Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

മനസ്സിൽ തകർന്ന മെക്സിക്കൻ മതിൽ

ചിലർ ചിലതരം മതിലുകൾ ചിലയിടങ്ങളിൽ ഉദ്ദേശശുദ്ധി അശേഷമില്ലാതെ പണിതുതുടങ്ങുമ്പോൾ എന്റെ ബുദ്ധിയുടെയും  മനസ്സിന്റെയും അധികാരി ഞാൻ തന്നെ എന്ന് ഉറപ്പിച്ചും എന്റെ ചിന്താശക്തി ഞാനാർക്കും പണയം വയ്ക്കില്ല എന്നു് തറപ്പിച്ചും മുന്നോട്ടുപോകാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമാകുമായിരുന്നു

കൃത്യമായി പറഞ്ഞാൽ 2008 ജൂണിലാണു ഞാൻ ജിലിയനെ ആദ്യമായി പരിചയപ്പെടുന്നത്. ഞങ്ങളുടെ സങ്കടവീട്ടിലേയ്ക്ക് Physical Therapist ആയ ജിലിയൻ വരുമ്പോൾ മോളുവിന് അന്ന് മൂന്നര വയസ്.  അത്ഭുതങ്ങളിലുള്ള വിശ്വാസം നഷ്ടപെടാത്തതുകൊണ്ടായിരിക്കണം എന്റെ ‘Special Needs കുട്ടി’ ‘സ്പെഷ്യലും’ ‘നീഡ്സും ‘ കളഞ്ഞ്‌ ‘വെറും കുട്ടി’ യായി വരുമെന്ന് ഞാൻ സ്വപ്നം കണ്ടുകൊണ്ടേയിരുന്നത്. ഓക്സിജനായും ഭക്ഷണമായും കൂടെകൂടിയ എട്ടുപത്ത്‌ ട്യുബുകളുടെയിടയിൽ ഒരു തെളിഞ്ഞ നക്ഷത്രം പോലെ കിടക്കുന്ന മോളുവിന്റെ മുഖത്തേക്ക് കുനിഞ്ഞ്, കവിളിൽ തലോടി  ‘Anna, you are soo beautiful, you are so precious’ എന്ന് വാത്സല്യത്തോടെ, പ്രകടമായ സതേൺ ആക്സന്റിൽ ജിലിയൻ പറഞ്ഞപ്പോൾ ആ നിമിഷത്തിൽ തന്നെ ജിലിയൻ എനിയ്ക്ക് പ്രിയപ്പെട്ടവളായി മാറി.  അല്ലെങ്കിലും, സ്നേഹത്തിന്റെയോ കരുണയുടെയോ ഒരു നോട്ടമോ സ്പർശമോ ഞങ്ങളുടെ മോളുവിന് കൊടുക്കുന്നവരെല്ലം എനിയ്ക്കും ഭർത്താവിനും എക്കാലവും പ്രിയപ്പെട്ടവരായിരുന്നല്ലോ.

സതേൺ ആക്സന്റ്‌ നേരിലാദ്യമായി കേൾക്കുന്നത് ഞാൻ അർകൻസാസ്കാരിയായ ജിലിയനിൽ നിന്നാണ്‌.  നാട്ടിൽനിന്ന് ചിക്കാഗോയിൽ വന്ന ആദ്യ ഏകാന്തമാസങ്ങളിൽ മുടങ്ങാതെ ചെയ്തിരുന്ന ഒരു കാര്യം- വായിച്ച പുസ്തകങ്ങളുടെയെല്ലാം സിനിമ പതിപ്പുണ്ടെങ്കിൽ ലൈബ്രറിയിൽ നിന്നെടുത്തു കാണുക, കരയുക-എന്നതായിരുന്നു‌. അങ്ങനെ കരയുന്നതിലൂടെ മനസ്സിൽ എവിടെയൊക്കെയോ അനുഭവിക്കുന്ന ശൂന്യതയും
നാടു മിസ് ചെയ്യുന്നതിലെ കടുത്ത ദുഃഖവും അലിയിച്ചു കളയാൻ ഒരുപരിധിവരെ സാധിക്കുന്നുണ്ടായിരുന്നു. അങ്ങനെ കണ്ട മൂവിയിലൊന്നാണ് ‘Gone With the Wind’  (1939).  അതിലെ നായിക  Scarlet O’Hara,  ആഫ്രിക്കൻ-അമേരിക്കൻ വീട്ടുസഹായികളായ മാമി, പ്രിസ്സി ഇവരൊക്കെ സംസാരിക്കുന്ന ഇംഗ്ലീഷ്‌ ആക്‌സന്റ്‌ ചിക്കാഗോ ആക്സന്റിൽ നിന്നും വളരെ വ്യത്യസ്തമാണല്ലോ എന്നാലോചിച്ചു വളരെ കൗതുകത്തോടെയാണ് മൂവീ കണ്ടിരുന്നത്‌.

പണ്ടു കുഞ്ഞുന്നാളിൽ കാലടിയിൽനിന്ന് ബന്ധുക്കൾ വരുമ്പോൾ ‘ഇക്ക്ടാവെന്തൂട്ടാ മരത്തേൽകയറണെ’യെന്ന തരത്തിലുള്ള നീട്ടിയും കുറുകിയുമുള്ള അവരുടെ മലയാളം എത്രകേട്ടാലും മതിയാകില്ലായിരുന്നു. ഏതാണ്ടതുപോലുള്ള ഒരു കുഞ്ഞിഷ്ടവും കൗതുകവുമാണ് സതേൺ ആക്സന്റ്‌ ആദ്യമായി നേരിൽകേട്ടപ്പോൾ തോന്നിയത്.  ആഴ്ചയിൽ മൂന്നുദിവസം – തിങ്കൾ, ബുധൻ, വെള്ളി- ജിലിയന്റെ സതേൺ ആക്‌സന്റ്‌ എന്റെ പ്രത്യാശ്യാവീട്ടിൽ ആശ്വാസ മഴയായി  പെയ്തിറങ്ങികൊണ്ടേയിരുന്നു.

(1860 കളിലും അതിനു മുൻപും  അടിമത്തം   അതിന്റെ   എല്ലാ രൂക്ഷതയിലും നിലനിന്നിരുന്ന ടെന്നിസ്സി, അലബാമ, അർക്കൻസാ, ലൂയിസിയാനാ, ടെക്സസ്‌, മിസ്സിസ്സിപ്പി, മിസ്സോറി, ഫ്ലോറിഡ എന്നീ സ്ഥലങ്ങളെയാണ്‌ ‘ഓൾഡ്‌ സതേൺ സ്റ്റേറ്റ്സ്‌’ എന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്‌. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ കറുത്തവർഗ്ഗക്കാർക്ക്‌ സ്വാതന്ത്ര്യം കൊടുക്കരുതെന്ന് പറഞ്ഞ് ആയുധമെടുത്തവരും ‘സ്‌ലേവ്‌ സ്റ്റേസ്’ എന്നു വിളിച്ചിരുന്ന ഇക്കൂട്ടർ തന്നെ).priya joseph, memories

Master Bedroomലെ തറയിലൊരു കട്ടിഷീറ്റ്‌ വിരിച്ച്‌, അതിരാവിലെ തന്നെ മഞ്ഞളും നാൽപാമരാദികേരവും തേച്ചുള്ള ‌ ‘സ്പഞ്ച്‌ ബാത്‌’ ഒക്കെകഴിഞ്ഞ് ‘പവൻനുറുക്കു” പോലെ കിടക്കുന്ന മോളുവിന്റെ വയറിലെ മിക്കി ബട്ടൺ അതിസൂക്ഷ്മതയോടെ അഴിച്ച് മാറ്റി Suction Machine, Oxygen  Monitor, Portable Oxygen Tank ഇതെല്ലാം കൈയകലത്തിൽ ആ ഷീറ്റിനുചുറ്റും നിരത്തിവച്ച് ഒരു മണിക്കൂർ നീളുന്ന അതികഠിന എക്സർസ്സൈസിന് മോളുവും വായതോരാതെയുള്ള ജിലിയൻ വിശേഷങ്ങൾക്ക് കാതുകൂർപ്പിച്ച് ഞാനും കാത്തിരിക്കും. ജോലിയൊക്കെ ഉപക്ഷിച്ച് കുഞ്ഞിന്റെ കൈയ്യോ കാലോ അനങ്ങുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്കുന്ന എനിയ്ക്കാണെങ്കിൽ കേൾക്കാൻ ഒരുപാട്‌ സമയവും!

ക്ളിന്റന്റെ നാടായ ആർക്കൻസാസിലെ ബാല്യം, വീട്ടുകാരുടെ തണ്ണിമത്തങ്ങാപ്പാടം, പൈലറ്റ്‌ ആയിരുന്ന മുൻഭർത്താവ്, ആ ഭർത്താവിലുണ്ടായ നല്ല മകൻ അലക്സ്‌, ആറുവർഷം മാത്രം നീണ്ടുനിന്ന ആ ദാമ്പത്യം, അലക്സിന്റെ പഠനസാമർഥ്യം, ഡേറ്റിങ് ജീവിതത്തിലെ തമാശകൾ ഇതൊക്കെ മോളുവിന്റെ തെറാപിസെഷനിടയിലെ വിഷയങ്ങളായി.

ഹൈസ്കൂൾ സ്വീറ്റ്‌ ഹാർട്ട് ആയിരുന്ന മുൻഭർത്താവിനെകുറിച്ചുപറയുമ്പോൾ വെളുത്തുതുടുത്ത ജിലിയന്റെ മുഖം ദേഷ്യംകൊണ്ടു ചുവന്നു് ചെമ്പരത്തിപൂവാകുന്നതു് കണ്ട് ഞാൻ വിഷയം മാറ്റാൻ ശ്രമിക്കുമായിരുന്നു. “പോകുന്നിടത്തെല്ലാം ബന്ധങ്ങളുള്ള നെറിവില്ലാത്ത മനുഷ്യൻ. നിങ്ങളുടെ ഇന്ത്യയിലും കാണുമായിരിക്കും അയാൾക്ക്‌ കാമുകിമാർ. ഡെൽഹിയിലേയ്ക്കു സ്‌ഥിരമായി ഫ്ലൈ ചെയ്തുകൊണ്ടിരുന്നതല്ലെ” എന്ന ആരോപണത്തിലൂടെ തീവ്രപ്രണയം എന്ന തിളങ്ങുന്ന നാണയത്തിന്റെ മറുപുറം തീവ്രവെറുപ്പാണ് എന്ന് ജിലിയൻ‌ എന്നൊടു് പറയാതെ പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ രണ്ടുപേരും പങ്കെടുത്ത ഒരു വിവാഹത്തിൽ, വധൂവരന്മാർ മത്സരിച്ചു് vows കൈമാറുന്ന സമയം കണ്ണുകൾ വട്ടത്തിലും നീളത്തിലുംഉരുട്ടി ‘Yeah Right!’ എന്നു് എന്റെ ചെവിയിൽ അടക്കം പറഞ്ഞു് വിവാഹം എന്ന പ്രസ്ഥാനത്തൊടുള്ള അതൃപ്തി രേഖപ്പെടുത്തുന്നതിൽ ബഹുമിടുക്കിയായിരുന്നു ജിലിയനിലെ കടുത്ത cynic.

മകന്റെ ഗോൾഡൻ ബർത്ത്ഡേ വിഷ്‌ ചെയ്യാൻ ഭർത്താവു മറന്നയന്നു് കലിതുള്ളിവന്ന ജിലിയനെ എന്തുപറഞ്ഞു് ശാന്തയാക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
എന്റെ മോളു ജീവിതകാലം മുഴുവൻ വെജിറ്റബിൾ സ്റ്റേജിൽ ഈ കിടപ്പുകിടക്കും എന്ന് ഒരുമയവുമില്ലാതെ പറഞ്ഞ ലയോള ഹോസ്പിറ്റലിലെ ന്യൂറോളൊജിസ്റ്റിന്നെ വാനിറയെ ചീത്ത പറഞ്ഞ് “ഭദ്രകാളി”യായി വീട്ടിലെത്തി ഭർത്താവിന്റെ കൈയിൽതെരുപ്പിടിച്ച്‌ തളർന്നിരുന്ന ഇരുപ്പ് എനിയ്ക്കു നല്ല ഓർമ്മയുണ്ടു്. പ്രതീക്ഷയുടെ ഒരു തരിയെങ്കിലും ഇല്ലാതെ മുന്നോട്ടിനി വയ്യ എന്ന സ്ഥിതിയിൽ ഇരിയ്ക്കുമ്പോഴാണ്‌ ഡോക്ടറുടെ ഇങ്ങനൊരു പ്രഖ്യാപനം!!
ഈ ലോകത്തിലെ എല്ലാ അമ്മമനസ്സിലും അടിവയറ്റിലെവിടുന്നൊ ആരംഭിച്ച്,
ഹൃദയത്തിന്റെ മധ്യഭാഗതെത്തി പതിന്മടങ്ങ് ശക്തിയോടെ പൊട്ടിത്തെറിയ്ക്കുന്ന, മക്കളെപറ്റിയുള്ള ‘ആന്തൽ അമിട്ടിനു്’ ഒരെ മുഴക്കവും ചിതറലുമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്‌. മനസ്സുതകർന്നിരിക്കുന്നവർക്ക്‌ പൊട്ടിത്തെറിയ്ക്കാൻ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വേണ്ടാ; ഒരു പിറന്നാൾമറവിയൊ, ഡോക്ടറുടെ തുറന്നുപറച്ചിലൊ തന്നെ ധാരാളം.

പൈനാപ്പിളും തേങ്ങാപ്പാലും, ക്രഷ്ഡ്‌ ഐസും പഞ്ചസാരയും ഇട്ട് നല്ലൊരു വിർജിൻ പിന്യാകൊളാട (Virgin Pina Colada)ഉണ്ടാക്കിക്കൊടുത്ത് ജില്യന്റെ മനസ്സ് തണുപ്പിയ്ക്കാൻ ഞാനൊരു വിഫലശ്രമം നടത്തിനോക്കി.priya joseph,memories

ഡിവോഴ്സ്‌ ചെയ്ത കാലം മുതൽ മകന് ഭർത്താവിൽനിന്ന് അനുഭവിയ്ക്കേണ്ടിവന്ന അവഗണനകൾ ആ ഒരുമണിക്കൂറിൽ എണ്ണിയെണ്ണി പറഞ്ഞുതീത്തു.പുതിയ ഭാര്യയും രണ്ടുകുട്ടികളുമായി സസന്തോഷം ഭർത്താവു് കഴിയുന്നു എന്നുള്ളതിൽ സ്ത്രീസഹജമായ കുശുമ്പില്ലാതില്ല എന്ന് ജിലിയൻ എന്നോടു മനസ്സു തുറന്നു. ഇത്രയൊക്കെ സങ്കടപ്പെടുത്തിയിട്ടും മകനിപ്പോഴും അവന്റച്ഛനെ വല്യ ഇഷ്ടമാണെന്നുള്ളത്‌ തന്നെ അമ്പരിപ്പിക്കാറുണ്ടെന്നും, പിന്നെ ആത്‌മഗതമെന്നോണം, “സ്നേഹിക്കട്ടെ, സ്വന്തമെന്നു കരുതി സ്നേഹിക്കാൻ അമ്മ മാത്രമല്ല അച്ചനുംവേണം എന്റെ കുട്ടിയ്ക്കു്. അല്ലെങ്കിൽ വല്ലതെ ഒറ്റപ്പെടും ജീവിതത്തിൽ” എന്നു് ജിലിയൻപറഞ്ഞപ്പോൾ അച്ചൻ കരുതൽ കിട്ടാതെ വളരുന്ന ഒരു ‘ആൺകുട്ടിനിഴൽ ‘ എന്നെ വന്നൊന്ന് ചെറുതായി തൊട്ടു.

കൈയിലൊരു കൈതചക്കയും താങ്ങിയാണു് ജിലിയൻ അടുത്തദിവസത്തെ തെറാപ്പിയ്ക്കെത്തിയത്‌. ഇന്നലത്തെ ആവലാതിപറച്ചിലിനിടയിൽ കൈതചക്ക പ്രിയ എങ്ങനെയാണു് ഇത്രയും അനായാസേന തൊലി കളഞ്ഞെടുത്തതു് എന്നു കാണാൻ പറ്റിയില്ലത്രെ.. ‘ദ ആർട്‌ ഓഫ്‌‌ പൈനാപ്പിൾ പീലിംഗ്‌’  ആ വിഷയത്തിലെ ഒരു വിദഗ്ധ എന്നുള്ള നിലയിൽ എന്റടുത്തുനിന്ന് പഠിയ്ക്കുക എന്നുള്ളതായിരുന്നു അന്നത്തെ തെറാപിയ്ക്കുശെഷമുള്ള അര മണിക്കൂർ സെഷന്റെ ഉദ്ദേശം.

റബർ തൈകളുടെ ഇടയിൽ ഇടകൃഷിയായി പൈനാപ്പിൾ നടുന്നതും , വിളഞ്ഞ് പാകമായ പൈനാപ്പിൾ വാഴക്കുളം മാർക്കറ്റിലെ സ്വർണ്ണകുന്നായി മാറുന്നതും , ആ പ്രദേശമാകെ പരക്കുന്ന പൈനാപ്പിൾ മണം ചിക്കാഗൊയിൽ ഞാൻ കൊണ്ടുനടക്കുന്നതും ഈ ഐറിഷ്‌ അമേരിയ്ക്കൻ പാരമ്പര്യക്കാരിയ്ക്കറിയില്ലലൊ! ഈ ലോകത്തുള്ള സകല പൈനാപ്പിൾ വിഭവങ്ങളിലും ഒരു സ്വയംപ്രഖ്യാപിത അതൊരിറ്റിയാണെന്ന്‌ ഭാവിച്ച്‌ ഞെളിഞ്ഞുനടക്കുന്ന ഒരു അസ്സല് തൊടുപുഴക്കാരിയോടാണ്‌ ഇമ്മാതിരി ചീള്‌ ആവശ്യവുമായി കൈയിൽ പൈനാപ്പിൾ ബാഗും തൂക്കി ജിലിയന്റെ ഈ നിൽപ്പ്‌!

പകരം മാർക്കറ്റിൽ നിന്നു് ഏറ്റവും ഫ്രെഷ്‌ ആയിട്ടുള്ള തണ്ണിമത്തങ്ങ കൊട്ടിനോക്കി കണ്ടുപിടിയ്ക്കാനുള്ള – ഞാനിപ്പോഴും പരീക്ഷിച്ച്‌ വിജയിച്ചുകൊണ്ടിരിക്കുന്ന- ഒരു ‘ജിലിയൻടിപ്‌ ‘എനിക്ക്‌ പറഞ്ഞുതന്നു.

അടുത്ത നാലുവർഷവും ഞങ്ങളുടെ ‘ബാർട്ടർ സിസ്റ്റം’ വളരെ ഭംഗിയായി നടന്നു.സതേൺ സ്റ്റേറ്റുകാരുടെ മാത്രം പ്രത്യേകതയായ വെണ്ടയ്ക്ക ഉപ്പിലിട്ടതു് ജിലിയൻഎനിയ്ക്കു തന്നപ്പോൾ പകരം ചില്ലി ചിക്കൻ, ‌‌മട്ടർ പനീർ, ചന്ന മസാല ഇതൊക്കെ എന്റെ മക്കൾക്കുണ്ടാക്കുന്ന അതേ കരുതലോടെയും വാത്സല്യത്തോടെയും ഉണ്ടാക്കികൊടുത്ത്‌ സുപ്രസിദ്ധ ‘ സതേൺ ഹോസ്പിറ്റാലിറ്റി’ യെ ‘ഇന്ത്യൻ ഹോസ്പിറ്റാലിറ്റി’ കൊണ്ടു് ഞാൻ മുട്ടുകുത്തിച്ചു.

സ്കൂൾ ഡിസ്സ്ട്രിക്റ്റിലെ സ്ഥിരജോലിയ്ക്കു പുറമെ പാർട്ട്‌ട്ടൈമായി വൈകുന്നേരങ്ങളിൽ ഒരു നേഴ്സിംഗ്‌ ഹോമിലും‌, ആഴ്ചയിൽ രണ്ടുദിവസം രോഗികളെ അവരുടെ വീടുകളിൽ സന്ദർശിച്ച്‌ അവർക്കു തെറാപ്പി കൊടുക്കുന്നതും കൂട്ടി, മൂന്നു ജോലിയാണു് ജിലിയൻ ചെയ്തിരുന്നതു്. ഇതെല്ലാം കഴിഞ്ഞ് ഒമ്പതു മണിയോടെ തളർന്ന് വീടണയുന്ന ജിലിയനെ ആവിപറക്കുന്ന സൂപ്പ്‌, സാൻവിച്‌ , വാക്ക്യും ചെയ്ത വീടു്, ഡിഷ്‌ വാഷറിൽ വച്ചിരിക്കുന്ന പാത്രങ്ങൾ – ഇതൊക്കെയായി കാത്തിരിക്കുന്ന മകൻചിത്രം കുഞ്ഞു കുഞ്ഞു നുറുങ്ങുകളിലൂടെ ജിലിയൻ വരച്ചുകാട്ടിയപ്പോൾ നന്മ നിറങ്ങളുടെ സ്മൃദ്ധിയും,അഴകും, ചൈതന്യവും ആ മകൻ പടത്തിനു് കൂടുതലുണ്ടായിരുന്നു.

ശ്വാസം മുട്ടിയ്ക്കുന്ന സ്നേഹം കൊണ്ട് എനിയ്ക്കുചുറ്റും വലയംതീർത്ത എന്റെ കരുതൽകൂട്ടത്തിന്റെ നടുവിൽനിന്നു് ജിലിയന്റെ കടുത്ത ഏകാന്തതയിലേയ്ക്കു് ഞാൻ
പലപ്പോഴും പോയികൂട്ടിരുന്നതു് ജിലിയൻ എന്റെ ‘അനങ്ങാക്കുട്ടി’യോട്‌ കാണിച്ച പിശുക്കില്ലാത്ത ദയ ഒന്നുകൊണ്ടുമാത്രമായിരുന്നു. അതുകൊണ്ടുതന്നെ താങ്ക്സ്ഗിവിങ്ങിനും ക്രിസ്മസ്സിനും ഞങ്ങളുടെ കുഞ്ഞാഘോഷത്തിൽ ജിലിയനെയും ഞങ്ങൾ ഉൾപെടുത്തി ത്തുടങ്ങി. പോകാൻ മറ്റിടങ്ങളൊന്നും ജിലിയനു് ഉണ്ടായിരുന്നുമില്ല. മാസംതോറും നിർബന്ധമായും ഒരു ലഞ്ച്‌ അല്ലെങ്കിൽ ഡിന്നർ ഞാൻ ജിലിയനോടൊപ്പമാക്കി.priya joseph, memories

വേദനകളും, മരുന്നുകളും കുഞ്ഞുശരീരത്തിന് ഇനിയും വയ്യാ എന്നൊരു ഘട്ടമെത്തിയപ്പോൾ അതൊന്നുമില്ലാത്ത ഒരു ലോകത്തേയ്ക്ക് എന്റെ മോളു പോയികഴിഞ്ഞിട്ടും ജിലിയൻ ഞങ്ങളുടെ വീട്ടിൽ, ഏതുപാതിരാത്രിയിലും,സ്വാഗതം ചെയ്യപ്പെട്ട ഒരാൾ തന്നെയായിരുന്നു.
ഈ ഓട്ടത്തിനിടയിലെപ്പൊഴൊ ഒരു സുപ്രധാന ഓപറേഷനായി ജിലിയൻ ആശുപത്രിയിൽ തനിയെ കിടക്കുമ്പോൾ മകന് പകരക്കാരായി ഞാനും ഭർത്താവും കൂട്ടിരുന്നു. പൂക്കളും ബലൂണുകളും കൈയിൽ താങ്ങി സുഖവിവരങ്ങളന്വേഷിച്ചുവരാൻ മറ്റാരുമുണ്ടായിരുന്നില്ല ജിലിയന്. പുതുതായികിട്ടിയ ജോലിയും വച്ച്‌ എല്ലായിടത്തും ഓടിയെത്താൻ മകനു് സാധിക്കുമായിരുന്നില്ല. ബോധത്തിനും അബോധത്തിനും ഇടയിൽ ‘Anna is Looking Out for Me from Heaven’ എന്നു് ക്ഷീണിച്ച ശബ്ദത്തിൽ ജിലിയൻ പറഞ്ഞുകൊണ്ടിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഹിസ്പാനിക്‌ വംശജരോടും, ആഫ്രിക്കൻ അമേരിക്കൻസിനോടുമുള്ള ജിലിയന്റെ മനോഭാവം എനിയ്ക്കെന്തുകൊണ്ടോ ദഹിക്കുന്നുണ്ടായിരുന്നില്ല. ഏക്കറുകണക്കിനു് ഭൂമിയും അതു നോക്കിനടത്താൻ ആഫ്രിക്കൻ അമേരിയ്ക്കൻ, ഹിസ്പാനിക്‌ വംശജരായ ധാരാളം ഭൃത്യന്മാരും ഉണ്ടായിരുന്ന ഒരു മുൻ തലമുറയുടെ റേഷ്യൽ സുപ്രീമസി (Racial Supremacy) പാരമ്പര്യം ഉള്ളതുകൊണ്ടായിരിക്കാം സംസാരത്തിൽ പലപ്പോഴും ഈ രണ്ട്‌ വർഗ്ഗക്കാരോടുമുള്ള വെറുപ്പു് ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപെട്ടുകൊണ്ടിരുന്നത്. അമേരിക്കയിൽ ബഹുഭൂരിപക്ഷം ജനങ്ങൾക്കുമുള്ള പരാതി ജിലിയനുമുണ്ടായിരുന്നു. ‘ഞാൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന ടാക്സ്‌ മണി ഇവർക്കുള്ള വെൽഫെയർ ആയി പോകുകയാണല്ലൊ’ എന്ന പരിവേദനം ജിലിയൻ ആവർത്തിച്ചുകൊണ്ടേയിരുന്നു.

ഒത്തിരി സ്‌നേഹിച്ചു കൂടെ നിർത്തിയിട്ടുള്ള ഞങ്ങളുടെ റോബർട്ടോ, മരിയ, ഫെർന്നാണ്ടൊ, ഹാവിയർ , ഇവരെയൊന്നും ‘അത്രയ്ക്കങ്ങ് വിശ്വസിക്കരുതെന്നും, എപ്പഴാണു് ഇവരൊക്കെ ഉപദ്രവിചിട്ട് കടന്നുകളയുന്നതെന്ന് പറയാൻ പറ്റില്ല’  എന്നും എനിയ്ക്കു് ജിലിയന്റെ വക
സ്നേഹോപദേശം മോളുവിന്റെ എക്സ്സർസൈസിനൊപ്പം ഫ്രീ ആയി കിട്ടികൊണ്ടിരുന്നു.
എന്തു തള്ളണം എന്തു കൊള്ളണം എന്നുള്ള കാര്യത്തിൽ നല്ല വ്യക്തതയുള്ളതുകൊണ്ടു്
ഇതൊക്കെ കേട്ടിരിക്കാൻ എനിക്കൊരു ബുദ്‌ധിമുട്ടും ഉണ്ടായിരുന്നില്ല.

Guadalupe മാതാവിന്റെ പടം മോളുവിന്റെ തലയണക്കീഴിൽ ക്കൊണ്ടുവന്നു വച്ചിരിയ്ക്കുന്ന എന്റെ വീട്ടുസഹായി മരിയയും അലർജ്ജി ആസ്ത്മ മോളുവിനു് ഉണ്ടാകുന്നു എന്നറിഞ്ഞു് ഒറ്റരാത്രി കൊണ്ടു് ബെഡ്‌ റൂമിലെ കാർപെറ്റ് മാറ്റി ഹാർഡ്‌ വുഡ്‌ ഇട്ടുതന്ന റോബട്ടോയും എനിയ്ക്കെത്ര പ്രിയപ്പെട്ടവരാണെന്നു് പറഞ്ഞാൽ അതൊന്നും തലയിൽ കയറുന്ന മാനസികാവസ്ഥയിലായിരുന്നില്ല ജിലിയൻ.  മെക്സിക്കൊയിലെ തൊഴിലില്ലായ്മ,കടുത്ത ദാരിദ്ര്യം, ഡ്രഗ്‌ മാഫിയക്കാരുടെ ഉപദ്രവം, റേപ്പ്‌ ഭീക്ഷണിയിൽ ഭീതിയോടെ ജീവിയ്ക്കുന്ന സ്ത്രീകൾ ഇതൊക്കെയാണു് ഇവരെ ഇവിടെ എത്തിച്ചതെന്ന് ആ സ്റ്റബ്ബേൺ തലയിലെയ്ക്കു കയറ്റാൻ ശ്രമിച്ചു് ഞാൻ പരാജയമടഞ്ഞുകൊണ്ടേയിരുന്നു.

2016 ഇൽ ട്രംപ്‌ “മെക്സിക്കൻ മതിൽ ” എന്ന മോഹന വാഗ്ദാനവുമായി പ്രസിഡന്റായതോടെ ജിലിയന്റെ മെക്സിക്കൻ വിരോധം പൂർവ്വാധികം ശക്തിയോടെ പുറത്തുവന്നു തുടങ്ങി. ഒരു രാഷ്ട്രതലവന്റെ വായിൽ നിന്ന് വീഴുന്ന വെറുംവാക്ക് പോലും ഒരുകൂറ്റൻ മതിലിന്റെ ആദ്യ ഇഷ്ടിക ആവുന്നത്‌ എത്ര എളുപ്പത്തിലാണ്‌ എന്ന് അമ്പരപ്പോടെ നോക്കികണ്ട നാളുകൾ!
കടുത്ത റിപബ്ലിക്കനും ബൈബിൾ ക്ലാസ്സിനു മുടങ്ങാതെ പോകുന്ന ഒരു തീവ്ര മതവിശ്വാസിയുമാണ് ജിലിയൻ എന്നറിയാവുന്ന ഞാൻ ആ വഴിക്കൊരു ശ്രമം നടത്തിനോക്കി.
” ഞാൻ പരദേശിയായിരുന്നു , നിങ്ങളെന്നോടു കരുണ കാണിച്ചു” എന്ന ബൈബിൾ വാക്യം ഞാൻ ജിലിയന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ‘ഉടമസ്ഥനെ പുറത്താക്കി ഭൃത്യന്മാർ കരസ്ഥമാക്കിയ മുന്തിരിതോട്ടത്തിന്റെ ഉപമ’ പറഞ്ഞു് ജിലിയൻ എന്റെ വായ അടപ്പിച്ചു.
മെക്സിക്കൻസിനെ അതിരൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ ജിലിയൻ ഇടുന്ന പോസ്റ്റുകളുടെ മൂർച്ച കണ്ടു് അന്തിച്ച്‌, ‘മെകസിക്കൻസിനെകുറിച്ചു് ഇങ്ങനെ മോശമായി എഴുതാമൊ’ എന്നു ഞാൻ ചോദിക്കുമ്പോൾ  ‘എന്റെ വാളിലല്ലെ ഞാൻ എഴുതുന്നതു് ‘ എന്നൊരു മറുചോദ്യമായിരിയ്ക്കും എനിയ്ക്കു പലപ്പോഴും കിട്ടുക.
ഈയൊരു വിഷയത്തിൽ ജിലിയന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നവരെ ഒരുപടികൂടികടന്നു് അൺഫ്രണ്ട്‌ ചെയ്യുക എന്നൊരു കലാപരിപാടിയും ആൾ മുറയ്ക്കു് നടത്തികൊണ്ടിരുന്നു.

മെക്സിക്കൻ മതിൽ എന്ന ട്രംമ്പിന്റെ ഉടോപ്യൻ ആശയം ഹൃദയത്തിലേയ്ക്ക് ഏറ്റുവാങ്ങിയ ഭൂരിപക്ഷം അമേരിയ്ക്കകാരിൽ എന്റെ അനങ്ങാക്കുട്ടിയ്ക്ക്‌ അനക്കമാവുമെന്ന് എന്നെ മോഹിപ്പിച്ച മോളുവിന്റെ ഏറ്റവും നല്ല തെറാപ്പിസ്റ്റുംപെടുമല്ലൊ എന്നുള്ളതു് എന്നെ സങ്കടപെടുത്തിയിരുന്നു.priya joseph , memories

അങ്ങനെയിരിക്കെ അത്യാവശ്യമായി ഒന്ന് കാണാൻ പറ്റുമോ എന്നു് തിടുക്കം പൂണ്ടു് ജിലിയന്റെ ഒരു ഫോൺ വന്നതനുസരിച്ചു് വീടിനടുത്തുള്ള ഒരു കഫേയിൽ ഞങ്ങൾ കണ്ടുമുട്ടി.  എന്തൊ അസുഖചിന്തകൾ ജിലിയനെ വല്ലാതെയലട്ടുന്നതുപോലെ തോന്നി ജിലിയന്റെ കൈ കവർന്നപ്പോൾ ‘പ്രിയ ക്യാൻ യു ബിലീവ്‌ ഇറ്റ്‌, അലക്സ്‌‌‌ ‌ ഈസ്‌ മാരിയിംഗ്‌ എ മെക്സിക്കൻ ഗേൾ,’ എന്ന് പറഞ്ഞു് ആൾ വിങ്ങിപ്പൊട്ടാൻ തുടങ്ങി.

‘അങ്ങനെതന്നെ വേണം , കണക്കായിപ്പോയി,’  എന്നു പറയാൻ വന്നത്‌ വളരെ പാടുപെട്ട് വിഴുങ്ങി കേൾവിക്കാരിയായി മാത്രം ഇരിയ്ക്കുന്ന ഈ സമയമത്രയും ഞാൻ ചിന്തിച്ചതു് ഇതാണ്‌.

കടുത്ത മെക്സിക്കൻ വിരോധിയായ ജിലിയന്റെ മകൻ വിവാഹം കഴിക്കുന്നതു് ഒരു മെക്സിക്കൻ കുട്ടിയെ എന്നുള്ളത്‌ ദൈവത്തിന്റെ ഒരു കൊച്ചുവികൃതിയല്ലെങ്കിൽ പിന്നെയെന്ത്‌!
2017 ലെ താങ്ക്സ്ഗിവിംഗ്‌ ഡിന്നർ ജിലിയൻ ഇല്ലാതെയാണ് ഞങ്ങൾ ആഘോഷിച്ചത്‌. അലക്സിന്റെ ഗേൾഫ്രണ്ടിന്റെ വീട്ടുകാർ വിളിച്ചിരിക്കുന്നതുകൊണ്ട് ‘ഒന്നുപോയി തലകാണിച്ച്‌ ആ ചടങ്ങങ്ങു് തീർക്കട്ടെ’ എന്നുപറഞ്ഞുപോയ ജിലിയൻ തിരികെ വന്നപ്പോൾ വളരെ സന്തോഷവതിയായിരുന്നു. ആ കുഞ്ഞുവീട്ടിൽ അലക്സിന്റെ ഗേൾഫ്രണ്ടിന്റെ അച്‌ഛനമ്മമാർ, അമ്മയുടെ രണ്ടു സഹോദരിമാർ, അവരുടെ കുടുംബം, അച്ഛന്റെ മൂന്ന് സഹോദരങ്ങൾ , അവരുടെ കുടുംബം ഇവരൊക്കെയായി ഒരു വല്യ ജനത്തിരക്കായിരുന്നുവെന്നും  ഡൈനിംഗ്‌ ടേബിൾ കാണാൻപോലും പറ്റാത്തതരത്തിൽ വിഭവസമൃദ്ധിയായിരുന്നുവെന്നും, തന്നെ സൽക്കരിക്കാൻ അവരെല്ലാം മത്സരമായിരുന്നുവെന്നും ഒരേകദേശ വിവരണം ജിലിയൻ എനിയ്ക്കു തന്നു.

ഒരു രണ്ടാഴ്ചയോളം കഴിയ്ക്കാനുള്ള ഭക്ഷണവും അവർ പൊതിഞ്ഞുകെട്ടി കൊടുത്തുവിട്ടിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ‌ ആ കൊചുവീട്ടിൽ ജനസമൃദ്ധിയും വിഭവസമൃദ്ധിയും മാത്രമല്ല സ്നേഹസമൃദ്ധിയും കൂടുതലായിരുന്നു എന്നു എനിയ്ക്കു ഏറെക്കുറെ പിടിച്ചെടുക്കാനായി.

‘ഇതൊന്നും വയ്ക്കാൻ എന്റെ ചെറിയ ഫ്രിഡ്ജിൽ സ്ഥലമില്ല,’ എന്നു് ജിലിയൻ ആവലാതി പറഞ്ഞപ്പോൾ ഞാൻ അവസരത്തിനൊത്തുയർന്ന് എന്റെ ഫ്രിഡ്ജ്‌ തുറന്നുകൊടുത്ത് ഒരു മാതൃകാ സുഹൃത്തായി. പലപല ഹിന്റുകൾ കൊടുത്തിട്ടും മനസ്സിലാകാത്ത ജിലിയനോട്‌ ‘കഴിച്ചുതീർക്കാൻ പറ്റുന്നില്ലെങ്കിൽ എനിയ്ക്കുതന്നേയ്ക്കു,’ എന്ന് ഒടുവിൽ വെട്ടിതുറന്നങ്ങു് പറയേണ്ടിവന്നു.

ഈ അടുക്കളയും പാചകവും ഇല്ലായിരുന്നെങ്കിൽ ജീവിതം എത്ര സുന്ദരം എന്നു ദിവാസ്വപ്നം കണ്ടു നടക്കുന്ന എനിയ്‌ക്ക് ആ സ്നേഹസമൃദ്ധിയിൽ നിന്നൊരുപങ്ക്, നാണംകെട്ട്‌ ഇരന്നു വാങ്ങിയിട്ടാണെങ്കിലും, കൃത്യമായി കിട്ടിത്തുടങ്ങി. ഇത്രയും സ്വാദുള്ള ‘പൈനാപ്പിൾ തമാലെയും ‘ചൊരീസൊ ‘യും ഞാൻ ജീവിതത്തിൽ കഴിച്ചിട്ടുണ്ടായിരുന്നില്ല.

ചടങ്ങ്‌ തീർക്കൽ മാത്രമായി പോയിതുടങ്ങിയ ജിലിയൻ പതിയെ ആ സ്നേഹവീട്ടിലേയ്ക്ക് പോകാനുള്ള അവസരങ്ങൾക്കു് ഉറ്റുനോക്കിരിയ്ക്കുന്നത് ഞാൻ കണ്ടു.അവിടെനിന്നു കിട്ടുന്ന സ്നേഹപ്പൊതികളിലേയ്ക്കുറ്റുനോക്കി ഈ ഞാനും! ആ വർഷാവസാനംതന്നെ ഒരപ്രതിക്ഷീത ഹോസ്പിറ്റൽവാസവും ജിലിയനുണ്ടായി. പതിവുപോലെ കൂടെയിരിയ്ക്കാൻ തയ്യാറായി അത്യവശ്യസാധനങ്ങൾ ഒരു ബാഗിൽ കുത്തിനിറച്ചു് ഹോസ്പിറ്റലിലെത്തിയ ഞാൻ അവിടുത്തെ ജനത്തിരക്കുകണ്ടു് അതിശയിച്ച്‌ ഇനി റൂം എങ്ങാനും മാറിപ്പോയൊ എന്നു സംശയിച്ചു നിന്നപ്പോൾ കിടക്ക ഭാഗത്തുനിന്നു് ‘പ്രിയാ,I am here എന്ന സതേൺ ആക്സന്റ്‌ ഉയർന്നു.

ക്ഷീണിതയായിരുന്നെങ്കിലും സ്നേഹനിറവിൽ കിടക്കുന്നതുകൊണ്ടാവണം ആൾ വല്യ ഉത്സാഹത്തിലായിരുന്നു.  ആശുപത്രിയിൽ കൂട്ടിരി‌ക്കാനും വീട്ടിലെ നായകുട്ടികൾക്ക് ഭക്ഷണ കൊടുക്കാനും ഇവരെല്ലാം ടേൺ എടുക്കുന്നതു കൊണ്ടു് എനിയ്ക്ക് തിരിച്ചു വീട്ടിൽ പോകാൻ ഒരു ധൃതിയും ഇല്ലെന്നായി ജിലിയൻ. സന്ദർശകരില്ലാതെ ഒഴിഞ്ഞുകിടന്ന
ഒരു ഹോസ്പിറ്റൽ മുറിയും, ഒന്നിനോടും താൽപര്യമില്ലാതെ ബെഡ്ഡിൽചുരുണ്ട്‌ചുളുങ്ങികിടന്ന ഒരു നീലഗൗൺധാരി ഇമേജും മനസ്സിൽ തെളിഞ്ഞു.എന്റെ ആവശ്യമേ അവിടെയില്ല എന്നു തിരിച്ചറിഞ്ഞ്‌, പതിവു തെറ്റിച്ച് വീട്ടിലേക്ക്‌ ഉടൻ തന്നെ ഞാൻ മടങ്ങിപ്പോന്നു.
ആ മുറിയിലുയർന്ന പൊട്ടിചിരികളും, റെസിപ്പികൈമാറലും, ആരു് എന്ത് കാര്യം ചെയ്യണം എന്ന കരുതൽ പ്ലാന്നിംഗുകളും ഹോസ്പിറ്റൽ നടയിറങ്ങുമ്പോൾ വെളിച്ചനുറുങ്ങുകളുടെ പൊട്ടും പൊടിയുമായി എന്റെ കൂടെതന്നെ ഉണ്ടായിരുന്നു.

അസുഖമെല്ലാം മാറി, സ്വന്തമായി ഒരു സ്നേഹവലയം ഇനിയങ്ങോട്ട്‌ എപ്പഴും കൂടെയുണ്ട്‌ എന്ന ഉന്മേഷത്തിൽ പുറത്തുവന്ന ജിലിയന്‌ വായ തോരാതെ പറയാൻ ഒരൊറ്റ വിശേഷമെ ഇക്കുറി ഉണ്ടായിരുന്നുള്ളു. ‘പുതിയ ബന്ധൂക്കാരെയെല്ലാം ഫ്ലൊറിഡയിൽ ഡിസ്നി വേൾഡ്‌ ഒന്നു
കൊണ്ടുപോയി കാണിക്കണം. അവരവിടെയൊന്നും ഇതുവരെപോയിട്ടില്ലാത്രെ.’  ‘അയ്യൊ, അതെങ്ങനെ നടക്കും? ട്രംപ്‌ മതിലുപണിയുമായി മുന്നോട്ടു പോകുമ്പോൾ ജിലിയൻ ഒപ്പമുണ്ടാവണ്ടേ. അല്ലെങ്കിൽ പുള്ളി എന്തു വിചാരിയ്ക്കും?’ എന്ന എന്റെ
ചോദ്യത്തിനു ഫേസ്‌ബുക്കിലും മറ്റും ചിലരിടുന്ന ഘനം കൂടിയ ഒന്ന് രണ്ടു് വാക്കുകളാണു് എനിയ്ക്കു കിട്ടിയ മറുപടി!  ട്രംപ്‌ കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയ ചില സുന്ദരം പദങ്ങൾ.

അമേരിക്കൻ ജനതയുടെ മനസ്സിൽ യാതൊരു ചിലവുമില്ലാതെ ട്രംമ്പ്‌ ‌ പണിതുയർത്തിയ ‘വെറുപ്പ്‌മതിൽ’ ഒറിജിനൽ മതിൽ വരുന്നതിനു മുമ്പെതന്നെ, കുറച്ചു സമയമെടുത്തിട്ടാണെങ്കിലും, ഒരു സതേൺ സ്റ്റേറ്റ്കാരി തകർത്തുകളഞ്ഞിരിക്കുന്നു.

ജിലിയന്റെ കാര്യങ്ങൾ ഇങ്ങനൊരു പരിസമാപ്തിയിലെത്തിയതിൽ സന്തോഷമുണ്ടെങ്കിലും
പൂർവ്വികരിൽ നിന്നും പകർന്നുകിട്ടിയ ജാതി-വർണ്ണ-വർഗ്ഗ കനലുകളെ രാഷ്ട്രതലവന്മാരുടെ വാക്കുകൾ എത്ര എളുപ്പത്തിലാണ്‌ ഊതി ജ്വലിപ്പിക്കുന്നത് എന്ന് ഞാൻ ആലോചിക്കയായിരുന്നു.

ഇവിടെ ഈ ബോർഡർ മതിൽ പണിയാൻ ചിലവാകുന്ന ഭീമമായ തുകയുടെ ഒരു ഭാഗമെങ്കിലും മെക്സിക്കൊയുടെയും, മറ്റ് ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളുടെയും ഭരണസ്ഥിരതയ്ക്കും,  തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നതിനും, കുറ്റകൃത്യങ്ങൾ തടയുന്നതിനുമൊക്കെയായുള്ള ഒരു സാമ്പത്തികസഹായമാക്കിയിരുന്നു എങ്കിൽ ഈ അനധികൃതകുടിയേറ്റം ഇത്ര വൻ തോതിൽ നടക്കില്ലായിരുന്നു. കാരണം ജനിച്ച സ്ഥലത്ത്‌ തന്നെ ജീവിച്ച് മരിക്കാനുള്ള മനുഷ്യരുടെ അദമ്യമായ ആഗ്രഹം ഇതിനെക്കാളൊക്കെ എത്ര വലുതാണ്‌! അമേരിയ്ക്കയിലേയ്ക്കു് തള്ളിക്കയറാൻ ശ്രമിയ്ക്കുന്ന ക്രിമിനൽ ന്യൂനപക്ഷത്തെ കൈകാര്യം ചെയ്യാനുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ശക്തിപെടുത്തുന്നതല്ലേ പുതിയൊരു മതിൽ കെട്ടിപ്പൊക്കുന്നതിലും ചിലവു കുറഞ്ഞതും മനുഷത്വപരവുമായ നടപടി?

ചിലർ ചിലതരം മതിലുകൾ ചിലയിടങ്ങളിൽ ഉദ്ദേശശുദ്ധി അശേഷമില്ലാതെ
പണിതുതുടങ്ങുമ്പോൾ എന്റെ ബുദ്ധിയുടെയും  മനസ്സിന്റെയും അധികാരി ഞാൻ തന്നെ എന്ന് ഉറപ്പിച്ചും എന്റെ ചിന്താശക്തി ഞാനാർക്കും പണയം വയ്ക്കില്ല എന്നു് തറപ്പിച്ചും മുന്നോട്ടുപോകാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമാകുമായിരുന്നു!
സ്വപ്നം കാണുന്നതിന് എനിക്കാരുടെയും അനുവാദം വേണ്ടല്ലൊ!!

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Donald trump border wall listening and learning to love southern american accent

Next Story
പ്രണയത്തിലേക്കുള്ള ‘വീഴ്ചകള്‍’shibu gopalakrishnan , valentines day
The moderation of comments is automated and not cleared manually by malayalam.indianexpress.com