scorecardresearch
Latest News

നാട്ടുനന്മയുടെ ഒറ്റക്കൽമണ്ഡപം

“പി കെ വാരിയർ മഹത്വമാർജ്ജിക്കുന്നത് ഈ ചികിൽസാ സമ്പ്രദായത്തിന് ആധുനിക വ്യവസ്ഥിതിയിൽ വ്യാപകമായ സ്വീകാര്യതയും മേൽക്കയ്യും നേടിക്കൊടുത്തുകൊണ്ടാണ്. അതൊരു ജൈത്രത്തിന്റെ കഥയാണ്, ഒരു വ്യക്തി പ്രസ്ഥാനമാവുന്നതിന്റെ ഒറ്റമരം കാടാവുന്നതിന്റെ ജൈത്രകഥ” നൂറ് വയസ് തികയുന്ന പി കെ വാരിയരെ കുറിച്ച് വിജു നായരങ്ങാടി എഴുതുന്നു.

നാട്ടുനന്മയുടെ ഒറ്റക്കൽമണ്ഡപം

നമ്മുടെ പ്രാദേശിക സംസ്കൃതി ആയിരത്താണ്ടുകളുടെ മനനത്തിന്റെയും പ്രയോഗപരിചയത്തിന്റെയും വഴിയിൽ വികസിപ്പിച്ചെടുത്ത എത്രയെത്രയോ ജ്ഞാനമേഖലകളിൽ ഒന്നാണ് ആയുർവേദം .ആയുസ്സിനെക്കുറിച്ചുള്ള വേദമാണത്. ആയുസ് ജീവിതം തന്നെയാണ്. ഹിതമായ ആയുസ്, അഹിതമായ ആയുസ്സ്, സുഖമായ ആയുസ്സ്, ദുഃഖമായ ആയുസ്സ് എന്നിങ്ങനെ ആയുസ്സിനെ ആയുർവേദം വേർതിരിച്ചെഴുതും. ഈ വേർതിരിവിൽ തന്നെ ഒരു വൈദ്യന്റെ അനിഷേധ്യമായ സ്ഥാനമുണ്ട്. ഒരു മനുഷ്യന് അയാളുടെ ജീവിതത്തെ, ജീവിതാവസ്ഥകൾ കൊണ്ട് സ്വയം വിഭജിക്കാനുള്ള ഇടമാണ് ആയുർവേദം മുകളിൽ നൽകിയിരിക്കുന്നത്. ഈ വിഭജനത്തിൽ അഹിതവും ദുഃഖഭരിതവുമായതിനെ ഹിതവും സുഖഭരിതവുമാക്കുക എന്ന കാലപൂരുഷ ധർമ്മമാണ്, വൈദ്യനിൽ നിക്ഷിപ്തമായിട്ടുള്ളത്. ഭിഷക്കുകളും ശല്യഭിഷക്കുകളും അഥർവ്വഭിഷക്കുകളുമായി കൊളോണിയൽ സാംസ്കാരികാധിനിവേശത്തിന്റെ മൂർദ്ധന്യഘട്ടം വരെ അവർ ഭാരതത്തിന്റെ ദക്ഷിണാപഥത്തിൽ,വിശേഷിച്ച് കേരളത്തിൽ നിറഞ്ഞുനിന്നു.

കൊളോണിയൽ സാംസ്കാരികാധിനിവേശത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസരീതികളിലൂടെ മെക്കാളെ പ്രഭു നടപ്പിലാക്കിയെടുക്കുമ്പോൾ, ആയിരക്കണക്കിന് വർഷങ്ങളായി പ്രാദേശികമായും എത്നിക്കലായും ഇവിടെ നിലനിന്ന വൈജ്ഞാനിക പാരമ്പര്യത്തിന്റെ ധാരകളെ മുഴുവനായും അപ്രസക്തമാക്കുകയാണ് ആദ്യം ചെയ്തത്. പരസ്പരം ചേർത്തുവെച്ച് പരിശോധിക്കാൻ പോലും സാധ്യമല്ലാത്ത വിധം എത്നിക്കൽ ജ്ഞാന പദ്ധതികൾ അശാസ്ത്രീയമെന്ന് വിളിക്കപ്പെട്ടു. അങ്ങനെയൊരു കാലത്താണ് ഡോ. പി കെ വാരിയർ നൂറു വയസ്സിന്റെ നിറഞ്ഞ പ്രകാശമാവുന്നത്. ഒരാൾക്ക് നൂറു വയസ്സാവുന്നു എന്നതല്ല ഇവിടെ പ്രധാനം. നൂറു വയസ്സ് ജീവിച്ച കാലത്ത് അതെത്രകണ്ട് ഹിതകരവും സുഖകരവുമായി എന്നന്വേഷിക്കുമ്പോഴാണ് നാം ശിരസ് നമിച്ചു പോവുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ ആയുർവേദത്തിന്റെ പ്രഭാവം കേരളത്തിൽ നിലനിന്നുപോന്നു. കേരളത്തിൽ ജാതി സമൂഹവും സമുദായങ്ങളും തന്നെയാണ് ആയുർവേദത്തെ പഠിച്ചതും പ്രയോഗിച്ചതും. മലബാറിൽ അത് മണ്ണാൻ സമുദായവും ഈഴവ സമുദായവും മുസ്‌ലിം സമുദായവുമായിരുന്നു. പാരമ്പര്യമായി പകർന്നു കിട്ടിയതും സ്വപ്രയ്നം കൊണ്ട് ഇംപ്രൊവൈസ് ചെയ്തതുമായ ചികിൽസാ രീതികളായിരുന്നു അവ.എടപ്പാൾ പെരുമ്പറമ്പ് ബാലകൃഷ്ണൻ വൈദ്യർ അങ്ങനെ ഒരാളായിരുന്നു. ഏകദേശം അൻപത് വർഷം മുമ്പ് പോളിയോ ബാധിച്ച ഒറു പെൺകുട്ടിയെ ഒരു കറക്ഷൻ ഷൂ പോലും വേണ്ടാത്ത രീതിയിൽ അദ്ദേഹം ചികിൽസിച്ചു മാറ്റിയ ചരിത്രം എനിക്കറിയാം. കൂടല്ലൂര് ഹുറൈർ കുട്ടി വൈദ്യരുടെ ഉമ്മ ആ ശ്രേണിയിലെ ഒരത്ഭുതമായിരുന്നു. ചരകനേയും ശുശ്രുതനെയും അവർ അക്കാലത്ത് ചിട്ടപ്പടി പാരമ്പര്യ നിഷ്ഠമായി പഠിച്ചിട്ടുണ്ടായിരുന്നു. എന്റെ ഭാര്യയുടെ അച്ഛൻ നെച്ചിക്കാട്ടിൽ കുമാരൻ മാഷ് അദ്ധ്യാപകനായിരുന്നു, പാരമ്പര്യ മായി ഭിഷക്കും അഥർവ്വ ഭിക്ഷക്കുമായിരുന്നു. കുമാരഭൃതം എന്ന് ആയുർവേദം പറയുന്ന ബാലചികിൽസയിലായിരുന്നു അദ്ദേഹത്തിന് പ്രാവീണ്യം. അക്കാലത്തുണ്ടായിരുന്ന എത്രയോ വൈദ്യ കുടുംബങ്ങൾ തുടർച്ചകളില്ലാതെ പിന്നീട് കുറ്റിയറ്റു പോയി. പാരമ്പര്യ രീതികളിലുള്ള പഠന തുടർച്ചകൾക്ക് സാദ്ധ്യതയില്ലായ്മ, അവയിൽ പൊതുസമൂഹത്തിന് വന്ന വിശ്വാസ നഷ്ടം, അവയുണ്ടാക്കിയ സാമ്പത്തിക ലാഭമില്ലായ്മ എല്ലാം ചേർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളോടുകൂടി ആയുർവേദം അതിന്റെ പാരമ്പര്യ വഴികളിൽ വളർച്ച മുട്ടി നിന്നു. ഇരുപതാം നൂറ്റാണ്ടു തീരുമ്പോഴേക്കും പച്ചമരുന്നുകൾ പലതും അപ്രത്യക്ഷമായി. വെളിമ്പറമ്പുകൾ ഇല്ലാതായി ,വെളിമ്പറമ്പുകളിൽ വ്യാപകമായി വളർന്നിരുന്ന കുറുന്തോട്ടി പോലുള്ളവ തീർത്തും അപ്രത്യക്ഷമായി. ഇവിടെയാണ് കോട്ടക്കൽ കേന്ദ്രമായ ആര്യവൈദ്യശാലയുടെയും നൂറു വയസ്സു തികഞ്ഞ, പ്രസന്നചിത്തനും ശുഭദർശനനുമായ പി കെ വാരിയരുടെയും പ്രസക്തി.

സാമുദായിക ഭേദമില്ലാതെയാണ് കേരളത്തിൽ ആയുർവേദം പ്രചരിച്ച തെങ്കിലും ആലത്തൂർ നമ്പി മുതൽ അഷ്ട വൈദ്യന്മാരുടെ സവർണ്ണമായ പാരമ്പര്യ സാന്നിദ്ധ്യം ഇവിടെ വേറെയുമുണ്ടായിരുന്നു. കുട്ടഞ്ചേരി മൂസ്, പുലാമന്തോൾ മൂസ്, ചീരട്ടമൺ മൂസ്, തൃശ്ശൂർ തൈക്കാട്ട് മൂസ്, വെള്ളോട്ടു മൂസ്, ആലത്തൂർ നമ്പി,കാർത്തോട് മൂസ്, ഇളയിടത്തു മൂസ്‌ എന്നിവരാണ് അഷ്ടവൈദ്യന്മാർ എന്ന് അറിയപ്പെട്ടിരുന്നത് .ഇതോടൊപ്പം മേഴത്തൂര് വൈദ്യ മഠം വലിയ ചെറിയ നാരായണൻ നമ്പൂതിരിമാരും ചാത്തര് നായരും കൂടല്ലൂര് ഹുറൈർ കുട്ടി വൈദ്യരുമായിരുന്നു പാരമ്പര്യവഴിയിൽ പ്രധാനമായും വൈദ്യ രംഗത്ത് ഉണ്ടായിരുന്നത്. തെക്ക് പ്രസിദ്ധനായ രാഘവൻ തിരുമുൽപ്പാടും. ചികിൽസകരായിരുന്നു.

വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി ‘ഞാൻ മാറ്റിത്തരാം’ എന്ന് ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല,’നമുക്ക് ശ്രമിക്കാം ‘എന്നേ പറയാറുള്ളു . അത് നിർണ്ണായകവുമായിരുന്നു. ഹുറൈർ കുട്ടി വൈദ്യർ ഫീസ് കൊടുക്കാനെടുക്കുമ്പോൾ എന്നും എപ്പോഴും ആരോടും ‘ഏയ് ഒന്നും വേണ്ടാ.’ എന്നേ പറഞ്ഞിട്ടുള്ളു. പക്ഷേ ഇവരൊക്കെ പ്രഗൽഭ ചികിൽസകരായിരുന്നു. പി കെ വാരിയർ ഇവരിൽ നിന്ന് വ്യത്യസ്തനായി മഹത്വമാർജ്ജിക്കുന്നത് ഗവേഷണ സ്വഭാവിയായ ചികിത്സകൻ എന്ന രീതിയിൽ മാത്രമല്ല, ഈ ചികിൽസാ സമ്പ്രദായത്തിന് ആധുനിക വ്യവസ്ഥിതിയിൽ വ്യാപകമായ സ്വീകാര്യതയും മേൽക്കയ്യും നേടിക്കൊടുത്താണ്. അതൊരു ജൈത്രത്തിന്റെ കഥയാണ്, ഒരു വ്യക്തി പ്രസ്ഥാനമാവുന്നതിന്റെ ഒറ്റമരം കാടാവുന്നതിന്റെ ജൈത്രകഥ.

ആയിരത്തി തൊള്ളായിരത്തി രണ്ടിലാണ് വൈദ്യരത്നം പി എസ് വാരിയർ കോട്ടക്കലിൽ ആര്യവൈദ്യശാല സ്ഥാപിക്കുന്നത്. അത് ആതുരാലയം എന്ന നിലയിൽ മദ്ധ്യമലബാറിലെ നിത്യസാധാരണക്കാരുടെ ആശ്രയ കേന്ദ്രമായിരുന്നു. വിശപ്പിനുള്ള ഭക്ഷണം പോലും പകർന്നു കൊടുത്ത മഹത്തായ ഇടമായിരുന്നു അത്. ചികിൽസായിടം ,അഭയം , കവന കൗമുദി പോലുള്ള കവിതയുടെ പ്രകാശനയിടം ,പി എസ് വി നാട്യസംഘം പോലുള്ള കഥകളിസംഘത്തിന്റെ പ്രവർത്തനയിടം, കൊടുങ്ങല്ലൂർക്കളരിയുടെ പ്രയോഗ സന്ദർഭയിടം, ലോകോത്തര കലാകാരന്മാർക്ക് നിരുപാധികം വന്ന പെർഫോം ചെയ്യാനുള്ള ഇടം എന്നിങ്ങനെ ചരിത്ര സന്ദർഭങ്ങളുടെ ഒരു ഹബ് ആയി കോട്ടക്കൽ മാറുന്നതാണ് പിന്നീടുള്ള ചരിത്രം.

കഴിക്കുന്ന മരുന്ന് കൃത്യമാവണം എന്നുള്ളതുകൊണ്ട് വൈദ്യൻ മരുന്നുണ്ടാക്കി കൊടുക്കുന്ന സമ്പ്രദായം വൈദ്യരത്നം പിഎസ് വാരിയരാണ് ആരംഭിച്ചത്. എന്നാൽ പത്തൊമ്പതാമത്തെ വയസ്സിൽ വീട് വിട്ടു പോയി മഞ്ചേരിയിൽ പി കൃഷ്ണപിള്ളയുടെ കമ്യൂണിസ്റ്റ് ക്യാമ്പിലെത്തിയ മരുമകൻ പി കെ വാരിയർ തിരിച്ചെത്തി വൈദ്യം പഠിച്ച് അമ്മാമനിൽ നിന്ന് ആര്യവൈദ്യ ശാലയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ആര്യവൈദ്യശാല ദീക്ഷിച്ചു പോന്ന എല്ലാ മനുഷ്യനന്മകളെയും അദ്ദേഹം ശതഗുണീഭവിപ്പിക്കുകയാണ് ചെയ്തത്. പി എസ് വാരിയർ എന്ത് വിഭാവനം ചെയ്തുവോ അവയെയെല്ലാം അനേകമിരട്ടി ആഴത്തിലും ആയത്തിലും കാലാനുയോജ്യമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലനിർത്തുകയും എക്കാലത്തും പരിഷ്കരിച്ചു പോരികയും വിപുലീകരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലെത്തുമ്പോഴേക്കും അസ്തമിച്ചു പോയ ആയുർവേദപ്രഭാവത്തെ ലോകവ്യാപകമായ നിലയിൽ തിരിച്ചുപിടിച്ചതിൽ പി കെ വാരിയർ എന്ന അത്ഭുതമനുഷ്യന്റെ നേതൃത്വ പ്രവർത്തനം മാത്രമാണുള്ളത്. നിർദ്ധനർക്കുള്ള സൗജന്യ ചികിൽസ ആര്യവൈദ്യശാലയിൽ കാലങ്ങളായി തുടരുന്നതാണ്. അവിടെ സൗജന്യമായ കിടത്തി ചികിൽസയുമുണ്ട്. നൽകുന്ന മരുന്നുകളും ചികിൽസാ വിധികളും പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ചികിൽസക്കെത്തുന്നവർക്ക് തുല്യമാണ് ഇപ്പോഴും നൽകി വരുന്നതെന്നു പറഞ്ഞാൽ വിശ്വസിക്കണം. ഇത്തരമൊരു സംവിധാനം ലോകത്ത് ഒരു ചികിൽസാലയവും നൽകുന്നതായറിവില്ല.

വിപുലമായ ഔഷധത്തോട്ടങ്ങൾ, ചിട്ടയായ യന്ത്രവൽക്കരണവും അതുവഴിയുള്ള ഔഷധ നിർമ്മാണവും, സുസജ്ജമായ ഔഷധ വിതരണ ശൃംഖല, തൊഴിലാളികളുടെ മാന്യമായ ജീവിത നിലവാരം കാത്തു സൂക്ഷിക്കാനുള്ള ശ്രദ്ധ, ആധുനികമാനേജ്മെൻറിന്റെ മനുഷ്യത്വമുള്ള ഇടപെടലുകൾ, ആയിരങ്ങൾ പഠിച്ചിറങ്ങിപ്പോയ ആയുർവേദ കോളേജിന്റെ അസൂയാവഹമായ അക്കാദമിക അന്തരീക്ഷം ഇങ്ങനെ വിട്ടു നിന്നു കാണുന്ന ഒരാൾക്കു തന്നെ എണ്ണിപ്പറയാൻ ആ വലിയ മനുഷ്യന്റെ ഇടപെടലുകളുടെ സദ്ഫലങ്ങൾ ഏറെയുണ്ട്.

രണ്ടായിരത്തി നാലിലാണ്. എടപ്പാൾ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കവിതാ വേദിയുടെ നേതൃത്വത്തിൽ ഒരു കവിതാ ക്യാമ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടിന് ക്യാമ്പ്. ഞാനതിന്റെ ക്യാമ്പ് ഡയറക്ടറാണ്. അന്ന് പാലക്കാട് വിക്ടോറിയയിൽ ജോലി ചെയ്യന്ന കാലമാണ്. ഏപ്രിൽ മൂന്നിന് എടപ്പാളെത്തുമ്പോൾ കാശൊന്നും പിരിച്ചെത്തിയിട്ടില്ല. ക്യാമ്പ് നടത്താനാവുമോ എന്ന ആശങ്കയിലാണ് അന്ന് താരതമ്യേന കുട്ടികളായ സംഘാടകർ. അന്ന് വൈകുന്നേരം ഒരാക്ഷൻ പ്ലാനുണ്ടാക്കി. കോട്ടക്കൽ ആര്യവൈദ്യശാലയെ സ്പോൺസർഷിപ്പിന് സമീപിച്ചു കൊണ്ട് ഒരാഴ്ച മുമ്പ് ഒരപേക്ഷ അയച്ചിരുന്നു. അതിൻമേൽ ഒരു മറുപടി ലഭിക്കാൻ പിറ്റേന്നു തന്നെ നേരിട്ടു പോകാൻ തീരുമാനമായി .

പിറ്റേന്ന് ഞാനും മോഹനകൃഷ്ണൻ കാലടിയും ചേർന്ന് കോട്ടക്കൽ ചെന്നു. സത്യത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും അവിടാരെയും ഒരു പരിചയവുമില്ല. ഞങ്ങളെയും ആർക്കും പരിചയമുണ്ടാവില്ല എന്നത് നൂറു ശതമാനം ഉറപ്പ്. എങ്കിലും പി ആർ ഒ യെ ചെന്നു കണ്ട് വിഷയം അവതരിപ്പിച്ചു. അപേക്ഷ അയച്ചതിനെക്കുറിച്ച് സൂചിപ്പിച്ചു. ‘ഇത്തരം ഒരു സംഭവത്തിന് ആര്യവൈദ്യശാല സാമ്പത്തിക സഹായം അതിനു മുൻപ് നൽകിയിട്ടില്ല. എൻ വി ട്രസ്റ്റിന്റെ കവിതാക്യാമ്പുകൾക്ക് കോട്ടക്കലിൽ ആര്യവൈദ്യശാല ആതിഥ്യം നൽകിയിട്ടുണ്ട്. അത് മറ്റൊരു സിനാരിയോവിലാണ്. മാത്രവുമല്ല മാർച്ച് കഴിഞ്ഞിട്ടെയുള്ളു പുതിയ സാമ്പത്തിക വർഷത്തിലെ പരസ്യത്തിന്റെ അലോട്ട്മെന്റ് എത്തിയിട്ടില്ല’, പി ആർ ഒ നിസ്സഹായനായി കൈമലർത്തി. ‘ഇനിയെന്തു ചെയ്യും’ എന്ന് മോഹനകൃഷ്ണൻ നിരാശനായി ഇരിക്കുന്നു.

‘പി കെ വാരിയർ സാറിനെ ഒന്ന് കാണാനാവോ, അനുവാദം കിട്ടുമോ’ എന്ന് ഞാനപ്പോൾ ഒരു പ്രതീക്ഷയുമില്ലാതെ ചോദിച്ചു. ‘അദ്ദേഹം രണ്ട് മണിയാവും വരാൻ, കാണാൻ പ്രയാസണ്ടാവില്ല , ഫയൽ അദ്ദേഹത്തിനെത്തിക്കാം’ എന്ന് മറുപടി കിട്ടി. സമയമപ്പോൾ പതിനൊന്നായിട്ടെയുള്ളു. പക്ഷേ ഞങ്ങളവിടെയിരുന്നു. ‘നമ്മളെന്താ പറയാ?’ന്ന് മോഹനകൃഷ്ണൻ സംശയിച്ചപ്പൊ,’ എടൊ നീ മട്ടന്നൂർ കോളേജിലും ഞാൻ വിക്ടോറിയ കോളേജിലും പഠിപ്പിക്കുന്ന രണ്ട് അദ്ധ്യാപകരല്ലേ ,ഒരു പണീല്ലാത്തോണ്ട് അല്ല ഇതിനൊക്കെ നടക്കുന്നത് എന്നെങ്കിലും മനസ്സിലാവോലോ . അതു മതി അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിശ്വാസം വരാൻ’. ഞങ്ങൾ രണ്ട് മണി വരെ അവിടിരുന്നു. കൃത്യം രണ്ട് മണിക്ക് അദ്ദേഹം വന്നു. കാബിനിൽ കയറി പത്തു മിനുട്ടിന് ശേഷം ഞങ്ങളെ വിളിപ്പിച്ചു. ഇരിക്കാൻ പറഞ്ഞു. ഞാൻ സ്വയം പരിചയപ്പെടുത്തി വിഷയം അവതരിപ്പിച്ചു. ‘ഈ വർഷത്തെ കാര്യങ്ങളെല്ലാം തുടങ്ങുന്നതേയുള്ളു എന്തായാലും നിങ്ങൾ രണ്ടു പേർ ഇത്രിടം വരെ വന്നതല്ലേ, മാത്രമല്ല നിങ്ങൾ വളരെ സിൻസിയർ ആണെന്നു തോന്നി. നിങ്ങളുടെ അപേക്ഷ ഞാൻ കണ്ടു. ഒരു ചെറിയ സംഖ്യ ഞങ്ങളും തരാം’ എത്ര എന്നു ഞാൻ ചോദിച്ചില്ല അദ്ദേഹം പറഞ്ഞുമില്ല. ഒരഞ്ഞൂറു രൂപയുണ്ടാവും എന്നു കരുതി ഒരിത്തിരി ഖേദത്തോടെ ഞങ്ങൾ നന്ദി പറഞ്ഞ് കാബിനിൽ നിന്നിറങ്ങുമ്പോൾ ഫയലുമായി ഒരാൾ ഇറങ്ങി വന്ന് ‘ചെക്ക് വാങ്ങിയിട്ടു പോയാൽ മതി’ എന്നു പറഞ്ഞ് ധൃതിയിൽ ഓഫീസിനകത്തേക്ക് പോയി. വെറും അഞ്ഞൂറു രൂപയ്ക്ക് ഒരു ദിവസം മുഴുവനും മെനക്കെട്ടല്ലോ എന്നോർത്ത് വാക്കു മുട്ടി ഞങ്ങളവിടെയിരുന്നു.പത്തിരുപത് മിനുട്ടിനുള്ളിൽ ഞങ്ങളെ ഓഫീസിലേക്ക് വിളിച്ചു, റസീറ്റ് ഒപ്പിട്ട് ചെക്ക് കൈപ്പറ്റി ചെക്കിലേക്ക് നോക്കിയപ്പൊ പതിനായിരം രൂപ എന്ന് അക്കത്തിലെഴുതിയതു കണ്ട് സത്യത്തിൽ തരിച്ചു പോയി. അക്ഷരാർത്ഥത്തിൽ വാക്കു മുട്ടിയാണ് ഞങ്ങളന്ന് തിരിച്ച് എടപ്പാളെത്തിയത്. ആ പരിപാടിയുടെ മൊത്തം ചെലവിലേക്ക് പിന്നീടു വേണ്ടിവന്ന അഞ്ചെട്ടായിരം രൂപയ്ക്കു വേണ്ടിയേ എടപ്പാളും പരിസരവും ഞങ്ങൾക്ക് തെണ്ടേണ്ടി വന്നിട്ടുണ്ടായിരുന്നുള്ളു.

എല്ലാ മരങ്ങളും ചെടികളും ഔഷധങ്ങളാണ്. യോഗവിധിയനുസരിച്ച് പാകം ചെയ്യുമ്പോഴാണ് ഔഷധ ഗുണം വന്നു ഭവിക്കുന്നത്. പി കെ വാരിയർ അത്തരത്തിൽ പാകം വന്ന സോഷ്യലിസ്റ്റ് ആണ്. അത്തരത്തിൽ പാകം വന്ന വൈദ്യകുലഗുരുവാണ്. അത്തരത്തിൽ പാകം വന്ന മഹത്വമുള്ള മനുഷ്യനാണ്. എത്രയോ കാതമകലെ നിന്ന് അദ്ദേഹത്തെ കാണുന്ന ഒരാൾക്ക് ആ മനുഷ്യൻ ഇത്രയും അത്ഭുതം നൽകിയിട്ടുണ്ടെങ്കിൽ ഏറ്റവും അടുത്തു നിൽക്കുന്ന മനുഷ്യന് എത്രയെത്ര അത്ഭുതങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ടാവും. ഹിതകരവും സുഖകരവുമായ ആയുസ്സാണദ്ദേഹത്തിന്റേത്. ഇനിയും പ്രജ്ഞയുടെ തേജസ്സിൽ ആയിരം സൂര്യശോഭയോടെ അദ്ദേഹം ഇവിടെയുണ്ടാവട്ടെ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Dr pk warrier doyen of ayurveda turns 100 kottakkal arya vaidya sala