എന്നിട്ടോ, ദാദീ” ഇപ്പോൾ എന്റെ കൂടെ തീക്കരികിലിരുന്ന് കഥകൾക്കുന്ന പെൺകൂട്ടത്തിന് മുഴുവനുണ്ട് ആകാംക്ഷ!

“കിണഞ്ഞ് ശ്രമിച്ചിട്ടും അക്ബറിന്റെ പടയാളികൾക്ക് ദുള്ളയെ പിടിക്കാൻ പറ്റിയില്ല. പെൺകുട്ടികളെ രക്ഷിക്കുന്നതിനാലും, മുതൽ പാവങ്ങൾക്ക് പങ്കിട്ട് കൊടുക്കുന്നതിനാലും ജനങ്ങൾ അയാളെ ഒരിക്കലും ഒറ്റിക്കൊടുത്തില്ല. നീണ്ട കാലം ദുള്ളയും കൂട്ടുകാരും മുഗൾ ഭരണത്തെ എതിർത്ത് നിന്നു.
പക്ഷെ ഒരു ഒത്തുതീർപ്പിനെന്ന് പറഞ്ഞ് വിളിച്ച് ദുള്ളയെ അവർ ചതിയിൽ പെടുത്തി. ഭക്ഷണത്തിൽ വിഷം ചേർത്ത് മയക്കി .പിന്നെ ചക്രവർത്തി പരസ്യമായി വധശിക്ഷ നടപ്പാക്കി. ലാഹോറിൽ മിയാനി സാഹിബിൽ ദുള്ളയുടെ ശവകുടീരമുണ്ട്. അവിടെ ഇപ്പോഴും ആൾക്കാർ വണങ്ങാറുണ്ട്. ഞങ്ങളുടെ ഫൈസലാബാദിൽ ദുള്ളയുണ്ടായിരുന്ന ഇടത്തിന് ഇപ്പോഴും പേര് ‘ദുള്ളാ ദി ബാർ’ എന്നാണ്, “ദാദി പറഞ്ഞു.
“ഓ, പാക്കിസ്ഥാനിലാണോ?” ഞാൻ ചോദിച്ചു.
ദാദിമാ എന്റെ വാ പൊത്തി. “അങ്ങനെ പറയരുതേ, മകളേ… അത് എന്റെ നാടാണ്. അതും പഞ്ചാബ് ആയിരുന്നു .ഞാൻ ഈ കൈകൊണ്ട് കട്ടയുടച്ച വയലുകളാണ്. കൊയ്തെടുത്ത ഗോതമ്പാണ്… എന്റെ നാടാണ്… എന്റെ പഞ്ചാബാണ്. ദുളള ഭാട്ടി പഞ്ചാബിന്റെ വീരപുത്രനാണ്. പഞ്ചാബ് കാ പുത്തർ…”
ഭാദിയുടെ കണ്ണുകൾ നിറയുന്നു.

“ഇപ്പോഴായിട്ട് ദാദി ഇങ്ങനെയാണ്. സ്വന്തം നാടിനെ പറ്റി പറഞ്ഞാൽ അപ്പോൾ കരയാൻ തുടങ്ങും. ഇരുപത്തിയഞ്ചു വയസു വരെ ജീവിച്ച നാടല്ലേ?” അടുത്തിരിക്കുന്ന ചെറുമകൾ ക്ഷമാപണം ചെയ്യുന്നു.
എല്ലാം പുതിയ അറിവുകളായിരുന്നു. പ്രതീക്ഷ പകരുന്ന അറിവുകൾ! പഞ്ചാബി കൃഷിക്കാർ ഇത്ര ഉഷാറോടെ ആഘോഷിക്കുന്ന ഈ ശരത്കാല ഉത്സവത്തിന് ഊടും പാവും നെയ്യുന്നത് ഒരു മുസ്ലീം നായകനോടുള്ള നന്ദിയുടെ നൂലുകളാണെന്നുള്ളത്.
മുഗൾ എംപയർ പോലെ ഒരു ശക്തമായ ഒരു മഹാസാമ്രാജ്യത്തിന്റെ കൊടും നികുതി പിരിവിനെതിരെ എഴുനേറ്റ് നിന്ന ഒരു കർഷക യുവാവിന്റെ ഓർമ്മ അവരുടെ ഉൽസവത്തിന് ഇപ്പോഴും പൊലിമയേറ്റുന്നുവെന്നത്!
വർഗീയമായി വല്ലാതെ പിരിഞ്ഞു പെരുത്തത് എന്ന് ചിലപ്പോഴെങ്കിലും ആശങ്കപ്പെട്ടിരുന്ന ഉത്തരേന്ത്യൻ സമൂഹത്തിന്റെ ഉൾപ്രവാഹം ഇപ്പോഴും സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെതുമാണെന്നത്.
മതം കൊണ്ട് വിഭജിക്കുവാൻ ബ്രിട്ടീഷുകാർ നൂറ്റാണ്ട് കിണഞ്ഞ് ശ്രമിച്ചിട്ടും ആ ഗ്രാമീണ കർഷക ജനതയിൽ ഏകത്വവും അന്യമത ബഹുമാനവും ഇത്രയും ആഴത്തിൽ ഉണ്ടെന്നുള്ളത്.
അവർ അത് പാട്ടിലൂടെയും കഥയിലൂടെയും ആഘോഷങ്ങളിലൂടെയും തലമുറകൾക്ക് കൈമാറുന്നുവെന്നതും!
‘പെൺകുഞ്ഞുങ്ങൾക്ക് സുരക്ഷിതരായി ജീവിക്കാനും സഞ്ചരിക്കുവാനുമാകുന്ന ഒരു കാലത്തിന് കാവൽക്കാരായി ആണും പെണ്ണുമായി ദുള്ളാ ബാട്ടിമാർ എമ്പാടും വരട്ടെ’ എന്നുരുവിട്ടു കൊണ്ട് വിശാലിന്റെ മകനെയും എന്റെ മോളേയും രണ്ടു കൈയിലുമായി എടുത്തു കൊണ്ട് ഞാനും പിന്നാലെ വിശാലിന്റെ ഭാര്യയും തീയ്ക്കു ചുറ്റും കറങ്ങി. തണുപ്പിൽ ചുവന്ന കുട്ടിക്കവിളുകൾ തീച്ചൂടേറ്റ് ഒന്നുടെ ചുവന്നു.
കെടാൻ പോവുന്ന തീയിലേക്ക് സ്ത്രീകൾ വിറകു കഷണങ്ങൾ ഉന്തിയുന്തി വെച്ചു. ചോളമണികൾ എറിഞ്ഞു. തീ പൊലിച്ചു പൊങ്ങി.

കൂടിയിരുന്ന പെൺകുട്ടികൾ എഴുനേറ്റ് തീയ്ക്കു ചുറ്റും വട്ടം വെച്ച് ഉച്ചത്തിൽ പാടി ചുവടുകൾ വെക്കാൻ തുടങ്ങി.
“സുന്ദരിയാ ബുന്ദരിയാ … ഹോ
തേരാ കോൻ വിചാരാ …..ഹോ”
വടിയിൽ കുത്തിയെഴുന്നേറ്റ് എന്റെ കൈപിടിച്ച് ദാദിമായും നൃത്തം വെച്ചു.
” ദുള്ളാഭട്ടി വാലാ ഹൊ ….
ദുള്ളാ ഭട്ടി വാലാ ഹോ …”