‘കൊച്ചി പഴയ കൊച്ചിയല്ലാട്ടാ… നുമ്മ ഇനി മെട്രോ സിറ്റിയാ..’കഴിഞ്ഞ ദിവസം ചായ ചർച്ചക്കിടെ ഒരു സുഹൃത്ത് തല ഉയർത്തി പിടിച്ച് പറഞ്ഞപ്പോൾ സ്വാഭാവികമായും അഭിമാനം കൊള്ളേണ്ടതാണ് ഏതൊരു മാതൃകാ മലയാളിയും. പക്ഷേ, എന്തുകൊണ്ടോ മറുപടി തികച്ചും നെഗറ്റീവ് ആയിപ്പോയി. ‘ഇതൊക്കെ എന്ത് മെട്രോ മച്ചാനെ… ദുബായ് മെട്രോയുടെ അടുത്തെത്തുമോ ഇതൊക്കെ… ജബൽ അലിയിൽ നിന്ന് റാഷിദിയ വരെയും അവിടുന്ന് ക്രീക്കിലേക്കും പോണ സുഖം കിട്ടോ..?’

Read More: കൊച്ചി മെട്രോയുടെ ശബ്ദം ഇവരാണ്..

താരതമ്യം ചെയ്യപ്പെടേണ്ടതല്ലെങ്കിലും ദുബായ് നഗരം ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ള ലക്ഷക്കണക്കിനായ പ്രവാസികളും അല്ലാത്തവരുമായ മലയാളികൾ നമ്മുടെ മെട്രോയെ ചേർത്ത് വെക്കാൻ പോകുന്നത് ദുബായ് മെട്രോയുമായി തന്നെയാകും. ദുബായ് മെട്രോ ആ നഗരവാസികളെ അത്രത്തോളം സ്വാധീക്കുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ഇന്ന് കൊച്ചി മെട്രോയെ കുറിച്ചും മെട്രോ നൽകുന്ന നൂതന സൗകര്യങ്ങളെ കുറിച്ചും ഓരോ വാർത്തകൾ നൽകുമ്പോഴും മനസിലേയ്ക്ക് ആദ്യം എത്തുന്നത് ജോലി തേടി ദുബായിൽ അലയുമ്പോൾ ആ മഹാ നഗരത്തിന്റെ ഏതു മൂലയിലേക്കും എനിക്ക് വാതിൽ തുറന്ന് തന്ന ദുബായ് മെട്രോ തന്നെയാണ്. ജോലി തേടി വിസിറ്റിങ് വിസയിൽ ദുബായിലെത്തിയവർ മുതൽ ജോലി ഉള്ളവരും ഇല്ലാത്തവരും പോയവരും ആവശ്യമില്ലാത്തവരും അങ്ങനെ ഏതു വിഭാഗത്തിൽ പെട്ടവരാണെങ്കിലും അവരുടെ ഓരോ ദിവസവും വ്യവസ്ഥ ചെയ്യപ്പെടുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് മെട്രോയാണ്.

Dubai Metro

കടപ്പാട്: ദുബായ് മെട്രോ

യാത്രാ മാർഗം മാത്രമല്ല, പൊരി വെയിലത്ത് അലയുന്നവന് ഇടക്ക് എസിയിൽ വിശ്രമിക്കാനുള്ള ഇടവുമാണ് മെട്രോ സ്റ്റേഷനുകൾ. ഡൂ നെറ്റ്‌വർക്കും എത്തിസലാത്തും പറയുന്ന ഡാറ്റാ പാക്കേജുകൾ താങ്ങാത്തവന് അൺലിമിറ്റഡ് ഫ്രീ വൈഫൈ തരുന്ന ഇന്റർനെറ്റ് പ്രൊവൈഡറുമാണ് ദുബായ് മെട്രോ. മിക്കപ്പോഴും ജോലി തേടിയെത്തുന്നവരുടെ പ്രധാന ഇടത്താവളം മെട്രോ സ്റ്റേഷനുകളാവുന്നതിന് ഈ ഫ്രീ വൈഫൈക്ക് വലിയ പ്രാധാന്യമുണ്ട്. വഴിയറിയാത്തവർക്ക് മേൽവിലാസങ്ങളാണ് ഓരോ മെട്രോ സ്റ്റേഷനും. ഒരു പക്ഷേ ഇനി കൊച്ചി മെട്രോയും ഇതൊക്കെയായി മാറുമായിരിക്കും.

Read More : To Kochi Metro with Love: ലണ്ടൻ മെട്രോയിൽ നിന്നൊരു ആശംസ

മരുഭൂമിയിലെ സ്വർഗമാണ് ദുബായ് നഗരമെന്ന് പ്രവാസി മലയാളികൾ ഇടയ്ക്കിടയ്ക്ക് പറയും. ‘ചുമ്മാ തള്ള്’ എന്ന് പറഞ്ഞ് തള്ളാൻ ഒക്കില്ല ഈ വാക്കുകൾ. ആ രാജ്യത്തെ ഭരണാധികാരികൾ മണലാരണ്യത്തെ എങ്ങനെ ലോകോത്തര നഗരമാക്കി മാറ്റിയിരിക്കുന്നു എന്ന് അനുഭവിച്ചറിഞ്ഞാൽ ചിലപ്പോൾ അത് ഏറ്റുപറഞ്ഞ് പോകും നമ്മൾ. 1985ല്‍ അവർ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സ്ഥാപിച്ചു. 1999ല്‍ കടൽ നികത്തി അവർ ബുര്‍ജുല്‍ അറബ് ഹോട്ടല്‍ ഉണ്ടാക്കിയപ്പോൾ നമ്മൾ കണ്ണുമിഴിച്ചതാണ്. 2001ല്‍ പാം ജുമൈറ. പിന്നീട് ബുര്‍ജ് ഖലീഫ, മെട്രോ റെയില്‍പാത. ഇനിയും എണ്ണിയാലൊടുങ്ങാത്ത വൻ പദ്ധതികൾ. എങ്ങനെ ഇതൊക്കെ സാധ്യമാകുന്നു എന്നതിന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലളിതമായൊരു വാക്യത്തിൽ ഉത്തരം നൽകും. ‘അസാധ്യമെന്നു തോന്നുന്ന വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ പരാജയം ഒരു പരാജയമല്ല. വെല്ലുവിളികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് യഥാര്‍ഥ പരാജയം’.

Dubai Metro

ചിത്രം: റോയിട്ടേഴ്സ്

ഭരണാധികാരികളുടേയും രാഷ്ടനിർമാതാക്കളുടേയും കഠിനാധ്വാനവും സ്‌ഥൈര്യവും തന്നെയാണ് ദുബായിയെ ഇന്ന് കാണുന്ന ദുബായ് ആക്കി മാറ്റിയത്. ഈ ദുബായ് നഗരത്തെ അതിവേഗം ചലിപ്പിക്കുന്നു ദുബായ് മെട്രോ. 2009 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച് ദുബായ് മെട്രോ ഓടി തുടങ്ങിയത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ മെട്രോ എന്ന ബഹുമതിയും സ്വന്തമാക്കിയായിരുന്നു ദുബായ് മെട്രോ ഓടിത്തുടങ്ങിയത്. റെഡ് ലൈൻ, ഗ്രീൻ ലൈൻ എന്നങ്ങനെ രണ്ട് പ്രാധാന പാതകളിലായിട്ടാണ് ഇപ്പോൾ ദുബായ് മെട്രോ പ്രവർത്തിക്കുന്നത്. മൂന്ന് മെട്രോ പാതകൾ കൂടി ആരംഭിക്കും എന്നാണ് മെട്രോ നടത്തിപ്പുകാരായ റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിക്കുന്നത്. 2020ലെ ദുബായ് എക്സ്പോ ആകുമ്പോഴേക്കും ഇതിൽ ഒരെണ്ണം പൂർത്തിയാകും.

2016 വരെ ഡ്രൈവറില്ലാത്ത ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്ക് എന്ന ബഹുമതി ദുബായ് മെട്രോക്കായിരുന്നു. 75 കിലോമീറ്ററാണ് റെഡ് ലൈനും ഗ്രീൻ ലൈനും ചേർന്നാലുള്ള നീളം. എന്നാൽ ഇപ്പോൾ ഈ റെക്കോർഡ് കാനഡയിലെ വാൻകൂവർ സ്കൈ ട്രെയിൻ നെറ്റ്‌വർക്കിന്റെ പേരിലാണ്. എല്ലാ പാതകളും പൂർത്തിയായി പൂർണ സജ്ജമാകുന്നതോടെ വീണ്ടും ലോകത്തെ വലിയ മെട്രോ ശൃംഖല ദുബായ് മെട്രോ തന്നെയാകും. നിലവിലെ കണക്കുകള്‍ പ്രകാരം ഒരു ദിശയിലേക്ക് മണിക്കൂറില്‍ 25000ത്തോളം പേരാണ് ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഇതുവരെ 85 കോടിയോളം പേര്‍ ദുബായ് മെട്രോയുടെ ആതിഥ്യം അനുഭവിച്ചിട്ടുണ്ട്.

dubai metro

ചിത്രം: ഫർഷാദ്

മേൽ പറഞ്ഞ കാര്യങ്ങളെല്ലാം വിക്കിപീഡിയ നോക്കിയാൽ ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ ഈ ബഹുമതികൾക്കും കണക്കുകൾക്കും അപ്പുറം ദുബായ് മെട്രോ അതിന്റെ ഉപഭോക്താക്കൾക്ക് നൽകുന്ന അദ്വിതീയമായ യാത്രാനുഭവമാണ് കൂടുതൽ വിശേഷണാർഹം. ആദ്യമായി ദുബായിൽ എത്തി രണ്ടാം ദിവസമാണ് ഞാൻ മെട്രോ യാത്ര ചെയ്യുന്നത്. കൂട്ടുകാരന്റെ നോൽ കാർഡും (ദുബായിലെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ടിക്കറ്റിങ് കാർഡ്)സ്വന്തമാക്കി, അടിസ്ഥാന വിവരങ്ങൾ ചോദിച്ച് മനസിലാക്കിയാണ് ഡിസ്കവറി ഗാർഡൻസിലെ താമസ സ്ഥലത്ത് നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനായ ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ എത്തിയത്. ദുബായ് മെട്രോ സ്റ്റേഷനുകൾ മനോഹരമായാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഭൂമിക്ക് മുകളിലുള്ള സ്റ്റേഷനുകളിൽ ഭൂരിഭാഗം സ്റ്റേഷനുകളും ഒരേ മാതൃകയിലുള്ളതാണ്. ദുബായ് മെട്രോക്ക് ഭൂമിക്കടിയിലും സ്റ്റേഷനുകളുണ്ടെന്ന് ഇനി പറയേണ്ടതില്ലല്ലോ.

Read More : കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര

മെട്രോ റെഡ് ലൈനിൽ നാലാമത്തെ സ്റ്റേഷനാണ് ഇബ്നു ബത്തൂത്ത. രണ്ട് വ്യത്യസ്ത പാതകളിലായി അൻപതിലധികം സ്റ്റേഷനുകളുണ്ടെങ്കിലും ആദ്യമായി എത്തുന്ന യാത്രക്കാരനെ പോലും ഒരിക്കലും ദുബായ് മെട്രോ കുഴക്കില്ല. അത്രക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശ ബോർഡുകളും അനൗൺസ്മെന്റുകളുമാണ് സ്റ്റേഷനിലും ട്രെയിനിലും ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളിലായാണ് അനൗൺസ്മെന്റ്. കാർഡ് സ്വയ്പ് ചെയ്ത് നേരെ റാഷിദിയ പ്ലാറ്റ്ഫോമിലേക്ക്. റെഡ് ലൈനിൽ ആദ്യ സ്റ്റേഷൻ ജബൽ അലിയും ആവസാനത്തേത് റാഷിദിയയുമാണ്.

Dubai Metro

കടപ്പാട്: ദുബായ് മെട്രോ

കൊച്ചി മെട്രോയിലേയും ദുബായ് മെട്രോയിലേയും ഒരു പ്രധാന വ്യത്യാസം പ്ലാറ്റ്ഫോമിൽ ആണ്. ദുബായ് മെട്രോക്ക് പ്ലാറ്റ്ഫോമിനും ചില്ലു കവറും വാതിലുകളുമുണ്ട്. അതായത് ഒരേസമയം പ്ലാറ്റ്ഫോമിന്റേയും ട്രെയിനിന്റേയും വാതിൽ തുറന്നാൽ മാത്രമേ നമുക്ക് അകത്തേക്ക് പ്രവേശിക്കാനാകൂ. ട്രെയിൻ വരുന്പോൾ ട്രാക്കിലേക്ക് ചാടി ആത്മഹത്യചെയ്യാമെന്ന് വെച്ചാൽ പോലും സാധിക്കാത്തത്ര സുരക്ഷയാണ് ദുബായ് മെട്രോയിൽ ഒരുക്കിയിരിക്കുന്നത് എന്ന് ചുരുക്കം.

Dubai Metro

കടപ്പാട്: ദുബായ് മെട്രോ

ഓരോ നാല് മിനിറ്റിലും ഒരു ട്രെയിൻ എന്ന രീതിയിലാണ് ദുബായ് മെട്രോ ഒരുക്കിയിരിക്കുന്നത്. കൃത്യ സമയത്ത് ട്രെയിൻ എത്തി. പരിഭ്രമം ഒന്നുമില്ലാതെ സുഖകരമായി ഞാൻ അകത്തു കയറി. ഉച്ചയോടടുത്ത സമയമായതു കൊണ്ടായിരിക്കണം വലിയ തിരക്കൊന്നുമില്ലായിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള കുറച്ച് സ്ത്രീകൾ മാത്രമായിരുന്നു കംപാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ലോകത്തിന്റെ ഏതൊക്ക കോണുകളിൽ നിന്നുള്ള എത്ര രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യരാണ് ഈ നഗരത്തിള്ളതെന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഈ സ്ത്രീകളിൽ പലരും എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയത്. ആ സ്ത്രീകൾക്ക് എല്ലാവർക്കും ഒരുമിച്ച് ആസ്വദിക്കാൻ മാത്രം സൗന്ദര്യാത്മകമായി ഒന്നും എന്നിലില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ എന്തോ കാര്യമായ വിഷയമുണ്ടെന്ന് എനിക്ക് മനസിലായി. അപ്പോൾ നല്ലവരായ ഒരു ഫിലിപ്പിനോ സുന്ദരി അൽപം പരുഷമായി തന്നെ പറഞ്ഞു: ‘ഇത് സ്ത്രീകളുടെ സ്ഥലമാണ്. നിങ്ങൾ ഇവിടെ നിൽക്കാൻ പാടില്ല’

അതാണ് കാര്യം. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമുള്ള കംപാർട്ട്മെന്റാണെന്ന് പിങ്ക് കളറിൽ പലയിടത്തും എഴുതി വെച്ചിട്ടും ഞാൻ അത് മാത്രം ശ്രദ്ധിച്ചില്ലായിരുന്നു. വേഗം നടന്ന് അടുത്ത കംപാർട്ട്മെന്റിലെ പിങ്ക് വരക്കപ്പുറം കടക്കുമ്പോൾ ഞാൻ വ്യക്തമായി കണ്ടു. ‘ഈ വരക്കപ്പുറം നിന്ന് യാത്ര ചെയ്യുന്ന പുരുഷന്മാരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കുന്നതാണ്’. ഫിലിപ്പൈനി സഹോദരിക്ക് നന്ദി!

കംപാർട്ട്മെന്റുകളുടെ ഉൾവശത്തെ ഡിസൈൻ ദുബായ് മെട്രോയും കൊച്ചി മെട്രോയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. സീറ്റുകളും സൂചനാ ബോർഡുകളുമെല്ലാം ഏറെക്കുറെ ഒരു പോലെതന്നെയാണ്. എന്നാൽ പുറം കാഴ്ചകൾ അങ്ങനെയല്ല. റെഡ് ലൈനിൽ റാഷിദിയ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ ദുബായുടെ പുതിയ മുഖമാണ് നമുക്ക് കാണാനാവുക. അത്യാധുനികവും സുഖലോലുപവുമായ ദുബായ് നഗരം. മറീന, ലേക്ക് ടവേഴ്സ്, ഇന്റർനെറ്റ്, മീഡിയാ സിറ്റികൾ, അൽ ബർഷ, ബുർജ് അൽ അറബ്, എമിറേറ്റ്സ് മാൾ, ദുബായ് വാട്ടർ കനാൽ, ഡൗൺ ടൗൺ, ബുർജ് ഖലീഫ, ദുബായ് മാൾ അങ്ങനെ ഇന്ന് ലോകത്തിലെ തന്നെ അറിയപ്പെടുന്ന ലാന്റ്മാർക്കുകൾക്ക് ഇടയിലൂടെയാണ് നമ്മൾ കടന്ന് പോവുക.

Read More : ‘കൊച്ചി മെട്രോ ലോകോത്തര നിലവാരമുളളത്’- മെട്രോമാൻ

എന്നാൽ ബുർജ്മാൻ, യൂണിയൻ സ്റ്റേഷനുകൾ കഴിയുന്നതോടെ നമ്മൾ പരമ്പരാഗത നഗരക്കാഴ്ചകളിലേക്ക് മാറുന്നു. ഗ്രീൻ ലൈനിലും സമാനമായ പൗരാണിക ദുബായ് ആണ് പ്രധാന കാഴ്ച. നഗരത്തിന്റെയും അറബ് മേഖലയുടെയും വാണിജ്യപരവും സാമ്പത്തികവുമായ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ക്രീക്ക് ആണ് ഗ്രീൻ ലൈനിൽ ആദ്യ സ്റ്റേഷൻ. എത്തിസലാത്ത് അവസാന സ്റ്റേഷനും.

Dubai Metro

Photo: Reuters

ദുബായ് നഗരത്തിലെ ഏകദേശം 30 ശതമാനം ആളുകൾ ഗതാഗതത്തിനായി മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ലോകത്തിന്റെ ഒരു പരിച്ഛേദം തന്നെ നമുക്ക് ഈ മെട്രോകളിൽ കാണാം. സദാ പുസ്തക വായനയുമായിരിക്കുന്ന അമേരിക്കൻ മധ്യവയസ്ക, കലപില സംസാരിച്ചു കൊണ്ടിരിക്കുന്ന ഫിലിപ്പിനോ യുവതി, ഇയർ ഫോണിൽ പാട്ട് കേട്ടുകൊണ്ടിരിക്കുന്ന ചൈനക്കാരൻ, ജോലിക്കാര്യം മാത്രം സംസാരിക്കുന്ന ഒരു ഉത്തരേന്ത്യക്കാരൻ, തല താഴ്ത്തി ഇരിക്കുന്ന പാക്കിസ്ഥാനി തൊഴിലാളി, സഗൗരവം ഇരിക്കുന്ന എമിറേറ്റി, എല്ലാവരെയും വെറുതെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു മലയാളി ഇങ്ങനെ പല ദേശ, വർഗ വിഭാഗങ്ങൾ ഒരു മെട്രോ കോച്ചിൽ പല ലക്ഷ്യങ്ങളുമായി ഒരുമിക്കുമ്പോൾ അവരുടെ പ്രയാണം ആയാസ രഹിതവും ലളിതവും സുഗകരവുമാക്കുന്നു ദുബായ് മെട്രോ.

സൗകര്യങ്ങളിൽ കൊച്ചി മെട്രോയും ഉന്നത നിലവാരമാണ് പുലർത്തുന്നത്. കൊച്ചി മെട്രോയുടെ ഓരോ ട്രെയിനിലും ഇരുന്നും നിന്നുമായി 975 പേര്‍ക്ക് ബഹളമോ കുലുക്കമോ ഇല്ലാതെ യാത്രചെയ്യാം. കമ്മ്യൂണിക്കേഷൻ ബെയ്‌സ്‌ഡ് ട്രെയിൻ കൺട്രോൾ സിസ്റ്റം (സിബിടിസി) ഉള്‍പ്പെടെ വ്യത്യസ്തവും നൂതനവുമായ ഒട്ടനവധി സാങ്കേതിക വിദ്യകളും യാത്രാസൗകര്യവും കെഎംആര്‍എല്‍ മെട്രോ ട്രെയിനുകളില്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സീറ്റുകളുടെ ക്രമീകരണം, സുരക്ഷാ ക്രമീകരണം, വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്‌ക്രീനുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, അനൗണ്‍സ്‌മെന്റ് തുടങ്ങിയവയിലെല്ലാം കൊച്ചി മെട്രോ ഒരു പക്ഷേ ദുബായ് മെട്രോക്കൊപ്പമോ അതിനേക്കാൾ മികച്ചതോ ആണ്. ഇനി കരസ്ഥമാക്കേണ്ടത് ദുബായ് മെട്രോ സാധ്യമാക്കുന്ന സമൂഹികമായ ഏകതയാണ്. ദേശത്തിനും വർഗത്തിനും അതീതമായ യാത്രകൊണ്ട് മാത്രം സ്വായത്തമാകുന്ന ഏകതാ ഭാവം. 23 ട്രാൻസ്ജെന്റേഴ്സിന് തൊഴിൽ നൽകിക്കൊണ്ട് കൊച്ചി മെട്രോ അതിന് തുടക്കം കുറിച്ചു എന്ന് തന്നെ കരുതാം.

Read More : ഇവർ മെട്രോയുടെ സാരഥികൾ: മെട്രോയുടെ ഏഴ് വനിതാ ഡ്രൈവർമാരെയും അറിയാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ