scorecardresearch
Latest News

വാടക വീട്ടിലെ ടിവിയും മതിലുകളും

“ഈയാംപാറ്റകള്‍  പൊതിയുന്ന മഞ്ഞ ബള്‍ബുകളും പുരയ്ക്ക് മീതെ ആകാശം താങ്ങി നില്‍ക്കുന്ന ആന്റിനയും ഉണ്ട്. ഉള്ളില്‍  ഏറ്റവും കൊതിപ്പിക്കുന്ന പൂക്കള്‍ തുന്നിയ തുണിയിട്ട് മൂടി വെക്കുന്ന ടിവി എന്ന മുട്ടക്കാട്ടന്‍ ഒരു അത്ഭുതവും” ദൂരദർശൻ മാത്രമുളള സ്വകാര്യചാനലുകൾ​വന്നു തുടങ്ങുന്നതിന് തൊട്ടുമുമ്പുളള കാലത്തെ കുറിച്ച് ചിത്രകാരന്റെ ഓർമ്മകൾ

വാടക വീട്ടിലെ ടിവിയും മതിലുകളും

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാവച്ചാച്ചന്റെ പറമ്പിലെ വെളുത്ത ചെമ്പകവും പിങ്ക് ചെമ്പകവും പൊഴിഞ്ഞു  കിടക്കുന്ന ”പച്ച” വെള്ളമുള്ള കുളക്കരയിലൂടെ ഞങ്ങള്‍ പതിവായി വാടകവീട്ടിലേയ്ക്ക് വരിവരിയായി നടക്കും. ഇപ്പൊ ഓര്‍ക്കുമ്പോ എന്തൊരു വൃത്തികെട്ട പേരാണ് ആ വീടിനെ വിളിച്ചതെന്ന് തോന്നും. പക്ഷേ കുറ്റം പറയാന്‍ പറ്റില്ല .അന്നിവിടെ എല്ലാര്‍ക്കും പത്തും ഇരുപതും സെന്റ് സ്ഥലവും വേലി കെട്ടിത്തിരിച്ച പലക അടിച്ചു ഓല മേഞ്ഞതെങ്കിലും സ്വന്തമായി വീടും ഉണ്ട് .അതുകൊണ്ടാകണം  കാവി പൂശിയ തണുത്ത തിണ്ണയും വെളുത്ത പെയിന്റടിച്ച ചുമരും ഓടുമേഞ്ഞ മേല്‍ക്കൂരയും പല പല മുറികളും എല്ലാ പകിട്ടും ഉള്ള ആ വീടിനെ വാടകവീട് എന്ന് വിളിച്ചത് .അവിടത്തെ താമസക്കാര്‍ മാസം മാസം വാടക കൊടുത്താണ് അവിടെ താമസിക്കുന്നത് എന്നൊന്നും എനിക്കറിയില്ലായിരുന്നു.

എന്തിനാണ് വാടകവീട് എന്ന പേരിട്ട് വിളിക്കുന്നത് എന്ന ചോദ്യവും ഉദിക്കേണ്ട കാര്യമില്ല .മറ്റു വീടുകള്‍ക്ക് ഒന്നുമില്ലാത്ത എന്തെല്ലാം പ്രത്യേകതകളാണ് അതിനുള്ളത്.വിശേഷിച്ചു അവിടെ കറണ്ടും തെളിക്കുമ്പോള്‍ ഈയാംപാറ്റകള്‍  പൊതിയുന്ന മഞ്ഞ ബള്‍ബുകളും പുരയ്ക്ക് മീതെ ആകാശം താങ്ങി നില്‍ക്കുന്ന ആന്റിനയും ഉണ്ട്. ഉള്ളില്‍  ഏറ്റവും കൊതിപ്പിക്കുന്ന പൂക്കള്‍ തുന്നിയ തുണിയിട്ട് മൂടി വെക്കുന്ന ടിവി എന്ന മുട്ടക്കാട്ടന്‍ ഒരു അത്ഭുതവും. അങ്ങനെ സവിശേഷതകള്‍ നിറഞ്ഞ വേറിട്ട ആ വീടാണ് വാടകവീട് എന്ന് പാവം ഞാന്‍ കരുതി .doordarshan,t v ,memories,vishnu ram

ഇന്ന് ട്രെയിനിലെ തിക്കിലും തിരക്കിലും അരമണിക്കൂര്‍ പോലും ഇരിക്കാന്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന  എനിക്ക് ജാള്യത യോടെയെ അതോര്‍ക്കാന്‍ കഴിയൂ.

ഞാനടക്കം വരുന്ന ആ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍  ഞായറാഴ്ച നാലുമണിക്ക് വാടകവീടിന്റെ കാവി തിണ്ണ കാണാനാവാത്ത വിധം ആ വീട്ടില്‍ നിറയും. മൂക്കിള  ഒലിപ്പിച്ച് കുട്ടികള്‍ മുന്നില്‍ നിരക്കുമ്പോള്‍ കുട്ടികൂറ പൌഡര്‍ മണക്കുന്ന പെണ്ണുങ്ങള്‍ ഭിത്തിയില്‍ ചാരിയിരിക്കാന്‍  പാകത്തില്‍ സ്ഥലം പിടിക്കും .പ്രീയപ്പെട്ട സുഹൃത്തിനെ അവര്‍ അടുത്തിരുത്തും .തമാശ സീനുകള്‍ വരുമ്പോള്‍ തുടയില്‍ അടിച്ചു ചിരിക്കാനും  പ്രേമരംഗങ്ങളില്‍ നാണിച്ചു നുള്ളാനും .മുതിര്‍ന്ന ആണുങ്ങള്‍ അങ്ങനെ വന്നിരുന്നില്ല. വാടകവീട്ടിലെ പോറ്റിയമ്മയുടെ മക്കളുടെ കെട്ടിയോന്മാരോക്കെ വിരുന്നു വരുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള്‍ വേലിക്കല്‍ വന്നു ഒളിഞ്ഞ്  നോക്കി ഞായര്‍ പടം ഉപേക്ഷിച്ച് വേദനയോടെ വീട്ടിലേയ്ക്ക് മടങ്ങും .

ഞായര്‍ സന്ധ്യകളില്‍ ഒരു തീയേറ്ററില്‍ നിന്ന് ആളൊഴിയും പോലെയാണ് ശുഭം എന്ന് എഴുതിക്കാണിക്കുന്ന സ്ക്രീനില്‍  നിന്ന് കണ്ണും പറിച്ചു ഞങ്ങള്‍ നടക്കുക .പോരുംവഴി ചുമലുരുമ്മി സിനിമാ റിവ്യൂ പങ്കുവെക്കും. തമാശകള്‍ വീണ്ടും  പറഞ്ഞു ചിരിക്കും .സിനിമയ്ക്ക് വിലയുള്ള കാലമായിരുന്നു. അല്ലെങ്കില്‍ ദൂരദര്‍ശന്റെ സ്ക്രീനില്‍ വരുന്ന എന്തിനും കാഴ്ചക്കാര്‍ ഉള്ള കാലമായിരുന്നു അത് എന്ന് പറയാം.അന്നത്തെ ഏറ്റവും വലിയ പ്രാര്‍ഥന ” തടസം വരല്ലേ ” എന്നായിരുന്നു. ഓര്‍ക്കാപ്പുറത്ത് സിനിമാ നില്‍ക്കുകയും പലനിറ സ്കെയിലുകള്‍ നിരത്തി കീ ….എന്ന് ചെവി  ചെകിടിപ്പിച്ചു ഒരു അറിയിപ്പ് ബോക്സ്‌ വരും ” തടസം നേരിട്ടതില്‍ ഖേദിക്കുന്നു

ചിറ്റപ്പന്റെ പാട്ട്

എന്റെ ചിറ്റപ്പന്‍ ഗായകനാണ്. പുള്ളി റേഡിയോയിലും ടിവിയിലുമൊക്കെ പാടിയിരുന്നു .അന്ന് ദൂരദര്‍ശനില്‍  ചിറ്റപ്പന്റെ പാട്ട് ഉള്ളപ്പോള്‍ കുറച്ചു ദൂരെയുള്ള വീട്ടിലേക്കു ഫോൺ ചെയ്ത് അറിയിക്കും. അവര്‍ വീട്ടില്‍ വന്നു  വിവരം പറയുമ്പോള്‍ മുതല്‍ ഞങ്ങള്‍ ടിവിയുള്ള വീട്ടിലേയ്ക്ക്  പോകാന്‍ തയ്യാറെടുക്കും.വാടകവീട്ടില്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ടിവിയാണ്. പാട്ട് കളറില്‍ കാണാന്‍ വേണ്ടി കുറച്ചു കൂടി അകലെയുള്ള കളര്‍ ടിവിയുള്ള ഒരു വീടുണ്ടെന്ന റിഞ്ഞു  ഞങ്ങള്‍ അമ്മയും മക്കളും കൂടി സന്ധ്യയാകുമ്പോള്‍ വെച്ചു പിടിക്കും . അമ്മ വീട്ടുകാരെ കാര്യം ധരിപ്പിക്കുമ്പോ അവര്‍ക്കും സന്തോഷം ആണ്. ടിവിയില്‍ പാടുന്ന ആളിന്റെ  ബന്ധുക്കള്‍ ആണ് വന്നിരിക്കുന്നത്.ചില്ലറക്കാരല്ല എന്ന മട്ടില്‍ അകത്തേക്ക് സ്വാഗതം അരുളും. വാര്‍ത്തകള്‍ക്ക് ശേഷമാണ് പാട്ട്. അന്നാണ്  മറ്റൊരു അത്ഭുതം ഞാന്‍ കണ്ടുപിടിച്ചത്. പപ്പടം എണ്ണയിലേയ്ക്ക് ഇടുമ്പോള്‍ പൊള്ളി വരുന്നത് ഓര്‍മ്മിപ്പിക്കുന്ന ഭൂഗോളം മൊരിയല്‍ ഉരുണ്ടുമാറി വാര്‍ത്താവായനക്കാരി വായന തുടരുന്നതിനിടയില്‍ മൂന്നാല് വട്ടം എന്നെ നോക്കി.അപരിചിതമായ സാഹചര്യം കാരണം അത് വീട്ടിലേയ്ക്ക് പോകുംവഴി പറയാം എന്ന് കരുതി പാട്ടിന് കാത്തിരുന്നു. ചിറ്റപ്പന്‍ ടിവിയില്‍ നിലാവിന്റെ സെറ്റ് ഇട്ട സ്റ്റുഡിയോയില്‍ നിന്ന് പാടുന്നത് കണ്ട് ബന്ധു ആകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനം തോന്നിയ നിമിഷം.

പിന്നേ, ആ വാര്‍ത്തവായിക്കുന്ന ചേച്ചി എന്നെ രണ്ടു പ്രാവശ്യം നോക്കിയാരുന്നു. മടങ്ങുംവഴി ഞാന്‍ ആ രഹസ്യം  പങ്കുവെച്ചപ്പോള്‍ ചേച്ചിയും പറയുന്നു അവളേം നോക്കിയെന്ന്. ”ആ എല്ലാരേം നോക്കി.നോക്കി നടക്കു പിള്ളാരെ  വല്ല കല്ലേ തട്ടി വീഴാതെ.” അമ്മ മുന്നേ നടന്നു.doordarshan,t v ,memories,vishnu ram

ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ‘ജയ്‌ ഹനുമാന്‍’

രാത്രി പത്തുമണിക്കോ മറ്റോ ആയിരുന്നു ‘ജയ്‌ ഹനുമാന്‍’. വീടിനടുത്തുള്ള പേരമ്മയും ഹസ്സും കുറെ ദൂരെയുള്ള തുറക്കാത്ത ഒരു പള്ളിയുടെ അപ്പുറമുള്ള വീട്ടില്‍ പോയി ഹനുമാനെ ദര്‍ശിക്കാറുണ്ടായിരുന്നു. എന്നിട്ട് പിറ്റേന്ന് വന്നു ഞങ്ങളെ പ്രലോഭിപ്പിക്കും. അമിതഭക്തയായ പേരമ്മ പറയും. ”ആ ശ്രീരാമനൊക്കെ വരുന്ന വരവ് കണ്ടാല്‍ കുളിര് കോരിപ്പോകും എന്തൊരു തേജസാണെന്നോ.”

ഇതൊക്കെ കേട്ട് ഞങ്ങള്‍ക്കും പോകണമെന്ന് തോന്നി. പക്ഷേ,  രാത്രിയാണ്. അനുമതി കിട്ടാന്‍ പ്രയാസമാകും. പിന്നെ ആ തുറക്കാത്ത പള്ളിയില്‍ മുഴുവന്‍ പ്രേതങ്ങള്‍ ആണ്. അതാണ്‌ അതിന് ചുറ്റും ശവംനാറി പൂത്തു നില്‍ക്കുന്നത് എന്നൊക്കെയുള്ള കഥകള്‍ കേട്ടിട്ടുള്ളത് കൊണ്ട് ആ വഴി പോകാനും പേടി.

“നിങ്ങള് വാ പിള്ളാരെ… ഒരു പ്രേതോം പിടിക്കാതെ ഞാന്‍ നോക്കിക്കോളാം.” പേരമ്മ ധൈര്യം പകര്‍ന്നു.

അങ്ങനെ, ഞങ്ങള്‍ കുറ്റാകുറ്റിരുട്ടത്ത് ടോര്‍ച്ചും തെളിച്ച് പള്ളിക്ക് എതിരെയുള്ള പാലത്തില്‍ തപ്പി തപ്പി കേറി. നിലാവില്‍ നിവര്‍ന്നു നില്‍ക്കുന്ന വെളുത്ത പള്ളി കണ്ണില്‍ പെട്ടതും ഞാനും ചേച്ചിമാരും പരസ്പരം കൈകളില്‍ കൂട്ടിപ്പിടിച്ചു. കരിയിലകള്‍ ഞെരിയുമ്പോള്‍ കൈകള്‍ ഒന്നുകൂടി ശക്തിയായി പിടിച്ചു കൂട്ടും. അങ്ങനെ ആ വീട്ടില്‍ എത്തി. അവിടെ ചെന്നപ്പോള്‍ പേരമ്മ ശ്… എന്ന് ഞങ്ങളെ മിണ്ടാതെയാക്കി. വീടിനുള്ളില്‍ നിന്ന് “നന്മ നിറഞ്ഞ മറിയമേ സ്വസ്തി..”.കേള്‍ക്കുന്നു. ഞാന്‍ ഒളിഞ്ഞു നോക്കിയപ്പോള്‍ കുറേപ്പേര്‍ വെളുത്ത തുണി തലവഴി മൂടി യേശുവിന്റെ ചിത്രത്തിന് മുന്നില്‍ കൈ ഉയര്‍ത്തി നിന്ന് പ്രാര്‍ത്ഥന നടത്തുകയാണ്.  ഇവിടെയാണോ ‘ജയ്‌ ഹനുമാന്‍’ ഞങ്ങള്‍ ചിരി കടിച്ചമര്‍ത്തി.

പ്രാര്‍ത്ഥന കഴിഞ്ഞതും ടിവി ഓണ്‍ ആയി. പുതിയ കാഴ്ചക്കാരെ കൂടി ചിരിയോടെ അവര്‍ അകത്തേക്ക് കൂട്ടി.

“മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം…” ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ്‌ ഹനുമാന്‍ പാട്ട് അടക്കം ഞങ്ങള്‍ക്ക് ”ക്ഷ ” പിടിച്ചു. പിന്നെ മുടങ്ങാതെ രാത്രി യാത്ര നടത്തി ഹനുമാനെ ദര്‍ശിച്ചു പോന്നു. തിരിച്ചു വരും വഴി പേരമ്മ പുരാണ കഥകളുടെ കെട്ടഴിക്കും. ഇന്ന് കഴിഞ്ഞതിന്റെ ബാക്കി ഇനി ഇങ്ങനെയൊക്കെയാണ്. ഹനുമാന്‍ മല ചുമന്നു വരുന്നതൊക്കെ കാണാന്‍ നല്ല ശേലാരിക്കും എന്നൊക്കെ.

ഞാന്‍ പിന്നീട് സമയം പോക്കാനായി ‘നന്മ നിറഞ്ഞ മറിയ’വും ‘മനോജവ’വും കൂട്ടിക്കലര്‍ത്തി പാടിനോക്കുമായിരുന്നു. സ്കൂളില്‍ കൂട്ടുകാർ പറയുമ്പോള്‍ പോലും ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ്ഹനുമാന്‍ എന്നേ എല്ലാവരും പറയുമായിരുന്നുള്ളൂ. വേറെ ഏത് പരസ്യത്തിന് കിട്ടിക്കാണും ഈ പ്രശസ്തി.doordarshan,t v ,memories,vishnu ram

എനിക്കൊരു പനിനീര്‍ചെടി നടണം

നാല് മണി സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ വന്ന പകുതി പേരും പോകാന്‍ എഴുന്നേറ്റു. പോയിട്ട് വേറെ  കാര്യം ഒന്നുമില്ലെങ്കിലും കൂടെ വന്നവര്‍ പോകുന്നത് കണ്ടപ്പോള്‍ കൂട്ടാളികളും കൂടെയിറങ്ങിപ്പോയി. ടിവിയുടെ ഉടമസ്ഥരും മുഖം വളിപ്പിച്ചു കൊണ്ട് നിര്‍ത്താനൊരുങ്ങി കയ്യോങ്ങിയപ്പോഴാണ് മൂലയില്‍ പോകാതെ ഇരിക്കുന്ന എന്നെ കണ്ടത് ” വിച്ചൂന് കാണണോ? കണ്ടോ. ഏതാണ്ട് അവാര്‍ഡ് സിനിമയാണ് ”

ഞാന്‍ ഒന്നും മിണ്ടാതെ ഇരിപ്പ് തുടര്‍ന്നു. വലിയ ജാള്യത തോന്നിയെങ്കിലും അതിനേക്കാള്‍ ആ സിനിമ ഇഷ്ടമായത് കൊണ്ട് സഹിച്ചിരുന്നു. നേരം ഇരുട്ടിതുടങ്ങി സിനിമ തീര്‍ന്ന് ഇറങ്ങിയപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ വന്നു  മൂടി. എനിക്കും ഒരു റോസാ ചെടി നട്ടു വെള്ളമൊഴിക്കണം. മമ്മൂട്ടി ജയിലില്‍ നട്ടത് പോലെ. ആ മുട്ടലിന് പരിഹാരമൊന്നും കാണാനായില്ല. അന്ന് എന്റെ പരിചയത്തില്‍ റോസാ ചെടി ഉള്ള വീടൊന്നും ഇല്ല. ചെത്തിയും ചെമ്പകവും ചെമ്പരത്തിയും മാത്രമുള്ള ഞങ്ങളുടെ വീടുകള്‍. ആ സിനിമയുടെ പേര് മതിലുകള്‍ എന്നായിരുന്നു. അന്നെനിക്ക് ബഷീറിനെ അറിയില്ലായിരുന്നു.

ജംഗിൾബുക്കും ചിത്രഗീതവും

ദൂരദര്‍ശന്‍ കാലത്തെ മറ്റൊരു പ്രിയപരിപാടിയായിരുന്നു ജംഗിള്‍ ബുക്ക്. മൗഗ്ലിയും ബഗീരനും കൂടി നിലാവ് നോക്കി മലമുകളില്‍ പരസ്പരം നോക്കി വലിയ കണ്ണുകള്‍ ചിമ്മിചിമ്മി ഇരിക്കുമ്പോഴാണ് ആദ്യമായി പരിസരം മറന്നുള്ള ഒരാസ്വാദനതലത്തിലേക്ക് ഒക്കെ ഇറങ്ങിപ്പോയിട്ടുള്ളത്. കാടിന്റെ ഭംഗിയും നിറങ്ങളും ഒക്കെ മറ്റൊരു മായികലോകത്തേക്ക് കൈപിടിച്ചു നടത്തി. വെള്ളിയാഴ്ചകളിലെ ചിത്രഗീതം ഏതെങ്കിലും കാരണത്താല്‍ മുടങ്ങിയാല്‍ നാളെ ശക്തിമാന്‍ എങ്കിലും നേരെ ചൊവ്വേ കാണാന്‍ പറ്റണേ എന്ന് പ്രാര്‍ഥിക്കും. ഇതെല്ലാം ഞങ്ങളെ കാണിച്ച ഒരേയൊരു ദൂരദര്‍ശനെ ഒരിക്കലും മറക്കാന്‍ പറ്റില്ല.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Doordarshan foundation day growing up with dd